Sunday 24 November 2013

ജമാഅത്തും സി.പി.എമ്മും സംവാദത്തിന്‌ സ്വാഗതം.


ജമാഅത്തും സി.പി.എമ്മും 
സംവാദത്തിന്‌ സ്വാഗതം. 
ടി. ആരിഫലി / സദ്‌റുദ്ദീന്‍ വാഴക്കാട്‌

ജമാഅത്തെ ഇസ്‌ലാമിക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തെറ്റിദ്ധാരണാജനകമായ വിമര്‍ശനവുമായി രംഗത്ത്‌ വരികയുണ്ടായി. രാഷ്‌ട്ര സങ്കല്‍പത്തെ മുന്‍നിര്‍ത്തി ജമാഅത്തെ ഇസ്‌ലാമിയെ ആര്‍.എസ്‌.എസ്സുമായി തുലനം ചെയ്യുന്ന പിണറായിയുടെ വിമര്‍ശനത്തിന്റെ പശ്ചാത്തലവും രാഷ്‌ട്രീയവും എന്താണ്‌?
സി.പി.എം സംഘടിപ്പിച്ച രണ്ട്‌ മുസ്‌ലിം സമ്മേളനങ്ങളില്‍ വെച്ചാണ്‌ പിണറായി വിജയന്‍ ജമാഅത്തിനെ വിമര്‍ശിച്ചത്‌. ഈ സമ്മേളനങ്ങള്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ്‌ മുമ്പില്‍ കണ്ടാണ്‌ സംഘടിപ്പിക്കപ്പെട്ടത്‌. തെരഞ്ഞെടുപ്പില്‍ വോട്ട്‌ ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രഭാഷണങ്ങളാണ്‌ അതില്‍ അദ്ദേഹം നടത്തിയത്‌. അതുകൊണ്ടുതന്നെ, രാഷ്‌ട്രീയ പ്രേരിതമായ വിമര്‍ശനമാണിതെന്നതില്‍ സംശയമില്ല. അതിനപ്പുറമുള്ള മാനമോ ആഴമോ ജമാഅത്തെ ഇസ്‌ലാമി ആ വിമര്‍ശനങ്ങള്‍ക്ക്‌ കാണുന്നില്ല. മുസ്‌ലിംകളുള്‍പ്പെടെയുള്ള ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങളിലേക്ക്‌ കടന്നുചെല്ലുകയെന്നത്‌ സി.പി.എമ്മിന്റെ ദേശീയ തലത്തിലുള്ള തീരുമാനമാണ്‌. അതിന്റെ ഭാഗമാണ്‌ കണ്ണൂര്‍-കോഴിക്കോട്‌ സമ്മേളനങ്ങളും മുഖ്യധാര മാസികയും. ഇതുവഴി മുസ്‌ലിം മനസ്സിലേക്ക്‌ തങ്ങള്‍ക്ക്‌ പ്രവേശനം ലഭിക്കും എന്ന ധാരണയില്‍ നിന്നാണ്‌ മുസ്‌ലിം സമുദായത്തിലെ കടുത്ത യാഥാസ്ഥിതിക വിഭാഗത്തെ കൂട്ടുപിടിക്കുകയും ജമാഅത്തിനെ അടച്ചാക്ഷേപിക്കുകയും ചെയ്യാന്‍ പിണറായി വിജയന്‍ മുതിര്‍ന്നത്‌. മുസ്‌ലിം സമൂഹത്തെക്കുറിച്ച്‌ യഥാവിധി പഠിക്കാനോ അവരുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും യാഥാര്‍ഥ്യബോധത്തോടെ മനസ്സിലാക്കാനോ ഉള്ള ഒരു മാധ്യമവും സി.പി.എമ്മിന്റെ കൈയിലില്ല. അതുകൊണ്ടാണ്‌ മുസ്‌ലിം വിഷയത്തില്‍ അവരെടുക്കുന്ന പല നിലപാടുകളും അബദ്ധത്തില്‍ ചെന്നു പെടുന്നത്‌. യഥാര്‍ഥത്തില്‍, മുസ്‌ലിം സമൂഹത്തെക്കുറിച്ച്‌ പഠിക്കാന്‍ പിണറായി വിജയന്‍ അവലംബിക്കുന്നത്‌ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന കേന്ദ്രങ്ങളെയാണ്‌. മുസ്‌ലിം സമൂഹത്തെ നേരിട്ട്‌, വസ്‌തുനിഷ്‌ഠമായി പഠിക്കാന്‍ സി.പി.എം നേതൃത്വം സന്നദ്ധമാകണം. ഏറ്റവും യാഥാസ്ഥിതികരായ മത സംഘടനകളെയും അവരുടെ നേതാക്കളെയും പുരോഗമന വാദികളായി അവതരിപ്പിക്കുന്നത്‌ മുസ്‌ലിം സമുദായത്തില്‍ സി.പി.എം നിലപാടിനെ പരിഹാസ്യമാക്കിത്തീര്‍ക്കുകയാണ്‌. അദ്ദേഹം ചിന്തിച്ചത്‌ ഇങ്ങനെയായിരിക്കും; ജമാഅത്തെ ഇസ്‌ലാമി വലിയ വോട്ട്‌ ബാങ്ക്‌ ഇല്ലാത്ത സംഘടനയാണ്‌. ജമാഅത്തിനെ വിമര്‍ശിച്ചാല്‍, ജമാഅത്തിനോട്‌ എതിര്‍പ്പുള്ള മുസ്‌ലിം സംഘടനകളുടെ വോട്ട്‌ സി.പി.എമ്മിന്‌ നേടാന്‍ കഴിയും. മുസ്‌ലിംകളെ സംഘടിപ്പിച്ച്‌ അവരുടെ വോട്ട്‌ നേടാന്‍ ശ്രമിക്കുന്നത്‌ മുസ്‌ലിം പ്രീണനമാണെന്ന്‌ ഹൈന്ദവ സഹോദരങ്ങള്‍ ധരിക്കാനിടയുണ്ട്‌. `മുസ്‌ലിം പ്രീണന' ധാരണയെ മറികടക്കാനും അതുവഴി നഷ്‌ടപ്പെടാന്‍ സാധ്യതയുള്ള ഭൂരിപക്ഷ വോട്ടുകള്‍ പിടിച്ചു നിര്‍ത്താനും ജമാഅത്തിനെ പഴിപറഞ്ഞാല്‍ മതി. പാര്‍ട്ടി സെക്രട്ടറിയുടെ ഇത്തരമൊരു ലളിതയുക്തിയാണ്‌ വിമര്‍ശനത്തിന്റെ അടിസ്ഥാനം.
ഏഴ്‌ പതിറ്റാണ്ടായി ഇവിടെ പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്‌ലാമിക്കെതിരെ ഇന്ന്‌ ഇത്തരമൊരു ആരോപണം വിലപ്പോകുമോ?
ഇന്ന്‌ കേരളത്തില്‍ പരക്കെ അറിയപ്പെടുന്ന പ്രസ്ഥാനമാണ്‌ ജമാഅത്തെ ഇസ്‌ലാമി. ആശയപ്രചാരണത്തിലൂടെയും നവോത്ഥാന-സേവന പ്രവര്‍ത്തനങ്ങളിലൂടെയും പോഷക സംഘടനകളുടെയും അച്ചടി-ദൃശ്യ മാധ്യമങ്ങളുടെയും നിലപാടുകളിലൂടെയും ജമാഅത്തെ ഇസ്‌ലാമി എന്താണെന്ന്‌ കേരളീയ സമൂഹം മനസ്സിലാക്കിയിട്ടുണ്ട്‌. മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ ഏറ്റവുമധികം ഹൈന്ദവ -ക്രൈസ്‌തവ സുഹൃത്തുക്കള്‍ ഉള്ളത്‌ ജമാഅത്തെ ഇസ്‌ലാമിക്കാണ്‌. ഇതുപോലെ സഹോദര സമുദായക്കാരുമായി സൗഹൃദമുള്ള മറ്റൊരു മുസ്‌ലിം സംഘടനയും ഇവിടെയില്ല. ഹിന്ദു സന്യാസിമാരുമായും സമുദായ നേതാക്കളുമായും ക്രൈസ്‌തവ പണ്ഡിതരുമായും മറ്റും ജമാഅത്ത്‌ നേതൃത്വത്തിന്‌ അടുത്ത ബന്ധമുണ്ട്‌. സൗഹൃദ സന്ദര്‍ശനങ്ങളും ദീര്‍ഘ സംഭാഷണങ്ങളും ഞങ്ങള്‍ക്കിടയില്‍ നിത്യസംഭവമാണ്‌. ജമാഅത്ത്‌ ഘടകങ്ങളുള്ള പ്രാദേശിക തലങ്ങളില്‍ സഹോദര സമുദായാംഗങ്ങള്‍ക്ക്‌ പ്രസ്ഥാനത്തിന്റെ നന്മകള്‍ കൃത്യമായി ബോധ്യപ്പെട്ടിട്ടുണ്ട്‌. അവര്‍ക്ക്‌ ജമാഅത്തിനോട്‌ പുലര്‍ത്താന്‍ കഴിയുന്ന ഒരു സുഹൃദ്‌ ബന്ധം മറ്റൊരു മുസ്‌ലിം സംഘടനയുമായും പുലര്‍ത്താനാകില്ല. അതുകൊണ്ട്‌ ജമാഅത്തിനെതിരായ ഇത്തരമൊരു വിമര്‍ശം കേരളീയ സമൂഹത്തില്‍ വിലപ്പോവുകയില്ല.
സി.പി.എമ്മിന്റെ ജമാഅത്ത്‌ വിമര്‍ശത്തെ കേരളീയ സമൂഹവും മാധ്യമങ്ങളും തള്ളിക്കളയുകയാണുണ്ടായത്‌. അതിനുകാരണം, ഇതൊരു വോട്ടുബാങ്ക്‌ രാഷ്‌ട്രീയത്തിന്റെ ഭാഗമാണെന്ന്‌ ജനങ്ങള്‍ക്കറിയാമെന്നതാണ്‌. കിനാലൂര്‍ സമരത്തിന്റെ പശ്ചാത്തലത്തില്‍ പിണറായി ജമാഅത്തിനെ അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു. ജമാഅത്ത്‌ അതിന്‌ ശക്തമായി മറുപടിയും പറഞ്ഞു. അതിനുശേഷം കേരള നിയമസഭാ തെരഞ്ഞെടുപ്പ്‌ വന്നപ്പോള്‍ ജമാഅത്ത്‌-സി.പി.എം ചര്‍ച്ച നടന്നു. ആലപ്പുഴയില്‍വെച്ച്‌ പിണറായി വിജയനും ഞാനും തമ്മിലാണ്‌ സംസാരിച്ചത്‌. ഈ സംഭാഷണത്തെ കുറിച്ച വാര്‍ത്ത പുറത്തുവന്നപ്പോള്‍, പിണറായി മാധ്യമങ്ങളോട്‌ വിശദീകരിച്ചത്‌, ഞങ്ങളും ജമാഅത്തും തമ്മില്‍ ചില പ്രശ്‌നങ്ങളൊക്കെ ഉണ്ടായിരുന്നു. അതിപ്പോള്‍ നിലനില്‍ക്കുന്നില്ല, ദേശീയ-അന്തര്‍ദേശീയ വിഷയങ്ങളില്‍ ഉറച്ചനിലപാടുള്ള സംഘടനയാണ്‌ ജമാഅത്തെ ഇസ്‌ലാമി എന്നൊക്കെയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം, ജമാഅത്തെ ഇസ്‌ലാമിക്ക്‌ പ്രത്യേകിച്ച്‌ മാറ്റമൊന്നും സംഭവിച്ചിട്ടില്ലല്ലോ. ജമാഅത്തിന്റെ ആദര്‍ശവും രാഷ്‌ട്രീയ-സാമൂഹിക വ്യവസ്ഥകളെ കുറിച്ച കാഴ്‌ചപ്പാടും അതിനുമുമ്പേയുള്ളതു തന്നെയാണ്‌. അപ്പോള്‍ പിന്നെ, ഇങ്ങനെയൊരു വിമര്‍ശം ഇപ്പോള്‍ ഉന്നയിക്കുന്നത്‌ തീര്‍ത്തും രാഷ്‌ട്രീയ പ്രേരിതമായാണെന്ന്‌ കേരളം തിരിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ്‌ ഈ വിമര്‍ശം എങ്ങുമെത്താതെ പോയത്‌.

ആര്‍.എസ്‌.എസ്സുമായി ജമാഅത്തെ ഇസ്‌ലാമിയെ തുലനം ചെയ്‌തുകൊണ്ടാണ്‌ രണ്ടുതവണ, 1975-ലും 1992-ലും കോണ്‍ഗ്രസ്‌ ഗവണ്‍മെന്റ്‌ ജമാഅത്തിനെ നിരോധിച്ചത്‌. അന്ന്‌ അതിനെ പിന്തുണക്കാനും ചിലരുണ്ടായി. ആ സമീകരണത്തെ ഏറ്റെടുക്കുംവിധത്തിലാണല്ലോ ഇപ്പോള്‍ സി.പി.എം സെക്രട്ടറി വിമര്‍ശം ഉന്നയിച്ചത്‌?
ആര്‍.എസ്‌.എസ്സും അതുള്‍ക്കൊള്ളുന്ന സംഘപരിവാറും വംശീയവാദത്തിലധിഷ്‌ഠിതമായ ഒരു ഹിന്ദുത്വ രാഷ്‌ട്രത്തെക്കുറിച്ചാണ്‌ ചിന്തിക്കുന്നത്‌; വര്‍ണാശ്രമ വ്യവസ്ഥ നിലനില്‍ക്കുകയും ജന്മനാ സവര്‍ണരായവര്‍ക്ക്‌ ഇന്ത്യയുടെ ഭരണം ലഭ്യമാവുകയും ചെയ്യുന്ന വംശീയ ആധിപത്യമാണ്‌ ആര്‍.എസ്‌.എസ്സിന്റെ ഹിന്ദുത്വം. സനാതന ഹിന്ദു ധര്‍മത്തെയാണ്‌ ആര്‍.എസ്‌.എസ്‌ പ്രതിനിധീകരിക്കുന്നത്‌ എന്നുപറഞ്ഞുകൂടാ. ഏക വംശീയ സംസ്‌കാരത്തെ മാത്രം സ്വീകരിക്കുകയും മറ്റെല്ലാ സംസ്‌കാരങ്ങളെയും അന്യവത്‌കരിക്കുകയും ചെയ്യുന്നു സംഘപരിവാര്‍. ഇത്തരമൊരു രാഷ്‌ട്രം കെട്ടിപ്പടുക്കാന്‍ അവര്‍ അവലംബിക്കുന്നത്‌ അക്രമത്തിന്റെയും ഹിംസയുടെയും വഴിയാണ്‌. തങ്ങളല്ലാത്തവരെയെല്ലാം ഉന്മൂലനം ചെയ്യുകയും നാട്ടില്‍ നിന്ന്‌ ആട്ടിയോടിക്കുകയും ചെയ്യുന്നതാണ്‌ അവരുടെ നയം. ഇത്‌ ഒരു ആരോപണമല്ല. പതിറ്റാണ്ടുകളായി നമ്മുടെ മുമ്പിലുള്ള അനുഭവസാക്ഷ്യമാണ്‌. ഫാഷിസത്തിന്റെ എല്ലാ അടയാളങ്ങളും ഒത്തിണങ്ങിയ സമീപനരീതിയാണ്‌ ആര്‍.എസ്‌.എസ്‌ സ്വീകരിച്ചിട്ടുള്ളത്‌. അപ്പോള്‍ വംശാധിപത്യമെന്ന  ലക്ഷ്യവും ഫാഷിസത്തിന്റെ മാര്‍ഗവുമാണ്‌ അവര്‍ക്കുള്ളതെന്ന്‌ വ്യക്തം.
എന്നാല്‍, ലക്ഷ്യത്തിലും മാര്‍ഗത്തിലും അതിനു തീര്‍ത്തും വിരുദ്ധമാണ്‌ ജമാഅത്തെ ഇസ്‌ലാമി. ഏതെങ്കിലുമൊരു വംശത്തിന്റെ ആധിപത്യത്തിലധിഷ്‌ഠിതമല്ല ജമാഅത്ത്‌ മുന്നോട്ടു വെക്കുന്ന സാമൂഹിക ക്രമം. ഒരു മൂല്യവ്യവസ്ഥിതിയുടെ അടിസ്ഥാനത്തിലാണ്‌ രാഷ്‌ട്രം നിലനില്‍ക്കേണ്ടത്‌. നിയമനിര്‍മാണവും ഭരണവും മറ്റും ആ മൂല്യവ്യവസ്ഥിതിയില്‍ ഊന്നി നിന്നുകൊണ്ടാകണം. ദൈവത്തില്‍ നിന്നുള്ളതും പ്രവാചകന്മാര്‍ പഠിപ്പിച്ചുതന്നിട്ടുള്ളതുമായ ഒരു മൂല്യവ്യവസ്ഥിതി ജമാഅത്തിന്റെ കൈയിലുണ്ട്‌. അത്‌, രാജ്യത്തെ ജനങ്ങള്‍ക്ക്‌ മുന്നില്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. അത്‌ ജനങ്ങള്‍ അംഗീകരിക്കുന്ന ഒരു സാഹചര്യത്തില്‍ അതിനനുസൃതമായി സമൂഹ നിര്‍മാണം നടത്തണം എന്നതാണ്‌ ജമാഅത്തിന്റെ കാഴ്‌ചപ്പാട്‌. ജമാഅത്തിന്റെ ആദര്‍ശം വംശീയാധിപത്യത്തിന്‌ തികച്ചും വിരുദ്ധമാണ്‌. ആര്‍.എസ്‌.എസ്‌ വംശീയാധിപത്യത്തെക്കുറിച്ച്‌ പറയുന്നു, ജമാഅത്ത്‌ ഒരു മൂല്യവ്യവസ്ഥയെയും ആശയത്തിന്റെ വികാസത്തെയും കുറിച്ച്‌ സംസാരിക്കുന്നു എന്നതാണ്‌ രണ്ടും തമ്മിലുള്ള മൗലിക അന്തരം. ഈ മൂല്യവ്യവസ്ഥയിലേക്ക്‌ എത്താന്‍, തീര്‍ത്തും സമാധാനപരവും ജനാധിപത്യപരവുമായ മാര്‍ഗമാണ്‌ അവലംബിക്കുന്നതെന്ന്‌ സംഘടനയുടെ ഭരണഘടനയും സാഹിത്യങ്ങളും വ്യക്തമാക്കുന്നുണ്ട്‌. മനുഷ്യരുടെ ഹൃദയ-മസ്‌തിഷ്‌കങ്ങളോട്‌ സംവദിക്കുകയും അവരുടെ മനസ്സില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുകയും അതുവഴി സമൂഹ പരിവര്‍ത്തനത്തിലേക്ക്‌ നീങ്ങുകയും ചെയ്‌താല്‍ മാത്രമേ ഈ മൂല്യവ്യവസ്ഥിതി സ്ഥാപിതമാവുകയുള്ളൂ. സമാധാനം തകര്‍ക്കാത്ത, ജനാധിപത്യ ക്രമത്തെ അട്ടിമറിക്കാത്ത, വര്‍ഗ സംഘട്ടനമോ വര്‍ഗീയ സംഘര്‍ഷമോ സൃഷ്‌ടിക്കാത്ത പ്രവര്‍ത്തനങ്ങള്‍ മാത്രമേ ജമാഅത്ത്‌ കഴിഞ്ഞ ഏഴു പതിറ്റാണ്ടിനിടക്ക്‌ നടത്തിയിട്ടുള്ളൂ. അതിനു വിരുദ്ധമായ ഒരു സംഭവവും ജമാഅത്തിനെക്കുറിച്ച്‌ എവിടെയും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. അപ്പോള്‍ ലക്ഷ്യത്തിലും മാര്‍ഗത്തിലും ഭിന്ന വിരുദ്ധമായ രണ്ട്‌ സംഘടനകളെ തുലനം ചെയ്‌ത്‌ വിമര്‍ശിക്കുന്നത്‌ വിഷയങ്ങള്‍ പഠിച്ച്‌ മനസ്സിലാക്കാതെയാണ്‌. ജമാഅത്തിനെക്കുറിച്ച്‌ നേരിട്ട്‌ പഠിക്കാന്‍ ഇത്രയേറെ സംവിധാനങ്ങള്‍ ഇവിടെ ഉണ്ടായിരിക്കെ ഇത്തരം അബദ്ധങ്ങള്‍ ആവര്‍ത്തിക്കുന്നത്‌ ശരിയല്ല.

ജമാഅത്തിനെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തില്‍ കൂടെകൂട്ടാന്‍ പറ്റില്ലെന്ന്‌ പറയുന്ന പിണറായി വിജയന്‍ ചരിത്രത്തിലെ പോരാളികളായ മുസ്‌ലിം നേതാക്കളെ വാഴ്‌ത്തുകയുണ്ടായി.

ഫസല്‍ പൂക്കോയ തങ്ങള്‍, ഉമര്‍ ഖാദി, ആലി മുസ്‌ലിയാര്‍, വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി തുടങ്ങിയവരൊക്കെ  സാമ്രാജ്യത്വവിരുദ്ധ പോരാളികളായിരുന്നുവെന്ന്‌ പിണറായി വിജയന്‍ പ്രഖ്യാപിക്കുകയുണ്ടായി. ഇവരെ അംഗീകരിക്കാന്‍ തയാറായത്‌ നയപരമായ വികാസമാണെങ്കില്‍, അത്‌ സി.പി.എം തുറന്നു പറയണം. ആ വികാസം നിലപാടുകളില്‍ പ്രതിഫലിക്കുകയും വേണം. ഇന്ത്യയില്‍ സാമ്രാജ്യത്വത്തിനെതിരെ ഏറ്റവും ശക്തമായ നിലപാട്‌ സ്വീകരിക്കുന്ന പ്രസ്ഥാനമാണ്‌ ജമാഅത്തെ ഇസ്‌ലാമി. അതിന്റെ പത്ര-പ്രസിദ്ധീകരണങ്ങള്‍ ഈ നിലപാടിനെ പ്രതിനിധീകരിക്കുകയും ചെയ്യുന്നു. നേരത്തെ പറഞ്ഞ ചരിത്രത്തില്‍ ഇസ്‌ലാമിക പോരാളികള്‍ ഏതൊരു ദര്‍ശനത്തിന്റെ പ്രചോദനത്താലാണോ സാമ്രാജ്യത്വ വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചത്‌ ആ ദര്‍ശനത്തിന്റെ അടിത്തറയും പ്രചോദനവും ഉള്ളതുകൊണ്ടാണ്‌ ജമാഅത്തിനു ഇത്രയും ശക്തമായ നിലപാടുകള്‍ സ്വീകരിക്കാന്‍ കഴിയുന്നത്‌. മണ്‍മറഞ്ഞുപോയ പോരാളികളെ അംഗീകരിക്കുകയും അതിന്റെ പിന്തുടര്‍ച്ചയായ പ്രസ്ഥാനത്തെ നിരാകരിക്കുകയും ചെയ്യുന്നത്‌ തികഞ്ഞ വൈരുധ്യമാണ്‌. ഈ വൈരുധ്യം തിരിച്ചറിയാനും സി.പി.എമ്മിന്‌ കഴിയണം.

ജമാഅത്തെ ഇസ്‌ലാമിയുടെ സ്വതന്ത്രമായ അസ്‌തിത്വവും നിലപാടുകളും ഈ വിമര്‍ശത്തിന്‌ നിമിത്തമായിട്ടുണ്ടാകുമല്ലോ.
തീര്‍ച്ചയായും. മത സംഘടനയുടെ പരിധിയെ സംബന്ധിച്ച്‌ രാഷ്‌ട്രീയക്കാര്‍ക്ക്‌ ഒരു കാഴ്‌ചപ്പാടുണ്ട്‌. രാഷ്‌ട്രീയ സാമൂഹിക വിഷയങ്ങളില്‍ ഇടപെടാതെ, `മതപരം' എന്ന്‌ പലരും വിവക്ഷിക്കുന്ന കളങ്ങളില്‍ ഒതുങ്ങി നില്‍ക്കണം എന്നതാണത്‌. മാത്രമല്ല, ഏതെങ്കിലുമൊരു രാഷ്‌ട്രീയ പാര്‍ട്ടിയുമായി ധാരണയുണ്ടാവുകയാണെങ്കില്‍ അവരുടെ തെറ്റായ നയങ്ങളെ വിമര്‍ശിക്കാന്‍ അവകാശമില്ല. പക്ഷേ, ജമാഅത്തെ ഇസ്‌ലാമി ഏതെങ്കിലുമൊരു രാഷ്‌ട്രീയ പാര്‍ട്ടിക്ക്‌ കീഴൊതുങ്ങി നില്‍ക്കുന്ന ഒരു സാമ്പ്രദായിക മത സംഘടനയല്ല. പ്രശ്‌നാധിഷ്‌ഠിതമായാണ്‌ ജമാഅത്ത്‌ ആരെയും പിന്തുണക്കുന്നതും വിമര്‍ശിക്കുന്നതും. ഒരു സംഘടനയോടും നമുക്ക്‌ അന്ധമായ വിരോധമില്ല, ഒരു സംഘടനയോടും പൂര്‍ണമായ വിധേയത്വവുമില്ല. ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ പോഷക സംഘടനയുമല്ല. ചില മതപുരോഹിതന്മാരെയോ സമുദായ നേതാക്കളെയോ വിലക്കെടുക്കാന്‍ കഴിയുമായിരിക്കും. മുസ്‌ലിം ചിഹ്നങ്ങളായ തൊപ്പിയും തലപ്പാവും പര്‍ദയുമൊക്കെ മാര്‍ക്കറ്റില്‍ വാങ്ങാന്‍ കിട്ടും. അത്‌ ധരിച്ചവരെയും ചിലപ്പോള്‍ വില കൊടുത്ത്‌ വാങ്ങാനാകും. നരേന്ദ്രമോഡിയുടെ ചില പരിപാടികളില്‍ കാണുന്ന `മുസ്‌ലിം വേഷങ്ങള്‍' ഇതിന്റെ ഉദാഹരണമാണ്‌.
ജമാഅത്ത്‌, കഴിഞ്ഞ രണ്ട്‌ തെരഞ്ഞെടുപ്പുകളില്‍ പൂര്‍ണമായും ഇടതു പക്ഷത്തിനാണ്‌ വോട്ട്‌ ചെയ്‌തത്‌. മറ്റു ചില തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിന്‌ വളരെ മുന്‍തൂക്കുമുള്ള നയമാണ്‌ സ്വീകരിച്ചത്‌. അങ്ങനെ വോട്ടു ചെയ്യാനുള്ള തീരുമാനം കമ്യൂണിസത്തിനോ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കോ ഉള്ള പിന്തുണയായിരുന്നില്ല. മറിച്ച്‌, ജമാഅത്ത്‌, ദേശീയ-അന്തര്‍ദേശീയ വിഷയങ്ങളില്‍ കൃത്യമായ നിലപാടുകള്‍ രൂപപ്പെടുത്തുകയും നയങ്ങള്‍ സ്വീകരിക്കുകയും ചെയ്‌തു. ഈ ജമാഅത്ത്‌ നിലപാടിനോട്‌ താരതമ്യേന കൂടുതല്‍ യോജിക്കുന്ന നയനിലപാടുകള്‍ ഉള്ളവര്‍ എന്ന നിലക്കു മാത്രമാണ്‌ ഇടതുപക്ഷത്തെ പിന്തുണച്ചത്‌. അത്‌ മാര്‍ക്‌സിസത്തിനുള്ള വോട്ടല്ല, ജമാഅത്തിന്റെ നയത്തിന്‌ ജമാഅത്ത്‌ ചെയ്യുന്ന വോട്ടാണ്‌.
ഒരു തെരഞ്ഞെടുപ്പില്‍ ഏതെങ്കിലുമൊരു കക്ഷിക്ക്‌ വോട്ട്‌ ചെയ്‌താല്‍, അവരുടെ എല്ലാ നയങ്ങളെയും ജമാഅത്ത്‌ പിന്തുണക്കും എന്ന്‌ പ്രതീക്ഷിക്കേണ്ടതില്ല. അവരുടെ തെറ്റുകളെ വിമര്‍ശിക്കില്ല എന്നും കരുതേണ്ടതില്ല. ജമാഅത്ത്‌ അങ്ങനെ പിന്തുണക്കുന്നത്‌ സ്വാര്‍ഥ നേട്ടങ്ങള്‍ക്കു വേണ്ടിയോ സംഘടനാപരമായ താല്‍പര്യങ്ങള്‍ക്കു വേണ്ടിയോ അല്ല, രാജ്യ താല്‍പര്യം മുന്‍നിര്‍ത്തിയാണ്‌. ജമാഅത്ത്‌ സ്വന്തം കാലില്‍ നില്‍ക്കുന്ന പ്രസ്ഥാനമാണ്‌. ഏതെങ്കിലും സംഘടനയുമായി അസ്‌തിത്വം പങ്കിടുന്ന പ്രസ്ഥാനമല്ല. മതപരം, രാഷ്‌ട്രീയം എന്നിങ്ങനെ രണ്ടു കാലുകള്‍ സങ്കല്‍പിക്കുകയാണെങ്കില്‍ അത്‌ രണ്ടും ഒരു തോണിയിലാണ്‌ ജമാഅത്ത്‌ വെച്ചിട്ടുള്ളത്‌. ഓരോ വിഷയത്തിലും ജമാഅത്തിന്‌ കൃത്യമായ നിലപാടുണ്ട്‌. അത്‌ സി.പി.എം നേതാക്കളുമായി സംസാരിക്കുന്ന സന്ദര്‍ഭത്തില്‍ നാം തുറന്നു പറഞ്ഞിട്ടുണ്ട്‌. അതുകൊണ്ട്‌ രാഷ്‌ട്രീയ - സാമൂഹിക ഉള്ളടക്കമുള്ള ഒരു പ്രസ്ഥാനത്തെ, സ്‌കൂളുകളും കോളേജുകളും അനുവദിച്ചോ ചില കമ്മിറ്റികളില്‍ സ്ഥാനം നല്‍കിയോ തങ്ങള്‍ ഇഛിക്കുന്ന വഴിയില്‍ നടത്തിക്കളയാം എന്ന്‌ ആരും മോഹിക്കേണ്ടതില്ല. ഭീഷണി പ്രസംഗങ്ങള്‍ നടത്തിയാല്‍ ജമാഅത്ത്‌ ഭയന്ന്‌ ആരുടെയെങ്കിലും മുമ്പില്‍ വന്ന്‌ കൈകൂപ്പി നില്‍ക്കും എന്നു കരുതേണ്ടതില്ല.

ഒരു മുന്നണി എന്ന നിലക്ക്‌ ജമാഅത്ത്‌ കൂടുതല്‍ തവണ പിന്തുണച്ചത്‌ ഇടതുപക്ഷത്തെയാണ്‌. എന്തായിരുന്നു അതിലടങ്ങിയ രാഷ്‌ട്രീയം?

ഇന്ത്യ അല്ലെങ്കില്‍ ഇന്ത്യന്‍ രാഷ്‌ട്രീയം നേരിടുന്ന ഭീഷണികള്‍ എന്തൊക്കെയാണെന്ന്‌ ജമാഅത്ത്‌ വിലയിരുത്തിയിട്ടുണ്ട്‌. അതിലേറ്റവും ഗൗരവമര്‍ഹിക്കുന്നത്‌ വര്‍ഗീയ ഫാഷിസത്തിന്റെ ഭീഷണിയാണ്‌. വംശീയ ആധിപത്യത്തിലധിഷ്‌ഠിതമായ വര്‍ഗീയ ഫാഷിസം ഇവിടെ മേധാവിത്വം നേടിയാല്‍, മത ന്യൂനപക്ഷങ്ങളും പിന്നാക്ക ജനവിഭാഗങ്ങളും രണ്ടാംതരം പൗരന്മാരായി മാറും. അവര്‍ക്ക്‌ സ്വതന്ത്രമായി ജീവിക്കാന്‍ അനുവാദമുണ്ടാകില്ല. അന്യവത്‌കരണവും ഉന്മൂലന പ്രക്രിയയും സംഘര്‍ഷങ്ങളുമാണ്‌ പിന്നെ രാജ്യത്ത്‌ സംജാതമാവുക. ഇവിടത്തെ സൈ്വരജീവിതവും സമാധാനവും തകരും. ഇത്‌ ഏറ്റവും അപകടകരമാണ്‌. രണ്ടാമത്തെ ശത്രു സാമ്രാജ്യത്വമാണ്‌. നവ  സാമ്രാജ്യത്വം നേരിട്ടുവന്ന്‌ രാജ്യം ഭരിക്കുകയല്ല. മറിച്ച്‌ നമ്മുടെ ഭരണകൂടങ്ങളെ അപ്രസക്തമാക്കുകയും സാമ്രാജ്യത്വ ഏജന്റുമാര്‍ മാത്രമാക്കി അവയെ മാറ്റുകയുമാണ്‌ ചെയ്യുന്നത്‌. മൂന്നാമത്തെ ഭീഷണി, രാജ്യം മൊത്തത്തില്‍ തന്നെ നേരിടുന്ന മൂല്യച്യുതിയുടേതാണ്‌. എല്ലാ മേഖലകളെയും പലതരത്തിലുള്ള ജീര്‍ണതകള്‍ ബാധിച്ചിട്ടുണ്ട്‌. ജമാഅത്തിന്റെ രാഷ്‌ട്രീയ ഇടപെടലുകളുടെ ചരിത്രം പരിശോധിച്ചാല്‍ ഈ മൂന്ന്‌ ഭീഷണികളുടെയും അവസ്ഥയനുസരിച്ചാണ്‌ പ്രസ്ഥാനം രാഷ്‌ട്രീയ നിലപാടുകള്‍ സ്വീകരിച്ചതെന്ന്‌ വ്യക്തമാകും. ഈ വിഷയത്തില്‍ ജമാഅത്തിന്റെ നയവികാസം രാജ്യത്തിന്റെ രാഷ്‌ട്രീയ ഗതിവിഗതികളെ കൃത്യമായി അടയാളപ്പെടുത്തുന്നതാണ്‌. ഫാഷിസവും സാമ്രാജ്യത്വവും ഇത്ര ശക്തിപ്പെട്ടുവന്നിട്ടില്ലാത്ത ഘട്ടത്തിലാണ്‌ ജമാഅത്ത്‌ എല്ലാ പാര്‍ട്ടികളിലും പെട്ട മൂല്യമുള്ള വ്യക്തികള്‍ക്ക്‌ വോട്ട്‌ ചെയ്‌തിരുന്നത്‌. എന്നാല്‍, അടുത്ത ഘട്ടത്തില്‍ ഫാഷിസം ക്രമേണ വളരുകയും വലിയ ഭീഷണിയാവുകയും ചെയ്‌തു. ബി.ജെ.പി രണ്ടു സീറ്റില്‍ തുടങ്ങി കേവല ഭൂരിപക്ഷത്തിലേക്ക്‌ നീങ്ങാന്‍ തുടങ്ങിയ രാഷ്‌ട്രീയ സാഹചര്യത്തെ ജമാഅത്ത്‌ ഗൗരവത്തോടെ സമീപിക്കുകയായിരുന്നു. അപ്പോഴാണ്‌ ഇടതുപക്ഷവും കോണ്‍ഗ്രസിതര മതേതര കക്ഷികളും പാര്‍ലമെന്റില്‍ നിര്‍ണായക കക്ഷിയായി ഉണ്ടാകണം എന്ന്‌ ജമാഅത്ത്‌ തീരുമാനിച്ചത്‌. മതേതരത്വത്തോട്‌ കൂടുതല്‍ പ്രതിബദ്ധത പുലര്‍ത്തുന്നവര്‍ പാര്‍ലമെന്റിലെത്തേണ്ടത്‌ ഇന്ത്യന്‍ മതേതരത്വം നിലനില്‍ക്കാന്‍ അനിവാര്യമാണ്‌.
കോണ്‍ഗ്രസ്സും ബി.ജെ.പിയും നേരിട്ട്‌ ഏറ്റുമുട്ടുകയും ഇടതുപക്ഷം പ്രസക്തമല്ലാതിരിക്കുകയും ചെയ്യുന്ന സ്ഥലങ്ങളില്‍ കോണ്‍ഗ്രസ്സിനെ പിന്തുണക്കുകയാണ്‌ ജമാഅത്ത്‌ നയം. എന്നാല്‍, ബി.ജെ.പി പ്രസക്തമല്ലാതിരിക്കുകയും കോണ്‍ഗ്രസ്സും ഇടതുപക്ഷവും ഏറ്റുമുട്ടുകയും ചെയ്യുന്ന കേരളം പോലുളള സംസ്ഥാനങ്ങളില്‍ ഇടതുപക്ഷത്തെ പിന്തുണക്കുകയാണ്‌ ജമാഅത്ത്‌ ചെയ്‌തുപോന്നിട്ടുള്ളത്‌. ഇത്തരം സന്ദര്‍ഭങ്ങളില്‍ കോണ്‍ഗ്രസ്സിനേക്കാള്‍ മുന്‍തൂക്കം നല്‍കേണ്ടത്‌ ഇടതു-മതേതര പാര്‍ട്ടികള്‍ക്കാണെന്ന്‌ ജമാഅത്ത്‌ മനസ്സിലാക്കുന്നു. സാമ്രാജ്യത്വ അനുകൂല നിലപാടിന്റെ കാര്യത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസ്സും ഒരുപോലെയാണ്‌. അതേസമയം, മുസ്‌ലിം വിരുദ്ധതയുടെയും ഹിന്ദുത്വ വര്‍ഗീയതയുടെയും കാര്യത്തില്‍ (ഹിന്ദു മതമല്ല ഹിന്ദുത്വം) ബി.ജെ.പി കോണ്‍ഗ്രസ്സിനേക്കാള്‍ അപകടകാരിയാണെന്ന്‌ ജമാഅത്ത്‌ മനസ്സിലാക്കുന്നു. അതുകൊണ്ട്‌ കോണ്‍ഗ്രസ്സിനെ പിന്തുണക്കേണ്ടതുണ്ട്‌. എന്നാല്‍, കോണ്‍ഗ്രസ്‌ ഇതര മതേതര കക്ഷികളിലേക്ക്‌ വരുമ്പോള്‍ സാമ്രാജ്യത്വ-വര്‍ഗീയവിരുദ്ധതയുടെ കാര്യത്തില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ മെച്ചപ്പെട്ട്‌ നില്‍ക്കുന്നു എന്നതുകൊണ്ടാണ്‌ ജമാഅത്ത്‌ അവരെ പിന്തുണച്ചത്‌.
സമാജ്യത്വ-വര്‍ഗീയ ഫാഷിസ്റ്റ്‌ ഭീഷണികള്‍ക്ക്‌ തടയിടാന്‍ വലിയൊരളവോളം ഇടതുപക്ഷത്തിന്‌ സാധ്യമാകും. പൂര്‍ണമായും അവര്‍ അവലംബനീയമാണെന്ന്‌ ജമാഅത്തിന്‌ അഭിപ്രായമില്ല. ഒരുപരിധി വരെ അവര്‍ക്ക്‌ അത്‌ സാധ്യമാകും എന്നാണ്‌ നാം പ്രതീക്ഷിച്ചത്‌. ഇടതുപക്ഷത്തിന്‌ പാര്‍ലമെന്റില്‍ ഒരു ശക്തി ഉണ്ടായിരുന്ന സമയത്ത്‌, ആ ദൗത്യം ഒരളവുവരെ അവര്‍ നിര്‍വഹിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഈ അര്‍ഥത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിന്‌ പിന്തുണ നല്‍കിയ ജമാഅത്തിന്റെ രാഷ്‌ട്രീയ നിലപാട്‌ ശരിയായിരുന്നു എന്നതു തന്നെയാണ്‌ നമ്മുടെ അനുഭവം. അതേസമയം, പിന്നീട്‌ അവരുടെ തന്നെ ദൗര്‍ബല്യങ്ങളാല്‍ പ്രമുഖരായ നേതാക്കള്‍ പാര്‍ലമെന്റില്‍ എത്താതിരുന്നതിനാലും, പ്രതിനിധീകരിക്കുന്നവരുടെ എണ്ണവും ശേഷിയും ചുരുങ്ങിയപ്പോയതിനാലുമാണ്‌ അവര്‍ക്ക്‌ തങ്ങളുടെ ദൗത്യം നിര്‍വഹിക്കാന്‍ കഴിയാതെ പോയത്‌. പല സന്ദര്‍ഭങ്ങളിലായി യു.പി.എ സ്വീകരിച്ച സാമ്രാജ്യത്വാനുകൂല നിലപാടുകളാണ്‌ പിന്തുണയില്‍നിന്ന്‌ പുറകോട്ടുപോകാന്‍ സി.പി.എമ്മിനെ പ്രേരിപ്പിച്ചത്‌. സി.പി.എം  പാര്‍ലമെന്റില്‍ നിര്‍ണായക ശക്തിയാവുകയും, ഇടതുപിന്തുണയില്ലാതെ യു.പി.എക്ക്‌ ഭരിക്കാന്‍ കഴിയാത്ത അവസ്ഥ വരികയും ചെയ്‌തപ്പോഴാണ്‌ കൂടുതല്‍ ജനോപകാരപ്രദമായ നടപടികള്‍ കോണ്‍ഗ്രസ്‌ മുന്നണിയില്‍നിന്ന്‌ ഉണ്ടായത്‌. ജമാഅത്ത്‌ എടുത്ത തീരുമാനം ഫലപ്രദമായിരുന്നു എന്നതിന്റെ സൂചനയാണിത്‌.

സി.പി.എം ഒരു ഹിന്ദുകക്ഷിയാണെന്നോ, ഹിന്ദുത്വ വര്‍ഗീയ പാര്‍ട്ടിയാണെന്നോ ജമാഅത്തെ ഇസ്‌ലാമിക്ക്‌ അഭിപ്രായമുണ്ടോ?
സി.പി.എം ഒരു ഹിന്ദു പാര്‍ട്ടിയോ ഹിന്ദുത്വ വര്‍ഗീയ സംഘടനയോ ആണെന്ന്‌ ജമാഅത്തെ ഇസ്‌ലാമിക്ക്‌ അഭിപ്രായമില്ല. മാര്‍ക്‌സിസത്തില്‍ അധിഷ്‌ഠിതമായ ഒരു വിപ്ലവപ്രസ്ഥാനമായാണ്‌ ഇന്ത്യയില്‍ കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടി രൂപീകരിക്കപ്പെട്ടിട്ടുള്ളത്‌. സാമ്രാജ്യത്വത്തോടും മുതലാളിത്തത്തോടും തജ്ജന്യമായ ആശയങ്ങളോടുമുള്ള എതിര്‍പ്പാണ്‌ അവരുടെ അടിസ്ഥാനം. ഇന്ത്യയില്‍ ഒരു ജനാധിപത്യ-മതേതര രാജ്യം ഉണ്ടാകണം എന്ന സ്വപ്‌നവുമായല്ല ആളുകള്‍ സി.പി.എമ്മില്‍ അണിചേര്‍ന്നത്‌, ഒരു കമ്യൂണിസ്റ്റ്‌ രാഷ്‌ട്രം ആഗ്രഹിച്ചുകൊണ്ടാണ്‌. ബാലറ്റ്‌ പേപ്പറിലൂടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ കമ്യൂണിസ്റ്റ്‌ മുഖ്യമന്ത്രിയായി ഇ.എം.എസിന്‌ കേരളത്തില്‍ അധികാരത്തില്‍ വരാനായത്‌ പ്രത്യക്ഷത്തില്‍ മാര്‍ക്‌സിസ്റ്റുകാര്‍ക്ക്‌ സന്തോഷമുളവാക്കിയെങ്കിലും, യഥാര്‍ഥത്തില്‍ അവരുടെ കമ്യൂണിസ്റ്റ്‌ വിപ്ലവ സ്വപ്‌നങ്ങള്‍ അടിയറ വെക്കുകയായിരുന്നു. മുതലാളിത്ത-ജനാധിപത്യ-ബൂര്‍ഷ്വാ രാഷ്‌ട്രത്തില്‍ അതിന്റെ സംവിധാനത്തിലൂടെ അധികാരത്തില്‍ വരികയെന്നതായിരുന്നില്ലല്ലോ കമ്യൂണിസ്റ്റ്‌ സ്വപ്‌നം. അതു മുതലിങ്ങോട്ട്‌ സി.പി.എമ്മിന്റെ വിപ്ലവ ആദര്‍ശം ക്രമേണ ചോര്‍ന്നു പോവുകയാണുണ്ടായത്‌. എങ്കിലും ജനപക്ഷത്തുനിന്നുകൊണ്ടുള്ള നിലപാടുകള്‍ സി.പി.എം ഉയര്‍ത്തിപ്പിടിക്കുകയുണ്ടായി. അഴിമതി വിരുദ്ധത, ശക്തമായ മതേതരത്വം തുടങ്ങിയവ ഉദാഹരണം. ക്രമേണ ഈ വിഷയങ്ങളിലും അവരും മറ്റു രാഷ്‌ട്രീയ പാര്‍ട്ടികളെപ്പോലെ ആയിത്തീര്‍ന്നു. വിപ്ലവ പ്രചോദനം നഷ്‌ടപ്പെട്ടുകഴിഞ്ഞാല്‍, ഏതെങ്കിലും ഒരു Social Base ഉണ്ടെങ്കിലേ പാര്‍ട്ടിക്ക്‌ നിലനില്‍ക്കാന്‍ കഴിയൂ.
കേരളത്തില്‍, മുസ്‌ലിം ന്യൂനപക്ഷത്തിനിടയില്‍ മുസ്‌ലിം ലീഗും, ക്രിസ്‌ത്യാനികള്‍ക്കിടയില്‍ കേരള കോണ്‍ഗ്രസും മറ്റും പ്രവര്‍ത്തിക്കുന്നുണ്ട്‌. മറ്റു രാഷ്‌ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവരും മുസ്‌ലിംകളിലും ക്രിസ്‌ത്യാനികളിലുമുണ്ട്‌. ന്യൂനപക്ഷ സമുദായാംഗങ്ങള്‍ കൂടുതലും യു.ഡി.എഫിന്റെ ഭാഗമാണ്‌. എന്നാല്‍ ഭൂരിപക്ഷ സമുദായത്തിലാണ്‌ കോണ്‍ഗ്രസ്‌, സി.പി.എം, സി.പി.ഐ, ബി.ജെ.പി തുടങ്ങിയ പാര്‍ട്ടികള്‍ക്ക്‌ കൂടുതല്‍ അനുയായികളുള്ളത്‌. അതുകൊണ്ട്‌ ഭൂരിപക്ഷ വോട്ട്‌ ലക്ഷ്യം വെച്ചുകൊണ്ടുള്ള നിലപാടുകളേ ഈ പാര്‍ട്ടികള്‍ക്ക്‌ സ്വീകരിക്കാന്‍ പറ്റൂ. അങ്ങനെ രാഷ്‌ട്രീയ സംഘടന എന്ന നിലക്ക്‌ ഹിന്ദുമനസിനെ പിണക്കാതിരിക്കുകയെന്നത്‌ ഇടതുസംഘടനകളുടെ ആവശ്യമായിത്തീരുന്നു. ആ അളവില്‍ അവരത്‌ ചെയ്‌തിട്ടുണ്ട്‌. അതിനര്‍ഥം, സി.പി.എം ഒരു ഹിന്ദുവര്‍ഗീയ സംഘടനയാണെന്നോ, ഹിന്ദു സാമുദായിക സംഘടനയായി അവര്‍ മാറിയിരിക്കുന്നു എന്നോ അല്ല. ബി.ജെ.പിയോട്‌ സമീകരിക്കാവുന്ന ഒരു വര്‍ഗീയ സംഘടനയാണ്‌ സി.പി.എം എന്ന അഭിപ്രായം ജമാഅത്തെ ഇസ്‌ലാമിക്ക്‌ ഇല്ല. എന്നാല്‍, ഭൂരിപക്ഷ വോട്ടുകള്‍ നഷ്‌ടപ്പെട്ടുപോകാതിരിക്കാനുള്ള അടവുകള്‍ അവര്‍ സ്വീകരിക്കുന്നുവെന്നത്‌ ശരിയാണ്‌. മാത്രമല്ല, നാം മനസിലാക്കേണ്ട മറ്റൊരു പ്രധാന കാര്യം, ഇടതുപക്ഷത്തിന്റെ സ്വാധീനം ഉള്ളതുകൊണ്ടു കൂടിയാണ്‌ ഫാഷിസ്റ്റു സംഘടനകള്‍ക്ക്‌ കേരളത്തില്‍ പിടിമുറുക്കാന്‍ കഴിയാത്തത്‌.

സി.പി.എമ്മും മുസ്‌ലിംകളുമായുള്ള ബന്ധത്തെ കുറിച്ച്‌?

സി.പി.എമ്മിന്റെ ഉന്നത നേതാക്കളിലോ നയരൂപീകരണ ബോഡികളിലോ മുസ്‌ലിം സമുദായത്തിലെ അംഗങ്ങള്‍ ഇല്ല എന്നതുകൊണ്ട്‌, മുസ്‌ലിം മനസ്‌ എവിടെ നില്‍ക്കുന്നുവെന്നോ, മുസ്‌ലിം സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്നോ ശരിയായ അളവില്‍ മനസ്സിലാക്കാന്‍ അവര്‍ക്ക്‌ കഴിയുന്നില്ല. ഉദാഹരണമായി വി.എസ്‌ അച്യുതാനന്ദന്‍. സാമൂഹിക പ്രധാനമായ വിഷയങ്ങളിലെ വി.എസിന്റെ ഒരുപാട്‌ നിലപാടുകളോട്‌ എനിക്ക്‌ അഭിപ്രായ ഐക്യമുണ്ട്‌. അതേസമയം മുസ്‌ലിം സമുദായത്തെ സംബന്ധിച്ച വി.എസിന്റെ പഠനത്തില്‍ വലിയ അപര്യാപ്‌തതകള്‍ ഉണ്ട്‌. അതുകൊണ്ട്‌ അബദ്ധം നിറഞ്ഞ നിലപാടുകളാണ്‌ പലപ്പോഴും മുസ്‌ലിം വിഷയങ്ങളില്‍ അദ്ദേഹം എടുക്കാറുള്ളത്‌. പിണറായി വിജയനെ സംബന്ധിച്ചേടത്തോളം, കണ്ണൂര്‍ സ്വദേശിയായതിനാല്‍ കുറേക്കൂടി മുസ്‌ലിം സമുദായവുമായി ഇടപഴകാന്‍ അവസരം ഉണ്ടായിട്ടുണ്ട്‌. എന്നാല്‍, മുസ്‌ലിം സമൂഹത്തിന്റെ പ്രശ്‌നങ്ങളെ യഥാവിധി മനസ്സിലാക്കാന്‍ പാര്‍ട്ടി ഗ്രാമത്തില്‍ നിന്നുകൊണ്ട്‌ സാധ്യമാവുകയില്ല എന്നും തിരിച്ചറിയേണ്ടതുണ്ട്‌.
മുസ്‌ലിം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യാഥാര്‍ഥത്തില്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഒന്നാമതായി സി.പി.എം മനസ്സിലാക്കേണ്ടത്‌, ഒരു `ജാതി സമുദായം' അല്ല, മതവിഭാഗമാണ്‌ മുസ്‌ലിംകള്‍ എന്നതാണ്‌. വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയവയില്‍ വളര്‍ച്ച നേടിക്കൊടുത്താല്‍ `ജാതി സമുദായം' തൃപ്‌തരാകും. എന്നാല്‍ മുസ്‌ലിംകള്‍ക്ക്‌ മതപരമായ ഒരു അസ്‌തിത്വവും വ്യക്തിത്വവും ഉണ്ട്‌. ശക്തമായ പ്രമാണങ്ങളുള്ള ഒരു മതത്തിന്റെ വക്താക്കളെന്ന നിലക്ക്‌ ആ അസ്‌തിത്വം നിലനിര്‍ത്താനും അടുത്ത തലമുറയെ അതനുസരിച്ച്‌ വളര്‍ത്താനുമുള്ള അവസരം നീതിപൂര്‍വകമായി അവര്‍ക്ക്‌ ലഭ്യമാക്കേണ്ടതുണ്ട്‌. ഇതിനെ കൂടി സി.പി.എമ്മിന്‌ അഭിസംബോധന ചെയ്യാന്‍ കഴിയണം. ദലിതരെയും ആദിവാസികളെയും പോലെ മുസ്‌ലിംകളെ മനസിലാക്കരുത്‌. ഇസ്‌ലാമിക ആദര്‍ശവും വ്യക്തിത്വവും സുരക്ഷിതമാകണമെന്ന്‌ അവര്‍ക്ക്‌ നിര്‍ബന്ധമുണ്ട്‌. തൊഴില്‍, സാമ്പത്തികം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ അവഗണനകള്‍ ഉണ്ടാകുമ്പോള്‍ പ്രകടിപ്പിക്കാത്ത വികാരം തങ്ങളുടെ വിശ്വാസാചാരങ്ങള്‍ അപകടത്തിലാകുമ്പോള്‍ അവര്‍ പ്രകടിപ്പിക്കുന്നത്‌ ഇക്കാരണത്താലാണ്‌. അതേസമയം ശരീഅത്തിനെതിരായ വിമര്‍ശം മുസ്‌ലിംകളെ വല്ലാതെ  പ്രയാസപ്പെടുത്തും. ഈ ഒരു വശം സി.പി.എം തിരിച്ചറിയണം. ഇന്ത്യയില്‍ പൊതുവെ അംഗീകരിക്കപ്പെട്ട മതനിരപേക്ഷതയില്‍ ഊന്നിനിന്നുകൊണ്ട്‌ പ്രവര്‍ത്തിക്കുമ്പോള്‍, മുസ്‌ലിം സമൂഹത്തിന്റെ മതപരമായ അസ്‌തിത്വത്തെയും പേഴ്‌സണല്‍ ലോ ഉള്‍പ്പെടുന്ന കാര്യങ്ങളെയുമൊക്കെ പോസിറ്റീവായി സമീപിക്കാന്‍ സി.പി.എമ്മിന്‌ കഴിയണം. കമ്യൂണിസ്റ്റ്‌ സാമ്പത്തിക തത്ത്വങ്ങളില്‍ പല വിട്ടുവീഴ്‌ചകളും ചെയ്‌തുകൊണ്ടാണ്‌ സി.പി.എം പ്രവര്‍ത്തിക്കുന്നത്‌. എങ്കില്‍, മതരഹിത മതേതരത്വത്തിലും മതങ്ങളോടുള്ള സമീപനത്തിലും കാര്യമായ നയംമാറ്റം സി.പി.എമ്മിന്‌ നടത്തിക്കൂടേ.

ഇന്ത്യയിലെ മുസ്‌ലിം സമുദായം അഭിമുഖീകരിക്കുന്ന പ്രയാസങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കും എന്ന രീതിയിലാണ്‌ സി.പി.എമ്മിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ കോഴിക്കോട്ട്‌ പ്രസംഗിച്ചത്‌. ഇതിനെ എങ്ങനെയാണ്‌ ജമാഅത്ത്‌ നോക്കിക്കാണുന്നത്‌?
ഇന്ത്യയിലെ മത-ജാതി വൈവിധ്യങ്ങളെ അറിയാനും അഭിമുഖീകരിക്കാനും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സി.പി.എം ശ്രമിച്ചില്ല എന്നതുകൊണ്ടാണ്‌ അവര്‍ രണ്ടുമൂന്നു സംസ്ഥാനങ്ങളില്‍ പരിമിതപ്പെട്ടുപോയത്‌. മതവിശ്വാസികളാണ്‌ ഇന്ത്യയിലെ മഹാഭൂരിപക്ഷം. ജാതി പ്രശ്‌നങ്ങള്‍ ഇവിടെ സജീവമാണ്‌. ഇവ രണ്ടിനെയും അഭിസംബോധന ചെയ്യാതെ പാര്‍ട്ടിക്ക്‌ പിടിച്ചുനില്‍ക്കാനാകില്ല. ഇന്ത്യയിലെ പ്രബല ന്യൂനപക്ഷമായ മുസ്‌ലിംകള്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക്‌ നടുവിലാണ്‌ ജീവിക്കുന്നത്‌. ഭീകരവേട്ടയുടെ പീഡനവും ദാരിദ്ര്യവും വിദ്യാഭ്യാസ പിന്നാക്കാവസ്ഥയും ഉദാഹരണം. ജയിലിലടക്കപ്പെട്ട നിരപരാധികളായ ഒട്ടധികം മുസ്‌ലിം യുവാക്കളുണ്ട്‌. ഇവരുടെയൊക്കെ പ്രശ്‌നങ്ങള്‍ ആത്മാര്‍ഥതയോടെ ഏറ്റെടുക്കാന്‍ സി.പി.എം സന്നദ്ധമാകുമെങ്കില്‍ ജമാഅത്തിന്‌ അതില്‍ സന്തോഷമേ ഉള്ളൂ.
അതേസമയം കഴിഞ്ഞകാല അനുഭവങ്ങള്‍ മുന്നില്‍ വെച്ച്‌ സി.പി.എം മുസ്‌ലിം പ്രശ്‌നങ്ങള്‍ ഗൗരവത്തിലെടുത്ത്‌ പരിഹരിക്കും എന്നുപറയാന്‍ കഴിയില്ല. കേരളത്തില്‍ മുസ്‌ലിംകള്‍ നേടിയ വളര്‍ച്ച പല ഘടകങ്ങള്‍ ചേര്‍ന്ന്‌ ഉണ്ടായതാണ്‌. അതില്‍ സി.പി.എമ്മിന്‌ വലിയ പങ്കാളിത്തമൊന്നും ഇല്ല. അതേസമയം ഇന്ത്യയില്‍ ഏറ്റവുമധികം പിന്നാക്ക മുസ്‌ലിംകള്‍ ജീവിക്കുന്ന പശ്ചിമ ബംഗാളിലെ അവസ്ഥ നമ്മുടെ മുമ്പിലുണ്ട്‌. പശ്ചിമ ബംഗാള്‍ മൂന്നു പതിറ്റാണ്ട്‌ ഭരിച്ച സി.പി.എം എന്താണ്‌ ചെയ്‌തതെന്ന്‌ അവര്‍ തന്നെ വിശദീകരിക്കേണ്ടതുണ്ട്‌. ബംഗാളിലെ മുസ്‌ലിം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞ കാലത്ത്‌ ശ്രമിച്ചിരുന്നുവെങ്കില്‍, അവരുടെ അവസ്ഥ ഇതാകുമായിരുന്നില്ലല്ലോ. ബംഗാളില്‍നിന്ന്‌ ലഭിക്കുന്നത്‌ വിപരീത സാക്ഷ്യമാണെന്ന കാര്യത്തില്‍ സംശയമില്ല. ഇത്‌ നാം ഇപ്പോള്‍ പറയുന്നതല്ല. മുമ്പ്‌ സി.പി.എമ്മിന്‌ വോട്ടുചെയ്‌തപ്പോള്‍ തന്നെ ജമാഅത്ത്‌ പശ്ചിമ ബംഗാളിന്റെ പ്രശ്‌നം അവരുടെ മുമ്പില്‍ വെച്ചിട്ടുണ്ട്‌. അതേസമയം, വര്‍ഗീയ കലാപങ്ങളില്‍നിന്ന്‌ പശ്ചിമ ബംഗാള്‍ മുസ്‌ലിംകള്‍ ഏറെക്കുറെ സംരക്ഷിക്കപ്പെട്ടുവെന്നത്‌ സി.പി.എം ഭര


ണത്തിന്റെ ഗുണവശമായി കാണേണ്ടതുണ്ട്‌. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ രൂക്ഷമായ മുസ്‌ലിം വിരുദ്ധ കലാപങ്ങള്‍ നടന്നപ്പോള്‍, പശ്ചിമ ബംഗാള്‍ അതിന്‌ അപവാദമായി നിലകൊണ്ടിട്ടുണ്ട്‌. മാറിയ സാഹചര്യത്തില്‍ മതസമൂഹത്തോട്‌ പുതിയ സമീപനം സ്വീകരിക്കുന്നുണ്ടെങ്കില്‍ അത്‌ പ്രയോഗത്തില്‍ തെളിയിക്കേണ്ടതാണ്‌.

മാര്‍ക്‌സിസം-ഇസ്‌ലാം സംവാദത്തിന്റെ സമ്പന്നമായൊരു ചരിത്രം കേരളത്തിനുണ്ട്‌. ജമാഅത്തെ ഇസ്‌ലാമിയാണ്‌ അതിന്‌ മുന്‍കൈ എടുത്തതും മേല്‍കൈ നേടിയതും. കമ്യൂണിസം ലോകത്ത്‌ വളരെ ദുര്‍ബലമായിട്ടുണ്ടെങ്കിലും, ഇന്നത്തെ രാഷ്‌ട്രീയ-സാമൂഹിക സാഹചര്യത്തില്‍ ഇടതുപക്ഷവുമായി ഒരു ക്രിയാത്മക സംവാദത്തിന്‌ ഇനിയും ഇടമുണ്ടെന്ന്‌ ജമാഅത്ത്‌ വിശ്വസിക്കുന്നുണ്ടോ?

ഭിന്ന പ്രത്യയശാസ്‌ത്രങ്ങളുടെ വക്താക്കള്‍ക്കിടയില്‍ ആരോഗ്യകരമായ സംവാദത്തിന്റെ രീതിശാസ്‌ത്രം പ്രായോഗികമായി ജമാഅത്ത്‌ കേരളത്തിന്‌ കാണിച്ചുകൊടുത്തിട്ടുണ്ട്‌. അതില്‍ പ്രധാനമായിരുന്നു മാര്‍ക്‌സിസം- ഇസ്‌ലാം സംവാദം. പക്ഷേ ഇന്ന്‌ മാര്‍ക്‌സിസം -ഇസ്‌ലാം സംവാദം പ്രസക്തമല്ല. കാരണം, സി.പി.എം ഇന്ന്‌ കമ്യൂണിസ്റ്റ്‌ പ്രത്യയശാസ്‌ത്രത്തെ പ്രതിനിധീകരിക്കുന്നില്ല, അവര്‍ക്കതില്‍ താല്‍പര്യവുമില്ല. സംവാദ വിഷയമാക്കാവുന്ന ഒരു ആഗോള കമ്യൂണിസം ഇന്ന്‌ ലോകത്ത്‌ നിലവിലില്ല. കമ്യൂണിസം ലോകത്ത്‌ കത്തിനിന്നപ്പോഴാണ്‌ ജമാഅത്ത്‌ അവരുമായി സംവാദം നടത്തിയത്‌. അന്ന്‌ ഇസ്‌ലാമിക സമൂഹത്തിന്റെ അവസ്ഥ നേര്‍വിപരീതമായിരുന്നു. ദുര്‍ബലരും നിരാശരുമായിരുന്നു പൊതുവെ മുസ്‌ലിംകള്‍. എന്നാല്‍ ഇന്ന്‌ ഇസ്‌ലാം അങ്ങനെയല്ല. ഇന്ന്‌ ലോകത്ത്‌ വലിയ സാന്നിധ്യവും സ്വാധീനവും ഉണ്ട്‌ ഇസ്‌ലാമിന്‌. വലിയ തിരിച്ചുവരവ്‌ നടത്തിയ ഇസ്‌ലാം ലോക വ്യാപകമായി മുഖ്യചര്‍ച്ചാവിഷയമായിരിക്കുകയാണ്‌. ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക്‌ ഭൂപടത്തില്‍ അതിപ്രധാനമായ സ്ഥാനമാണിപ്പോള്‍ കൈവന്നിരിക്കുന്നത്‌. ഇത്‌ ഇസ്‌ലാമിക സമൂഹത്തിന്‌ വലിയ ആത്മവിശ്വാസം നല്‍കുന്നുണ്ട്‌. എന്നാല്‍, നിലപാടുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍, ജമാഅത്തും സി.പി.എമ്മും തമ്മില്‍ ആരോഗ്യകരമായ സംവാദത്തിന്റെ സാധ്യതകളുണ്ട്‌, കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യവുമുണ്ട്‌. അങ്ങനെ സംവാദം ആവശ്യമുള്ള, അതിന്‌ കരുത്തുള്ള മുസ്‌ലിം സംഘടന ജമാഅത്തല്ലാതെ ഇല്ല. മുസ്‌ലിംകളെക്കുറിച്ച്‌ പഠിക്കാനും അറിയാനുമുള്ള വിശ്വസനീയമായ സോഴ്‌സും ജമാഅത്താണ്‌. അത്തരമൊരു സംവാദത്തിന്‌ പിണറായി വിജയനും സി.പി.എമ്മിനും സ്വാഗതം. 

Sunday 13 October 2013

ആള്‍ദൈവങ്ങളുടെ ഫാഷിസ്റ്റ് ബാന്ധവം

ആള്‍ദൈവങ്ങളുടെ ഫാഷിസ്റ്റ് ബാന്ധവം
(ഇശ്‌റത്ത് ജഹാനും സത്‌നാം സിംഗും പ്രതീകങ്ങളാകുമ്പോള്‍)

സദ്‌റുദ്ദീന്‍ വാഴക്കാട്


 ആത്മീയ ചൂഷണവും വര്‍ഗീയ ഫാഷിസവും പൊതുവായി പങ്കുവെക്കുന്ന അടിസ്ഥാനങ്ങളിലൊന്ന്.മനുഷ്യവിരുദ്ധതയാണ്, വിശ്വമാനവികതയോട് യുദ്ധം പ്രഖ്യാപിക്കുന്ന ഹിംസാത്മക വംശവെറിയാണ് ഫാഷിസത്തിന്റെ മുഖമുദ്രയെങ്കില്‍, മാനസികവും സാമ്പത്തികവും ശാരീരികവുമായി മനുഷ്യനെ അടിമപ്പെടുത്തുകയാണ് ആത്മീയ ചൂഷകര്‍ ചെയ്യുന്നത്. ദൈവത്തെയും മതത്തെയും ഇരുപക്ഷവും സമര്‍ത്ഥമായി ഉപയോഗിക്കുന്നു. ദൈവത്തിന്റെ അവതാരങ്ങളായി ചമയുന്ന ആള്‍ദൈവങ്ങള്‍, മതത്തിന്റെ ചില വശങ്ങള്‍ പൊലിപ്പിച്ച് അവതരിപ്പിക്കുകയും കച്ചവടവല്‍ക്കരിക്കുകയും ചെയ്യുന്നു. മതചിഹ്‌നങ്ങളും 'അവതാര പുരുഷന്‍'മാരും മതചടങ്ങുകളുമെല്ലാം ഫാഷിസത്തിന്റെ പ്രധാന ഉപകരണങ്ങളാണ്. ആഗോളവല്‍ക്കരണം വഴി തുറന്നുകിട്ടിയ കമ്പോള സാധ്യതകള്‍ കൂടി ഉപയോഗപ്പെടുത്തി ആത്മീയതയെ മാര്‍ക്കറ്റ് ചെയ്യുകയും സാമ്പത്തിക ചൂഷണങ്ങള്‍ കൊഴുപ്പിക്കുകയും സ്വയം തന്നെ സാമ്പത്തിക സാമ്രാജ്യങ്ങള്‍ സ്ഥാപിക്കുകയുമാണ് ആള്‍ദൈവങ്ങളുടെ രീതി. വന്‍കിട കോര്‍പറേറ്റുകളുമായി കൂട്ടുചേര്‍ന്നും അവരുടെ സാമ്പത്തിക സാമ്രാജ്യങ്ങള്‍ക്ക് കാവല്‍നിന്നും ചൂഷണാധിഷ്ഠിത മുതലാളിത്ത സാമ്പത്തിക നയങ്ങളുടെ നടത്തിപ്പുകാരായുമാണ് വര്‍ഗീയ ഫാഷിസം ഊര്‍ജം സംഭരിക്കുന്നത്. സമകാലിക ഇന്ത്യയിലെ വര്‍ഗീയ ഫാഷിസത്തെയും ആള്‍ദൈവ സാമ്രാജ്യങ്ങളെയും സൂക്ഷ്മ നിരീക്ഷണം നടത്തിയാല്‍ ഈ മൂന്ന് ഘടകങ്ങളും ഇരുവിഭാഗത്തിലും ഒരുമിച്ചു ചേരുന്നതെങ്ങനെയെന്ന് മനസ്സിലാകും.
സ്‌നേഹ സാഹോദര്യം, ശാന്തി-സമാധാനം തുടങ്ങിയവയെക്കുറിച്ച് നിരന്തരം സംസാരിക്കുന്ന ചില 'ആത്മീയ ആചാര്യന്‍'മാര്‍ക്ക്, വെറുപ്പും പകയും രക്തപങ്കിലമായ കലാപങ്ങളും അലങ്കാരമാക്കിയ ഫാഷിസ്റ്റ് ദുര്‍ഭൂതങ്ങളെ ആലിംഗനം ചെയ്യാന്‍ കഴിയുന്നതെങ്ങനെയെന്ന് അത്ഭുതപ്പെടുന്നവര്‍, ഇരുപക്ഷവും തമ്മിലുള്ള ഇത്തരമൊരു ഇഴയടുപ്പത്തെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. ആള്‍ദൈവങ്ങള്‍, എന്ന് വിളിക്കപ്പെടുന്ന ചില 'ആത്മീയ ആചാര്യന്മാരും' സംഘപരിവാറും തമ്മില്‍ പുലര്‍ത്തുന്ന പ്രകടമായ ബാന്ധവം യഥാര്‍ഥത്തില്‍ ഒരു യാദൃശ്ചിക പ്രതിഭാസമാണോ? പരസ്പരം ഐക്യപ്പെടാനും ശക്തിപകരാനും തക്ക ആദര്‍ശപ്പൊരുത്തം അകത്ത് ഇവര്‍ തമ്മിലില്ലേ? അല്ലെങ്കില്‍, 'സമാധാനത്തിന്റെ തൂവെണ്‍മ' പുതച്ചവര്‍ക്ക്, നിരപരാധികളുടെ ചോരപുരണ്ട കൈകള്‍ ചേര്‍ത്തുപിടിക്കാന്‍ കഴിയുന്നത് എങ്ങനെയാണ്? അഹിംസയുടെ അമൃതധാരകള്‍ തുറന്നുവിടാന്‍ ഹിംസയുടെ മൂര്‍ത്തീമദ്ഭാവങ്ങള്‍ സ്വീകരിച്ചാനയിക്കപ്പെടുന്നതിന്റെയും നിരപരാധികളുടെ ജീവനെടുക്കുന്നവരെ അതിജീവന കലക്കാര്‍ ആശീര്‍വദിക്കുന്നതിന്റെയും രാഷ്ട്രീയം എന്താണ്?

ആള്‍ദൈവങ്ങളുടെ രാഷ്ട്രീയം
ശ്രീശ്രീരവിശങ്കര്‍, ബാബാരാംദേവ്, യോഗി ആദിത്യനാഥ്, ആശാറാം ബാപ്പു, സ്വാമി അസിമാനന്ദ, ദയാനന്ദ സരസ്വതി തുടങ്ങിയ 'ആത്മീയ ആചാര്യന്മാര്‍'ക്ക് സംഘപരിവാറുമായുള്ള അടുപ്പം നേരത്തെ പുറത്തുവന്നതാണ്. ആ സംഘി ഗ്രൂപ്പിലേക്ക് അമൃതാനന്ദമയീ മഠവും കൂടി ചേരുന്നതിന്റെ പരസ്യ പ്രഖ്യാപനം മാത്രമായിരുന്നു നരേന്ദ്ര മോഡിയെ അമൃത വര്‍ഷം ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിച്ച നടപടി. വെറുപ്പിന്റെ പ്രത്യയശാസ്ത്രം അകത്തും പുറത്തും അലങ്കാരമാക്കിയ ഒരാള്‍ 'സ്‌നേഹത്തിന്റെ ആഘോഷം' ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിക്കപ്പെട്ടത്, മോഡിയുടെ രാഷ്ട്രീയ തന്ത്രങ്ങളുടെ വിജയത്തെക്കാള്‍, അമൃതാനന്ദമയീമഠത്തിനകത്ത് കുടികൊള്ളുന്ന രാഷ്ട്രീയത്തെയാണ് വിളംബരം ചെയ്യുന്നത്. മതസ്വാതന്ത്ര്യം നിഷേധിച്ചതിന്റെ പേരില്‍ അമേരിക്ക പോലും വിസ നിഷേധിച്ച ഏകവ്യക്തിയായ നരേന്ദ്രമോഡിയെ ആദരിച്ച് ആനയിച്ചുകൊണ്ടുവരാന്‍ മഠത്തിന് കഴിഞ്ഞതെങ്ങനെയെന്നത് ചോദ്യമാണ്. പക്ഷേ, ഗുജറാത്തില്‍ മോഡി പോലീസിന്റെ വ്യാജഏറ്റുമുട്ടലില്‍ നിഷ്ഠൂരമായി വധിക്കപ്പെട്ട ഇശ്‌റത്ത് ജഹാനും, അമൃതാനന്ദമയീ മഠത്തില്‍നിന്ന് പിടിച്ചുകൊണ്ടുപോയ ശേഷം ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സത്‌നാംസിങ്ങും, യാദൃശ്ചികമാകാം, പ്രതീകാത്മകമായി സന്ധിക്കുമ്പോള്‍ ഇത്തരം ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടുന്നുണ്ട്. അതുകൊണ്ട്, ശ്രീ ശ്രീ രവിശങ്കര്‍ മുതല്‍ അമൃതാനന്ദമയി ഉള്‍പ്പെടെയുള്ള 'ആത്മീയ ആചാര്യന്മാര്‍' പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയമെന്തെന്ന് ഗൗരവത്തില്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്.
പ്രമുഖ ഇന്തോ-അമേരിക്കന്‍ എഴുത്തുകാരി മീരാ നന്ദ, 'ഏീറ ങമൃസല:േ വീം ഴഹീയമഹശമെശേീി ശ ൊമസശിഴ കിറശമ ങീൃല ഒശിറൗ' എന്ന വിഖ്യാതകൃതിയില്‍ ഇന്ത്യയിലെ ആള്‍ദൈവങ്ങളുടെ സംഘപരിവാര്‍ മനസ്സിനെ കൃത്യമായി വിശകലനം ചെയ്തിട്ടുണ്ട്. ഇന്ന് നിലവിലുള്ള ഹിന്ദു ആത്മീയ ആചാര്യന്മാരെ മൂന്ന് വിഭാഗമായി തിരിച്ചശേഷം മീരാനന്ദ പറയുന്നു: ''മൂന്ന് വിഭാഗം ആചാര്യന്മാര്‍ക്കും പൊതുവായ ഒരു മുഖമുണ്ട്; അവരുടെ മൃദുഹിന്ദുത്വ നിലപാടാണത്. സാര്‍വ ലൗകികത, സഹിഷ്ണുത, ശാന്തി തുടങ്ങിയവയെക്കുറിച്ച് സംസാരിക്കുമ്പോള്‍ തന്നെ, ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്നും, ഹിന്ദുയിസമാണ് ഇവിടുത്തെ മേധാവിത്ത മതമെന്നും വളരെ വ്യക്തമായി ഈ 'ആത്മീയഗുരുക്കന്മാര്‍' ലോകത്തെ ഉദ്‌ബോധിപ്പിക്കുന്നു. ഇന്ത്യയെ-ലോകത്തെ തന്നെ-കൂടുതല്‍ ഹിന്ദുവല്‍ക്കരിക്കാനും അവര്‍ ശ്രമിക്കുന്നു. ഇത്തരമൊരു ഹിന്ദു രാഷ്ട്രീയവാദത്തെ ഈ 'ആത്മീയ ഗുരുക്കന്‍'മാര്‍ പ്രതിനിധാനം ചെയ്യുന്നതിനാല്‍, അവരുടെ വ്യക്തിപ്രഭാവം ഉപയോഗിച്ച് ഹിന്ദുത്വ ക്യാമ്പിലേക്ക് സംഘപരിവാര്‍ ആളെ കൂട്ടുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല.''
'മതാതീതമായ സ്‌നേഹമാണ് തങ്ങള്‍ ഉദ്‌ഘോഷിക്കുന്നത്, യാതൊരു വിഭാഗീയതയുമില്ലാതെയാണ് തങ്ങള്‍ മനുഷ്യരെ കാണുന്നത്, തീര്‍ത്തും രാഷ്ട്രീയ മുക്തമാണ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍'-എന്നൊക്കെ അവകാശപ്പെടുന്ന ആള്‍ദൈവങ്ങള്‍ക്ക് കൃത്യമായ രാഷ്ട്രീയ അജണ്ടയും മതമുഖവുമുണ്ടെന്ന് വ്യക്തം. സ്‌നേഹത്തിന്റെയും സേവനത്തിന്റെയും പേരില്‍ 'ആള്‍ദൈവങ്ങ'ളെ ആഘോഷമാക്കുന്ന മാധ്യമങ്ങളും സാഹിത്യ സാംസ്‌കാരിക നായകരും മറ്റും വിഷയത്തിന്റെ ഈ വശത്തെക്കുറിച്ച് എന്തുകൊണ്ട് മൗനികളാകുന്നു?

മാനിഷാദയില്‍നിന്ന് ഗോഡ്‌സേയിലേക്ക്
ലോകം ഏകനീഢം എന്നതാണ് യജുര്‍വേദത്തിന്റെ അധ്യാപനം! എല്ലാവരും എല്ലായിടത്തും സുഖമനുഭവിക്കട്ടെ, ആരും ഒരിടത്തും ദുഃഖമനുഭവിക്കാതിരിക്കട്ട' എന്നാണ് മഹാമുനിമാര്‍ ആശീര്‍വദിച്ചത്. ഇണക്കിളികള്‍ക്കുനേരെ വില്ലുകുലച്ച കാട്ടാളനോട് 'മാനിഷാദ' ചൊല്ലിയ മഹര്‍ഷിയുടെ പാദുകപ്പാടുകള്‍ ഈ മണ്ണില്‍ പതിഞ്ഞുകിടപ്പുണ്ട്. മത-സാംസ്‌കാര വൈവിധ്യത ഈ നാടിന്റെ മനോഹാരിത വര്‍ധിപ്പിക്കുന്നു. എന്നാല്‍ ഈ വൈവിധ്യതക്കുമേല്‍ അശനിപാതം പോലെ പെയ്തിറങ്ങുകയായിരുന്നു സംഘപരിവാരത്തിന്റെ പ്രത്യയശാസ്ത്രം. ഹിന്ദുപാരമ്പര്യത്തില്‍നിന്ന് അകന്നുമാറിയ 'ഹിന്ദുത്വം,' സര്‍വസംഗപരിത്യാഗികളായ സന്യാസിമാരെയല്ല മാതൃകയാക്കിയത്, ഹിറ്റ്‌ലറെയും മുസോളിനിയെയും മറ്റുമാണ്. മനുഷ്യ നന്മയിലല്ല, വംശവെറിയിലാണ് അവര്‍ അഭിമാനം കൊള്ളുന്നത്. 'ഹിറ്റ്‌ലറാണ് നമ്മുടെ ആരാധ്യ പുരുഷന്‍. രക്തവിശുദ്ധി മാഹാത്മ്യം പരമപ്രധാനമാണ്. ആര്യരക്തമുള്ളവരാണ് ഭാരതം ഭരിക്കേണ്ടത്. മുസ്‌ലിംകളും ക്രിസ്ത്യാനികളും ഇന്ത്യ വിട്ടുപോകണം. അല്ലെങ്കില്‍ അടമികളെപ്പോലെ ജീവിക്കണം'-എന്നൊക്കെ ഗോള്‍വാള്‍ക്കര്‍ സിദ്ധാന്തിച്ചു. 'വിചാരധാര, നാം അഥവാ നമ്മുടെ ദേശീയത നിര്‍വചിക്കപ്പെടുന്നു' തുടങ്ങിയ കൃതികള്‍ ഇത്തരം പരമതവിദ്വേഷം കുത്തിനിറച്ചവയാണ്. 'ഹിന്ദുക്കളുടെ ശക്തി ബ്രിട്ടീഷുകാര്‍ക്കെതിരെ ഉപയോഗിക്കാനുള്ളതല്ല, ആഭ്യന്തര ശത്രുക്കളായ മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും കമ്മ്യൂണിസ്റ്റുകള്‍ക്കും എതിരെ ഉപയോഗിക്കാനുള്ളതാണ്' എന്നൊക്കെ സ്വാതന്ത്ര്യസമര കാലത്ത് ഉദ്‌ബോധിപ്പിക്കപ്പെടുകയുണ്ടായി. മനുസ്മൃതിയനുസരിച്ച് ബ്രാഹ്മണനും ക്ഷത്രിയനും മാത്രമാണ് ശരിയായ ഹിന്ദു. വൈശ്യരും ശൂദ്രരും മറ്റും ഹിന്ദുത്വത്തില്‍നിന്ന് മാറ്റിനിര്‍ത്തപ്പെടുന്നു. മൃഗതുല്യരായി ഗണിക്കപ്പെടുന്ന ഇത്തരക്കാരെ വേട്ടയാടാന്‍ മടിക്കാത്തതാണ് ഇവരുടെ പ്രത്യയശാസ്ത്രം. മഹാത്മജിയെ വെടിവെച്ചുകൊന്ന നാഥുറാം ഗോഡ്‌സെ നിറയൊഴിച്ചത് ഇന്ത്യയുടെ നെഞ്ചിലേക്കായിരുന്നു. വര്‍ഗീയതയുടെ തേരോട്ടത്തിലൂടെ സൃഷ്ടിക്കപ്പെട്ട നൂറുകണക്കിന് കലാപങ്ങളിലൂടെ ഇവിടെ മനുഷ്യരക്തം ചാലിട്ടൊഴികി. അതിന്റെ ഒടുവിലത്തെ ഉദാരഹണമാണ് മുസഫര്‍നഗര്‍. ഇതാണ് വര്‍ഗീയ ഫാഷിസം ഇന്ത്യക്ക് സമ്മാനിച്ചത്. മതേതര ഇന്ത്യക്ക് കടുത്ത ഭീഷണിയായ ഹിംസാത്മക പ്രത്യയശാസ്ത്രത്തിന്റെ ഇന്നത്തെ ഏറ്റവും വലിയ പ്രചാരകനും പ്രയോക്താവുമാണ് നരേന്ദമോഡി. 2002 ലെ ഗുജറാത്ത് കലാപവും ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും മറ്റും മോഡിയുടെ ഉന്നം സുതരാം വ്യക്തമാക്കുന്നുണ്ട്. ഡി.ഐ.ജി വന്‍സാര, എ.ഡി.ജി.പി ആര്‍.ബി ശ്രീകുമാര്‍, ജസ്റ്റിസ് മാര്‍ഗണ്ഡേയ കട്ജു, മല്ലികാ സാരാഭായ്, ടീസ്റ്റ സെറ്റല്‍വാദ് തുടങ്ങിയവര്‍ മോഡിയുടെ യഥാര്‍ഥ മുഖം അനവാരണം ചെയ്തിട്ടുണ്ട്. ഈ മോഡിയോടും സംഘപരിവാറിനോടുമാണ് ശ്രീശ്രീ രവിശങ്കര്‍ മുതല്‍ അമൃതാനന്ദമായി മഠം വരെയുള്ളവര്‍ ഭക്തി പ്രകടിപ്പിക്കുന്നത് ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ശ്രീനാരായണഗുരുവിന്റെ പേരിലുള്ള ശിവഗിരിമഠത്തിലേക്കും മോഡി ആനയിക്കപ്പെടുകയുണ്ടായി. കാവി ഉപേക്ഷിച്ച് ബുദ്ധപാരമ്പര്യമുള്ള മഞ്ഞ സ്വീകരിച്ച ഗുരുവിന്റെ രാഷ്ട്രീയ വിപ്ലവത്തെ ദൂരെയെറിഞ്ഞ് സംഘപരിവാര്‍ പാളയത്തിലേക്ക് ചേക്കേറുന്നതിന്റെ ഭാഗമായിരുന്നോ അത്?
സംഘപരിവാറിനോടും നരേന്ദ്രമോഡിയോടും മാനിഷാദ പാടേണ്ടവരാണ് യഥാര്‍ഥ ആത്മീയ ആചാര്യന്മാര്‍. ഭൗതിക ലാഭമോഹങ്ങള്‍ ഉപേക്ഷിച്ച്, സര്‍വസംഗപരിത്യാഗികളായി മാറിയ സന്യാസനിമാരുടെ പാരമ്പര്യമുള്‍ക്കൊള്ളുന്ന അത്തരം മുനിമാരും സ്വാമിമാരും ഇന്ത്യയിലുണ്ട്. അവര്‍ ആര്‍ഷഭാരതത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നവരാണ്. 'സര്‍വെ ഭവന്തു സുഖിന...' പാടുന്നവരാണ്. പുരി ശങ്കരാചാര്യരായ സ്വാമി അധോക്ഷജാനന്ദ തീര്‍ഥ സംഘപരിവാറിനെ നിശിതമായി വിമര്‍ശിക്കുന്ന വ്യക്തിയാണ്. ''ആര്‍.എസ്.എസും വിശ്വഹിന്ദുപരിഷത്തും ബജ്‌റംഗ്ദളും മതത്തിന്റെ പേരില്‍ ജനങ്ങളെ വഴിതെറ്റിക്കുകയാണെന്നും യഥാര്‍ഥ സന്യാസിമാരുടെ പാരമ്പര്യം അവര്‍ നശിപ്പിക്കുകയാണെന്നും'' അദ്ദേഹം പറയുകയുണ്ടായി. ''ഹിന്ദുമത്തിന്റെ രക്ഷകരാണെന്ന് സ്വയം അവകാശപ്പെടുന്ന ഇത്തരം സംഘടനകള്‍ യഥാര്‍ഥ സന്യാസിമാരെ, തങ്ങളുടെ വഴി പിന്തുടരാന്‍ നിര്‍ബന്ധിക്കുന്നു. യഥാര്‍ഥ സന്യാസിമാര്‍ പക്ഷേ, അതിനെ പ്രതിരോധിച്ച് നിലനില്‍ക്കും''എന്നാണ് സ്വാമി അധോക്ഷജാനന്ദ പറയുന്നത് (ജൗൃശ ടവമിസമൃമരവമൃ്യ െമേേമരസ െടിഴവ ജമൃശ്മൃ  ൃലററശളള.ശി/ിലം/െ1999/ാമൃ/04 ്‌വു.വാേ).
എന്നാല്‍, മതത്തെ മറയാക്കി, ആത്മീയതയെ കച്ചവടവല്‍ക്കരിച്ച് സാമ്പത്തിക സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുത്ത മറ്റു ചില സ്വാമിമാരും ആള്‍ദൈവങ്ങളും ഇവിടെ വളര്‍ന്നുവരികയുണ്ടായി. ചന്ദ്രസ്വാമി, സത്യസായിബാബ, ധീരേന്ദ്ര ബ്രഹ്മചാരി തുടങ്ങിയവര്‍ക്ക് വലിയ ആത്മീയ സാമ്രാജ്യങ്ങള്‍ നിര്‍മിച്ചുവെങ്കിലും സംഘപരിവാറിന്റെ ചട്ടുകങ്ങളായി മാറുകയുണ്ടായില്ല. മറിച്ച്, രാഷ്ട്രീയക്കാരും വന്‍കിട ബിസിനസുകാരുമൊക്കെയായാണ് അവര്‍ കൂട്ടുചേര്‍ന്നത്. ഈ വഴി തെരഞ്ഞെടുത്ത മുസ്‌ലിം ആത്മീയ കച്ചവടക്കാരും 'ഭക്തിവ്യവസായ' കേന്ദ്രങ്ങളും ഉണ്ട്. അവരും സാമ്പത്തിക ലാഭവും സ്ഥാനമാനങ്ങളും നേടുന്നതിനപ്പുറം അതിനെ സംഘടിത വര്‍ഗീയതക്കുള്ള ഉപകരണമാക്കുകയുണ്ടായിട്ടില്ല.


മറനീക്കുന്ന സംഘപരിവാര്‍ ബാന്ധവം
പ്രഛന്നതയാണ് ഫാഷിസത്തിന്റെ പ്രത്യേകതകളിലൊന്ന്. എവിടെയും അത് ഒളിഞ്ഞിരിക്കും. മതം, ദേശീയത, ബ്യൂറോക്രസി, മീഡിയ, ജുഡിഷ്യറി തുടങ്ങി എന്തും ഫാഷിസത്തിന്റെ വാഹനമാകും. എത്ര പ്രഛന്നമാക്കി വെച്ചാലും ചില ഘട്ടങ്ങളില്‍ പുറംതോട് പൊട്ടിച്ച് ഫാഷിസത്തിന്റെ അടയാളങ്ങള്‍ പുറത്തുവരും. ഇന്ത്യയിലെ പ്രമുഖ ആള്‍ദൈവങ്ങളുടെ കാര്യത്തില്‍ ഇത് പലകുറി സംഭവിച്ചിട്ടുള്ളതാണ്. ഇപ്പോള്‍ പലരും പരസ്യമായിതന്നെ സംഘപരിവാര്‍ പക്ഷത്തുനില്‍ക്കാന്‍ ധൈര്യം കാണിക്കുന്നുണ്ട്. മതാതീതമായ സ്‌നേഹവും സേവനവും പ്രസംഗിക്കുന്ന ഇത്തരം ആള്‍ദൈവങ്ങള്‍ സംഘപരിവാറിന്റെ റിക്രൂട്ടിംഗ് ഏജന്‍സികളായാണ് പ്രവര്‍ത്തിക്കുന്നതെന്നു പറയാം. ഇരുവിഭാഗത്തിലും പൊതുവായുള്ള ഏസ മത മുഖം കാര്യങ്ങള്‍ എളുപ്പമാക്കുകയും ചെയ്യുന്നു. ചിലര്‍ തുടക്കം മുതലേ സംഘപരിവാര്‍ പക്ഷത്ത് പ്രവര്‍ത്തിക്കുന്നവരാണെങ്കില്‍, മറ്റു ചിലരെ ക്രമേണ തങ്ങളിലേക്ക് അടുപ്പിക്കുന്നതില്‍ ഫാഷിസ്റ്റ് സംഘടനകള്‍ വിജയിക്കുന്നു. ട്രസ്റ്റുകള്‍ കൈപിടിയിലൊതുക്കിയും ആഘോഷങ്ങളും മറ്റും ഹൈജാക്കുചെയ്തുമാണ് ഇത് സാധിക്കുന്നത്. ബി.ജെ.പി പത്രമായ 'ജന്മഭൂമി' ഇത്തരം ആത്മീയാചാര്യന്മാര്‍ക്കും മറ്റുംവേണ്ടി പ്രത്യേക പേജുതന്നെ മാറ്റി വെച്ചിട്ടുണ്ട്.
ജീവനകലയുടെ ആചാരന്‍ ശ്രീശ്രീ രവിശങ്കറിന്റെ സംഘപരിവാര്‍ ബന്ധം പരസ്യമാണ്. ബി.ജെ.പിയെയും നരേന്ദ്ര മോഡിയെയും പിന്തുണക്കാന്‍ അദ്ദേഹത്തിന് യാതൊരു മടിയുമില്ല. അതിസൂക്ഷ്മമായി നിര്‍മിച്ചെടുത്ത സ്‌നേഹം, ആനന്ദം, അതിജീവനം തുടങ്ങിയ ഇമേജുകള്‍ക്ക് പുറകില്‍ ഒരു 'ഹിന്ദു ദേശീയ വികാരം' ശ്രീശ്രീ രവിശങ്കര്‍ സൂക്ഷിക്കുന്നുണ്ട്. ബാബരി മസ്ജിദ്-രാമജന്മഭൂമി പ്രശ്‌നത്തില്‍ ഹിന്ദുത്വ അജണ്ട അദ്ദേഹം ആവര്‍ത്തിച്ച് പ്രകടിപ്പിച്ചിട്ടുമുണ്ട്. 'ദ എക്കണോമിസ്റ്റ്' എന്ന ബ്രിട്ടീഷ് മാസിക ഇതേകുറിച്ച് പറയുന്നതിങ്ങനെ; 'ആര്‍ട് ഓഫ് ലിവിംഗ് എല്ലാ വിശ്വാസക്കാര്‍ക്ക് വേണ്ടിയുമുള്ളതാണ്. പക്ഷേ, സത്യത്തില്‍, രാമക്ഷേത്രത്തെക്കുറിച്ച് പറയുമ്പോള്‍ അദ്ദേഹം ഒരു രാഷ്ട്രീയക്കാരനെപ്പോലെയോ ആത്മീയ ഗുരുവിനെ പോലെയോ സംസാരിക്കുന്നു. മുസ്‌ലിംകള്‍ക്ക് മക്കയിലേക്ക് തീര്‍ഥാടനത്തിന് പോകാന്‍ അന്യായമായി നല്‍കുന്ന സബ്‌സിഡി ഉള്‍പ്പെടെ, ദീര്‍ഘകാലമായി തുടര്‍ന്നുവരുന്ന 'ന്യൂനപക്ഷ പ്രീണന'ത്തെ കുറിച്ചും അദ്ദേഹം പറയാറുണ്ട്.' (കിറശമി ടുശൃശൗേമഹശ്യേ ഠവല ടംമാശ,െ ഉലര 18, 2003, ഋരീിീാശേെ.രീാ) സംഘപരിവാറുമായി ഒരു രക്തബന്ധം ശ്രീശ്രീ പുലര്‍ത്തുന്നുണ്ടെങ്കിലും ഒരു ഘട്ടത്തില്‍ അത് രഹസ്യമാക്കി വെച്ചിരുന്നതാണ്. പിന്നീട് പ്രകടമായിത്തന്നെ അദ്ദേഹം ഹിന്ദുത്വപക്ഷത്ത് നില്‍ക്കുകയാണുണ്ടായത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഐ.ടി-അനുബന്ധ മേഖലകളില്‍ കാവിവല്‍കരണം വളരെയേറെ ശക്തിപ്പെട്ടിട്ടുണ്ട്. ഐ.ടി നഗരമായ ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് 'ഐ.ടി മില്യനുകള്‍' സംഘടിപ്പിച്ചുകൊണ്ടാണ് കാവിവല്‍കരണം ത്വരിതപ്പെടുത്താന്‍ തുടങ്ങിയത്. അതിന്റെ പ്രത്യാഘാതങ്ങള്‍ ഐ.ടി മേഖലകളില്‍ ദൃശ്യമാകുന്നുമുണ്ട്. 'ആര്‍ട് ഓഫ് ലിവിംഗിന്' ഏറ്റവും സ്വാധീനമുള്ള ഇടങ്ങളിലൊന്നാണല്ലോ ബാംഗ്ലൂരിലെ ഐ.ടി മേഖല!
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ പരസ്യമായി പിന്തുണക്കാനും ശ്രീശ്രീ രവിശങ്കര്‍ തയാറായി. 2002 ലെ ഗുജറാത്ത് കലാപത്തിന്റെ പേരില്‍ നരേന്ദ്രമോഡിയെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് അതിജീവനകലയുടെ ആചാര്യന്‍ രംഗത്തുവന്നത്. ''2002-ല്‍ നടന്ന കാര്യങ്ങള്‍ ഇപ്പോഴും കൊണ്ടുനടക്കുന്നത് ബുദ്ധിമാന്മാര്‍ക്ക് ചേര്‍ന്നതാണെന്ന് ഞാന്‍ കരുതുന്നില്ല. നരേന്ദ്രമോഡി ആ സന്ദര്‍ഭത്തില്‍ അനുഭവ സമ്പത്തില്ലാത്ത പുതിയ മുഖ്യമന്ത്രിയായിരുന്നു'' (ടൃശ ടൃശ ഞമ്ശ ടവമിസമൃ ആമരസ െങീറശ  കആച ഘശ്‌ല, ഖൗില 20, 2013). 2013 ഒക്‌ടോബറില്‍ ബി.ജെ.പി നേതാവ് നിതിന്‍ ഗഡ്കരിയുടെ, 'വികാസ് കീ പഥ്' എന്ന പുസ്തകം പ്രകാശനം ചെയ്ത ശ്രീ ശ്രീ രവിശങ്കര്‍, എല്‍.കെ അദ്വാനി ഉള്‍പ്പെടെ ആര്‍.എസ്.എസ്, ബി.ജെ.പി നേതാക്കളോടൊപ്പമാണ് അന്ന് വേദി പങ്കിട്ടത്. ''ശ്രീ ശ്രീജീ നിതിന്‍ ഗഡ്കരിയുടെ പുസ്തകം പ്രകാശനം ചെയ്യുന്നു. അദ്വാനിജിയും ആര്‍.എസ്.എസിന്റെ സോണിയാജിയും വേദിയിലുണ്ട്. ശ്രീ ശ്രീജീ കൊ ജൈഹൊ!'' എന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ്‌സിംഗ് സംഭവത്തെ കളിയാക്കുകയുണ്ടായി. (ഠവല ഋരീിീാശര ഠശാല,െ 2011, ഛര േ29) മംഗലാപുരത്ത് 2009 ജനുവരിയില്‍, ബി.ജെ.പിയുടെ വിദ്യാര്‍ഥി സംഘടനയായ എ.ബി.വി.പി സംഘടിപ്പിച്ച 'ഭീകരതാവിരുദ്ധ റാലി' ഉദ്ഘാടനം ചെയ്തതും ശ്രീ ശ്രീ രവിശങ്കറായിരുന്നു.
ബാബരി മസ്ജിദ്-രാമജന്മഭൂമി പ്രശ്‌നത്തിലും മതപരിവര്‍ത്തനത്തിന്റെ വിഷയത്തിലും വ്യക്തമായ സംഘപരിവാര്‍ നിലപാടുള്ള വ്യക്തിയാണ് തമിഴ്‌നാട്ടിലെ സ്വാമി ദയാനന്ദ സരസ്വതി. അയോധ്യയില്‍ രാക്ഷേത്രം നിര്‍മിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചക്കും തയാറല്ലെന്ന് പ്രഖ്യാപിച്ച അദ്ദേഹം, സംഘപരിവാര്‍ ഭാഷയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെയും സംസാരിക്കുകയുണ്ടായി. തമിഴ്‌നാട് ഗവണ്‍മെന്റ് മുമ്പ് കൊണ്ടുവന്ന മതപരിവര്‍ത്തന നിരോധന ബില്ലിനെ ശക്തമായി അനുകൂലിച്ചിരുന്നു സ്വാമി ദയാനന്ദ സരസ്വതി.
ബാബാ രാംദേവാണ് വ്യക്തമായി സംഘപരിവാര്‍ പക്ഷത്തു നിലയുറപ്പിച്ച മറ്റൊരു 'ആത്മീയ ആചാര്യന്‍.' 'യോഗഗുരു'വായി അറിയപ്പെടുന്ന രാംദേവ് മരുന്നുകള്‍ക്കൊപ്പം ഹിന്ദു പാരമ്പര്യത്തെയും അതിലുള്ള ആത്മാഭിമാനത്തെയും സംബന്ധിച്ച ഉപദേശങ്ങളും 'ആരാധകര്‍'ക്ക് നല്‍കുന്നു. പൗരാണിക ഭാരതീയ പാരമ്പര്യത്തെ സംബന്ധിച്ച 'ഹിന്ദുത്വ' ഭാഷ്യം തന്നെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. സംഘപരിവാറുമായുള്ള ബാന്ധവം അദ്ദേഹം മറച്ചുവെച്ചിട്ടില്ല. ആര്‍.എസ്.എസ് വനിതാ വിഭാഗത്തിന്റെ ഒരു സംഗമത്തെ അഭിവാദ്യം ചെയ്യുന്ന ബാബാ രാംദേവിന്റെ ഫോട്ടോ ആര്‍.എസ്.എസ് വാരികയായ ഓര്‍ഗനൈസറില്‍ പ്രസിദ്ധീകരിച്ചിരുന്നു. പല ഘട്ടങ്ങളിലും രാംദേവിനെ പിന്തുണച്ച് സംഘപരിവാര്‍ സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. പരിവാറിനെ രാംദേവ് തിരിച്ചും സഹായിച്ചിട്ടുണ്ട്. അതില്‍ പ്രധാനമായിരുന്നു ദല്‍ഹി കേന്ദ്രീകരിച്ച് നടന്ന 'അഴിമതി വിരുദ്ധ സമര ബഹളങ്ങള്‍!' ഇന്ത്യയെ നടുക്കിയ ഭീകര സ്‌ഫോടന കേസുകളില്‍ ചിലതിന്റെ പേരില്‍ സ്വാമി അസിമാനന്ദയും പ്രജ്ഞാസിംഗും മറ്റും പിടിക്കപ്പെടുകയും സംഘപരിവാര്‍ പ്രതിക്കൂട്ടിലാവുകയും ചെയ്ത ഘട്ടത്തിലായിരുന്നു 'അഴിമതി വിരുദ്ധ ബഹളങ്ങളു'മായി രാംദേവ് രംഗത്തുവന്നത്. യഥാര്‍ഥത്തില്‍, സ്‌ഫോടന കേസുകളില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍ സംഘപരിവാര്‍ നടത്തിയ നാടകമായിരുന്നു അതെന്ന് പലരും സൂചിപ്പിച്ചിരുന്നതാണ്. ഈ സമരത്തെ ശ്രീ ശ്രീ പിന്തുണച്ചിരുന്നു. അന്ന് ശ്രീ ശ്രീ രവിശങ്കറിനും രാംദേവിനും വേണ്ടി പ്രതിരോധം തീര്‍ത്തത് ബി.ജെ.പി നേതാക്കളായിരുന്നു.
ലൈംഗിക വിവാദത്തില്‍ കുടുങ്ങിയ, 'ആത്മീയ ആചാര്യന്‍' ആശാറാം ബാപ്പുവിനെ ബലാത്സംഗക്കേസില്‍ അറസ്റ്റ് ചെയ്യുമ്പോള്‍, അദ്ദേഹത്തെ സംരക്ഷിക്കാന്‍ ശ്രമിച്ചത് ചില സംഘപരിവാര്‍ സംഘടനകളായിരുന്നു. അറസ്റ്റിനെതിരെ വി.എച്ച്.പിയും ബജ്‌റംഗ്ദളും ജില്ലാ ഭരണ കേന്ദ്രത്തില്‍ ധര്‍ണ നടത്തുകയുണ്ടായി. ഇരുപക്ഷവും തടരുന്ന പരസ്പര ബന്ധത്തിന്റെ ഭാഗമായിരുന്നു ഈ പ്രതിരോധങ്ങള്‍. ശ്രീ ശ്രീ രവിശങ്കര്‍, ബാബാ രാംദേവ്, മൊറാറി ബാപ്പു, ആസാറാം ബാപ്പു, ഗായത്രി പരിവാറിലെ പ്രണവ് പാണ്ഡ്യ തുടങ്ങിയവരെ ഉള്‍പ്പെടുത്തി, 2009 ലെ ഇലക്ഷന്‍ പ്രചാരണത്തിന്‌വേണ്ടി ഒരു മുന്നണി രൂപീകരിക്കാന്‍ വി.എച്ച്.പി ശ്രമിച്ചതായി റിപ്പോര്‍ട്ടുകളുണ്ടെന്ന് മീരാനന്ദ സൂചിപ്പിച്ചിട്ടുണ്ട്. ഈ ഗുരുക്കന്മാരില്‍ ശ്രീ ശ്രീ രവിശങ്കര്‍ ഒഴികെയുള്ളവര്‍, 2009 ല്‍ വി.എച്ച്.പി നടത്തിയ 'ധര്‍മരക്ഷാമഞ്ചി'ല്‍ അംഗങ്ങളായിരുന്നു. 2009 ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് അനുകൂലിമായി ഹിന്ദുവോട്ട് ബാങ്ക് രൂപപ്പെടുത്താനുള്ള രാഷ്ട്രീയ തന്ത്രമായിരുന്നു ധര്‍മരക്ഷാ മഞ്ച്. ഒട്ടേറെ വിവാദ വിഷയങ്ങള്‍ ഉയര്‍ത്തി മതവികാരം ഇളക്കിവിട്ട് വോട്ട് നേടാനുള്ള 2009 ലെ ശ്രമത്തിന്റെ തുടര്‍ച്ചയെന്നോണം പുതിയ പദ്ധതികള്‍ 2014 ലെ തെരഞ്ഞെടുപ്പിനുവേണ്ടിയും സംഘപരിവാര്‍ ആവിഷ്‌കരിച്ചിട്ടുണ്ടാകണം. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ നരേന്ദ്രമോഡി തന്നെ അതിനു മുന്നിട്ടിറങ്ങുന്നതിന്റെ തുടക്കമായി വേണം അമൃതാനന്ദമയീ മഠത്തിലെ സന്ദര്‍ശനത്തെ മനസ്സിലാക്കാന്‍. തുടര്‍നാളുകളില്‍ നടേ സൂചിപ്പിച്ച 'ആത്മീയാചാര്യന്മാരെല്ലാം' ഈ പടയണിയില്‍ മോഡിക്ക് പിന്നില്‍ ജയ് വിളിച്ച് ആശീര്‍വദിക്കുന്നതു കാണാം. 'ഇന്ന് ഹിന്ദുത്വത്തിന്റെ പ്രചാരകരാകേണ്ടത് ഇത്തരം ആത്മീയ ആചാര്യന്മാരാണെന്നും അവരെ ക്ഷണിച്ച് രംഗത്തിറക്കണമെന്നും' സംഘപരിവാറിനെ ഉപദേശിക്കാന്‍, ഇപ്പോള്‍ അവരുടെ പക്ഷത്തുള്ള പ്രമുഖ ചരിത്രകാരനും പത്രപ്രവര്‍ത്തകനുമൊക്കെയായ സ്വപന്‍ദാസ് ഗുപ്തയെ പോലുള്ള ബുദ്ധിജീവികള്‍ ഉണ്ടാകുമ്പോള്‍ വിശേഷിച്ചും.

Tuesday 1 October 2013

മതസംഘടനകളുടെ മതവിരുദ്ധ വാദങ്ങള്‍സദ്‌റുദ്ദീന്‍ വാഴക്കാട്

മതസംഘടനകളുടെ മതവിരുദ്ധ വാദങ്ങള്‍
നവോത്ഥാനം കൊളുത്തിയ വെളിച്ചംകെടുത്തി, മുസ്‌ലിം സമുദായത്തെ നാലു പതിറ്റാണ്ടെങ്കിലും പുറകിലേക്ക് തിരിച്ചുനടത്താനുള്ള ശ്രമമാണ് മതസംഘടനകളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച് മതസംഘടനകള്‍ കൈകൊണ്ട നിലപാട് ഇന്ത്യന്‍ വിവാഹ നിയമത്തിന് മാത്രമല്ല, സാക്ഷാല്‍ ഇസ്‌ലാമിക നിയമത്തിനുതന്നെ വിരുദ്ധമാണ്. മുസ്‌ലിം സമുദായത്തിന്റെ ഉത്തമ താല്‍പര്യങ്ങള്‍ക്കും, മുസ്‌ലിം പെണ്‍കുട്ടികളുടെ അവകാശ സംരക്ഷണത്തിനും വിദ്യാഭ്യാസ മുന്നേറ്റത്തിനുമൊക്കെ  വിഘാതമായിത്തീരുന്ന മതസംഘടനകളുടെ വിവാദ തീരുമാനം ഒരു പരിഷ്‌കൃതജനതയെ അങ്ങേയറ്റം പരിഹാസ്യരാക്കുന്നതും ഇസ്‌ലാമിനെ സംബന്ധിച്ച് വലിയ തെറ്റിധാരണകള്‍ പരത്തുന്നതുമാണ്. മുസ്‌ലിം സമൂഹത്തിലെ മഹാഭൂരിപക്ഷത്തിന്റെയും പിന്തുണ ഈ നിലപാടിന് ഇല്ലെന്നതിന്റെ തെളിവാണ്, ഇതിനെതിരെ ഉയര്‍ന്നുവന്ന അതിരൂക്ഷമായ വിമര്‍ശനങ്ങള്‍. മുസ്‌ലിം പെണ്‍കുട്ടികളുടെ പൊതുമനസ് മതസംഘടനകള്‍ക്കെതിരെ രംഗത്തുവന്നുവെന്നത് അവര്‍ ആര്‍ജിച്ച സാമൂഹിക വളര്‍ച്ചയുടെ നിദര്‍ശനമാണ്.

മതനേതൃത്വത്തിന്റെ വിവേകശൂന്യതയും അപക്വതയും മാത്രമല്ല വിവാദ നടപടികളിലേക്ക് അവരെ നയിച്ചത്; ചില സംഘടനകള്‍ക്കിടയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കൂടിയാണ്. 'സമസ്ത'യും മുസ്‌ലിംലീഗും തമ്മിലുള്ള സംഘര്‍ഷം, സമസ്തയുടെ വിദ്യാര്‍ത്ഥി സംഘടനക്കകത്തെ വടംവലികള്‍ തുടങ്ങിയവ സംഭവത്തിനു പിന്നിലുണ്ടെന്നാണ് മനസിലാകുന്നത്. വിവാദയോഗത്തില്‍ രൂപംകൊണ്ട 'വ്യക്തി നിയമ സംരക്ഷണ സമിതി'യുടെ മൂന്ന് ഭാരവാഹികളും (കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, മുസ്തഫ മുണ്ടുപാറ, എം.സി. മായിന്‍ ഹാജി) ഒരേ വിഭാഗത്തില്‍പെട്ടവരായതിനു പിന്നിലെ രാഷ്ട്രീയമെന്താണെന്നും ചിന്തിക്കേണ്ടതുണ്ട്.

മൂന്ന് പ്രധാന വശങ്ങളാണ് വിഷയസംബന്ധിയായി ചര്‍ച്ച ചെയ്യേണ്ടത്. ഒന്ന്, മുസ്‌ലിം വ്യക്തി നിയമത്തിന്റെയും മുസ്‌ലിം സ്ത്രീകളുടെ അവകാശങ്ങളുടെയും സംരക്ഷണം. രണ്ട്, ഇസ്‌ലാം അനുശാസിക്കുന്ന വിവാഹപ്രായം. മൂന്ന്, 'ശൈശവ വിവാഹം' ഉണ്ടാക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍. ഇന്ത്യയില്‍ നിലവിലുള്ള വിവാഹനിയമത്തെ സംബന്ധിച്ച് ഒട്ടേറെ ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞതിനാല്‍ ഈ ലേഖനത്തില്‍ അത് വിശകലനം ചെയ്യുന്നില്ല.

വിവാഹപ്രായം ഇസ്‌ലാമിക നിയമത്തില്‍
ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിവാഹത്തിന്റെ കുറഞ്ഞ വയസ് എത്രയാണെന്ന് ഇസ്‌ലാമിക നിയമസംഹിത (ശരീഅത്ത്) ഖണ്ഡിതമായി ഒരിടത്തും പറഞ്ഞിട്ടില്ല. എന്നാല്‍, ആണ്‍-പെണ്‍ വിവാഹപ്രായം ഏതാണെന്ന് ഇസ്‌ലാമിക പ്രമാണങ്ങള്‍ കൃത്യമായി പഠിപ്പിക്കുന്നുണ്ട്. അത് പുരുഷന് സ്ഖലനമുണ്ടാവുകയും സ്ത്രീ ഋതുമതിയാവുകയും ചെയ്യുന്ന ശാരീരിക പ്രക്രിയയല്ല; ബൗദ്ധികവും മാനസികവും ശാരീരികവുമായ പക്വതയെത്തലാണ്. ഖുര്‍ആനിക പാഠങ്ങളെ കണ്ണും മനസും തുറന്നുവെച്ചും സാമൂഹിക വളര്‍ച്ചയെ മുന്‍നിറുത്തിയും വായിക്കുന്നവര്‍ക്ക് ഇത് മനസിലാക്കാന്‍ പ്രയാസമുണ്ടാകില്ല. എന്നാല്‍ തലക്കകത്തേക്ക് കാലത്തിന്റെ വെളിച്ചം കടത്തിവിടാതെ, കര്‍മശാസ്ത്ര തര്‍ക്കങ്ങളില്‍ അഭിരമിക്കുന്നവര്‍ക്ക് അതൊന്നും ഉള്‍ക്കൊള്ളാനുള്ള വിവേകമുണ്ടാകണമെന്നില്ല.

ഖുര്‍ആന്‍ നാലാം അധ്യായത്തിലെ 6-ാം വചനം ഇങ്ങനെയാണ്. ''വിവാഹപ്രായമെത്തുന്നതുവരെ നിങ്ങള്‍ അനാഥരെ നിരീക്ഷിച്ചുകൊണ്ടിരിക്കുക. അവര്‍ക്ക് വിവേകമെത്തിയെന്നു ബോധ്യപ്പെട്ടാല്‍ അവരുടെ സമ്പത്ത് തിരിച്ചേല്‍പിച്ചുകൊടുക്കണം. അവര്‍ വളര്‍ന്ന് വലുതായി അവകാശം ചോദിക്കുമെന്ന് ഭയന്ന് നിങ്ങള്‍ അവരുടെ ധനം അനീതിപൂര്‍വ്വം ധൂര്‍ത്തടിച്ചും ധൃതിയായും ഭുജിക്കരുത്....'' ബുദ്ധിവികാസം, സ്വന്തം ഉത്തരവാദിത്തത്തില്‍ കാര്യങ്ങള്‍ നടത്താനുള്ള ശേഷി, സമ്പത്ത് സ്വന്തമായി കൈകാര്യം ചെയ്യാനുള്ള കാര്യബോധം, അവകാശങ്ങള്‍ ചോദിച്ചുവാങ്ങാനുള്ള തന്റേടം തുടങ്ങിയവയാണ് ഖുര്‍ആന്‍ പറയുന്ന 'വിവേകം' (റുഷ്ദ്) എന്ന പദത്തിന്റെ ആശയം. 'വളര്‍ന്നു വലുതാവുക' എന്നതിനര്‍ത്ഥം ബുദ്ധിവികാസവും കാര്യപ്രാപ്തിയുമാണ്; ശാരീരികമായ സ്ഖലന-ആര്‍ത്തവ പ്രക്രിയയല്ല. ശാരീരികമായി പ്രായപൂര്‍ത്തിയായ ശേഷം വിവേകമെത്തുവോളം, ഏഴുവര്‍ഷം വരെ കാത്തിരിക്കണം എന്ന് പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. അപ്പോള്‍, ശാരീരിക വയസറിയിക്കലല്ല, വിവേകമെത്തലാണ് വിവാഹത്തിനും സമ്പത്ത് കൈകാര്യം ചെയ്യാനുമുള്ള യോഗ്യത എന്ന് വ്യക്തം. വിദ്യാഭ്യാസ വളര്‍ച്ച,  ശാരീരികവും മാനസികവുമായ ആരോഗ്യം, ഭദ്രമായ കുടുംബജീവിതം, മെച്ചപ്പെട്ട സന്താന പരിപാലനം തുടങ്ങിയവക്ക് ചേരുന്നതും അതുതന്നെയാണ്.

'സ്ഖലനമുണ്ടായാല്‍ പുരുഷനെയും ഋതുമതിയായാല്‍ പെണ്‍കുട്ടിയെയും വിവാഹം കഴിപ്പിക്കണം' എന്ന് ഖുര്‍ആനൊ, പ്രവാചകനൊ, കര്‍മ്മ ശാസ്ത്ര പണ്ഡിതരോ ഒരിടത്തും പറഞ്ഞിട്ടില്ല. അങ്ങനെ തെളിയിക്കാന്‍ കേരളത്തിലെയെന്നല്ല, ലോകത്തിലെ തന്നെ ഒരു മത പണ്ഡിതനും സാധിക്കുകയുമില്ല. ഏറ്റവും കുറഞ്ഞ വിവാഹ പ്രായത്തെക്കുറിച്ച് ഖണ്ഡിതമായി മതം വിധി പറയാതിരുന്നത്, സാമൂഹിക വളര്‍ച്ചക്ക് അനുസരിച്ചാണ് ഓരോകാലത്തും ദേശത്തും അത് തീരുമാനിക്കേണ്ടത് എന്നതുകൊണ്ടാണ്, ഇസ്‌ലാമിക നിയമ സംഹിതയുടെ (ശരീഅത്ത്) വികാസക്ഷമതയുടെ ഭാഗമാണത്. അതുകൊണ്ട്, കാലാതീതമായി നിലനില്‍ക്കുന്ന അടിസ്ഥാന മൂല്യങ്ങളില്‍നിന്നുകൊണ്ട് കാലാനുസൃത മാറ്റങ്ങളെ ഉള്‍ക്കൊണ്ടുവേണം ഇത്തരം വിഷയങ്ങളില്‍ നിലപാടെടുക്കാന്‍.

'ഋതുമതിയായാല്‍ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കാം' എന്ന് മധ്യകാലഘട്ടത്തിലെയും മറ്റും ചില കര്‍മ്മശാസ്ത്രകാരന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അന്നത്തെ കാലത്ത് അവര്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍, ഏറെ മുന്നോട്ടുപോയ ഇന്നത്തെ സാമൂഹിക സാഹചര്യത്തില്‍ അതേപടി പിന്തുടരണം എന്ന് പറയുന്നത് വങ്കത്തമാണ്. ഖുര്‍ആനും നബിചര്യയും വിഷയത്തില്‍ ഖണ്ഡിത വിധി തന്നിട്ടില്ലെന്നിരിക്കെ, കര്‍മ്മശാസ്ത്രകാരന്‍മാരുടെ നിലപാടുകളെ കാലാനുസൃതമായി മാറ്റിയെഴുതുകയാണ് വേണ്ടത്. ഖലീഫ ഉമര്‍ മുതല്‍ മുസ്‌ലിം ഭരണാധികാരികളും നായകരും ഒട്ടേറെ മുന്‍നിലപാടുകള്‍ പില്‍ക്കാലത്ത് തിരുത്തിയെഴുതിയിട്ടുണ്ട്.
വിവാഹത്തിന്റെ കുറഞ്ഞ വയസ് എത്രയാണെന്ന് ഇസ്‌ലാം തീര്‍ത്തുപറഞ്ഞിട്ടില്ല എന്നിരിക്കെ, 18 വയസ് എന്ന ഇന്ത്യന്‍ നിയമം എങ്ങനെ ശരീഅത്ത് വിരുദ്ധമാകും? ഇസ്‌ലാമിന്റെ ഒരു ഖണ്ഡിത വിധിക്കെതിരെ ഒരു നിയമംകൊണ്ടുവന്നാല്‍ മാത്രമേ അത് മതവിരുദ്ധം എന്ന് പറയാന്‍ പറ്റൂ. ഈ വിഷയത്തില്‍ അത്തരമൊരു നിയമം നടപ്പിലാക്കാന്‍ ഏതു ഭരണകൂടത്തിനും അധികാരമുണ്ട്. അത് അംഗീകരിക്കാന്‍ രാജ്യത്തെ പൗരന്‍മാരെന്ന നിലക്ക് മുസ്‌ലിംകള്‍ ബാധ്യസ്ഥരുമാണ്. മാത്രമല്ല, 18 വയസിനുമുമ്പുള്ള വിവാഹം, വ്യക്തി നിയമത്തിന്റെ ഭാഗമല്ല, ശിക്ഷാര്‍ഹമായ ക്രിമിനല്‍ കുറ്റമാണ് ഇന്ത്യയില്‍. ക്രിമിനല്‍ നിയമങ്ങള്‍ ഏതു മതവിഭാഗത്തിനും ഒരുപോലെ ബാധകമാണ്. ഈ വിഷയത്തില്‍ കോടതിയെ സമീപിച്ചാല്‍, മതനേതൃത്വം നിശിതമായി വിമര്‍ശിക്കപ്പെടുക മാത്രമല്ല, പുതിയ നിയമനടപടികള്‍ കോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടാകാനും സാധ്യതയുണ്ട്. അതുകൊണ്ട് വടികൊടുത്ത് അടി വാങ്ങാനുള്ള ശ്രമത്തില്‍നിന്ന് പിന്തിരിയാനുള്ള വിവേകമാണ്-അതുണ്ടെങ്കില്‍-മതനേതൃത്വം കാണിക്കേണ്ടത്.

മുസ്‌ലിം സ്ത്രീകളുടെ അവകാശ സംരക്ഷണം
'മുസ്‌ലിം വ്യക്തിനിയമത്തിലെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നു' എന്ന് തെറ്റിദ്ധരി(പ്പി)ച്ച് സുപ്രീം കോടതിയെ സമീപിക്കാനൊരുക്കുന്നവര്‍, ഇസ്‌ലാം സ്ത്രീകള്‍ക്ക് നല്‍കിയ ഒട്ടേറെ മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കുന്നു. അത്തരം അവകാശ ലംഘനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും പലപ്പോഴും ഇതേ മതനേതാക്കളാണെന്നതും വസ്തുതയാണ്. വിവാഹത്തിന് അനുവാദം നല്‍കാനും വിവാഹമൂല്യം നിശ്ചയിക്കാനും സ്ത്രീകള്‍ക്കുള്ള അധികാരം, സ്ത്രീധന നിരോധം, വിവാഹ മോചനത്തിന്റെ മൂന്ന് ഘട്ടങ്ങള്‍, സ്ത്രീക്ക് പുരുഷനെ വിവാഹമോചനം ചെയ്യാനുള്ള അവകാശം (ഖുല്‍അ്, ഫസ്ഖ്), ജീവനാംശം തുടങ്ങിയ വിഷയങ്ങള്‍ മുതല്‍ സ്ത്രീയുടെ രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തനം, പള്ളിപ്രവേശം, തൊഴില്‍ തുടങ്ങിയ പല കാര്യങ്ങളിലും ഇസ്‌ലാമിക വിരുദ്ധ സമീപനം സ്വീകരിക്കുകവഴി മുസ്‌ലിം സ്ത്രീയുടെ പല മൗലിക അവകാശങ്ങളും ഹനിക്കപ്പെടുന്നുണ്ട്. അതിന് കാരണക്കാരായ മതനേതാക്കള്‍ വിവാഹപ്രായത്തിന്റെ പേരില്‍ ഇളകിവശാകുന്നത് മുസ്‌ലിം സ്ത്രീക്കൊ, ഇസ്‌ലാമിനൊ വേണ്ടിയല്ല; . വിവാഹകാര്യത്തില്‍ ഇസ്‌ലാം സ്ത്രീക്ക് വലിയ അധികാര അവകാശങ്ങള്‍ നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ അനുവാദമില്ലാത്ത വിവാഹം ഇസ്‌ലാമിക നിയമപ്രകാരം സാധുവല്ല, അത്തരം വിവാഹങ്ങള്‍ നബി റദ്ദ് ചെയ്യുകയും അതിന് സ്ത്രീക്ക് അവകാശം നല്‍കുകയും ചെയ്തിട്ടുണ്ട്. വിവാഹമൂല്യം (മഹ്ര്‍) എന്ത്, എത്ര വേണമെന്ന് തീരുമാനിക്കാനുള്ള അധികാരം സ്ത്രീക്കാണ്. എന്നാല്‍, 'നിനക്ക് മഹ്ര്‍ എത്ര വേണമെന്ന്' വിവാഹ നിശ്ചയവേളയില്‍ പെണ്‍കുട്ടിയോട് ചോദിക്കുന്നത്‌പോലും പല സമുദായ പ്രമാണിമാരിലും അസ്വസ്ഥത പടര്‍ത്താറുണ്ട്. വിവാഹമോചനം മൂന്നു ഘട്ടങ്ങളില്‍ പൂര്‍ത്തീകരിക്കപ്പെടേണ്ടതാണ്. മൂന്നാം ഘട്ട ത്വലാഖ് നടക്കുന്നതിന് മുമ്പ് സ്ത്രീ ഭര്‍ത്താവിന്റെ വീട്ടില്‍, അയാളുടെ ചെലവില്‍ തന്നെ താമസിക്കണം എന്നാണ് ഇസ്‌ലാം അനുശാസിക്കുന്നത്. ഇത് സ്ത്രീയുടെ അവകാശമാണ്. എന്നാല്‍, ഇന്ന് നടപ്പുള്ളത് അങ്ങേയറ്റം സ്ത്രീ വിരുദ്ധമായ 'മുത്ത്വലാഖ്' എന്ന ഏര്‍പ്പാടാണ്. ഇസ്‌ലാം സ്ത്രീക്ക് നല്‍കിയ വിവാഹമോചനാധികാരവും ഇവിടെ പൊതുവെ നടപ്പിലാകുന്നില്ല. വിവാഹ മോചിതക്ക് ഇസ്‌ലാം നല്‍കിയ 'ജീവനാംശ' അവകാശം നേടിയെടുക്കാന്‍ സുപ്രീം കോടതി ഇടപെടേണ്ടിവന്നു. ഇതിലെല്ലാം സ്ത്രീ വിരുദ്ധവും മതവിരുദ്ധവുമായ നിലപാടെടുക്കുന്ന മതപുരോഹിതര്‍, വിവാദ തീരുമാനത്തിലും പുലര്‍ത്തിയത് പുരുഷാധിപത്യ നിലപാടു തന്നെയാണ്. സ്ത്രീകളുടെ വിവാഹപ്രായം ചര്‍ച്ചചെയ്യാന്‍ വിളിച്ച യോഗത്തില്‍ കേരളത്തിലെ പ്രമുഖ മുസ്‌ലിം വനിതാസംഘടനകളെയും, വിദ്യാര്‍ത്ഥിനീ സംഘടനകളെയും ക്ഷണിക്കാതിരുന്നത് ഈ സ്ത്രീവിരുദ്ധ നയത്തിന്റെ ഭാഗമായാണ്. വിഷയത്തില്‍ പ്രഥമവും പ്രധാനവുമായി അഭിപ്രായം പറയേണ്ടത് പെണ്‍കുട്ടികളാണ്. 99% മുസ്‌ലിം പെണ്‍കുട്ടികളും 18നുശേഷം മതി വിവാഹം എന്ന നിലപാടുകാരാണ്.അവര്‍ക്കിടയില്‍ ഒരു സര്‍വെ നടത്താന്‍ മതനേതൃത്വം തയാറാകുമോ? വിവാഹപ്രായം കുറക്കണമെന്ന് ഏതെങ്കിലും പെണ്‍കുട്ടി ആവശ്യപ്പെട്ടിട്ടുണ്ടോ?

വിവാഹപ്രായം 18 ല്‍ കുറഞ്ഞില്ല എന്നതാണൊ മുസ്‌ലിം സ്ത്രീകള്‍ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം? 18 ല്‍ കുറച്ചാല്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ക്കും സമുദായത്തിനും ഉണ്ടാകുന്ന നേട്ടങ്ങള്‍ എന്തൊക്കെയാണ്? വിവാഹരംഗത്ത് പെണ്‍കുട്ടികള്‍ നേരിടുന്ന പ്രശ്‌നം 18 വയസല്ല; സ്ത്രീധനം, കല്യാണ ചെലവുകള്‍, തെറ്റായ സൗന്ദര്യ സങ്കല്‍പം തുടങ്ങിയവയാണ്. ഇസ്‌ലാം വിലക്കിയതും സ്ത്രീകളെയും രക്ഷിതാക്കളെയും കണ്ണീര് കുടിപ്പിക്കുന്നതുമായ സ്ത്രീധന പിശാചിനെതിരെ ഇതുപോലൊരു ഐക്യം ഉണ്ടാക്കാനും 'സ്ത്രീധന വിരുദ്ധസമിതി' രൂപീകരിച്ച് പ്രവര്‍ത്തിക്കാനും മതനേതൃത്വം തയാറാകുമോ? മൈസൂര്‍ കല്യാണങ്ങളുടെയും അനാവശ്യ വിവാഹമോചനങ്ങളുടെയും ഇരകളായ നൂറുകണക്കിന് മുസ്‌ലിം സ്ത്രീകള്‍ കേരളത്തിലുണ്ട്. അവര്‍ക്ക് വേണ്ടി ആധി കൊള്ളാത്ത, അവരുടെ പുനരധിവാസത്തിന് വേണ്ടി ഒരു പദ്ധതി പോലും ആവിഷ്‌കരിക്കാത്ത മതസംഘടനകള്‍ വിവാഹപ്രായത്തെ ചൊല്ലി സുപ്രീം കോടതി കയറുന്നത് വിരോധാഭാസമല്ലേ? പെണ്‍കുട്ടികളുടെതെന്നപോലെ മുസ്‌ലിം ആണ്‍കുട്ടികളുടെ ചുരുങ്ങിയ വിവാഹ പ്രായവും നിര്‍ണിതമല്ലല്ലോ! അത് 21 വയസില്‍ നിജപ്പെടുത്തിയത് വ്യക്തിനിയമത്തിന്റെ ലംഘനമല്ലേ? അതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമോ? മദ്യം, പലിശ, കൈക്കൂലി തുടങ്ങി പലതും ഇസ്‌ലാമിക ശരീഅത്തിന് വിരുദ്ധമല്ലേ. അതിനെതിരെ എന്തുകൊണ്ട് എല്ലാ മതസംഘടനകളും പ്രാദേശികതലം മുതല്‍ സംസ്ഥാനലം വരെ 'ഐക്യസമിതി' ഉണ്ടാക്കി പ്രവര്‍ത്തിക്കുന്നില്ല? സാമൂഹിക തിന്മകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച ചര്‍ച്ചയാണല്ലോ, കോഴിക്കോട് ആസ്ഥാനമായി രൂപം കൊണ്ടിരുന്ന 'മുസ്‌ലിം സൗഹൃദ വേദി'യുടെ തകര്‍ച്ചയുടെ കാരണങ്ങളിലൊന്ന്!

നിലവിലുള്ള 'മുസ്‌ലിം വ്യക്തിനിയമ'ത്തിലെ പല വകുപ്പുകളും ഇസ്‌ലാമിക വിരുദ്ധമല്ലേ? അവയില്‍ ഏതൊക്കെയാണ് തിരുത്തപ്പെടേണ്ടത്, ഏതൊക്കെയാണ് സംരക്ഷിക്കപ്പെടേണ്ടത് എന്ന് തീരുമാനിച്ച ശേഷമാണൊ 'വ്യക്തിനിയമ സംരക്ഷണ സമിതി' രൂപീകരിച്ചത്? ചോദ്യങ്ങള്‍ക്ക് ഇനിയും നീളമുണ്ട്. 'പ്രണയ വിവാഹങ്ങള്‍' നടത്തിക്കൊടുക്കാനാണ്, പ്രായം കുറക്കണമെന്ന് 'മത പണ്ഡിതര്‍' ആവശ്യപ്പെടുന്നത്രെ! മുസ്‌ലിം സ്ത്രീകളെ അപമാനിക്കുന്ന ഇത്തരമൊരു സമീപനത്തിനെതിരെ കേരളത്തിലെ വനിതാ സംഘടനകള്‍ പൊതുവായും മുസ്‌ലിം സ്ത്രീ സംഘടനകള്‍ പ്രത്യേകമായും 'സ്ത്രീ അവകാശ സംരക്ഷണ സമിതി' രൂപീകരിച്ച് ഒറ്റക്കെട്ടായി രംഗത്തിറങ്ങുകയാണ് വേണ്ടത്.

Monday 23 September 2013

വിദ്യാഭ്യാസ മുന്നേറ്റത്തിനു തടസ്സമാകുന്ന വിവാഹ സങ്കല്പങ്ങൾ

                   
മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം വിവാദമാക്കിയ പശ്ചാത്തലത്തിൽ ഒരു അന്വേഷണം ,പുതിയ ലക്കം പ്രബോധനം വാരികയിലെ എന്റെ ലേഖനം 

ഹൈസ്‌കൂളില്‍ അധ്യാപകനായിരുന്ന കാലം. പത്താം ക്ലാസ്സില്‍ ഡിസ്റ്റിംഗ്ഷന്‍ മാര്‍ക്കു വാങ്ങി വിജയിച്ച് പ്ലസ് വണ്‍ സയന്‍സ് ഗ്രൂപ്പില്‍ അഡ്മിഷന്‍ ലഭിച്ച എന്റെ ഒരു വിദ്യാര്‍ഥിനി ഒരുനാള്‍ പഴയ അധ്യാപകരെ കാണാന്‍ വന്നു. കുശലാന്വേഷണങ്ങള്‍ക്കിടയില്‍ അവള്‍ പറഞ്ഞു: 'സര്‍, അടുത്ത മാസം 25-ാം തീയതി എന്റെ വിവാഹമാണ്. തീര്‍ച്ചയായും വരണം.' 'എന്തു പറ്റി, ഇത്ര പെട്ടെന്ന് വിവാഹം? പ്ലസ് വണ്‍ ക്ലാസ് തുടങ്ങിയിട്ട് ഏതാനും മാസങ്ങളല്ലേ ആയിട്ടുള്ളൂ?' ഞാന്‍ ചോദിച്ചു. 'എന്തു ചെയ്യാനാണ് സാര്‍, വല്യുപ്പാക്ക് നിര്‍ബന്ധം എത്രയും വേഗം കല്യാണം നടത്തണമെന്ന്. ഞങ്ങളുടെ കുടുംബത്തില്‍ ഏതാണ്ടെല്ലാ പെണ്‍കുട്ടികളുടെയും വിവാഹം ഇതുപോലെ തന്നെയാണ് നടന്നത്.' അവളുടെ മുഖം മ്ലാനമായിരുന്നു. 'എങ്കിലും നിനക്ക് പ്ലസ്ടു പൂര്‍ത്തിയാക്കിയിട്ട് മതിയായിരുന്നു'- എന്റെ വാക്കുകള്‍ യഥാര്‍ഥത്തില്‍ അവളുടെ മോഹമായിരുന്നു. ബുദ്ധിയും സമ്പത്തും സൗന്ദര്യവുമുള്ള ആ പെണ്‍കുട്ടി, പഠനമെന്ന സ്വപ്നം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്ന വേദനയോടെയാണ് അന്ന് പടിയിറങ്ങിപ്പോയത്. പിന്നീടവള്‍ തിരിച്ചുവന്നതായി ഓര്‍ക്കുന്നില്ല.

എന്നാല്‍, വിവാഹത്തിനു വേണ്ടി പഠനം മുടക്കിയ മറ്റൊരു പെണ്‍കുട്ടി നാലു വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചുവന്ന അനുഭവം സഹപ്രവര്‍ത്തകന്‍ പങ്കുവെക്കുകയുണ്ടായി. മിടുക്കിയായ അവളുടെ വിവാഹം നടന്നത് പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍. നാലു വര്‍ഷത്തിനു ശേഷം കുഞ്ഞിനെയുമെടുത്ത് അവള്‍ അതേ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ പടികയറിവന്നു. പ്രിന്‍സിപ്പലിനു മുമ്പില്‍ അവള്‍ ഉന്നയിച്ച ആവശ്യം, അവിടെ പ്ലസ്ടുവിന് തുടര്‍ന്ന് പഠിക്കണം എന്നതായിരുന്നു. അത് സാധ്യമല്ലെന്ന് അദ്ദേഹം വിശദീകരിച്ചപ്പോള്‍ അവളുടെ മുഖം വിവര്‍ണമായി. തുടര്‍ന്ന് പഠിക്കാന്‍ കഴിയാത്തതിലുള്ള നിരാശയോടെയാണ് അവള്‍ തിരിച്ചുനടന്നത്.

വിവാഹത്തിനു വേണ്ടി മാത്രം പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്ന മിടുക്കികളായ അനേകം മുസ്‌ലിം പെണ്‍കുട്ടികളുടെ രണ്ട് പ്രതിനിധികളാണ് ഇവര്‍. ഭാവിയെക്കുറിച്ച് വലിയ പ്രതീക്ഷയുള്ള, പഠിച്ചുയര്‍ന്ന് കുടുംബത്തിനും മുസ്‌ലിം സമുദായത്തിനും രാഷ്ട്രത്തിനും ക്രിയാത്മകമായ സംഭാവനകളര്‍പ്പിക്കാന്‍ കഴിയുന്ന ഒട്ടനവധി കഴിവുറ്റ പെണ്‍കുട്ടികളാണ് വിടരും മുമ്പെ കൊഴിഞ്ഞു വീഴാന്‍ വിധിക്കപ്പെടുന്നതെന്ന് ഇത്തരം അനുഭവങ്ങള്‍ വ്യക്തമാക്കുന്നു. ഹയര്‍ സെക്കന്ററി വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കുന്നതിന് മുമ്പെ വിവാഹിതരായി പോകുന്ന പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ വളര്‍ച്ച മാത്രമല്ല നഷ്ടമായിത്തീരുന്നത്; ഇളം പ്രായത്തിലുള്ള വിവാഹവും പ്രസവവും മറ്റും സൃഷ്ടിക്കുന്ന ശാരീരിക-മാനസിക പ്രശ്‌നങ്ങള്‍ മെച്ചപ്പെട്ട കുടുംബജീവിതം തന്നെയും പലര്‍ക്കും പ്രയാസകരമാക്കിത്തീര്‍ക്കുന്നു. സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങളാകും ഇത്തരമൊരു ദുരവസ്ഥക്ക് കാരണമാകുന്നതെങ്കിലും അത് സൃഷ്ടിക്കുന്ന സാമൂഹിക ദുരന്തം നമ്മെ ആശങ്കപ്പെടുത്തുന്നു.

മുസ്‌ലിം സ്ത്രീയുടെ അഭൂതപൂര്‍വമായ വിദ്യാഭ്യാസ മുന്നേറ്റമാണ് കഴിഞ്ഞ പതിറ്റാണ്ടിന്റെ സവിശേഷതകളിലൊന്ന്. അത് സാധ്യമാക്കുന്ന സാമൂഹിക വളര്‍ച്ചയുടെ ദൃശ്യങ്ങള്‍ ഇന്ന് സാര്‍വത്രികമായി പ്രകടമാകാന്‍ തുടങ്ങിയിരിക്കുന്നു. അത് അഭിമാനകരം തന്നെ. എന്നാല്‍, വിദ്യാഭ്യാസ മുന്നേറ്റം പൂര്‍ത്തിയായി എന്ന് ആശ്വസിച്ചിരിക്കാന്‍ തീരുമാനിച്ചാല്‍, സമീപകാലത്ത് ആരംഭിച്ച വളര്‍ച്ച നിശ്ചലമായിത്തീരും. ദിശാബോധം നല്‍കിയും കഴിവുറ്റ പ്രതിഭകളെ വാര്‍ത്തെടുക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചും ഈ ഉണര്‍വിനെ ത്വരിതപ്പെടുത്താനും ഫലപ്രദമാക്കാനുമാണ് ശ്രമിക്കേണ്ടത്. മാത്രമല്ല, പ്രതീക്ഷിത വളര്‍ച്ചക്ക് തടസ്സമാകുന്ന സാഹചര്യം സമുദായത്തില്‍ രൂപപ്പെടുന്നതിനെക്കുറിച്ച് ജാഗ്രത പാലിക്കുകയും ചെയ്യണം. അതുകൊണ്ടാണ്, അനാരോഗ്യകരമായ വിവാഹ സങ്കല്‍പങ്ങള്‍ വിദ്യാഭ്യാസ മുന്നേറ്റത്തിന് വിഘാതമാകുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാകുന്നത്. കുറച്ചെങ്കിലും അതുണ്ട് എന്ന കാര്യം നിഷേധിക്കാനാവില്ല. ഇളം പ്രായത്തിന് വിവാഹ മാര്‍ക്കറ്റിലുള്ള ഡിമാന്റ് രക്ഷിതാക്കള്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുമ്പോള്‍ അതിനനുസരിച്ച് അവര്‍ കാര്യങ്ങള്‍ നീക്കുന്നു. പക്ഷേ, അത് ശാരീരികവും മാനസികവുമായി ആരോഗ്യമുള്ള വ്യക്തിത്വത്തെയും ഭദ്രതയുള്ള കുടുംബജീവിതത്തെയും മുസ്‌ലിം സമുദായത്തിന്റെ സാംസ്‌കാരിക വളര്‍ച്ചയെയും എത്രത്തോളം പ്രതികൂലമായി ബാധിക്കുമെന്ന് ആലോചിക്കണം.

വിവാഹം ഒരു സാംസ്‌കാരിക പ്രക്രിയയും സാമൂഹിക ദൗത്യവുമാണ്. രണ്ട് ശരീരങ്ങള്‍ തമ്മിലുള്ള കൂടിച്ചേരലിനുപരിയായി രണ്ട് വ്യക്തിത്വങ്ങള്‍ ഒന്നുചേര്‍ന്ന്, മെച്ചപ്പെട്ട ഒരു സംസ്‌കൃതിക്ക് അസ്തിവാരമിടുകയാണ് വിവാഹത്തിലൂടെ. അതുകൊണ്ട് വ്യക്തി, കുടുംബം, സമൂഹം എന്നീ മൂന്ന് തലങ്ങളുടെയും വിജയകരമായ മുന്നേറ്റത്തിന് സഹായകമാവുംവിധം ആരോഗ്യകരമായ വിവാഹബന്ധങ്ങള്‍ രൂപപ്പെടുത്തിയെടുക്കാന്‍ ശ്രദ്ധിക്കണം. ഒരു പുതിയ കുടുംബം പിറക്കുന്നത് വിവാഹത്തിലൂടെയാണ്. നല്ല സമൂഹമുണ്ടാകുന്നത് നല്ല കുടുംബങ്ങള്‍ ചേരുമ്പോഴും. അതുകൊണ്ട് ഏറെ സൂക്ഷ്മതയോടെയാണ് നാം വിവാഹം നടത്തേണ്ടത്. ഇണയുടെ  തെരഞ്ഞെടുപ്പ്, അതിനു നിശ്ചയിക്കുന്ന നിബന്ധനകള്‍, വിവാഹ പ്രായം, വിവാഹത്തിന്റെ മാനദണ്ഡങ്ങള്‍, പരസ്പരമുള്ള പൊരുത്തവും ചേര്‍ച്ചയും, ദീനീബോധം, വിദ്യാഭ്യാസ-സാംസ്‌കാരിക നിലവാരം, ജീവിത വീക്ഷണം തുടങ്ങി  ഒട്ടനവധി ഘടകങ്ങളെ ഗൗരവത്തില്‍ കാണണം. വിവാഹരംഗത്തെ ഏതേതു നടപ്പുരീതികളെയാണ് പൊളിച്ചെഴുതേണ്ടതെന്ന് ചിന്തിക്കണം. വിദ്യാഭ്യാസ മുന്നേറ്റവും ഊഷ്മളമായ കുടുംബജീവിതവും കൈവരിക്കാന്‍ സഹായകമാകുംവിധം വിവാഹസങ്കല്‍പങ്ങളെ പുനഃക്രമീകരിക്കണം.

വിദ്യാഭ്യാസം എല്ലാ മേഖലകളെയും പ്രഭാപൂരിതമാക്കുന്ന പ്രക്രിയയാണ്. അതുകൊണ്ട് വിവാഹം വിദ്യാഭ്യാസ വളര്‍ച്ചക്ക് വിഘാതമാവുകയല്ല, പ്രചോദനമാവുകയാണ് ചെയ്യേണ്ടത്. വിദ്യാഭ്യാസത്തിന്റെ പ്രധാന ഘട്ടങ്ങള്‍ പൂര്‍ത്തീകരിച്ചുകൊണ്ടു വേണം വിവാഹജീവിതത്തിലേക്ക് പ്രവേശിക്കാന്‍. തുടര്‍ വിദ്യാഭ്യാസത്തിന് ഇണകള്‍ പരസ്പരവും അവരുടെ കുടുംബങ്ങളും പ്രോത്സാഹനവും സഹായവും നല്‍കണം. ഇതു പക്ഷേ, വിവേകത്തോടെയും വിവേചനബോധത്തോടെയും നടപ്പാക്കേണ്ട ഒന്നാണ്. ഇക്കാര്യത്തില്‍ മാതൃകാപരമായ നിലപാടെടുക്കുന്ന ഒട്ടേറെ രക്ഷിതാക്കളെയും ദമ്പതികളെയും കാണാം. ബിരുദപഠനവും ട്രെയിനിംഗും മറ്റും പൂര്‍ത്തിയാക്കിയ ശേഷം മതി വിവാഹം എന്ന ഉയര്‍ന്ന നിലപാടെടുക്കുന്ന രക്ഷിതാക്കളുണ്ട്; വിവാഹശേഷവും പഠനം പൂര്‍ത്തിയാക്കാന്‍ സൗകര്യമൊരുക്കുന്ന ഇണകളും.
മറുഭാഗത്ത്, വിവാഹം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് തടസ്സമായിത്തീരുന്ന വിധം തെറ്റായ സമീപനരീതികള്‍ സ്വീകരിക്കുന്നു ചിലര്‍. ഇളം പ്രായത്തിന് വിവാഹ മാര്‍ക്കറ്റിലുള്ള ഡിമാന്റും, വിദ്യാഭ്യാസ വളര്‍ച്ച വിവാഹത്തിന് തടസ്സമാണെന്ന മനോഭാവവും, ആണ്‍കുട്ടികളുടെ വിദ്യാഭ്യാസക്കുറവുമാണ് ഇതിന്റെ കാരണം. അതുകൊണ്ട് പെണ്‍കുട്ടികളുടെ വിവാഹപ്രായത്തെ സംബന്ധിച്ച് തെറ്റായ കാഴ്ചപ്പാടുകള്‍ നിലനില്‍ക്കുകയും അത് പലപ്പോഴും വിവാദമായിത്തീരുകയും ചെയ്യുന്നു. 

ഇളം പ്രായത്തില്‍ പെണ്‍മക്കളെ കെട്ടിച്ചുവിടാന്‍ രക്ഷിതാക്കളില്‍ പലരും ധൃതി കാണിക്കുന്നതിന്റെ മനഃശാസ്ത്രം 'ബാധ്യത തീര്‍ക്കുക, ഭാരം ഒഴിവാക്കുക' എന്നതു കൂടിയാണ്. ഒരുപ്രായം കഴിഞ്ഞാല്‍ പിന്നെ കല്യാണങ്ങള്‍ നടക്കാന്‍ വലിയ പ്രയാസമാണെന്നാണ് പലരും പറയുന്നത്. ഡിഗ്രിക്കും അതിനപ്പുറത്തേക്കും പഠനം നീണ്ടാല്‍ പിന്നെ വിവാഹ മാര്‍ക്കറ്റില്‍ വിലയിടിയും എന്നതാണ് രക്ഷിതാക്കളുടെ ആധി. അതില്‍ ശരിയില്ലെന്ന് പറയാനോ ഏകപക്ഷീയമായി രക്ഷിതാക്കളെ കുറ്റപ്പെടുത്താനോ ആകില്ല. കാരണം, സാമൂഹിക സാഹചര്യങ്ങള്‍ അവരെ അത്തരമൊരു സമ്മര്‍ദത്തില്‍ അകപ്പെടുത്തിയിട്ടുണ്ടെന്നത് തീര്‍ച്ചയാണ്. ആ സമ്മര്‍ദത്തെ തത്ത്വ പ്രസംഗങ്ങള്‍ കൊണ്ട് മറികടക്കാനാകില്ല. മറിച്ച് അത്തരമൊരു സാമൂഹിക സാഹചര്യത്തെ കൃത്യമായി അഭിമുഖീകരിക്കാനും വിവാഹപ്രായം സംബന്ധിച്ച് യുവാക്കളുടെ സങ്കല്‍പങ്ങളില്‍ ആരോഗ്യകരമായ മാറ്റം വരുത്താനും പരിശ്രമിക്കുകയാണ് വേണ്ടത്. ഇളം പ്രായത്തില്‍ വിവാഹിതരാകുന്ന പെണ്‍കുട്ടികള്‍ പൊതുവെ ശാരീരിക സൗന്ദര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നവരാണ്. ബിരുദ-ബിരുദാനന്തര പഠനത്തോടെ 20-22 വയസ്സായാലും അവരുടെ വിവാഹം പ്രയാസമില്ലാതെ നടക്കും. എന്നാല്‍, പ്രായം കൂടിയാല്‍ വിവാഹം നടക്കാന്‍ പ്രയാസമുള്ള പെണ്‍കുട്ടികളുടെ കല്യാണം നേരത്തെ നടക്കുന്നില്ല. അവര്‍ പിന്നെയും കാത്തുകിടക്കുക തന്നെയാണ്.

ബിരുദ-ബിരുദാനന്തര പഠനം പൂര്‍ത്തിയാക്കുമ്പോഴുണ്ടാകുന്ന 'പ്രായക്കൂടുതല്‍' വിവാഹത്തിന് അയോഗ്യതയായി കാണുന്നത് ഉയര്‍ന്ന സാംസ്‌കാരിക ബോധമുള്ള സമൂഹത്തിന് ചേര്‍ന്നതല്ല. വിദ്യാഭ്യാസപരമായ ഔന്നത്യം വിവാഹത്തിനുള്ള യോഗ്യതയായി കാണുകയാണ് വിവേകമതികള്‍ ചെയ്യേണ്ടത്. ഇസ്‌ലാമിക സമൂഹത്തിന്റെ സമ്പന്നമായ വൈജ്ഞാനിക പാരമ്പര്യത്തിന്റെ തേട്ടവും അതാണ്. വിദ്യാഭ്യാസം വഴിയുണ്ടാകുന്ന 'പ്രായക്കൂടുതല്‍', കുടുംബജീവിതത്തിന് ഏറ്റവും ആവശ്യമായ പക്വതയാര്‍ജിക്കാനുള്ള മാര്‍ഗമായി ഉള്‍ക്കൊള്ളുകയാണ് വേണ്ടത്. അങ്ങനെ ചിന്തിക്കുന്ന, ഡിഗ്രിയെങ്കിലും പൂര്‍ത്തിയാക്കാതെ കുട്ടികളെ വിവാഹം ചെയ്താല്‍ ശരിയാകില്ലെന്ന് പറയുന്ന യുവാക്കളെയും കാണാം. പക്ഷേ, 'പഠിച്ച് പ്രായം കൂടിയ' പെണ്‍കുട്ടി വിവാഹം കഴിഞ്ഞുപോകാന്‍ പ്രയാസപ്പെടുന്നുവെന്ന സത്യം അപ്പോഴും ബാക്കി നില്‍ക്കുന്നു. വിദ്യാഭ്യാസം മുടക്കി ഇളം പ്രായത്തില്‍ വിവാഹം ചെയ്തയക്കലല്ല അതിനുള്ള പരിഹാരം. നമ്മുടെ വിവാഹസങ്കല്‍പം വിദ്യാഭ്യാസത്തിന് തടസ്സമാകരുതെന്ന് യുവാക്കളും പെണ്‍കുട്ടികളും രക്ഷിതാക്കളും ഒരുപോലെ തീരുമാനിക്കണം. ഈ വിഷയത്തില്‍ കൂടുതല്‍ ബാധ്യത യുവാക്കള്‍ക്കാണ്. വിവാഹാനന്തരം പഠനം തുടരുകയെന്നത് ഏറെ പ്രയാസമുള്ള കാര്യമാണ്. അതുകൊണ്ട്, വിവാഹം കഴിഞ്ഞാലും പഠിക്കാമല്ലോ എന്ന ചോദ്യം എത്രത്തോളം പ്രായോഗികമാണെന്ന് ചിന്തിക്കണം. അങ്ങനെ പഠനം തുടരുന്നവര്‍ കുറവാണ്. വിവാഹത്തോടെ പഠനം മുടങ്ങിയ മിടുക്കികളുടെ തുടര്‍ പഠനത്തിന് ഭര്‍ത്താക്കന്മാര്‍ അവസരമുണ്ടാക്കണം.

തെറ്റായ ചില സങ്കല്‍പങ്ങളില്‍ നിന്നാണ് ഇത്തരമൊരു പ്രതിസന്ധി രൂപപ്പെടുന്നത്. മാനസികമായ വളര്‍ച്ചയും പക്വതയും ആര്‍ജിച്ച ഇണയെ സ്വീകരിച്ച് മെച്ചപ്പെട്ട കുടുംബജീവിതം നയിക്കുക എന്നതിനേക്കാള്‍ ശാരീരികമായ ആസ്വാദനത്തിന് പ്രാമുഖ്യം നല്‍കുന്ന പുരുഷ സമീപനമാണ് ഇത്തരമൊരു പ്രതിസന്ധിക്ക് പ്രധാന കാരണം. മുസ്‌ലിം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിദ്യാഭ്യാസ നിലവാരത്തില്‍ വന്നിട്ടുള്ള അന്തരമാണ് മറ്റൊന്ന്. ബിരുദതലം മുതല്‍ മുകളിലേക്കുള്ള ഉന്നത വിദ്യാഭ്യാസ രംഗത്ത് മുസ്‌ലിം ആണ്‍കുട്ടികളേക്കാള്‍, ആപേക്ഷികമായി മുസ്‌ലിം പെണ്‍കുട്ടികള്‍ മുന്നിട്ടു നില്‍ക്കുന്നത് ഒരു യാഥാര്‍ഥ്യമാണ്. പ്രഫഷണല്‍ കോഴ്‌സുകള്‍ പരിശോധിച്ചാല്‍ ഇത് വളരെ പ്രകടമാണ്. മുസ്‌ലിം പെണ്‍കുട്ടികളുടെ ഈ മുന്നേറ്റം അഭിമാനകരമാകുമ്പോള്‍ തന്നെ, ഹയര്‍ സെക്കന്ററി പൂര്‍ത്തീകരിച്ച് പല വഴിക്ക് ചിതറി പോകുന്ന ആണ്‍കുട്ടികളുടെ അവസ്ഥ ആശങ്കാജനകവുമാണ്. വൈവാഹിക രംഗത്ത് ഇത് വലിയൊരു പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഉയര്‍ന്ന വിദ്യാഭ്യാസമുള്ള പെണ്‍കുട്ടിക്ക്, തത്തുല്യമായ വിദ്യാഭ്യാസ നിലവാരമുള്ള ഭര്‍ത്താവിനെ കിട്ടാന്‍ പ്രയാസപ്പെടുന്ന സാഹചര്യമുണ്ട്. തന്നെക്കാള്‍ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ള ഭര്‍ത്താവിനോടൊപ്പമുള്ള ജീവിതത്തില്‍ ചിലപ്പോള്‍ അക്കാരണം കൊണ്ട് താളപ്പിഴകള്‍ സംഭവിക്കുന്നു. ഈഗോയും കോംപ്ലക്‌സുകളും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഇതേ കാരണം കൊണ്ട് കല്യാണം കഴിക്കുന്ന കുറഞ്ഞ യോഗ്യതയുള്ള ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസത്തിന് വിലക്കേര്‍പ്പെടുത്തുന്ന സാഹചര്യവും അനുഭവത്തിലുണ്ട്.

തീരെ ചെറിയ മനസ്സും ഇടുങ്ങിയ കാഴ്ചപ്പാടുമാണ് ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ രണ്ടു പേരെയും പ്രേരിപ്പിക്കുന്നത്. ഉയര്‍ന്ന നിലപാടെടുക്കുകയും പരസ്പരം ഉള്‍ക്കൊള്ളുകയും ചെയ്താല്‍ ഈ പ്രതിസന്ധി കുറെയൊക്കെ മറികടക്കാം. ഭര്‍ത്താവിന്റെ വിദ്യാഭ്യാസ യോഗ്യതക്കുറവിനെക്കാള്‍ അദ്ദേഹത്തിന്റെ വ്യക്തിത്വം, സ്വഭാവം, സ്‌നേഹം തുടങ്ങിയവക്ക് പ്രാമുഖ്യം നല്‍കുക. വിദ്യാഭ്യാസ യോഗ്യത കുറവാണെങ്കിലും ഉയര്‍ന്ന വ്യക്തിത്വം രൂപപ്പെടുത്താന്‍ ഭര്‍ത്താവും പരിശ്രമിക്കുക. മാത്രമല്ല, തന്നെക്കാള്‍ വിദ്യാഭ്യാസ യോഗ്യത ഭാര്യക്ക് ഉണ്ട് എന്നത് അഭിമാനകരമായ നന്മയായി കാണാനും അവളെ ആദരിക്കാനും മനസ്സ് വെച്ചാല്‍ അതിന്റെ ഫലം വളരെ വലുതായിരിക്കും. തന്നെക്കാള്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവരായി മക്കള്‍ പഠിച്ച് വളരുന്നതില്‍ ഏതു പിതാവിനും അഭിമാനമാണുണ്ടാകാറുള്ളത്. അതുപക്ഷേ, സ്വന്തം ഭാര്യമാരുടെ കാര്യത്തില്‍ പുലര്‍ത്താന്‍ കഴിയാത്തത് ദാമ്പത്യത്തെക്കുറിച്ച് തെറ്റായ കാഴ്ചപ്പാടുകൊണ്ട് കൂടിയാണ്. മേധാവിത്വ മനസ്സ് സൂക്ഷിക്കുകയും ഈഗോയും കോംപ്ലക്‌സും അതിനെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നതാണ് കാരണം.

വിദ്യാഭ്യാസ നിലവാരത്തിലെ ആണ്‍-പെണ്‍ അന്തരം വിവാഹത്തിന് പ്രയാസമാകുന്നുണ്ടെങ്കില്‍, അതിനുള്ള പരിഹാരം പെണ്‍കുട്ടികളെ കുറഞ്ഞ വിദ്യാഭ്യാസം നല്‍കി ഇളംപ്രായത്തില്‍ കെട്ടിച്ചുവിടലല്ല; ആണ്‍ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ ശ്രമിക്കലാണ്. ഉയര്‍ന്ന വിദ്യാഭ്യാസം നേടിയ ശേഷമേ തങ്ങള്‍ വിവാഹം കഴിക്കൂ എന്ന് ആണ്‍കുട്ടികള്‍ തീരുമാനിച്ചാല്‍ അത് സ്വാഭാവികമായും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ വളര്‍ച്ചയെയും ഗുണകരമായി സ്വാധീനിക്കും. വിവാഹം വിദ്യാഭ്യാസത്തിന് വിഘാതമായാല്‍ മുസ്‌ലിം സമുദായം നീണ്ടകാലത്തെ നിദ്രക്കു ശേഷം സമീപകാലത്ത് നേടിയ ഈ രംഗത്തെ മുന്നേറ്റം നിശ്ചലമാകാനും പിറകോട്ട് പോകാനും ഇടയാക്കും. മുഴുവന്‍ ആണ്‍-പെണ്‍ കുട്ടികള്‍ക്കും ഒരേപോലെ ബാധകമാകുന്നതല്ല ഇത്. 25-30 ശതമാനം കുട്ടികള്‍ വിദ്യാഭ്യാസ രംഗത്ത് മുന്നോട്ടു പോകാന്‍ സാധ്യതയില്ലാത്തവരായിരിക്കാം. വിവാഹത്തിനുള്ള മറ്റു യോഗ്യതകള്‍ പൂര്‍ത്തീകരിക്കുന്നതോടെ അവരെ കല്യാണം കഴിച്ചയക്കുന്നത് തന്നെയാണ് ഉത്തമം. ശേഷിക്കുന്നവരില്‍ ഏതാണ്ട് പകുതി, മികച്ച പഠന നിലവാരമുള്ളവരും ലക്ഷ്യബോധമുള്ളവരുമാണ്. അവരുടെ തുടര്‍ വിദ്യാഭ്യാസത്തില്‍ യാതൊരു വിധ ഉപേക്ഷയും വരുത്താന്‍ പാടില്ലാത്തതാണ്. ശരാശരി നിലവാരം പുലര്‍ത്തുന്ന ശേഷിക്കുന്നവരെയാകട്ടെ, പഠനതാല്‍പര്യം നിലനിര്‍ത്തിയും കൂടുതല്‍ പ്രോത്സാഹനം നല്‍കിയും വിദ്യാഭ്യാസപരമായി വളര്‍ത്തിയെടുക്കേണ്ടത് നമ്മുടെ സാമൂഹികമായ ആവശ്യമാണ്. പിന്നാക്കാവസ്ഥയിലുള്ള ഒരു സമൂഹത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ് നമ്മുടെ പ്രധാന അജണ്ടയാണല്ലോ. അതില്‍ സ്ത്രീ വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യം വളരെ വലുതാണെന്ന് പ്രത്യേകം പറയേണ്ടതില്ല. ഇത്തരമൊരു സാമൂഹിക ബോധത്തോടുകൂടിയാകണം പെണ്‍കുട്ടികളുടെ വിവാഹത്തെയും വിദ്യാഭ്യാസത്തെയും വിവാഹ പ്രായത്തെയും കുറിച്ച കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്താന്‍.

വിവാഹത്തിന്റെ ഏറ്റവും കുറഞ്ഞ പ്രായം എത്രയാകണമെന്നത് ഇസ്‌ലാമില്‍ ഖണ്ഡിതമായി നിര്‍ണയിക്കപ്പെട്ടിട്ടില്ല. എന്നാല്‍, ആരോഗ്യകരമായ ദാമ്പത്യജീവിതത്തിന് അനിവാര്യമായും ഉണ്ടായിരിക്കേണ്ട യോഗ്യതകളെക്കുറിച്ച് ഖുര്‍ആനും ഹദീസും നമ്മെ പഠിപ്പിക്കുന്നുണ്ട്. ഇസ്‌ലാമിക മൂല്യങ്ങളും ഭൂമിയിലെ മനുഷ്യജീവിതത്തില്‍ അത് പൂര്‍ത്തീകരിക്കാനാഗ്രഹിക്കുന്ന ലക്ഷ്യങ്ങളും മുന്‍ നിര്‍ത്തി വേണം ഓരോ കാലത്തും ദേശത്തുമുള്ള ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിവാഹപ്രായം തീരുമാനിക്കാന്‍. ഇസ്‌ലാമിക വീക്ഷണപ്രകാരം വിവാഹ പ്രായം ഒരു കര്‍മശാസ്ത്ര പ്രശ്‌നമല്ല, സാമൂഹിക ശാസ്ത്ര വിഷയമാണ്. കുടുംബത്തിലും സമൂഹത്തിലും ഓരോ വ്യക്തിയുടെയും ദൗത്യമെന്താണെന്ന് ഇസ്‌ലാം വിശദീകരിച്ചിട്ടുണ്ട്. ആ ദൗത്യം പൂര്‍ത്തിയാക്കാന്‍ വേണ്ട പ്രായവും യോഗ്യതയുമാണ് വിവാഹത്തിന് മാനദണ്ഡമാക്കേണ്ടത്. ഓരോ ദേശത്തെയും മുസ്‌ലിം വിഭാഗങ്ങള്‍ അവരവര്‍ ജീവിക്കുന്ന സാമൂഹിക സാഹചര്യങ്ങളെയും പരിഗണിക്കേണ്ടതുണ്ട്. ബഹുസ്വര സമൂഹത്തില്‍ നിലനില്‍ക്കുന്ന ഗുണകരമായ സമീപന രീതികളെ പോലും സാമുദായികമായ വൈകാരികതകളാല്‍ ഉല്ലംഘിക്കാന്‍ ശ്രമിക്കുന്ന അപക്വമായ നിലപാടുകള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമുദായത്തിന് നേട്ടമുണ്ടാക്കില്ല എന്നുറപ്പാണ്. ഇന്ത്യന്‍ നിയമമനുസരിച്ച് ആണ്‍കുട്ടിക്ക് 21-ഉം പെണ്‍കുട്ടിക്ക് 18-ഉം വയസ്സാണ് കുറഞ്ഞ വിവാഹ പ്രായം. അതിന് മുമ്പുള്ള വിവാഹം ശൈശവ വിവാഹമായി കണക്കാക്കപ്പെടുകയും ശിക്ഷാ നടപടികള്‍ ക്ഷണിച്ചുവരുത്തുകയും ചെയ്യും. ഇന്ത്യാ രാജ്യത്തെ പൗരന്മാരെന്ന നിലക്ക് ആ നിയമം അംഗീകരിക്കാന്‍ മറ്റുള്ളവരെ പോലെ മുസ്‌ലിം സമൂഹവും ബാധ്യസ്ഥരാണ്. ഈ നിയമത്തിന്റെ ലംഘനവും  ഇന്ത്യന്‍ വിവക്ഷയനുസരിച്ചുള്ള 'ശൈശവ വിവാഹവും' എല്ലാ മതവിഭാഗങ്ങളിലും നടക്കുന്നുണ്ട്. അതില്‍ മുസ്‌ലിം സമൂഹത്തെ മാത്രം വിമര്‍ശിക്കുന്നതില്‍ അര്‍ഥമില്ല. പക്ഷേ, മുസ്‌ലിം സമൂഹം വിവാഹ-വിവാഹമോചന വിഷയത്തിലും മറ്റു വിഷയങ്ങളിലും ഇതര മത വിഭാഗങ്ങള്‍ക്കു കൂടി മാതൃകയാക്കാവുന്ന ഉയര്‍ന്ന നിലപാടെടുക്കാനാണ് ശ്രദ്ധിക്കേണ്ടത്.

പ്രായവും അതറിയിക്കുന്ന ശരീര വളര്‍ച്ചയും മാത്രമല്ല വിവാഹത്തിന്റെ ഒന്നാമത്തെ മാനദണ്ഡമാകേണ്ടത്. ഋതുമതിയാവുകയെന്നത് ഒരു ശാരീരിക പ്രക്രിയയാണ്. ഭക്ഷണമുള്‍പ്പെടെയുള്ള ഘടകങ്ങള്‍ അതിനെ നിയന്ത്രിക്കുന്നുണ്ട്. ഋതുമതിയായാല്‍ വിവാഹ പ്രായമെത്തിയെന്ന് വാശി പിടിക്കുന്നവര്‍ വിവാഹത്തെ ഒരു ശാരീരിക പ്രക്രിയ മാത്രമായി കാണുകയാണ്. മുസ്‌ലിം പെണ്‍കുട്ടികളുടെ കുറഞ്ഞ വിവാഹ പ്രായത്തെക്കുറിച്ച് വാശിയോടെ സംസാരിക്കുന്നവര്‍ പുരുഷന്മാരാണെന്നതാണ് വിചിത്രമായ വസ്തുത. ഇളം പ്രായത്തില്‍ മുസ്‌ലിം പെണ്‍കുട്ടിക്ക് വിവാഹം കഴിക്കാനുള്ള 'അനുവാദ'ത്തെക്കുറിച്ചും അങ്ങനെ സംഭവിച്ചില്ലെങ്കില്‍ ഉണ്ടാവുന്ന അപകടത്തെക്കുറിച്ചും വാചാലരാകുന്നത് സമുദായത്തിലെ പുരുഷ ലേഖകരും പ്രസംഗകരുമാണ്! എന്തായിരിക്കും ഇതിന്റെ മനഃശാസ്ത്രം?
ഇളം പ്രായത്തിലുള്ള വിവാഹത്തിന് ന്യായം കണ്ടെത്താന്‍ ഹസ്രത്ത് ആഇശയെ ഉദാഹരിക്കുന്നവര്‍, നബിയുടെ ഒന്നാമത്തെ പത്‌നി ഖദീജ, ഭര്‍ത്താവിനെക്കാള്‍ പതിനഞ്ച് വയസ്സ് കൂടുതലുള്ള വിധവയും മാതാവുമായിരുന്നു എന്നത് സൗകര്യപൂര്‍വം വിസ്മരിക്കുന്നു. മാത്രമല്ല, നബിയുടെ ഭാര്യമാരില്‍ പലരും വിധവകളും മുതിര്‍ന്നവരുമായിരുന്നു. ഹസ്രത്ത് ആഇശയാകട്ടെ വൈജ്ഞാനികമായും മറ്റും ആ സമൂഹത്തില്‍ ഏറ്റവും ഉയര്‍ന്ന പദവിയിലായിരുന്നു താനും. അത്തരമൊരു പദവിയിലെത്താന്‍ നമ്മുടെ കുട്ടികളെ പ്രേരിപ്പിക്കുകയും അതിന് സാഹചര്യമൊരുക്കിക്കൊടുക്കുകയുമാണ് വേണ്ടത്.

ശാരീരികമായി പ്രായപൂര്‍ത്തിയായാല്‍ പെണ്‍കുട്ടിക്ക് വിവാഹപ്രായമായി എന്ന് ധരിക്കുന്നവര്‍, പെണ്‍കുട്ടികളെ കെട്ടിച്ചുവിടാന്‍ ധൃതി കാണിക്കുന്നവര്‍, ശാരീരികമായി പ്രായപൂര്‍ത്തിയെത്തിയ മുസ്‌ലിം ആണ്‍കുട്ടികളുടെ കാര്യത്തില്‍ ആ വ്യഗ്രത കാണിക്കുന്നില്ല. വഴിതെറ്റിപ്പോകാനുള്ള സാധ്യത പെണ്‍കുട്ടിയെക്കാള്‍ ആണ്‍കുട്ടിക്കാണല്ലോ കൂടുതല്‍. അവന് പക്വത വേണം, കുടുംബത്തെ നയിക്കാനുള്ള പ്രായമാകണം, പഠനം പൂര്‍ത്തിയാക്കണം, ജോലി വേണം എന്നൊക്കെ നമുക്ക് പറയാനുണ്ടാകും. അതൊക്കെ ശരിയാണ്. എന്നാല്‍, കുടുംബജീവിതം നയിക്കാനുള്ള പക്വതയും യോഗ്യതയും ആണ്‍കുട്ടി മാത്രം പൂര്‍ത്തിയാക്കിയാല്‍ മതിയോ? വീടിന്റെ ഭരണാധികാരി സ്ത്രീയാണെന്നല്ലേ പ്രവാചകന്‍ പഠിപ്പിച്ചിട്ടുള്ളത്. അത്തരമൊരു ഭരണാധികാരിക്ക് ഉണ്ടാകേണ്ട യോഗ്യതകള്‍ കൈവരിക്കാന്‍ അവള്‍ക്ക് അവസരം നല്‍കേണ്ടതല്ലേ.
വിവാഹത്തിന് പെണ്‍കുട്ടിയുടെ അനുവാദം വാങ്ങണമെന്ന ഇസ്‌ലാമിക അധ്യാപനവും ഈ വിഷയത്തില്‍ പ്രസക്തമാണ്. പെണ്‍കുട്ടിയുടെ സമ്മതമില്ലാത്ത വിവാഹം പ്രവാചകന്‍ റദ്ദ് ചെയ്ത സംഭവങ്ങള്‍ ഹദീസ് ഗ്രന്ഥങ്ങളില്‍ രേഖപ്പെട്ടുകിടക്കുന്നുണ്ട്. വിദ്യാഭ്യാസം മുടങ്ങുന്ന നിര്‍ബന്ധിത വിവാഹങ്ങള്‍ക്ക് തടയിടാന്‍ ഈ നിയമം ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. എന്നാല്‍, ഇത് അമിത സ്വാതന്ത്ര്യമായി പെണ്‍കുട്ടികള്‍ ദുരുപയോഗം ചെയ്യുന്ന സാഹചര്യമുണ്ടാകരുത്. പെണ്‍കുട്ടിയുടെ 'അനുവാദം' എന്നതിനോടൊപ്പം, രക്ഷിതാവിന്റെ ഉത്തരവാദിത്വത്തെയും അധികാരത്തെയും സംബന്ധിച്ചും ഇസ്‌ലാം വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇത് ലംഘിക്കപ്പെടുന്ന പ്രവണത ഇപ്പോള്‍ കൂടിവരുന്നതായി അനുഭവപ്പെടുന്നു. പ്രണയ സൗഹൃദങ്ങളുടെ പേരിലുള്ള വാശികള്‍ക്ക് രക്ഷിതാക്കള്‍ വഴങ്ങിക്കൊടുക്കാന്‍ നിര്‍ബന്ധിതരായിത്തീരുകയും ഭദ്രമായ കുടുംബജീവിതത്തിന് ചേരാത്ത വിവാഹബന്ധങ്ങള്‍ ഉണ്ടാവുകയും വൈകാതെ ഉടക്കിപ്പിരിയുകയും ചെയ്യുന്ന കേസുകള്‍ ഈയിടെയായി വര്‍ധിച്ചുവരുന്നുണ്ട്. ഇത്തരം വിവാഹങ്ങളിലും പിന്നീടുള്ള പരാജയങ്ങളിലും രക്ഷിതാക്കള്‍ നിസ്സഹായരായി പോകുന്നു. ദാമ്പത്യജീവിതം ആരംഭിക്കും മുമ്പേ വീണുടയുന്ന വൈവാഹികബന്ധങ്ങള്‍ ഉണ്ടാക്കുന്ന ദൂരവ്യാപകമായ പ്രശ്‌നങ്ങള്‍ നമ്മുടെ അനുഭവങ്ങളിലുണ്ട്. പക്വതയെത്താത്ത പെണ്‍കുട്ടികളാണ് ഇതിന് പലപ്പോഴും കാരണക്കാരാകുന്നതെന്നാണ് അനുഭവം. എന്താണ് നമ്മുടെ പെണ്‍കുട്ടികള്‍ക്ക് സംഭവിക്കുന്നതെന്ന് രക്ഷിതാക്കള്‍ ആധി കൊള്ളുകയാണ്.  ഈ പ്രശ്‌നത്തെ ഏറെ ഗൗരവത്തോടെ സമീപിക്കാനും പ്രായോഗിക പരിഹാരങ്ങള്‍ കാണാനും നാം മനസ്സു വെക്കണം.

വിവാഹം ലളിതവും എളുപ്പവുമാണ് ഇസ്‌ലാമില്‍. വിവാഹമോചനമാകട്ടെ, ഏറെ പ്രയാസമുള്ളതും സങ്കീര്‍ണമായ ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടതും. അല്ലാഹു ഇഷ്ടപ്പെടുന്ന, ദീനിന്റെ പാതി പൂര്‍ത്തീകരിക്കുന്നതാണ് വിവാഹം. പക്ഷേ, അല്ലാഹു വെറുക്കുന്ന, അവന്റെ സിംഹാസനം കുലുങ്ങുന്ന വെറുക്കപ്പെട്ട കാര്യമാണ് വിവാഹമോചനം. എന്നാല്‍ മുസ്‌ലിം സമൂഹത്തില്‍ വിവാഹം ഏറെ ഭാരമുളളതും വിവാഹമോചനം ഏറ്റവും എളുപ്പമുള്ളതുമായി കീഴ്‌മേല്‍ മറിക്കപ്പെട്ടിരിക്കുന്നു. 


Wednesday 31 July 2013

നവോത്ഥാന ധര്‍മങ്ങള്‍ / ടി.കെ അബ്ദുല്ല സാഹിബിന്‍റെ പുസ്തകം

നവോത്ഥാന ധര്‍മങ്ങള്‍ 

ടി.കെ അബ്ദുല്ല സാഹിബ് / സദ്‌റുദ്ദീന്‍ വാഴക്കാട്

വിമര്‍ശകരും പ്രവര്‍ത്തകരും     
 വായിച്ചിരിക്കേണ്ട പുസ്തകം
രേഷ്മ കൊട്ടക്കാട്ട്
 2011 ഡിസംബറില്‍ കൊല്ലത്ത് നടന്ന പ്രബോധനത്തിന്റെ ഗസ്സാലി പതിപ്പ് പ്രകാശനത്തില്‍ പങ്കെടുക്കാന്‍ ജമാഅത്ത് പ്രവര്‍ത്തകര്‍ എന്നെ ക്ഷണിച്ചിരുന്നു. ഇമാം ഗസ്സാലിയുടെ പുസ്തകങ്ങള്‍ വായിച്ചും കേട്ടും അറിയാം. മിശ്കാത്തുല്‍ അന്‍വാര്‍ പൂര്‍ണമായും വായിച്ചിട്ടുണ്ട്,. അതുകൊണ്ട് ഗസ്സാലി സ്‌പെഷ്യല്‍ പതിപ്പ് വാങ്ങണം എന്ന് തീരുമാനിച്ചു. എന്നാല്‍, പ്രകാശന പരിപാടിയില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തില്ല. വെറുതെ ജമാഅത്തെ ഇസ്‌ലാമിയുടെ ഒരു പ്രോഗ്രാമില്‍ ആളെ കൂട്ടാന്‍ വേണ്ടി മാത്രം പങ്കെടുക്കാന്‍ താല്‍പര്യമില്ലായിരുന്നു. ജമാഅത്തുമായുള്ള എന്റെ ബന്ധം അതിന്റെ പ്രസിദ്ധീകരണങ്ങളില്‍ പരിമിതമായിരുന്നു. അതുകൊണ്ട് പ്രസംഗകരെക്കുറിച്ച്, ജമാഅത്ത് പ്രവര്‍ത്തകയായ, എന്റെ സുഹൃത്തിനോട് അന്വേഷിച്ചു. 'ടി.കെയുടെ പ്രസംഗം നല്ലതാണ്. അതെന്തായാലും നിനക്ക് ഇഷ്ടപ്പെടും' അവരുടെ മറുപടി.
ടി.കെ എനിക്ക് സുപരിചിതനായിരുന്നില്ല. അദ്ദേഹവുമായി സദ്‌റുദ്ദീന്‍ വാഴക്കാട് നടത്തിയ അഭിമുഖ പരമ്പര  പ്രബോധനത്തില്‍ കണ്ടിരുന്നു. പക്ഷേ, വായിച്ചിരുന്നില്ല. എന്തായാലും പ്രസംഗം കേള്‍ക്കാന്‍ കൊല്ലത്ത് എത്തി. പുസ്തക പ്രകാശനം കഴിഞ്ഞു. ഇടവേളക്ക് ശേഷം പറഞ്ഞതിലും 20 മിനിറ്റിലേറെ വൈകിയാണ് അദ്ദേഹം എത്തിയത്. വരാന്‍ വൈകിയപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യത്തിനു വേണ്ടി ഞാന്‍ പ്രാര്‍ഥിക്കുന്നുണ്ടായിരുന്നു. 84 വയസ്സുള്ള വന്ദ്യവയോധികന്‍ എങ്ങനെ പ്രസംഗിക്കും എന്നാലോചിച്ചായിരുന്നു എന്റെ പ്രാര്‍ഥന. മറ്റാരുടെയോ സഹായത്തോടെയാണ് അദ്ദേഹം പ്രസംഗ പീഠത്തില്‍ എത്തിയത്. അതില്‍ പിടിച്ചുനില്ക്കാന്‍ കഴിഞ്ഞാല്‍ ദൈവം സഹായിച്ച് പ്രസംഗിക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്ന് അദ്ദേഹം തന്നെ പറഞ്ഞു. തുടക്കം മുതല്‍ പ്രസംഗം ആശയ സമ്പുഷ്ടവും ചിന്തിപ്പിക്കുന്നതുമായിരുന്നു. ഖുര്‍ആന്‍ ദൃഷ്ടാന്തങ്ങള്‍ സമകാലിക സംഭവങ്ങളുമായി ബന്ധിപ്പിച്ച് അദ്ദേഹം നടത്തിയ വിശദീകരണങ്ങള്‍ എണ്‍പത്തിനാലാം വയസ്സിലും ആ മനുഷ്യബുദ്ധി പ്രവര്‍ത്തിക്കുന്ന തലം എത്ര ഉയര്‍ന്നതാണെന്ന് മനസ്സിലാക്കിത്തരുന്നതായിരുന്നു.

പ്രസംഗം കേട്ട ശേഷമാണ്, നേരത്തെ സൂചിപ്പിച്ച പ്രബോധനത്തിലെ പരമ്പര തപ്പിയെടുത്ത് വായിച്ചത്. ശേഷം ഇയ്യിടെ കുറച്ച് ഐ.പി.എച്ച് പുസ്തകങ്ങള്‍ വാങ്ങിയപ്പോള്‍ ടി.കെയുടെ 'നവോത്ഥാന ധര്‍മങ്ങള്‍' അതില്‍ ഉള്‍പ്പെട്ടിരുന്നു. വായിക്കാന്‍ തുടങ്ങിയപ്പോഴാണ് അത് ഏതാനും ലേഖനങ്ങളുടെ സമാഹാരമാണെന്ന് മനസ്സിലായത്. 

1950 മുതല്‍ 2002 വരെയുള്ള കാലത്ത് ടി.കെ അബ്ദുല്ല സാഹിബ് എഴുതിയ ലേഖനങ്ങളാണ് 'നവോത്ഥാന ധര്‍മങ്ങളു'ടെ ഉള്ളടക്കം. ഇസ്‌ലാം, സമുദായം, ഇസ്‌ലാമിക പ്രസ്ഥാനം, ഇസ്‌ലാമിക രാഷ്ട്രീയം എന്നീ നാല് തലക്കെട്ടുകളായിട്ടാണ് തരം തിരിച്ചിട്ടുള്ളത്. അതത് കാലത്തുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ എഴുതിയതാണ് ഈ ലേഖനങ്ങള്‍ എന്നതാണ് ഇതിന്റെ സവിശേഷത. അതുകൊണ്ട് ഓരോ ഘട്ടത്തിലെയും സംഭവങ്ങളോടുള്ള ജമാഅത്തിന്റെ നിലപാട് ഇതില്‍ നിന്ന് വ്യക്തമായി മനസ്സിലാക്കാം. കൂട്ടത്തില്‍ മറ്റു സംഘടനകളുടേതും.
ഇസ്‌ലാമിനെ ചര്‍ച്ച ചെയ്യുമ്പോള്‍, മുഹമ്മദ് നബി സാധിച്ച വിപ്ലവത്തിന്റെ സവിശേഷതകള്‍ അദ്ദേഹം വിശദീകരിക്കുന്നു. അതില്‍ ഒന്നാമത്തേത് അതിന്റെ ഏകമാനവികതയാണ്. മനുഷ്യ സമൂഹത്തെ ഒന്നായിക്കണ്ട് എല്ലാ മനുഷ്യര്‍ക്കും വേണ്ടി സംസാരിച്ച ഒരേയൊരു വിപ്ലവകാരിയായിരുന്നു മുഹമ്മദ് നബി. ദൈവ നിയുക്തരായ മറ്റു പ്രവാചകന്മാരെല്ലാം ഇതേ രീതിയായിരുന്നു സ്വീകരിച്ചിരുന്നതെങ്കിലും അവര്‍ക്കെല്ലാം കാലദേശ പരിമിതികള്‍ ഉണ്ടായിരുന്നു. ഖുര്‍ആന്റെ സംബോധന മനുഷ്യനോടാണ്. മാനവതയുടെ വിമോചകനാണ് പ്രവാചകന്‍. മുഹമ്മദ് നബിക്ക് ശേഷം വിപ്ലവകാരികളെന്ന് ലോകം വാഴ്ത്തുന്നവരെല്ലാം തന്നെ സംബോധന ചെയ്തത് ഏതെങ്കിലും പക്ഷത്തെയോ വര്‍ഗത്തെയോ ദിക്കുകളെയോ വര്‍ണങ്ങളെയോ ആണ്, മനുഷ്യരെയല്ല.

മുഹമ്മദ് നബി സാധിച്ച വിപ്ലവത്തിന്റെ രണ്ടാമത്തെ സവിശേഷത അതിന്റെ സമഗ്രതയും സമ്പൂര്‍ണതയുമാണ്. മൂന്നാമത്തെ സവിശേഷത, ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഒരു മധ്യമാര്‍ഗം തെരഞ്ഞെടുത്തു എന്നതാണ്. നാലാമത്തേത് മനുഷ്യന് തന്റെ സ്ഥാനവും നിലപാടും നിര്‍ണയിച്ചുകൊടുത്തുകൊണ്ട് അവനെ ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധിയാക്കി എന്നതാണ്. വിമോചനത്തിന് തെരഞ്ഞെടുത്ത പാതയുടെ വ്യത്യസ്തതയാണ് അതിന്റെ അഞ്ചാമത്തെ പ്രത്യേകത. ഈ സവിശേഷതകള്‍ക്കെല്ലാം കാരണം ഈ വിപ്ലവത്തിനാധാരമായ ജീവിത ദര്‍ശനം നബിയുടേതായിരുന്നില്ല, അല്ലാഹുവിന്റേതായിരുന്നു എന്നതാണ്.
ടി.കെ കമ്യൂണിസത്തിന്റെ ആഗമനവും പതനവും ചര്‍ച്ച ചെയ്യുമ്പോള്‍, ഇസ്‌ലാമിക വ്യവസ്ഥയെ സംബന്ധിച്ച വസ്തുതകള്‍ നിരത്തി ഇസ്‌ലാമും കമ്യൂണിസവും താരതമ്യം ചെയ്ത് രണ്ടും തമ്മിലുള്ള വൈരുധ്യങ്ങള്‍ വിശദീകരിക്കുന്നു. ഇസ്‌ലാമിക വ്യവസ്ഥയെ മനുഷ്യന് സ്വീകരിക്കാനെന്നപോലെ തിരസ്‌കരിക്കാനും അവകാശമുണ്ട്; സ്വാതന്ത്ര്യമുണ്ട്. ആവര്‍ത്തന സ്വഭാവമുള്ള വ്യവസ്ഥിതിയാണ് ഇസ്‌ലാം. നൂഹ് നബി മുതല്‍ മുഹമ്മദ് നബി വരെയുള്ളവരുടെ വ്യത്യസ്തമായ കാലഘട്ടങ്ങളില്‍ അത് സ്ഥാപിതമായിക്കൊണ്ടിരുന്നു. അബൂബക്‌റും ഉമറും ലോകം വാഴ്ത്തുന്ന ഭരണാധികാരികളായി.
പുതിയ ലോകത്തെ ചര്‍ച്ച ചെയ്യുമ്പോള്‍, ഭീകരതയെയും ഇസ്‌ലാമിനെയും ചേര്‍ത്ത് വായിക്കുന്നതിനെ ചോദ്യം ചെയ്യുന്നു. പുതിയ നൂറ്റാണ്ട് ഒരു പുതിയ ലോക വ്യവസ്ഥിതിയെ തേടുമ്പോള്‍ ക്രിസ്ത്യാനിറ്റി, ഹിന്ദുമതം, മുതലാളിത്തം, കമ്യൂണിസം എന്നിവയുടെ പരിമിതികളെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഇസ്‌ലാമിനെ ദാര്‍ശനികതലത്തിലും പ്രയോഗതലത്തിലും ഒരേയൊരു ബദലായി ടി.കെ അവതരിപ്പിക്കുന്നുണ്ട്. 

മുസ്‌ലിം സമുദായത്തെ ചര്‍ച്ച ചെയ്യുമ്പോള്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ പ്രതിസന്ധിയാണ് മുഖ്യ വിഷയമാകുന്നത്. നബിയുടെ മദീനാ കാലഘട്ടവുമായി ഇന്ത്യന്‍ മുസ്‌ലിംകളുടെ അവസ്ഥയെ താരതമ്യം ചെയ്യുന്നതിലെ വൈരുധ്യങ്ങള്‍ വിശദീകരിക്കുന്നു. ആദര്‍ശ സമൂഹത്തിന്റെ സവിശേഷതകള്‍ വിശദീകരിച്ചുകൊണ്ട് ആദര്‍ശരാഹിത്യം കൊണ്ടുണ്ടാകുന്ന തിരിച്ചടികള്‍, ബാബരി മസ്ജിദിന്റെ പശ്ചാത്തലത്തില്‍ വരച്ചുകാണിക്കുന്നു. മുസാ നബിയുടെ കാലഘട്ടവും മുസ്‌ലിം സമുദായത്തിന്റെ പ്രശ്‌നങ്ങളും ഖുര്‍ആന്‍ ആയത്തുകളെ മുന്‍നിര്‍ത്തി വിശദീകരിക്കുന്നു. 
ഇസ്‌ലാമിക പ്രസ്ഥാനങ്ങളെക്കുറിച്ച് ഗഹനമായി ചര്‍ച്ച ചെയ്യുന്ന ലേഖനങ്ങള്‍ പുസ്‌കതത്തിലുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുടെ രൂപീകരണ സാഹചര്യം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ പശ്ചാത്തലത്തില്‍ വിശദീകരിക്കുന്നുണ്ട്. ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ദൗത്യം പ്രബോധനവും നവോത്ഥാനവുമാണ്. ഇസ്‌ലാമിന്റെ സന്ദേശം എത്തിയിട്ടില്ലാത്തവര്‍ക്ക് അതെത്തിച്ചുകൊടുക്കുക, വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും വേണ്ടിവന്നാല്‍ ജീവന്‍ കൊണ്ടും അതിന് സാക്ഷ്യം വഹിക്കുക എന്നതാണ് പ്രബോധന ദൗത്യം. ജനങ്ങളുടെ കൈകടത്തലുകളാലോ മറ്റു ദര്‍ശനങ്ങളുടെ കൈയേറ്റങ്ങളാലോ കാലാന്തരത്തില്‍ ഇസ്‌ലാമില്‍ കടന്നുകൂടിയ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും കഴുകിക്കളഞ്ഞ് വിട്ടുപോയവ ശരിയായ സ്ഥാനങ്ങളില്‍ പുനഃപ്രതിഷ്ഠിക്കലാണ് നവോത്ഥാന ദൗത്യം. ജമാഅത്തെ ഇസ്‌ലാമി എന്തുകൊണ്ട് നവോത്ഥാന പ്രസ്ഥാനമാകുന്നു എന്ന് അതിന്റെ സവിശേഷതകള്‍ നിരത്തി അദ്ദേഹം സമര്‍ഥിക്കുന്നു. എന്നാല്‍, ചികിത്സ രോഗത്തിനായപ്പോള്‍ ഈ പ്രസ്ഥാനങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടു.
എനിക്ക് വളരെ ആകര്‍ഷകമായിത്തോന്നിയ അധ്യായം 'പ്രസ്ഥാനങ്ങള്‍, പ്രതിസന്ധികള്‍' എന്ന തലക്കെട്ടിലുള്ളതാണ്. ഇതില്‍ പ്രസ്ഥാനവും സ്ഥാപനവും സംഘടനയുമൊക്കെ ശരിയായ അര്‍ഥത്തില്‍ നിര്‍വചിക്കപ്പെടുന്നു. പ്രസ്ഥാനവും സംഘടനയും ഒന്നല്ല, രണ്ടാണ്. പ്രസ്ഥാനം ഒന്നായിരിക്കെ സംഘടന പലതാകാം. പ്രസ്ഥാനം നില്‍ക്കുന്ന പുറന്തോടാണ് സംഘടന. തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണെങ്കിലും പ്രസ്ഥാനത്തില്‍ നില്‍ക്കുന്നവര്‍ നിര്‍ബന്ധമായും ഇത് തിരിച്ചറിയണം. സംബോധന ആദര്‍ശത്തിലേക്കാകണം, സംഘടനയിലേക്കാകരുത്. സത്യത്തോടുള്ള പക്ഷപാതപരമായ പ്രതിബദ്ധതയും സംഘടനാ പക്ഷപാതവും ഒന്നല്ലെന്ന് മനസ്സിലാക്കാന്‍ കഴിയണം പ്രസ്ഥാന പ്രവര്‍ത്തകര്‍ക്ക്. ഇല്ലെങ്കില്‍ സംഘടനകള്‍ക്കിടയിലുള്ള ശത്രുതാ മനോഭാവം മാറില്ല. വളറെ തുറന്ന ഒരെഴുത്താണിത്. ജമാഅത്ത്-മൗദൂദി വിമര്‍ശകര്‍ക്കും ജമാഅത്ത് പ്രവര്‍ത്തകര്‍ക്കും ഒരുപോലെ പഠിക്കാവുന്ന ചിന്തകള്‍ ടി.കെ അവതരിപ്പിക്കുന്നുണ്ട്. ഉദാഹരണത്തിന് അദ്ദേഹം പറയുന്നു: 'യുഗപ്രഭാവനായ മൗദൂദിയെക്കുറിച്ച് എഴുതപ്പെട്ടതില്‍ ഏറിയ പങ്കും ഒന്നുകില്‍ പ്രശംസ അല്ലെങ്കില്‍ അഭിശംസ, പഠനമെന്ന് പറയാവുന്നത് പേരിന് മാത്രം.' വിമര്‍ശകര്‍ അഭിശംസയും പ്രവര്‍ത്തകര്‍ പ്രശംസയുമാണ് വായിക്കുന്നത് എന്നര്‍ഥം. എന്നാല്‍, വിഭജനാനന്തരം പാകിസ്താന്‍ അമീറായ മൗദൂദി ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ കാര്യങ്ങളില്‍ ഒരിക്കല്‍ പോലും ഇടപെട്ടില്ല. നിലപാട് മാത്രമല്ല പേര് പോലും മാറ്റാന്‍ ജമാഅത്തെ ഇസ്‌ലാമിക്ക് സ്വാതന്ത്ര്യമുണ്ടെന്നും ഇസ്‌ലാമിക താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തല്‍ മാത്രമേ നിര്‍ബന്ധമുള്ളൂവെന്നും അദ്ദേഹം പറയുകയുണ്ടായി.
ഇഖാമത്തുദ്ദീനിന്റെ മുന്‍ഗണനാക്രമം തൊട്ട് വ്യവസ്ഥയോടുള്ള പ്രായോഗിക സമീപന രീതിയില്‍ വരെ മൗദൂദിയുടെ ആദ്യകാല നിരീക്ഷണങ്ങളില്‍ നിന്നും സ്വതന്ത്രമായ നിലപാടെടുക്കാന്‍ ജമാഅത്തെ ഇസ്‌ലാമിക്ക് തുടക്കത്തില്‍ തന്നെ കഴിഞ്ഞിട്ടുണ്ട്. മൗദൂദിയോട് യോജിക്കാന്‍ മാത്രമല്ല, പണ്ഡിതോചിതമായി വിയോജിക്കാനും അവര്‍ക്ക് സാധിക്കുമായിരുന്നു. വിമര്‍ശകര്‍ ഇതും മനസ്സിലാക്കണം.

ഇസ്‌ലാമിക വ്യവസ്ഥിതിയില്‍ അടിസ്ഥാന ഘടകം മനുഷ്യനാണ്. ദൈവത്തിന്റെ ഏകത്വവും ഏകമാനവികതയും അംഗീകരിക്കുന്നതോടു കൂടി ഒരു ഏകലോക സങ്കല്‍പം സ്വയംഭൂതമാകുന്നു. ദൈവികേതര ഭരണവ്യവസ്ഥിതിയില്‍ ജനിക്കാനും ജീവിക്കാനും വിധിക്കപ്പെട്ട മുസ്‌ലിം സമൂഹത്തെ സംബന്ധിച്ചേടത്തോളം പ്രായോഗിക പ്രശ്‌നങ്ങള്‍ ഉണ്ട്. യൂസുഫ് നബിയുടെ മാതൃക കാണിച്ചുകൊണ്ട് ഇങ്ങനെയുള്ള സാഹചര്യങ്ങളെ നേരിടാന്‍ പോംവഴികള്‍ നിര്‍ദേശിക്കുന്നു. ഇന്ത്യ പോലെ ഒരു രാജ്യത്ത് ദൈവികേതര ഭരണ വ്യവസ്ഥയുടെ കീഴില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാടുകളും നയമാറ്റങ്ങളും വളരെ വിശദമായി ചര്‍ച്ച ചെയ്യുന്നു. ഒന്ന് രണ്ട് കാര്യങ്ങളിലൊഴികെ എനിക്ക് തൃപ്തികരമായ വിശദീകരണം അതില്‍ ഉണ്ട്.
വളരെ പ്രായോഗികമായ ഒരു സമീപന രീതി ടി.കെ വിശദീകരിക്കുന്നു: ''മാറ്റത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടത് ശൂന്യതയിലോ മറ്റൊരു ലോകത്തോ അല്ല, മാറ്റപ്പെടേണ്ട വ്യവസ്ഥിതിയുടെ കീഴില്‍ നിന്നുകൊണ്ടുതന്നെയാണ്. സാഹചര്യങ്ങളോട് പ്രതികരിച്ചും ലഭ്യമായ വിഭവങ്ങളും സാധ്യതകളും പ്രയോജനപ്പെടുത്തിയും മാത്രമേ ഇവിടെ ആദര്‍ശ പ്രബോധനം സാധ്യമാവുകയുള്ളൂ. കഴിവില്‍ കവിഞ്ഞതിന് അല്ലാഹു ആരെയും നിര്‍ബന്ധിക്കില്ല.''
ആധുനികത തെറ്റും ശരിയും: പാശ്ചാത്യ ജനസമൂഹത്തിന്റെ നല്ല വശങ്ങളെ വിവരിച്ചുകൊണ്ട്, അത് കൈമോശം വന്നതുകൊണ്ട് മുസ്‌ലിംകള്‍ക്കുണ്ടായ അധഃപതനം തുര്‍ക്കിയുടെ ചരിത്രത്തിലൂടെ വ്യക്തമാക്കുന്നു. നമുക്ക് ലഭ്യമായ സ്രോതസ്സുകള്‍ ഉപയോഗിച്ച് വളരാന്‍ ആഹ്വാനം ചെയ്യുന്നു.
മുസ്‌ലിം ഭരണവും ഇസ്‌ലാമിക ഭരണവും തമ്മിലുള്ള അന്തരം ഉദാഹരണങ്ങളിലൂടെ വിശദീകരിക്കുമ്പോള്‍ ഇസ്‌ലാമിക ഭരണത്തെ വിമര്‍ശിക്കുന്നവര്‍ക്കുള്ള ശരിയായ മറുപടിയായി അത് നാം പ്രയോജനപ്പെടുത്തണം.
നവോത്ഥാന ധര്‍മങ്ങള്‍ എന്ന ഈ പുസ്തകം യഥാര്‍ഥത്തില്‍ ജമാഅത്ത് പ്രവര്‍ത്തകര്‍ക്കും ഇസ്‌ലാമിന്റെയും ജമാഅത്തെ ഇസ്‌ലാമിയുടെയും വിമര്‍ശകര്‍ക്കും വളരെ പ്രയോജനപ്രദമാണ്. 

Wednesday 5 June 2013

പെരുമ്പടവത്തിന്റെ കൂടെ/സുനില്‍കുമാര്‍

പെരുമ്പടവത്തിന്റെ കൂടെ

വിവരസാങ്കേതികയുഗത്തിലെ മലയാളികള്‍ മിക്കവരും യഥാര്‍ത്ഥ വായനയും എഴുത്തും മാറ്റിവയ്ക്കാന്‍ നിര്‍ബന്ധിതരാണ്‌. ഇവിടെ, ഈ മരുഭൂമിയുടെ ചൂട്‌ അവരുടെ മറവിക്ക്‌ കൂടുതല്‍ ആഴം നല്‍കുന്നു. വല്ലപ്പോഴും അനുഭവപ്പെടുന്ന ചില അപൂര്‍വ്വ മുഹൂര്‍ത്തങ്ങളോ സംഭവങ്ങളോ സാധാരണജീവിതരീതിയില്‍നിന്നും മാറിനിന്ന്‌ ചിന്തിക്കാന്‍ അവരെ പ്രേരിപ്പിക്കാറുണ്ട്‌. അങ്ങനെ ഒരു അസുലഭമുഹൂര്‍ത്തത്തിനു് ഇക്കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിമൂന്നുമുതല്‍ മാര്‍ച്ച്‌ നാലുവരെ കളമൊരുക്കിയത്‌ ദമ്മാമിലെ പള്ളിക്കൂടം സാംസ്കാരികവേദിയും റിയാദിലെ സാഹിത്യ സഹൃദയവേദിയുമായിരുന്നു. ഇതിനുകാരണമായത്‌ ശ്രീ പെരുമ്പടവം ശ്രീധരന്റെ സൌദി സന്ദര്‍ശനവും.
അല്‍പ്പമെങ്കിലും വായിക്കുന്ന ഒരു മലയാളിക്ക്‌ പെരുമ്പടവം ശ്രീധരനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. എങ്കിലും അനുഭവപ്പെട്ട ചില കാര്യങ്ങള്‍ പറയാതിരിക്കാന്‍ പാടില്ല എന്ന്‌ വിചാരിക്കുന്നു. ഒരു സാത്വികന്‍, സാദാ നാട്ടിന്‍പുറത്തുകാരന്‍ മലയാളി എന്നാണ്‌ ആദ്യത്തെ പരിചയപ്പെടലില്‍നിന്നും ഉണ്ടായ തോന്നല്‍. ഈ ദിവസങ്ങളില്‍ പെരുമ്പടവം ശ്രീധരനുമായി ഒരുമിച്ച്‌ പലസമയങ്ങളും ചെലവിട്ടു. അദ്ദേഹവുമായി ഒരുപാട്‌ ആശയവിനിമയം നടന്നു. അതിനുശേഷവും ആദ്യതോന്നലില്‍ മാറ്റമുണ്ടായില്ല.
പെരുമ്പടവത്തിന്റെ ആദ്യനോവലായ "ആയില്യം" പെരുമ്പടവം ഗ്രാമത്തിലെ ഒരു സര്‍പ്പക്കാവും അവിടെ നടന്ന സര്‍പ്പബലിയും കണ്ടുകൊണ്ട്‌, അതിന്റെ അനുഭവമുള്‍ക്കൊണ്ടുകൊണ്ടാണ്‌ എഴുതിയത്‌. "ജനയുഗം" വാരികയിലാണ്‌ അത്‌ അച്ചടിച്ചു വന്നത്‌. പിന്നീട്‌ കാമ്പിശ്ശേരി കരുണാകരന്‍ നേരിട്ട്‌ കണ്ടപ്പോള്‍ പറഞ്ഞു: "ഒരു വലിയ പ്രായമുള്ള മനുഷ്യനാണ്‌ പെരുമ്പടവം ശ്രീധരന്‍, എന്നുകരുതിയാണ്‌ അത്‌ പ്രസിദ്ധീകരിച്ചത്‌"എന്ന്‌. താനൊരു "ജനയുഗം" പ്രൊഡക്റ്റ്‌ ആണെന്ന്‌ പെരുമ്പടവം ശ്രീധരന്‍ സമ്മതിയ്‌ക്കുന്നു. ജനയുഗത്തെ പുഃനരുജ്ജീവിപ്പിക്കാന്‍ നടന്ന വിഫലങ്ങളായ ശ്രമങ്ങളെപ്പറ്റിയും അദ്ദേഹം ഞങ്ങളോട്‌ സംസാരിച്ചു.
അനുഭവങ്ങളുടെ സ്വാംശീകരണവും തുടര്‍ന്ന്‌ സ്വാഭാവികമായുണ്ടാകുന്ന പരിണാമവുമാണ്‌ തന്റെ നോവലുകളും കഥകളും എന്നദ്ദേഹം പറഞ്ഞു. കവിതയിലാണ്‌ അദ്ദേഹം ആദ്യം കൈവച്ചത്‌. പെട്ടെന്നുതന്നെ ഇത്‌ തന്റെ വഴിയല്ല എന്ന്‌ തിരിച്ചറിഞ്ഞു. തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ രചനകളെപ്പറ്റി പൊതുവായി ശ്രീ പി.ജെ.ജെ. ആന്റണി ഇങ്ങനെ പറയുന്നു.
“മലയാളനോവല്‍ സാഹിത്യശാഖയുടെ വികാസപരിണാമങ്ങള്‍ ചരിത്രപരമായി നോക്കിയാല്‍, ആദ്യം ചന്തുമേനോന്‍ സമൂഹത്തിന്‌ പ്രാധാന്യം കൊടുത്തു. പിന്നീട്‌ വന്ന സി.വി രാമന്‍പിള്ളപോലുള്ളവര്‍ വ്യക്തികള്‍ക്കാണ്‌ പ്രാധാന്യം കൊടുത്തത്‌. ശ്രീ പെരുമ്പടവവും സി.വി. രാമന്‍പിള്ളയുടെ ശാഖയില്‍പ്പെടുന്നു. അദ്ദേഹത്തിന്റെ നോവലുകളില്‍ വ്യക്തികളുടെ ആത്മസംഘര്‍ഷങ്ങള്‍ക്കാണ്‌ മുന്‍തൂക്കം.”
ഒരുകാലംവരെ നമ്മുടെ എഴുത്തുകാര്‍ സാമൂഹ്യപോരാളികളായിരുന്നുവെന്നത്‌ മറ്റെവിടെയും കാണാത്ത ഒരു സവിശേഷതയാണ്‌. പക്ഷെ ആധുനികതയുടെ കാലം വന്നപ്പോള്‍ ഇതില്‍ വ്യക്തമായ ഒരു മാറ്റം വന്നു. സാമൂഹ്യജീവിതവുമായി സാഹിത്യകാരന്റെ ജീവിതത്തിന്‌ ഇഴയടുപ്പം നഷ്ടപ്പെട്ടു. അക്കാലത്താണ്‌ പൈങ്കിളിപ്രസിദ്ധീകരണങ്ങള്‍ മലയാളത്തില്‍ വന്നുതുടങ്ങിയത്‌. മനുഷ്യനെ വീണ്ടും മുഖ്യധാരാസാഹിത്യത്തിലേക്ക്‌ കൊണ്ടുവരാന്‍ സഹായിച്ച ഒരു എഴുത്തുകാരനാണ്‌ പെരുമ്പടവം ശ്രീധരന്‍.
ഇന്‍ഫോര്‍മേഷന്‍ യുഗത്തില്‍ ആഴം എഴുത്തിന് ആഴം നഷ്ടപ്പെടുകയും ഉപരിതല വിസ്തീര്‍ണം കൂടുകയും ചെയ്തു. ജനകീയമായ ധാരാളം എഴുത്തുകാരും കൃതികളും വന്നു. ശകലീകൃതമായ ഒരു ജീവിതമാണ്‌ ഉത്തരാധുനികത കൊണ്ടുവന്നത്‌. ജനകീയ സാഹിത്യവും വരേണ്യ എഴുത്തും തമ്മിലുള്ള അകലം കുറച്ചുകൊണ്ടുവരുന്ന ഒരു സ്വഭാവം ഉത്തരാധുനികത പ്രകടിപ്പിക്കുന്നു. ലളിതമായി വായിക്കാവുന്ന ക്ലാസിക്കുകള്‍ അപ്പോളുണ്ടായി. പെരുമ്പടവം ശ്രീധരന്റെ "അരൂപിയുടെ മൂന്നാംപ്രാവ്‌" ഇത്തരുണത്തില്‍ എടുക്കാവുന്ന ഒരു രചനയാണ്‌.
എ.പി അഹമ്മദിന്റെ നിരീക്ഷണം ഇങ്ങനെയാണ്‌.
“മലയാളനോവല്‍പ്രസ്ഥാനത്തിന്റെ രൂപപരിണാമങ്ങളുടെ ഒപ്പം ചരിത്രപരമായി സഞ്ചരിച്ച്‌ അതിനൊക്കെ ദൃക്‌സാക്ഷിയായിയെങ്കിലും ഈ പരിണാമങ്ങളൊന്നും തന്നെ തെല്ലും അലട്ടാതെ അചഞ്ചലമായി സ്വന്തം നിലപാടുകളില്‍ തന്നെ നിന്ന്‌ ഇക്കാലമത്രയും സാഹിത്യസപര്യ തുടര്‍ന്ന എഴുത്തുകാരനാണ്‌ പെരുമ്പടവം ശ്രീധരന്‍.”
വായനയുടെ പലഘട്ടങ്ങളിലായി പലപ്പോഴായി വലിച്ചെറിയപ്പെട്ട എഴുത്തുകാര്‍ നമുക്കുണ്ട്‌ എങ്കിലും ഒരിക്കലും വലിച്ചെറിയപ്പെടാത്ത ഒരെഴുത്തുകാരനായി പെരുമ്പടവം ഇപ്പോഴും തുടരുന്നു.
ഇന്നത്തെ സാമൂഹിക അപചയത്തെക്കുറിച്ച്‌ ഒരു പക്ഷെ മലയാളത്തില്‍ ആദ്യമായി എഴുതിയത്‌ പെരുമ്പടവമായിരിക്കും. 1971-ല്‍. എം.സുകുമാരന്റെ "ശേഷക്രിയ"ക്ക്മുന്‍പ്‌ "കാല്‍വരിയിലേക്ക്‌വീണ്ടും" എന്ന കഥ ശ്രീധരനെഴുതിയിട്ടുണ്ട്‌. അതിലിന്നത്തെ നമ്മുടെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വളരെ കൃത്യമായി എഴുതിയിട്ടുണ്ട്‌. 'രാഷ്ട്രീയക്കാര്‍ക്ക്‌ വാടകക്ക്‌ കൊടുക്കപ്പെടും' എന്ന ബോര്‍ഡ്‌ എഴുപത്തിയൊന്നില്‍ തന്നെ പെരുമ്പടവം തന്റെ കഥയില്‍ തൂക്കിയിരുന്നു.
ഞങ്ങളൊന്നിച്ച്‌ പ്രണയത്തിന്റെ പ്രതീകമായി ലോകമെങ്ങുംകൊണ്ടാടപ്പെടുന്ന ലൈല മജ്‌നുവിന്റെ കഥ നടന്ന പ്രദേശം കാണാന്‍ പോയി. ഇന്നവിടെ വെറും മണല്‍കൂമ്പാരങ്ങള്‍ മാത്രമേയുള്ളുവെങ്കിലും ആ കുന്നുകള്‍ അനായാസേന കയറുന്ന പെരുമ്പടവത്തിനെ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ മനസ്സിലിപ്പോളും തന്റെ ലൈലയോടുള്ള പ്രണയം ജീവിച്ചിരിപ്പുണ്ടെന്ന്‌ ഞങ്ങള്‍ക്ക്‌ മനസ്സിലായി. ഈ മണല്‍കുന്നുകള്‍ക്കിടയില്‍ ഒരു പെണ്‍കുട്ടിയെ കണ്ടാല്‍ ആരാണ്‌ പ്രേമിക്കാതിരിക്കുക?
photo
സുഖമുള്ള ഒരു തണുത്ത സുപ്രഭാതത്തിലാണ്‌ ഞങ്ങള്‍ ലൈല അല്‍‌ഫലാജിലേക്ക്‌ യാത്രതിരിച്ചത്‌.സമയം ചെല്ലുംതോറും ദിവസച്ചൂട്‌ വര്‍ദ്ധിക്കുന്നതുപോലെ സംസാരവിഷയങ്ങളിലും പലപ്പോഴും ചൂടിന്റെ ഏറ്റക്കുറച്ചിലുകള്‍ അനുഭവപ്പെട്ടു. പി.കണ്ണന്‍കുട്ടി മലയാളത്തിലെ നല്ല പുതുനോവലിസ്റ്റാണെന്ന്‌ പെരുമ്പടവത്തിന്റേതായി 'മലയാളം ന്യൂസ്‌'ല്‍ വന്ന പ്രസ്താവന വായിച്ചുകൊണ്ടാണ്‌ സംസാരവിഷയം ചൂടുപിടിച്ചത്‌. ഉടന്‍ തന്നെ മലയാളം ന്യൂസ്‌ ലേഖകനെ വിളിച്ച്‌ അദ്ദേഹം സംസാരിച്ചു. കാത്തിരുന്ന ഒരു വിഷയചലനമായിരുന്നു അത്‌.
പെരുമ്പടവം ശ്രീധരന്‍ അദ്ദേഹം തന്റെ വായനാനുഭവങ്ങളെപ്പറ്റിയും രചനകളെപ്പറ്റിയുമൊക്കെ ധാരളം വസ്തുതകള്‍ ഞങ്ങളുമായി പങ്കുവച്ചു. പ്രവാസിമലയാളികളുടെ ദുരിതങ്ങള്‍ പതിവുപോലെ ഒരു വിദ്വാന്‍ വിളമ്പാന്‍ തുടങ്ങിയപ്പോള്‍, കേരളത്തില്‍ അനുഭവിക്കുന്ന ദുരിതങ്ങളുടെ കഥകള്‍ പറഞ്ഞ്‌ അദ്ദേഹം ആ വിദ്വാന്റെ വായടച്ചു. സ്വകാര്യജീവിതം തന്റെ സ്വന്തം കാര്യമാണെന്നും അത്‌ കൂടുതല്‍ പറയാനും പരസ്യമാക്കുവാനും താന്‍ വിമുഖനാണെന്നും പലപ്പോഴായി അദ്ദേഹം സൂചിപ്പിച്ചെങ്കിലും തനി മലയാളികളായ ഞങ്ങളുണ്ടോ വിട്ടുകൊടുക്കുന്നു?
വിവാഹം, കുടുംബം?
അതൊക്കെ ഒരു കഥയാണ്‌. എന്തുകൊണ്ടങ്ങനെയൊക്കെ ഉണ്ടായി എന്നുചോദിച്ചാല്‍ ഉത്തരമില്ല. അങ്ങനെയൊക്കെ സംഭവിച്ചു എന്നുമാത്രം. ഒരു ഒളിച്ചോട്ടമായിരുന്നു. ഞങ്ങള്‍, ലൈലയും ഞാനും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചു. ബാക്കിയുള്ളവരെപ്പറ്റി ആലോചിച്ചില്ല. എതിര്‍പ്പ്‌ ഉറപ്പായതിനാല്‍ മദിരാശിക്ക്‌ വണ്ടികയറി. പിന്നീട്‌ തൊടുപുഴയിലേക്ക്‌ വന്നു. ലൈല പെരുമ്പടവത്തിനടുത്ത ഗ്രാമത്തിലെ ഒരു മുസ്ലിം പെണ്‍കുട്ടിയാണ്‌. അവളുമായാണ്‌ ഞാന്‍ നാടുവിട്ടത്‌. കല്യാണം ഇന്നുവരെ നടത്തിയിട്ടില്ല. അഞ്ചു പവന്‍ ആരെങ്കിലും തരുമെങ്കില്‍ ഒരു താലി വാങ്ങിക്കെട്ടാമായിരുന്നു എന്ന്‌ ഇപ്പോള്‍ അവള്‍ പറയുന്നുണ്ട്‌. വയസ്സുകാലത്ത്‌ നിനക്ക്‌ സ്വര്‍ണ്ണഭ്രമമാണ്‌ എന്ന്‌ ഞാനും പറയും. ഏതായാലും ജാതിയും മതവുമൊന്നും ഞങ്ങള്‍ അറിഞ്ഞിട്ടില്ല. നാലുമക്കള്‍ക്കും അതറിയില്ല. രണ്ടുപെണ്‍മക്കളെ കൃസ്ത്യന്‍ കുടുംബങ്ങളില്‍ പിറന്നവരാണ്‌ വിവാഹം ചെയ്തിരിക്കുന്നത്‌. അവസാനത്തെ മകള്‍ ലക്ഷ്മി എഴുത്തിനോട്‌ അടുപ്പം കാണിക്കുന്നവളാണ്‌. എല്ലാവരും അത്യാവശ്യം നല്ലനിലയില്‍ പലസ്ഥലത്തുമായി കഴിയുന്നു. ഇതുകൊണ്ട്‌ ഞങ്ങള്‍ക്ക്‌ ഒരു പ്രശ്നങ്ങളും നേരിട്ടിട്ടില്ല. പാസ്പ്പോര്‍ട്ട്‌ എടുക്കാന്‍ ചെറുതായി ബുദ്ധിമുട്ടിയെങ്കിലും നല്ലവരായ സുഹൃത്തുക്കള്‍ സഹായിച്ചു. ഇപ്പോള്‍ പെരുമ്പടവത്തെകാര്യങ്ങള്‍ നോക്കാന്‍ അവളും തിരുവനന്തപുരത്ത്‌ ഞാനും കഴിയുന്നു. പ്രസാധകരുമായുള്ള കണക്കുകളും മറ്റു സ്വത്തുവിവരങ്ങളും എല്ലാം ലൈലയുടെ ചുമതലയിലാണ്‌. ഞാനതിലൊന്നും ഇടപെടാറില്ല.
എല്ലാ പുസ്തകങ്ങളും ആശ്രാമം ഭാസി തന്നെയാണോ പ്രസാധനം?
അതെ, ഇരുപത്തിയഞ്ച്‌ നോവലുകളും കഥകളും എല്ലാം "സങ്കീര്‍ത്തനം" തന്നെ പ്രസിദ്ധീകരിക്കുന്നു. രണ്ടു മൂന്നു പുസ്തകങ്ങള്‍ ഡി.സി രവി ചോദിച്ചു. ഞാന്‍ പറഞ്ഞു, ഭാസിയോട്‌ ചോദിക്കാന്‍. ഭാസിയാണ്‌ അവ ഡി.സിയ്ക്ക്‌ കൊടുത്തത്‌. പ്രസാധകന്‍ എന്ന നിലയില്‍ സുതാര്യവും സത്യസന്ധവുമാണ്‌ ഭാസിയുടെ ഇടപാടുകള്‍. ഒരു പ്രസാധകനുമായുള്ള ബന്ധമല്ല, എനിക്ക്‌ ഭാസിയോട്‌. അതിനപ്പുറം എന്തോ അവാച്യമായ ഒരു ആത്മബന്ധം.
ഇത്രയുമായപ്പോളേക്കും പ്രഭാതഭക്ഷണത്തിനായുള്ള ഉള്‍വിളികള്‍ കേട്ടുതുടങ്ങിയതിനാല്‍ ഒരു അഫ്‌ഗാനിയുടെ കടയില്‍ കയറി, തമീസ്‌ എന്നൊരുതരം റൊട്ടി 'ഫൂല്‍'ഉംകൂട്ടിക്കഴിച്ചു. ഉത്സുകനായ ഒരു സഞ്ചാരിയെപ്പോലെ അദ്ദേഹം ഫൂലിന്റേയും തമീസിന്റെയും രഹസ്യങ്ങള്‍ അഫ്ഗാനികളോട്‌ ചോദിച്ച്‌ മനസ്സിലാക്കി. അഫ്ഗാനികളുടെ കഥകള്‍ പറഞ്ഞ്‌ അവസാനം തിരിച്ച്‌ ഡൊസ്റ്റോയോവ്സ്കിയുടെ ജീവിതത്തിലേക്കെത്തി.
ഡൊസ്റ്റോയോവ്സ്കി എന്ന വ്യക്തിയുടെ ജീവിതം എത്ര സ്വാധീനിച്ചിട്ടുണ്ട്‌?
ഡോസ്റ്റോയോവ്സ്കിയുടെ ജീവിതം എന്നെ സ്വാധീനിക്കുകയല്ല മോഹിപ്പിക്കുകയാണ്‌ ചെയ്തത്‌. ഇങ്ങനെ ഒരു മനുഷ്യനോ എന്ന അത്ഭുതം തന്നെയാണെനിക്കിപ്പോഴും ഉള്ളത്‌. ഭ്രാന്താലയത്തിലെ ഷേക്സ്പിയര്‍ എന്നദ്ദേഹത്തെ പറഞ്ഞത്‌ ലെനിനാണ്‌. അദ്ദേഹത്തിനെക്കുറിച്ചുള്ള ഒരു ചോദ്യത്തിനുമുത്തരം സിമ്പിള്‍ ആയി പറയാന്‍ പറ്റില്ല. അദ്ദേഹത്തിന്റെ സര്‍ഗ്ഗാത്മക ജീവിതം ഏതുതരത്തിലാണ്‌ എന്നുചോദിച്ചാല്‍ അത്‌ ആത്മീയതലത്തിലുള്ളതാണ്‌ എന്നുപറയാന്‍ എന്നെക്കൊണ്ടാവില്ല. ഒരു ദിവസം അദ്ദേഹം ദൈവവിശ്വാസിയാണെങ്കില്‍ അടുത്തദിവസം ദൈവത്തെ മുഴുവന്‍ ചീത്തവിളിക്കുന്ന, ദൈവത്തെ വിചാരണചെയ്യുന്ന ആളാണ്‌. ഒരോനിമിഷങ്ങളിലും മാറിമാറി ജീവിക്കുന്ന മനുഷ്യനായിരുന്നു അദ്ദേഹം. ഇങ്ങനെയുള്ള ഒരാളിനെ എങ്ങനെ നാം മനുഷ്യനെന്നനിലക്കും എഴുത്തുകാരനെന്ന നിലക്കും വിശ്വസിക്കാമെന്ന അടിസ്ഥാനപരമായ ഒരു ചോദ്യമുണ്ട്‌. ഇതിന്റെ ഉത്തരമാണ്‌ അദ്ദേഹത്തിന്റെ കൃതികള്‍ മുഴുവനും. ഒരു ദൈവമുണ്ടെങ്കില്‍, അദ്ദേഹമാണ്‌ പരമമായ കര്‍ത്താവ്‌ എങ്കില്‍ ഈ ജീവിതം എന്തുകൊണ്ടിങ്ങനെയൊക്കെ ആയിത്തീര്‍ന്നു? അടിസ്ഥാനപരമായ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുകയും ധാര്‍മ്മികതയെ മുന്‍പില്‍ നിര്‍ത്തുകയുമാണ്‌ അദ്ദേഹം ചെയ്തത്‌. ഇതാണെന്റെ പരിമിതമായ അറിവ്‌. ഇതുകൊണ്ടൊക്കെയാണ്‌ അദ്ദേഹം എന്നെ മോഹിപ്പിച്ചത്‌.
എഴുത്തുകാരന്റെ മരണസദൃശമായ ജീവിതത്തെക്കുറിച്ചാണ്‌ ഒരു സങ്കീര്‍ത്തനം പോലെയില്‍ ഞാനെഴുതിയത്‌. അല്ലാതെ ഡോസ്റ്റോയോവ്സ്കിയും അന്നയും തമ്മിലുള്ള പ്രണയത്തെക്കുറിച്ചല്ല. അങ്ങനെ കരുതാനുള്ള അവകാശം വായനക്കാര്‍ക്കുണ്ടെങ്കിലും. അതിനൊരു രണ്ടാംഭാഗവും ഉണ്ടാകാന്‍ പോകുന്നില്ല. അത്തരത്തിലൊരു കഥയല്ല അത്‌.
സാമൂഹ്യപ്രതിബദ്ധത: 
ഏതെഴുത്തിലും രാഷ്ട്രീയം വരും. ഒരു സമൂഹത്തില്‍ ജീവിക്കുന്ന ഒരുവന്‌ രാഷ്ട്രീയം ഒഴിവാക്കാന്‍ പറ്റുന്നതല്ല. രാഷ്ട്രീയം എന്നുപറയുമ്പോള്‍ ഞാന്‍ ഉദ്ദേശിക്കുന്നത്‌ നിങ്ങള്‍ കരുതുന്ന രാഷ്ട്രീയപാര്‍ട്ടികളോ കക്ഷിരാഷ്ട്രീയമോ അല്ല. ഒരോരുത്തരും സുചിന്തിതമായി എടുത്ത അഭിപ്രായങ്ങളോട്‌ വിയോജിക്കേണ്ട ആവശ്യമില്ല. അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ കൂടി അതവരുടേത്‌ എനിക്കെന്റേത്‌ എന്ന നിലയില്‍ നില്‍ക്കാം. തിരുത്തലുകള്‍ സ്വാഗതം, പക്ഷെ ഈ തിരുത്തലുകള്‍ സ്വയം ബോദ്ധ്യം വന്നതായിരിക്കണം. നമ്മളെല്ലാവരും കൂടിയിരുന്ന്‌ തീരുമാനിച്ച ഒരു തീരുമാനവും നാളെ സാഹിത്യത്തില്‍ ഉണ്ടാകാന്‍ പോകുന്നില്ല. ഒരു സൌഹൃദത്തില്‍ നമുക്ക്‌ പോകാം. പഠിച്ചുവച്ച ചില ക്ലീഷെഭാഷകളില്‍നിന്ന്‌ ചിലര്‍ക്ക്‌ മാറാന്‍ പറ്റില്ല. വിരോധമില്ല, അതവിടെത്തന്നെ നിന്നോട്ടെ.
എസ്‌.കെ.പൊറ്റക്കാട്‌ സോവിയറ്റുനാടുകളില്‍ പോയി യാത്രാവിവരണം എഴുതി. പക്ഷെ ഡോസ്റ്റോയോവ്സ്കി എന്ന ഒരെഴുത്തുകാരന്‍ അവിടെയെങ്ങും ജീവിച്ചരു‍ന്നതായി ഒരക്ഷരം പോലും എഴുതിയില്ല. ഒരു കാലത്ത്‌ ഡോസ്റ്റോയോവ്സ്കി പാര്‍ട്ടിയ്ക്കഭിമതനായിരുന്നു, പക്ഷെ പൊറ്റെക്കാട്‌ യാത്രാവിവരണം എഴുതുന്ന കാലത്ത്‌ ഡോസ്റ്റോയോവ്സ്കി അനഭിമതനായിരുന്നു! അന്നതെഴുതാന്‍ പൊറ്റെക്കാടിന്‌ സ്വാതന്ത്ര്യമുണ്ടായിരുന്നിട്ടുകൂടി പാര്‍ട്ടികളുടെ സ്വാധീനം കാരണം അദ്ദേഹം എഴുതിയില്ല. ആവിഷ്കാരസ്വാതന്ത്ര്യം നിയന്ത്രിതമായിരുന്നു. ചോദ്യം ചെയ്യലിനെയും വിമര്‍ശനത്തിനേയും സഹിഷ്‌ണുതയോടേ ഉള്‍ക്കൊള്ളാനുള്ള മനോഭാവം എല്ലാവര്‍ക്കും ഉണ്ടായിരിക്കണം. നിര്‍ഭാഗ്യവശാല്‍ അതുണ്ടാകാറില്ല. അപ്പോള്‍ എഴുത്തുകാരന്‍ ഒരു പ്രതിയോ കുറ്റവാളിയോ ആയിത്തീരുന്നു.
പ്രതിബദ്ധത എന്നുപയോഗിക്കുന്നത്‌ തെറ്റാണ്‌, പ്രതിജ്ഞാബദ്ധതയാണ്‌ ശരി. എനിക്ക്‌ പ്രതിജ്ഞാബദ്ധതയുള്ളത്‌ എന്റെ സമൂഹത്തോടാണ്‌. ആ സമൂഹത്തെ നിങ്ങള്‍ നിര്‍വ്വചിക്കുന്ന നിര്‍വ്വചനം കൊണ്ടല്ല ഞാന്‍ കാണുന്നത്‌. അധാര്‍മ്മികതയ്ക്കെതിരെ ഒരു പോരാളിയെപ്പോലെ നില്‍ക്കുക എന്നതാണ്‌ ഒരെഴുത്തുകാരന്റെ ധര്‍മ്മം. അതുതന്നെയാണ്‌ സാഹിത്യത്തില്‍ കൊണ്ടുവരേണ്ടത്‌. മുദ്രാവാക്യം വിളിക്കുന്നതല്ല സാഹിത്യം. നെരൂദ ഒരു കമ്മിറ്റ്മെന്റ്‌ ഉള്ള കവിയാണെന്ന്‌ പറയുമ്പോള്‍ പോലും അദ്ദേഹത്തിന്റെ കവിതകള്‍ വായിക്കുമ്പോള്‍ ഈ കമ്മിറ്റ്മെന്റിനപ്പുറം ഉള്ള മഹാകാര്യങ്ങള്‍ കാണാം. അതുകൊണ്ടാണ്‌ നെരൂദ ഒരു മഹാകവി ആകുന്നത്‌.
photo
വഴിയിലുടനീളം ഉള്ള ചെക്ക്‌ പോയന്റുകള്‍ കണ്ട്‌ അദ്ദേഹം കൌതുകമാര്‍ന്ന്‌ കാരണം ചോദിച്ചപ്പോള്‍, സൌദിമലയാളികളുടെ ജീവിതത്തിലെ ഒരു ഭാഗമാണിതില്ലാം, ഞങ്ങള്‍ കാരണം ചോദിക്കാറില്ല, ഫലങ്ങള്‍ അനുഭവിക്കാറേയുള്ളൂ എന്നു പറഞ്ഞത്‌ മുഴുവന്‍ അദ്ദേഹത്തിന്‌ ദഹിച്ചില്ലെന്ന്‌ തോന്നുന്നു. അദ്ദേഹം തുടര്‍ന്നു.
ആത്മപീഡനത്തിലൂടെയാണ്‌ വ്യക്തിയുടെ വിമോചനം എന്ന്‌ ഞാന്‍ സങ്കീര്‍ത്തനം പോലെ എഴുതുന്നകാലത്ത്‌ വിശ്വസിച്ചിരുന്നു. മനുഷ്യന്‍ എന്ന നിലയില്‍ അവന്റെ അവസാനത്തെ അസ്തിത്വയുദ്ധത്തില്‍ ഹെമിങ്ങ്‌വേയുടെ കിഴവന്‍ സാന്റിയാഗൊ പുറം കടലിലേക്ക്‌ പോകുന്നു. അവസാനം, മത്സ്യത്തെ, മനുഷ്യന്‍ തോല്‍പ്പിച്ച്‌ കടല്‍ക്കരയില്‍ എത്തുമ്പോള്‍ ചൂണ്ടയില്‍ കിടക്കുന്നത്‌ മത്സ്യത്തിന്റെ വെറും അസ്ഥിപഞ്ജരം മാത്രമാണ്‌. മനുഷ്യന്‍ നിലനില്‍ക്കുന്ന സമൂഹത്തിനെതിരായ ശക്തികളോട്‌ പൊരുതുക, അങ്ങനെ പലതരത്തിലുള്ള വിതാനങ്ങളിലാണ്‌ ഇത്‌ കാണുന്നത്‌. ഇതിനകത്ത്‌ പ്രത്യയശാസ്ത്രം വരുന്നില്ല, പ്രതിജ്ഞാബദ്ധതയില്ല. ജീവിതം തന്നെ ആണ്‌ പ്രധാനം. നിങ്ങള്‍ക്കിതിനെ ആത്മീയമായി എടുക്കാം. പക്ഷെ നിങ്ങളുദ്ദേശിക്കുന്ന ആത്മീയതയല്ല ഞാന്‍ മനസ്സിലാക്കിയതും പറയുന്നതുമായ ആത്മീയത. ലോകത്ത്‌ എന്തുമാറ്റങ്ങള്‍ വന്നാലും സാഹിത്യം നിലനില്‍ക്കും എന്നുവിശ്വസിക്കുന്നവനാണ്‌ ഞാന്‍.
നഗരാതിര്‍ത്തി കടന്ന്‌ വളരെ ദൂരം പോയിരുന്നു. മരുഭൂമിയുടെ വേറൊരു മുഖമാണ്‌ ഈ ഭാഗങ്ങളില്‍. ഒരു ചിത്രകാരന്റെ ഭാവനയോടെ കാറ്റ്‌ വരച്ച മണല്‍ ചിത്രങ്ങള്‍ക്കപ്പുറത്ത്‌ പല ഉയരങ്ങളിലുമായി ചുണ്ണാമ്പുകല്ലുകള്‍ അടുക്കിവച്ചപോലെ കുന്നുകളുണ്ടായിരുന്നു. ഇങ്ങനെയുള്ള കുന്നുകളുടേയും താഴ്വാരങ്ങളുടെയും ഇടയിലേക്കാണ്‌ ഞങ്ങള്‍ പോകുന്നത്‌. ഇവിടെ വാഡികള്‍ അഥവാ താഴ്വരകള്‍ ധാരാളമുള്ളതിനാലും മഴയുടെ അനുഗ്രഹം ചെറുതായെങ്കിലും ഉള്ളതിനാലും പച്ചപ്പ്‌ അല്‍പ്പം കൂടുതലാണ്‌. പലതട്ടുകളിലായുള്ള കുന്നുകള്‍ കണ്ടാല്‍ പൂര്‍വ്വാതീതകാലത്ത്‌ ഇവിടമെല്ലാം സമുദ്രാന്തര്‍ഭാഗത്തുനിന്ന്‌ പൊങ്ങിവന്ന്‌ രൂപപരിണാമം സംഭവിച്ചതാകാം എന്ന് ആരും പറഞ്ഞുപോകും. അറേബ്യന്‍മരുഭൂമിയുടെ ചരിത്രവും അതാണ്‌. പിന്നീട്‌ രൂപപരിണാമങ്ങളിലേക്കായി ചര്‍ച്ച.
രൂപപരിണാമങ്ങള്‍ ബാഹ്യമായി മാത്രമല്ല ഉണ്ടാകുന്നത്‌. നോവലിന്റെ ആന്തരികമായിട്ടുമുണ്ടാകുമെന്ന്‌ ബഷീറിനെ വച്ച്‌ നമുക്ക്‌ വാദിക്കാം. അന്നന്നത്തെ അങ്ങാടിനിലവാരം നോക്കി പുസ്തകമെഴുതുന്നവര്‍ക്ക്‌ ബഷീറിനെപ്പോലെ എഴുതാന്‍ പറ്റില്ല. ഹിജഡകളുടെ കാര്യം പറയാനല്ല ബഷീര്‍ 'ശബ്ദങ്ങള്‍' എഴുതിയത്‌. സമയത്തിനുമുന്‍പ്‌ പുറത്തുവന്ന പുസ്തകം എന്ന കുഴപ്പം ശബ്ദങ്ങള്‍ക്കുണ്ടായിട്ടുണ്ട്‌. എന്തുകൊണ്ട്‌ ഹിജഡകള്‍ ലോകത്തുണ്ടാകുന്നു? വ്യക്തിയുടെ ജീവിതത്തിലിരുന്നുകൊണ്ടുതന്നെ സമൂഹത്തിന്റേയുംകാലത്തിന്റെയും മഹാവ്യസനങ്ങളിലേക്ക്‌ കടന്നു പോകുന്നു ശബ്ദങ്ങള്‍. അതാണതിന്റെ രാഷ്ട്രീയം അല്ലാതെ അന്യവത്ക്കരിക്കപ്പെട്ട ആണ്‍വേശ്യകളുടേതല്ല. ഇമ്മാതിരിപദങ്ങള്‍ കേട്ടാല്‍ ഓക്കാനം വരുമെന്നായിട്ടുണ്ട്‌. ആദ്യമായി -ദ്വന്ദ്വവ്യക്തിത്വം - ഡുവല്‍ പേഴ്സണാലിറ്റി- യെ അവതരിപ്പിച്ചത്‌ മലയാളത്തില്‍ ബഷീറായിരുന്നു. കസ്സാന്‍ സാക്കീസ്‌ പറയുന്നതുപോലെ ഞാനെന്റെ സങ്കടങ്ങള്‍ ആരുമായി പങ്കുവെയ്‌ക്കും എന്നുതന്നെയാണ്‌ ബഷീറും ചോദിച്ചത്‌. ഒരെഴുത്തുകാരന്റെ ആത്യന്തികമായ സങ്കടം തന്നെയാണിത്‌. വെര്‍ജീനിയാ വുള്‍ഫ്‌ പറയുന്നു "എന്റെ ദുഃഖം ഏകവചനമല്ല". ലോകത്തിന്റെ മുഴുവന്‍ ദുഃഖവും ചുമന്നുകൊണ്ടുനടക്കുന്ന ഒരു ചെറിയ മനസ്സാണ്‌ തന്റേതെന്ന്‌ വെര്‍ജീനിയാ വുള്‍ഫ്‌ ഏറ്റുപറഞ്ഞിട്ടുണ്ട്‌. 'ലോകാലോകങ്ങളുടെ സൃഷ്ടാവെ എനിക്കിത്‌ താങ്ങാന്‍ കഴിയുന്നില്ല' എന്നു ബഷീര്‍ പറയുന്നത്‌ വായിക്കുമ്പോള്‍ എനിക്കിപ്പോഴും വികാരവിമ്മിഷ്ടം അനുഭവപ്പെടാറുണ്ട്‌. ഇവിടെയൊക്കെ ബഷീര്‍ താന്‍ ജീവിച്ചിരുന്ന രാഷ്ട്രീയ സാമ്പത്തിക ചുറ്റുപാടുകളെ ഒരു ആത്മീയ അനുഭവമാക്കി മാറ്റുകയാണ്‌ ചെയ്തത്‌. ഇതാണ്‌ എഴുത്തുകാരന്റെ കടമ.
ലക്ഷണമൊത്ത നോവല്‍ എന്നുപറഞ്ഞാല്‍ ആ ഒരൊറ്റ ലക്ഷണത്തോടെ നോവലിന്റെ കഥകഴിഞ്ഞു. പിന്നെ വേറൊരു നോവല്‍ ആവശ്യമില്ല. ഒന്നിന്റെ തന്നെ പല വാര്‍പ്പുകള്‍ എന്തിനാണ്‌? മൌലികമായ ഒരു കൃതി അതിന്റെ തന്നെ ഒരു രൂപം ഉണ്ടാക്കുകയും പഴയതിന്റെ രൂപം പൊളിക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങളൊന്നും ഒരു നിയമാവലിയില്‍ ഒതുങ്ങന്നതല്ല. അരുന്ധതിറോയിയുടെ പുസ്തകം ഒരു പൊട്ടപുസ്തകമാണെങ്കിലും ഇംഗ്ലീഷിലെഴുതിയതുകൊണ്ട്‌ ധാരാളം വായനക്കാരെ ഉണ്ടാക്കി. മലയാളത്തിലുള്ള ചില എഴുത്തുകാരെങ്കിലും ഇംഗ്ലീഷിലെഴുതിയാല്‍ ലോകസാഹിത്യത്തിലേക്ക്‌ കടന്നുചെല്ലുമായിരുന്നു.
മലയാളത്തില്‍ രണ്ടുപുസ്തകങ്ങളാണ്‌ കൂടുതല്‍ വിറ്റഴിയുന്നത്‌, സങ്കീര്‍ത്തനം പോലെയും ഖസ്സാക്കിന്റെ ഇതിഹാസവും. രണ്ടിലേയും നായകന്മാര്‍ സമൂഹത്തിന്‌ മാതൃകകളായിരുന്നില്ല. പക്ഷെ രണ്ടുപേരെക്കുറിച്ചെഴുതിയകാര്യങ്ങളും ധാരാളം പേര്‍ വായിച്ചു. ഇങ്ങനെ മാതൃകകളല്ലാത്തവരെക്കുറിച്ചെഴുതാനുള്ള അങ്ങയുടെ ചേതോവികാരം എന്താണ്‌?
മാതൃകകളെ ഉണ്ടാക്കുകയല്ല എഴുത്തുകാരന്റെ ധര്‍മ്മം. അരാജകമായി ജീവിതം നയിക്കുന്നത്‌ ശ്രേഷ്ഠമാണെന്നുപറയാനുമല്ല ഞാന്‍ സങ്കീര്‍ത്തനം പോലെ എഴുതിയത്‌. ഞാന്‍ പറയാനുദ്ദേശിച്ചത്‌ പീഡാനുഭവങ്ങളിലൂടെ സഹനങ്ങളിലൂടെ മനുഷ്യന്‍ വിശുദ്ധിയെ പ്രാപിക്കുന്നു എന്നാണ്‌.
താങ്കള്‍ പറയനുദ്ദേശിച്ചതല്ല വായനക്കാര്‍ വായിച്ചതെങ്കില്‍ വായനക്കാരും കൃതിയും തമ്മില്‍ വല്ല അഭിപ്രായവ്യത്യാസവും ഉണ്ടായതായി തോന്നിയിട്ടുണ്ടോ?
എനിക്കങ്ങനെ തോന്നിയിട്ടില്ല. ഒരോരുത്തരുടെ വായന എന്നേതോന്നിയിട്ടുള്ളൂ. എന്നിരുന്നാലും മലയാളത്തില്‍ എഴുത്തുകൊണ്ട്‌ ജീവിക്കുന്ന ആളാണ്‌ ഞാന്‍.ബെസ്റ്റ്‌ സെല്ലര്‍ ആണെന്നു പറയാം. പുസ്തകം കൂടുതല്‍ ചെലവാകുന്നത്‌ അതിന്റെ മഹത്വം കൊണ്ടാണെന്നൊന്നും ഞാന്‍ തെറ്റിദ്ധരിക്കുന്നില്ല. എങ്കിലും വായിക്കുന്നവരുടെ സ്നേഹം ഞാന്‍ തിരിച്ചറിയുന്നുണ്ട്‌. എന്റെ കൃതികള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍, എന്തിന്‌ ഒരു കൊടുങ്കാറ്റിനെ തന്നെ ഒറ്റക്ക്‌ നേരിടാന്‍ ഞാന്‍ തയ്യാറാണ്‌. എന്റെ കൂടെ എപ്പോഴും എന്റെ നിഴല്‍ മാത്രമേ ഉണ്ടായിട്ടുളൂ. അല്ലെങ്കില്‍ കൊടുങ്കാറ്റില്‍ പറന്നുപൊയ്ക്കോട്ടെ എന്നുവിചാരിക്കും അത്രതന്നെ.
യഥാര്‍ത്ഥവായന ക്രിയേറ്റീവ്‌ ആണ്‌. വാര്‍പ്പുകള്‍ ഉടയ്ക്കുക എന്നത്‌ എഴുത്തുകാരന്റെ മൌലികമായ കടമയാണ്‌.
"ഡിസംബര്‍" എന്ന കഥാസമാഹാരമാണ്‌ അടുത്തതായി വരുന്നത്‌ ഒരു പക്ഷെ ഏറ്റവും കത്തിക്കപ്പെടാന്‍ പോകുന്നത്‌ ഈ പുസ്തകമായിരിക്കും. നമ്മള്‍ ചുമക്കുന്ന ഭാണ്ഡത്തിനകത്ത്‌ നമ്മുടെ പാപങ്ങളും പുണ്യങ്ങളും മാത്രമേ ഉള്ളൂ, എന്ന്‌ അതിലെ ഒരു കഥയില്‍ മണ്ണാങ്കട്ട കരിയിലയോട്‌ ചോദിക്കുന്നു. 'നാരായണം' വെള്ളാപ്പള്ളി നടേശന്‍ രണ്ടായിരം കോപ്പികള്‍ വാങ്ങി. ചിലര്‍ നാരായണം കത്തിച്ചു. എനിക്കതിനുവിരോധമൊന്നുമില്ല. കത്തിച്ച കോപ്പികളുടെ കണക്കുണ്ടായിരുന്നാല്‍ മതി, അവയെല്ലാം പൈസകൊടുത്ത്‌ വാങ്ങിയവ ആയാല്‍ മതി. വെള്ളാപ്പള്ളി എന്റെ വളരെ അടുത്ത ഒരു സുഹൃത്താണ്‌. അദ്ദേഹം നാരായണം അറിഞ്ഞുതന്നെ വാങ്ങിയതാണ്‌. അതുകാരണം ഇപ്പോഴും ഞങ്ങള്‍ തമ്മില്‍ ബന്ധത്തിന്‌ ഒരു പ്രശ്നവുമില്ല. ഒരു ലക്ഷം രൂപവരെ ചിലര്‍ പുതിയ ഒരു പുസ്തകത്തിനായി വാഗ്ദാനം ചെയ്തു. ഇതെനിക്ക്‌ കിട്ടിയ അംഗീകാരമാണ്‌.
ബഷീറിനുശേഷം മലയാളത്തില്‍ എഴുത്തുകൊണ്ട്‌ ജീവിക്കാം എന്നു തീരുമാനിച്ച ഒരേ ഒരു സാഹിത്യകാരന്‍ താങ്കളായിരിക്കും. എന്തായിരുന്നു അത്തരത്തിലൊരു തീരുമാനത്തില്‍ താങ്കളെ എത്തിച്ച ഘടകം? മലയാളത്തില്‍ എഴുത്തുകാരനായിരിക്കുക എന്നത്‌ പ്രത്യേകിച്ച്‌ സാമ്പത്തിക നേട്ടം ഉണ്ടാവാത്ത കാര്യമാണല്ലൊ.. എഴുതിത്തന്നെ ജീവിക്കാന്‍ തുടങ്ങിയത്‌ എന്നുമുതലാണ്‌?
"അഭയം" മുതലാണ്‌. അതിനുമുന്‍പ്‌ കൊച്ചു കൊച്ചു പ്രസിദ്ധീകരണങ്ങളില്‍ ജോലി ചെയ്തു. ഒടുവിലത്തെ ജോലി മലയാളനാടിലായിരുന്നു. ഏഴുമാസം അവിടെ ജോലിചെയ്തു. എസ്‌.കെ നായരോട്‌ കലഹിച്ച്‌ ഇറങ്ങിപ്പോരുമ്പോള്‍ തീരുമാനിച്ചു "ആരുടേയും ശമ്പളമില്ലെങ്കിലും ഞാന്‍ ജീവിക്കും". അന്നുമുതല്‍ എഴുതിത്തന്നെ ജീവിക്കുന്നു. നല്ലവരായ മലയാളിവായനക്കാര്‍ എന്റെ അന്നം മുടക്കിയിട്ടില്ല.
എഴുത്തുകൊണ്ടുമാത്രം ജീവിക്കുക എന്നത്‌ ഏറെക്കുറെ അസാധ്യമാണ്‌ മലയാളത്തില്‍. പിന്നെ എന്റെ ജീവിതം വായനയും എഴുത്തുമാണെന്ന്‌ വളരെക്കാലം മുന്‍പ്‌ തന്നെ എനിക്ക്‌ ബോധ്യപ്പെട്ടിരുന്നു. അതിനകത്തെ സാമ്പത്തിക കാര്യങ്ങളെപ്പറ്റി ഉത്ക്കണ്ഠയോ വേവലാതിയോ ഉണ്ടായിരുന്നില്ല. ഇതല്ലാതെ ഒരു ബീഡിതിരിപ്പുകൂടി എനിക്കറിയില്ല. എഴുത്തെന്റെ ജോലിയല്ല, ധ്യാനമാണ്‌, ഉപാസനയാണ്‌, ജീവിതമാണ്‌. ഒരെഴുത്തുകാരനായി ജീവിക്കുക എന്ന മോഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ സഹൃദയരായ മലയാളികളുടെ സ്നേഹവും വാത്സല്യവുംകൊണ്ട്‌ എളിയതോതില്‍ ഒരു എഴുത്തുകാരന്റെ ജീവിതം ജീവിച്ചുപോകാനുള്ള സാഹചര്യങ്ങളൊക്കെ ഒത്തുകിട്ടി.
നോവലെഴുത്ത്‌ ശാരീരികമായ അദ്ധ്വാനം കൂടിയ പണിയാണ്‌.. ഒപ്പം മാനസിക അദ്ധ്വാനവും. എന്നാല്‍ സാമ്പത്തിക ലാഭം തീരെ ഇല്ലാത്ത പണിയും. ചെറുകഥയെ അപേക്ഷിച്ച്‌ എന്തായിരുന്നു തന്റെ മീഡിയം നോവല്‍ തന്നെയാണെന്ന്‌ ഉറപ്പിക്കാനുള്ള കാരണം?
ബാല്യകാലസഖിയ്‌ക്കുവേണ്ടി എം.പി.പോള്‍സാര്‍ എഴുതിയ പ്രസിദ്ധമായ അവതാരിക "ഇത്‌ ജീവിതത്തില്‍ നിന്നും ചീന്തിയെടുത്ത ഒരേടാണ്‌, ഇതില്‍ ജീവിതത്തിന്റെ രക്തം പുരണ്ടിരിക്കുന്നു" ഇതെന്നെ പ്രചോദിപ്പിച്ച വരികളാണ്‌ നോവലെഴുത്ത്‌ ശാരീരികവും മാനസികവുമായി അദ്ധ്വാനം കൂടിയ പണിതന്നെയാണ്‌. പക്ഷെ അങ്ങനെ അല്ലാതെ ഒരു ജീവിതം സങ്കല്‍പ്പിക്കന്‍ എനിക്ക്‌ സാദ്ധ്യമായിരുന്നില്ല. അതുകൊണ്ടുതന്നെ നോവല്‍ കഥ എന്നിവിടങ്ങളില്‍ എന്റെ മനസ്സിനെ ഉറപ്പിച്ചു നിര്‍ത്തി. ഒരു കഥാകൃത്തെന്ന നിലയില്‍ വലിയ അവകാശവാദങ്ങളൊന്നും ഇല്ല. എന്നാല്‍ നോവലിന്റെ കാര്യത്തില്‍ ഉണ്ടോ എന്ന്‌ ചോദിക്കരുത്‌. കഴിവിനനുസരിച്ച്‌ അതിന്റെ പരമാവധി ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. മോശമെന്നുതോന്നിയാല്‍ നിറുത്തും. മനുഷ്യന്റെ സങ്കടങ്ങളോട്‌ എനിക്ക്‌ എന്തോ പറയാനുണ്ട്‌. എഴുത്ത്‌ എന്താണെന്നു ചോദിച്ചാല്‍ മറ്റുള്ളവരുടെ സ്വപ്നങ്ങളും സങ്കടങ്ങളും നിരാശകളും പങ്കുവെയ്‌ക്കുക എന്നതാണ്‌. അങ്ങനെയാണ്‌ ഞാന്‍ വായനക്കാരുമായി സംവേദിക്കുന്നത്‌. ഒരെഴുത്തുകാരന്റെ ദൌത്യം കഥപറയലാണോ? അല്ല അതിനുമപ്പുറം ഒരു വിതാനം വേണം. കഥയ്‌ക്കുമപ്പുറത്തെ ജീവിതം എഴുത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കണം.
എന്നെ എഴുതാന്‍ പ്രാപ്തനാക്കിയത്‌ എന്റെ ഭാഷതന്നെയാണ്‌. ഞാന്‍ വായനതുടങ്ങിയകാലത്ത്‌ ധാരാളം റഷ്യന്‍ പുസ്തകങ്ങള്‍ തര്‍ജ്ജമചെയ്ത്‌ മലയാളത്തില്‍ കിട്ടുമായിരുന്നു. അവയെല്ലാം ഗ്രാമീണവായനശാലകളിലൂടെ എന്നെപ്പോലുള്ളവര്‍ക്ക്‌ ലഭ്യവുമായിരുന്നു. ബഷീറിനേയും തകഴിയെയും വി.ടി.ഭട്ടതിരിപ്പാടിനേയുമൊക്കെപ്പോലെത്തന്നെ ടോള്‍സ്റ്റോയിയേയും ഡോസ്റ്റൊയോവ്സ്കിയെയും പുഷ്കിനെയും ടര്‍ജനീവിനേയും വായിച്ചാണ്‌ ഞാന്‍ വളര്‍ന്നത്‌. അത്‌ മലയാളഭാഷയുടെ വലിയ ഭാഗ്യമാണ്‌. ഗ്രാമീണവായനശാലകള്‍ നമ്മുടെ ഭാഷയുടെ ഗുണമാണ്‌.
നോവല്‍ ഒരു സാമൂഹ്യരേഖയാണ്‌.പുതുതായി ഒന്നുമെഴുതാനില്ലെങ്കില്‍ നമ്മുടെ ഹൃദയമുദ്ര എഴുത്തില്‍ ഇടുക. ലോകത്തെ കൃസ്തുവിന്റെ രക്തം കൊണ്ട്‌ വെഞ്ചരിക്കുക എന്നുപറയുന്നപോലെ നമ്മുടെ രക്തം കൊണ്ട്‌ എഴുത്തിനെ വെഞ്ചരിക്കുക.സങ്കീര്‍ത്തനം പോലെ എഴുതുന്ന സമയത്ത്‌ ഞാന്‍ ഹൃദയത്തിന്‌ പുറത്തായിരുന്നു. ഭ്രാന്തായിരുന്നു. ഇതുപറഞ്ഞാല്‍ പൊങ്ങച്ചമാകും. അതിനാല്‍ പറയട്ടെ, ഞാന്‍ എന്റെ ഹൃദയം കൊണ്ട്‌ കഴിയുന്നതിന്റെ പരമാവധി ഡോസ്റ്റോയോവ്സ്കിയുടെ ജീവിതം ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചിട്ടുണ്ട്‌.
ലൈലയെക്കാത്ത്‌ മജ്നുവായ (ഭ്രാന്തനായ) അബ്ദുല്‍ഖാദര്‍ ഇരുന്നിരുന്നു എന്നുപറയപ്പെടുന്ന ഗുഹകളുള്ള കുന്നിന്‍ചെരുവുകളിലേക്ക്‌ ഞങ്ങള്‍ എത്താറായിരുന്നു. വഴിചോദിക്കുന്നതിനായി പരിസരവാസികളോട്‌ സംസാരിച്ചു. വഴിമനസ്സിലാക്കിയശേഷം ചോദ്യങ്ങള്‍ പലവഴിക്കുതിരിഞ്ഞു. യമനികളായിരുന്നു ഞങ്ങള്‍ കണ്ടവരില്‍ അധികവും. അബ്ദുല്‍ഖാദറും ഒരു യമനിയായിരുന്നത്രെ. രമണനെപ്പോലെ ആടുമേക്കലായിരുന്നു അബ്ദുള്‍ഖാദറിന്റേയും ജോലി. അത്ഭുതപ്പെടുത്തിയത്‌ ഇവിടെ ചിലരെല്ലാം കുന്നിന്‍ ചെരുവകളിലുള്ള ഗുഹാമുഖങ്ങളില്‍ തന്നെയാണ്‌ ഊണുമുറക്കവും എന്നതായിരുന്നു! ഭക്ഷണം പാകം ചെയ്യുന്നതുപോലും സൂര്യതാപത്തില്‍! നമ്മുടേതുപോലെ വിഭവസമൃദ്ധമായ ഒരു ഭക്ഷണശീലമൊന്നും ഇവര്‍ക്കുള്ളതായി കണ്ടില്ല. താമസവും ഭക്ഷണവുമെല്ലാം പരിതസ്ഥിതികള്‍ക്കനുസരിച്ചാണല്ലൊ. പരിസ്ഥിതികള്‍ മാറുന്നതിനനുസരിച്ച്‌ ജീവിതസമ്പ്രദായത്തിലും മാറ്റം വരും.
ആധുനികതയുടെ കാലത്തിനുമുന്‍പ്‌ എഴുതി തുടങ്ങിയ ആളാണ്‌ താങ്കള്‍, ആധുനികതയുടെ കാലത്തും എഴുതി. ഇപ്പോഴിതാ ഉത്തരാധുനികതയുടെ കാലത്തും എഴുത്തു തുടരുന്നു.. ഇതിനിടയ്ക്ക്‌ എഴുത്തിന്റെ പ്രശ്നങ്ങളും, വായനക്കാരുടെ സംവേദനം പലപ്രാവശ്യം മാറിക്കാണുമല്ലൊ. താങ്കള്‍ ശ്രദ്ധിച്ചിട്ടുള്ള മാറ്റങ്ങള്‍...?
എഴുത്തേ എനിക്കറിയാവൂ.. മാറിമാറി വന്ന സംവേദനശീലങ്ങളില്‍ ഒഴുകിപ്പോകാതെ അതില്‍ ഭ്രമിക്കാതെ എന്റെ മനസ്സിന്റെ മുഴക്കങ്ങള്‍ കേള്‍പ്പിക്കുകയാണ്‌ ഞാന്‍ ചെയ്തത്‌. അതിന്‌ ആധുനികതയുടെയൊ അത്യന്താധുനികതയുടെയൊ ഉത്തരാധുനികതയുടെയൊ ഒരു ഭാഷയും എനിക്കാവശ്യമുണ്ടായിരുന്നില്ല. ഇന്നത്തെ മാറിമാറി വന്നു പോകുന്ന ഫാഷനുകളാണ്‌ ഇവയെല്ലാം എന്ന്‌ ഏതാണ്ടിപ്പോള്‍ എനിക്കുറപ്പായിട്ടുണ്ട്‌. പക്ഷെ ആധുനികതയെയൊന്നും നിഷേധിക്കുന്നില്ല ഞാന്‍. അവര്‍ എഴുത്തിന്റെ മേഖലയില്‍ അവതരിപ്പിച്ച ഒരു ആഖ്യാനസൌന്ദര്യത്തെ ഭാവുകത്വത്തെ ഇഷ്ടപ്പെടുന്നു. ഞാന്‍ സ്വീകരിക്കാതിരുന്നത്‌ ആ സാഹിത്യസിദ്ധാന്തം മുന്നോട്ട്‌ വച്ച ജീവിതദര്‍ശനത്തെയാണ്‌. അവര്‍ക്ക്‌ ജീവിതദര്‍ശനം എന്നുപറയുന്നത്‌ ജീവിത നിഷേധമായിരുന്നു. മരണോപാസനയായിരുന്നു. ജീവിതം നിരര്‍ഥകമാണെന്ന ഒരു സിദ്ധാന്തം അവര്‍ ഉയര്‍ത്തിപ്പിടിച്ചു. അങ്ങനെ എങ്കില്‍ സ്വന്തം ജീവിതം കൊണ്ടതിനെന്തെങ്കിലും അര്‍ഥം കണ്ടെത്തുക എന്നാണെനിക്കു പറയാനുള്ളത്‌. അല്ലെങ്കിലെന്തുകൊണ്ടവര്‍ ആത്മഹത്യചെയ്യുന്നില്ല? ജീവിതം എല്ലാ സൌകര്യങ്ങളോടും കൂടി ആസ്വദിച്ച്‌ ജീവിക്കുന്ന ആളുകളെയാണ്‌ ഞാന്‍ കണ്ടത്‌. അവര്‍ കാപട്യം കാണിച്ചു എന്ന്‌ പറയുന്നില്ലെങ്കിലും എഴുത്തും ജീവിതവും തമ്മില്‍ വലിയൊരു വിടവുണ്ടായിരുന്നു.
ഇന്നത്തെ പല എഴുത്തുകാര്‍ക്കും മാധ്യമങ്ങളുടേതായ ഒരു സൌകര്യമുണ്ട്‌. ഇതില്ലാത്ത എഴുത്തുകാര്‍ ആ അസൌകര്യത്തെ നേരിടാന്‍ ബാധ്യസ്ഥരുമാണ്‌.
ആധുനികതയ്ക്കുണ്ടായിരുന്ന ഒരു സ്വഭാവം അനുഭവത്തിന്റെ സാമാന്യവത്ക്കരണമാണ്‌. യൂറോപ്പിലും അമേരിക്കയിലും ഉണ്ടായ അനുഭവങ്ങള്‍ നമ്മുടേതാക്കി മാറ്റുക എന്നതായിരുന്നു നമ്മുടെ എഴുത്തുകാര്‍ ചെയ്ത ഒരു കാര്യം. ഇതിനു പരക്കെ സ്വീകാര്യത ഉണ്ടായി. ഈ ഒരംശം തന്നെയല്ലെ 'ഒരു സങ്കീര്‍ത്തനം പോലെ'യുടേയും വിജയ രഹസ്യം? കേരളീയതയില്‍ പ്രാദേശികതയിലൂന്നി എപ്പോഴും കഥപറഞ്ഞുതന്നിട്ടുള്ള താങ്കള്‍ ഡോസ്റ്റോയോവ്സ്കിയെ നായകനായി തെരഞ്ഞെടുക്കുമ്പോള്‍ അറിയാതെ ആധുനികതയുടെ അന്തരീക്ഷം സ്വാധീനിക്കുകയായിരുന്നോ?
അനുഭവത്തിന്റെ ഒരു സാമാന്യവത്ക്കരണം ഉണ്ടായിരുന്നു. സമാനമായ ജീവിത അനുഭവങ്ങളെ ഉള്‍ക്കൊള്ളുകയും ചിത്രീകരിക്കുകയും ചെയ്യുമ്പോള്‍ അതിനകത്തൊരു സമാനത ഉണ്ടാക്കുകയെന്നത്‌ എഴുത്തുകാരന്റെ നിയോഗമാണ്‌. ആധുനികരായ എഴുത്തുകാര്‍ വൈദേശികമായ ദര്‍ശനത്തെ സ്വീകരിക്കുകയും ജീവിതത്തില്‍ അതില്‍ നിന്നും മാറിനില്‍ക്കുകയും ചെയ്തു. പക്ഷെ ഒരു സങ്കീര്‍ത്തനം പോലെക്ക്‌ അത്തരമൊരു നിലപാടുമായി ബന്ധമുണ്ടെന്ന്‌ ഞാന്‍ വിചാരിക്കുന്നില്ല. അത്‌ നേരിട്ട്‌ ജീവിതത്തിന്റെ സങ്കടങ്ങള്‍ എഴുത്തിലെ സംഘര്‍ഷങ്ങള്‍ ആവിഷ്കരിക്കുക എന്നതായിരുന്നു. അതിന്‌ ഏറ്റവും ലളിതവുമായ ഒരു ശൈലിയാണ്‌ ഞാന്‍ സ്വീകരിച്ചത്‌. എന്നു പറഞ്ഞാല്‍ ഭാരതീയ പാരമ്പര്യമുള്ള ഒരു കഥപറയല്‍ രീതി സ്വീകരിച്ചു. എന്റെ അനുഭവങ്ങള്‍, മറ്റുള്ളവരുമായി ഈ കഥപറയുന്ന രീതിയില്‍ പങ്കുവച്ചു. ഡോസ്റ്റോയോവ്സ്കിയും അദ്ദേഹത്തിന്റെ ജീവിതവുമായിരുന്നു കഥാവസ്തു.
ആധുനികതയും ഉത്തരാധുനികതയൊക്കെ പഠിക്കാന്‍ ശ്രമിച്ചു. എന്റെ അഭിരുചികള്‍ക്കിണങ്ങിപോകാത്ത ചിന്തകള്‍ പോലും പഠിക്കുക എന്നത്‌ എന്റെ ഒരു ശീലമാണ്‌. അപ്പോള്‍ കൂടുതല്‍ സന്ദേഹങ്ങള്‍ വന്നു. ഇവയൊന്നും സാഹിത്യത്തെക്കുറിച്ചുള്ള ഒരു സങ്കല്‍പ്പമേ അല്ല. മാറിവന്ന ജീവിതസാഹചര്യങ്ങളില്‍ മനുഷ്യന്‍ നേരിടുന്ന ചില പ്രതിസന്ധികളെക്കുറിച്ചുള്ള, അവന്റെ അവസ്ഥകളെക്കുറിച്ചുള്ള ആലോചനയായിരുന്നു. ഇത്‌ സാഹിത്യത്തില്‍ സംഭവിച്ചതല്ല. ഇവിടെ നമ്മുടെ ആളുകള്‍, ഇപ്പോള്‍ കപ്പലിറങ്ങിവരുന്ന എന്തിനെയും സ്വീകരിക്കുക എന്ന സ്വഭാവം കൊണ്ട്‌ നമ്മുടെ സാഹിത്യത്തില്‍ ഇത്‌ വന്നതാണ്‌.പണ്ട്‌ ഒരു കഥയില്‍ നമ്പൂരിശ്ശന്‍ ആധാരക്കെട്ടുകള്‍ മാലയാക്കി കഴുത്തിലിട്ട്‌ കേമത്തം കാണിച്ചപോലെയാണിത്‌. സ്വാഭവികമായി നമ്മുടെ ജീവിതത്തില്‍ ഉരുത്തിരിഞ്ഞുവന്ന സംഗതിയല്ല ഇത്‌.
അഭയത്തില്‍ രാജലക്ഷ്മി, സങ്കീര്‍ത്തനംപോലെയില്‍ ഡൊസ്റ്റോയോവ്സ്കി, നാരായണത്തില്‍ ശ്രീനാരായണഗുരു, കുമാരനാശാനെപ്പറ്റിയും ഒരു നോവല്‍ മനസ്സിലുണ്ടെന്ന്‌ കേള്‍ക്കുന്നു.. എങ്ങനെ യഥാര്‍ത്ഥത്തിലുള്ള വ്യക്തിത്വങ്ങളെ കഥാപാത്രങ്ങളാക്കുമ്പോള്‍ നോവലിസ്റ്റ്‌ എന്ന നിലക്ക്‌ ഒരുപാട്‌ സംഘര്‍ഷങ്ങള്‍ അനുഭവിക്കേണ്ടിവരില്ലേ
നോവലിലെന്തായാലുംകല്‍പ്പിതാംശമുണ്ട്‌..യഥാര്‍ത്ഥസംഭവങ്ങളുടെയും ഭാവനയുടെയും അതിര്‍വരമ്പുകള്‍ എങ്ങനെ നിര്‍ണ്ണയിക്കും? ഗുരുവിനെപ്പറ്റി വീണ്ടുമൊരു നോവല്‍ എഴുതാനുള്ള പ്രേരണ എന്തായിരുന്നു?
എഴുത്ത്‌ മറ്റുള്ള പണിപോലെയുള്ള ഒരു പണിയല്ല എങ്കില്‍, കേവലമായി നിങ്ങള്‍ പറയുന്നപോലെ ദൈവത്തിന്റെ‌ കയ്യൊപ്പുമല്ല. ഭാവനയുടെ അതിര്‍വരമ്പുകള്‍ എങ്ങനെ നിര്‍ണ്ണയിക്കുമെന്നൊക്കെ ചോദിച്ചാല്‍ ഉത്തരം പറയാന്‍ അല്‍പ്പം ബുദ്ധിമുട്ടാണ്‌. എങ്കിലും ഒന്ന്‌ പറയട്ടെ. ഡോസ്റ്റോവ്സ്കിയോ നാരായണഗുരുവോ ചരിത്രപുരുഷന്മാരായിട്ടല്ല എന്റെ രചനകളില്‍ ഞാന്‍ ആവിഷ്ക്കരിച്ചിട്ടുള്ളത്‌. ഞാന്‍ അവരെ വായിച്ചരീതിയില്‍ എന്റേതായ രീതിയില്‍, കഥാപാത്രങ്ങളായി അവരെ ആവിഷ്ക്കരിക്കുകയായിരുന്നു. കെ.സുരേന്ദ്രന്‍ എഴുതിയ ഗുരുവിനെപറ്റിയുള്ള നോവലില്‍നിന്നും വ്യത്യ്സതമായ ഒരു പാഠം ആണ്‌ ഞാന്‍ ഗുരുവിനെപ്പറ്റി വായിച്ചപ്പോള്‍ കിട്ടിയത്‌. അതുകൊണ്ടാണ്‌ ഞാന്‍ എന്റെ രീതിയില്‍ എഴുതിയത്‌.
അഭയത്തിലെ സേതുലക്ഷ്മി, യഥാര്‍ഥത്തില്‍ രാജലക്ഷിമായണോ?
സത്യത്തില്‍ അല്ല. രാജലക്ഷ്മി ആത്മഹത്യ ചെയ്യുന്നതിനുമുന്‍പേ എഴുതിയ പുസ്തകമാണ്‌ അഭയം. 1969 ലാണ്‌ അഭയമെഴുതി പ്രസിദ്ധീകരിച്ചത്‌. 1971 ലാണ്‌ രാജലക്ഷ്മി ആത്മഹത്യ ചെയ്തത്‌. രാജലക്ഷ്മിയുടെ ഒരു വഴിയും കുറെ നിഴലുകളും എന്ന നോവല്‍ ഞാന്‍ നേരത്തെ തന്നെ വായിച്ചിരുന്നു. അല്ലാതെ, അവരെക്കുറിച്ച്‌ യാതൊരു വിവരവും എനിക്കറിയാമായിരുന്നില്ല. എന്നാല്‍ അഭയം ഇറങ്ങിക്കഴിഞ്ഞപ്പോള്‍ പലരും പറഞ്ഞു അത്‌ രാജലക്ഷ്മിയുടെ കഥയാണെന്ന്‌. എല്ലാവരും അങ്ങനെ പറയാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ അതങ്ങ്‌ സമ്മതിച്ചുകൊടുത്തു. പിന്നെ ഞാന്‍ നിഷേധിക്കാന്‍ നിന്നില്ല.
"അരൂപിയുടെ മൂന്നാം പ്രാവ്‌" അല്ലേ മികച്ച രചന?
അങ്ങനെയാണ്‌ എനിക്കും തോന്നിയത്‌. പലരും അത്‌ പറയുകയും ചെയ്തു. പക്ഷെ "ഒരു സങ്കീര്‍ത്തനം പോലെ" വലിയ വിജയമായതോടെ അരൂപിയുടെ മൂന്നാം പ്രാവ്‌ അവഗണിക്കപ്പെട്ടു.
അരൂപിയുടെ മൂന്നാം പ്രാവ്‌, ആഖ്യാനശൈലിയിലും പ്രമേയസ്വീകരണത്തിലുമൊക്കെ വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു. സങ്കീര്‍ത്തനം പോലെ അത്ര ഉയര്‍ന്നു നിന്നതുകൊണ്ടാവണം അതിനുശേഷം വന്ന നോവലുകള്‍ വേണ്ട രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുകയോ വിശകലനം ചെയ്യപ്പെടുകയോ ഉണ്ടായില്ല എന്നു തോന്നുന്നു.
സ്വന്തം കൃതിയുടെ നിഴല്‍ മറ്റു കൃതികളിലേക്ക്‌ വീഴുന്നത്‌ സന്തോഷമുള്ള കാര്യമാണോ? പ്രത്യേകിച്ചും വായനക്കാര്‍ ചര്‍ച്ചചെയ്യണം എന്നു നമ്മള്‍ ആഗ്രഹിക്കുന്ന കാര്യം അവര്‍ ശ്രദ്ധിച്ചിട്ടേയില്ല എന്നു വരുമ്പോള്‍?
അരൂപിയുടെ മൂന്നാംപ്രാവ്‌ അങ്ങനെ ആവണമെന്നു വിചാരിച്ചിട്ടുതന്നെ എഴുതിയതാണ്‌. എഴുത്തിനൊരു ധ്യാനമുണ്ട്‌. ഒരു സങ്കീര്‍ത്തനം പോലെ പ്രശസ്തമായതുകൊണ്ട്‌ മറ്റുനോവലുകള്‍ക്ക്‌ മങ്ങലേറ്റു എന്നു പറയുന്നില്ല. എങ്കിലും ചര്‍ച്ച ചെയ്യപ്പെടുന്നില്ല. എന്നിരുന്നാലും പത്ത്‌ എഡിഷനുകള്‍ ഇറങ്ങിക്കഴിഞ്ഞു. നാരായണം പോലും എട്ടെഡിഷനുകള്‍ ആയി. രണ്ടു തര്‍ജ്ജമകള്‍ വന്നു കഴിഞ്ഞു. ഗുജറാത്തിയിലും ഇംഗ്ലീഷിലും. സങ്കീര്‍ത്തനം പോലെ ഗുജറാത്തിയില്‍ വന്‍ വിജയം ആയതുകൊണ്ടാണ്‌ മറ്റുള്ളവയും ഗുജറാത്തിയിലേക്ക്‌ പരിഭാഷചെയ്യപ്പെട്ടത്‌. കഴിയുന്നതും നല്ലതായി രക്തം വിയര്‍ത്ത്‌ എഴുതുക. പ്രസിദ്ധിയും മറ്റും എഴുത്തിന്റെ വിധിയാണ്‌. എന്റെ ജീവിതംകൊണ്ട്‌ ചെയ്യാവുന്ന ഏറ്റവും നല്ല സല്‍ക്കര്‍മ്മം എഴുത്താണ്‌.
ഒരു സ്വന്തം കൃതിയുടെ നിഴല്‍ മറ്റുള്ളവയിലേക്ക്‌ വീഴുന്നതില്‍ സങ്കടപ്പെടാനൊന്നുമില്ല. പിന്നെ ഒരു കൃതി അതെഴുതപ്പെടുന്ന കാലത്തുതന്നെ വായിക്കണമെന്നു നിര്‍ബന്ധമൊന്നുമില്ല. ചിലപ്പോള്‍ ഈ കൃതിയുടെ കാലം വരുന്നത്‌ പിന്നീടായിരിക്കും. ഇത്‌ അടിസ്ഥനപരമായ കാര്യമാണ്‌. ഉദാഹരണമായി ബഷീറിന്റെ ശബ്ദങ്ങള്‍ തന്നെ എടുക്കാം.
എഴുത്തിന്റെ രീതിയെന്താണ്‌? കഥ തെരഞ്ഞെടുക്കല്‍ കഥാപാത്രങ്ങളെ സ്വരൂപിക്കല്‍, ആഖ്യാനരീതി നിശ്ചയിക്കല്‍.. ഇതെല്ലാം കഴിഞ്ഞ്‌ അത്‌ പകര്‍ത്തല്‍..ഇതിനൊക്കെയുള്ള താങ്കളുടെ വഴി എന്താണ്‌?
ആശയം ആണ്‌ ആദ്യം വരുന്നത്‌. പിന്നീട്‌ കഥാപാത്രങ്ങളും അന്തരീക്ഷവുമൊക്കെ മനസ്സില്‍ വരുന്നു. ബാക്കിയെല്ലാം സ്വാഭവികവളര്‍ച്ചയാണ്‌.
ഒരു എഴുത്തുകാരന്‍ തന്നെത്തന്നെ അനുകരിക്കരുത്‌. അത്‌ ആത്മഹത്യാപരമായിരിക്കും.ഒരേ ഭാഷയില്‍ വീണ്ടുമൊരു നോവല്‍ എഴുതരുത്‌ എന്നെനിക്കുനിര്‍ബന്ധമുണ്ട്‌. പ്രമേയത്തിന്‌ അനുയോജ്യമായ ആഖ്യാനശൈലി വേണം. ഭാഷ വേണം.ഇതൊക്കെ സ്വാഭാവികമായി വരുന്നതാണ്‌. അതിനിടയ്ക്ക്‌ എഴുത്തുകാരന്‍ സ്വകാര്യമായ ആഹ്ലാദങ്ങള്‍ അവിചാരിതമായി അനുഭവിക്കാറുണ്ട്‌. അതാണ്‌ ഷേക്സ്പിയര്‍ പറഞ്ഞത്‌ ഹാംലെറ്റ്‌ എന്റെ കൈവിട്ടുപോയെന്ന്‌.
നാലഞ്ചുകൊല്ലമായി രണ്ടുനോവലുകള്‍ എഴുതിതീര്‍ത്തുവച്ചിരിക്കുന്നു. എന്തോ കുറവുണ്ടെന്ന തോന്നലിനാല്‍ അത്‌ പ്രസിദ്ധീകരിക്കാന്‍ കൊടുത്തിട്ടില്ല. ഒന്നില്‍ -അവനിവാഴ്‌വ്‌ കിനാവുകഷ്ടം- കുമാരനാശാനും മറ്റേതില്‍ -തിരികല്ല്‌ തേടി ഒരു ധാന്യമണി-സി.ജെ തോമസ്‌ ആണ്‌ നായകന്‍. അവസാനം പറഞ്ഞത്‌ ആറേഴുകൊല്ലമായി കഴിഞ്ഞിരിക്കുന്നു. ഇതിന്റെ മൂന്നുരൂപങ്ങള്‍ കയ്യിലുണ്ട്‌. നാലാമതൊരു രൂപം കൂടി എഴുതുകയാണ്‌. ഇവമൂന്നും ഒന്നിച്ച്‌ പ്രസിദ്ധീകരിക്കാന്‍ ആശ്രാമം ഭാസിപറഞ്ഞു. എങ്കിലും ഏതാണ്‌ നല്ലതെന്നുതോന്നിയാല്‍ അതുമാത്രമേ പ്രസിദ്ധീകരിക്കൂ. നാലോ അഞ്ചോ വര്‍ഷം കാത്തുവച്ചാല്‍ പഴയതായിപോവുകയാണെങ്കില്‍ എന്തിന്‌ എഴുതണം? സി.ജെ തോമസ്‌, വി.ടി ഭട്ടതിരിപ്പാട്‌, ബഷീര്‍ തുടങ്ങിയവര്‍ ജീവിച്ചിരുന്ന ഒരു കാലഘട്ടമുണ്ട്‌ നമുക്ക്‌ ‘ഗോള്‍ഡന്‍ ഏജ്‌‘ എന്നുവേണമെങ്കില്‍ പറയാം. ഈ കാലഘട്ടത്തിന്റെ ചരിത്രമാണ്‌ നോവലില്‍ കൊണ്ടുവരാന്‍ ഞാന്‍ ശ്രമിച്ചിരിക്കുന്നത്‌. ഇവരെല്ലാം കഥാപാത്രങ്ങളാണ്‌. ബഷീര്‍ തന്റെ സ്വന്തം പേരുതന്നെ ഉപയോഗിക്കാന്‍ അനുമതി തന്നിട്ടുണ്ട്‌. എങ്കിലും കബീര്‍ എന്ന പേരാണ്‌ നോവലില്‍ ഉപയോഗിച്ചിരിക്കുന്നത്‌. സി.ജെയുടെ പേര്‌ എല്‍ദോ എന്നാണ്‌. എം.ഗോവിന്ദന്‍ ഗോവിന്ദനെന്നപേരില്‍തന്നെയാണ്‌.എം.പി.പോള്‍ രാമനാഥന്‍ എന്നപേരിലാണ്‌. പുരോഗമനാശയങ്ങളുടെ പ്രതീകമായി അദ്ദേഹത്തെ അവതരിപ്പിച്ചിരിക്കുന്നു.പി.കെ.ബാലകൃഷ്ണനെ ബാലകൃഷ്ണന്‍ എന്നുതന്നെയാണ്‌ പേരിട്ടിരിക്കുന്നത്‌. നവോത്ഥാനമൂല്യങ്ങളില്‍നിന്നും ഇപ്പോളുള്ള കുന്നിറക്കം ഈ നോവലില്‍ പ്രതിഫലിക്കുന്നില്ല. എന്റെ ഒരു രീതിവച്ച്‌ കുറച്ചുകാലം സൂക്ഷിച്ചുവച്ച്‌, പിന്നീട്‌ ഒരുശത്രു എഴുതിയ നോവല്‍ എന്നപോലെ വായിച്ചാലറിയാം നോവലിന്റെ ഹൃദയം മിടിക്കുന്നുണ്ടോ എന്നത്‌. മിടിക്കുന്നില്ലെങ്കില്‍ വീണ്ടും പരിഷ്കരിക്കും. എം.ഗോവിന്ദന്‍ പറഞ്ഞപോലെ സ്വല്‍പ്പം ചിന്തിച്ചാലെന്ത്‌? ഇപ്പോള്‍ കുറവുകളെല്ലാം കണ്ടുപിടിച്ചു.
മലകയറുന്നതില്‍ അദ്ദേഹത്തിന്‌ യാതൊരു വിഷമവുമുണ്ടായില്ല. മലഞ്ചെരുവിലെ ഗുഹകളില്‍ ഒരുമണിക്കൂറോളം ഇരുന്ന്‌ വിശ്രമിച്ചായിരുന്നു ഞങ്ങള്‍ മടങ്ങിയത്‌. അത്ഭുതകരമായ തണുപ്പായിരുന്നു ഈ ഗുഹകള്‍ക്കുള്ളില്‍ എന്നതായിരുന്നു ആശ്ചര്യം. അവിടുത്തെ കല്ലുകളുടെ പ്രത്യേകതയായിരിക്കാം അത്‌.
വിമര്‍ശനങ്ങളെ എങ്ങനെയാണ്‌ കാണുന്നത്‌? നമുക്ക്‌ നല്ല വിമര്‍ശകന്മാരുണ്ടോ? കൃതിയ്‌ക്കും വായനക്കാര്‍ക്കുമിടക്ക്‌ പുരോഹിതരുടെ ആവശ്യമുണ്ടോ? അതോ വിമര്‍ശകന്റെ ധര്‍മ്മം കൃതിക്ക്‌ വെളിയിലാണോ?
പുരോഹിതന്മാര്‍ക്ക്‌ ഞാന്‍ പണ്ടുമുതലേ എതിരാണ്‌. വിമര്‍ശനം സാഹിത്യകലതന്നെയാണ്‌. സര്‍ഗ്ഗാത്മകമായ ഒരു പ്രവൃത്തിയുമാണ്‌. നമ്മുടെ നിരൂപകന്മാരങ്ങനെത്തന്നെയാണോ എന്നുചോദിച്ചാല്‍ കൂടുതല്‍ പേരും അങ്ങനെയല്ല. മാരാരെപ്പോലെ മുണ്ടശ്ശേരിയെപ്പോലെയുള്ളവര്‍ ഇപ്പോളില്ല. കെ.പി.അപ്പനെ അങ്ങനെ കാണുന്നില്ല. എനിക്കദ്ദേഹത്തിന്റെ നിലപാടുകളോട്‌ ശക്തമായ വിയോജിപ്പുണ്ട്‌. എഴുത്തുകാരന്റെ ഏറ്റവും വലിയ വിമര്‍ശകന്‍ അവന്‍ തന്നെയാണ്‌ എന്നാണെനിക്കുതോന്നിയിട്ടുള്ളത്‌. എന്റെ നിര്‍ഭയനായ വിമര്‍ശകന്‍ ഞാന്‍ തന്നെയാണ്‌. കൃതിയുടെ ഗുണദോഷങ്ങള്‍ പറയുന്നതാണ്‌ വിമര്‍ശകന്‍ എന്നുപറയിന്നിടത്ത്‌ അഭിപ്രായവ്യത്യാസമുണ്ട്‌. വിമര്‍ശകന്റെ സ്വഭാവം കൃതിയുടെ ഹൃദയം കണ്ടെത്തുക, അതിന്റെ അപൂര്‍വ്വത കണ്ടെത്തുക എന്നുള്ളതാണ്‌. അങ്ങനെയൊക്കെയാണോ നമ്മുടെ നിരൂപകന്മാര്‍ ചെയുന്നത്‌ എന്നുചോദിച്ചാല്‍ അറിയാന്‍മേല. വായനക്കാരുടേയും എഴുത്തുകാരുടെയും ഇടയില്‍ പുരോഹിതന്‍മാരെ ഞാന്‍ അംഗീകരിക്കുന്നില്ല. വിമര്‍ശകരാകാം. ഇവിടെയുള്ളത്‌ ഒരോരോ എഴുത്തുകാരുടെയും പിന്നില്‍ ഒരോ ഗ്രൂപ്പായി വിമര്‍ശകന്മാര്‍ കൂടുകയാണ്‌. പിന്നെ ആ കൃതിയേയും ആ എഴുത്തുകാരനേയും കുറിച്ചുള്ള ഒരു സ്കൂള്‍ നടത്തുകയാണ്‌ അവര്‍ ചെയ്യുന്നത്‌. ചിലര്‍ക്ക്‌ ഇതില്ലാതെ നിലനില്‍ക്കാന്‍ കഴിയില്ല. എനിക്കതിന്റെ ആവശ്യമില്ല. സ്വന്തം കാലില്‍ തന്നെ നിന്നു നോക്കട്ടെ.
അറുപതുമുതല്‍ മലയാള സാഹിത്യത്തിലെ നിരന്തരമായ സാന്നിധ്യമാണ്‌ താങ്കള്‍.. ഈ നാല്‍പ്പതോളം വര്‍ഷത്തെ മലയാള സാഹിത്യത്തെ വിലയിരുത്തിയാല്‍ ആരുടെയൊക്കെ രചനകളാണ്‌ നമ്മെ മുന്നോട്ട്‌ നയിച്ചത്‌.. ആരുടെയൊക്കെ കൃതികളാണ്‌ നമ്മെ പിന്നിലേക്ക്‌ കൊണ്ടുപോയത്‌ എന്നൊരു തെരഞ്ഞെടുപ്പ്‌ എളുപ്പമാണോ?
അറുപതു മുതല്‍ മലയാള സാഹിത്യത്തിലെ നിരന്തരമായ സാന്നിധ്യമാണ്‌ എന്നു പറഞ്ഞത്‌ നല്ലത്‌. മുന്നോട്ട്‌ നയിക്കുന്നത്‌ എന്നൊക്കെ ചോദിച്ചാല്‍ അതൊക്കെ ഒരോരുത്തരുടെ ഇഷ്ടം. എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരു കൃതി മറ്റുള്ളവര്‍ക്ക്‌ അതുപോലെ തോന്നണമെന്നില്ല. അവരവരുടെ അഭിരുചികള്‍. എന്നെ സംബന്ധിച്ചിടത്തോളം എനിക്കിഷ്ടപ്പെടാത്തതും എന്നെ ഇഷ്ടപ്പെടാത്തവരേയും എനിക്ക്‌ വായിക്കാന്‍ കഴിയും.
മടക്ക യാത്രയില്‍ സ്ത്രീകഥാപാത്രങ്ങളും അവരുടെ പ്രതികാരവും ഒരു ചര്‍ച്ചാവിഷയമായിരുന്നു. ഹിന്ദ്‌ എന്നുപേരുള്ള ഒരു അറേബ്യന്‍സ്ത്രീ തന്റെ ഭര്‍ത്താവിനെ കൊന്നയാളെ കുന്തം കൊണ്ടെറിഞ്ഞു കൊന്ന്‌ അയാളുടെ കരള്‍ കടിച്ച്‌ ചവച്ച്‌ തിന്നുകൊണ്ട്‌ യുദ്ധക്കളമാകെ നടന്ന കഥ മുസ്ലീം യുദ്ധചരിത്രങ്ങളില്‍ എഴുതപ്പെട്ടിട്ടുള്ളതായി കേട്ടപ്പോള്‍ നമ്മുടെ കഥകളിയിലെ രൌദ്രഭീമന്റെ ചിത്രം ഓര്‍ത്തുപോയി. ഇത്തരം പ്രതികാര ദുര്‍ഗ്ഗകളുടെ ചരിതം നമുക്ക്‌ സാഹിത്യത്തില്‍ വിഷയമായിട്ടുണ്ടോ?
പ്രവാസിമലയാളികള്‍ക്ക്‌ അവരുടെ അനുഭവങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട്‌ ഒരു നോവലെഴുതാന്‍ സാധിച്ചിട്ടില്ല. കഥകളുമില്ല. കാരണമെന്തായിരിക്കും?
നോവലെഴുതാന്‍മേല എന്ന്‌ ഇപ്പൊതീരുമാനിക്കേണ്ട ആവശ്യമില്ല. 'ഹിന്ദ്‌'ന്റെ കഥകള്‍ പോലെയുള്ള നാടന്‍ കഥകളും ഇവിടുത്തെ അനുഭവങ്ങളും സ്വാംശീകരിച്ച്‌ പിന്നീടുമെഴുതാം. ഉടനെത്തന്നെ വേണമെന്നു പറയുന്നതില്‍ അര്‍ഥമില്ല. സ്വന്തം അനുഭവങ്ങളോ, കണ്ടോ കേട്ടോ ഉണ്ടായ അനുഭവങ്ങളോ ഇങ്ങനെ സ്വാംശീകരിക്കാം. ഇനി എമിലി ബ്രോണ്ടി വുതെറിംഗ്‌ ഹൈറ്റ്സ്‌ എഴുതിയപോലെ അനുഭവങ്ങള്‍ ഇല്ലാതെയും എഴുതാം. എമിലി ബ്രോണ്ടി സന്യാസിനി മഠത്തില്‍ നിന്നും പുറത്തിറങ്ങാതെ എഴുതിയ ഒരു മഹത്തായ കൃതിയാണ്‌ വുതെറിംഗ്‌ ഹൈറ്റ്സ്‌. ഉള്‍ക്കാഴ്ച്ചയാണ്‌ വേണ്ടത്‌. ഇതിനകത്ത്‌ പ്രതിഭയെവിടെ എന്നുചോദിച്ചാല്‍ എനിക്കറിയാന്‍മേല. മുന്‍പുപറഞ്ഞപോലെ ദൈവത്തിന്റെ കയ്യൊപ്പാണോ ഏതെങ്കിലും പ്രസ്ഥാനത്തിന്റെ നേതാവ്‌ കയ്യൊപ്പിട്ടതാണോ എന്നൊന്നുമെനിക്കറിയില്ല.
സത്യത്തില്‍ പ്രവാസം എന്ന അവസ്ഥ മലയാളികള്‍ക്കുണ്ടായിട്ടില്ല. ഒരു നാട്ടില്‍ നിന്നും അടിച്ചോടിക്കപ്പെടുമ്പോളാണ്‌ പ്രവാസം എന്ന അവസ്ഥ ഉണ്ടാവുന്നത്‌. നാം പ്രവാസമെന്ന വാക്ക്‌ തെറ്റായി ഉപയോഗിക്കുകയാണ്‌.
മലകയറി ക്ഷീണിതരായി ഞങ്ങള്‍ വിശപ്പടക്കാന്‍ ഹോട്ടലില്‍ കയറി. ബിരിയാണിച്ചോറുപോലെയുള്ള ചോറ്‌ മാട്ടിറച്ചിയും ചേര്‍ത്ത്‌, 'മന്തി' എന്നുപറയുന്ന നാടന്‍ ഭക്ഷണം, ഒരേപ്ലേറ്റില്‍നിന്നും പാരമ്പര്യരീതിയില്‍ത്തന്നെ എല്ലാവരും കഴിച്ചു. ഭക്ഷണശേഷം തിരിച്ച്‌ കാറില്‍ക്കയറിയപ്പോഴും കരള്‍ ചവച്ച്‌ യുദ്ധക്കളമാകെ അലറി നടന്ന്‌ പ്രതികാരം തീര്‍ത്ത 'ഹിന്ദ്‌'ന്റെ ചിത്രം മനസ്സില്‍ നിറഞ്ഞുനിന്നിരുന്നു. ഗാന്ധാരിയോട്‌ ഇക്കഥയ്ക്കുള്ള സാമ്യത പറഞ്ഞ്‌ അവസാനം ഡോസ്റ്റോയോവ്സ്കിയിലേക്ക്‌ തന്നെ തിരിച്ചെത്തി.
ഡോസ്റ്റോയോവ്സ്കിയെപ്പറ്റി ശ്രീധരന്‍ ഞങ്ങള്‍ക്കൊരു കഥകേള്‍പ്പിച്ചു തന്നു.
ക്രൈം ആന്റ്‌ പണിഷ്‌മന്റ്‌ എഴുതിയശേഷം ഗബ്രിയേല്‍ മാലാഖ ഡോസ്റ്റോയോവ്സ്കിയെക്കാണാന്‍ ചെന്നു. മാലാഖ അദ്ദേഹത്തോട്‌ പറഞ്ഞു "വളരെ വിഷമിച്ച്‌ രണ്ടുമൂന്നുദിവസം കൊണ്ട്‌ ദൈവം ഉണ്ടാക്കിയെടുത്തതാണ്‌ ഈ ലോകം. അപ്പോള്‍ കൈപ്പിഴകളോക്കെ സാധാരണമല്ലേ? എന്തിനാ ദൈവത്തെ ഇങ്ങനെ വിഷമിപ്പിക്കുന്നത്‌?"
ഡോസ്റ്റോയോവ്സ്കി മാലാഖയെ സമാധാനിപ്പിച്ച്‌ പറഞ്ഞയച്ചതിനുശേഷം എഴുതിയതാണത്രെ 'കാരമസോവ്‌ സഹോദരന്മാര്‍'.
ആത്മകഥ എഴുതുമോ?
എഴുതിയ കഥകളിലെല്ലാം ആത്മാംശങ്ങളുണ്ട്‌. ചില ഓര്‍മ്മക്കുറിപ്പുകള്‍ എഴുതണമെന്ന്‌ ഉദ്ദേശമുണ്ട്‌. ഒരു പക്ഷെ ആത്മകഥ എഴുതിക്കൂടെന്നില്ല. ജീവിച്ചു തീര്‍ക്കട്ടെ, ആലോച്ചിക്കാം.
വെള്ളാപ്പള്ളി നടേശന്റെ ജീവചരിത്രം എഴുതുന്നുണ്ട്‌. അതിന്റെ അവതാരിക ഞാനാണെഴുതുന്നത്‌. ഇനി അതിന്റെ പേരില്‍ എന്തൊക്കെയാണാവോ കേള്‍ക്കേണ്ടിവരുക.
വ്യത്യസ്തമായതേ നിലനില്‍ക്കൂ, അതിന്‌ ആന്തരികമായ മഹത്വമുണ്ടെങ്കില്‍. ഇപ്പോഴും ജീവിതത്തില്‍ നല്ലൊരു കഥയോ നോവലോ എഴുതാന്‍ പറ്റണമേ എന്ന്‌ പ്രാര്‍ഥിക്കുകയാണ്‌ ഞാന്‍. എന്റെ ജീവിതം തികച്ചും എന്റെ സ്വകാര്യമാണ്‌, ആരേയും പഠിപ്പിക്കാന്‍ ഒരു സന്ദേശവുമില്ലhttp://www.chintha.com/node/654

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Blogger Templates