Wednesday 30 January 2013

സ്‌ഫോടനങ്ങളുടെ സംഘ്‌പരിവാര്‍ പരമ്പര /ബഷീര്‍ തൃപ്പനച്ചി / പുസ്‌തകം



``രാജ്യത്തിന്റെ വ്യത്യസ്‌ത ഭാഗങ്ങളില്‍ പരിശീലന ക്യാമ്പുകള്‍ തുറന്ന്‌ ഭീകരവാദം വളര്‍ത്തുന്നത്‌ ആര്‍.എസ്‌.എസ്സും ബി.ജെ.പിയുമാണ്‌. വിവിധ സ്ഥലങ്ങളില്‍ ബോംബ്‌ വെച്ച്‌ അതിന്റെ ഉത്തരവാദിത്വം ന്യൂനപക്ഷത്തിന്റെ മേല്‍ ചാര്‍ത്തി ഒറ്റപ്പെടുത്തുകയാണ്‌ അവരുടെ രീതി. സംഝോത എക്‌സ്‌പ്രസ്‌, ഹൈദരാബാദ്‌ മക്കാ മസ്‌ജിദ്‌, മാലേഗാവ്‌ എന്നിവിടങ്ങളിലെ സ്‌ഫോടനങ്ങള്‍ ഇതിന്‌ ഉദാഹരണങ്ങളാണ്‌''. അന്വേഷണ ഏജന്‍സികള്‍ നല്‍കിയ തെളിവുകളുടെ പിന്‍ബലത്തില്‍ ഇന്ത്യന്‍ ആഭ്യന്തരമന്ത്രി സുശീര്‍ കുമാര്‍ ഷിന്‍ഡെ നടത്തിയ പരസ്യ വെളിപ്പെടുത്തലാണിത്‌.

ആഭ്യന്തരമന്ത്രി തുറന്നു പറഞ്ഞ സ്‌ഫോടനങ്ങളിലും അതിന്‌ മുമ്പും ശേഷവും ഇന്ത്യയില്‍ നടന്ന വ്യത്യസ്‌ത ഭീകരാക്രമണങ്ങളിലും സംഘ്‌പരിവാര്‍ എങ്ങനെ എന്തിനു വേണ്ടി ഇടപെട്ടുവെന്ന്‌ പരിശോധിക്കുന്ന ഒരു യുവ പത്രപ്രവര്‍ത്തകന്റെ അന്വേഷണങ്ങളാണ്‌ ചിന്താ പബ്ലിഷേഴ്‌സ്‌ പ്രസിദ്ധീകരിച്ച സദ്‌റുദ്ദീന്‍ വാഴക്കാട്‌ എഴുതിയ സ്‌ഫോടന ഭീകരതയുടെ സംഘ്‌പരിവാര്‍ പരമ്പര എന്ന പുസ്‌തകം.
മുസ്‌ലിം ന്യൂനപക്ഷത്തോടുള്ള വെറുപ്പിന്റെ പ്രത്യയശാസ്‌ത്രാടിത്തറ വികസിപ്പിക്കുന്നതിലും അവര്‍ക്കെതിരില്‍ ഇപ്പോള്‍ നടക്കുന്ന പുതിയ സ്‌ഫോടന ഗൂഢതന്ത്രങ്ങളിലും ഹിറ്റ്‌ലറും നാസിസവും സംഘ്‌പരിവാറില്‍ ചെലുത്തിയ സ്വാധീനം വിവരിച്ചുകൊണ്ടാണ്‌ പുസ്‌തകം തുടങ്ങുന്നത്‌. 1913-ല്‍ ജര്‍മന്‍ പാര്‍ലമെന്റിന്‌ ഹിറ്റ്‌ലറിന്റെ അനുയായികള്‍ രഹസ്യമായി തീ കൊളുത്തി. ഉടനെ സ്ഥലം സന്ദര്‍ശിച്ച ഹിറ്റ്‌ലര്‍ കമ്യൂണിസ്റ്റുകാരാണ്‌ പാര്‍ലമെന്റ്‌ അഗ്നിക്കിരയാക്കിയതെന്ന്‌ പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ പ്രചാരണ വകുപ്പ്‌ അധ്യക്ഷന്‍ ഗീബല്‍സ്‌ അതിനുള്ള `തെളിവുകളും' പുറത്തുവിട്ടു. മീഡിയ നിറം വെപ്പിച്ച കഥകളോടെ അതേറ്റെടുത്തു. പുതിയ ഭീകരവിരുദ്ധ നിയമങ്ങള്‍ പിറന്നു. പിന്നീട്‌ നടന്നത്‌ തുടര്‍ച്ചയായ കമ്യൂണിസ്റ്റ്‌ വേട്ടയായിരുന്നു. അതവസാനിച്ചത്‌ ഹിറ്റ്‌ലര്‍ ജര്‍മനിയുടെ ചോദ്യംചെയ്യാനാവാത്ത ഏകാധിപതിയായി വാഴ്‌ത്തപ്പെട്ടതോടെയാണ്‌. ഇതേ ഫാഷിസ്റ്റ്‌ തന്ത്രമാണ്‌ ആര്‍.എസ്‌.എസ്സിന്റെ നേതൃത്വത്തില്‍ സംഘ്‌പരിവാറും ഇന്ത്യയില്‍ പയറ്റുന്നതെന്ന്‌ ഓരോ സ്‌ഫോടനവും സൂക്ഷ്‌മമായി വിശകലനം ചെയ്‌ത്‌ ഗ്രന്ഥകാരന്‍ സമര്‍ഥിക്കുന്നു.

രാജ്യനിവാസികളില്‍ ഇസ്‌ലാമോഫോബിയ വളര്‍ത്തുകയും `മുസ്‌ലിം പേടി' സൃഷ്‌ടിക്കുകയും ചെയ്യുക. അതുവഴി മുസ്‌ലിംകളെ ദേശീയ മുഖ്യധാരയില്‍ നിന്നകറ്റി അവരെ സമൂഹത്തില്‍നിന്ന്‌ ഒറ്റപ്പെടുത്തി `അവര്‍ ദേശീയതയുടെ ശത്രുക്കളാണെന്ന പൊതുബോധം സൃഷ്‌ടിക്കുക. കഴിഞ്ഞ കുറെകാലമായി വിജയകരമായി നടപ്പിലാക്കിയ സംഘ്‌പരിവാര സ്‌പോണ്‍സേര്‍ഡ്‌ ഭീകര സ്‌ഫോടനങ്ങളുടെ ലക്ഷ്യമാണിത്‌. അറിഞ്ഞോ അറിയാതെയോ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളും ഈ സംഘ്‌പരിവാര്‍ കാമ്പയിന്റെ പങ്കാളികളായതിന്റെ ചിത്രങ്ങളും പുസ്‌തകം പങ്കുവെക്കുന്നുണ്ട്‌. മുസ്‌ലിം തീവ്രവാദകഥകള്‍ക്ക്‌ നല്‍കുന്ന `പരിഗണനയും ശ്രദ്ധയും' ഭീകരവാദത്തിന്റെ സംഘ്‌പരിവാര്‍ ബന്ധങ്ങള്‍ പുറത്ത്‌ വന്നപ്പോള്‍ നമ്മുടെ മീഡിയ നല്‍കിയിട്ടില്ലെന്നത്‌ ചേര്‍ത്തു വായിക്കുമ്പോഴാണ്‌ ഈ `അറിവില്ലായ്‌മ' മറ്റൊരു ഗുരുതര രോഗമാണെന്ന്‌ മനസ്സിലാവുക. 

മുഖ്യധാരാ മീഡിയ തിരസ്‌കരിച്ച ആ സ്‌ഫോടന പരമ്പരകളുടെ സംഘ്‌പരിവാര്‍ കണ്ണികള്‍ തേടി അതിന്റെ വേരുകളടക്കം പരിശോധിക്കുന്ന അന്വേഷണാത്മക ശ്രമമായി ഈ പുസ്‌തകത്തെ ഒറ്റ വാചകത്തില്‍ പരിചയപ്പെടുത്താം. സംഘ്‌പരിവാറിന്‌ ബന്ധമുള്ള പ്രധാന സ്‌ഫോടനങ്ങളെല്ലാം വിശകലന വിധേയമാക്കുന്ന പുസ്‌തകത്തില്‍ ഇനിയും ദുരൂഹത നീങ്ങിയിട്ടില്ലാത്ത ഭീകരാക്രമണങ്ങളും പരിശോധിക്കപ്പെടുന്നുണ്ട്‌. മാലേഗാവ്‌ കേസന്വേഷിച്ച ഹേമന്ത്‌ കര്‍ക്കരെയുടെ അന്വേഷണം യഥാര്‍ഥ വഴികളിലേക്ക്‌ നീങ്ങിയപ്പോഴുണ്ടായ രാഷ്‌ട്രീയ നേതാക്കളുടെ പ്രതികരണങ്ങളും മീഡിയയുടെ നിലപാടുകളും പുസ്‌തകം രേഖപ്പെടുത്തുന്നുണ്ട്‌. ഭീകരവാദത്തിന്റെ പുതിയ ചിത്രങ്ങള്‍ തെളിഞ്ഞുകൊണ്ടിരിക്കെ അന്വേഷണത്തിന്‌്‌ നേതൃത്വം നല്‍കിയ ഹേമന്ത്‌ കര്‍ക്കരെയുടെ ദുരൂഹതയുണര്‍ത്തുന്ന മരണവും അതുയര്‍ത്തുന്ന ചോദ്യങ്ങളും തുടര്‍ന്ന്‌ ഭീകരവാദ അന്വേഷണ വഴികള്‍ വീണ്ടും മാറിമറിയുന്നതുമെല്ലാം പുസ്‌തകം വിശകലനം ചെയ്യുന്നു.

ആര്‍.എസ്‌.എസ്‌ ഭീകരതയുടെ സംരക്ഷകര്‍, ആത്മീയതയുടെ മറവിവലെ ഭീകര പ്രവര്‍ത്തനങ്ങള്‍, ഗുജറാത്തില്‍ പൊട്ടിയ ബോംബുകള്‍, കര്‍ക്കരെ തകര്‍ത്ത കാവി സ്വപ്‌നങ്ങള്‍, ഇന്ത്യന്‍ സേനയിലെ കാവിവത്‌കരണം തുടങ്ങിയവയാണ്‌ 144 പേജുള്ള പുസ്‌തകത്തിലെ പ്രധാന അധ്യായങ്ങള്‍. സംഘ്‌പരിവാരത്തിന്റെ സ്‌ഫോടന രാഷ്‌ട്രീയത്തിനെതിരെ ഇന്ത്യന്‍ ആഭ്യന്തരമന്ത്രി പരസ്യമായി രംഗത്ത്‌ വരികയും അതിനെതിരെ സംഘ്‌പരിവാര സംഘടനകള്‍ പ്രതിരോധ കാമ്പയിനുകള്‍ പ്രഖ്യാപിക്കുകയും ചെയ്‌ത സന്ദര്‍ഭത്തില്‍ ഈ പുസ്‌തകവും അതുന്നയിക്കുന്ന തിരിച്ചറിവുകളും കൂടുതല്‍ വിശകലനവും ചര്‍ച്ചയും അര്‍ഹിക്കുന്നുണ്ട്‌. 
basheerudheentp@gmail.com

Saturday 12 January 2013

കര്‍മശാസ്‌ത്രത്തില്‍ സലഫികളുടെ വിശാല വീക്ഷണം


ആരാധനാനുഷ്‌ഠാനങ്ങളിലെ അടിസ്ഥാനവിധികളെയും ശാഖാപരമായ പ്രശ്‌നങ്ങളെയും വേര്‍തിരിച്ചു വിശകലനം ചെയ്‌ത പൂര്‍വികരായ സലഫീ പണ്ഡിതന്മാര്‍ ശാഖാപരമായ വിഷയങ്ങളില്‍ കുറെയൊക്കെ വിശാല വീക്ഷണം കൈകൊണ്ടവരായിരുന്നു. ഗവേഷണപരമായ (ഇജ്‌തിഹാദി) വിഷയങ്ങളില്‍ ഒരു നിലപാടിലെത്തിയവര്‍ മറുവീക്ഷണക്കാരെ ആക്ഷേപിക്കാന്‍ പാടില്ലെന്നതു തന്നെയായിരുന്നു അവരുടെ സമീപനം. നമസ്‌കാരത്തിലും മറ്റ്‌ ആരാധനകളിലും പ്രവാചകചര്യ (സുന്നത്ത്‌) പിന്തുടരുന്നതില്‍ നിര്‍ബന്ധവും ഐഛികവും ആയ കര്‍മങ്ങള്‍ തമ്മിലുള്ള വ്യത്യാസം അവര്‍ അംഗീകരിച്ചിരുന്നു. തങ്ങളുടെ വീക്ഷണം കര്‍ക്കശമായി പ്രയോഗവത്‌കരിക്കുമ്പോള്‍ തന്നെ, മറുവീക്ഷണക്കാരോട്‌ പൊതുവെ ശത്രുതയില്ലാതെ പെരുമാറണം എന്നതായിരുന്നു പ്രമുഖ സലഫീ പണ്ഡിതന്മാരുടെ നിലപാട്‌. എന്നാല്‍ അവരുടെ ശിഷ്യന്മാരും അനുയായികളും കുറേകൂടി തീവ്രമായ നിലപാടുകള്‍ കൈകൊള്ളുകയും മറുവീക്ഷണക്കാരോട്‌ ശണ്‌ഠക്കിറങ്ങുകയും ചെയ്‌തതും നമുക്ക്‌ ചരിത്രത്തില്‍ വായിക്കാം; വര്‍ത്തമാന കാലത്തിലും ഇതിന്‌ ഉദാഹരണങ്ങള്‍ ഒട്ടേറെ. ഇന്ന്‌ സലഫിധാരയില്‍ നിലകൊള്ളുന്ന പല പണ്ഡിതന്മാരും സംഘടനകളും കര്‍മശാസ്‌ത്രഭിന്നതകളിലും ആരാധനാകര്‍മങ്ങളിലെ പ്രവാചകന്റെ സുന്നത്തിന്റെ പേരിലും പുലര്‍ത്തുന്ന അതിവാദങ്ങള്‍ ആദ്യകാല സലഫി പണ്ഡിതന്മാര്‍ക്കൊന്നും ഇല്ലായിരുന്നു. ചില ചരിത്രരേഖകളിലൂടെ കടന്നുപോയാല്‍ ഇത്‌ ബോധ്യപ്പെടും. സലഫീ നേതാക്കളില്‍ ഒന്നാമനായ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യയുടെ നിലപാടുകള്‍ ഈ വിഷയത്തില്‍ ഏറെ മാതൃകാപരമാണ്‌. അദ്ദേഹത്തിന്റെ, `റഫ്‌ഉല്‍മലാം അന്‍അഇമ്മത്തില്‍ അഅ്‌ലാം, ഖിലാഫുല്‍ ഉമ്മത്തി ഫില്‍ ഇബാദാത്ത്‌ വമദ്‌ഹബുഅഹ്‌ലിസുന്ന' തുടങ്ങിയ കൃതികള്‍ ഇതിന്റെ ഉദാത്ത മാതൃകകളാണ്‌. ഫത്‌വകളുടെ സമാഹാരത്തിലും പലയിടങ്ങളിലായി തന്റെ കാഴ്‌ചപ്പാട്‌ ശൈഖുല്‍ ഇസ്‌ലാം വിശദീകരിക്കുന്നുണ്ട്‌.
1. അല്ലാഹു നമ്മോട്‌ കല്‍പിച്ചിരിക്കുന്നത്‌ അവന്റെ ദീന്‍ സ്ഥാപിച്ചുനിലനിര്‍ത്തണം (ഇഖാമത്തുദ്ദീന്‍) എന്നാണ്‌. അഞ്ചു പ്രമുഖ പ്രവാചകന്മാര്‍ക്കു നല്‍കപ്പെട്ട നിര്‍ബന്ധശാസനയും അതായിരുന്നു. അതില്‍ നിങ്ങള്‍ ഭിന്നിക്കരുതെന്നും കല്‍പിച്ചു. മുഹമ്മദ്‌ നബിക്ക്‌ നല്‍കിയ ദിവ്യബോധനത്തില്‍ നമുക്ക്‌ പ്രത്യേകമായുള്ള ശരീഅത്തും ഉള്‍പ്പെടുന്നു. ഇതെല്ലാം മുഹമ്മദ്‌ നബിക്ക്‌ അല്ലാഹു വഹ്‌യായി നല്‍കിയിട്ടുണ്ട്‌; അതില്‍ അടിസ്ഥാനങ്ങളും (ഉസ്വൂല്‍), ശാഖകളും (ഫുറൂഅ്‌) ഉണ്ട്‌. നൂഹിനും മറ്റു പ്രവാചകന്മാര്‍ക്കും നല്‍കിയതില്‍നിന്ന്‌ വ്യത്യസ്‌തമാണിത്‌. അവര്‍ക്ക്‌ വസ്വിയ്യത്തു ചെയ്‌ത ദീന്‍ തന്നെയാണ്‌ നമുക്കും നിശ്ചയിച്ചുതന്നത്‌; ഇഖാമത്തുദീന്‍. അതില്‍ ഭിന്നിക്കാന്‍ പാടില്ല. അവരെല്ലാം യോജിക്കുന്ന ദീന്‍ എന്നാല്‍ അടിസ്ഥാനങ്ങള്‍ (ഉസ്വൂല്‍) ആണ്‌. (ഖാഇദത്തുന്‍ ഫില്‍ജമാഅത്തി വല്‍ ഫിര്‍ഖ-മജ്‌മൂഉഫതാവാ ഇബ്‌നുതൈമിയ-ക്രോഡീകരണം അബ്‌ദുര്‍റഹ്‌മാനുബ്‌നുമുഹമ്മദ്‌ അല്‍ആസ്വിമീ അല്‍ഹമ്പലി, വാള്യം 1/പേജ്‌: 12-17, മക്തബത്തുന്നഹ്‌ള അല്‍ഹദീസ, മക്ക, ഹിജ്‌റ-1404).
2. ആത്മസംസ്‌കരണത്തിന്‌ ഊന്നല്‍ നല്‍കുന്ന സൂഫികളും കര്‍മ്മശാസ്‌ത്രനിയമങ്ങള്‍ പഠിപ്പിക്കുന്ന ഫുഖഹാക്കളും തമ്മില്‍ തര്‍ക്കിക്കുന്നതിന്റെ അര്‍ഥശൂന്യതയെക്കുറിച്ച്‌ ശൈഖുല്‍ ഇസ്‌ലാമിന്റെ വിലയിരുത്തലിന്റെ സാരം ഇങ്ങനെ; ഫുഖഹാക്കള്‍ ബാഹ്യകര്‍മങ്ങളിലാണ്‌ ശ്രദ്ധിക്കുന്നത്‌. തസ്വവ്വുഫിന്റെ വക്താക്കള്‍ ആന്തരിക പ്രവര്‍ത്തനങ്ങളിലും. ഓരോ വിഭാഗവും മറുവിഭാഗത്തെ നിഷേധിക്കുന്നു; അവര്‍ ദീനിന്റെ ആളുകളല്ല എന്ന വണ്ണം അപരനില്‍നിന്ന്‌ മുഖം തിരിച്ചുകളയുന്നു. അങ്ങനെ അവര്‍ക്കിടയില്‍ ശത്രുതയും പകയും ഉടലെടുക്കുന്നു. യഥാര്‍ഥത്തില്‍ അല്ലാഹു, ഹൃദയം ശുദ്ധീകരിക്കാന്‍ കല്‍പിച്ചിട്ടുണ്ട്‌. ശരീരം വിശുദ്ധമാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്‌. രണ്ടു ശുദ്ധീകരണവും ദീനിന്റെ ഭാഗമാണ്‌. ആരാധനകളില്‍ വ്യാപൃതരായ ധാരാളം ഫുഖഹാക്കളെ കാണാം, അവര്‍ ശരീരത്തിന്റെ ശുദ്ധീകരണത്തില്‍ മാത്രമാണ്‌ ശ്രദ്ധിക്കുന്നത്‌. അതില്‍, നിയമം അനുശാസിച്ചതിലുമധികം അവര്‍ ചെയ്യുന്നുണ്ട്‌. എന്നാല്‍ നിര്‍ബന്ധപൂര്‍വം കല്‍പിച്ച ആത്മവിശുദ്ധി അവര്‍ അവഗണിക്കുന്നു. ധാരാളം സൂഫികളെ നമുക്ക്‌ കാണാം. അവര്‍ ദരിദ്രരാണ്‌. ആത്മാവിന്റെ വിശുദ്ധിയില്‍ മാത്രമാണവരുടെ ശ്രദ്ധ. അതില്‍, നിയമം അനുശാസിച്ചതിലും അധികം അവര്‍ ശ്രദ്ധിക്കുന്നു, പ്രവര്‍ത്തിക്കുന്നു.... ഓരോ വിഭാഗവും മറുവിഭാഗത്തെ ആക്ഷേപിക്കുന്നു. എന്നാല്‍ അവരവരുടെ കൈകളിലുള്ള സത്യത്തെ അവര്‍ അറിയുന്നില്ല, ശത്രുത അവസാനിപ്പിക്കുന്നുമില്ല (അതേപുസ്‌തകം: പേജ്‌: 14-16).
വിവിധ മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അഭിപ്രായഭിന്നതകളുടെ സ്വഭാവം എന്താണെന്നും ശൈഖുല്‍ ഇസ്‌ലാം അതിനെ എങ്ങനെ നോക്കിക്കാണുന്നുവെന്നും ഇതില്‍നിന്ന്‌ വ്യക്തമാകുന്നുണ്ട്‌.

3. നമസ്‌കാരത്തിലെ ഖുനൂത്തിനെക്കുറിച്ച്‌ സുദീര്‍ഘമായ ചര്‍ച്ചചെയ്‌തിട്ടുണ്ട്‌ ശൈഖുല്‍ ഇസ്‌ലാം ഫതാവയില്‍. ഇതു സംബന്ധിച്ച ഹദീസുകളും, മദ്‌ഹബുകളുടെ നിലപാടുകളുമെല്ലാം വിശകലനം ചെയ്‌തശേഷം അദ്ദേഹം പറയുന്നു: `ദുരന്തങ്ങളുണ്ടാകുമ്പോഴാണ്‌ ഖുനൂത്‌ ഓതുന്നത്‌. ഖുനൂത്തിലെ പ്രാര്‍ഥന നിര്‍ണിതമല്ല. തോന്നിയതുപോലെ പ്രാര്‍ഥിക്കരുത്‌. നിയമവിധേയമായ പ്രാര്‍ഥനയില്‍നിന്ന്‌ ഖുനൂത്തിന്റെ കാരണത്തോട്‌ യോജിച്ചത്‌ തെരഞ്ഞെടുക്കുക. മഴയെത്തേടുമ്പോഴും, സഹായം അഭ്യര്‍ഥിക്കുമ്പോഴും അതിനുയോജിച്ചതു പ്രാര്‍ഥിക്കുക. അതേ കാരണത്തിന്റെ പേരില്‍ നമസ്‌കാരത്തിനുപുറത്ത്‌ നടത്തുന്ന പ്രാര്‍ഥനപോലെ. ഇതാണ്‌ നബിയുടെ സുന്നത്തും ഖലീഫമാരുടെചര്യയും... ഇജ്‌തിഹാദ്‌ അനുവദനീയമായ വിഷയങ്ങളില്‍ മഅ്‌മൂം ഇമാമിനെ പിന്തുടരല്‍ അനിവാര്യമാണ്‌. ഇമാം ഖുനൂത്‌ ഓതിയാല്‍ മഅ്‌മൂം ഓതണം. ഇമാം ഖുനൂത്‌ ഉപേക്ഷിച്ചാല്‍ മഅ്‌മൂമും ഉപേക്ഷിക്കണം. കാരണം നബി(സ) പറഞ്ഞിട്ടുണ്ട്‌; `ഇമാമിനെ നിശ്ചയിക്കുന്നത്‌ അയാളെ പിന്തുടരാന്‍ വേണ്ടിയാണ്‌.' മറ്റൊരിക്കല്‍ റസൂലുല്ല പറഞ്ഞു: `നിങ്ങള്‍ ഇമാമിനോട്‌ ഭിന്നിക്കരുത്‌.' നബി(സ)യില്‍ നിന്ന്‌ ഇങ്ങനെ ഒരു റിപ്പോര്‍ട്ടുണ്ട്‌; `അവര്‍ നിങ്ങള്‍ക്കുവേണ്ടിയാണ്‌ നമസ്‌കരിക്കുന്നത്‌. അവര്‍ തെറ്റുചെയ്‌താല്‍ നിങ്ങള്‍ക്ക്‌ പ്രശ്‌നമില്ല, അവര്‍ക്കാണ്‌ അതിന്റെ ഉത്തരവാദിത്തം,.... ഇമാം ഖുനൂത്‌ ഓതിയാല്‍ അതിനെ മറികടന്നുപോകാന്‍ മഅ്‌മൂമിന്‌ അനുവാദമില്ല. മിനയിലെ തര്‍ബീഇല്‍ ഉസ്‌മാനോട്‌ വിയോജിപ്പുണ്ടായിട്ടും ഇബ്‌നു മസ്‌ഊദ്‌ അദ്ദേഹത്തിന്റെ പിന്നില്‍ നിന്ന്‌ നമസ്‌കരിച്ചു. അതുസംബന്ധിച്ച്‌ ഇബ്‌നുമസ്‌ഊദ്‌ പറഞ്ഞത്‌; ഭിന്നത നാശമാണ്‌ എന്നത്രെ. കല്ലെറിയേണ്ട സമയത്തെക്കുറിച്ച്‌, തന്നോട്‌ ഫത്‌വ ചേദിച്ചയാള്‍ക്ക്‌ അനസ്‌(റ) ഫത്‌വ നല്‍കി. ശേഷം പറഞ്ഞു; നിന്റെ ഇമാം ചെയ്യുന്നതുപോലെ ചെയ്യുക (ഫതാവാ 23/112-116).
4. റൂകൂഇനു മുമ്പോ ശേഷമോ ഖുനൂത്‌ ഓതാം. ഇമാം അഹ്‌മദിനെപ്പോലുള്ള അഹ്‌ലുല്‍ ഹദീസിലെ പണ്ഡിതന്മാര്‍ രണ്ടും അനുവദനീയമാണെന്ന്‌ പറഞ്ഞിട്ടുണ്ട്‌ (ഫതാവ 23/100).
5. ``റമദാന്‍ മാസത്തിലെ രാത്രി നമസ്‌കാരത്തിന്റെ കാര്യത്തില്‍ നബി(സ) കൃത്യമായ എണ്ണം നിര്‍ണയിച്ചിട്ടില്ല. പക്ഷേ, റമദാനിലും അല്ലാത്ത കാലത്തും നബി(സ) പതിമൂന്നില്‍ കൂടുതല്‍ നമസ്‌കരിച്ചിരുന്നില്ല. എന്നാല്‍, അദ്ദേഹം റക്‌അത്ത്‌ ദീര്‍ഘിപ്പിക്കുമായിരുന്നു. ഉബയ്യുബ്‌നു കഅ്‌ബിന്റെ നേതൃത്വത്തില്‍ ഉമര്‍(റ) ജനങ്ങളെ സംഘടിപ്പിച്ചു നമസ്‌കാരം തുടങ്ങിയപ്പോള്‍ 23 റക്‌അത്തും വിത്‌റുമായിരുന്നു ഉബയ്യ്‌ നമസ്‌കരിച്ചത്‌. റക്‌അത്ത്‌ വര്‍ധിപ്പിക്കുന്നതിനനുസരിച്ച്‌ അദ്ദേഹം ഖുര്‍ആന്‍ പാരായണത്തിന്റെ ദൈര്‍ഘ്യം കുറച്ചു. റക്‌അത്ത്‌ ദീര്‍ഘിപ്പിക്കുന്നതിലേറെ മഅ്‌മൂമുകള്‍ക്ക്‌ സൗകര്യം ഖുര്‍ആന്‍ പാരായണം ചുരുക്കി റക്‌അത്ത്‌ വര്‍ധിപ്പിക്കലാണെന്നതായിരുന്നു അതിന്റെ കാരണം. പൂര്‍വികരില്‍ (സലഫുകള്‍) ചിലര്‍ നാല്‍പതും മൂന്ന്‌ വിത്‌റും നമസ്‌കരിച്ചിരുന്നു. മറ്റു ചിലര്‍ 36ഉം 3 വിത്‌റുമാണ്‌ നമസ്‌കരിച്ചിരുന്നത്‌. ഇതെല്ലാം നിയമവേധയമാണ്‌. റമദാനില്‍ ഈ രീതികളില്‍ ഏതനുസരിച്ച്‌ നമസ്‌കരിച്ചാലും നല്ലതുതന്നെ. നമസ്‌കരിക്കുന്നവരുടെ അവസ്ഥ മാറുന്നതിനനുസരിച്ച്‌ ശ്രേഷ്‌ടതയിലും മാറ്റം വരാം. ഏറെ സമയം നില്‍ക്കാന്‍ കഴിയുമെങ്കില്‍ നബി(സ) റമദാന്‍ മാസത്തിലും അല്ലാത്തപ്പോഴും നമസ്‌കരിച്ചിരുന്നതുപോലെ പത്തും പിന്നെ മൂന്നും നമസ്‌കരിച്ചിരുന്നതാണ്‌ ശ്രേഷ്‌ടം. അതിന്‌ സാധ്യമല്ലാത്തവരാണെങ്കില്‍ ഇരുപത്‌ നമസ്‌കരിക്കുന്നതാണ്‌ ഉത്തമം. ഭൂരിപക്ഷം മുസ്‌ലിംകള്‍ നിര്‍വഹിക്കുന്നത്‌ അതാണ്‌. ഇനി, 40ഓ മറ്റൊ നമസ്‌കരിക്കുന്നുവെങ്കില്‍ അതും അനുവദനീയമാണ്‌. ഇപ്പറഞ്ഞതൊന്നും വെറുക്കപ്പെടേണ്ടതല്ല. ഇമാം അഹ്‌മദും മറ്റുള്ള ഇമാമുമാരും ഇത്‌ വ്യക്തമാക്കിയിട്ടുണ്ട്‌. റമദാനിലെ നമസ്‌കാരം കൂട്ടാനോ കുറക്കാനോ പറ്റാത്തവിധം നബി എണ്ണം നിശ്ചയിച്ചിട്ടുണ്ടെന്ന്‌ ആരെങ്കിലും ധരിച്ചവരായിട്ടുണ്ടെങ്കില്‍ അവര്‍ക്ക്‌ തെറ്റുപറ്റിയിരിക്കുന്നു. റക്‌അത്തിന്‍രെ എണ്ണത്തില്‍പോലും ഇപ്രകാരം വിശാല സമീപനം ആകാമെങ്കില്‍ ഖുനൂത്‌ പ്രാര്‍ഥനക്ക്‌വേണ്ടി നിറുത്തം ദീര്‍ഘിപ്പിക്കുന്നതും ഖുനൂത്‌ തന്നെ വേണ്ടെന്ന്‌ വെക്കുന്നതും സംബന്ധിച്ച്‌ എന്താണ്‌ മനസ്സിലാക്കേണ്ടത്‌. എല്ലാം അനുവദനീയവും നല്ലതും തന്നെ. മനുഷ്യന്‌ ചിലപ്പോള്‍ ഉന്മേഷം തോന്നും അപ്പോള്‍ ഖുര്‍ആന്‍ പാരായണം ദീര്‍ഘിപ്പിക്കുന്നതാണ്‌ നല്ലത്‌. ചിലപ്പോള്‍ ഉന്മേഷം നഷ്‌ടപ്പെടും അപ്പോള്‍ പാരായണം ചുരുക്കുന്നതാണ്‌ നല്ലത്‌. നബിയുടെ നമസ്‌കാരം മിതരീതിയിലുള്ളതായിരുന്നു. നിറുത്തം ദീര്‍ഘിപ്പിച്ചാല്‍ റുകൂഉം സുജൂദും ദീര്‍പ്പിക്കും. നിറുത്തം ലഘൂകരിച്ചാല്‍ റുകൂളും സുജൂദും ലഘൂകരിക്കും. നിര്‍ബന്ധ നമസ്‌കാരങ്ങളിലും രാത്രി നമസ്‌കാരം, ഗ്രഹണ നമസ്‌കാരം എന്നിവയിലും അങ്ങിനെയാണ്‌ നബി ചെയ്‌തിരുന്നത്‌ (മജ്‌മൂഉഫതാവാ ഇബ്‌നു തൈമിയ്യ 2/272-273).
6. `എല്ലാവരും ഒന്നിച്ച്‌ അല്ലാഹുവിന്റെ പാശം മുറുകെപിടിക്കുക എന്നതാണ്‌ അടിസ്ഥാന കാര്യം. നാം ഭിന്നിക്കരുത്‌ എന്നത്‌ ഇസ്‌ലാമിന്റെ മൗലിക അധ്യാപനമാണ്‌. ഖുര്‍ആനില്‍ ഇതു സംബന്ധിച്ച്‌ ധാരാളം വന്നിട്ടുണ്ട്‌. നബിയുടെ വസ്വിയ്യത്തും ഉണ്ട്‌. ............ മുസ്‌ലിം ഉമ്മത്തിലെ നാശത്തിന്റെ വാതിലാണ്‌ ഭിന്നതയും ഛിദ്രതയും.... മുസ്‌ലിം സമൂഹത്തിലെ തര്‍ക്കങ്ങളില്‍ ഏറെയും ഐഛികമായ കര്‍മങ്ങളെ ചൊല്ലായും, അനഭിലഷണീയം (മക്‌റൂഹ്‌). വിഷയങ്ങളെക്കുറിച്ചുമാണ്‌. നിര്‍ബന്ധ കര്‍മങ്ങളെയോ (വാജിബാത്ത്‌), നിഷിദ്ധങ്ങളെയോ (മുഹര്‍റമാത്‌) കുറിച്ചല്ല......... ബിസ്‌മി ഉറക്കെ ചൊല്ലിയാലും പതുക്കെ ചൊല്ലിയാലും നമസ്‌കാരം നിഷ്‌ഫലമാവുകയില്ല, രണ്ടും അനുവദനീയമാണ്‌. പണ്ഡിതന്മാര്‍ ഇതുസംബന്ധിച്ച്‌ ചര്‍ച്ചചെയ്‌തിട്ടുണ്ട്‌. ചിലര്‍ അത്‌ ഐഛികമാണെന്ന്‌ പറയുന്നു, ചിലര്‍ അത്‌ നിഷേധിക്കുന്നു. തര്‍ക്കം ഐഛികമാണോ (മുസ്‌തഹബ്ബ്‌) എന്നതില്‍മാത്രം. എന്നാല്‍, അനുവദനീയമാണെന്ന കാര്യം പണ്ഡിതന്മാര്‍ പൊതുവെ അംഗീകരിച്ചിട്ടുണ്ട്‌......... ഖുനൂത്തിന്റെ അവസ്ഥയും അതുതന്നെ. തര്‍ക്കം, അത്‌ മുസ്‌തഹബ്ബാണൊ കറാഹത്താണൊ എന്നതില്‍ മാത്രം. ഖുനൂത്‌ ചൊല്ലിയാലും ഉപേക്ഷിച്ചാലും നമസ്‌കാരം ശരിയാകും എന്നതില്‍ പൊതുവെ പണ്ഡിതര്‍ യോജിച്ചിരിക്കുന്നു'' (ഖിലാഫുല്‍ ഉമ്മത്തിഫില്‍ ഇബാദാത്ത്‌ വമദ്‌ഹബു അഹ്‌ലിസ്സുന്നവല്‍ ജമാഅ, 110-118).

7. ``ശാഖാപരമായ വിഷയങ്ങളിലും ജുസ്‌ഇയ്യ്‌ത്തിലും ഉള്ള അഭിപ്രായാന്തരങ്ങള്‍ അനുഗ്രഹമാണ്‌. ചിലര്‍ അങ്ങനെയല്ലെന്ന്‌ ചിന്തിക്കുന്നവരാണ്‌. അവര്‍ ഈ ആയത്ത്‌ തെളിവായി ഉദ്ധരിക്കുന്നു: `നിന്റെ നാഥന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ ജനങ്ങളെ ഒരൊറ്റ സമുദായമാക്കാമായിരുന്നു. അവര്‍ വിഭിന്നരായിത്തന്നെയിരിക്കും; `നിന്റെ റബ്ബിന്റെ കാരുണ്യം ലഭിച്ചവരൊഴികെ. അതിനാണവന്‍, അവരെ സൃഷ്‌ടിച്ചിരിക്കുന്നത്‌' -സൂറത്തുഹൂദ്‌: 118-119. ഈ ആയത്ത്‌ എനിക്കാണ്‌ തെളിവാകുന്നത്‌. അല്ലാഹുവിന്റെ ഉദ്ദേശ്യമനുസരിച്ച്‌ അഭിപ്രായാന്തരങ്ങള്‍ ഒരു യാഥാര്‍ഥ്യമാണ്‌. അത്‌ തടയാനാകില്ല. അല്ലാഹുവിന്റെ കാരുണ്യം ലഭിക്കുന്നവരില്‍നിന്ന്‌ ഭിന്നയുള്ളവരെ ഒഴിവാക്കിയിട്ടുണ്ടല്ലോ എന്നാണ്‌ വാദിക്കുന്നതെങ്കില്‍ അതിനുള്ള മറുപടി ഇതാണ്‌; ഭിന്നതയെ അടിസ്ഥാന ഗുണമായി കൊണ്ടുനടക്കുന്നവരെ സംബന്ധിച്ച്‌ ഇത്‌ ശരിയാണ്‌. വിശ്വാസകാര്യങ്ങളിലും അടിസ്ഥാന വിഷയങ്ങളിലുമുള്ള ഭിന്നതയാണിത്‌. ജൂത ക്രൈസ്‌തവരുമായും മറ്റു ഭിന്നതപോലെ. പരസ്‌പരം കാഫിറാക്കുന്ന എല്ലാ സമുദായത്തിലെയും കക്ഷികളും തഥാ. എന്നാല്‍ ശാഖാപ്രശ്‌നങ്ങളിലും മറ്റുമുള്ള ഖണ്ഡിതമായ പ്രമാണമല്ലാത്തവയില്‍ ഭിന്നത അനിവാര്യമാണ്‌.'' .....``ഇമാം ഹസന്‍(റ)ല്‍ നിന്ന്‌ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ നേരത്തെ പറഞ്ഞ ആയത്തിന്റെ വ്യാഖ്യാനത്തില്‍ ഇങ്ങനെ ഉദ്ധരിച്ചിട്ടുണ്ട്‌: `അല്ലാഹുവിന്റെ കാരുണ്യത്തിന്‌ അര്‍ഹരായവര്‍ ഉപദ്രവകരമായ ഭിന്നത പുലര്‍ത്തുകയില്ല'-ഖണ്ഡിതമായി വിധിപറയാന്‍ കഴിയാത്ത ഇജ്‌തിഹാദി പ്രശ്‌നങ്ങളിലായിരിക്കും അവര്‍ ഭിന്നിക്കുക.... അല്ലാഹുവിന്റെ കാരുണ്യം ലഭിച്ച സ്വഹാബികള്‍തന്നെ ഇജ്‌തിഹാദി പ്രശ്‌നങ്ങളില്‍ ഭിന്നിച്ചിട്ടുണ്ട്‌. .....ശാഖാ വിഷയങ്ങളിലുള്ള ഭിന്നിപ്പ്‌ അതിലെ അവരുടെ ഏകോപിതാഭിപ്രായം പോലത്തന്നെയാണ്‌ (അല്‍ഇഅ്‌ത്വിസാം-ലിശാത്വിബി 2/168).
8. ``കര്‍മശാസ്‌ത്ര മദ്‌ഹബുകള്‍ക്കിടയില്‍ ചില വിഷയങ്ങളില്‍ അഭിപ്രായ ഭിന്നതയുണ്ടാകാന്‍ വൈജ്ഞാനികമായ കാരണങ്ങളുണ്ട്‌; അതിനുപിന്നില്‍ അല്ലാഹുവിന്റെ അടിമകള്‍ക്ക്‌ കാരുണ്യമാണുള്ളത്‌. പ്രമാണങ്ങളില്‍നിന്ന്‌ വിധികള്‍ നിര്‍ധാരണം ചെയ്‌തെടുക്കുന്നതിലെ വിശാലതയും. ഇത്തരം ഭിന്നതകളെ ഇല്ലാതാക്കാനാവില്ല. കാരണം അടിസ്ഥാന പ്രമാണങ്ങളില്‍ ഏറെയും ഒന്നിലധികം അര്‍ഥങ്ങള്‍ക്ക്‌ സാധ്യതയുള്ളതാണ്‌. നടക്കാന്‍ സാധ്യതയുള്ള എല്ലാ സംഭവങ്ങളെയും ഉള്‍ക്കൊള്ളാന്‍ പ്രമാണങ്ങള്‍ക്ക്‌ കഴിയില്ല. കാരണം പ്രമാണങ്ങള്‍ പരിമിതമാണ്‌. സംഭവങ്ങള്‍ അസംഖ്യവും. അപ്പോള്‍ അനിവാര്യമായും നാം ഖിയാസിനെ അവലംബിക്കേണ്ടി വരും. വിധികളുടെ കാരണങ്ങളും നിയമദാതാവിന്റെ ലക്ഷ്യവും ശരീഅത്തിന്റെ ഉദ്ദേശ്യങ്ങളും പരിഗണിക്കേണ്ടിവരും. ഒരു സംഭവത്തെക്കുറിച്ച്‌ വിധിപറയുന്നതില്‍ അതെല്ലാം അവലംബിക്കേണ്ടതുണ്ട്‌. ഇതിലെല്ലാം ഒരേ വിഷയത്തില്‍ തന്നെ പണ്ഡിതന്മാരുടെ ധാരണകളും മുന്‍ഗണനകളും വ്യത്യസ്‌തമാകും; . പണ്ഡിതന്മാരെല്ലാം സത്യമാണ്‌ അന്വേഷിക്കുന്നത്‌. ശരിയായ നിലപാടിലെത്തിയവര്‍ക്ക്‌ രണ്ടു പ്രതിഫലം. തെറ്റിയാല്‍ ഒരു പ്രതിഫലം. ഇവിടെ നിന്നാണ്‌ വിശാലതയും കാരുണ്യവും ഉണ്ടാകുന്നത്‌'' (ഖിലാഫുല്‍ ഉമ്മത്തിഫില്‍ ഇബാദാത്ത്‌-ഇബ്‌നുതൈമിയ്യ, പേജ്‌: 19-21, ദാറുല്‍ കിതാബുല്‍ അറബി, ബൈറൂത്ത്‌).

ഇബ്‌നുല്‍ ഖയ്യിമിന്റെ 
കാഴ്‌ചപ്പാട്‌
സലഫിധാരയിലെ പ്രമുഖ പണ്ഡിതന്‍ ഇബ്‌നുഖയ്യിമുല്‍ ജൗസിയ്യ സുബ്‌ഹി നമസ്‌കാരത്തിലെ ഖുനൂത്തിനെയും ബിസ്‌മിയെയും സംബന്ധിച്ച്‌ പറയുന്നു: ``നീതിമാനായ ഒരു പണ്ഡിതന്‌ പറയാവുന്ന സന്തുലിതമായ നിലപാടിതാണ്‌; നബി(സ) ബിസ്‌മി... ഉറക്കെ ഓതിയിരുന്നു, പതുക്കെയും ഓതിയിരുന്നു. ഖുനൂത്‌ ചൊല്ലിയിരുന്നു. ചൊല്ലാതെയുമിരുന്നു. ഉറക്കെ ബിസ്‌മി ചൊല്ലിയതിനെക്കാള്‍ കൂടുതലായിരുന്നു പതുക്കെ പറഞ്ഞത്‌. ഖുനൂത്‌ ഓതിയതിനെക്കാള്‍ കൂടുതല്‍ ഓതാതിരുന്നതായിരുന്നു. ദുരന്തസന്ദര്‍ഭങ്ങളില്‍ തന്റെ ജനതക്കുവേണ്ടിയും പ്രതിയോഗികള്‍ക്കെതിരെയും മാത്രമായിരുന്നു ഖുനൂത്‌. ബന്ധികള്‍ മോചിതരായി എത്തിയപ്പോള്‍ നബി ഖുനൂത്‌ നിര്‍ത്തി....
അബൂഹുറയ്‌റയില്‍ നിന്ന്‌ പ്രബലമായ ഒരു നിവേദനം ഇങ്ങനെ വന്നിട്ടുണ്ട്‌; അല്ലാഹുവാണ! പ്രവാചകന്റെ നമസ്‌കാരത്തോട്‌ നിങ്ങളില്‍ ഏറ്റവും അടുത്തുനില്‍ക്കുന്ന ആളാണ്‌ ഞാന്‍! അബൂഹുറൈറ സുബ്‌ഹിയിലെ അവസാന റക്‌അത്തില്‍ റുകൂഇനുശേഷം ഖുനൂത്‌ ഓതാറുണ്ടായിരുന്നു... നബി(സ) അപ്രകാരം ചെയ്‌തിരുന്നുവെന്നതില്‍ സംശയമില്ല. ഇത്തരമൊരു ഖുനൂത്ത്‌ സുന്നത്താണെന്ന്‌ അവരെ പഠിപ്പിക്കാന്‍ അബൂഹുറൈറ ആഗ്രഹിച്ചു. നബി(സ) അങ്ങനെ ചെയ്‌തിരുന്നു. ഇത്‌ കൂഫക്കാര്‍ക്കുള്ള മറുപടിയാണ്‌. ദുരന്തങ്ങള്‍ ഉണ്ടാകട്ടെ, ഇല്ലാതിരിക്കട്ടെ സുബ്‌ഹിയില്‍ ഖുനൂത്‌ ഓതുന്നത്‌ നിരുപാധികം ഖൂഫക്കാര്‍ വെറുത്തു. അത്‌ ദുര്‍ബലപ്പെടുത്തപ്പെട്ടതും ബിദ്‌അത്തും ആണെന്ന്‌ അവര്‍ പറയുന്നു. എന്നാല്‍ രണ്ടു നിലപാടുകള്‍ക്കുമിടയിലെ സന്തുലിത കാഴ്‌ച്ചപ്പാടാണ്‌ അഹ്‌ലുല്‍ ഹദീസിന്റേത്‌. രണ്ടു വിഭാഗങ്ങളെക്കാള്‍ ഹദീസ്‌ ലഭിക്കാന്‍ ഭാഗ്യം കിട്ടിയിട്ടുള്ളതും ഇവര്‍ക്കാണ്‌. നബി(സ) ഖുനൂത്‌ ഓതിയ സന്ദര്‍ഭങ്ങളില്‍ അവര്‍ ഖുതൂത്‌ ഓതുന്നു നബി(സ) ഉപേക്ഷിച്ചിട്ടാണ്‌ അവരും ഉപേക്ഷിക്കുന്നു. ഖുനൂത്‌ ഓതുന്നതില്ല ഉപേക്ഷിക്കുന്നതിലും അവര്‍ നബിയെ പിന്തുടരുന്നു. അവരുടെ നിലപാട്‌ ഇതാണ്‌; ഖുനൂത്‌ ഓതല്‍ സുന്നത്താണ്‌, അത്‌ ഉപേക്ഷിക്കലും സുന്നത്തുതന്നെ. സ്ഥിരമായി ഖുനൂത്‌ ഓതുന്നവരെ അവര്‍ ആക്ഷേപിക്കുകയില്ല. അത്‌ ചെയ്യുന്നത്‌ അവര്‍ വെറുക്കുന്നില്ല. അത്‌ ബിദ്‌അത്തായും അവര്‍ കാണുന്നില്ല. അത്‌ ചെയ്യുന്നവന്‍ സുന്നത്തിന്‌ എതിര്‌ പ്രവര്‍ത്തിക്കുന്നവനായും കരുതുന്നില്ല. അപകട സന്ദര്‍ഭങ്ങളിലും ഖുനൂത്‌ ഓതാത്തവരെ അവര്‍ അധിക്ഷേപിക്കില്ല. അത്‌ ചൊല്ലാതിരിക്കുന്നത്‌ ബിദ്‌അത്തായി അവര്‍ കാണുന്നില്ല. അത്‌ ഉപേക്ഷിക്കുന്നവന്‍ സുന്നത്തിന്‌ എതിരുചെയ്‌തുവെന്നും അവര്‍ പറയില്ല. ഖുനൂത്‌ ഓതുന്നവന്‍ നല്ലത്‌ ചെയ്യുന്നു, ഖുനൂത്‌ ഉപേക്ഷിക്കുന്നവനും നല്ലത്‌ ചെയ്യുന്നു. ഇഅ്‌തിദാല്‍ പ്രാര്‍ഥനയുടെയും പുകഴ്‌ത്തലിന്റെയും സന്ദര്‍ഭമാണ്‌. നബി അവിടെ അത്‌ രണ്ടും ചെയ്‌തിട്ടുണ്ട്‌. ഖുനൂത്‌ പ്രാര്‍ഥനയും പുകഴ്‌ത്തലുമാണ്‌. ഇവിടെ ഏറ്റവും ഉത്തമമാണത്‌. മഅ്‌മൂമുകള്‍ കേള്‍ക്കാനായി ഇമാം ഖുനൂത്‌ ഉറക്കെചൊല്ലുന്നതില്‍ തെറ്റില്ല. മഅ്‌മൂമുകള്‍ കേള്‍ക്കാനായി ഉമര്‍ പ്രാരംഭ പ്രാര്‍ഥന ഉറക്കെ ചൊല്ലിയിരുന്നു. മയ്യിത്ത്‌ നമസ്‌കാരത്തില്‍ ഇബ്‌നു അബ്ബാസ്‌ ഫാതിഹ ഉറക്കെ ഓതിയിരുന്നു; അത്‌ സുന്നത്താണെന്ന്‌ ജനങ്ങളെ അറിയിക്കലായിരുന്നു ലക്ഷ്യം. ഇമാം `ആമീന്‍' ഉറക്കെ പറയുന്നതും ഇതില്‍പെടുന്നു. അനുവദനീയമായ ഭിന്നതകളില്‍പെട്ട ഈ കാര്യങ്ങള്‍ ചെയ്‌തതിന്റെ പേരിലൊ ഉപേക്ഷിക്കുന്നതുകൊണ്ടോ ആരെയും ആക്ഷേപിക്കാന്‍ പാടില്ല. ഇപ്രകാരം തന്നെയാണ്‌, നമസ്‌കാരത്തില്‍ കൈകള്‍ ഉയര്‍ത്തലും ഉയര്‍ത്താതിരിക്കലും ശഹാദത്തിന്റെ ഇനങ്ങളിലുള്ള ഭിന്നത, ഇഖാമത്തിന്റെയും ബാങ്കിന്റെയും ഇനങ്ങള്‍, ഇഫ്‌റാദ്‌, ഖിറാന്‍, തമത്തുഅ്‌ എന്നീ ഹജ്ജിലെ ഇനങ്ങള്‍ തുടങ്ങിയവ.... സുബ്‌ഹിയിലെ ഖുനൂത്തും ബിസ്‌മി ഉറക്കെ ഓതലും നബി(സ) പതിവായി ചെയ്‌തിരുന്നില്ല എന്നതുകൊണ്ട്‌, അത്‌ സ്ഥിരമായി ചെയ്യുന്നത്‌ വെറുക്കപ്പെട്ട കാര്യമാകുന്നില്ല. അത്‌ ബിദ്‌അത്താകുന്നുമില്ല. മറിച്ച്‌ നബിയുടെ ചര്യയാണ്‌ പരിപൂര്‍ണവും ശ്രേഷ്‌ടവും'' (സാദുല്‍ മആദ്‌, ഇബ്‌നുഖയ്യിമുല്‍ ജൗസിയ്യ-1/272-275, മുഅസ്സത്തുരിസാല).

ഇബ്‌നുബാസിന്റെ നിലപാട്‌
ആധുനിക സലഫീപണ്ഡിതരില്‍ പ്രമുഖനും സുഊദിയിലെ ഉന്നതപണ്ഡിത സഭയുടെ അധ്യക്ഷനുമായിരുന്ന ശൈഖ്‌ ഇബ്‌നുബാസ്‌ കര്‍മ്മശാസ്‌ത്ര ഭിന്നതകളെക്കുറിച്ച്‌ പറയുന്നു: നമസ്‌കാരത്തില്‍ റുകൂഇന്‌ മുമ്പും ശേഷവും കൈവെക്കേണ്ടത്‌ അതല്ല മറ്റെവിടെയെങ്കിലുമാണോ തുടങ്ങിയ കാര്യങ്ങള്‍ സുന്നത്തിന്റെ പട്ടികയിലാണ്‌ വരുന്നത്‌. പണ്ഡിതാഭിപ്രായപ്രകാരം ഒരിക്കലും അത്‌ നിര്‍ബന്ധകാര്യങ്ങളുടെ ഗണത്തില്‍ വരുന്നതല്ല. ഒരു വ്യക്തി റുകൂഇന്‌ മുമ്പോ ശേഷമോ കൈകെട്ടാതെയാണ്‌ നമസ്‌കരിച്ചതെങ്കില്‍പോലും അയാളുടെ നമസ്‌കാരം തികച്ചും സ്വീകാരയോഗ്യമാണ്‌. അയാള്‍ ചില ശ്രേഷ്‌ടതകള്‍ ഉപേക്ഷിച്ചുവെന്ന്‌ മാത്രമേയുള്ളൂ. ഒരിക്കലും മുസ്‌ലിംകള്‍ അത്തരം പ്രശ്‌നങ്ങള്‍ തര്‍ക്കത്തിന്റെയും ഭിന്നതയുടെയും അകല്‍ച്ചയുടെയും കാരണമായി സ്വീകരിക്കരുത്‌. ഇമാം ശൗകാനി നൈലുല്‍ ഔതാറില്‍ കൈകെട്ടുന്നത്‌ വാജിബാണെന്ന്‌ പറഞ്ഞിട്ടുണ്ടെങ്കിലും അതിന്റെ പേരില്‍ മുസ്‌ലിംകള്‍ വിഘടിച്ചുനില്‍ക്കാവതല്ല. അതേയവസരം, തഖ്‌വയുടെയും നന്മയുടെയും മാര്‍ഗത്തില്‍ സഹകരിച്ച്‌ പ്രവര്‍ത്തിക്കുകയും പരസ്‌പരവിദ്വേഷത്തില്‍ നിന്ന്‌ അകന്ന്‌ നില്‍ക്കുകയും ചെയ്യേണ്ടത്‌ മുസ്‌ലിംകള്‍ക്ക്‌ വാജിബാണ്‌. ഭിന്നിപ്പിന്‌ കാരണമാകുന്ന കാര്യങ്ങളെക്കുറിച്ച്‌ കരുതിയിരിക്കേണ്ടതാണ്‌. കാരണം, അല്ലാഹു മുസ്‌ലിംകള്‍ക്കിടയില്‍ ഐക്യവും സാഹോദര്യവും നിര്‍ബന്ധമാക്കിയിരിക്കുന്നു. ``അല്ലാഹുവിന്റെ കയര്‍ നിങ്ങള്‍ മുറുകെപിടിക്കുക അതില്‍ ഭിന്നിക്കരുത്‌ (2:103), പ്രവാചകന്‍ പറഞ്ഞു: അല്ലാഹു മൂന്ന്‌ കാര്യങ്ങളില്‍ നിങ്ങളില്‍ തലവനായിരിക്കും. ഒന്ന്‌, അല്ലാഹുവിന്റെ പാശം മുറുകെപിടിക്കുക, അതില്‍ ഭിന്നിക്കാതിരിക്കുക. മൂന്ന്‌, ഭരണകര്‍ത്താക്കളോട്‌ ഗുണകാംക്ഷ പുലര്‍ത്തുക.''
``ആഫ്രിക്കയിലും ഇതര രാജ്യങ്ങളിലും എന്റെ മുസ്‌ലിം സഹോദരങ്ങള്‍ക്കിടയില്‍, കൈകെട്ടുന്നത്‌ സംബന്ധമായ പ്രശ്‌നങ്ങള്‍മൂലം കഠിനമായ വിദ്വേഷവും അകല്‍ച്ചയും നിലനില്‍ക്കുന്നതായി എനിക്കറിയാന്‍ കഴിഞ്ഞു. ഇത്‌ സംഭവിക്കാന്‍ പാടില്ലാത്തതും തെറ്റുമാണെന്ന കാര്യത്തില്‍ അഭിപ്രായാന്തരമില്ല. സ്‌നേഹവും സാഹോദര്യവും ഐക്യവും നിലനിര്‍ത്തിക്കൊണ്ട്‌ സത്യം മനസിലാക്കുന്നതില്‍ പരസ്‌പരധാരണയും ഗുണകാംക്ഷയും അനിവാര്യമാണ്‌. പ്രവാചകാനുയായികള്‍ തമ്മില്‍പോലും ശാഖാപരമായ പ്രശ്‌നങ്ങളില്‍ അഭിപ്രായ വൈജാത്യങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ, അതൊരിക്കലും അവര്‍ക്കിടയില്‍ അനൈക്യത്തിനോ അകല്‍ച്ചക്കോ കാരണമായില്ല. അവരുടെ ലക്ഷ്യം തെളിവുകള്‍ സഹിതം സത്യം മനസ്സിലാക്കുക മാത്രമായിരുന്നു. സത്യം വ്യക്തമായാല്‍ അവരതില്‍ ഒന്നിക്കും. ചിലര്‍ക്കത്‌ അവ്യക്തമായാല്‍, മറ്റുള്ളവരെ മാര്‍ഗഭ്രംശം സംഭവിച്ചവരായി മുദ്രകുത്തുക...........മാത്രമല്ല, സ്വന്തം സഹോദരനുമായുള്ള ആദര്‍ശബന്ധം തുടരുന്നതിനോ, തുടര്‍ന്ന്‌ നമസ്‌കരിക്കാനോ തടസമായില്ല. അല്ലാഹുവിനെ സൂക്ഷിക്കുക, സത്യം മുറുകെപിടിക്കുക, അതിലേക്ക്‌ ജനങ്ങളെ ക്ഷണിക്കുക, പരസ്‌പര ഗുണകാംക്ഷ പുലര്‍ത്തുക, ആദര്‍ശപരമായ സ്‌നേഹവും സാഹോദര്യവും നിലനിര്‍ത്തിക്കൊണ്ടുതന്നെ തെളിവുകള്‍ അവ്യക്തമാകുമ്പോള്‍ താന്‍ കൈകൊണ്ടിട്ടുള്ള ഇജ്‌തിഹാദ്‌ സഹോദരന്റെ മേല്‍ നടപ്പിലാക്കാന്‍ ശ്രമിക്കാതിരിക്കുക, ശാഖാപരമായ പ്രശ്‌നങ്ങളുടെപേരില്‍ പരസ്‌പരബന്ധം വിഛേദിക്കാതിരിക്കുക, തുടങ്ങിയ നമ്മുടെ ബാധ്യതയാണ്‌. അതാണ്‌ സലഫിസരണി'' (മജല്ലത്തുല്‍ ഫുര്‍ഖാന്‍, സലഫീ മാസിക, കുവൈത്ത്‌, 1999 ജൂലൈ).
ആധുനിക സലഫീ പണ്ഡിതരും അവരുള്‍പ്പെടുന്ന ഫത്‌വാസമിതികളും ഈ വിഷയത്തില്‍ സ്വീകരിച്ച മാതൃകാപരമായ നിലപാടുകള്‍ക്ക്‌ ധാരാളം ഉദാഹരണങ്ങളുണ്ട്‌. ദൈര്‍ഘ്യം ഭയന്ന്‌ അവ ഇവിടെ ഉദ്ധരിക്കുന്നില്ല. (ഫതാവാഅല്ലജ്‌നത്തിദ്ദാഇമ, ഫത്‌വ നമ്പര്‍-16113, പേജ്‌: 212, ശിഫാഉസ്സ്വുദൂര്‍-സൈനുദ്ദീന്‍ മര്‍ഈ ബിന്‍ യൂസുഫുല്‍ കര്‍മി-പേജ്‌-154, അര്‍റിആസത്തുല്‍ ആമ്മലില്‍ബുഹൂസില്‍ ഇല്‍മിയ്യ).
4

അതിവാദ പ്രവണതകള്‍
അഹ്‌ലുല്‍ ഹദീസിലെ പണ്ഡിതന്മാരും അവരുടെ അനുയായികളും ഇത്തരം വിഷയങ്ങളില്‍ മുന്‍കാലങ്ങളില്‍ പൊതുവെ പുലര്‍ത്തിയ കാര്‍ക്കശ്യം, ആധുനിക സലഫീപണ്ഡിതരില്‍ ചിലര്‍ കൂടുതല്‍ ആവേശത്തോടെ പുനരവതരിപ്പിക്കാന്‍ തുടങ്ങിയത്‌ സലഫികള്‍ക്കിടിയില്‍ തന്നെ ഈ വിഷയത്തില്‍ ഭിന്നതകള്‍ക്ക്‌ കാരണമായി. ഹദീസ്‌ നിദാന ശാസ്‌ത്രത്തിലെ സങ്കേതങ്ങള്‍ ഉപയോഗിച്ച്‌, പല സ്വഭാവത്തില്‍ സ്വീകാര്യയോഗ്യമെന്ന്‌ പൊതുവെ അംഗീകരിക്കപ്പെട്ട ഹദീസുകളെ ബലമുള്ളതും ഇല്ലാത്തതും എന്ന്‌ വേര്‍തിരിക്കുകയും, `തങ്ങളുടെ മാനദണ്ഡമനുസരിച്ച്‌' ഏറ്റവും ബലമുള്ളതിന്റെ അടിസ്ഥാനത്തില്‍ മാത്രം പ്രവര്‍ത്തിക്കണമെന്ന്‌ ചിലര്‍ ശഠിക്കുകയും ചെയ്‌തതാണ്‌ പുതിയ അതിവാദങ്ങള്‍ സലഫിസത്തിനകത്തു സൃഷ്‌ടിക്കപ്പെടാനുള്ള ഒരു കാരണം. നേരത്തെ സൂചിപ്പിച്ചതുപൊലെ, ശൈഖ്‌ നാസ്വിറുദ്ദീന്‍ അല്‍ബാനിയാണ്‌ ഇതിന്‌ ഒരുപരിധിവരെ കാരണക്കാരനായത്‌. ഒരു വിഷയത്തില്‍ നിവേദനം ചെയ്യപ്പെട്ട പല ഹദീസുകളില്‍നിന്ന്‌ തന്റെ വീക്ഷണത്തില്‍ ഏറ്റവും ബലമുള്ളതിന്റെ അടിസ്ഥാനത്തില്‍ മാത്രം കര്‍മങ്ങള്‍ അനുഷ്‌ഠിക്കണം എന്ന്‌ നിര്‍ബന്ധം പിടിക്കുകയും അതിനെക്കാള്‍ ബലം കുറഞ്ഞതെന്ന്‌ താന്‍ ധരിക്കുന്ന ഹദീസുകളുടെ വ്യാഖ്യാന സാധ്യതകളെ നിരാകരിക്കുകയുമാണ്‌ അല്‍ബാനിയും ശിഷ്യന്മാരും ചെയ്‌തത്‌. പൗരാണിക പണ്ഡിതനായ ഇമാം ഇബ്‌നുഹസം ഈ വിഷയത്തില്‍ പുലര്‍ത്തിയ കാര്‍ക്കശ്യത്തിന്റെ കുറെക്കൂടി വികസിച്ചരീതിയാണ്‌ അല്‍ബാനി മുന്നോട്ടു വെച്ചത്‌.
ഉദാരഹണമായി, തറാവീഹിന്റെ റക്‌അത്തുകളുടെ എണ്ണത്തിലുള്ള തര്‍ക്കം പരിശോധിക്കുക. വിഷയത്തില്‍ ഉദ്ധരിക്കപ്പെട്ട ഹദീസുകള്‍ പരിശോധിച്ച ഇബ്‌നു തൈമിയ പതിനൊന്ന്‌ റക്‌അത്താണ്‌ ഉത്തമം എന്ന്‌ പ്രഖ്യാപിച്ചു. അതോടൊപ്പം 23, 30 തുടങ്ങിയ എണ്ണം റക്‌അത്തുകള്‍ നമസ്‌കരിക്കാമെന്നും അത്‌ നബിചര്യക്ക്‌ വിരുദ്ധമല്ലെന്നും മറ്റു ഹദീസുകള്‍ മുമ്പില്‍വെച്ചുകൊണ്ട്‌ ഇബ്‌നുതൈമിയ്യ വിശദീകരിച്ചു. ഒരു നിലപാടിന്‌ മുന്‍ഗണന നല്‍കുമ്പോള്‍തന്നെ മറ്റു ചില വീക്ഷണങ്ങള്‍ക്കുള്ള സാധ്യത അംഗീകരിക്കുകയാണ്‌ ശൈഖുല്‍ ഇസ്‌ലാം ചെയ്‌തത്‌. എന്നാല്‍ ഇബ്‌നുതൈമിയ്യയുടെ ഈ നിലപാടിനെ വിമര്‍ശിച്ച നാസ്വിറുദ്ദീന്‍ അല്‍ബാനി തറാവീഹ്‌ പതിനൊന്ന്‌ റക്‌അത്ത്‌ മാത്രമേ നമസ്‌കരിക്കപ്പെട്ട, അതിലേറെ നമസ്‌കരിക്കുന്നത്‌ ബിദ്‌അത്തും നബിചര്യക്ക്‌ വിരുദ്ധവും എന്ന്‌ ഖണ്ഡിതമായി പ്രഖ്യാപിച്ചു. തീരെ ദുര്‍ബലമായ ഹദീസുകള്‍ നിരാകരിച്ച ശേഷവും ഇബ്‌നുതൈമിയ്യ പരിഗണിച്ച, സ്വീകാര്യതയില്‍ (സ്വിഹത്ത്‌) പലതലങ്ങളില്‍ നില്‍ക്കുന്ന ഹദീസുകളെ അല്‍ബാനി തള്ളിപ്പറയുകയും ഒരു വീക്ഷണത്തിലുള്ള ഹദീസുകള്‍ മാത്രം സ്വീകാര്യയോഗ്യം എന്ന്‌ വിധിക്കുകയും ചെയ്‌തതാണിതിന്റെ കാരണങ്ങളില്‍ ഒന്ന്‌. മദ്‌ഹബിന്റെ ഇമാമുമാര്‍ക്ക്‌ സ്വഹീഹായ ചില ഹദീസുകള്‍ ലഭിക്കാതിരുന്നതിനാലാണ്‌ അവരില്‍നിന്ന്‌ ചില സ്‌ഖലിതങ്ങള്‍ സംഭവിച്ചതെന്ന്‌, അംഗീകരിക്കാം. കാരണം ഇമാമുമാരുടെ കാലശേഷമാണ്‌ പ്രമുഖ ഹദീസ്‌ഗ്രന്ഥങ്ങള്‍ ക്രോഡീകരിക്കപ്പെട്ടതും ഹദീസ്‌ നിദാനശാസ്‌ത്രം വളര്‍ന്നു വികസിച്ചതും. എന്നാല്‍ ബുഖാരി, മുസ്‌ലിം തുടങ്ങിയ ഹദീസ്‌ സമാഹാരങ്ങള്‍ ഉണ്ടായ ശേഷം, അവയെല്ലാം പരിശോധിച്ച്‌ ശാഖാപരമായ ചില വിഷയങ്ങളില്‍ സലഫീധാരയിലെ മുന്‍നിര പണ്ഡിതന്മാര്‍ എടുത്ത സന്തുലിത നിലപാടിനെ തള്ളിപറയുന്നത്‌ ഏതടിസ്ഥാനത്തിലാണ്‌. ഇബ്‌നുതൈമിയ്യക്ക്‌ അറിയാത്ത ഹദീസൊന്നും ഹദീസല്ല എന്ന്‌ പണ്ഡിതന്മാര്‍ പറയാന്‍ മാത്രം ഹദീസ്‌ പരിജ്ഞാനിയായിരുന്നു ശൈഖുല്‍ ഇസ്‌ലാം. തറാവീഹിന്റെ റക്‌അത്തുകളെക്കുറിച്ച വിവിധ വീക്ഷണങ്ങള്‍ നന്നായി മനസിലാക്കയി ശേഷം, തദ്വിഷയകമായി വന്ന ഹദീസുകള്‍ എല്ലാം പരിശോധിച്ച ശേഷമാണ്‌ ശൈഖുല്‍ ഇസ്‌ലാം തന്റെ സന്തുലിതമായ കാഴ്‌ചപ്പാട്‌ അവതരിപ്പിച്ചത്‌; ഏറ്റവും ഉത്തമം പതിനൊന്നു റക്‌അത്താണ്‌, അതിലധികം നമസ്‌കരിക്കുന്നതു തെറ്റല്ല. സ്വഹാബിമാരില്‍നിന്ന്‌ അതിനു മാതൃകയുണ്ട്‌. ഇതിനെയാണ്‌ ശൈഖ്‌ നാസ്വിറുദ്ദീന്‍ അല്‍ബാനി ശക്തമായി ഖണ്ഡിച്ചത്‌. പതിനൊന്നിലധികം നമസ്‌കരിക്കുന്നത്‌ ബിദ്‌അത്തും പ്രവാചകചര്യക്ക്‌ വിരുദ്ധവുമാണ്‌ എന്നതത്രെ അദ്ദേഹത്തിന്റെ വാദം (ഖിയാമുറമദാന്‍-നാസ്വിറുദ്ദീന്‍ അല്‍ബാനി).
സലഫി ലോകത്തുതന്നെ വിവാദമായിത്തീര്‍ന്ന ഈ നിലപാട്‌, ഏറ്റുപിടിക്കാന്‍ പല ഭാഗത്തു ചില സലഫി വിഭാഗങ്ങള്‍ രംഗത്തുവരികയുണ്ടായി. കേരളത്തിലും അതിന്റെ അനുരണനങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. മുജാഹിദ്‌ നേതാവ്‌ കെ.കെ സകരിയ്യ സ്വലാഹിയുടെ എഴുതിയത്‌ ശ്രദ്ധിക്കുക; ``.....രാത്രി നമസ്‌കാരം ഈ രണ്ട്‌ ഈ രണ്ടാണ്‌ എന്ന ഹദീസ്‌ പതിനൊന്ന്‌ റക്‌അത്തിന്റെ രൂപം വിവരിക്കുകയാണ്‌ ചെയ്യുന്നത്‌. അല്ലാതെ റക്‌അത്ത്‌ എത്യയുമാവാമെന്ന്‌ ധ്വനിപ്പിക്കുകയല്ല എന്ന്‌ വ്യക്തം. ഇതുകൊണ്ടാണ്‌ അറബികളുടെ-ഇബ്‌നുതൈമിയ്യ മുതല്‍ ഇബ്‌നുബാസ്‌ വരെയുള്ളവരുടെ-വ്യാഖ്യാനം അബദ്ധമാണ്‌, പിഴവാണ്‌ എന്ന്‌. നാം ഇത്രയും കാലം ജനങ്ങളെ പഠിപ്പിച്ചത്‌. അറബ്‌ ലോകത്തെ ആധുനിക പണ്ഡിതന്മാരെക്കാള്‍ എത്രയോ ഉന്നതരായ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയയെപ്പോലുള്ളവര്‍ മേല്‍പറഞ്ഞവിധം വ്യാഖ്യാനിച്ചിട്ടും നാം ആ വ്യാഖ്യാനം സ്വീകരിക്കാതിരുന്നത്‌ നബിചര്യയില്‍ സ്ഥിരപ്പെട്ടത്‌ സ്വീകരിക്കണം എന്ന നിലക്കായിരുന്നു... എന്നാല്‍ അറബ്‌ ലോകത്ത്‌ മാത്രമല്ല, മുസ്‌ലിം ലോകത്താകമാനം വൈജ്ഞാനിക കൊടുങ്കാറ്റ്‌ സൃഷ്‌ടിച്ച ലോക പ്രശസ്‌ത സലഫി പണ്ഡിതനും മുഹദ്ദിസുമായിരുന്ന മുഹമ്മദ്‌ നാസ്വിറുദ്ദീന്‍ അല്‍ബാനി തന്റെ `സ്വലാത്തുത്തറാവീഹ്‌' എന്ന പ്രസിദ്ധ ഗ്രന്ഥത്തില്‍ ഈ വാദക്കാരെ എതിര്‍ക്കുകയും പതിനൊന്നിലധികം തറാവീഹ്‌ നമസ്‌കരിക്കുന്നതിന്‌ ഹദീസില്‍ യാതൊരടിസ്ഥാനവുമില്ലെന്ന്‌ ശക്തിയുക്തം സമര്‍ഥിക്കുകയും ചെയ്‌തിട്ടുണ്ട്‌. അറബ്‌ ലോകത്ത്‌ കോളിളക്കം സൃഷ്‌ടിച്ച ഗ്രന്ഥമാണിത്‌ (ഗള്‍ഫ്‌ സലഫികളും കേരളത്തിലെ ഇസ്‌ലാഹി പ്രസ്ഥാനവും കെ.കെ സകരിയ്യ സ്വലാഹി, പേജ്‌: 139-149).
തറാവീഹ്‌ പതിനൊന്ന്‌ റക്‌അത്താണ്‌ ഉത്തമം എന്ന്‌പറയുമ്പോള്‍ തന്നെ അതിലധികം നമസ്‌കരിക്കുന്നത്‌ നബിചര്യക്ക്‌ എതിരല്ലെന്നും അനുവദനീയമാണെന്നും പ്രഖ്യാപിച്ച സലഫി പണ്ഡിതന്മാര്‍, ഇബ്‌നുതൈമിയക്കുപുറമെ വേറെയുമുണ്ട്‌. കേരളത്തില്‍ സലഫി മുജാഹിദു ധാരയിലുള്ള പണ്ഡിതന്മാരിലും പലരും ഈ നിലപാടുള്ളവരായിരുന്നു. (ഗള്‍ഫ്‌ സലഫിസവും ഇസ്‌ലാഹി പ്രസ്ഥാനവും, എം.ഐ മുഹമ്മദലി സുല്ലമി) സലഫിധാരയില്‍ പൊതുവെ അംഗീകരിക്കപ്പെട്ടുവന്ന ഈ സമീപനരീതിയില്‍ മാറ്റം വരുത്തുകയാണ്‌ അല്‍ബാനിയും ശിഷ്യന്മാരും അവരെ അനുകരിച്ചവരും ചെയ്‌തത്‌.
പതിനൊന്നില്‍ കൂടുതല്‍ നമസ്‌കരിക്കുന്നത്‌ ബിദ്‌അത്തും നബിചര്യക്ക്‌ വിരുദ്ധവുമാണെന്ന വാദത്തെക്കുറിച്ച്‌ ചിന്തിക്കുക. സലഫികള്‍ പറയുന്നതനുസരിച്ചുള്ള `ബിദ്‌അത്തു'കളെല്ലാം മാര്‍ഗഭ്രംശവും (ളലാലത്ത്‌) എല്ലാ മാര്‍ഗഭ്രംശവും നരകത്തിലുമാണല്ലോ! അപ്പോള്‍ 11ല്‍ കൂടുതല്‍ തറാവീഹ്‌ നമസ്‌കരിച്ചാല്‍ നരകത്തില്‍ പോകും എന്നാണോ? എത്രമാത്രം അപഹാസ്യവും അപകടകരവുമാണ്‌ ഈ വാദം.
ഹദീസ്‌ നിദാനശാസ്‌ത്രത്തിലെ തലനാരിഴകീറിയ ഗവേഷണങ്ങളിലൂടെയാണ്‌ അല്‍ബാനി തന്റെ സമീപരീതി വികസിപ്പിച്ചെടുത്തത്‌. ഹദീസ്‌ വിജ്ഞാന മേഖലയില്‍ അദ്ദേഹത്തിന്റെ ത്യാഗപരിശ്രമങ്ങള്‍ വലിയൊരു മുതല്‍ക്കൂട്ടാണ്‌, തീര്‍ച്ച. എന്നാല്‍, കര്‍മശാസ്‌ത്രത്തിലെ ശാഖാപരമായ വിഷയങ്ങളിലെ അഭിപ്രായാന്തരങ്ങളെപോലും ഏകീകരിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം, ചരിത്ര യാഥാര്‍ഥ്യങ്ങളെ വിസ്‌മരിക്കുന്നതും സലഫി മന്‍ഹജിനുതന്നെ വിരുദ്ധവുമായിപ്പോയി എന്നതു ദുഃഖകരമാണ്‌. 
നമസ്‌കാരത്തെ സംബന്ധിച്ച ചര്‍ച്ചയില്‍, കൈകെട്ടേണ്ടത്‌ എവിടെ, എങ്ങനെ, കൈ ഉയര്‍ത്തേണ്ടത്‌ എപ്പോള്‍, എത്രവരെ, `ബിസ്‌മി' ഉറക്കെയോ പതുക്കെയോ ചൊല്ലേണ്ടത്‌. സുജൂദിലേക്ക്‌ പോകുമ്പോള്‍ ആദ്യം കൈ ആണോ നിലത്തുവെക്കേണ്ടത്‌, ഖുനൂത്തിന്റെ വിധിയെന്ത്‌, അത്തഹിയ്യാത്തിലെ വിരലനക്കം തുടങ്ങിയ ശാഖാപരമായ വിഷയങ്ങളെ കര്‍ക്കശസ്വഭാവത്തില്‍ സമീപിക്കുകയും തര്‍ക്കവിതര്‍ക്കങ്ങള്‍ നടത്തുകയും ചെയ്‌തിട്ടുണ്ട്‌ ശൈഖ്‌ അല്‍ബാനി. വ്യാഖ്യാനഭേദങ്ങള്‍ക്ക്‌ സാധ്യതയുള്ള വിഷയങ്ങളില്‍പോലും പ്രമാണപരത എന്ന തത്വത്തിന്റെ അടിസ്ഥാനത്തില്‍ ഏകാഭിപ്രായത്തെ ശക്തിയായി സ്ഥാപിക്കാന്‍ ശ്രമിക്കുന്നു അദ്ദേഹം. അതേസമയം, നമസ്‌കാരത്തിന്റെ ആത്മീയതയും ചൈതന്യവും ശൈഖ്‌ അല്‍ബാനി വിശദീകരിക്കുന്നില്ലെന്നു മാത്രമല്ല, പ്രസ്‌തുത ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കുകപോലും ചെയ്യുന്നില്ല. കര്‍മങ്ങളുടെ പ്രകടരൂപങ്ങള്‍ പ്രമാണബദ്ധമാക്കുന്നതിലാണ്‌ അദ്ദേഹത്തിന്റെ തീവ്രശ്രമം മുഴുവന്‍. ശാരീരിക ചലനങ്ങള്‍, പ്രാര്‍ഥനകളുടെയും ദിക്‌റുകളുടെയും വാചകഘടന എന്നിവ നിയമപരമായ രീതിയില്‍ സുന്നത്തിനെ പരിപൂര്‍ണമായും അനുകരിക്കുന്ന വിധത്തിലാകണമെന്ന്‌ ശഠിച്ചുകൊണ്ടാണ്‌ അദ്ദേഹം നമസ്‌കാരത്തെക്കുറിച്ച്‌ 225 പേജുള്ള ഗ്രന്ഥം രചിച്ചിരിക്കുന്നത്‌. ഫുഖഹാക്കളും തസ്വവ്വുഫിന്റെ വക്താക്കളും തമ്മിലുള്ള ചില ഭിന്നതകളെക്കുറിച്ച്‌ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ നടത്തിയ നിരൂപണം നേരത്തെ സൂചിപ്പിക്കുകയുണ്ടായി. ആത്മാവ്‌ ചോര്‍ന്നുപോയ അനുഷ്‌ഠാന മതത്തെ ഫുഖഹാക്കളില്‍ ചിലര്‍ അവതരിപ്പിച്ചതിന്റെ കുറേക്കൂടി വികസിച്ച മുഖമാണ്‌ അല്‍ബാനിയുടെ കൃതിയിലും കാണാനാകുന്നത്‌. കര്‍മങ്ങളുടെ ബാഹുരൂപങ്ങള്‍ നിയമാനുസൃതമാക്കാന്‍ ഉത്സാഹിക്കുന്നതിനപ്പുറം ആത്മസംസ്‌കരണവും ചൈതന്യവും പരിഗണിക്കപ്പെടാതെ പോകുന്നത്‌ ബാഹ്യാര്‍ഥ കേന്ദ്രീകൃതവും അക്ഷരവായനയിലധിഷ്‌ഠിതവുമായ സലഫിസത്തിന്റെ വലിയൊരു പരിമിതിയാണ്‌. ആ പരിമിതിയെ കുറെകൂടി കുടുസ്സാക്കുകയാണ്‌ ഇത്തരം അതിവാദങ്ങള്‍ ചെയ്യുന്നത്‌. കര്‍മശാസ്‌ത്രത്തിലെ ശാഖാപരമായ വിഷയങ്ങളിലുള്ള അഭിപ്രായാന്തരങ്ങള്‍പോലും അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന ശൈഖ്‌ അല്‍ബാനിയുടെ നിലപാടിന്റെ ചുരുക്കമിതാണ്‌; ``ദീനീ വിഷയങ്ങളില്‍ നബി(സ)യുടെ ചര്യ പിന്തുടരല്‍ നിര്‍ബന്ധ ബാധ്യത(വാജിബ്‌) ആണ്‌. ഇജ്‌തിഹാദിനൊ, അഭിപ്രായാന്തരത്തിനൊ ഇടമില്ലാത്ത തനി ഇബാദത്തുകളില്‍ വിശേഷിച്ചും. കാരണം അത്‌ തൗഖീഫിയ്യ്‌ ആണ്‌; നമസ്‌കാരം പോലെ. എന്നാല്‍ ചിലര്‍ അഭിപ്രായാന്തരങ്ങള്‍(ഇഖ്‌തിലാഫ്‌) അംഗീകരിക്കുന്നു. അതില്‍ ഉമ്മത്തിന്‌ വിശാലതയുണ്ടെന്നാണ്‌ അവരുടെ വാദം. ഒരു ഹദീസ്‌ അതിന്‌ തെളിവായി ഉദ്ധരിക്കുന്നുണ്ട്‌: ``എന്റെ സമുദായത്തിലെ അഭിപ്രായാന്തരങ്ങള്‍ അനുഗ്രഹമാണ്‌.'' സുന്നത്തിനെ സഹായിക്കുന്നവരെ(അന്‍സ്വാറുസുന്ന) പ്രതിരോധിക്കാന്‍ ഏറെക്കാലമായി ഇത്‌ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഈ ഹദീസ്‌ ശരിയല്ല, യാതൊരടിസ്ഥാനവും അതിനില്ല. മാത്രമല്ല ഖുര്‍ആനിന്റെ തത്ത്വങ്ങള്‍ക്ക്‌ എതിരാണ്‌ ഈ ഹദീസ്‌. ദീനില്‍ യാതൊരുവിധ അഭിപ്രായഭിന്നതയും പോടില്ല. ഏകോപിച്ചു നില്‍ക്കണം എന്നാണ്‌ കല്‍പന. ഖുര്‍ആന്‍ പറയുന്നു: `നിങ്ങള്‍ തര്‍ക്കിക്കരുത്‌. അപ്പോള്‍ നിങ്ങള്‍ ഛിന്നഭിന്നമാകും നിങ്ങളുടെ കാറ്റുപോകും' (അന്‍ഫാല്‍-46); `നിങ്ങള്‍ മുശ്‌രിക്കുകളില്‍പെട്ടു പോകരുത്‌. അഥവാ, തങ്ങളുടെ മതത്തെ ഛിന്നഭിന്നമാക്കുകയും പലകക്ഷികളായി പിരിയുകയും ചെയ്‌തവരുടെ കൂട്ടത്തില്‍പെടാതിരിക്കുക (അര്‍റൂം: 31, 32). മറ്റൊരിടത്ത്‌ ഖുര്‍ആന്‍ പറയുന്നു, `അവര്‍ അഭിപ്രായഭിന്നതയുള്ളവരായിക്കൊണ്ടേയിരിക്കും, നിന്റെ നാഥന്റെ കാരുണ്യം ലഭിച്ചിവരൊഴികെ' (ഹൂദ്‌: 118, 119). അല്ലാഹുവിന്റെ കാരുണ്യം ലഭിച്ചവര്‍ക്കിടയില്‍ അഭിപ്രായഭിന്നത ഉണ്ടാകില്ല, അസത്യത്തിന്റെ വക്താക്കള്‍ മാത്രമേ ഭിന്നിക്കൂ എങ്കില്‍ അഭിപ്രായഭിന്നത കാരുണ്യമാണെന്ന്‌ എങ്ങനെ പറയും.'' (സ്വിഫത്തുസ്വാലാത്തിന്നബിയില്‍ നിന്ന്‌ സംഗ്രഹിച്ചത്‌, പേജ്‌: 58-60).
മദ്‌ഹബിന്റെ അനുയായികള്‍ക്കിടയില്‍ പില്‍ക്കാലത്തുണ്ടായ ആക്ഷേപകരമായ കക്ഷിവഴക്കുകള്‍ തന്റെ വാദത്തിനു തെളിവായി അല്‍ബാനി ചൂണ്ടിക്കാട്ടുന്നുണ്ട്‌. മദ്‌ഹബുകളെ തഖ്‌ലീദ്‌ ചെയ്യന്നതിനെയും അദ്ദേഹം വിമര്‍ശിക്കുന്നു (അതേ പുസ്‌തകം, പേജ്‌: 60-63).
മദ്‌ഹുകളുടെ അനുയായികള്‍ക്കിടയില്‍ പില്‍ക്കാലത്തുണ്ടായ ശത്രുതാപരമായ സമീപനങ്ങള്‍ ഖുര്‍ആനും സുന്നത്തും വിലക്കിയ ഭിന്നതയില്‍ പെട്ടതാണ്‌. മദ്‌ഹബുകളിലുള്ള സുന്നത്തിന്‌ വിരുദ്ധമായി വീക്ഷണങ്ങള്‍ തീര്‍ച്ചയായും തിരുത്തപ്പെടേണ്ടതുമാണ്‌. ഇതില്‍ അല്‍ബാനിയുടെ കാഴ്‌ചപ്പാടിനോട്‌ ആരും എതിര്‍പ്പുപ്രകടിപ്പിക്കുമെന്ന്‌ തോന്നുന്നില്ല. എന്നാല്‍, ആരാധനാകര്‍മങ്ങളിലെ ശാഖാപരമായ കാര്യങ്ങളിലും വിശദാംശങ്ങളിലുമെല്ലാം `പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ട' ഒരേ ഒരു രീതി മാത്രമേ സ്വീകരിക്കാവൂ, വൈജാത്യങ്ങള്‍ ഭിന്നതയാണ്‌ എന്ന തരത്തിലുള്ള വാദങ്ങള്‍ക്ക്‌, പ്രമാണങ്ങളുടെയോ ചരിത്രത്തിന്റെയോ പിന്‍ബലമില്ല. സ്വഹാബികള്‍ക്കും സലഫുസ്വാലിഹുകള്‍ക്കുമിടയില്‍ ഉണ്ടായിരുന്ന അഭിപ്രായാന്തരങ്ങളെക്കുറിച്ച ചോദ്യത്തിന്‌ അല്‍ബാനി പറയുന്ന മറുപടി ദുര്‍ബലമാണ്‌. മാത്രമല്ല, ആ മറുപടിയില്‍ തന്നെ, ശാഖാപരമായ വിഷയങ്ങളിലെ അഭിപ്രായ ഭിന്നത അനിവാര്യമാണ്‌, പ്രമാണങ്ങള്‍ മനസ്സിലാക്കുന്നതിലും മറ്റുമുള്ള വ്യത്യാസമാണതിന്‌ കാരണം എന്ന്‌ അല്‍ബാനി തന്നെ വ്യക്തമാക്കുന്നുമുണ്ട്‌. ``അഭിപ്രായഭിന്നത ദീനില്‍ വിലക്കപ്പെട്ടതാണെങ്കില്‍, സ്വഹാബിമാരും അവര്‍ക്കുശേഷമുള്ള ഇമാമുകളും ഭിന്നിച്ചതെന്തുകൊണ്ടെന്ന്‌ ചിലര്‍ ചോദിക്കുന്നു. അവരുടെയും പില്‍ക്കാലക്കാരുടെ അഭിപ്രായഭിന്നതകള്‍ക്കിടയില്‍ അന്തരമുണ്ട്‌. സ്വഹാബികള്‍ക്കിടയിലെ ഭിന്നത അനിവാര്യകാരണങ്ങളാലായിരുന്നു, പ്രമാണങ്ങള്‍ മനസിലാക്കുന്നതിലെ സ്വാഭാവികമായ ഭിന്നതയായിരുന്നു. ഭിന്നതയെ അവര്‍ തെരഞ്ഞെടുത്തതല്ല. അവരുടെ കാലത്തുണ്ടായിരുന്ന മറ്റുചില ഘടകങ്ങളും അതിന്‌ കാരണമായിട്ടുണ്ട്‌. അനിവാര്യമായിരുന്ന അവരുടെ ഭിന്നത അവര്‍ക്കുശേഷം ഇല്ലാതാവുകയും ചെയ്‌തു. അത്തരം അഭിപ്രായഭിന്നതകളില്‍ നിന്ന്‌ പൂര്‍ണമായി രക്ഷപ്പെടാന്‍ സാധ്യമല്ല. ഭിന്നതയെ ആക്ഷേപിച്ച്‌ ആയത്തുകള്‍ അവരെ ബാധിക്കുകയില്ല. കാരണം അഭിപ്രായഭിന്നതയില്‍ അവര്‍ ഉറച്ചുനിന്നിരുന്നില്ല.'' ഇങ്ങനെ പോകുന്നു അല്‍ബാനിയുടെ കാഴ്‌ചപ്പാട്‌ (സ്വിഫത്തുസ്വാലാത്തിന്നബിയില്‍ നിന്ന്‌ സംഗ്രഹിച്ചത്‌, പേജ്‌: 58-60).
ഇതു തന്നെയാണ്‌, സ്വഹാബികളും താബിഉകളും ഇമാമുമാരും ബഹുഭൂരിപക്ഷം പണ്ഡിതന്മാരും അംഗീകരിച്ചിട്ടുള്ളത്‌. മാത്രമല്ല, ശൈഖുല്‍ ഇസ്‌്‌ലാം ഇബ്‌്‌നു തൈമിയ മുതല്‍ ശൈഖ്‌ ഇബ്‌നുബാസ്‌ വരെയുള്ള സലഫി പണ്ഡിതര്‍ ശാഖാപരമായ വിഷയങ്ങളിലെ അഭിപ്രായാന്തരങ്ങളെ അംഗീകരിച്ചിട്ടുണ്ടെന്ന്‌ നാം വിശദീകരിക്കുകയുണ്ടായി. ഈ സലഫീ പാരമ്പര്യത്തെ അല്‍ബാനി തള്ളിപറയുന്നത്‌ എന്തടിസ്ഥാനത്തിലാണ്‌?
ഈ `അല്‍ബാനി മദ്‌ഹബ്‌' കൃത്യമായി പ്രതിഫലിക്കുന്ന കൃതിയാണ്‌ `സ്വിഫത്തു സ്വലാത്തിന്നബി മിനത്ത്‌ക്‌ബീരി ഇലത്തസ്‌ലീം കഅന്നക്ക തറാഹു.'' പ്രവാചകന്റെ നമസ്‌കാരത്തിന്റെ ശരിയായ രീതി മനസ്സിലാക്കാന്‍ സഹായകമാകണമെന്ന ഉദ്ദേശ്യത്തോടെ രചിക്കപ്പെട്ട കൃതി, നമസ്‌കാരത്തിലെ ഐഛികവും ശാഖാപരവുമായ എല്ലാ ഓരോ കര്‍മത്തിലെയും വ്യാഖ്യാന ഭേദങ്ങളെ വരെ നിരാകരിക്കുകയും `ഏക മദ്‌ഹബ്‌' സ്ഥാപിച്ചെടുക്കുകയും ചെയ്യുകയെന്ന ദൗത്യമാണ്‌ നിര്‍വഹിക്കാന്‍ ശ്രമിക്കുന്നത്‌. ഗ്രന്ഥരചനയുടെ പശ്ചാത്തലവും ലക്ഷ്യവും അദ്ദേഹം വിശദീകരിക്കുന്നുണ്ട്‌; ``ഞാന്‍ എങ്ങനെ നമസ്‌കരിക്കുന്നതാണോ നിങ്ങള്‍ കണ്ടത്‌ അതുപോലെ നിങ്ങള്‍ നമസ്‌കരിക്കുക'' എന്നാണ്‌ നബി(സ) കല്‍പിച്ചിരിക്കുന്നത്‌. ഹാഫിദ്‌ മുന്‍ദിരിയുടെ `അത്തര്‍ഗീബു വത്തര്‍ഹീബിലെ' നമസ്‌കാരത്തെ കുറിച്ച അധ്യായം വായിക്കുകയും പഠിപ്പിക്കുകയും ചെയ്‌തപ്പോള്‍ ഇസ്‌ലാമില്‍ നമസ്‌കാരത്തിനുള്ള സ്ഥാനവും പ്രതിഫലവും മനസ്സിലാക്കാന്‍ സാധിച്ചെങ്കിലും നബി(സ)യുടെ നമസ്‌കാരത്തില്‍ നിന്ന്‌ നമ്മില്‍ പലരുടെയും നമസ്‌കാരത്തിന്‌ ചില വ്യത്യാസങ്ങളുണ്ടെന്ന്‌ എനിക്ക്‌ ബോധ്യപ്പെട്ടു. നബി(സ)യുടെ നമസ്‌കാരത്തോട്‌ ശരിയായവണ്ണം നീതിപുലര്‍ത്തുന്നതോ, അതിനോട്‌ അടുത്തു നില്‍ക്കുന്നതോ ആകണം നമ്മുടെ നമസ്‌കാരമെങ്കില്‍, നബിയുടെ നമസ്‌കാരത്തിന്റെ സവിശേഷതകള്‍ കൃത്യമായി നാം പഠിക്കേണ്ടതുണ്ട്‌. അത്‌ വിശദമായി അറിയാന്‍ പണ്ഡിതന്മാര്‍ക്കു മാത്രമല്ല ജനങ്ങളില്‍ അധികപേര്‍ക്കും സാധിച്ചിട്ടില്ല. അവര്‍ മദ്‌ഹബുകളെ പിന്തുടരുന്നതാണിതിന്റെ കാരണം. ചില മദ്‌ഹബുകളില്‍ പറയുന്ന നമസ്‌കാരത്തിലെ സുന്നത്തുകള്‍ മറ്റു ചില മദ്‌ഹബുകളില്‍ കാണുന്നില്ല. നബിയിലേക്ക്‌ ചേര്‍ത്തു പറയാന്‍ പറ്റാത്ത പലതും അവയിലെല്ലാം ഉണ്ട്‌താനും. ഇതു തിരുത്താനാണ്‌ ഹദീസ്‌ പണ്ഡിതന്മാര്‍ ശ്രമിച്ചത്‌.... ഈ അവസ്ഥയാണ്‌, തക്‌ബീറത്തുല്‍ ഇഹ്‌റാം മുതല്‍ സലാം വീട്ടുന്നതുവരെയുള്ള നബിയുടെ നമസ്‌കാരത്തിലെ മുഴുവന്‍ കാര്യങ്ങളും വിശദമാക്കുന്ന ഒരു പുസ്‌തകം രചിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്‌. നബിയെ ശരിയായ രീതിയില്‍ സ്‌നേഹിക്കുന്നവര്‍ക്ക്‌ ഹദീസിനെ പിന്‍പറ്റി നമസ്‌കരിക്കാന്‍ കഴിയണം. ഹദീസ്‌ ഗ്രന്ഥങ്ങളെല്ലാം പരിശോധിച്ചാണ്‌ ഞാന്‍ ഈ കൃതി തയാറാക്കിയിരിക്കുന്നത്‌. ഹദീസ്‌ നിദാന ശാസ്‌ത്രത്തിലെ അടിസ്ഥാനങ്ങളും നിയമങ്ങളും അനുസരിച്ച്‌, നിവേദക പരമ്പര കുറ്റമറ്റതായ ഹദീസുകള്‍ മാത്രമാണ്‌ ഞാന്‍ ഉദ്ധരിച്ചിട്ടുള്ളത്‌; നമസ്‌കാരത്തിന്റെ രൂപം, ദിക്‌ര്‍ ശ്രേഷ്‌ഠതകള്‍ തുടങ്ങിയ ഓരോന്നിലും. സ്ഥിരപ്പെട്ട (സാബിത്‌) ഹദീസ്‌ ദൗര്‍ബല്യത്തില്‍നിന്ന്‌ മുക്തമായിരിക്കുമല്ലോ. ദുര്‍ബലമായ ഹദീസ്‌ ഊഹങ്ങളെ മാത്രമാണ്‌ പ്രദാനം ചെയ്യുന്നത്‌. `ഊഹം സത്യത്തിന്‌ പകരം നില്‍ക്കാന്‍ പര്യാപ്‌തമല്ലെന്ന്‌' അല്ലാഹു (ഖുര്‍ആന്‍-അന്നജ്‌മ്‌: 28) പറഞ്ഞിട്ടുണ്ടല്ലോ.... ശരിയാണെന്ന്‌ സ്ഥിരപ്പെട്ട ഹദീസുകളെ മാത്രം അവലംബിച്ചുള്ള കൃതിയാണത്‌. അതായിരുന്നു പൗരാണികരും ആധുനികരുമായ ഹദീസ്‌ പണ്ഡിതന്മാരുടെ മദ്‌ഹബ്‌. ഹസനുബ്‌നുമുഹമ്മദുന്നബവിയുടെ കവിത എത്ര സത്യമാണ്‌: `അഹ്‌ലുല്‍ ഹദീസാണ്‌ യഥാര്‍ഥത്തില്‍ പ്രവാചകന്റെ അഹ്‌ലുകാര്‍; നബിയുടെ ശരീരത്തോട്‌ അവര്‍ കൂട്ടുചേര്‍ന്നിട്ടില്ലെങ്കിലും തിരുമേനിയുടെ ആത്മാവിനോട്‌ അവര്‍ സഹവസിച്ചിട്ടുണ്ട്‌' (ഫദ്‌ലുല്‍ ഹദീസ്‌ വഅഹ്‌ലിഹി). ഹദീസ്‌-കര്‍മശാസ്‌ത്ര ഗ്രന്ഥങ്ങളിലുള്ള ഭിന്നാഭിപ്രായങ്ങളെ ഏകീകരിക്കുകയാണ്‌ ഈ കൃതിയില്‍ ഞാന്‍ ചെയ്‌തിട്ടുള്ളത്‌. ഇതിന്‌ ധാരാളം വിമര്‍ശനങ്ങള്‍ ഉണ്ടാകും; വിശേഷിച്ചും മദ്‌ഹബുകള്‍ പിന്തുടരുന്നവരില്‍നിന്ന്‌. ഹദീസിന്‌ എതിരിലുള്ള തന്റെ അഭിപ്രായം തള്ളിക്കളഞ്ഞ്‌ ഹദീസ്‌ സ്വീകരിക്കണം എന്നാണല്ലോ എല്ലാ മദ്‌ഹബിന്റെ ഇമാമുമാരും പറഞ്ഞിട്ടുള്ളത്‌. സ്ഥിരപ്പെട്ട ഹദീസുകളുടെ അടിസ്ഥാനത്തില്‍ നബിയുടെ നമസ്‌കാരത്തിന്റെ ഗുണവിശേഷങ്ങള്‍ (സ്വിഫത്‌) ഏകീകരിച്ചിട്ടുള്ളതാണ്‌ ഈ ഗ്രന്ഥം. ആ സുന്നത്തുകള്‍ ഉപേക്ഷിക്കാന്‍ ആര്‍ക്കും ന്യായങ്ങളില്ല. ഉപേക്ഷിക്കണം എന്ന്‌ പണ്ഡിതന്മാര്‍ ഏകസ്വരത്തില്‍ പറഞ്ഞതൊന്നും ഈ കൃതിയിലില്ല. അങ്ങനെ ആരെങ്കിലും അഭിപ്രായപ്പെട്ടാല്‍ അവന്‌ (തെറ്റുപറ്റിയ മുജ്‌തഹിദിനുള്ള) ഒരു പ്രതിഫലം മാത്രമേ ഉള്ളൂ. പാപസുരക്ഷിതമായ പ്രമാണത്തെ (അന്നസ്വുല്‍ മഅ്‌സൂം) പിന്തുടരുക എല്ലാവരുടെയും ബാധ്യതയാണ്‌'' (പുസ്‌തകത്തിന്‌ അല്‍ബാനി എഴുതിയ ആ മുഖങ്ങളില്‍നിന്ന്‌ സമാഹരിച്ചത്‌. പേജ്‌: 35-72).
ഈ കൃതിക്ക്‌ മുസ്‌ലിം യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ച സ്വീകാര്യത ലഭിച്ചതായി ശൈഖ്‌ അല്‍ബാനി `സംശയങ്ങളും മറുപടികളും' എന്ന അധ്യായത്തില്‍ സൂചിപ്പിക്കുന്നുണ്ട്‌; ``ദീനിലും ഇബാദത്തിലും ഇസ്‌ലാമിന്റെ കലര്‍പില്ലാത്ത സ്രോതസുകളിലേക്ക്‌ തിരിച്ചുപോകേണ്ടത്‌ നിര്‍ബന്ധമാണെന്ന്‌ ഈ കൃതി യുവാക്കളെ ഉണര്‍ത്തി. ഖുര്‍ആനും സുന്നത്തുമാണ്‌ ആ സ്രോതസുകള്‍. സുന്നത്തനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നവരും ആരാധനകള്‍ അനുഷ്‌ഠിക്കുന്നവരും ഏറെ വര്‍ധിച്ചിരിക്കുന്നു; അല്‍ഹംദുലില്ലാഹ്‌. അക്കാര്യത്തില്‍ ആ യുവാക്കള്‍ അറിയപ്പെടുന്നവരായിക്കഴിഞ്ഞു. എന്നാല്‍ ചില പണ്ഡിതര്‍ അത്തരം യുവാക്കള്‍ക്കുചുറ്റും അഭിപ്രായാന്തരങ്ങളുടെ അനിവാര്യതയെ കുറിച്ച്‌ പറഞ്ഞുകൊണ്ട്‌ പുക മറകള്‍ സൃഷ്‌ടിക്കാന്‍ ശ്രമിക്കുന്നുണ്ട്‌. അതിനുള്ള മറുപടിയാണിത്‌. ഇതുവഴി അത്തരക്കാര്‍ക്ക്‌ സുന്നത്തിലേക്ക്‌ മടങ്ങാനും `വിജയിച്ച കക്ഷിയില്‍' (അല്‍ഫിര്‍ഖത്തുന്നാജിയ) ഉള്‍പ്പെടാനും സാധിച്ചേക്കാം'' (സ്വഫതുസ്വലാത്തിന്നബി-58).
സലഫീ ലോകത്ത്‌, വിശേഷിച്ചും യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന `സുന്നത്തി'ന്റെ പേരിലുള്ള അതിവാദ പ്രവണതകളും ചില ചിഹ്നങ്ങളോടുള്ള പ്രകടനാത്മമായ അമിത പ്രതിപത്തിയുടെയും വേരുകള്‍ എവിടെയാണെന്ന്‌ ആദരണീയനായ ശൈഖ്‌ അല്‍ബാനിയുടെ വിശദീകരണത്തില്‍നിന്ന്‌ മനസ്സിലാക്കാം.

മദ്‌ഹബ്‌ നിഷേധം/സലഫിസത്തിന്റെ സമീപനമെന്തു?


ഇസ്‌ലാമിക നിയമസംഹിതയുടെ വികാസ പ്രക്രിയയില്‍ ചരിത്രപരമായി രൂപംകൊണ്ട കര്‍മശാസ്‌ത്ര സരണികളോടും (അല്‍മദാഹിബുല്‍ ഫിഖ്‌ഹിയ്യ), ഗവേഷണാത്മകവും (ഇജ്‌തിഹാദി) ശാഖാപരവും (ഫുറൂഈ) ആയ വിഷയങ്ങളിലെ വീക്ഷണ വൈജാത്യങ്ങളോടും ഏറെക്കുറെ സന്തുലിതമായ സമീപനമാണ്‌ പൗരാണിക സലഫീധാര സ്വീകരിച്ചുവന്നത്‌. ഹമ്പലി സരണിയുടെ സ്വാഭാവികമായ കാര്‍ക്കശ്യം ഉണ്ടായിരുന്നുവെങ്കിലും മദ്‌ഹബുകളുടെ സാധുത അംഗീകരിക്കുകയും ഇമാമുമാരെ ആദരിക്കുകയും അവരുടെ അഭിപ്രായങ്ങളെ വിലമതിക്കുകയും ചെയ്‌തവരായിരുന്നു ആദ്യകാലത്തെ സലഫീ നായകന്‍മാര്‍. മദ്‌ഹബുകളെ അവര്‍ നിഷേധിച്ചിരുന്നില്ല. ഹദീസുകളോട്‌ ഏറ്റവും യോജിച്ച വീക്ഷണം സ്വീകരിക്കുമ്പോള്‍ തന്നെ, ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ എത്തിച്ചേരാവുന്ന കര്‍മശാസ്‌ത്രത്തിലെ മറുവീക്ഷണങ്ങളെ അടച്ചാക്ഷേപിക്കുന്ന ശൈലി പൊതുവെ അവര്‍ക്കില്ലായിരുന്നു. ഇമാം അഹ്‌മദ്‌ബ്‌നു ഹമ്പല്‍(റ), ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യ, ഇബ്‌നുഖയ്യിമുല്‍ജൗസിയ്യ, മുഹമ്മദ്‌ബ്‌നുഅബ്‌ദില്‍ വഹാബ്‌ തുടങ്ങിയ സലഫി ധാരയില്‍ സര്‍വാംഗീകൃതരായ പണ്ഡിതന്മാരെല്ലാം ഈ വിഷയത്തില്‍ മാതൃകാപരമായ നിലപാടുള്ളവരായിരുന്നു. സലഫിധാര പൊതുവെ പ്രാമുഖ്യം നല്‍കിയിരുന്നത്‌ ഹമ്പലി മദ്‌ഹബിനായിരുന്നുതാനും.

എന്നാല്‍, മദ്‌ഹബ്‌ നിഷേധവും വീക്ഷണ വ്യത്യാസങ്ങളോടുള്ള കടുത്ത അസഹിഷ്‌ണുതയും ആധുനിക സലഫിസത്തിലെ ചില പണ്ഡിതന്മാരുടെ സംഭാവനയാണ്‌. പാരമ്പര്യ സലഫീധാരയുടെ ഏറെക്കുറെ സന്തുലിതമായ സമീപനങ്ങളെ പ്രയോഗത്തില്‍ തള്ളിപ്പറഞ്ഞുകൊണ്ടും, മദ്‌ഹബ്‌ നിഷേധപരമായ തത്ത്വങ്ങള്‍ ആവിഷ്‌കരിച്ചുകൊണ്ടും ചില ആധുനിക സലഫീ പണ്ഡിതന്മാര്‍ പുതിയൊരു സരണി-മദ്‌ഹബ്‌-നിര്‍മിക്കുകയാണ്‌ ചെയ്‌തത്‌. പ്രമാണ വായനയിലും സ്വതന്ത്ര ഇജ്‌തിഹാദിലും അവര്‍ സ്വീകരിച്ച അപക്വമായ സമീപനങ്ങള്‍ മതസംഘടനകള്‍ക്കകത്തും മുസ്‌ലിം പൊതുസമൂഹത്തിലും സൃഷ്‌ടിച്ച പ്രത്യാഘാതങ്ങള്‍ ചെറുതല്ല. ലോക സലഫിസത്തിലെത്തന്നെ സമീപകാല ഛിദ്രതക്ക്‌, മറ്റു ഘടകങ്ങളോടൊപ്പം ഇതും കാരണമാകുന്നുണ്ട്‌. ലോക പ്രശസ്‌ത ഹദീസ്‌ പണ്ഡിതന്‍ ശൈഖ്‌ നാസ്വിറുദ്ദീന്‍ അല്‍ബാനിയുടെ വീക്ഷണങ്ങളാണ്‌ ഇതിന്‌ വലിയൊരളവില്‍ ആശയാടിത്തറ ഒരുക്കിയത്‌. അദ്ദേഹത്തിന്റെ പ്രമുഖ ശിഷ്യന്‍ മുഹമ്മദ്‌ ഈദുല്‍ അബ്ബാസി, ഇറാഖി പണ്ഡിതന്‍ ശൈഖ്‌ സുല്‍ത്വാനുല്‍ അസ്വൂമി, പ്രശസ്‌ത സലഫി നേതാവ്‌ മുഖ്‌ബിലുബ്‌നുഹാദി അല്‍വാദിഈ തുടങ്ങിയവരാണ്‌ ഈ രംഗത്ത്‌ തീവ്രമായ കാഴ്‌ചപ്പാടുകള്‍ അവതരിപ്പിച്ചത്‌. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയയുടെയും മുഹമ്മദ്‌ബ്‌നു അബ്‌ദുല്‍ വഹാബിന്റെയും ചില കര്‍മശാസ്‌ത്ര നിലപാടുകളെ ഇവര്‍ തള്ളിപ്പറഞ്ഞു. അങ്ങനെ, മദ്‌ഹബ്‌ നിഷേധവും കര്‍മശാസ്‌ത്ര ഭിന്നതകളുടെ നിരാകരണവും മുന്നോട്ടുവെക്കുന്ന പുതിയൊരു ധാര ആധുനിക സലഫിസത്തില്‍ വളര്‍ന്നു വരികയാണുണ്ടായത്‌.

മദ്‌റസകളുടെ സമ്പൂര്‍ണ നിഷേധത്തിനും അന്ധമായ അനുകരണത്തിനും മധ്യേയുള്ള, ആദ്യകാല സലലഫീധാരയുടെ സമീപനത്തെ നമുക്ക്‌ ഇങ്ങനെ സംഗ്രഹിക്കാം.

1. മാലികി, ശാഫിഈ, ഹമ്പലി, ഹനഫി മദ്‌ഹബുകള്‍ അഹ്‌ലുസുന്നത്തിവല്‍ ജമാഅത്ത്‌ അംഗീകരിച്ചിട്ടുള്ളവയാണ്‌. അവരുടെ നായകന്‍മാരായി അറിയപ്പെടുന്ന നാലു മഹാപണ്ഡിതന്മാരും സലഫുസ്വാലിഹുകളില്‍-സച്ചരിതരായ പൂര്‍വികര്‍-ഉള്‍പ്പെടുന്നു.
2. മദ്‌ഹബുകളെ പിന്തുടരല്‍ അനുവദനീയമാണ്‌. നിര്‍ബന്ധമല്ല; അന്ധമായി അനുകരിക്കാന്‍ (തഖ്‌ലീദ്‌) പാടില്ല.
3. ഖുര്‍ആനിനും പ്രബല ഹദീസുകള്‍ക്കും എതിരായ മദ്‌ഹബുകളിലെ അഭിപ്രായങ്ങള്‍ തള്ളിക്കളയേണ്ടതാണ്‌. അത്‌ ഇമാമുമാര്‍ തന്നെ ആവശ്യപ്പെട്ടിട്ടുള്ളതാണ്‌.
4. ഒരു മദ്‌ഹബ്‌ പിന്തുടരുന്ന വ്യക്തിക്ക്‌ ഒരു വിഷയത്തില്‍ തന്റെ മദ്‌ഹബിലുള്ളതിനെക്കാള്‍ ദീനീതാല്‍പര്യത്തോട്‌ ചേര്‍ന്നതും പ്രമാണങ്ങള്‍ക്ക്‌ യോജിച്ചതുമായ അഭിപ്രായം മറ്റൊരു മദ്‌ഹബില്‍ കണ്ടാല്‍ അത്‌ സ്വീകരിക്കാം. `ഒരു മുസ്‌ലിം ഒരു മദ്‌ഹബ്‌ മാത്രം പിന്തുടരുക. മദ്‌ഹബ്‌ മാറാന്‍ പാടില്ല' എന്ന അഭിപ്രായം സ്വീകാര്യമല്ല.
ഈ കാഴ്‌ചപ്പാടുകളില്‍ ചിലതിനെ തള്ളിപ്പറഞ്ഞും മദ്‌ഹബുകളോടും കര്‍മശാസ്‌ത്ര ഭിന്നതകളോടും നിഷേധാത്മക നിലപാടെടുത്തും രംഗത്തുവന്ന ആധുനിക സലഫിസത്തിലെ പണ്ഡിതന്മാരുടെ നിലപാടുകളുടെ രത്‌നചുരുക്കം ഇതാണ്‌.
1. ഇസ്‌ലാമിക നിയമത്തിന്റെ സ്രോതസ്‌ ഖുര്‍ആനും സുന്നത്തുമാണ്‌. അവയില്‍ നിന്ന്‌ നേരിട്ട്‌ വിധികള്‍ മനസിലാക്കണം.
2. മദ്‌ഹബുകള്‍ സ്വീകാര്യമല്ല. മദ്‌ഹബ്‌ പിന്തുടരാന്‍ പാടില്ല. `ഞാന്‍ മാലികി മദ്‌ഹബുകാരനാണ്‌' എന്നിങ്ങനെ മദ്‌ഹബിലേക്ക്‌ ചേര്‍ത്തുപറയുന്നത്‌ തെറ്റാണ്‌.
3. മുസ്‌ലിം സമൂഹത്തിലെ ഭിന്നതകള്‍ക്കും കക്ഷിവഴക്കുകള്‍ക്കുമുള്ള പ്രധാന കാരണം മദ്‌ഹബുകളാണ്‌. മദ്‌ഹബുകളെ തള്ളിക്കളഞ്ഞ്‌ ഖുര്‍ആനും സുന്നത്തും മാത്രം സ്വീകരിച്ചാല്‍ ഭിന്നതകള്‍ ഇല്ലാതാക്കാം.


മദ്‌ഹബുകളെ അംഗീകരിക്കുന്നു


സലഫിധാരയിലെ സര്‍വാംഗീകൃതനായ ഇമാമാണ്‌ അഹ്‌മദ്‌ബ്‌നുഹമ്പല്‍(റ). സവിശേഷമായ ഒരു കര്‍മശാസ്‌ത്ര മദ്‌ഹബിന്റെ ഉപജ്ഞാതാവായിരുന്നു അദ്ദേഹം എന്നതുതന്നെയാണ്‌ സലഫീധാര മദ്‌ഹബിന്റെ സാധുത അംഗീകരിക്കുന്നു എന്നതിന്റെ ഒന്നാമത്തെ തെളിവ്‌. നാലു ഇമാമുമാര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ഹദീസ്‌ പരിജ്ഞാനം ഉണ്ടായിരുന്ന വ്യക്തിയായിരുന്നതിനാല്‍ അഹ്‌മദ്‌ബ്‌നു ഹമ്പലിന്റെ വീക്ഷണങ്ങളാണ്‌ ഹദീസിനോട്‌ കൂടുതല്‍ അടുത്ത്‌ നില്‍ക്കുന്നത്‌ എന്ന്‌ പണ്ഡിതന്മാര്‍ നിരീക്ഷിച്ചിട്ടുണ്ട്‌. പ്രമാണങ്ങളുടെ ബാഹ്യാര്‍ഥങ്ങള്‍ക്ക്‌ പ്രാമുഖ്യം കല്‍പിക്കുന്നതാണ്‌ ഹമ്പലി സരണി. അഹ്‌മദ്‌ബ്‌നു ഹമ്പലിന്റെ ശിഷ്യന്മാരിലെ രണ്ടാം തലമുറയാണ്‌ അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ സമാഹരിച്ചത്‌. അദ്ദേഹത്തിന്റെ പ്രമുഖ ശിഷ്യന്മാരോ പിന്നീട്‌ സലഫീധാരയില്‍ രംഗത്തുവന്ന ഇബ്‌നുതൈമിയ, ഇബ്‌നുഖയ്യിമുല്‍ ജൗസിയ്യ, മുഹമ്മദ്‌ബ്‌നു അബ്‌ദില്‍ വഹാബ്‌ എന്നിവരോ `ഹമ്പലി മദ്‌ഹബി'നെ നിഷേധിച്ചില്ല.
നാലു ഇമാമുമാരില്‍ അവസാന കാലക്കാരനായിരുന്നു അഹ്‌മദ്‌ബ്‌നു ഹമ്പല്‍. തന്റെ മുന്‍ഗാമികളായ മൂന്നു ഇമാമുകളുടെയും കര്‍മശാസ്‌ത്ര സരണികളെ അദ്ദേഹം നിഷേധിച്ചില്ല. അവരുടെ അഭിപ്രായങ്ങളില്‍ ചിലതിനോട്‌ അദ്ദേഹം ശക്തമായി വിയോജിച്ചിട്ടുണ്ട്‌. അദ്ദേഹത്തിന്റെ കണ്‍മുമ്പിലാണ്‌ ശാഫിഈ, ഹനഫി, മാലികി മദ്‌ഹബുകള്‍ രൂപം കൊണ്ടത്‌. പക്ഷേ, അവയൊന്നും പാടില്ല, മദ്‌ഹബുകള്‍ വിലക്കപ്പെട്ടതാണ്‌ എന്ന്‌ ഒരിക്കലും ഇമാം അഹ്‌മദ്‌(റ) പറയുകയുണ്ടായില്ല. മുന്‍ഗാമികളുടെ അഭിപ്രായങ്ങളിലെ തെറ്റുകള്‍ തിരുത്തുകയും അവരെ അന്ധമായി അനുകരിക്കുന്നത്‌ ശക്തമായി വിലക്കുകയും ചെയ്‌തു അദ്ദേഹം. ``നിങ്ങള്‍ മാലികിനെയോ അബൂഹനീഫയെയോ ശാഫിഈയെയോ അന്ധമായി അനുകരിക്കാന്‍ (തഖ്‌ലീദ്‌) പാടില്ല'' എന്ന്‌ അദ്ദേഹം പ്രസാതാവിക്കുകയുണ്ടായി. എന്നാല്‍ മദ്‌ഹബു തന്നെ വേണ്ട എന്ന നിഷേധാത്മക നയം അദ്ദേഹത്തിനുണ്ടായിരുന്നില്ല. മാത്രമല്ല, മറ്റു മദ്‌ഹബുകളുടെ ഇമാമുമാരെ ആദരിക്കാനും ബഹുമാനിക്കാനും ഇമാം അഹ്‌മദ്‌ ശ്രദ്ധിച്ചിരുന്നു. ഇമാം അഹ്‌മദ്‌(റ) ഒരിക്കല്‍ തന്റെ മകനോട്‌ പറഞ്ഞു: ``ശാഫിഈക്ക്‌ വേണ്ടി പ്രാര്‍ഥിക്കാത്ത ഒരു നമസ്‌കാരവും കഴിഞ്ഞ 40 വര്‍ഷങ്ങളായി ഞാന്‍ നിര്‍വഹിച്ചിട്ടില്ല.'' മകന്റെ ചോദ്യം: ``ഇങ്ങനെ പ്രാര്‍ഥിക്കാന്‍ മാത്രം ആരായിരുന്നു ശാഫിഈ?'' അദ്ദേഹം ഭൂമിക്ക്‌ സൂര്യനെപ്പോലെയാണ്‌, ജനങ്ങള്‍ക്ക്‌ ഐശ്വര്യമാണ്‌. പിന്‍മുറക്കാരില്‍ ഇത്‌ കാണുന്നുണ്ടോ എന്ന്‌ നീ നിരീക്ഷിക്കുക'' (ഇഹ്‌യാ ഉലൂമുദ്ദീന്‍ 1/45).

മദ്‌ഹബുകള്‍ മുസ്‌ലിം സമൂഹത്തിലെ കക്ഷിവഴക്കുകള്‍ക്കും കാരണമാകാമെന്ന വീക്ഷണക്കാരനായിരുന്നു അഹ്‌മദ്‌ബ്‌ന്‍ ഹമ്പലെങ്കില്‍, `ഭിന്നിപ്പുണ്ടാക്കുന്നവന്‍' എന്ന വിശേഷണമായിരുന്നില്ലേ ഇമാം ശാഫിഈക്ക്‌ അദ്ദേഹം നല്‍കേണ്ടിയിരുന്നത്‌! ഏക മദ്‌ഹബിന്റെ വക്താവായിരുന്നു ഇമാം അഹ്‌മദ്‌(റ) എങ്കില്‍ മറ്റു കര്‍മശാസ്‌ത്ര വീക്ഷണങ്ങളെയെല്ലാം ഉപേക്ഷിച്ച്‌ മുസ്‌ലിംകള്‍ എല്ലാവരും തന്റെ വീക്ഷണത്തിലേക്ക്‌ വരണം എന്നല്ലേ അദ്ദേഹം ആവശ്യപ്പെടേണ്ടിയിരുന്നത്‌! ഇമാം അഹ്‌മദി(റ)ന്റെ ശിഷ്യന്മാരാകട്ടെ ഹമ്പലി മദ്‌ഹബുകാര്‍ എന്ന്‌ അറിയപ്പെടുകയും മദ്‌ഹബ്‌ പിന്തുടരുകയും ചെയ്‌തുവന്നു. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയയും മുഹമ്മദ്‌ബ്‌നു അബ്‌ദില്‍ വഹാബും ഉള്‍പ്പെടെയുള്ള സലഫി പണ്ഡിതര്‍ അവരില്‍ ഉള്‍പ്പെടുന്നു.

പ്രമുഖ സലഫീ പണ്ഡിതന്‍ ഡോ. അബ്‌ദുര്‍റഹ്‌മാനുബ്‌നു അബ്‌ദുല്ല അല്‍ ജബ്‌രീന്‍ എഴുതുന്നു: ``ഹമ്പലി മദ്‌ഹബുകാര്‍ ഇമാം അഹ്‌മദ്‌ബ്‌നു ഹമ്പലിനെക്കുറിച്ച്‌ അഭിമാനിക്കുകയും അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ മദ്‌ഹബിന്റെ നിലപാടായി അവതരിപ്പിക്കുകയും ചെയ്‌തുവന്നു. അപ്പോള്‍ അതൊരു മദ്‌ഹബാണ്‌. അദ്ദേഹം ആ മദ്‌ഹബിന്റെ ഇമാമും. വിവിധ നിവേദനങ്ങളില്‍ നിന്ന്‌ തങ്ങളുടെ മുന്‍ഗണനകള്‍ക്കനുസരിച്ച്‌ പണ്ഡിതരായ അഹ്‌മദിന്റെ ശിഷ്യന്മാര്‍ അഭിപ്രായങ്ങള്‍ തെരഞ്ഞെടുത്തു. ആ പണ്ഡിതരെ മദ്‌ഹബിന്റെ നേതാക്കളായി കണ്ടു. പിന്നീട്‌ രംഗത്തുവന്ന ചിലര്‍, അടിസ്ഥാനങ്ങളില്‍ ഇമാം അഹ്‌മദിന്റെ നിലപാടുകള്‍ പിന്തുടരുകയും ശാഖാ പ്രശ്‌നങ്ങളില്‍ അദ്ദേഹത്തിന്റെ വീക്ഷണങ്ങളില്‍ നിന്ന്‌ പുറത്തുവരികയും ചെയ്‌തു. ശാഖാ പ്രശ്‌നങ്ങളില്‍ അങ്ങനെ ചെയ്‌തതുകൊണ്ട്‌ അവര്‍ ഹമ്പലീ മദ്‌ഹബിനു പുറത്തുപോയവരായി ഗണിക്കപ്പെട്ടിട്ടില്ല. `ഹമ്പലികള്‍' എന്നുതന്നെയാണവര്‍ വിശേഷിപ്പിക്കപ്പെട്ടത്‌. മറ്റുചിലര്‍ ശാഖാപരമായ ചില വിഷയങ്ങളില്‍ മാത്രം ഇമാമിനെയും മുന്‍ഗാമികളായ അനുയായികളെയും പിന്തുടര്‍ന്നു. ശാഖാപരമായ മറ്റു ചില വിഷയങ്ങളില്‍ മറ്റൊരു നിലപാട്‌ സ്വീകരിക്കുകയും ചെയ്‌തു. അവരും ഹമ്പലി മദ്‌ഹബുകാരായിത്തന്നെ അറിയപ്പെട്ടു. എന്നാല്‍, ഈ രണ്ടാം വിഭാഗം തങ്ങള്‍ ഹമ്പലി മദ്‌ഹബുകാരാണെന്ന്‌ വ്യക്തമായി പ്രഖ്യാപിക്കുകയുണ്ടായില്ല. ശാഖാപരമായ ഒട്ടനവധി വിഷയങ്ങളില്‍ അന്ന്‌ അഹമ്മദ്‌ബ്‌നുഹമ്പലിനോട്‌ വിയോജിച്ചവരും ഹമ്പലി മദ്‌ഹബ്‌കാരിലുണ്ടായിരുന്നു. ഇവരെല്ലാം ഹമ്പലി മദ്‌ഹബുകാരായിരുന്നുവെന്നതില്‍ നിന്ന്‌ നമുക്ക്‌ മനസിലാക്കാന്‍ കഴിയുന്നത്‌ ഇതാണ്‌; ഹമ്പലി മദ്‌ഹബിന്റെ വിധികള്‍ പഠിക്കുകയും മനസിലാക്കുകയും ചെയ്‌തതിനാല്‍ അവര്‍ക്കൊക്കെ മദ്‌ഹബിനോട്‌ ഒരു ആഭിമുഖ്യം ഉണ്ടായിരുന്നു. ഇബ്‌നുല്‍ ഖയ്യിമുല്‍ ജൗസിയ്യ പറയുകയുണ്ടായി: ``അഹ്‌മദിന്റെ അനുയായികളിലെ മുജ്‌തഹിദുകള്‍, അദ്ദേഹത്തെ തഖ്‌ലീദ്‌ ചെയ്‌തിരുന്നില്ല; തെളിവുകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ പിന്തുടരുക (ഇത്തിബ്‌റാഅ്‌) ആയിരുന്നു. രണ്ട്‌ നിവേദനങ്ങള്‍ ഇമാമില്‍ നിന്ന്‌ കിട്ടിയാല്‍ അവയിലൊന്നാണ്‌ അവര്‍ സ്വീകരിച്ചിരുന്നത്‌. മദ്‌ഹബില്‍ അടിസ്ഥാനമില്ലാത്തതും ചിലപ്പോള്‍ അവര്‍ സ്വീകരിക്കുമായിരുന്നു; തെളിവുകളെ പിന്‍പറ്റിക്കൊണ്ടാണത്‌. എന്നാല്‍ അവര്‍ ഹമ്പലി മദ്‌ഹബുകാരായത്‌, പൊതുവെ ഇമാം അഹ്‌മദിന്റെ വീക്ഷണങ്ങള്‍ പിന്തുടര്‍ന്നതുകൊണ്ടാണ്‌'' (അല്‍മദ്‌ഖല്‍ ലിഇബ്‌നിബദ്‌റാന്‍-39). ``ഞാന്‍ പറയുന്നു, ഇതാണ്‌ ശരിയായ നിലപാട്‌. ഇബ്‌നുഹാമിദ്‌, അബൂയഅ്‌ലാ, അബുല്‍ഖത്വാബ്‌, ഇബ്‌നുതൈമിയ്യ തുടങ്ങിയ ഹമ്പലി പണ്ഡിതന്മാര്‍ തഖ്‌ലീദ്‌ ചെയ്യുന്നവരായിരുന്നില്ല.'' (അത്തമദ്‌ഹബു ദിറാസത്തുന്‍ തഅ്‌സ്വീലിയ്യ വാഖിഇയ്യ, അബ്‌ദുര്‍റഹ്‌മാനുബ്‌നു അബ്‌ദുല്ലജബ്‌രീന്‍-മജല്ലത്തുല്‍ ബുഹൂസില്‍ ഇസ്‌ലാമിയ്യ, ലക്കം: 86, പേജ്‌: 155-156).

ശാഖാപരമായ വിഷയങ്ങളില്‍ ശിഷ്യന്മാരില്‍ പ്രമുഖന്‍ ഇമാം അഹ്‌മദിനെ തഖ്‌ലീദ്‌ ചെയ്‌തിരുന്നില്ല എന്നതില്‍ നിന്നു മനസിലാകുന്നത്‌ മദ്‌ഹബുകളെ നിഷേധിക്കുകയല്ല, കര്‍മശാസ്‌ത്ര വിഷയങ്ങളില്‍ മദ്‌ഹബിനകത്തുതന്നെ വീക്ഷണവ്യത്യാസങ്ങള്‍ക്ക്‌ ഇടം നല്‍കുകയാണ്‌ ചെയ്‌തിരുന്നത്‌ എന്നാണ്‌. ഇതാണ്‌ യഥാര്‍ഥ സലഫി പാരമ്പര്യം.

ഇബ്‌നുതൈമിയയുടെ നിലപാട്‌

സലഫീധാരയിലെ അദ്വിതീയനായ പണ്ഡിതന്‍ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയയും മദ്‌ഹബ്‌ നിഷേധിയായിരുന്നില്ല. മദ്‌ഹബുകളെ അന്ധമായി അനുകരിക്കുന്നതിനെ (തഖ്‌ലീദ്‌) ശക്തമായി എതിര്‍ത്ത ഇബ്‌നുതൈമിയ്യ പൊതുവെ ഹമ്പലീ സരണി പിന്തുടര്‍ന്ന മജ്‌തഹിദായിരുന്നു. തഖ്‌ലീദിനെയും പക്ഷപാതിത്വത്തെയും കക്ഷിവഴിക്കുകളെയും എതിര്‍ത്ത അദ്ദേഹം മദ്‌ഹബുകളിലെ പ്രമാണവിരുദ്ധമായ വീക്ഷണങ്ങള്‍ കൈയൊഴിയാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ മദ്‌ഹബ്‌ വിരോധം അദ്ദേഹത്തിന്റെ അജണ്ടയായിരുന്നില്ല ആധുനിക സലഫി പണ്ഡിതരില്‍ ചിലരെപ്പോലെ, മദ്‌ഹബുകളാണ്‌ സമുദായത്തിലെ ഭിന്നതക്കും കുഴപ്പത്തിനും എന്ന അഭിപ്രായം അദ്ദേഹം പ്രകടിപ്പിച്ചതായി കണ്ടിട്ടുമില്ല. മദ്‌ഹബ്‌ പക്ഷപാതിത്വം ഇന്നത്തേതിനെക്കാള്‍ അനേകമിരട്ടി ശക്തിയില്‍ നിലനിന്ന കാലത്ത്‌ ജീവിച്ച സലഫീ പണ്ഡിതനെന്ന നിലക്ക്‌ അദ്ദേഹമായിരുന്നു അത്തരമൊരു നിലപാടെടുക്കേണ്ടിയിരുന്നത്‌. മറിച്ച്‌, മദ്‌ഹബുകള്‍ എന്ന യാഥാര്‍ഥ്യത്തെ അംഗീകരിച്ചുകൊണ്ടാണ്‌ അദ്ദേഹം നവോത്ഥാന ദൗത്യം നിര്‍വഹിച്ചത്‌. മദ്‌ഹബിന്റെ ഇമാമുമാരെ ഏറെ ആദരിക്കുകയും അവരുടെ വീക്ഷണങ്ങള്‍ തന്റെ കൃതികളില്‍ പലയിടത്തും ഉദ്ധരിക്കുകയും ചെയ്‌തിട്ടുണ്ട അദ്ദേഹം. മദ്‌ഹബ്‌ പുന്തുടരല്‍ നിര്‍ബന്ധമാണെന്ന വാദത്തെ എതിര്‍ക്കുകയും, അത്‌ അനുവദനീയമാണെന്ന്‌ പ്രഖ്യാപിക്കുകയുമാണ്‌ ഇബ്‌നുതൈമിയ ചെയ്‌തത്‌.

1. ``ഏതെങ്കിലും ഒരു പണ്ഡിതന്റെ അഭിപ്രായത്തെ തഖ്‌ലീദ്‌ ചെയ്യല്‍ മുസ്‌ലിംകളില്‍ ഒരാള്‍ക്കും നിര്‍ബന്ധം (വാജിബ്‌) അല്ല.... ദീനിന്റെ വിധികള്‍ അറിയാന്‍ കഴിയാത്തവര്‍ക്ക്‌ ഒരു മദ്‌ഹബിനെ പിന്തുടരല്‍ (ഇത്തിബാഅ്‌) അനുവദനീയമാണ്‌; എല്ലാ ഓരോരുത്തര്‍ക്കും അത്‌ നിര്‍ബന്ധമല്ല'' (മജ്‌മൂഉല്‍ ഫതാവാ-20/209).
2. ``ജനങ്ങളില്‍ അധികപേരും ഒരു മദ്‌ഹബിനെയോ, മതത്തെയോ പിന്തുടരുന്നത്‌ അവര്‍ക്ക്‌ കിട്ടിയ ഒരു വിധിയുടെ (ഹുക്‌മ്‌) അടിസ്ഥാനത്തിലാണ്‌. പിതാവിന്റെയോ, നേതാവിന്റെയോ നാട്ടുകാരുടെയോ ദീനിലാണ്‌ മനുഷ്യന്‍ വളര്‍ന്നുവരിക. എന്നാല്‍ പ്രായപൂര്‍ത്തിയാകുന്നതോടെ അല്ലാഹുവിനെയും പ്രവാചകനെയും അനുസരിക്കാനുള്ള വഴി അവന്‍ അന്വേഷിക്കണം. അല്ലാഹുവിന്റെയും പ്രവാചകന്റെയും വിധികള്‍ അറിയാന്‍ കഴിയാത്തവന്‍ ഒരു ദീനീപണ്ഡിതനെ പിന്തുടരാം. മറ്റൊരു പണ്ഡിതന്റെ അഭിപ്രായം ഇതിനെക്കാള്‍ ഉത്തമമാണോ എന്നവന്‌ വ്യക്തമായി അറിയാനാകില്ല. അങ്ങനെ ചെയ്യുന്നത്‌ പ്രശംസാര്‍ഹമാണ്‌. അവന്‍ പ്രതിഫലാര്‍ഹനും. അങ്ങനെ ഒരു പണ്ഡിതനെ പിന്തുടരുന്നത്‌ ആക്ഷേപകരമോ ശിക്ഷാര്‍ഹമോ അല്ല'' (അതേ പുസ്‌തകം: 20/224, 225).
3. ഇബ്‌നുഹുബൈറയെ ഉദ്ധരിച്ചുകൊണ്ട്‌ ഇബ്‌നുതൈമിയ പറയുന്നുണ്ട്‌: ``ഈ മദ്‌ഹബുകളില്‍ ഏതെങ്കിലും ഒന്ന്‌ സ്വീകരിക്കല്‍ അനുവദനീയമാണ്‌'' (Ibid-20/292).
4. ഒരു മദ്‌ഹബ്‌ പിന്തുടരുന്നവന്‌ ഭൗതിക താല്‍പര്യങ്ങളില്ലാതെ കൂടുതല്‍ ഉത്തമമായ ദീനീപാത പിന്തുടരുകയെന്ന ലക്ഷ്യത്തോടെ മറ്റൊരു മദ്‌ഹബിലെ അഭിപ്രായം സ്വീകരിക്കുന്നത്‌ അനുവദനീയമാണെന്നും അതാണ്‌ വേണ്ടതെന്നും ഇബ്‌നുതൈമിയ വ്യക്തമാക്കിയിട്ടുണ്ട്‌. ``ദീനിയല്ലാത്ത ഒരു ലക്ഷ്യത്തിനുവേണ്ടി മദ്‌ഹബ്‌ പിന്തുടരുന്നതും അതുപേക്ഷിക്കുന്നതും ആക്ഷേപകരമാണ്‌... എന്നാല്‍ ഒരു മദ്‌ഹബില്‍ നിന്ന്‌ മറ്റൊന്നിലേക്ക്‌ മാറുന്നത്‌ ദീനിയായ ലക്ഷ്യത്തോടെയാണെങ്കില്‍ അത്‌ പ്രതിഫലാര്‍ഹമാണ്‌. മാത്രമല്ല അത്‌ നിര്‍ബന്ധം തന്നെയാണ്‌. ഒരു വിഷയത്തില്‍ അല്ലാഹുവിന്റെയും പ്രവാചകന്റെയും വിധി വ്യക്തമായിക്കഴിഞ്ഞാല്‍ അതില്‍നിന്ന്‌ മാറി പോകാവതല്ല'' (മജ്‌മൂഉല്‍ ഫതാവാ: 20/220-223).

മുഹമ്മദ്‌ബ്‌നു അബ്‌ദില്‍ വഹാബിന്റെ മദ്‌ഹബ്‌

സലഫി പ്രസ്ഥാനത്തിന്റെ നെടുനായകനും സലഫീ ആശയങ്ങള്‍ പ്രയോഗവത്‌ക്കരിക്കുന്നതില്‍ വലിയ അളവില്‍ വിജയിച്ച വ്യക്തിയുമാണ്‌ ശൈഖ്‌ മുഹമ്മദ്‌ബ്‌നു അബ്‌ദില്‍ വഹാബ്‌. അന്ധവിശ്വാസ-അനാചാരങ്ങളോട്‌ കടുത്ത എതിര്‍പ്പു പുലര്‍ത്തിയ അദ്ദേഹം പ്രതിയോഗികലില്‍നിന്ന്‌ ധാരാളം പഴി കേള്‍ക്കേണ്ടിവന്നിട്ടുണ്ട്‌. അതിലൊന്ന്‌; `മുഹമ്മദ്‌ബ്‌നു അബ്‌ദില്‍ വഹാബ്‌ മദ്‌ഹബ്‌ നിഷേധിയാണ്‌' എന്നതത്രെ! വിമര്‍ശകരുടെ പ്രചാരണം നിമിത്തം അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ അംഗീകരിക്കുന്നവരില്‍ ചിലര്‍ അദ്ദേഹം മദ്‌ഹബ്‌ വിരോധിയാണെന്ന്‌ തെറ്റിദ്ധരിച്ചിട്ടുണ്ട്‌.
യഥാര്‍ഥത്തില്‍ മുഹമ്മദ്‌ബ്‌നു അബ്‌ദില്‍ വഹാബ്‌ മദ്‌ഹബ്‌ സ്വീകരിക്കാം എന്ന അഭിപ്രായക്കാരനായിരുന്നു. ഇമാം അഹ്‌മദ്‌ബിന്‍ ഹമ്പലിനെ പിന്തുടര്‍ന്നിരുന്ന അദ്ദേഹം താന്‍ ഹമ്പലി മദ്‌ഹബുകാരനാണെന്ന്‌ വ്യക്തമായി പ്രഖ്യാപിക്കുകയും ചെയ്‌തിട്ടുണ്ട്‌. മദ്‌ഹബ്‌ നിഷേധികളായ ആധുനിക സലഫികള്‍ ഇതിന്റെ പേരില്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തുകയാണിപ്പോള്‍ (ഇഅ്‌ലാമുല്‍ അജ്‌യാല്‍ ബികലാമില്‍ ഇമാമില്‍ വാദിഈ പേജ്‌-79, ദാറുല്‍ ആസാര്‍, സ്വന്‍ആഅ്‌, 2008).

മദ്‌ഹബുകളോടുള്ള തന്റെ സമീപനം മുഹമ്മദ്‌ബ്‌നു അബ്‌ദില്‍ വഹാബ്‌ വ്യക്തമാക്കുന്നതു കാണുക: ``ശാഖാപരമായ വിഷയങ്ങളില്‍ ഞാന്‍ പിന്തുടരുന്നത്‌ ഇമാം അഹ്‌മദ്‌ബ്‌നു ഹമ്പലിന്റെ മദ്‌ഹബാണ്‌. അദ്ദേഹം അഹ്‌ലുസുന്നത്തിന്റെ ഇമാം ആണ്‌. ഇജ്‌തിഹാദ്‌ ചെയ്യുന്നവനാണ്‌ ഞാനെന്ന്‌ വാദിക്കുന്നില്ല. പ്രവാചകന്റെ ഒരു ചര്യ നമുക്ക്‌ വ്യക്തമായി ബോധ്യപ്പെട്ടാല്‍ അതനുസരിച്ച്‌ പ്രവര്‍ത്തിക്കും. ഒരാളുടെ അഭിപ്രായത്തിന്‌, പ്രവാചക ചര്യയെക്കാള്‍ ഞാന്‍ മുന്‍ഗണന നല്‍കുകയില്ല'' (അല്‍ഹാദിയ്യത്തുസുന്നിയ്യ-പേജ്‌: 99). ആലൂസി ഉദ്ധരിക്കുന്നു: ``ശാഖാപരമായ വിഷയങ്ങളില്‍ ഇമാം അഹ്‌മദ്‌ബ്‌നുഹമ്പലിനെയാണ്‌ ഞാന്‍ പിന്തുടരുന്നത്‌. നാലില്‍ ഒരു മദ്‌ഹബ്‌ സ്വീകരിച്ച ആരെയും ഞാന്‍ ആക്ഷേപിക്കുകയില്ല. നിരുപാധിക ഗവേഷണത്തിന്‌ (അല്‍ ഇജ്‌തിഹാദുല്‍ മുത്വ്‌ലഖ്‌) ഞാന്‍ അര്‍ഹനല്ല. അപ്രകാരം വാദിക്കുന്ന ആരും നമ്മുടെ കൂടെയില്ല. എന്നാല്‍ ഖുര്‍ആനില്‍ നിന്നോ ഹദീസില്‍ നിന്നോ വ്യക്തവും ദുര്‍ബലമല്ലാത്തതുമായ ഒരു പ്രമാണം ലഭിക്കുകയും അതിനെക്കാള്‍ ശക്തമായ മറ്റൊരു തെളിവും ഇല്ലാതിരിക്കുകയും ചെയ്‌താല്‍, നാലില്‍ ഒരു ഇമാം അതനുസരിച്ച്‌ അഭിപ്രായം പറഞ്ഞിട്ടുണ്ടെങ്കില്‍ ഞാന്‍ അത്‌ സ്വീകരിക്കും. മദ്‌ഹബിലെ അഭിപ്രായം ഉപേക്ഷിക്കും. പിതൃവ്യന്റെയും സഹോദരങ്ങളുടെയും അനന്തരാവകാശം ഉദാഹരണം. പിതൃവ്യനാണ്‌ ഞാന്‍ മുന്‍ഗണന നല്‍കുന്നത്‌; അത്‌ ഹമ്പലി മദ്‌ഹബിന്‌ എതിരാണെങ്കിലും (താരീഖുനജ്‌ദ്‌-ആലൂസി, പേജ്‌: 46, 54, സ്വിയാനത്തുല്‍ ഇന്‍സാന്‍, പേജ്‌-471).

ഈ അഭിപ്രായങ്ങള്‍ ഉദ്ധരിച്ചുകൊണ്ട്‌, ഉസ്‌താദ്‌ മസ്‌ഊദ്‌ നദ്‌വി എഴുതുന്നു: ``ശാഖാപരമായ പ്രശ്‌നങ്ങളില്‍ മുഹമ്മദ്‌ബ്‌നു അബ്‌ദുല്‍ വഹാബ്‌ ഹമ്പലി മദ്‌ഹബുകാരനായിരുന്നു. എന്നാല്‍, തന്റെ സരണി പിന്തുടരാന്‍ അദ്ദേഹം ഒരാളെയും നിര്‍ബന്ധിക്കാറുണ്ടായിരുന്നില്ല. ശാഫിഈ മദ്‌ഹബുകാരനോട്‌ ശാഫിഈ മദ്‌ഹബ്‌ അംഗീകരിച്ച്‌ മുന്നോട്ടു പോകാനും ഹനഫിയോട്‌ ഹനഫി മദ്‌ഹബ്‌ പിന്തുടരാനുമാണ്‌ അദ്ദേഹം പറഞ്ഞിരുന്നത്‌. എന്നാല്‍ അന്ധമായ അനുകരണവും ബിദ്‌അത്തുകളും ഒരു ഇമാമും അംഗീകരിച്ചിരുന്നില്ല...
``മുഹമ്മദ്‌ബ്‌നു അബ്‌ദില്‍ വഹാബ്‌ ചില സന്ദര്‍ഭങ്ങളില്‍ ഇമാം ഇബ്‌നു തൈമിയ്യ, ഇമാം ഇബ്‌നു ഖയ്യിം തുടങ്ങിയവരുടെ അഭിപ്രായങ്ങള്‍ തെളിവായി ഉദ്ധരിക്കാറുണ്ട്‌. എന്നാല്‍ ഒരാളെയും അദ്ദേഹം അന്ധമായി അനുകരിക്കാറില്ല. ഖുര്‍ആനും ഹദീസുമായി യോജിക്കുന്ന വിഷയത്തില്‍ മാത്രമാണ്‌ അദ്ദേഹം ഇരുവരെയും പിന്തുടരാറുള്ളത്‌'' (മുഹമ്മദ്‌ബ്‌നു അബ്‌ദില്‍ വഹാബ്‌. മുസ്വ്‌ലിഹുന്‍ മള്‌ലൂമുന്‍ വമുഫ്‌തറാ അലൈഹി, പേജ്‌: 148, 149, വിസാറത്തുത്തഅ്‌ലീമില്‍ ആം, സുഊദി അറേബ്യ, 1984).

സുഊദി അറേബ്യ, ഖസ്വീമിലെ രാജാവിന്‌ അയച്ച കത്തില്‍, താന്‍ മദ്‌ഹബ്‌ നിഷേധിയാണെന്ന തല്‍പരകക്ഷികളുടെ വിമര്‍ശനത്തെ നിഷേധിക്കുന്നുണ്ട്‌ (.................) മുഹമ്മദ്‌ബിന്‍ അബ്‌ദുല്‍ വഹാബിന്റെ അനുയായികളില്‍ ചിലര്‍ പിന്നീട്‌ അന്ധമായ മദ്‌ഹബ്‌ പക്ഷപാതിത്വവും മറുവീക്ഷണക്കാരോട്‌ അസഹിഷ്‌ണുതയും പുലര്‍ത്തിയിട്ടുണ്ട്‌ എന്നത്‌ ശരിയാണ്‌. ഒരു പക്ഷേ, എല്ലാ മദ്‌ഹബിന്റെ അനുയായികളിലും പില്‍ക്കാലത്ത്‌ പക്ഷപാതിത്വമുള്ളവരും അസഹിഷ്‌ണുക്കളും ഉണ്ടായിട്ടുണ്ട്‌. മുഹമ്മദ്‌ബ്‌ന്‍ അബ്‌ദുല്‍ വഹാബിന്റെ പിന്തുണയോടെ സുഊദ്‌ കുടുംബത്തിന്റെ നേതൃത്വത്തില്‍ സ്ഥാപിക്കപ്പെട്ട സുഊദി അറേബ്യ പൊതുവെ പിന്തുടരുന്നത്‌ ഹമ്പലീ മദ്‌ഹബാണ്‌. സുഊദിയിലെ ഗ്രാന്റ്‌ മുഫ്‌തിയും ലോകപ്രശസ്‌ത സലഫിപണ്ഡിതനുമായിരുന്ന ശൈഖ്‌ ഇബ്‌നുബാസും സ്വാലിഹുല്‍ ഉസൈമീനും ഉള്‍പ്പെടെയുള്ള പ്രമുഖ സലഫീ പണ്ഡിതന്മാരൊന്നും ഇതിനെ എതിര്‍ക്കുകയോ മദ്‌ഹബ്‌ നിഷേധവാദം ഉന്നയിക്കുകയോ ചെയ്‌തതായി അറിയില്ല. ഏറെക്കുറെ സന്തുലിതമായ പാരമ്പര്യ സലഫീ കാഴ്‌ചപ്പാടുതന്നെയാണ്‌ അവര്‍ പൊതുവെ പിന്തുടര്‍ന്നുവന്നത്‌.

യഥാര്‍ഥത്തില്‍ മദ്‌ഹബ്‌ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട മൂന്ന്‌ നിലപാടുകളാണ്‌ മുസ്‌ലിം ലോകത്തുള്ളത്‌. ഒന്ന്‌, നാലില്‍ ഒരു മദ്‌ഹബ്‌ സ്വീകരിക്കല്‍ ഓരോ മുസ്‌ലിമിന്റെയും നിര്‍ബന്ധ ബാധ്യതയാണ്‌. മദ്‌ഹബ്‌ ഇല്ലാത്തവന്റെ ദീന്‍ പൂര്‍ണമാകില്ല. ഒരു മദ്‌ഹബ്‌ സ്വീകരിച്ചവന്‍ എല്ലാ കാര്യങ്ങളിലും അതനുസരിച്ചുതന്നെ പ്രവര്‍ത്തിക്കണം. ചില വിഷയങ്ങളില്‍ മദ്‌ഹബ്‌ മാറാന്‍ പാടില്ല. രണ്ട്‌; മദ്‌ഹബുകള്‍ സ്വീകരിക്കല്‍ അനുവദനീയമാണ്‌; നിര്‍ബന്ധമില്ല. ത്‌ഖ്‌ലീദ്‌ പാടില്ല. മദ്‌ഹബ്‌ സ്വീകരിക്കാത്തവനെ ആക്ഷേപിക്കരുത്‌. മൂന്ന്‌: മദ്‌ഹബുകളെ പിന്തുടരാന്‍ പാടില്ല. മദ്‌ഹബുകളാണ്‌ ഭിന്നതക്ക്‌ കാരണം ഖുര്‍ആനില്‍ നിന്നും ഹീദിസില്‍ നിന്നുമാണ്‌ ദീനീവിധികള്‍ സ്വീകരിക്കേണ്ടത്‌. ഇതില്‍ രണ്ടാമത്തെ നിലപാടാണ്‌ സന്തുലിതം. ഇതായിരുന്നു സലഫീ പണ്ഡിതരില്‍ ഭൂമിപക്ഷവും ഇസ്‌ലാമിസ്റ്റുധാരയും സ്വീകരിച്ചിരുന്നത്‌. പ്രമുഖ സലഫിപണ്ഡിതന്‍ ഡോ. അബ്‌ദുര്‍റഹ്‌മാന്‍ബ്‌നുഅബ്‌ദുല്ല ജബ്‌രീന്‍ എഴുതുന്നു: ``രണ്ടു ആത്യന്തിക വിഭാഗങ്ങള്‍ക്കിടയില്‍ മധ്യമനിലപാടുള്ള മറ്റൊരു വിഭാഗമുണ്ട്‌. മദ്‌ഹബുകളെ പിന്തുടരുന്നവര്‍ സത്യത്തിലും നന്മയിലുമാണ്‌ നിലകൊള്ളുന്നത്‌, മദ്‌ഹബുകള്‍ ഉപേക്ഷിച്ച്‌ ശരീഅത്തിലെ പരിധികള്‍ക്കകത്ത്‌ സ്വതന്ത്ര വഴി തെരഞ്ഞെടുത്തവരും സത്യത്തിലും നന്മയിലുമാണ്‌ ഇതാണവരുടെ നിലപാട്‌. മുന്‍ഗാമികളായ പണ്ഡിതന്മാരാണ്‌ അവര്‍ക്ക്‌ മാതൃക. വിശേഷിച്ച്‌ ഇബ്‌നുതൈമിയ, ഇബ്‌നുഖയ്യിം, ഇസ്സുബ്‌നുഅബ്‌ദിസലാം, ഇബ്‌നുദഖീഖില്‍ ഈദ്‌ തുടങ്ങിയവര്‍ വര്‍ത്തമാന കാലത്ത്‌ ഇസ്വ്‌ലാഹി പ്രബോധന മേഖലയെ പ്രതിനിധീകരിക്കുന്നത്‌ ഈ വിഭാഗമാണ്‌. ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റികളിലെയും വിദ്യാലയങ്ങളിലെയും ധാരാളം അധ്യാപകരും വിദ്യാര്‍ഥികളും ഈ നിലപാടുള്ളവരാണ്‌. മദ്‌ഹബുകളെ തള്ളിക്കളയാതെ തന്നെ, പക്ഷപാതിത്വം ഉപേക്ഷിച്ചുകൊണ്ടാണവര്‍ മുന്നോട്ടുപോകുന്നത്‌'' (മജല്ലത്തുല്‍ബുഹൂസില്‍ ഇസ്‌ലാമിയ്യ, ലക്കം: 86, ഹി-1429 ദുല്‍ഹജ്ജ്‌, പേജ്‌: 164).

2
മദ്‌ഹബ്‌ നിഷേധ പ്രവണതകള്‍
മദ്‌ഹബുകള്‍ പിന്തുടരുന്നത്‌ വിലക്കുകയും ഖുര്‍ആനിലും ഹദീസിലും ഗവേഷണം നടത്തി ദീനീവിധികള്‍ നേരിട്ട്‌ കണ്ടെത്തണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്യുന്ന മദ്‌ഹബ്‌ നിഷേധവാദം സമീപകാലത്ത്‌ സലഫീ ലോകത്ത്‌ ഉയര്‍ന്നുവരികയുണ്ടായി. ഹദീസുകള്‍ക്ക്‌ അമിത പ്രാധാന്യം നല്‍കുകയും, ടെക്‌സ്റ്റിന്റെ വ്യാഖ്യാനസാധ്യതകളെ നിരാകരിക്കുകയും അതിനപ്പുറമുള്ള ഒന്നിനെക്കുറിച്ചും ചിന്തിക്കാതിരിക്കുകയും ചെയ്‌ത പഴയ `അഹ്‌ലുല്‍ ഹദീസി'ന്റെ പിന്തുടര്‍ച്ചയെന്നോണമാണ്‌ ഈ വാദക്കാര്‍ രംഗപ്രവേശം ചെയ്‌തത്‌. ടെക്‌സ്റ്റുകളോട്‌ ഒരുതരം `ആരാധനാ ഭാവം' പുലര്‍ത്തുകയും പ്രമാണവായനയില്‍ അനഭിലഷണീയമായ പ്രവണതകള്‍ സൃഷ്‌ടിക്കുകയും ചെയ്‌തുകൊണ്ടാണ്‌ `മദ്‌ഹബ്‌ ഇല്ലാവാദം' മുന്നോട്ടുപോകുന്നത്‌. കേരളത്തിലുള്‍പ്പെടെ ലോകത്തിന്റെ പലഭാഗത്തും ഈ വാദത്തിന്റെ സ്വാധീനം പ്രകടമാണ്‌.

ആദരണീയനായ പണ്ഡിതനും ആധുനിക കാലത്തെ മുഹദ്ദിസുമായ ശൈഖ്‌ നാസ്വിറുദ്ദീന്‍ അല്‍ബാനിയുടെ ചിന്തകളാണ്‌ ഇതിന്‌ ആശയ പരിസരമൊരുക്കിയത്‌. ഹദീസ്‌ വിജ്ഞാന മേഖലയില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ അദ്ദേഹം, ഹദീസുകളുടെ ബലാബലം പരിശോധിക്കുന്നതില്‍ പുതിയ രീതികള്‍ ആവിഷ്‌കരിച്ചു. സ്വഹീഹും ദുര്‍ബലമായ ഹദീസുകള്‍ വേര്‍തിരിച്ച്‌ സമാഹരിച്ച അദ്ദേഹം സ്വഹീഹായ ഹദീസുകള്‍ മാത്രം പിന്തുടരേണ്ടതിന്റെ അനിവാര്യത ഊന്നിപ്പറഞ്ഞു. ഈ വിഷയത്തില്‍ സ്വീകരിച്ച കര്‍ക്കശ നിലപാടുകള്‍ക്ക്‌ സ്വാഭാവികമായ ചില അനന്തരഫലങ്ങളുണ്ടായിരുന്നു. അല്‍ബാനിയുടെ കാഴ്‌ചപ്പാടനുസരിച്ച്‌ സ്വഹീഹായ ഹദീസുകള്‍ മാത്രം സ്വീകരിക്കപ്പെടുകയും അതിനപ്പുറമുള്ള എല്ലാം നിരാകരിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയുണ്ടായി. മദ്‌ഹബുകള്‍ നിശിതമായി വിചാരണ ചെയ്യപ്പെടുക മാത്രമല്ല, മദ്‌ഹബുകളെ തഖ്‌ലീദ്‌ ചെയ്യുന്നതിനെതിരായ പ്രചാരണങ്ങള്‍ മദ്‌ഹബ്‌ ഇല്ലാ വാദത്തിലേക്ക്‌ വളരാനും തുടങ്ങി. മദ്‌ഹബുകളെ അന്ധമായി പിന്തുടരുകയെന്ന ആത്യന്തിക വാദത്തിന്റെ നേര്‍വിപരീത ദിശയില്‍ മദ്‌ഹബുകളെ നിഷേധിക്കുന്ന തീവ്രവാദമായി ഇത്‌ മാറുകയാണുണ്ടായത്‌.
സുഊദി അറേബ്യയിലെ സലഫി പണ്ഡിതന്മാര്‍ നേതൃത്വം നല്‍കുന്ന `ഉന്നത പണ്ഡിതസഭ' പ്രസിദ്ധീകരിക്കുന്ന മജല്ലത്തുല്‍ ബുഹൂസില്‍ ഇസ്‌ലാമിയ്യയില്‍, പ്രമുഖ പണ്ഡിതന്‍ അബ്‌ദുര്‍റഹ്‌മാന്‍ അബ്‌ദുല്ലഅല്‍ ജബ്‌രീന്‍ എഴുതുന്നു: ``അഹ്‌ലുല്‍ ഹദീസില്‍ പെട്ട ചിലര്‍, മദ്‌ഹബുകളെ നിരാകരിക്കാനും ജനങ്ങളെ ഖുര്‍ആനിലേക്കും തിരിച്ചുകൊണ്ടുപോകാനും ആഗ്രഹിക്കുന്നു. ഒറ്റയടിക്ക്‌ ഇത്‌ നടപ്പിലാക്കണം എന്നല്ല അവര്‍ ആവശ്യപ്പെടുന്നത്‌. പക്ഷപാതിത്വങ്ങളില്‍ നിന്ന്‌ മുക്തമായി മദ്‌ഹബുകള്‍ വഴി ഫിഖ്‌ഹ്‌ പഠിക്കാനും പിന്നീട്‌ എല്ലാ മദ്‌ഹബുകളെയും ഏകീകരിക്കാനും അതിലെ തിന്മകള്‍ ഉപേക്ഷിക്കാനും ആവശ്യപ്പെടുന്നതാണവരുടെ രീതി. ശേഷം ജനങ്ങള്‍ ഖുര്‍ആനിനെയും സുന്നത്തിനെയും നേരിട്ട്‌ അവലംബിക്കണം. എന്നാല്‍ അവരില്‍ ചിലര്‍ സംവാദങ്ങളുടെ പ്രക്ഷുബ്‌ധാവസ്ഥയില്‍ ഘട്ടംഘട്ടമായുള്ള മദ്‌ഹബ്‌ കൈയൊഴിക്കല്‍ പ്രക്രിയ മറന്നുപോകുന്നു. മദ്‌ഹബുകളെ മൊത്തത്തില്‍ ആക്രമിക്കുകയും ചെയ്യുന്നു. മദ്‌ഹബില്ലാവാദക്കാരിലെ പ്രമുഖന്‍ അല്ലാമാ നാസ്വിറുദ്ദീന്‍ അല്‍ബാനിയാണ്‌. അദ്ദേഹത്തിന്റെ ശിഷ്യന്‍മാരും രംഗത്തുണ്ട്‌. അവര്‍ ചില പുസ്‌തകങ്ങളും മറ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌'' (മജല്ല: 86/158, 166).

ശൈഖ്‌ അല്‍ബാനിയുടെ പ്രമുഖ ശിഷ്യനും സന്തതസഹചാരിയുമായ മുഹമ്മദ്‌ ഈദ്‌ അബ്ബാസിയുടെ `അല്‍ മദ്‌ഹബിയ്യത്തുല്‍ മുതഅസ്വിബ ഹിയല്‍ ബിദ്‌അ' എന്ന ഗ്രന്ഥമാണ്‌ ഈ വാദം ശക്തിയായി അവതരിപ്പിച്ചത്‌. `മദ്‌ഹബീ പക്ഷപാതിത്വം, മുസ്‌ലിം അധഃപതനത്തിലും ചിന്താമുരടിപ്പിലും ചെലുത്തിയ അപകടകരമായ സ്വാധീനത്തിനെതിരെ'യാണ്‌ പുസ്‌തകമെങ്കിലും ഫലത്തില്‍ മദ്‌ഹബില്ലാ വാദമാണത്‌ മുന്നോട്ടു വെച്ചത്‌. `മദ്‌ഹബില്ലാ വാദം; ഇസ്‌ലാമിക ശരീഅത്തിനെതിരിലുള്ള അപകടകരമായ ബിദ്‌അത്ത്‌' എന്ന ഡോ. സഈദ്‌ റമദാന്‍ ബൂത്വിയുടെ പുസ്‌തകത്തിന്‌ അബ്ബാസിയെഴുതിയ മറുപടിയാണ്‌ ഈ കൃതി. ശൈഖ്‌ നാസ്വിറുദ്ദീന്‍ അല്‍ബാനിയുടെ നിര്‍ദ്ദേശപ്രകാരമാണ്‌ അബ്ബാസി ഗ്രന്ഥരചന നടത്തിയത്‌. സ്വാഭാവികമായും അല്‍ബാനിയുടെ പ്രോത്സാഹനം മാത്രമല്ല ചിന്തകളും കൃതിയില്‍ ഉണ്ടാകുമല്ലോ.

മദ്‌ഹബുകള്‍ വേണ്ടതില്ല എന്നുപറയാന്‍ മുഹമ്മദ്‌ ഈദ്‌ അബ്ബാസി ഉന്നയിക്കുന്നത്‌ പ്രധാനമായും മൂന്ന്‌ വാദങ്ങളാണ്‌ ഒന്ന്‌; മദ്‌ഹബുകള്‍ പിന്തുടരാതിരിക്കുക എന്നതാണ്‌ അടിസ്ഥാന നിലപാട്‌. അല്ലാഹുവിന്റെ ഉദ്ദേശ്യങ്ങള്‍ യഥാര്‍ഥ രൂപത്തില്‍ മനസ്സിലാക്കാന്‍ ഏറ്റവും എളുപ്പവും അടുപ്പവുമുള്ള വഴി മദ്‌ഹബുകള്‍ ഇല്ലാതിരിക്കലാണ്‌. കാരണം, അറിവുള്ളവനോട്‌ ചോദിക്കണമെന്ന്‌ അല്ലാഹു അജ്ഞരോട്‌ കല്‍പിച്ചപ്പോള്‍, ഒരാളെ പ്രത്യേകം നിര്‍ണയിച്ചു കൊടുത്തിട്ടില്ല. മറിച്ച്‌ `അറിവുള്ളവന്‍' എന്ന നിരുപാധിക പ്രയോഗമാണ്‌ നടത്തിയത്‌. നിരുപാധിക പ്രയോഗത്തില്‍, ഉപാധിവെക്കുന്ന തെളിവ്‌ ലഭിക്കുന്നതുവരെ അത്‌ നിരുപാധികമായിത്തന്നെ തുടരുമെന്ന കാര്യം സുവിദിതമാണ്‌ (അല്‍മദ്‌ഹബിയ്യ ലില്‍അബ്ബാസി: 91).

രണ്ട്‌; നിര്‍ണിത മദ്‌ബഹിനെ പിന്തുടര്‍ന്നാല്‍, പാപസുരക്ഷിതനായ നബി(സ)യെ പിന്തുടരുന്നതും, പാപസുരക്ഷിതനല്ലാത്ത മദ്‌ഹബിന്റെ ഇമാമിനെ പിന്തുടരുന്നതും ചിലപ്പോള്‍ ഒരുപോലെയായിത്തീരും (അല്‍മദ്‌ഹബിയ്യ ലില്‍അബ്ബാസി-91).

മൂന്ന്‌; ശ്രേഷ്‌ട നൂറ്റാണ്ടുകളിലെ സ്വഹാബികളും സലഫുസ്വാലിഹുകളും ഒരു മദ്‌ഹബിനെ അനുധാവനം ചെയ്‌തുവരായിരുന്നില്ല. മദ്‌ഹബുകളെ പിന്തുടരുന്നത്‌ അനുവദനീയമല്ല എന്നതിന്‌ ഇതുതന്നെ തെളിവാണ്‌ (അതേ പുസ്‌തകം-92).

പൊതുജനങ്ങള്‍ (ആമ്മത്തുന്നാസ്‌) മദ്‌ഹബിനെ തഖ്‌ലീദ്‌ ചെയ്യുന്നതിനെ തങ്ങള്‍ എതിര്‍ക്കുന്നില്ലെന്നും, അവരോട്‌ ഇജ്‌തിഹാദ്‌ ചെയ്യാന്‍ തങ്ങള്‍ ആവശ്യപ്പെടുന്നില്ലെന്നും അബ്ബാസി വ്യക്തമാക്കിയിട്ടുണ്ട്‌. എന്നാല്‍, ശൈഖുമാരെല്ലാം ഇജ്‌തിഹാദ്‌ ചെയ്യണമെന്നും അദ്ദേഹം പറയുന്നു: ``തങ്ങള്‍ക്ക്‌ അറിവുണ്ടെന്ന്‌ അവകാശപ്പെടുന്ന പണ്ഡിതന്മാരും ശൈഖുമാരും ഇജ്‌തിഹാദ്‌ നടത്തണം എന്നാണ്‌ ഞങ്ങള്‍ ആവശ്യപ്പെടുന്നത്‌'' (അല്‍ മദ്‌ഹബിയ്യ-117). തഖ്‌ലീദിനെക്കുറിച്ച്‌ അദ്ദേഹം എഴുതുന്നു: ``തഖ്‌ലീദ്‌ നിര്‍ബന്ധമാണ്‌, അതില്‍ നിന്ന്‌ രക്ഷപ്പെടാനാകില്ല. ഇസ്‌ലാം ചില നിബന്ധനകളോടെ അത്‌ അംഗീകരിച്ചിട്ടുണ്ട്‌. തഖ്‌ലീദ്‌ ചെയ്യുന്നവന്‍ ഗവേഷണം (ഇജ്‌തിഹാദ്‌) നടത്താനോ, അനുധാവനം (ഇത്തിബാഅ്‌) ചെയ്യാനോ കഴിവില്ലാത്തവനാകണം. ഖുര്‍ആനിനും സുന്നത്തിനും എതിരാണെന്ന്‌ അറിയുന്ന അഭിപ്രായം പിന്തുടരരുത്‌, ഒരു നിശ്ചിത മദ്‌ഹബിന്റെ ഇമാമിനെ തഖ്‌ലീദ്‌ ചെയ്യരുത്‌. എന്നിവയാണ്‌ ആ നിബന്ധനകള്‍'' (Ibid: 328).

തഖ്‌ലീദിന്റെ ഈ നിബന്ധനകളിലൂടെ തന്നെ മദ്‌ഹബിനെ മാറ്റി നിര്‍ത്താന്‍ ആശയഅടിത്തറയൊരുക്കിയ അബ്ബാസി, ശൈഖ്‌ അല്‍ബാനിയുടെ വീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നേടത്ത്‌ മദ്‌ഹബുകള്‍ ക്രമേണ കൈയൊഴിക്കേണ്ടതെങ്ങിനെയെന്ന്‌ വിശദീകരിക്കുന്നുണ്ട്‌: ``നമ്മുടെ കാലഘട്ടത്തില്‍ ജനങ്ങളുടെ ബാധ്യത ഇതാണ്‌; നാലില്‍ ഒരു മദ്‌ഹബ്‌ വഴി ഫിഖ്‌ഹ്‌ പഠിക്കാനൊരുങ്ങുക, അവയുടെ കിതാബികളില്‍ നിന്ന്‌ ദീന്‍ മനസിലാക്കുക; പിന്നീട്‌ ശരിയായ അറിവിന്റെ അടിസ്ഥാനത്തില്‍ അവരുടെ ഗ്രന്ഥങ്ങളില്‍നിന്ന്‌ ഒന്ന്‌ തെരഞ്ഞെടുക്കുക, ശാഫിഈ മദ്‌ഹബിലെ ഇമാം നവവിയുടെ കിതാബുല്‍ മജ്‌മൂഅ്‌ ഹനഫികളുടെ ഫത്‌ഹുല്‍ ഖദീര്‍, തുടങ്ങി നിയമനിര്‍മാണത്തിന്റെ വഴിയും തെളിവുകളും വിശദീകരിക്കുന്ന ഗ്രന്ഥങ്ങള്‍ ഉദാഹരണം. പിന്നീട്‌ ദുര്‍ബലമായ തെളിവുകളും തെറ്റായ നിര്‍ധാരണവും പ്രകടമാകുന്ന എല്ലാ അഭിപ്രായങ്ങളും ഉപേക്ഷിക്കുക. ശേഷം തെളിവുകള്‍ ചര്‍ച്ച ചെയ്യുകയും നിയമങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്ന മറ്റു മദ്‌ഹബുകളിലെ കൃതികള്‍ പരിശോധിക്കണം. അതില്‍ നിന്നും ശരിയും പ്രബലവുമായ ഗ്രന്ഥങ്ങള്‍ സ്വീകരിക്കുക. ഇപ്രകാരം മുന്നോട്ടുപോകണം'' (മുല്‍ഹഖുല്‍ മദ്‌ഹബിയ്യ ലില്‍അബ്ബാസി പേജ്‌-112).
ഇത്രയും വിവരിച്ചതില്‍ പ്രത്യക്ഷത്തില്‍ മദ്‌ഹബ്‌ നിഷേധം കാണാന്‍ കഴിയില്ല. അതിനുള്ള വഴി തുറക്കുക മാത്രമാണ്‌ അബ്ബാസി ചെയ്യുന്നത്‌. തുടര്‍ന്ന്‌ പറയുന്നതുകൂടി ശ്രദ്ധിക്കുക: ``നിശ്ചയമായും ഇത്‌ ഖുര്‍ആനും ഹദീസും ആധാരമാക്കി ഫിഖ്‌ഹ്‌ പഠിക്കുകയും ശരിയായ അറിവ്‌ നിറഞ്ഞു നില്‍ക്കുകയും ചെയ്യുന്നയാള്‍ക്ക്‌ മാത്രമേ അനുവദനീയമാവുകയുള്ളൂ. എന്നാല്‍ ഇവ്വിധം ശരിയായ പാണ്ഡിത്യം നേടിയ ആള്‍ക്ക്‌ ഇതിന്റെ ആവശ്യം ഇല്ലതാനും; ഡമസ്‌കസിലെ സലഫികള്‍ ഉദാഹരണം. അപ്രകാരം മറ്റൊരു കാര്യം കൂടി വ്യക്തമാക്കേണ്ടത്‌ അനിവാര്യമാണ്‌; ഏതെങ്കിലും ഒരു മദ്‌ഹബ്‌ മുഖേന ഫിഖ്‌ഹ്‌ പഠിക്കാന്‍ നാം അനുവാദം നല്‍കിയത്‌, താല്‍ക്കാലികമായ ഒരു കാലത്തേക്കും നീങ്ങിപ്പോകുന്ന ഒരു ഘട്ടത്തിലേക്കും മാത്രമാണ്‌'' (അല്‍മുല്‍ഹഖു ലികിതാബില്‍ മദ്‌ഹബിയ്യ, പേജ്‌-113).
ഈ വാദങ്ങളെ നിരൂപണം ചെയ്‌തുകൊണ്ട്‌ സലഫി പണ്ഡിതനായ ഡോ. അബ്‌ദുല്‍ റഹ്‌മാനുബ്‌നു അബ്‌ദുല്ല ജബ്‌രീന്‍ പറയുന്നു: മദ്‌ഹബ്‌ ഗ്രന്ഥങ്ങള്‍ പഠിക്കുകയും അവയിലെ ശരിതെറ്റുകള്‍ വേര്‍തിരിച്ച്‌ മനസിലാക്കുകയും ചെയ്യണമെന്ന്‌ പറഞ്ഞതില്‍ അപാകതയില്ല, അത്‌ ശരിയാണ്‌. എന്നാല്‍, മദ്‌ഹബുകളെ പഠിക്കേണ്ടത്‌ ഒരു താല്‍ക്കാലിക ഘട്ടത്തിലേക്ക്‌ മാത്രമാണെന്ന അബ്ബാസിയുടെ അഭിപ്രായത്തില്‍ അതിവാദമുണ്ട്‌. കാരണം, മദ്‌ഹബിലെ ഗ്രന്ഥങ്ങളില്‍ ശരിയും തെറ്റുമുണ്ട്‌. തെറ്റുകളുണ്ടെന്ന കാരണം പറഞ്ഞ്‌ അതിലെ ശരികള്‍ ഉപേക്ഷിക്കാന്‍ പാടില്ല. ഉന്നത സ്ഥാനീയരായ പണ്ഡിതന്മാര്‍ ഖുര്‍ആനും ഹദീസും ഇജ്‌മാഉം ഖിയാസും മറ്റു ദീനീ അടിസ്ഥാനങ്ങളും ആസ്‌പദമാക്കി നടത്തിയ ഗവേഷണ ഫലമാണ്‌ ആ ഗ്രന്ഥങ്ങള്‍. പിന്നെ എന്തിന്‌ അവ പഠിപ്പിക്കാതിരിക്കണം, അവയിലെ നന്മകള്‍ സ്വീകരിക്കാതിരിക്കണം! അവ സ്വീകരിക്കുന്നവന്‍ ഇത്തിബാഇന്റെ പദവിക്ക്‌ അര്‍ഹനാവുകയും ചെയ്യും. മുന്‍ഗാമികള്‍ തുടങ്ങിയേടത്തു നിന്നുതന്നെ നാം തുടങ്ങേണ്ടതില്ല. അപ്പോള്‍, നാം പുതിയൊരു മദ്‌ഹബ്‌ ഉണ്ടാക്കാന്‍ ആഹ്വാനം ചെയ്യുകയാണ്‌. ഇനിയും അതിന്റെ ആവശ്യമെന്താണ്‌?'' (മജല്ലതുല്‍ ബുഹൂസില്‍ ഇസ്‌ലാമിയ്യ: 86/168).

അല്‍ബാനിയും ശിഷ്യന്മാരും ഉന്നയിച്ച വാദങ്ങളെക്കാള്‍ തീവ്രവും അക്രമണപരവുമാണ്‌ സലഫീ പണ്ഡിതരില്‍ പ്രധാനിയായ മുഖ്‌ബിലുബ്‌നു ഹാദി അല്‍വാദിഈയുടെ മദ്‌ഹബ്‌ വിരോധം. മദ്‌ഹബുകള്‍ ബിദ്‌അത്തും, മുസ്‌ലിം സമൂഹത്തിലെ ആഭ്യന്തര ഛിദ്രതക്ക്‌ കാരണവുമാണെന്നും യാതൊരു കാരണവശാലും അവയെ പിന്തുടരാന്‍ പാടില്ലെന്നും അദ്ദേഹം കാര്‍ക്കശ്യത്തോടെ പ്രഖ്യാപിക്കുന്നു.

1. മദ്‌ഹബുകള്‍ക്ക്‌ അല്ലാഹു യാതൊരു തെളിവും അവതരിപ്പിച്ചിട്ടില്ല. ഖുര്‍ആനില്‍ നിന്നോ ഹദീസില്‍ നിന്നോ മദ്‌ഹബുകള്‍ക്ക്‌ തെളിവു കൊണ്ടുവരാന്‍ ഞാന്‍ വെല്ലുവിളിക്കുന്നു. ഹള്‌റമികളോട്‌ ശാഫിഈ മദ്‌ഹബുകാരാകാനും, നമ്മോട്‌ ശീയാക്കളാകാനും അബൂഹനീഫയുടെ അനുയായികളോട്‌ ഹമ്പലികളാകാനും അല്ലാഹു കല്‍പിച്ചതിന്‌ തെളിവുണ്ടോ? അല്ലാഹു പറഞ്ഞതിതാണ്‌: ``അല്ലാഹുവിലേക്ക്‌ ക്ഷണിക്കുകയും നല്ലത്‌ പ്രവര്‍ത്തിക്കുകയും ഞാന്‍ മുസ്‌ലിംകളില്‍ പെട്ടവനാണെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്യുന്നവനെക്കാള്‍ ഉത്തമന്‍ ആരാണ്‌?''-ഫുസ്വിലത്ത്‌-33. (തുഹ്‌ഫത്തുല്‍ മുജീബ്‌-327).

2. മദ്‌ഹബുകളെ തഖ്‌ലീദ്‌ ചെയ്യല്‍ ബിദ്‌അത്താണ്‌. അത്‌ ശ്രേഷ്‌ട നൂറ്റാണ്ടുകള്‍ക്കു ശേഷം ഉണ്ടായതാണ്‌ (ഫളാഇഹ്‌ വനസ്വാഇഹ്‌-207).

3. ``ചരിത്രം വായിച്ചാല്‍, പള്ളികളില്‍ ഉണ്ടായ തര്‍ക്കങ്ങളും കുഴപ്പങ്ങളും നമ്മെ സ്‌തബ്‌ധരാക്കും. മദ്‌ഹബുകളുടെ ഫിത്‌ന കാരണം എത്ര പേര്‍ക്കാണ്‌ സ്വന്തം നാടുവിട്ട്‌ പോകേണ്ടി വന്നത്‌ (Ibid-208-210).

4. മദ്‌ഹബ്‌ സ്വീകരിക്കല്‍ ദീനുല്‍ ഇസ്‌ലാമിന്റെ ഭാഗമല്ല. തഖ്‌ലീദു ചെയ്‌തവന്‍ വിജ്ഞരില്‍പെട്ടവനല്ലെന്ന്‌ പണ്ഡിതന്മാര്‍ ഏകോപിച്ച്‌ അഭിപ്രായപ്പെട്ടിരിക്കുന്നുവെന്ന്‌ ഇമാം അബ്‌ദുല്‍ ബര്‍റ്‌ പറഞ്ഞിട്ടുണ്ട്‌ (മഖ്‌തലുജമീലിര്‍റഹ്‌മാന്‍-7).

5. ഈ മദ്‌ഹബുകളൊന്നും നാം അംഗീകരിക്കുന്നില്ല. ശാഫിയാകണം, ഹമ്പലിയാകണം, മാലികിയാകണം എന്നൊക്കെ ആരാണ്‌ പറഞ്ഞത്‌? നാം ഒരൊറ്റ സമുദായമാകണം എന്നാണ്‌ അല്ലാഹു കല്‍പിച്ചിരിക്കുന്നത്‌ (തുഹ്‌ഫത്തുല്‍ മുജീബ്‌-327).
6. മദ്‌ഹബുകളാണ്‌ ജനങ്ങളെ ഭിന്നിപ്പിച്ചത്‌. മദ്‌ഹബിന്റെ വക്താക്കളോട്‌, ഖുര്‍ആനില്‍ നിന്നോ ഹദീസില്‍ നിന്നോ തെളിവ്‌ ഹാജരാക്കാന്‍ ഞാന്‍ വെല്ലുവിളിക്കുന്നു (ഇജാബത്തുസാഇല്‍-317).

7. മദ്‌ഹബുകള്‍ ബിദ്‌അത്താണ്‌. ജനങ്ങളെ ഛിദ്രീകരിച്ചതും അവരില്‍ പകയും ശത്രുതയും സൃഷ്‌ടിച്ചതും മദ്‌ഹബുകള്‍ തന്നെ. ശ്രേഷ്‌ട നൂറ്റാണ്ടുകള്‍ക്കു ശേഷമാണ്‌ ഈ ബിദ്‌അത്ത്‌ ഉടലെടുത്തത്‌. മുസ്‌ലിംകള്‍ കക്ഷികളും പാര്‍ട്ടികളുമായി ഭിന്നിച്ചത്‌ അതിനുശേഷമാണ്‌. ഖുര്‍ആനില്‍നിന്നും സുന്നത്തില്‍നിന്നും മുസ്‌ലിം സമുദായത്തെ തടഞ്ഞുനിര്‍ത്തിയതും മദ്‌ഹബുകളാണ്‌. പിന്നീട്‌ ഘട്ടംഘട്ടമായി ജൂതര്‍, ക്രൈസ്‌തവര്‍, കമ്യൂണിസ്റ്റുകള്‍, ബഅസ്‌ പാര്‍ട്ടി തുടങ്ങിയവരെ തഖ്‌ലീദു ചെയ്യുന്ന അവസ്ഥ വന്നുചേര്‍ന്നു (ഇജാബത്തുസാഇല്‍, 317-321).
8. ഇമാം ഇബ്‌നുഹസമാണ്‌ മദ്‌ഹബുകള്‍ക്കെതിരെ ശക്തമായി പോരാടിയത്‌. അദ്ദേഹത്തെ നേരിടാന്‍ മദ്‌ഹബിന്റെ വക്താക്കള്‍ക്കായില്ല. ഭരണാധികാരികളെ ഉപയോഗിച്ച്‌ അദ്ദേഹത്തെ അടിച്ചമര്‍ത്തുകയായിരുന്നു. ഇബ്‌നുഹസമിന്റെ മദ്‌ഹബ്‌ വിരുദ്ധ ഗ്രന്ഥങ്ങള്‍ ജനം ചുട്ടെരിച്ചു (ഫളാഇഹ്‌ വനസ്വാഇഹ്‌-213).

9. ഇമാം അഹ്‌മദ്‌ മദ്‌ഹബ്‌ സ്വീകരിച്ച വ്യക്തിയായിരുന്നില്ല. അദ്ദേഹം അഹ്‌ലുസുന്നത്തിന്റെ ഇമാമായിരുന്നു. അദ്ദേഹം മാലികി-ശാഫിഈ മദ്‌ഹബുകാരനായിരുന്നോ? ഇമാം ബുഖാരി, തിര്‍മിദി, അബൂദാബൂദ്‌, നസാഈ, ഇബ്‌നുമാജ, ഹുമൈദി... ഇവരൊന്നു മദ്‌ഹബിനെ അംഗീകരിച്ചവരായിരുന്നില്ല (Ibid 214-220).
10. ഇമാമുമാരെ തഖ്‌ലീദു ചെയ്യുന്നതില്‍ നിന്നാരംഭിച്ച ഈ ബിദ്‌അത്ത്‌, പിന്നീട്‌ സംഘടനകളെയും നേതാക്കളെയും തഖ്‌ലീദ്‌ ചെയ്യുന്നിടത്തെത്തി (ഇജാബത്തുസാഇല്‍-325).
11. ചില പണ്ഡിതന്മാര്‍, പൊതുജനങ്ങള്‍ക്ക്‌ (ആമ്മത്തുന്നാസ്‌) തഖ്‌ലീദ്‌ ആകാം എന്ന്‌ പറഞ്ഞിട്ടുണ്ട്‌. അത്തരമൊരു പണ്ഡിതനോട്‌ ഞാന്‍ ചോദിച്ചു: ``നിങ്ങളുടെ റബ്ബില്‍നിന്ന്‌ നിങ്ങള്‍ക്കവതരിച്ചു കിട്ടിയത്‌ നിങ്ങള്‍ പിന്തുടരുക, അവനല്ലാത്ത രക്ഷാധികാരികളെ നിങ്ങള്‍ പിന്തുടരരുത്‌, നിങ്ങള്‍ അല്‍പം മാത്രമേ ഓര്‍ക്കുന്നുള്ളൂ'' (അഅ്‌റാഫ്‌: 3). എന്ന ആയത്ത്‌, സാധാരണക്കാരെയും ഉള്‍ക്കൊള്ളുന്നുണ്ട്‌. `എങ്കില്‍ പിന്നെ സാധാരണക്കാരന്‌ തഖ്‌ലീദ്‌ അനുവദനീയമാണെന്ന്‌ പറയുന്നത്‌ എന്തടിസ്ഥാനത്തിലാണ്‌?' ഞാന്‍ ചോദിച്ചു. `നിങ്ങള്‍ക്ക്‌ ഭിന്നാഭിപ്രായമുള്ള വിഷയങ്ങളില്‍ വിധി അല്ലാഹുവിന്റേതാണ്‌' എന്ന്‌ ഖുര്‍ആന്‍ (അശൂറാ-10) പറഞ്ഞിട്ടില്ലേ? എങ്കില്‍ സാധാരണക്കാരന്‍ എന്താണ്‌ ചെയ്യേണ്ടത്‌. സാധാരണക്കാര്‍ ദീനിലേക്ക്‌ തിരിഞ്ഞാല്‍ അവര്‍ക്കത്‌ മനസിലാകും. അതിവിദഗ്‌ദ്ധനായ വാച്ച്‌ റിപ്പയറുകാരന്‍ സാധാരണക്കാര്‍ക്കിടയിലില്ലേ?.....(ഇജാബത്തുസാഇല്‍-329).

12. അല്ലാഹു നമ്മെ `മുസ്‌ലിംകള്‍' എന്നാണ്‌ പേരുവിളിച്ചിരിക്കുന്നത്‌. നാം മുഹമ്മദ്‌ നബിയുടെ ഉമ്മത്താണ്‌. അദ്ദേഹത്തിന്‌ പകരം നാം ആരെയും ഇഷ്‌ടപ്പെടുന്നില്ല ശാഫിഈ മദ്‌ഹബുകാരന്‍, സൈദി, വഹാബി തുടങ്ങിയ വിശേഷണങ്ങളൊന്നും നാം ഇഷ്‌ടപ്പെടുന്നില്ല (മഖ്‌തലു ജമീലുര്‍റഹ്‌മാന്‍-80).
13. ഫിഖ്‌ഹില്‍ മുഹമ്മദ്‌ബ്‌നു അബ്‌ദില്‍ വഹാബിന്‌ സ്വതന്ത്ര മദ്‌ഹബ്‌ ഉണ്ടായിരുന്നോ, അതോ അദ്ദേഹം ഹമ്പലി മദ്‌ഹബുകാരനായിരുന്നോ? ഈ ചോദ്യത്തിന്‌ വാദിഈ നല്‍കിയ ഉത്തരമിങ്ങനെ: `അദ്ദുററുസ്സുന്നിയ്യ' എന്ന ഗ്രന്ഥത്തില്‍ മുഹമ്മദ്‌ബ്‌നു അബ്‌ദില്‍ വഹാബ്‌ പറയുന്നത്‌, താന്‍ ഹമ്പലി മദ്‌ഹബുകാരനാണെന്നാണ്‌. അദ്ദേഹം മുജ്‌തഹിദായിരുന്നില്ല. ഫിഖ്‌ഹില്‍ അദ്ദേഹത്തിന്‌ സ്വതന്ത്രമായ കൃതികളൊന്നും ഇല്ല. ഇത്‌ അദ്ദേഹത്തിനും സമശീര്‍ഷര്‍ക്കുമെതിരിലുള്ള ആക്ഷേപം തന്നെയാണ്‌. കാരണം, മദ്‌ഹബ്‌ സ്വീകരിക്കാമെന്ന്‌ ഖുര്‍ആനിലോ ഹദീസിലോ പറയുന്നില്ല. തഖ്‌ലീദ്‌ ഒരു രോഗമാണ്‌, അതൊരു അന്ധതയാണ്‌ (മഖ്‌തലു ജമീലുര്‍റഹ്‌മാന്‍: 90-91).
(വാദിഈയുടെ ഉദ്ധരണികള്‍-ഇഅ്‌ലാമുല്‍ അജ്‌യാന്‍ എന്ന ഗ്രന്ഥത്തില്‍നിന്ന്‌ പേജ്‌, 79-93, ദാറുല്‍ആസാര്‍-സ്വന്‍ആഅ്‌)

അന്ധമായ അനുകരണത്തിനെതിരിലുള്ള വാദിഈയുടെ വാദങ്ങള്‍ അതിശക്തമാണ്‌; ഒരുപരിധിവരെ അതില്‍ ശരിയുമുണ്ട്‌. എന്നാല്‍ മദ്‌ഹബിനെ പിന്തുടരുന്നത്‌ (ഇത്തിബാഅ്‌) തന്നെ ബിദ്‌അത്തും നിഷിദ്ധവുമാണെന്ന വിമര്‍ശം മദ്‌ഹബ്‌ നിഷേധത്തിന്റെ ഭാഗമാണ്‌. ഇത്‌ പൂര്‍വികരായ സലഫീ നായകരുടെ മന്‍ഹജിന്‌ എതിരാണ്‌. ആധുനിക സലഫിസത്തില്‍ പാരമ്പര്യവിരുദ്ധമായ പല അതിവാദങ്ങളും കടന്നുവരുന്നത്‌ എങ്ങനെയെന്നതിന്റെ ഉദാഹരണങ്ങളിലൊന്നാണിത്‌. സലഫി മന്‍ഹജ്‌, സലഫീ മദ്‌ഹബായും സലഫിസമായും രൂപാന്തരപ്പെടുന്നതും ഇങ്ങനെയൊക്കെത്തന്നെയാണ്‌! ശൈഖ്‌ അല്‍ബാനി, അബ്ബാസി, വാദിഈ തുടങ്ങിയ സലഫി പണ്ഡിതര്‍ ഉയര്‍ത്തിയ മദ്‌ഹബ്‌ നിഷേധപരമായ വാദങ്ങളെ സലഫീ ലോകത്തെത്തന്നെ പ്രമുഖ പണ്ഡിതര്‍ അംഗീകരിക്കുന്നില്ല. സുഊദി അറേബ്യയിലെ പണ്ഡിതസഭാ അംഗവും പ്രമുഖസലഫി നേതാവുമായ ഡോ. അബ്‌ദുല്ല ജബ്‌രീന്‍ ഈ വാദങ്ങളെ ഖണ്ഡിക്കുന്നുണ്ട്‌. അദ്ദേഹത്തിന്റെ വിശകലനം ഇങ്ങനെ സംഗ്രഹിക്കാം.

1. ഇസ്‌ലാമിന്റെ ആദ്യ നൂറ്റാണ്ടില്‍തന്നെ പ്രഗത്ഭരായ സ്വഹാബിവര്യന്മാരെ പിന്തുടരുകയാണ്‌ ജനം ചെയ്‌തിരുന്നത്‌. ഓരോ പ്രദേശത്തും ഒന്നോ അതിലേറെയോ സ്വഹാബിമാര്‍ നേതാക്കളായി ഉണ്ടായിരുന്നു. ഇബ്‌നുഖയ്യിമുല്‍ ജൗസിയ്യ അഅ്‌ലാമില്‍ മുവഖിഈനില്‍ പറഞ്ഞിട്ടുണ്ട്‌: ``ദീനും ഫിഖ്‌ഹും ജനങ്ങളില്‍ പ്രചരിച്ചത്‌ ഇബ്‌നുമസ്‌ഊദിന്റെയും സൈദ്‌ബ്‌നുസാബിതിന്റെയും ഇബ്‌നുഉമറിന്റെയും ഇബ്‌നുഅബ്ബാസിന്റെയും സഖാക്കളിലൂടെയാണ്‌. ഈ നാല്‌ നേതാക്കളുടെയും സഖാക്കളില്‍ നിന്നാണ്‌ സാധാരണക്കാര്‍ (ആമ്മത്തുന്നാസ്‌) ദീന്‍ പഠിച്ചത്‌. മദീനക്കാര്‍ ദൈസ്‌ബ്‌നുസാബിത്‌, ഇബ്‌നുഉമര്‍, മക്കക്കാര്‍ ഇബ്‌നുഅബ്ബാസ്‌, ഇറാഖുകാര്‍ ഇബ്‌നുമസ്‌ഊദ്‌ എന്നിവരുടെ സഖാക്കളില്‍ നിന്നും ദീനീ അറിവുനേടി'' (അഅ്‌ലാമുല്‍ മുവഖിഈന്‍ 1/21) ഉമറുബ്‌നുല്‍ഖത്വാബ്‌ ജനങ്ങളോട്‌ ഇങ്ങനെ പ്രഖ്യാപിക്കുകയുണ്ടായി; `അനന്തരാവകാശത്തെക്കുറിച്ച്‌ അറിയാനാഗ്രഹിക്കുന്നവര്‍ സൈദ്‌ബ്‌നുസാബിതിനെ സമീപിക്കട്ടെ. ഫിഖ്‌ഹ്‌ ചോദിക്കേണ്ടവര്‍ മുആദ്‌ബ്‌നു ജബലിനെ കാണട്ടെ. പണം വേണ്ടവര്‍ എന്റെ അടുത്ത്‌ വരട്ടെ (അതേ പുസ്‌തകം 1/21) ബനൂഉമയ്യക്കാര്‍ പിന്തുടര്‍ന്നത്‌ അത്വാഉബ്‌നു അബീറബാഹിനെയായിരുന്നു. കാരണം ആരാധനകളെക്കുറിച്ച്‌ നന്നായി അറിയാമായിരുന്നത്‌ അദ്ദേഹത്തിനായിരുന്നു (അല്‍ബിദായത്തുവന്നിഹായ-9/306). ഈ ഉദ്ധരണികള്‍ തെളിയിക്കുന്നത്‌, ശ്രേഷ്‌ഠ നൂറ്റാണ്ടുകളില്‍ തന്നെ വ്യക്തികളെ നിര്‍ശ്ചയിച്ച്‌ പിന്തുടരുകയും ഫത്‌വ നല്‍കാന്‍ ചുമതലപ്പെടുത്തുകയും ചെയ്‌തിരുന്നുവെന്നാണ്‌.

2. നിര്‍ണിത പണ്ഡിതനെയോ, നിര്‍ണിതരല്ലാത്ത പണ്ഡിതന്മാരെയോ പിന്തുടരുന്നവര്‍, ആ പണ്ഡിതന്മാര്‍ പാപസുരക്ഷിതത്വമുള്ളവര്‍ (മഅ്‌സ്വൂം) ആണെന്ന്‌ വിശ്വസിക്കുന്നില്ല. ഗവേഷണത്തിലൂടെ എത്തിച്ചേര്‍ന്ന നിലപാടനുസരിച്ച്‌ പ്രവര്‍ത്തിക്കല്‍, തെളിവുണ്ടെങ്കില്‍ നിര്‍ബന്ധമാണ്‌. മറ്റുള്ളവര്‍ ആ മുജ്‌തഹിദിനോട്‌ വിയോജിച്ചാലും പാപസുരക്ഷിതനല്ലെങ്കിലും ആ മുജ്‌തഹിദിനെ ഒരാള്‍ക്ക്‌ പിന്തുടരാം. കാരണം ദീനീവിധികള്‍ മനസിലാക്കാന്‍ അയാള്‍ക്ക്‌ മുമ്പിലുള്ള വഴിയാണത്‌. ഒരാള്‍, ഒരു മുഫ്‌തിയെ മാത്രം പിന്തുടരാതിരിക്കുകയും രണ്ട്‌ പണ്ഡിതന്മാരോട്‌ ഫത്‌വ ചോദിക്കുകയും ചെയ്‌തുവെന്നിരിക്കട്ടെ. എങ്കില്‍ അവര്‍ രണ്ടുപേരും പാപസുരക്ഷിതര്‍ ആകുമോ? നിര്‍ണിത വ്യക്തിയെ പിന്തുടരാതിരുന്നതുകൊണ്ടുമാത്രം, പ്രവാചകന്മാര്‍ക്ക്‌ അവകാശപ്പെട്ട പാപസുരക്ഷിതത്വം പണ്ഡിതന്മാര്‍ക്ക്‌ ലഭിക്കുന്നതെങ്ങനെ? ഒരു പണ്ഡിതന്‍ പറഞ്ഞത്‌ ശരിയോ തെറ്റോ എന്ന്‌ വേര്‍തിരിച്ചെടുക്കാന്‍ സാധാരണക്കാരന്‌ കഴിയണമെന്നില്ല. തനിക്ക്‌ വിശ്വാസമുള്ള പണ്ഡിതനെ ശരിയെന്ന്‌ തോന്നുന്നതില്‍ പിന്തുടരുകയാണ്‌ അയാള്‍ ചെയ്യുക; അത്‌ ആ പണ്ഡിതന്‍ പാപസുരക്ഷിതനാണെന്ന്‌ അംഗീകരിച്ചുകൊണ്ടല്ല ചെയ്യുന്നത്‌.

3. നിര്‍ണിതനായ ഒരു പണ്ഡിതനെയോ, ഒന്നിലേറെ പണ്ഡിതന്മാരെ പിന്തുടരല്‍ അനുവദനീയമാണ്‌. ഇതില്‍ വിശാലമായ നിലപാടാണുള്ളത്‌ (മജ്‌മൂഉല്‍ ഫതാവാ ലിഇബ്‌നിതൈമിയ്യ: 20/209).

4. ഇജ്‌തിഹാദ്‌ ചെയ്യാന്‍ കഴിയാത്തവരും സാധാരണക്കാരും (ആമ്മത്തുന്നാസ്‌) മദ്‌ഹബുകളെ പിന്തുടരേണ്ടത്‌ അനിവാര്യമാണെന്നാണ്‌ പണ്ഡിതന്മാരില്‍ ബഹുഭൂരിപക്ഷവും അഭിപ്രായപ്പെട്ടിരിക്കുന്നത്‌. ഒരു മദ്‌ഹബില്‍ നിന്ന്‌ മറ്റൊരു മദ്‌ബഹിലേക്ക്‌ ചില വിഷയങ്ങളില്‍ മാത്രം മാറുന്നത്‌ പണ്ഡിതന്മാര്‍ വിലക്കിയത്‌, ജനം മദ്‌ഹബുകളിലെ ഇളവുകള്‍ പരതി നടക്കാന്‍ സാധ്യതയുണ്ട്‌ എന്നു മനസിലാക്കിയാണ്‌. മദ്‌ഹബുകളെ പിന്തുടരാം, അതിലെ തെറ്റു മനസിലായാല്‍ ആ തെറ്റുകള്‍ ഉപേക്ഷിക്കണം എന്നാണ്‌ പണ്ഡിതന്മാര്‍ പറഞ്ഞിട്ടുള്ളത്‌.

5. ഇസ്‌ലാമിക ചരിത്രത്തില്‍, മദ്‌ഹബുകള്‍ക്കിടയില്‍ കക്ഷിവഴക്കുകളും കുഴപ്പങ്ങളും ഉണ്ടായിട്ടുണ്ട്‌ എന്നത്‌ യാഥാര്‍ഥ്യമാണ്‌. അത്‌ ഇസ്‌ലാമിന്റെ സൃഷ്‌ടിയല്ല. തുടക്കക്കാരായ ചില വിദ്യാര്‍ഥികളും അവരെ പിന്തുടര്‍ന്ന ജനങ്ങളും ഉണ്ടാക്കിയതാണ്‌. അതിന്റെ യഥാര്‍ഥ കാരണം ദീനായിരുന്നില്ല. അത്‌ വ്യക്തിപരവും സ്വാര്‍ഥവുമായ കാരണങ്ങളാല്‍ സംഭവിച്ചതാണ്‌. ഭരണാധികാരികള്‍ നിക്ഷിപ്‌ത താല്‍പര്യങ്ങള്‍ക്കുവേണ്ടിയും മദ്‌ഹബുകള്‍ക്കിടയില്‍ അത്തരം കലാപങ്ങള്‍ സൃഷ്‌ടിച്ചിട്ടുണ്ട്‌. അതില്‍നിന്ന്‌ പാഠമുള്‍ക്കൊള്ളുകയാണ്‌ നാം ചെയ്യേണ്ടത്‌. മദ്‌ഹബുകള്‍ പിന്തുടരുന്നതിന്റെ കുഴപ്പമാണതെന്ന്‌ പ്രചരിപ്പിക്കുന്നത്‌ ശരിയല്ല.

6. ഒരു മദ്‌ഹബ്‌ പിന്തുടരുന്നവര്‍, മറ്റു മദ്‌ബഹുകാരെ ആക്ഷേപിക്കുവാനോ, ശത്രുത കാണിക്കുവാനോ പാടില്ല പരസ്‌പര ആദരവും സ്‌നേഹവും നിലനിര്‍ത്തണം. ഇതാണ്‌ മുന്‍ഗാമികളുടെ മാതൃക. (അബ്‌ദുര്‍റഹ്‌മാനുബ്‌നുഅബ്‌ദുല്ലജബ്‌രീന്റെ-അത്തമദ്‌ഹബു ദിറാസത്തുന്‍ തഅ്‌സ്വീലിയ്യ വാഖിഇയ്യ എന്ന പഠനത്തില്‍നിന്ന്‌ സംഗ്രഹിച്ചത്‌, മജല്ലത്തുല്‍ ബുഹൂസില്‍ ഇസ്‌ലാമിയ്യ 86/125-185).

പെണ്‍വേട്ടയുടെ കാരണങ്ങള്‍ /സദ്‌റുദ്ദീന്‍ വാഴക്കാട്‌


ജനങ്ങളുടെ സൈ്വര ജീവിതത്തിന്‌ ഭംഗം വരാത്തവിധം ശാന്തിയും സമാധാനവും നിറഞ്ഞുനില്‍ക്കുകയും പട്ടിണിയും ദാരിദ്ര്യവും നിര്‍മാര്‍ജനം ചെയ്യപ്പെടുകയും ചെയ്യുക എന്നത്‌ ഒരു നല്ല നാടിന്റെ ലക്ഷണമാണ്‌. അതു പോലെ നല്ല സമൂഹത്തിനും ചില പ്രത്യേകതകളുണ്ട്‌. സംസ്‌കാര സമ്പന്നമായ ജനതയെ മാത്രമേ നല്ല സമൂഹമെന്ന്‌ വിശേഷിപ്പിക്കാനാവൂ. ഒരു ജനതയുടെ സാംസ്‌കാരിക ഔന്നത്യം അളക്കുന്നതിന്‌ പല മാനങ്ങളുമുണ്ട്‌. അതിലൊന്ന്‌ അവരുടെ വൈജ്ഞാനിക അഭിവൃദ്ധിയാണ്‌. വിവരങ്ങളുടെ ശേഖരണത്തിനപ്പുറം വിദ്യാഭ്യാസം തിരിച്ചറിവും അവബോധവും നല്‍കുന്നതാവണം. `തന്നത്താന്‍ അറിഞ്ഞവന്‍ ദൈവത്തെ അറിഞ്ഞു' എന്ന്‌ നബി പഠിപ്പിച്ചിട്ടുണ്ട്‌. താന്‍ ആരാണെന്ന തിരിച്ചറിവ്‌ മനുഷ്യന്‌ നല്‍കാത്ത വിദ്യാഭ്യാസമാണ്‌ ആധുനിക ഭൗതിക നാഗരികതയുടെ അടിസ്ഥാന ദൗര്‍ബല്യങ്ങളിലൊന്ന്‌. അതുവഴി സൃഷ്ടിക്കപ്പെടുന്ന സമൂഹത്തിന്റെ അനിവാര്യമായ അപചയമാണ്‌ ഇന്ന്‌ നാം അനുഭവിക്കുന്നത്‌. എനിക്ക്‌ എന്നെ തിരിച്ചറിയാന്‍ കഴിയാതെ വന്നാല്‍ സമൂഹത്തിലെ ഒരംഗത്തെയും തിരിച്ചറിയാനാകില്ല. താന്‍ പിതാവാണെന്നും ഈ പെണ്‍കുട്ടി തന്റെ മകളാണെന്നും തിരിച്ചറിയാന്‍ ഒരു മനുഷ്യന്‌ സാധ്യമായില്ലെങ്കില്‍ എന്ത്‌ സംഭവിക്കുന്നുവെന്നതിന്റെ ദാരുണ ദൃശ്യങ്ങളാണ്‌ മകളെ പീഡിപ്പിച്ച അഛനും മുത്തഛനും നമുക്ക്‌ നല്‍കുന്നത്‌. പീഡനത്തില്‍ പങ്കാളിയാകുന്ന സഹോദരനും മകളെ കൂട്ടിക്കൊടുക്കുന്ന മാതാവും പിതാവുമൊക്കെ ഈ ചങ്ങലയില്‍ കണ്ണികളാണ.്‌ മൂല്യബോധവും തിരിച്ചറിവുമുള്ള സമൂഹത്തെ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ട നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥയെ പ്രതിസ്ഥാനത്ത്‌ നിര്‍ത്തിക്കൊണ്ടല്ലാതെ ഈ അപായ കാലത്തെ നമുക്ക്‌ വിചാരണ ചെയ്യാനാകില്ല. 

സംസ്‌കാര സമ്പന്നമായ സമൂഹത്തിന്റെ ലക്ഷ്യങ്ങളിലൊന്നാണ്‌ അവര്‍ക്കിടയിലെ സ്‌ത്രീയുടെ പദവി. സ്‌ത്രീ സുരക്ഷിതയും ആദരിക്കപ്പെടുന്നവളുമാവുമ്പോഴാണ്‌ പുരുഷന്‍ നല്ലവനെന്നും സംസ്‌കാര സമ്പന്നനെന്നും സമൂഹം ശ്രേഷ്‌ഠമെന്നുമുള്ള വിശേഷണത്തിന്‌ അര്‍ഹമാകുന്നത്‌. ഇസ്‌ലാം വിജയം നേടുന്ന കാലത്തെക്കുറിച്ച്‌ നബി (സ) പറയുകയുണ്ടായി. `അക്കാലത്ത്‌ ഹിറയില്‍ നിന്ന്‌ ഖഅ്‌ബാലയം വരെ ഒരു സ്‌ത്രീക്ക്‌ ഒറ്റക്ക്‌ യാത്ര ചെയ്യാനുള്ള സാഹചര്യമുണ്ടാകും. അല്ലാഹുവിനെയല്ലാതെ മറ്റൊന്നിനെയും അവള്‍ ഭയപ്പെടേണ്ടി വരില്ല.' നല്ല മനുഷ്യന്‍ നല്ല സമൂഹം എന്നൊക്കെയുള്ള പദവി വ്യക്തിക്കും ജനതക്കും നല്‍കുന്നത്‌ സ്‌ത്രീയോടുള്ള അവരുടെ പെരുമാറ്റവും അവള്‍ക്ക്‌ ലഭ്യമാകുന്ന അന്തസ്സും പരിഗണിച്ചാണെന്ന്‌ നബി (സ) പഠിപ്പിച്ചിട്ടുണ്ട്‌. നിങ്ങളില്‍ ഉത്തമന്‍ സ്‌ത്രീകളോട്‌ നന്നായി പെരുമാറുന്നവനാണെന്ന നബിവചനം ഇന്ന്‌ പഠിപ്പിക്കപ്പെടേണ്ടതുണ്ട്‌. 
സുരക്ഷയും സുഭിക്ഷയുമാണ്‌ ഒരു ക്ഷേമരാഷ്‌ട്രത്തിന്റെ പ്രധാന അടയാളങ്ങളെന്ന്‌ വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്‌. ദൈവാനുഗ്രഹം ലഭിച്ചതെന്ന്‌ ഒരു രാജ്യത്തെ വിശേഷിപ്പിക്കണമെങ്കില്‍ നിര്‍ഭയത്തോടു കൂടിയ യാത്രാസൗകര്യങ്ങളും സമാധാനപൂര്‍ണമായ ജീവിത സൗകര്യങ്ങളും സാധ്യമാകണം. ദാരിദ്ര്യത്തില്‍ നിന്നും പട്ടിണിയില്‍ നിന്നും ഐശ്വര്യം ലഭിക്കുകയും വേണം. ഖുര്‍ആനിലെ ഖുറൈശ്‌ അധ്യായത്തിന്റെ സാരാംശമിതാണ്‌. `അതിനാല്‍ അവര്‍ ഈ മന്ദിരത്തിന്റെ നാഥന്‌ ഇബാദത്ത്‌ ചെയ്യേണ്ടതാകുന്നു. അവര്‍ക്ക്‌ ആഹാരം കൊടുത്ത്‌ വിശപ്പകറ്റുകയും ശാന്തി ചൊരിഞ്ഞ്‌ ഭയമകറ്റുകയും ചെയ്‌ത നാഥന്‌' (106-3,4) 
ഇബ്രാഹീം പ്രവാചകന്റെ പ്രാര്‍ഥനക്കുള്ള ഉത്തരമായിരുന്നു മക്കക്ക്‌ ലഭിച്ച ഈ രണ്ട്‌ അനുഗ്രഹങ്ങളും. കുടുംബത്തെ മക്കാ ദേശത്ത്‌ താമസിപ്പിച്ച വേളയില്‍ ഇബ്രാഹീം നബി നടത്തിയ പ്രാര്‍ഥനയില്‍ ക്ഷേമരാഷ്‌ട്രത്തിന്റെ സവിശേഷതകള്‍ പ്രാധാന്യത്തോടെ വിഷയമാക്കിയതു കാണാം. ഇബ്രാഹീം നബി പ്രാര്‍ഥിച്ചതോര്‍ക്കുക. ``എന്റെ നാഥാ ഇതിനെ ശാന്തി നിറഞ്ഞ പട്ടണമാക്കേണമേ'' (2-126) 

ഇന്ത്യന്‍ സ്‌ത്രീത്വത്തിന്റെ വര്‍ത്തമാന കാല അനുഭവങ്ങള്‍ മുമ്പില്‍ വെച്ചു വേണം ക്ഷേമ രാഷ്‌ട്രത്തെയും സുരക്ഷിത സമൂഹത്തെയും കുറിച്ചുള്ള സങ്കല്‍പങ്ങള്‍ വിശകലനം ചെയ്യാന്‍. സ്‌ത്രീകള്‍ക്ക്‌ സുരക്ഷിതത്വം നല്‍കാത്ത, സ്‌ത്രീകളുടെ അഭിമാനം സംരക്ഷിക്കപ്പെടാത്ത സമൂഹവും നാടും എങ്ങനെ ക്ഷേമ രാഷ്‌ട്ര മാകും. നല്ല നാട്‌, പുരോഗമിച്ച സമൂഹം എന്നൊക്കെയുള്ള അവകാശ വാദങ്ങള്‍ തീര്‍ത്തും അര്‍ഥശൂന്യമാണെന്ന്‌ നമ്മുടെ ജീവിതം വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നു. പെണ്ണിനെ കുഴിച്ചുമൂടിയ ഏഴാം നൂറ്റാണ്ടിലെ അറേബ്യയേക്കാള്‍ ദുഷിച്ച സാമൂഹികാന്തരീക്ഷമാണ്‌ ഇന്ന്‌ നിലവിലുള്ളത്‌. ജീവനോടെ കുഴിച്ചു മൂടുമ്പോള്‍ ഏതാനും മിനുട്ടുകളുടെ വേദന സഹിച്ച്‌ ജീവഹാനിയാണ്‌ അന്ന്‌ നേരിടേണ്ടി വന്നതെങ്കില്‍ ഇന്ന്‌ മണിക്കൂറുകളും ദിവസങ്ങളോളം വേദന അനുഭവിച്ച്‌ ജീവഹാനിയും മാനഹാനിയും ഒരുമിച്ചു നേരിടേണ്ടിവരുന്നു ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സ്‌ത്രീത്വത്തിന്‌. കേരളത്തില്‍ ട്രെയിനിലും ഡല്‍ഹി ബസ്സിലും പീഡിപ്പിക്കപ്പെട്ട സ്‌ത്രീത്വം ഇതിന്റെ തെളിവാണ്‌. ഒരിക്കല്‍ അനുഭവിച്ച പീഡനത്തിന്റെ ബാക്കി പത്രങ്ങള്‍ ജീവിതകാലം മുഴുവന്‍ അനുഭവിക്കാന്‍ വിധിക്കപ്പെട്ട സ്‌ത്രീ രൂപങ്ങളുടെ സ്ഥിതി ഇതിനേക്കാള്‍ ഭയാനകമാണ്‌. നാല്‍പതിലേറേ പേര്‍ ചേര്‍ന്ന്‌ പിച്ചിച്ചീന്തിയ സൂര്യനെല്ലി പെണ്‍കുട്ടി ഇപ്പോള്‍ വീണ്ടും വാര്‍ത്തയില്‍ നിറയുകയാണല്ലോ. 

അര്‍ഥശൂന്യമായ മുറവിളികള്‍ക്കും അകക്കാമ്പ്‌ കാണാത്ത ആള്‍ക്കൂട്ട അഭ്യാസങ്ങള്‍ക്കും ഭരണകൂട കപടനാട്യങ്ങള്‍ക്കും അപ്പുറം അടിസ്ഥാന പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കാനായില്ലെങ്കില്‍ ഇത്‌ ഇനിയും തുടര്‍ന്നു കൊണ്ടേയിരിക്കും. എന്തുകൊണ്ടാണ്‌ നമ്മുടെ സ്‌ത്രീത്വം ഇക്കാലത്ത്‌ ഇവ്വിധം പീഡിപ്പിക്കപ്പെടുന്നത്‌? ആരൊക്കെയാണിതിലെ യഥാര്‍ഥ പ്രതികള്‍? എങ്ങനെയാണ്‌ സമൂഹത്തെ ഇതില്‍നിന്ന്‌ രക്ഷിക്കാനാവുക? ഗൗരവമേറിയ ചര്‍ച്ചകളിലേക്കും പരിഹാര നടപടികളിലേക്കും ഈ ചോദ്യങ്ങളുടെ ഉത്തരങ്ങളിലൂടെ നാം വികസിക്കേണ്ടതുണ്ട്‌. ഡല്‍ഹി സംഭവത്തിന്റെ പാശ്ചാതലത്തില്‍ ചൂടുപിടിച്ച ചര്‍ച്ചകളില്‍ പലതും അടിസ്ഥാന വിഷയങ്ങള്‍ പ്രശ്‌നവല്‍കരിക്കാതെ ഉപരിപ്ലവമായ വാചക കസര്‍ത്തുകളാല്‍ പരിമിതപ്പെട്ടുപോയി. അടിമുടി രോഗാതുരമായ ഒരു സമൂഹത്തില്‍ നിന്നും പുറത്തുവരുന്ന രോഗലക്ഷണങ്ങള്‍ മാത്രമാണ്‌ സ്‌ത്രീ പീഡനം. സൂക്ഷ്‌മ നിരീക്ഷണത്തില്‍ ഇന്ന്‌ കാണുന്ന ദാരുണമായ പതനത്തിലേക്ക്‌ ലോകജനതയെ കൊണ്ടെത്തിച്ചതിന്‌ അടിസ്ഥാന കാരണങ്ങള്‍ നാലെണ്ണമാണെന്ന്‌ കാണാം. ഭൗതികതയുടെ ആധിപത്യം, ലഹരിയുടെ ഉപഭോഗം, അശ്ലീലതയുടെ വ്യാപനം, ശിക്ഷകളിലെ അപര്യാപ്‌തത എന്നിവയാണവ. 

ഭൗതികത

ഭൗതകതയുടെ അടിമകളായി മാറിയതിന്റെ അനിവാര്യ ദുരന്തങ്ങളാണ്‌ തിമര്‍ത്താടുന്ന തിന്മകള്‍. എങ്ങനെയെങ്കിലും പണമുണ്ടാക്കുക എന്നതിലപ്പുറം ജീവിതത്തിന്‌ അര്‍ഥപൂര്‍ണമായ ലക്ഷ്യങ്ങള്‍ ഇല്ലാതായി. ദൈവത്തെയും പ്രവാചകന്മാരെയും തിരസ്‌കരിച്ച്‌ മതത്തെ ജീവിതത്തില്‍ നിന്നും പൂര്‍ണമായും ബഹിഷ്‌കരിച്ചു. ധാര്‍മിക പാഠങ്ങള്‍ പഠിപ്പിച്ച പ്രവാചകന്മാരെ മനസ്സില്‍ നിന്ന്‌ ഇറക്കിവിട്ട്‌ അവിടെ പിശാചിനെ കുടിയിരുത്തി. മതത്തെ ആരാധനകളില്‍ മാത്രം തളച്ചിടുകയാണ്‌ ചെയ്‌തത്‌. ജീവിതവും നാഗരികതയും ഇരുളടഞ്ഞു പോകാന്‍ മറ്റൊരു കാരണവും വേണ്ട. ആ ഇരുള്‍ നട്ടുച്ചയിലും നിറഞ്ഞു നിന്നപ്പോഴാണ്‌ അമേരിക്കയില്‍ നഴ്‌സറി വിദ്യാര്‍ഥികള്‍ക്ക്‌ ജീവന്‍ പോലും നഷ്ടപ്പെട്ടത്‌. സ്‌കൂളിലും പൊതു സ്ഥലങ്ങളിലും നിരന്തരം വെടിയുതിര്‍ക്കുന്ന അക്രമികള്‍ അമേരിക്കയെന്ന രാഷ്‌ട്രം മുന്നോട്ട്‌ വെക്കുന്ന ഭൗതിക നാഗരികതയുടെ ഉല്‍പന്നമാണ്‌. നഴ്‌സറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു പോലും നിര്‍ഭയത്വം ലഭിക്കാത്ത, സ്‌ത്രീക്ക്‌ സുരക്ഷിതമായി യാത്ര ചെയ്യാന്‍ പറ്റാത്ത രാജ്യതലസ്ഥാനത്തെക്കുറിച്ച്‌ നാം ആലോചിച്ച്‌ നോക്കുക. ഭൗതികതയാണ്‌ ഇത്‌ സൃഷ്ടിച്ചത്‌. ഇതിനുമേല്‍ ആത്മീയതയെ പ്രതിഷ്‌ഠിച്ചിരിക്കണം. ആരാധനാലയങ്ങളില്‍ നിന്ന്‌ ദൈവത്തെയും പ്രവാചകന്മാരെയും തെരുവിലേക്കും മാര്‍ക്കറ്റുകളിലേക്കും ഓഫീസുകളിലേക്കും ഭരണ സിരാകേന്ദ്രങ്ങളിലേക്കും അങ്ങനെ ജനജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും തിരിച്ചുവിളിക്കാന്‍ കഴിയണം. 
ലഹരി
പുരോഗമിച്ച സമൂഹത്തിന്റെ ലക്ഷണം യഥേഷ്ടം ലഹരി സേവിക്കാനുള്ള സ്വാതന്ത്ര്യവും സൗകര്യവുമെന്നാണ്‌ ലോക രാജ്യങ്ങളുടെ പ്രഖ്യാപിത നയം. മദ്യമുള്‍പ്പെടെയുള്ള ലഹരികള്‍ വികസനത്തിന്റെ വഴിയായി വാഴ്‌ത്തപ്പെടുകയാണ്‌. കുടിവെള്ള പ്രശ്‌നം പശ്‌നം പരിഹരിക്കുന്നതിനേക്കാള്‍ ജാഗ്രതയും വേഗതയും മദ്യഷാപ്പുകള്‍ നിലനിര്‍ത്താനും മദ്യനയം രൂപപ്പെടുത്താനുമാണ്‌. ഇന്ത്യ ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളും ലഹരിയുടെ പിടുത്തത്തിലാണ്‌. ജോലി, വരുമാനം, ടൂറിസം, സ്വാതന്ത്ര്യം എന്നിവയൊക്കെയാണ്‌ മദ്യം വിളമ്പാനുള്ള ന്യായങ്ങള്‍. പെരുകുന്ന സ്‌ത്രീ പീഡനത്തിന്റെയും ക്രിമിനല്‍ വല്‍കരണത്തിന്റെയും പ്രധാന കാരണം മദ്യമാണ്‌ എന്ന്‌ എല്ലാവര്‍ക്കുമറിയാം. കൊലപാതകത്തിലേക്ക്‌ വരെ എത്തിയ സ്‌ത്രീപീഡന കേസുകള്‍ പരിശോധിച്ചാല്‍ മദ്യം അതില്‍ വഹിച്ച പങ്ക്‌ വ്യക്തമാകും. മദ്യഷാപ്പുകള്‍ അടച്ചുപൂട്ടാതെയും ലഹരിയില്‍ നിന്ന്‌ ജനങ്ങളെ മോചിപ്പിക്കാതെയും സ്‌ത്രീ പീഡനം അവസാനിപ്പിക്കാനാവില്ല. മദ്യം എല്ലാ തിന്മകളുടെയും മാതാവാണെന്നും നിങ്ങള്‍ മദ്യം ഉപേക്ഷിക്കണമെന്നും മുഹമ്മദ്‌ നബി പഠിപ്പിച്ചതിന്റെ പ്രസക്തി സമൂഹത്തോട്‌ ഉറക്കെ പറയേണ്ട സമയമാണിത്‌. ജനങ്ങളെ മൂക്കറ്റം കുടിപ്പിച്ചതിന്‌ ശേഷം സ്‌ത്രീ പീഡനത്തിനും കുറ്റകൃത്യങ്ങള്‍ക്കുമെതിരെ പ്രസംഗിക്കുകയും നിയമം നിര്‍മിക്കുകയും ചെയ്യുന്ന ഭരണാധികാരികളെ വിചാരണ ചെയ്യണം. 
അശ്ലീലത
നഗ്നതയെ പൂജിക്കുന്ന സമൂഹമാണ്‌ ഇന്ന്‌ നിലവിലുള്ളത്‌. കണേണ്ടതും കാണിക്കേണ്ടതുമായ ശരീര ഭാഗങ്ങള്‍ എന്താണെന്നതിനെക്കുറിച്ച ധാര്‍മിക ബോധത്തിന്റെ എല്ലാ അതിര്‍വരമ്പുകളും തേഞ്ഞുമാഞ്ഞു പോയിരിക്കുന്നു. സിനിമ, ചാനല്‍, പത്രം, പരസ്യം തുടങ്ങി എവിടെയും അശ്ലീലതയും ലൈംഗിക ആഭാസങ്ങളും തിമിര്‍ത്താടുന്നു. എല്ലാ അത്യന്താധുനിക സംവിധാനങ്ങളുമുപയോഗിച്ചും നഗ്നതയും രതിവൈകൃതങ്ങളും ജനങ്ങള്‍ക്ക്‌ മുമ്പില്‍ തുറന്നു വെക്കുന്നു. പുതുതലമുറ സിനിമകള്‍ ഏറ്റവും വൃത്തികെട്ട മുഖങ്ങളാണ്‌ പ്രകടിപ്പിക്കുന്നത്‌. സിനിമാ തീയ്യറ്ററിലും ഓഫീസിലും വീട്ടിലും ഇതെല്ലാം ആവോളം കണ്ടാസ്വദിച്ച്‌ തെരുവിലേക്കിറങ്ങുന്ന ഞരമ്പു രോഗികള്‍ മുന്നില്‍ കാണുന്ന സ്‌ത്രീ ശരീരങ്ങളില്‍ ഇതെല്ലാം പരീക്ഷിക്കും. ഒരേ കമ്പനിയുടെ രണ്ട്‌ ചാനലുകള്‍ പരിശോധിക്കുക. വാര്‍ത്താ ചാനലില്‍ വികാര വിക്ഷേഭങ്ങള്‍, അവരുടെ തന്നെ വിനോധ ചാനലില്‍ ആളുകളെ കാമരോഗികളാക്കുന്ന രതിവൈകൃതങ്ങളും. സ്‌ത്രീകളുടെ വസ്‌ത്രധാരണ രീതിയും വിചാരണ ചെയ്യപ്പെടേണ്ടതുണ്ട്‌. പെട്ടെന്ന്‌ വികാരങ്ങള്‍ക്ക്‌ ചൂടുപിടിക്കുന്ന ശരീര പ്രകൃതിയുള്ളവരെ അസ്വസ്ഥരാക്കുന്ന വസ്‌ത്രധാരണ രീതി സ്‌ത്രീകളില്‍ വ്യപകമായിക്കൊണ്ടിരിക്കുന്നു. 
ശിക്ഷകളുടെ അപര്യാപ്‌തത
കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടാത്ത വിധം സമൂഹത്തിന്‌ പാഠമാകുന്ന രൂപത്തില്‍ കടുത്ത ശിക്ഷകള്‍ നല്‍കിയാല്‍ മാത്രമേ ക്രിമിനിലിസത്തിന്‌ കുറവുവരുത്താനാവൂ. എന്നാല്‍, എത്രക്രൂരനായ സ്‌ത്രീ പീഡകനും രക്ഷപ്പെടാവുന്ന തരത്തില്‍ ചെറിയ ശിക്ഷ നല്‍കിക്കൊണ്ടാണ്‌ നമ്മുടെ നീതിന്യായ വ്യവഹാരങ്ങളും നടപടിക്രമങ്ങളുമുള്ളത്‌. സ്‌ത്രീ പീഡകര്‍ എങ്ങനെയൊക്കെ രക്ഷപ്പെടുത്താം എന്നാണ്‌ ചിന്ത. നമ്മുടെ നീതിന്യായ വ്യവസ്ഥയില്‍ പ്രതികള്‍ക്ക്‌ രക്ഷപ്പെടാന്‍ സൗകര്യങ്ങളും പഴുതുകളും ഏറെയാണ്‌. ഇരകള്‍ കൊല്ലപ്പെട്ട കേസില്‍ പോലും ഏറിയ ശിക്ഷ പത്തോ പതിമൂന്നോ വര്‍ഷത്തെ തടവാണ്‌. നമ്മുടെ നിയമവ്യവസ്ഥയുടെ ദൗര്‍ബല്യങ്ങള്‍ വിളിച്ചോതുന്നതാണ്‌ ബലാല്‍സംഗ കേസിലെ പ്രതികളുടെ രക്ഷപ്പെടല്‍. കടുത്ത ശിക്ഷക്ക്‌ വേണ്ടിയുള്ള മുറവിളികളാണ്‌ ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്‌. ബലാല്‍സംഗം കൊലപാതകം തുടങ്ങിയ കടുത്ത കുറ്റകൃത്യങ്ങള്‍ക്ക്‌ അതിനനുസരിച്ചുള്ള വധശിക്ഷ നല്‍കണമെന്ന്‌ ഇസ്‌ലാം അനുശാസിക്കുന്നത്‌ തെറ്റിലേക്കുള്ള വഴികളെ അടച്ചുകൊണ്ട്‌ ഭൂമിയില്‍ സമാധാന പൂര്‍ണമായ ജീവിതം ഉണ്ടാക്കിയെടുക്കാനാണ്‌.

Thursday 10 January 2013

സ്വാസ്ഥ്യം കെടുത്തുന്ന തുനീഷ്യന്‍ സലഫിസം



അറബ്‌ വസന്തകാലത്തോടെയാണ്‌ തുനീഷ്യയിലെ സലഫി ആക്‌ടിവിസം മാധ്യമങ്ങളില്‍ ഇടംനേടിത്തുടങ്ങിയത്‌. തുനീഷ്യന്‍ ചരിത്രത്തില്‍ ഒട്ടും വേരുകളില്ലാത്ത സലഫിസത്തിന്‌ രാജ്യത്ത്‌ തീരെ കുറഞ്ഞ അനുയായികള്‍ മാത്രമേ ഉള്ളൂ. വിശ്വാസ-അനുഷ്‌ഠാന മണ്ഡലങ്ങളിലെ പരിഷ്‌കരണങ്ങളിലൂന്നി രംഗത്തുവന്ന സലഫികളില്‍ ഒരു വിഭാഗം വൈകാതെ സായുധജിഹാദിന്റെ വഴി തെരഞ്ഞെടുത്തു. ബിന്‍ അലിയുടെ സ്വേഛാധിപത്യ ഭരണകാലത്ത്‌ അടിച്ചമര്‍ത്തപ്പെട്ട സലഫികള്‍ മുല്ലപൂ വിപ്ലവാനന്തരം ലഭിച്ച സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്‌തുകൊണ്ടാണ്‌ മുന്നോട്ടു പോകുന്നത്‌. 2011 ജനുവരിയിലെ ഭരണമാറ്റത്തിനു ശേഷം ജനാധിപത്യം പുനഃസ്ഥാപിക്കപ്പെടുകയും പ്രവര്‍ത്തന സ്വാതന്ത്ര്യം ലഭിക്കുകയും ജയിലിലുണ്ടായിരുന്ന നേതാക്കള്‍ മോചിതരാവുകയും പ്രവാസ ജീവിതം നയിച്ചിരുന്നവര്‍ തിരിച്ചുവരികയും ചെയ്‌തതോടെയാണ്‌ തുനീഷ്യന്‍ സലഫികള്‍ സജീവമായത്‌.

ഒരേ ആദര്‍ശവും ലക്ഷ്യവുമുള്ള, എന്നാല്‍ വ്യത്യസ്‌ത വഴികള്‍ തെരഞ്ഞെടുത്ത മൂന്ന്‌ സലഫി ധാരകളാണ്‌ തുനീഷ്യയില്‍ പ്രധാനമായും ഉള്ളത്‌. 1.11 അസലഫിയത്തുല്‍ ഹറകിയ്യ. 2. അസലഫിയത്തുല്‍ ജിഹാദിയ്യ. 3. അസലഫിയത്തുല്‍ ഇല്‍മിയ്യ/ അല്‍മുഹാദീന. തുനീഷ്യയിലെ പ്രസിദ്ധ ഗവേഷക ആമാല്‍ ഖറാമീ ലബ്‌നീസ്‌ പത്രമായ അന്നഹാറിന്‌ നല്‍കിയ അഭിമുഖത്തില്‍ ഇത്‌ വ്യക്തമാക്കുകയുണ്ടായി. ``സലഫികള്‍ ഒരൊറ്റ വിഭാഗമല്ല. നിരോധിക്കപ്പെട്ടിരുന്ന ഹിസ്‌ബുത്തഹ്‌രീര്‍ ഇപ്പോള്‍ രാഷ്‌ട്രീയത്തില്‍ ഇറങ്ങിയിരിക്കുന്നു. ശരീഅത്ത്‌ നടപ്പിലാക്കണം, ഇസ്‌ലാമിക രാഷ്‌ട്രം സ്ഥാപിക്കണം എന്നതാണവരുടെ മുദ്രാവാക്യം. എന്നാല്‍, ജിഹാദി സലഫിസം തീവ്രവാദ പ്രവര്‍ത്തനങ്ങളിലാണ്‌ ഏര്‍പ്പെട്ടിരിക്കുന്നത്‌. മറുവീക്ഷണക്കാരുമായി ആശയസംവാദത്തിന്‌ അവര്‍ക്ക്‌ സമയമില്ല. മതേതരത്വത്തില്‍നിന്ന്‌ സമൂഹത്തെ ശുദ്ധീകരിക്കുകയെന്നതാണവരുടെ ലക്ഷ്യം...'' സൗദി സലഫിസത്തില്‍നിന്ന്‌ പ്രചോദനമുള്‍ക്കൊണ്ടാണ്‌ സലഫി വിഭാഗങ്ങള്‍ മുന്നോട്ടുപോകുന്നത്‌. ഒരു കൂട്ടര്‍ അസഹിഷ്‌ണുതാ പൂര്‍ണവും അതിവാദപരവുമായ സമീപനം സ്വീകരിച്ച്‌ ജനകീയ ഭരണകൂട്ടായ്‌മയെ പ്രതിസന്ധിയിലാക്കാന്‍ ശ്രമിക്കുമ്പോള്‍, മറുവിഭാഗം തുനീഷ്യന്‍ തെരുവുകളില്‍ സായുധ ആക്രമണങ്ങള്‍ അഴിച്ചുവിട്ട്‌ രാജ്യത്തിന്റെ സ്വാസ്ഥ്യം കെടുത്തുകയാണ്‌. തുനീഷ്യയെ മുമ്പൊന്നും ബാധിച്ചിട്ടില്ലാത്ത രോഗമാണ്‌ സലഫിസം എന്ന്‌ ചില നിരീക്ഷകര്‍ സൂചിപ്പിക്കുന്നു. തികച്ചും സമാധാനപൂര്‍ണമായി നടന്ന മുല്ലപ്പൂ വിപ്ലവത്തെ അട്ടിമറിക്കുകയും രാഷ്‌ട്ര പുനര്‍നിര്‍മാണ പ്രക്രിയ തടസപ്പെടുത്തുകയും ചെയ്യുന്ന നിലപാടാണ്‌ സലഫികള്‍ കൈക്കൊള്ളുന്നത്‌. എന്നാല്‍, ഭരണത്തില്‍ നിര്‍ണായക സ്വാധീനമുള്ള ഇസ്‌ലാമിസ്റ്റുകളായ `അന്നഹ്‌ദ' സഹിഷ്‌ണുതാ പൂര്‍ണമായ സമീപനമാണ്‌ സലഫികളോട്‌ സ്വീകരിക്കുന്നത്‌. അതിവാദവും അക്രമവും ഉപേക്ഷിച്ച്‌ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാകാന്‍ ഇസ്‌ലാമിസ്റ്റുകള്‍ സലഫികളെ ആഹ്വാനം ചെയ്യുന്നു. സലഫിസം സംഘടനയായ ഹിസ്‌ബുത്തഹ്‌രീറിന്‌ രാഷ്‌ട്രീയ പാര്‍ട്ടിയായി അംഗീകാരം നല്‍കിയത്‌ അതിന്റെ ഭാഗമായിട്ടാണ്‌. എന്നാല്‍ സലഫികളോട്‌ മൃദുസമീപനം സ്വീകരിക്കുന്നുവെന്ന ആക്ഷേപമാണ്‌ മതേതര-ഇടതുപക്ഷ കക്ഷികളില്‍നിന്ന്‌ ഇസ്‌ലാമിസ്റ്റുകള്‍ക്ക്‌ കേള്‍ക്കേണ്ടിവരുന്നത്‌.

ഇന്നിപ്പോള്‍ നീണ്ട താടിയും പ്രത്യേക കമീസ്‌ വസ്‌ത്രവും ധരിച്ച സലഫികള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഒരു വിഭാഗം, ഫേസ്‌ബുക്ക്‌ ഉള്‍പ്പെടെ സോഷ്യല്‍ നെറ്റ്‌ വര്‍ക്കുകളുടെ ഇന്റര്‍നെറ്റ്‌ ലോകം വ്യാപകമായി ഉപയോഗിച്ചുകൊണ്ടാണ്‌ ആശയ പ്രചാരണം നടത്തുന്നത്‌. വിദ്യാര്‍ഥികളും യുവാക്കളുമാണവുരടെ പ്രധാന ഉന്നം. മറ്റൊരു വിഭാഗം ഗ്രാമങ്ങള്‍ തോറും യുവാക്കളെ സംഘടിപ്പിച്ച്‌ ആയുധ പരിശീലനം നല്‍കി ജിഹാദി ഗ്രൂപ്പുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. സലഫിസം അതിന്റെ ഏറ്റവും പ്രതിലോമകരമായ മുഖമാണ്‌ തുനീഷ്യയില്‍ പുറത്തെടുക്കുന്നതെന്നാണ്‌ നിരീക്ഷകര്‍ പറയുന്നത്‌.

തുടക്കം
തുനീഷ്യയിലെ ഫ്രഞ്ച്‌ അധിനിവേശത്തിന്‌ മുമ്പ്‌, ലോക പ്രശസ്‌തമായ സൈത്തൂന യൂനിവേഴ്‌സിറ്റിയില്‍ ഇസ്‌ലാമിക പ്രമാണങ്ങളുടെ വായനയെച്ചൊല്ലി നടന്ന വൈജ്ഞാനിക ചര്‍ച്ചകളിലാണ്‌ രാജ്യത്തെ സലഫി ആശയങ്ങളുടെ വേരുകള്‍ എത്തിനില്‍ക്കുന്നതെന്ന്‌ ചിലര്‍ നിരീക്ഷിച്ചിട്ടുണ്ട്‌. പ്രമാണങ്ങള്‍ മനസ്സിലാക്കുന്നതില്‍ ധിഷണയുടെ സ്ഥാനവും അവയുടെ സാമൂഹിക പ്രയോഗവത്‌കരണത്തിന്റെ രീതിശാസ്‌ത്രവുമായിരുന്നു ചര്‍ച്ചയുടെ മര്‍മം. ത്വാഹിറുല്‍ ഹദ്ദാദ്‌, ഖൈറുദ്ദീന്‍ ബാഷ തുടങ്ങിയ ചിന്തകന്മാര്‍ക്കായിരുന്നു ആ സംവാദങ്ങളില്‍ മേല്‍ക്കൈ ലഭിച്ചതെങ്കിലും പുതിയ വായനകളോടും ധൈഷണിക വ്യവഹാരങ്ങളോടും ഇടഞ്ഞുനില്‍ക്കുന്ന സലഫി വീക്ഷണങ്ങളും അന്നവിടെ സാന്നിധ്യമറിയിച്ചിരുന്നു. എന്നാല്‍, 1980കളുടെ അവസാനം വരെ സലഫി ആശയ പ്രചാരകര്‍ തുനീഷ്യയുടെ മതമണ്ഡലത്തില്‍ കാണപ്പെട്ടിരുന്നില്ല. 1956 മുതല്‍ രാജ്യത്ത്‌ നിലനിന്നിരുന്ന അബൂറഖീബയുടെ സ്വേഛാധിപത്യ ഭരണം സലഫിചലനങ്ങള്‍ക്ക്‌ പ്രത്യക്ഷപ്പെടാനുള്ള സാഹചര്യം നിഷേധിച്ചതാകാം കാരണം.

1980-കളുടെ അവസാനത്തിലാണ്‌ സംഘടിത സലഫി പ്രവര്‍ത്തനങ്ങളുടെ ആദ്യ കിരണങ്ങള്‍ തുനീഷ്യന്‍ മണ്ണില്‍ പ്രത്യക്ഷപ്പെട്ടത്‌. സലഫിയ്യ ഹറകിയ്യ-ഇല്‍മിയ്യ ആശയധാരകളായിരുന്നു ആദ്യം രംഗത്തുവന്നത്‌. ബൂറഖീബയെ അട്ടിമറിച്ച്‌ അധികാരമേറ്റെടുത്ത ബിന്‍ അലിയുടെ ആദ്യകാല സമീപനങ്ങളാണ്‌ ഇതിന്‌ അനുകൂല സാഹചര്യങ്ങളൊരുക്കിയതെന്ന്‌ പറയാം. ഭരണത്തിന്റെ തുടക്കത്തില്‍ ഇസ്‌ലാമികമുഖം പ്രകടിപ്പിച്ചിരുന്നു ബിന്‍ അലി. ആ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തി 1988 മാര്‍ച്ചില്‍ രാജ്യത്തെ ഒന്നാമത്തെ സലഫി സംഘടന `അല്‍ ജബ്‌ഹത്തുല്‍ ഇസ്‌ലാമിയ്യ അത്തൂനീസിയ്യ' രൂപീകരിക്കപ്പെട്ടു. രാജ്യത്തിന്റെ രണ്ടു ഭാഗങ്ങളില്‍ രണ്ടു നേതൃത്വത്തിനു കീഴിലാണ്‌ സംഘടന നിലവില്‍വന്നത്‌. തലസ്ഥാനമായ തൂനിസില്‍ മുഹമ്മദ്‌ അലി ഫര്‍റാസിനും സ്വഫാഖിഷ്‌ പ്രവിഷ്യയില്‍ മുഹമ്മദ്‌ ഖൂജക്കുമായിരുന്നു പ്രധാന നേതൃത്വം. അബ്‌ദുല്ല അല്‍ ഹാജി പോലെ വേറെയും നേതാക്കള്‍ സംഘടനയെ നയിക്കാനുണ്ടായിരുന്നു. വിശ്വാസ-ആരാധനാ രംഗങ്ങളില്‍ മുസ്‌ലിം സമൂഹത്തെ സംസ്‌കരിച്ചെടുക്കുകയും വിശുദ്ധ ഖുര്‍ആനും സുന്നത്തും അനുശാസിക്കുന്ന കലര്‍പ്പില്ലാത്ത ദീനിലേക്ക്‌ അവരെ തിരിച്ചുകൊണ്ടുപോവുകയും ചെയ്യുകയെന്നതായിരുന്നു `ജബ്‌ഹ'യുടെ ലക്ഷ്യം. സംഘടന അത്‌ വിശദീകരിച്ചതിങ്ങനെ:

1. തുനീഷ്യന്‍ സലഫി പ്രസ്ഥാനത്തിന്റെ ശര്‍ഈ അടിസ്ഥാനം മാലികി മദ്‌ഹബാണ്‌. 
2. ഖുര്‍ആനും സുന്നത്തും പഠിപ്പിക്കുന്ന ശരിയായ വിശ്വാസങ്ങളുടെ പ്രചാരണം.
3. രാജ്യത്തിന്റെ പൊതു നന്മ ഉദ്ദേശിച്ചും തിന്മ തടയുന്നതിനു വേണ്ടിയും രാഷ്‌ട്രീയത്തില്‍ പങ്കാളിത്തം.
4. സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമായി ഇസ്‌ലാമിനെ അവതരിപ്പിക്കുക. ഐഹികലോകത്ത്‌, ഭൂമിയിലെ മനുഷ്യ ജീവിതത്തില്‍ പ്രയോഗവത്‌കരിക്കാനാണ്‌ അല്ലാഹു ദീനീ നിയമങ്ങള്‍ അവതരിപ്പിച്ചിട്ടുള്ളത്‌.
5. മാധ്യമങ്ങള്‍ വികൃതമാക്കിയിട്ടുള്ള ഇസ്‌ലാമിന്റെ ചിത്രം ശരിയായ രീതിയില്‍ മാറ്റിവരക്കുക.
6. ഇസ്‌ലാമിനെക്കുറിച്ച തെറ്റിദ്ധാരണകള്‍ നീക്കുക. ചിന്താ സ്വാതന്ത്ര്യത്തിനും വിശ്വാസ സ്വാതന്ത്ര്യത്തിനും എതിരാണ്‌ ഇസ്‌ലാം തുടങ്ങിയ പ്രചാരണങ്ങളെ പ്രതിരോധിക്കുക.

ഇതര രാജ്യങ്ങളില്‍നിന്ന്‌ വ്യത്യസ്‌തമായി ഹമ്പലി മദ്‌ഹബിനു പകരം മാലികിമദ്‌ഹബാണ്‌ കര്‍മശാസ്‌ത്രത്തില്‍ തുനീഷ്യന്‍ സലഫികള്‍ പൊതുവെ പിന്തുടരുന്നത്‌. രാജ്യത്തെ മുസ്‌ലിംകള്‍ മാലികി മദ്‌ഹബ്‌ അനുധാവനം ചെയ്യുന്നതാണ്‌ കാരണം. അള്‍ജീരിയയിലെ അല്‍ ജബ്‌ഹ അല്‍ ഇസ്‌ലാമിയ്യ ലില്‍ ഇന്‍ഖാദില്‍ ജസാഇരിയ്യയുമായി ആശയത്തിലും ഘടനയിലും രാഷ്‌ട്രീയ നിലപാടുകളിലും തുനീഷ്യയിലെ `ജബ്‌ഹ'ക്ക്‌ സാമ്യതകളുണ്ട്‌. സംഘടനയുടെ വിദേശകാര്യ ചുമതലയുണ്ടായിരുന്ന മുഹമ്മദ്‌ അലി ഹര്‍റാസ്‌ അള്‍ജീരിയയിലെ ജബ്‌ഹയുമായും പാകിസ്‌താനിലെ ചില സംഘടനകളുമായും ബന്ധം സ്ഥാപിച്ചിരുന്നുവത്രെ. സോവിയറ്റ്‌ യൂനിയനെതിരായ അഫ്‌ഗാന്‍ യുദ്ധത്തില്‍ പോരാടുന്ന സംഘടനകളുടെ കോഡിനേഷനായിരുന്നു പാകിസ്‌താനിലെ പെഷവാറില്‍ ഉണ്ടായിരുന്നത്‌. അവരുമായുള്ള ജബ്‌ഹയുടെ ബന്ധം പിന്നീട്‌ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക്‌ വളര്‍ന്നതായി റിപ്പോര്‍ട്ടുകളില്‍ കാണുന്നു. തനിക്കെതിരായ തീവ്രവാദ ആരോപണം അഹ്‌മദ്‌ ഫര്‍റാസ്‌ നിഷേധിക്കുകയും സന്തുലിതമായ മധ്യമ നിലപാട്‌ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്‌ സമാധനപൂര്‍ണമായാണ്‌ തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന്‌ വ്യക്തമാക്കുകയുമുണ്ടായി.
ശൈഖ്‌ ഖത്വീബ്‌ ഇദ്‌രീസിയുടെ നേതൃത്വത്തില്‍ രംഗത്തുവന്നതായിരുന്നു തുനീഷ്യയിലെ ഇല്‍മിയ്യ സലഫിധാര. സൗദി സലഫിസത്തിന്റെ വഴികള്‍ പിന്തുടര്‍ന്ന ഇവര്‍ക്ക്‌ പക്ഷേ, സംഘടനാ രൂപം ഉണ്ടായിരുന്നില്ല. സൗദിയില്‍നിന്ന്‌ ദീനീവിദ്യഭ്യാസം പൂര്‍ത്തീകരിച്ച്‌ തിരിച്ചുവന്ന തുനീഷ്യന്‍ സ്വദേശിയായ ഖത്വീബ്‌ ഇദ്‌രീസി 1994-ലാണ്‌ രാജ്യത്ത്‌ സലഫി പ്രബോധനം ആരംഭിച്ചത്‌. അദ്ദേഹത്തിന്റെവീടുതന്നെയായിരുന്നു പ്രവര്‍ത്തന കേന്ദ്രം. തൗഹീദ്‌ ഉയര്‍ത്തിപ്പിടിച്ച്‌ ശിര്‍ക്ക്‌ -ബിദ്‌അത്തുകള്‍ക്കെതിരായ പോരാട്ടമാണ്‌ അദ്ദേഹം നിര്‍വഹിച്ചത്‌. ജനങ്ങളില്‍ വിശേഷിച്ചും യുവാക്കളില്‍ ദീനീ ബോധമുണ്ടാക്കാന്‍ പരിശ്രമിച്ച അദ്ദേഹം അന്ധവിശ്വാസങ്ങള്‍ക്കെതിരില്‍ ശക്തമായ പ്രചാരണംതന്നെ നടത്തി. രാജ്യത്തെ `സയ്യിദീ അലി' ഗ്രാമത്തില്‍ മഖ്‌ബറ കേന്ദ്രീകരിച്ചുള്ള വലിയൊരു ആഘോഷം നടക്കാറുണ്ടായിരുന്നു. രണ്ടര ലക്ഷത്തോളമാളുകള്‍ അതില്‍ പങ്കെടുക്കാറുണ്ടായിരുന്നു. ഈ ആഘോഷം ശൈഖ്‌ ഇദ്‌രീസിയുടെ ബോധവത്‌കരണ ഫലമായി ഏറെ ശോഷിച്ചതായി റിപ്പോര്‍ട്ടുകളില്‍ കാണുന്നു. ഇസ്വ്‌ലാഹി പ്രവര്‍ത്തന രംഗത്ത്‌ കുറെയൊക്കെ മുന്നോട്ടുപോകാന്‍ സൈഖിന്‌ സാധിച്ചു.

സലഫികളിലെ ഏറ്റവും ദുര്‍ബല വിഭാഗമാണ്‌ ഇല്‍മിയ്യ/ മുഹാദിനധാര. വിശ്വാസം, കര്‍മശാസ്‌ത്രം എന്നിവയില്‍ പ്രബോധനം കേന്ദ്രീകരിച്ച ഇവര്‍ രാഷ്‌ട്രീയത്തില്‍നിന്ന്‌ വിട്ടുനില്‍ക്കുന്നവരാണ്‌. സൗദി അറേബ്യയുമായി ബന്ധമുളഅള ചില യുവാക്കളിലൂടെ 1990കളിലാണ്‌ ഇവര്‍ രംഗത്തുവന്നത്‌. ഇബ്‌നുതൈമിയ്യ, ഇബ്‌നുല്‍ ഉസൈമീന്‍ തുടങ്ങിയവരാണ്‌ ഈ ധാരയുടെ മാതൃക. ഭരണാധികാരിക്കെതിരെ സമരം ചെയ്യുന്നത്‌ നിഷിദ്ധമാണെന്ന്‌ ഇവര്‍ വിശ്വസിക്കുന്നു. ബിന്‍ അലിക്കെതിരായ പ്രക്ഷോഭങ്ങളെ `ഫിത്‌ന' എന്നാണ്‌ ഇവര്‍ വിശേഷിപ്പിച്ചത്‌. ഇതുകൊണ്ടാകണം മുഹാദിന (ഭരണകൂടവുമായി സന്ധിചെയ്‌തവര്‍) എന്ന്‌ ഇവര്‍ക്ക്‌ പേര്‍ വന്നത്‌. ഇസ്‌ലാമിസ്റ്റുകളുടെ വീക്ഷണങ്ങളെയും പ്രവര്‍ത്തനങ്ങളെയും ഈ സലഫി വിഭാഗം നിരാകരിക്കുന്നു. കമാലുബ്‌നു മുഹമ്മദ്‌ ബ്‌നു അലിമര്‍സൂഖി, ബശീറുബ്‌നുല്‍ ഹസന്‍ എന്നിവരാണ്‌ ഈ ധാരയുടെ നേതാക്കള്‍.

സലഫിസത്തിന്റെ ഭാവി പക്ഷേ, ശോഭനമായിരുന്നില്ല. അധികാരമുറപ്പിക്കാന്‍ വേണ്ടി തുടക്കത്തില്‍ ബിന്‍ അലി കളിച്ച നാടകങ്ങള്‍ വൈകാതെ അവസാനിച്ചു. ബൂറഖീബയുടെ വഴിയെത്തന്നെ സഞ്ചരിക്കാന്‍ തുടങ്ങിയ ബിന്‍ അലി എല്ലാതരം ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി. പൗരസ്വാതന്ത്ര്യം തന്നെ നിഷേധിച്ചു. ഇഖ്‌വാനീ ആശയക്കാരായ ഇസ്‌ലാമിസ്റ്റുകളുടെയും സലഫികളുടെയും മറ്റും പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു. ഇസ്‌ലാമിസ്റ്റുകളെപ്പോലെ ചില സലഫി നേതാക്കളും പ്രവര്‍ത്തകരും ജയിലിലടക്കപ്പെട്ടു. നിരന്തരമായ വേട്ടയാടലുകള്‍ക്ക്‌ സലഫികള്‍ വിധേയരായി. രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു, ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നു, തീവ്രവാദം പ്രചരിപ്പിക്കുന്നു തുടങ്ങിയവയായിരുന്നു ചുമത്തപ്പട്ട കുറ്റങ്ങള്‍.

സലഫികളെ മൂന്ന്‌ വിഭാഗങ്ങളായി തിരിച്ചുകൊണ്ട്‌ ആഭ്യന്തരവകുപ്പ്‌ പട്ടിക തയാറാക്കി. മൂന്ന്‌ വിഭാഗങ്ങളെയും വിവേചനമില്ലാതെ കൈകാര്യം ചെയ്‌തു. 1. സാധാരണ സലഫികള്‍. പള്ളികളില്‍ പോയി നിര്‍ബന്ധ -ഐഛിക നമസ്‌കാരങ്ങള്‍ നിര്‍വഹിക്കുന്നവര്‍. ഇവരില്‍തന്നെ അപകടകാരികള്‍, അതീവ അപകടകാരികള്‍ എന്നിങ്ങനെ രണ്ടുവിധം സലഫികളുണ്ടെന്ന്‌ ആഭ്യന്തരവകുപ്പ്‌ നിരീക്ഷിച്ചു. സജ്ജനങ്ങളായ പുണ്യ പുരുഷന്മാരില്‍ (ഔലിയാക്കളില്‍) വിശ്വസിക്കാത്തവരും അവരെ സന്ദര്‍ശിക്കാത്തവരും സ്‌ത്രീകളുടെ ഖബ്‌ര്‍ സന്ദര്‍ശനം വിലക്കുന്നവരും നിര്‍ബന്ധമായ ആരാധനകള്‍ നിര്‍വഹിക്കുന്നതില്‍ കണിശത പുലര്‍ത്തുന്നവരുമാണ്‌ അപകടകാരികളായ സലഫികള്‍! ഈ പറഞ്ഞ കാര്യങ്ങളോടൊപ്പം താടി നീട്ടി വളര്‍ത്തുകയും പ്രത്യേക ഖമീസ്‌ വസ്‌ത്രം ധരിക്കുകയും ചെയ്യുന്നവരാണ്‌ അതീവ അപകടകാരികളായ സലഫികള്‍. ചില വിഷയങ്ങളില്‍, നബിചര്യ (സുന്നത്ത്‌) കണിശമായി പിന്തുടരുകയെന്ന പേരില്‍ സലഫികള്‍ പുലര്‍ത്തുന്ന അതിവാദത്തെയാണ്‌ അതീവ അപകടകരമെന്ന്‌ ഭരണകൂടം കണ്ടത്‌! ഈ നിലപാട്‌ ഭരണകൂട ഭീകരതയുടെ ഭാഗമായിരുന്നുവെങ്കിലും മതപരമായ ഇത്തരം അതിവാദങ്ങളുടെ ബാക്കിപത്രമാണ്‌ പിന്നീട്‌ തുനീഷ്യന്‍ സലഫിസത്തില്‍ ശക്തിപ്പട്ടെ സായുധ തീവ്രവാദം എന്നത്‌ ഗൗരവത്തില്‍ കാണേണ്ടതാണ്‌.
2. അസ്സലഫിയ്യത്തുല്‍ ജിഹാദിയ്യ. ഓരോ മുസ്‌ലിമിനും ജിഹാദ്‌ നിര്‍ബന്ധ ബാധ്യതയാണെന്ന്‌ വിശ്വസിക്കുന്നവര്‍ ജിഹാദ്‌ ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക്‌ ഭൂമിയിലെ ഏതു സ്ഥലവും അതിനായി തെരഞ്ഞെടുക്കാമെന്നും അവര്‍ പറയുന്നു.
3. അസ്സലഫിയ്യൂനല്‍ മുസ്വര്‍റിഹൂന്‍. ജയിലിലടക്കപ്പെട്ട സലഫികളാണ്‌ ഈ പേരില്‍ വിളിക്കപ്പെട്ടത്‌.
ഇവരിലെ എല്ലാ വിഭാഗങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ആഭ്യന്തരവകുപ്പ്‌ ശേഖരിച്ചുകൊണ്ടിരുന്നു. നിശ്ചിത ഉദ്യോഗസ്ഥര്‍, വ്യക്തികളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചു പോലും അന്വേഷിച്ച്‌ റിപ്പോര്‍ട്ടുകള്‍ തയാറാക്കി. ഇടക്കിടെ അന്വേഷണ ഉദ്യോഗസ്ഥര്‍ വീടുകളിലും മറ്റും പരിശോധന നടത്തും. മിക്കവര്‍ക്കും യാത്രാ സ്വാതന്ത്ര്യം വിലക്കപ്പെട്ടു. വിദേശയാത്രകള്‍ ഒട്ടും അനുവദിക്കപ്പെട്ടില്ല. പാസ്‌പോര്‍ട്ടുകള്‍ തടഞ്ഞുവെച്ചു. ചില പോലീസുദ്യോഗസ്ഥര്‍ ഈ സാഹചര്യം അഴിമതിക്കുള്ള അവസരമായി ഉപയോഗപ്പെടുത്തി. ചികിത്സക്കും മറ്റു ആവശ്യങ്ങള്‍ക്കും നഗരങ്ങളിലേക്കും മറ്റും യാത്ര ചെയ്യാന്‍ നിര്‍ബന്ധിതരായവരില്‍നിന്ന്‌ കിട്ടാവുന്നത്ര കൈക്കൂലി വാങ്ങി അവര്‍! 
മൂന്ന്‌ സലഫി വിഭാഗങ്ങളെയും ബിന്‍ അലിയുടെ ഭരണകൂടം ഒരുപോലെ പീഡിപ്പിച്ചു. പള്ളികള്‍, പ്രഭാഷണങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയവക്ക്‌ വിലക്കപ്പെടുക മാത്രമല്ല ചെയ്‌തത്‌, നേതാക്കളും പ്രവര്‍ത്തകരുമുള്‍പ്പെടെ ഒട്ടേറെ പേരെ ജയിലിലടച്ച്‌ ക്രൂരമായി മര്‍ദിച്ചു. രാഷ്‌ട്രീയ തടവുകാരുടെ മോചനത്തിനു വേണ്ടി രൂപീകരിക്കപ്പെട്ട `അല്‍ ജംഇയ്യത്തുദ്ദുവലിയ്യ ലി മുസാഅദത്തില്‍ മുസാജീനസ്സിയാസീയീന്‍' എന്ന സംഘടന തയാറാക്കിയ കണക്കനുസരിച്ച്‌ ഒരു ഘട്ടത്തില്‍ 1200-ല്‍ ഏറെ സലഫികള്‍ ബിന്‍ അലിയുടെ ഭരണകാലത്ത്‌ തടവിലുണ്ടായിരുന്നു. ഭീകരവിരുദ്ധ നിയമമനുസരിച്ചാണ്‌ ഇവരെയെല്ലാം അറസ്റ്റ്‌ ചെയ്‌തിരുന്നത്‌. നിരവധി സലഫീ നേതാക്കള്‍ നാടുവിട്ടുപോകേണ്ടിവരികയും ചെയ്‌തു. ഇതെല്ലാം ഫലത്തില്‍ സംഘടന ഇല്ലാതാകാന്‍ കാരണമായി.

1964-ല്‍ തുനീഷ്യയില്‍ ജനിച്ച മുഹമ്മദ്‌ അലി ഹര്‍റാസിന്‌ 1990-ല്‍ തന്നെ നാടുവിട്ട്‌ ലണ്ടനില്‍ അഭയം തേടേണ്ടിവന്നു. ജബ്‌ഹ രൂപീകരിച്ച്‌ രണ്ടു വര്‍ഷം തികയും മുമ്പാണ്‌ അദ്ദേഹം നാടുവിട്ടത്‌. അയല്‍രാജ്യമായ അള്‍ജീരിയയിലേക്ക്‌ കാല്‍നടയായി യാത്ര ചെയ്‌ത ഹര്‍റാസ്‌ പിന്നീട്‌ പാകിസ്‌താനിലേക്കും അവിടെനിന്ന്‌ യുഗോസ്ലാവ്യ, അല്‍മാനിയ വഴി ലണ്ടനിലേക്കും പോയി. ജബ്‌ഹയ്യുടെ 200-ഓളം നേതാക്കള്‍ അദ്ദേഹത്തോടൊപ്പം തുനീഷ്യ വിട്ട്‌ യൂറോപ്പില്‍ അഭയം തേടുകയുണ്ടായി. ലണ്ടന്‍ ആസ്ഥാനമായ `ഇസ്‌ലാം ചാനലി'ന്റെ മേല്‍നോട്ടം വഹിച്ച്‌ തന്റെ സലഫീ പ്രബോധനം തുടര്‍ന്നു അലി ഹര്‍റാസ്‌. `ഇസ്‌ലാം ചാനല്‍' കടുത്ത സലഫി പക്ഷപാതിത്വവും അസഹിഷ്‌ണുതയും കുടുസ്സാര്‍ന്ന മതസമീപനവും പ്രസരിപ്പിക്കുന്നുവെന്ന്‌ വിമര്‍ശനം ചിലര്‍ ഉന്നയിച്ചിട്ടുണ്ട്‌.
അബ്‌ദുല്ലാ അല്‍ ഹാജിയാണ്‌ മറ്റൊരു നേതാവ്‌. 1956-ല്‍ തുനീഷ്യയിലാണ്‌ ഇദ്ദേഹം ജനിച്ചത്‌. 1990-ല്‍ അദ്ദേഹവും പാകിസ്‌താനിലേക്ക്‌ പോയി. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന പേരില്‍ 1995-ല്‍ തുനീഷ്യന്‍ ഗവണ്‍മെന്റ്‌ അദ്ദേഹത്തെ അറസ്റ്റു ചെയ്യാന്‍ ഉത്തരവിട്ടു. 2002-ല്‍ പാകിസ്‌താനിലെ പെഷവാറില്‍ പാക്‌ പോലിസ്‌ അദ്ദേഹത്തെ അറസ്റ്റ്‌ ചെയ്‌ത്‌ അമേരിക്കന്‍ ഏജന്‍സികള്‍ക്ക്‌ കൈമാറി. തുടര്‍ന്ന്‌ ഗോണ്ടനാമോ തടവറയില്‍ അടക്കപ്പെട്ട അദ്ദേഹത്തെ 2007 ജൂണ്‍ 18-ന്‌ തുനീഷ്യയില്‍ കൊണ്ടുവന്നു മര്‍നാഖിയ്യ ജയിലില്‍ ഇട്ടു. ഗ്വാണ്ടനാമോയിലും തുനീഷ്യയിലും അതിക്രൂരമായ പീഡനങ്ങള്‍ക്ക്‌ അബ്‌ദുല്ല അല്‍ഹാജി വിധേയനായി. വിചാരണക്കിടെ ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന ആരോപണം അദ്ദേഹം നിഷേധിക്കുകയാണുണ്ടായത്‌. മുന്‍ജി ഹാഷിദിയാണ്‌ മറ്റൊരു നേതാവ്‌. തുനീഷ്യയിലെ ഇസ്‌ലാമിസ്റ്റുകള്‍ക്കെതിരെ ആക്രമണം അഴിച്ചുവിട്ടുവെന്ന പേരിലാണ്‌ 1989-ല്‍ അദ്ദേഹത്തെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌! പിന്നീട്‌ ബെല്‍ജിയത്തിലേക്ക്‌ നാടുകടത്തുകയായിരുന്നു.

ശൈഖ്‌ ഇദ്‌രീസിയെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രോത്സാഹനം നല്‍കി എന്നാരോപിച്ചാണ്‌ ജയിലില്‍ അടച്ചത്‌. ഹി. 1373-ല്‍ തുനീഷ്യയില്‍ ജനിച്ച അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം നഴ്‌സിംഗ്‌ പഠനം പൂര്‍ത്തീകരിച്ചു. പക്ഷേ, ദീനീ പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമുണ്ടായിരുന്ന ഇദ്‌രീസി ആ വഴിക്ക്‌ മുന്നോട്ടുപോകാന്‍ തീരുമാനിച്ചു. അതിനായി ഇസ്‌ലാമിക വിഷയങ്ങള്‍ പഠിക്കുകയെന്ന ലക്ഷ്യത്തോടെ ഹി. 1406-ല്‍ അദ്ദേഹം സുഊദി അറേബ്യയിലേക്ക്‌ പുറപ്പെട്ടു. പ്രമുഖ സലഫി പണ്ഡിതരായ ശൈഖ്‌ മുഹമ്മദ്‌ സഈദ്‌ അല്‍ ഖഹ്‌ത്വാനി, ശൈഖ്‌ അബ്‌ദുല്‍ അസീസ്‌ ഇബ്‌നു ബാസ്‌, ശൈഖ്‌ അബ്‌ദുല്‍ മജീദ്‌ സിന്‍ദാനി, സ്വാലിഹുല്ലിഹൈദാന്‍ തുടങ്ങിയവരുടെ ശിഷ്യനായി ദീനീ വിഭ്യാഭ്യാസം നേടി. ഒമ്പത്‌ വര്‍ഷക്കാലമാണ്‌ അദ്ദേഹം സൗദിയില്‍ താമസിച്ചത്‌. സലഫിസത്തില്‍ ആകൃഷ്‌ടനായ അദ്ദേഹം തുനീഷ്യയില്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്ന ലക്ഷ്യത്തോടെ 1984-ല്‍ സ്വദേശത്ത്‌ തിരിച്ചെത്തി. മുഴുസമയ സലഫി പ്രബോധകനായിട്ടായിരുന്നു പിന്നീട്‌ ശൈഖിന്റെ ജീവിതം. ഹി. 1420-ല്‍ അദ്ദേഹത്തിന്റെ കാഴ്‌ച ശക്തി നഷ്‌ടപ്പെട്ടു. തന്റെ പ്രബോധനത്തിലൂടെ നിരവധി യുവാക്കളെ സലഫി ആശയധാരയിലേക്ക്‌ ആകര്‍ഷിക്കാന്‍ ശൈഖിന്‌ കഴിഞ്ഞു. 2006-ല്‍ തുനീഷ്യന്‍ സുരക്ഷാ സേന അദ്ദേഹത്തെ അറസ്റ്റ്‌ ചെയ്‌തു ജയിലിലടച്ചു. `ജിഹാദ്‌ ചെയ്യാന്‍ പ്രേരിപ്പിച്ചുകൊണ്ട്‌ ഫത്‌വ നല്‍കി, തീവ്രവാദ പ്രവര്‍ത്തനം സംബന്ധിച്ച്‌ ഗവണ്‍മെന്റിന്‌ വിവരം നല്‍കിയില്ല' എന്നിവയായിരുന്നു കുറ്റങ്ങള്‍. 2006-ല്‍ നടന്ന ചില അക്രമ പ്രവര്‍ത്തനങ്ങളായിരുന്നു അറസ്റ്റിന്‌ ആധാരം. രണ്ടു വര്‍ഷത്തെ തടവിനാണ്‌ അദ്ദേഹം ശിക്ഷിക്കപ്പെട്ടത്‌. 2008-ല്‍ അദ്ദേഹത്തെ വിട്ടയച്ചുവെങ്കിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയുണ്ടായി. സ്വിഫത്തുസ്വലാത്ത്‌, കിതാബുല്‍ അദ്‌കാര്‍, തര്‍ക്കിയുല്‍ ഖുര്‍ആന്‍ എന്നിങ്ങനെ മൂന്ന്‌ കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്‌.

സായുധ ജിഹാദിലേക്ക്‌
തുനീഷ്യയിലെ സലഫിധാരയില്‍ മൂന്നാമത്തേതും പ്രബലായതും സായുധ ജിഹാദിന്‌ ആഹ്വാനം ചെയ്യുന്ന `അസലഫിയ്യ അല്‍ ജിഹാദിയ്യ' ആണ്‌. 1980-കളുടെ അവസാനത്തില്‍ `അല്‍ജബ്‌ഹ' രൂപീകരിക്കപ്പെട്ട സന്ദര്‍ഭത്തില്‍ തന്നെ `ജിഹാദി സലഫിസം' രാജ്യത്തുണ്ടായിരുന്നുവെന്ന്‌ ചിലര്‍ നിരീക്ഷിച്ചിട്ടുണ്ട്‌. ബിന്‍ അലിയുടെ ഭരണത്തില്‍ സലഫികള്‍ ക്രൂരമായി വേട്ടയാടപ്പെട്ടപ്പോഴാണ്‌ ജിഹാദി സലഫിസം പ്രത്യക്ഷത്തില്‍ രംഗത്തുവരുന്നത്‌. പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയും ഭരണകൂട ഭീകരതകളുടെ ഇരയാവുകയും ചെയ്‌തതിനോടുള്ള പ്രതികരണമായിട്ടായിരുന്നു സലഫികളില്‍ പലരും സായുധജിഹാദിന്റെ വഴി തെരഞ്ഞെടുത്തത്‌.
യഥാര്‍ഥത്തില്‍ ഭരണകൂട ഭീകരതയുടെ ഇരകള്‍ സലഫികള്‍ മാത്രമായിരുന്നില്ല. അന്നഹ്‌ദ പോലെ റാശിദുല്‍ ഗനൂശി നയിക്കുന്ന ഇസ്‌ലാമിസ്റ്റുകളും സ്വതന്ത്ര ആക്‌ടിവിസ്റ്റുകളും മറ്റു പലരും പീഡനങ്ങള്‍ക്കിരയാവുകയുണ്ടായി. എന്നാല്‍, ജനാധിപത്യ പ്രക്ഷോഭങ്ങളിലൂടെ സ്വേഛാധിപത്യ ഭരണത്തെ മറികടക്കാനും ജനാധിപത്യവും പൗരാവകാശങ്ങളും സ്ഥാപിച്ചു കിട്ടാനുമാണ്‌ തുനീഷ്യയിലെയും ഈജിപ്‌തിലെയും മറ്റും ഇസ്‌ലാമിസ്റ്റുകള്‍ ശ്രമിച്ചത്‌. സമാധനപൂര്‍ണമായ സമരത്തിന്റെ വഴികളാണ്‌ അവര്‍ തെരഞ്ഞെടുത്തത്‌. എന്നാല്‍, ഇത്‌ സലഫികളില്‍ വലിയൊരു വിഭാഗവും അംഗീകരിച്ചില്ല. ഈജിപ്‌തില്‍ ഇഖ്‌വാനോട്‌ വിയോജിച്ച്‌ `അല്‍ ജമാഅ അല്‍ ഇസ്‌ലാമിയ്യ'യും മറ്റും സായുധ പോരാട്ടങ്ങള്‍ക്കിറങ്ങിയപോലെ സലഫികളില്‍ ഒരു വിഭാഗവും ഭരണകൂടത്തിനെതിരെ സായുധ പോരാട്ടത്തിന്‌ മുതിര്‍ന്നു. ഈജിപ്‌തില്‍ പക്ഷേ, അല്‍ജമാഅയും മറ്റും തെറ്റുതിരുത്തി ഇഖ്‌വാന്റെ വഴിയിലേക്ക്‌ വന്നെങ്കിലും തുനീഷ്യയില്‍ അവസ്ഥ അങ്ങനെയല്ല. ബിന്‍ അലിക്കെതിരെ എടുത്ത ആയുധങ്ങള്‍ മുല്ലപ്പൂ വിപ്ലവാനന്തരം ജനാധിപത്യ ഭരണകൂടത്തിനു നേരെ തിരിച്ചു പിടിച്ചിരിക്കുകയാണ്‌ തുനീഷ്യയിലെ സലഫികള്‍.
മൂന്ന്‌ ഘടകങ്ങളാണ്‌ സലഫി തീവ്രവാദത്തിന്റെ വളര്‍ച്ചക്ക്‌ കാരണമായത്‌. 

1. ഭരണകൂട ഭീകരതയോടുള്ള വൈകാരിക പ്രതികരണം. 
2. സായുധ ജിഹാദിന്‌ ആഹ്വാനം ചെയ്യുന്ന സലഫി പണ്ഡിതരുടെ ഫത്‌വകള്‍. ശൈഖ്‌ മുഹമ്മദ്‌ അല്‍അസ്‌റഖ്‌ നല്‍കിയ ഫത്‌വയെ തുടര്‍ന്ന്‌ ഒരു സംഘം സായുധ ജിഹാദിനിറങ്ങിയെങ്കിലും അത്‌ അമ്പേ പരാജയപ്പെടുകയാണുണ്ടായത്‌. അതില്‍ പങ്കെടുത്ത പലരും കൊല്ലപ്പെട്ടു, ചിലര്‍ ജയിലിലായി. ശൈഖ്‌ മുഹമ്മദ്‌ അസ്‌റഖ്‌ സംഭവത്തെത്തുടര്‍ന്ന്‌ സൗദി അറേബ്യയിലേക്ക്‌ രക്ഷപ്പെട്ടു. പക്ഷേ, സൗദി പോലീസ്‌ അദ്ദേഹത്തെ പിടികൂടി തുനീഷ്യക്ക്‌ കൈമാറുകയാണുണ്ടായത്‌. അന്ന്‌ 70 വയസ്സായിരുന്നു ശൈഖിന്‌ പ്രായം.
പിന്നീട്‌, സായുധ ജിഹാദില്‍ ആവേശം പുലര്‍ത്തിയ സലഫീ യുവാക്കള്‍ തുനീഷ്യക്ക്‌ പുറത്ത്‌ പോരാട്ടത്തിന്‌ തയാറാവുകയായിരുന്നു. 1990-കളില്‍ അള്‍ജീരിയയില്‍ തെരഞ്ഞെടുപ്പ്‌ വിജയം അട്ടിമറിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ കലാപങ്ങളില്‍നിന്ന്‌ സായുധ ജിഹാദില്‍ വിശ്വസിക്കുന്ന ഒരു വിഭാഗം രംഗത്തുവരികയുണ്ടായി. അസ്സലഫിയ്യത്തുലിദ്ദഅ്‌വത്തി വല്‍ഖിതാല്‍ എന്നായിരുന്നു അവര്‍ സ്വീകരിച്ച പേര്‌. അള്‍ജീരിയയുടേതിന്‌ സമാനമായ രാഷ്‌ട്രീയ സാഹചര്യങ്ങള്‍ ഉള്ളതുകൊണ്ടുകൂടിയാകണം അയല്‍നാടായ തുനീഷ്യയിലേക്ക്‌ ഈയൊരു വികാരം പെട്ടെന്നു പടര്‍ന്നു. തുനീഷ്യയില്‍നിന്ന്‌ നിരവധി സലഫി യുവാക്കളാണ്‌ അള്‍ജീരിയയിലെത്തിയത്‌. അവര്‍ അഫ്‌ഗാന്‍, ബോസ്‌നിയ, ഇറാഖ്‌, സുഡാന്‍ തുടങ്ങിയ സ്ഥലങ്ങളിലെ സായുധ പോരാട്ടങ്ങളില്‍ പങ്കാളികളാവുകയുണ്ടായി. പ്രസ്‌തുത രാജ്യങ്ങളിലെല്ലാം മുസ്‌ലിം സമൂഹം ഏറെ പീഡനങ്ങള്‍ സഹിക്കുന്ന സന്ദര്‍ഭമായിരുന്നുവല്ലോ അത്‌. 2001 സെപ്‌റ്റംബര്‍ 11 ഭീകരാക്രമണത്തിനു ശേഷം അമേരിക്ക അഫ്‌ഗാനില്‍ യുദ്ധം തുടങ്ങിയപ്പോള്‍ അതിനെതിരായ പോരാട്ടത്തില്‍ തുനീഷ്യയിലെ സലഫികള്‍ പങ്കാളികളായിരുന്നു. അവരില്‍ ഒട്ടേറെ പേര്‍ രക്തസാക്ഷികളാവുകയും ചെയ്‌തു. സായുധ ജിഹാദ്‌ ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക്‌ ലോകത്തിന്റെ ഏതു ഭാഗത്തും അത്‌ നിര്‍വഹിക്കാം എന്ന സലഫി ഫത്‌വയുടെ അടിസ്ഥാനത്തിലായിരുന്നു ഇതെല്ലാം. അമേരിക്കക്കെതിരായ യുദ്ധത്തില്‍ പങ്കെടുക്കാന്‍ തുനീഷ്യന്‍ സലഫികളില്‍ ചിലര്‍ ഇറാഖിലേക്കും പോവുകയുണ്ടായി.

2000-നു ശേഷമാണ്‌ സലഫികളുടെ സായുധ ജിഹാദ്‌ തുനീഷ്യയില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്‌. അക്കാലത്തെ ചില അക്രമസംഭവങ്ങള്‍ക്ക്‌ പിന്നില്‍ സലഫി ഗ്രൂപ്പുകളാണെന്ന സംശയം ഉയര്‍ന്നിരുന്നു. സഅദ്‌ സാസി എന്ന സലഫി പോരാളിയും സംഘവും 2002-ല്‍ അള്‍ജീരിയയില്‍നിന്ന്‌ തുനീഷ്യയിലെത്തുകയുണ്ടായി. 1969-ല്‍ തുനീഷ്യയില്‍ ജനിച്ച സഅദ്‌ സാസി രാജ്യം വിട്ടുപോവുകയും ഇറ്റലിയില്‍ പ്രവാസ ജീവിതം നയിക്കുകയുമായിരുന്നു. അവിടെ ഒരു സലഫി മസ്‌ജിദ്‌ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചുവന്ന അദ്ദേഹം 2001-ല്‍ അള്‍ജീരിയയില്‍ വരികയും അവിടെ അല്‍ജമാഅത്തു സലഫഇയ്യ ലിദ്ദഅ്‌വതി വലര്‍ഖിതാല്‍ എന്ന സംഘടനയുമായി ബന്ധപ്പെട്ട്‌ ആയുധ പരിശീലനം നേടുകയും ചെയ്‌തു. സ്വേഛാധിപത്യ ഭരണാധികാരികളെ ആയുധമുപയോഗിച്ച്‌ താഴെയിറക്കുക എന്ന സിദ്ധാന്തമനുസരിച്ച്‌ ബിന്‍ അലിക്കെതിരെ പോരാടുകയെന്ന ലക്ഷ്യത്തോടെയാണ്‌ അവര്‍ തുനീഷ്യയിലെത്തിയത്‌. നാലു വര്‍ഷത്തോളം തുനീഷ്യയുടെ വിവിധ ഭാഗങ്ങളില്‍ രഹസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട അവര്‍ കുറെയേറെ ചെറുപ്പക്കാരെ ജിഹാദി സലഫിസത്തിലേക്ക്‌ ആകര്‍ഷിച്ചു. മധ്യവര്‍ഗ കുടുബങ്ങളിലെ, 20-25 വയസ്‌ പ്രായമുള്ള അഭ്യസ്ഥവിദ്യരായിരുന്നു ഇവരിലെധികവും. രഹസ്യ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കിയ പോലീസ്‌ അവര്‍ക്കെതിരെ നടപടികള്‍ ശക്തിമാക്കി. 2006 ഡിസംബര്‍ 26-നു സഅദ്‌ സാസിയും ചിലസംഘാംഗങ്ങളും പോരീസ്‌ വെടിവെപ്പില്‍ കൊല്ലപ്പെട്ടു.സാസിയുടെ അനുയായികള്‍ക്കെതിരെയെന്ന പേരില്‍ ആഭ്യന്തര വകുപ്പ്‌ സ്വീകരിച്ച കര്‍ക്കശ നിലപാടുകള്‍ ദീനീ തല്‍പരരായ യുവാക്കളെ മൊത്തത്തില്‍ ലക്ഷ്യം വെച്ചുകൊണ്ടുള്ളതായിരുന്നു. ഭരണകൂടത്തെ എതിര്‍ക്കാതെ, വിശ്വാസ-അനുഷ്‌ഠാന വിഷയങ്ങളില്‍ മാത്രം ഇടപെടുന്ന സലഫി വിഭാഗവും തബ്‌ലീഗ്‌ ജമാഅത്തുമായി ബന്ധമുള്ളവരും ഹിസ്‌ബുത്തഹ്‌രീരുമെല്ലാം ജിഹാദി സലഫികളോടൊപ്പം അറസ്റ്റ്‌ ചെയ്യപ്പെട്ടു. ജുന്‍ദു അസദ്‌ ബ്‌നു ഫുറാത്ത്‌, അന്‍സ്വാറുശരീഅ തുടങ്ങിയ ഗ്രൂപ്പുകള്‍ രൂപീകരിച്ചുകൊണ്ട്‌ ജിഹാദി സലഫികള്‍ നടത്തിയ ഓപറേഷനുകളുടെ ദുരന്തം പേറേണ്ടിവന്നത്‌ നിരപരാധികളായ ഒട്ടേറെ യുവാക്കളായിരുന്നു.

വിപ്ലവാനന്തരം
ആഞ്ഞുവീശിയ 2001-ലെ ജനകീയ പ്രക്ഷോഭത്തോട്‌ എങ്ങനെ പ്രതികരിക്കണമെന്നറിയാതെ സ്‌തബ്‌ധരായി നിന്നു ഒരു ഘട്ടത്തില്‍ തുനീഷ്യയിലെ സലഫിധാര. പൊതുജനങ്ങളും ഇടതുപക്ഷ-മതേതര സംഘങ്ങളും ആക്‌ടിവിസ്റ്റുകളും ഇസ്‌ലാമിസ്റ്റുകളുമെല്ലാം ഒന്നിച്ച്‌ അണിനിരന്ന ജനകീയ മുന്നേറ്റത്തില്‍ സലഫി ഗ്രൂപ്പുകള്‍ക്ക്‌ വലിയ പങ്കൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍, ബിന്‍ അലി പുറത്താക്കപ്പെടുകയും ജനകീയ വിപ്ലവം വിജയിക്കുകയും രാജ്യം തെരഞ്ഞെടുപ്പിലേക്ക്‌ നീങ്ങുകയും ചെയ്‌തപ്പോള്‍ സലഫികള്‍ രംഗത്തുവരാന്‍ തുടങ്ങി. ശരീഅത്ത്‌ അനുസരിച്ച്‌ ഭരിക്കപ്പെടുന്ന ഇസ്‌ലാമിക രാഷ്‌ട്രമാക്കണം തുനീഷ്യയെ എന്നതായിരുന്നു സലഫി വിഭാഗങ്ങളുടെയെല്ലാം പൊതുവായ മുദ്രാവാക്യം. മുല്ലപ്പൂ വിപ്ലവത്തിന്റെ സുഗന്ധം പരന്ന മണ്ണില്‍, അതോടെ സലഫി തീവ്രവാദത്തിന്റെ ചുടുകാറ്റ്‌ വീശാന്‍ തുടങ്ങുകയായിരുന്നു.

സലഫികളുടെ രംഗപ്രവേശത്തിന്‌ വഴിയൊരുക്കിയ പ്രധാന ഘടകങ്ങള്‍ ഇവയാണ്‌. 1. സ്വാതന്ത്ര്യം. സ്വേഛാധിപത്യം നീങ്ങി സമാഗതമായ സ്വാതന്ത്ര്യത്തിന്റെ വലിയ ഗുണഭോക്താക്കളായി സലഫികള്‍ മാറി. തിരിച്ചുകിട്ടിയ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ പലതലങ്ങളിലായി അവര്‍ ഉപയോഗപ്പെടുത്തുന്നു. 2. ദീനീ ആവേശം. തുനീഷ്യന്‍ ജനതയില്‍, വിശേഷിച്ചും യുവാക്കള്‍ക്കിടയില്‍ ഉണ്ടായിരുന്ന ദീനീ മനസ്‌, വിപ്ലവാനന്തരം ആവേശകരമായി മാറിയിട്ടുണ്ട്‌. ഈ ദീനീ ആവേശം മുതലെടുക്കുന്നതില്‍ സലഫികള്‍ നന്നായി ശ്രദ്ധിക്കുന്നു. 3. ദാരിദ്ര്യവും തൊഴിലില്ലായ്‌മയും. നീണ്ട സ്വേഛാധിപത്യ ഭരണത്തിന്റെ ബാക്കിപത്രമാണ്‌ രാജ്യത്തെ പ്രയാസപ്പെടുത്തുന്ന ദാരിദ്ര്യവും തൊഴിലില്ലായ്‌മയും. അഭ്യസ്‌തവിദ്യരായ ധാരാളം ചെറുപ്പക്കാര്‍ തുനീഷ്യയില്‍ തൊഴിലില്ലാ പടയായുണ്ട്‌. സലഫി അതിവാദത്തിലേക്കും ജിഹാദി ഗ്രൂപ്പുകളിലേക്കും യുവാക്കള്‍ ആകര്‍ഷിക്കപ്പെടാന്‍ ഇതൊരു പ്രധാന കാരണമാണ്‌. 4. നേതാക്കളുടെ തിരിച്ചുവരവ്‌. ബിന്‍ അലി ഭരണകാലത്ത്‌ പല കാരണങ്ങളാല്‍ നാടുവിട്ടുപോകേണ്ടിവന്ന പ്രമുഖ സലഫി നേതാക്കള്‍ വിപ്ലവാനന്തരം തുനീഷ്യയില്‍ തിരിച്ചെത്തി. ജയിലിലടക്കപ്പെട്ടിരുന്ന സലഫി നേതാക്കളും പ്രവര്‍ത്തകരും മോചിതരാവുകയും ചെയ്‌തു. ഇത്‌ രാജ്യത്ത്‌ സലഫി പ്രവര്‍ത്തനങ്ങള്‍ സജീവമാകാന്‍ വഴിതുറന്നു. 5. ലിബിയന്‍-സിറിയന്‍ പോരാട്ടങ്ങള്‍. അറ്‌ബ വസന്തം തുനീഷ്യയും ഈജിപ്‌തും കടന്ന്‌ ലിബിയയിലെത്തിയപ്പോഴേക്കും രക്തരൂക്ഷിതമായി മാറ്റപ്പെട്ടു. ആദ്യം ഖദ്ദാഫിക്കും പിന്നീട്‌ ബശ്ശാറിനുമെതിരെ രൂപം കൊണ്ട സായുധ പോരാട്ടങ്ങളില്‍ തുനീഷ്യയിലെ സലഫി ഗ്രൂപ്പുകളും പങ്കാളികളാകാന്‍ തുടങ്ങി. ആയുധ പരിശീലനം നേടി പോരാട്ടങ്ങളില്‍ പങ്കാളികാകുന്ന സലഫി യുവാക്കള്‍ ലിബിയക്കു ശേഷം സിറിയയില്‍ മാത്രമല്ല, തുനീഷ്യയിലും പ്രവര്‍ത്തന മേഖലകള്‍ കണ്ടെത്താന്‍ തുടങ്ങി.

ഒരേ ലക്ഷ്യം മുന്‍നിര്‍ത്തി പ ര്‌സപരം സഹായിക്കുന്ന വ്യത്യസ്‌ത വഴികള്‍ തെരഞ്ഞെടുത്ത സലഫി വിഭാഗങ്ങളാണ്‌ ഇപ്പോള്‍ തുനീഷ്യയില്‍ ഉള്ളത്‌. ഒന്ന്‌, ജബ്‌ഹത്തുല്‍ ഇസ്‌ലാഹ്‌ എന്ന പേരില്‍ സംഘടിച്ച സലഫിധാര. മുഹമ്മദ്‌ ഖൂജയാണ്‌ ജബ്‌ഹയുടെ അമരക്കാരന്‍. കമാല്‍ ബിന്‍ മുഹമ്മദ്‌ മര്‍സൂഖി, അബ്‌ദു അബ്‌ദുല്ല മുളഫര്‍, നൗഫല്‍ സാസി, റഫീഖുല്‍ ഔനി, കമാലുബ്‌നു റജബ്‌, ഫുആദ്‌ബ്‌നു സ്വാലിഹ്‌, അബ്‌ദുല്ലത്വീഫ്‌ അല്‍ മുശ്‌നി, ഖാലിദ്‌ബ്‌നു ഖാലിദ്‌, മുഹമ്മദ്‌ അലി ഹര്‍റാസ്‌ തുടങ്ങിയവര്‍ ജബ്‌ഹയുടെ നേതാക്കളാണ്‌. ഇസ്‌ലാമിക ഖിലാഫത്ത്‌ പുനഃസ്ഥാപിക്കുക, ശരീഅത്ത്‌ പൂര്‍ണമായും നടപ്പിലാക്കുക എന്നതാണ്‌ ജബ്‌ഹയുടെ പ്രധാന മുദ്രാവാക്യം. വിപ്ലവാനന്തര തുനീഷ്യയില്‍ ജബ്‌ഹയുടെ നയസമീപനങ്ങളെക്കുറിച്ച്‌ മുഹമ്മദ്‌ ഖോജ പറഞ്ഞതിപ്രകാരമാണ്‌.

1. ദീനും രാഷ്‌ട്രവും തമ്മില്‍ വേര്‍പിരിക്കാവതല്ല. ഇസ്‌ലാമിക ശരീഅത്തനുസരിച്ച്‌ ഭരണം നടത്തണം. എന്നാല്‍, അല്ലാഹുവിന്റെ നിയമങ്ങള്‍ക്ക്‌ വിരുദ്ധമാകാത്ത മനുഷ്യനിര്‍മിത നിയമങ്ങള്‍ അംഗീകരിക്കാം.
2. മതനേതാക്കള്‍ ഭരിക്കുന്ന ഇറാനിലെ ഇസ്‌ലാമിക ഭരണത്തിന്റെ മാതൃക സ്വീകാര്യമല്ല. അതേസമയം, പടിഞ്ഞാറന്‍ രീതിയിലുള്ള ഭരണവും തുനീഷ്യയില്‍ അനുവദനീയമല്ല.
3. തെരഞ്ഞെടുപ്പിലെ കൃത്രിമങ്ങള്‍, വിദേശ രാഷ്‌ട്രങ്ങളുടെ ഇടപെടലുകളോടു കൂടിയ തീരുമാനങ്ങള്‍, പലിശാധിഷ്‌ഠിത സാമ്പത്തിക ക്രമം തുടങ്ങിയവ അല്ലാഹുവിന്റെ ശരീഅത്തിന്‌ എതിരാണ്‌.
4. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ പരീക്ഷിക്കാന്‍ തുടങ്ങിയ പലിശരഹിത സാമ്പത്തിക വ്യവസ്ഥ രാജ്യത്ത്‌ നടപ്പിലാക്കണം.
5. ഇസ്‌ലാം സമ്പൂര്‍ണമായൊരു ഏകകമാണ്‌. നാം അതിനെ പൂര്‍ണമായും ഉള്‍ക്കൊള്ളുന്നു. ഒന്നാമത്തെ ഭാര്യയുടെ അനുവാദമില്ലാതെ രണ്ടാം വിവാഹം ദീനില്‍ അനുവദനീയമല്ല.
6. ദീര്‍ഘകാലം രാജ്യത്ത്‌ സ്വേഛാധിപത്യം നടത്തിയ അഴിമതിക്കാരില്‍നിന്ന്‌ തുനീഷ്യ മോചനം നേടിയിരിക്കുന്നു. ഇപ്പോള്‍ ഭരണത്തിലിരിക്കുന്നവരുടെ കൈകള്‍ ശുദ്ധമാണ്‌.
7. സിറിയന്‍ പ്രക്ഷോഭങ്ങളോട്‌ ജബ്‌ഹ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. സിറിയയില്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജീവിക്കുന്നത്‌ ഏറ്റവും പ്രയാസകരമാണ്‌. അവിടെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ മരിക്കുന്നതിനേക്കാള്‍ എളുപ്പമുള്ള മറ്റൊന്നുമില്ല. പക്ഷേ, യുവാക്കള്‍ സിറിയയിലേക്ക്‌ യുദ്ധത്തിന്‌ പോകുന്നതില്‍ യോജിപ്പില്ല. രാഷ്‌ട്ര പുനര്‍നിര്‍മാണത്തിന്‌ പങ്കാളികളാകാന്‍ യുവാക്കള്‍ തുനീഷ്യയില്‍ തന്നെ പ്രവര്‍ത്തിക്കണം.
8. രാജ്യത്തെ മദ്യഷാപ്പുകളും മറ്റു ഇസ്‌ലാമിക വിരുദ്ധ കാര്യങ്ങളും ഉടന്‍ അവസാനിപ്പിക്കണം. എന്നാല്‍, ഒരു വിഭാഗം സലഫികള്‍ അത്തരം വിഷയങ്ങളില്‍ നടത്തുന്ന സായുധ ആക്രമണങ്ങളോട്‌ ജബ്‌ഹ യോജിക്കുന്നില്ല. അവരുമായി ആശയവിനിമയം നടത്താന്‍ ജബ്‌ഹ ശ്രമിക്കുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാനാവില്ല.
9. ഇസ്‌ലാം ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ദീനാണ്‌. രാഷ്‌ട്രീയത്തില്‍ സജീവ പങ്കാളിത്തം വഹിക്കണം. മുസ്‌ലിം സമൂഹത്തിന്റെ നിര്‍ബന്ധ ബാധ്യതകളില്‍ പെട്ട ഇബാദത്താണ്‌ രാഷ്‌ട്രീയ പ്രവര്‍ത്തനം. അടുത്ത തെരഞ്ഞെടുപ്പില്‍ ജബ്‌ഹയും മത്സരിക്കും. ജനാധിപത്യവും തെരഞ്ഞെടുപ്പും ഒരു ഉപകരണമായി ഉപയോഗിക്കേണ്ടതാണ്‌.
10. രാഷ്‌ട്രത്തിന്റെ നിലവിലുള്ള സിവില്‍ നിയമങ്ങളും പൊതു മൂല്യങ്ങളും ജബ്‌ഹ അംഗീകരിക്കുന്നു. ജനാധിപത്യത്തിന്റെ സവിശേഷമായ അനുഭവങ്ങളും ക്രമപ്രവൃദ്ധതയും ഉള്‍ക്കൊള്ളുന്നു. തീവ്രവാദത്തിന്റെ എല്ലാ രൂപങ്ങളും നിരാകരിക്കുന്നു

തുനീഷ്യയിലെ പ്രമുഖ സലഫി നേതാവും ജബ്‌ഹയുടെ ജനറല്‍ സെക്രട്ടറിയുമായിരുന്ന മുഹമ്മദ്‌ ഹറാസ്‌ തന്റെ നിലപാടുകള്‍ ഇങ്ങനെ വിശദീകരിക്കുന്നു: ``ഖുര്‍ആനും സുന്നത്തും ആധാരമാക്കി യഥാര്‍ഥ ഇസ്‌ലാമിക വിശ്വാസം പ്രബോധനം ചെയ്യുന്ന ഞങ്ങള്‍, സമൂഹത്തിന്റെ പൊതുനന്മ ലക്ഷ്യം വെച്ചുകൊണ്ട്‌ രാഷ്‌ട്രീയത്തിലും പ്രവേശിക്കുകയാണ്‌. തിന്മ കുറച്ചുകൊണ്ടുവരാനും നന്മകള്‍ വളര്‍ത്താനും അത്‌ സഹായകമാവും. തുനീഷ്യ 100 ശതമാനം മുസ്‌ലിംകളുള്ള രാജ്യമാണ്‌. അവിടെ ഇസ്‌ലാമിന്‌ വലിയ സ്ഥാനമുണ്ട്‌. ഞങ്ങള്‍ മുന്നോട്ടുവെക്കുന്ന ഇസ്‌ലാം സഹിഷ്‌ണുതയും വിശാല വീക്ഷണവും സന്തുലിത സമീപനവും ഉള്ളതാണ്‌. തീവ്രവാദവും ഭീകരപ്രവര്‍ത്തനങ്ങളും ഞങ്ങള്‍ നിരാകരിക്കുന്നു. തുനീഷ്യയിലെ ഇസ്‌ലാമിസ്റ്റുകളെ പോലെ തന്നെയാണ്‌ ഞങ്ങള്‍ സലഫികളും. ഞങ്ങള്‍ സന്തോഷവാര്‍ത്ത അറിയിക്കുന്നവരാണ്‌. അവരെ വെറുപ്പിച്ച്‌ അകറ്റുന്നവരല്ല. ഇസ്‌ലാമിനെതിരായ എല്ലാ ദുഷ്‌പ്രചാരണങ്ങളെയും പ്രതിരോധിക്കുകയും അതിന്റെ നല്ല മുഖം ജനങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്യും.''

ജബ്‌ഹയുടെ സമീപനരീതികളില്‍ ആശാവഹമായ മാറ്റമാണ്‌ ഉണ്ടായിരിക്കുന്നതെന്ന്‌ മുഹമ്മദ്‌ ഖൂജയുടെയും മുഹമ്മദ്‌ ഹറാസിന്റെയും വാക്കുകള്‍ സൂചിപ്പിക്കുന്നു. റാശിദുല്‍ ഗനൂശി ഉള്‍പ്പെടെയുള്ള ഇസ്‌ലാമിസ്റ്റുകളുടെയും അന്നഹ്‌ദയുടെയും മറ്റും സമീപനങ്ങളും തുനീഷ്യയുടെയും ഈജിപ്‌തിന്റെയും വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങളെ സമചിത്തതയോടെ ഉള്‍ക്കൊള്ളാനായതുമാണ്‌ ഒരു വിഭാഗം സലഫി പ്രവര്‍ത്തകരെ ഇത്തരമൊരു നിലപാടിലേക്ക്‌ എത്തിച്ചത്‌. സലഫികളെ രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കാനാണ്‌ അന്നഹ്‌ദ തുടക്കം മുതലേ ശ്രമിച്ചുവന്നത്‌.ജബ്‌ഹ ആ വഴിക്കുവന്നതോടെ ശ്രമം ഒരു പരിധിവരെ വിജയിച്ചുവെന്ന്‌ പറയാം. അന്നഹ്‌ദയുടെ നേതൃത്വത്തിലുള്ള തുനീഷ്യന്‍ ഗവണ്‍മെന്റ്‌ ജബഹ്‌ക്ക്‌ രാഷ്‌ട്രീയ പാര്‍ട്ടിയായി അംഗീകാരവും നല്‍കുകയുണ്ടായി.
എന്നാല്‍ തുനീഷ്യയിലെ സലഫികളില്‍ മറ്റൊരു വിഭാഗം തങ്ങളുടെ നിഷേധാത്മക നിലപാടുകളുമായി പൂര്‍വോപരി ശക്തിയില്‍ മുന്നോട്ടുപോവുകയാണ്‌. ജനാധിപത്യ പുനഃസ്ഥാപനം അവരുടെ പ്രതിലോമപ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രത്യക്ഷപ്പെടാന്‍ വഴിയൊരുക്കുകയും ചെയ്‌തിരിക്കുന്നു. ജബ്‌ഹയെ പോലെ ശരീഅത്ത്‌ അനുസരിച്ചുള്ള ഭരണമാണ്‌ ഇവരും ലക്ഷ്യം വെക്കുന്നത്‌. ജനാധിപത്യം നിഷിദ്ധമാണ്‌, തെരഞ്ഞെടുപ്പുകള്‍ പാടില്ല, രാഷ്‌ട്രീയം മാലിന്യം (നജസ്‌) ആണ്‌. ദീനിന്‌ രാഷ്‌ട്രീയവുമായി യോജിക്കാനാവില്ല, പാര്‍ട്ടികള്‍ രൂപീകരിക്കാന്‍ പാടില്ല, ശരീഅത്ത്‌ അനുസരിച്ചു മാത്രമേ രാജ്യത്തെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാവൂ, വ്യക്തികള്‍ ജീവിക്കാവൂ, ശരീഅത്ത്‌ അംഗീകരിക്കാത്തവര്‍ക്ക്‌ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കരുത്‌... ഇങ്ങനെ പോകുന്നു തുനീഷ്യയിലെ ഒരു വിഭാഗം സലഫികളുടെ അതിവാദങ്ങള്‍.
`ജിഹാദി സലഫിസമാണ്‌' ഇതിന്റെ മുന്‍നിരയിലുള്ളത്‌. ചിഹ്നങ്ങളിലും സുന്നത്തുകളിലുമുള്ള കാര്‍ക്കശ്യവും മറു വീക്ഷക്കാരോടുള്ള അസഹിഷ്‌ണുതയും സായുധ പ്രവര്‍ത്തനങ്ങളും ഇവരുടെ പ്രത്യേകതയാണ്‌. തുനീഷ്യന്‍ സലഫികള്‍ക്കിടയിലെ പ്രബല വിഭാഗമാണിവര്‍. ആയുധശക്തി ഉപയോഗിച്ച്‌ അധികാരം പിടിച്ചെടുക്കുകയെന്നതാണിവരുടെ ലക്ഷ്യം. സൈഫുല്ലാഹിബ്‌നു ഹുസൈനാണ്‌ ജിഹാദീ സലഫിസത്തിന്റെ പ്രധാന നേതാവ്‌. അബൂ ഇയാള്‌ എന്നാണ്‌ അദ്ദേഹം അറിയപ്പെടുന്നത്‌. `ഇപ്പോഴത്തെ അസ്വസ്ഥതകള്‍ കാര്യമാക്കേണ്ടതില്ല. ഭാവി നമുക്കാണ്‌, നിലവിലുള്ള ഭരണകൂടം വീഴുമ്പോള്‍ നമ്മള്‍ മാത്രമാണ്‌ പകരക്കാരാവുക' എന്നാണ്‌ സൈഫുല്ല അനുയായികളോട്‌ പ്രഖ്യാപിച്ചത്‌.

എല്ലാവര്‍ക്കും പങ്കാളിത്തമുള്ള ജനകീയ ഭരണം സ്ഥാപിക്കുകയും ശരീഅത്ത്‌ നടപ്പാക്കാതിരിക്കുകയും ചെയ്യുന്നതിന്റെ പേരില്‍ റാശിദുല്‍ ഗനൂശിയെയും അന്നഹ്‌ദയെയും രൂക്ഷമായി വിമര്‍ശിക്കുന്നു ഈ സലഫികള്‍. ജനാധിപത്യം സത്യനിഷേധവും (കുഫ്‌ര്‍) ഈ കാലഘട്ടത്തിലെ പൂജാ ബിംബവും (സ്വനം) ആണെന്ന്‌ അവര്‍ പറയുന്നു. നിലവിലുള്ള തുനീഷ്യന്‍ ഭരണഘടനയുടെയും നിമയങ്ങളെയും അവര്‍ അംഗീകരിക്കുന്നില്ല. കാരണം അത്‌ ദൈവവിരുദ്ധം (ത്വാഗൂത്ത്‌) ആണ്‌ എന്നതുതന്നെ. പ്രമുഖ തുനീഷ്യന്‍ എഴുത്തുകാരന്‍ യാസീന്‍ ബിന്‍ അലി സലഫികളെ അനുകൂലിച്ചുകൊണ്ട്‌ പറയുകയുണ്ടായി: ``അല്ലാഹുവും പ്രവാചകനും പറഞ്ഞതല്ലാത്ത ഒരു കാര്യവും സലഫികള്‍ പ്രചരിപ്പിക്കുന്നില്ല. അല്ലാഹുവിന്റെ നിയമനുസരിച്ച്‌ വിധി നടപ്പിലാക്കണം എന്നാണവര്‍ പറയുന്നത്‌. പ ടിഞ്ഞാറന്‍ ജനാധിപത്യത്തെ അവര്‍ അംഗീകരിക്കുന്നില്ല. ദീനില്‍ അറിയപ്പെട്ട കാര്യങ്ങള്‍ അവര്‍ തള്ളിപ്പറയുന്നില്ല. ഇസ്‌ലാമിക സമൂഹത്തില്‍ ഏകാഭിപ്രായമുള്ള കാര്യങ്ങള്‍ അവര്‍ നിഷേധിക്കുന്നുമില്ല. തങ്ങളുടെ വിശ്വാസത്തെ ഗ്രീക്ക്‌, ഇന്ത്യന്‍, പടിഞ്ഞാറന്‍ വിസ്വാസങ്ങളുമായി അവര്‍ കൂട്ടിക്കലര്‍ത്തുന്നില്ല. ജീവിതത്തില്‍ ശരീഅത്തിന്റെ നിയമങ്ങല്ലാത്തതൊന്നും അവര്‍ അംഗീകരിക്കരിക്കുന്നുമില്ല (അല്‍ ഹറകത്തു സലഫിയ്യ-അശ്ശുറൂഖ്‌ പത്രം, 5.12.2011, www.turess.com).

വിപ്ലവാനന്തരം സജീവമായിത്തീര്‍ന്ന സലഫികളുടെ പ്രതിലോമകരമായ പ്രവര്‍ത്തനങ്ങള്‍ തുനീഷ്യന്‍ ജനതയുടെ സൈ്വരജീവിതത്തിന്‌ ഭീഷണിയുയര്‍ത്തുകയും സുഗമമായ ഭരണത്തിന്‌ തടസ്സമാവുകയും വിപ്ലവത്തിന്റെ ലക്ഷ്യങ്ങള്‍ സാക്ഷാത്‌കരിക്കുന്നതിന്‌ വിഘാതം നില്‍ക്കുകയും ചെയ്യുന്നുവെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. പള്ളികള്‍ക്കും മറ്റു ദീനീ സ്ഥാപനങ്ങള്‍ക്കും പുറമെ, സോഷ്യല്‍ നെറ്റ്‌ വര്‍ക്കുകളും ഇന്റര്‍നെറ്റ്‌ സംവിധാനവും വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. വിദ്യാര്‍ഥികളും യുവാക്കളും സലഫിസത്തിലേക്ക്‌ ആകര്‍ഷിക്കപ്പെടുന്നതിന്റെ മുഖ്യ വഴിയാണ്‌ സോഷ്യല്‍ നെറ്റ്‌ വര്‍ക്കുകള്‍. ഈ രംഗത്ത്‌ തുനീഷ്യയിലെ സലഫി ഗ്രൂപ്പുകള്‍ക്ക്‌ ചടുലമായ ഇടപെടലുകളുണ്ട്‌. മുമ്പൊന്നുമില്ലാത്തവിധം നീണ്ട താടിയും പ്രത്യേക ഖമീസ്‌ വസ്‌ത്രവും ധരിച്ച യാവുക്കള്‍ തെരുവിലും കാമ്പസുകളിലും മറ്റും പ്രത്യക്ഷപ്പെടുന്നുണ്ട്‌. പെണ്‍കുട്ടികള്‍ക്കിടയില്‍ മുഖം മറക്കുന്ന (നിഖാബ്‌) പ്രവണതയും ഇപ്പോള്‍ കണ്ടുവരുന്നുണ്ട്‌. പൊതുവെ തുനീഷ്യന്‍ സ്‌ത്രീകള്‍ ഹിജാബ്‌ ധരിക്കുന്നവരുണ്ടെങ്കിലും ചില പെണ്‍കുട്ടികള്‍ പെട്ടൊരു ദിവസം മുഖം മറച്ച്‌ പ്രത്യക്ഷപ്പെടുന്നതാണ്‌ ഇപ്പോഴത്തെ അവസ്ഥാന്തരം! മതപരമായ കാര്‍ക്കശ്യവും അസഹിഷ്‌ണുതയും പുലര്‍ത്തുന്ന സലഫിഗ്രൂപ്പുകള്‍ ആശയസംവാദങ്ങള്‍ക്കോ വിട്ടുവീഴ്‌ചകള്‍ക്കോ സന്നദ്ധരാകുന്നുമില്ല. `ഞങ്ങളെക്കുറിച്ച്‌ കേള്‍ക്കരുത്‌, ഞങ്ങളില്‍നിന്ന്‌ കേള്‍ക്കരുത്‌' എന്നതാണവരുടെ മുദ്രാവാക്യം. വ്യക്തി സ്വാതന്ത്ര്യവും ജനാധിപത്യാവകാശങ്ങളും കൈയേറ്റം ചെയ്‌തുകൊണ്ടാണവര്‍ മുന്നോട്ടുപോകുന്നത്‌. പത്രപ്രവര്‍ത്തകര്‍, സ്‌ത്രീകള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, ഇസ്‌ലാമിസ്റ്റുകള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങിയവരെല്ലാം സലഫികളുടെ അധിക്ഷേപങ്ങള്‍ക്കോ അതിക്രമങ്ങള്‍ക്കോ ഇരകളാകുന്നു. ചിത്രപ്രദര്‍ശനം, സംഗീത പരിപാടികള്‍, ആണ്‍ കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചുള്ള ക്ലാസ്‌ മുറികള്‍, തുനീഷ്യന്‍ ദേശീയ പതാക തുടങ്ങിയവക്കെതിരെയെല്ലാം കടുത്ത നിലപാടുകളാണ്‌ സലഫികള്‍ക്കുള്ളത്‌. വ്യക്തികളെ കൈയേറ്റം ചെയ്യുക, ഓഫീസുകളും മറ്റും അടിച്ചു തകര്‍ക്കുക, തീവെപ്പ്‌, സായുധ ആക്രമണങ്ങള്‍, റോഡുകള്‍ ഉപരോധിക്കല്‍ തുടങ്ങിയവയാണ്‌ സലഫികളുടെ സമരരീതികള്‍.
2011 ഒക്‌ടോബര്‍ 7-നു തീരദേശപട്ടണമായ സൂസിലെ `കുല്ലിയ്യത്തുല്‍ ആദാബില്‍' നടന്ന അക്രമസംഭവങ്ങള്‍ ഇതിന്റെ ഉദാഹരണങ്ങളിലൊന്നാണ്‌. കോളേജ്‌ ജനറല്‍ സെക്രട്ടറിയെ കൈയേറ്റം ചെയ്യുകയും അദ്ദേഹത്തിന്റെ കാറ്‌ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്‌തു സലഫി സമരക്കാര്‍. 2001 ഒക്‌ടോബര്‍ 9-നു `നിസ്‌മ' ചാനല്‍ ഓഫീസ്‌ സലഫി തീവ്രവാദികള്‍ ആക്രമിച്ചു. ഇറാനിയന്‍ -ഫ്രഞ്ച്‌ ഫിലിം സംപ്രേക്ഷണം ചെയ്‌തു എന്നതായിരുന്നു കുറ്റം. ജുമുഅ നമസ്‌കാരാനന്തരം തലസ്ഥാന നഗരിയില്‍ പ്രകടനം നടത്തിയ സമരക്കാര്‍ ഉന്നയിച്ച പ്രധാന ആവശ്യം `ഞങ്ങള്‍ ഇസ്‌ലാമിക ഖിലാഫത്ത്‌ ആഗ്രഹിക്കുന്നു' എന്നതായിരുന്നു. പ്രകടനാനന്തരം ചാനല്‍ ഡയറക്‌ടര്‍ നബീല്‍ ഖര്‍വിയുടെ വീടിനു സലഫികള്‍ തീവെച്ചു. മനൂബ യൂനിവേഴ്‌സിറ്റിയില്‍ സമരം നടത്തിയത്‌, ക്ലാസിലും പരീക്ഷാഹാളിലും മുഖം മറച്ച്‌ വരാനുള്ള അനുവാദത്തിനും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ക്ലാസുകള്‍ ഏര്‍പ്പെടുത്താനും നമസ്‌കാര സൗകര്യം ഒരുക്കാനും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു. 2012-ല്‍ അതേ യൂനിവേഴ്‌സിറ്റിയില്‍ മറ്റൊരു സംഭവമുണ്ടായി. കോളേജില്‍ സ്ഥാപിച്ചിരുന്ന തുനീഷ്യന്‍ ദേശീയ പതാക ഒരു സലഫി പ്രവര്‍ത്തകന്‍ അഴിച്ചെടുത്ത്‌ പകരം ലാ ഇലാഹ ഇല്ലല്ലാഹ്‌ മുഹമ്മദുര്‍റസൂലുല്ലാഹ്‌ എന്നെഴുതിയ കറുത്ത കൊടി നാട്ടി. പരീക്ഷാ വേളകളിലും ലക്‌ചറിംഗ്‌ സമയത്തും പെണ്‍കുട്ടികള്‍ മുഖം മറച്ച്‌ വരുന്നതിന്‌ യൂനിവേഴ്‌സിറ്റി വിലക്കേര്‍പ്പെടുത്തിയതാണ്‌ സലഫികളെ പ്രകോപിപ്പിച്ചത്‌. ആളുകളെ തിരിച്ചറിയുന്നതുള്‍പ്പെടെ ന്യായമായ ചില കാരണങ്ങളാണ്‌ വിലക്കിന്‌ പിന്നിലുണ്ടായിരുന്നത്‌. ഇതിന്റെ പേരില്‍ സലഫികള്‍ നടത്തിയ സമരം മൂലം ഏതാനും ദിവസങ്ങള്‍ സ്ഥാപനം അടച്ചിടേണ്ടിവന്നു. സലഫി വിദ്യാര്‍ഥികള്‍ക്കും മറ്റു വീക്ഷണക്കാരായ വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ കടുത്ത സംഘര്‍ഷമാണ്‌ ഇതുവഴി സൃഷ്‌ടിക്കപ്പെട്ടത്‌. വേഷത്തിലും ചിഹ്നങ്ങളിലും സമീപനങ്ങളിലും കാര്‍ക്കശ്യം പുലര്‍ത്തുന്ന വിദ്യാര്‍ഥി യുവജനങ്ങളെ സൃഷ്‌ടിച്ച്‌ അവരെ മുഖ്യധാരയില്‍ നിന്ന്‌ അകറ്റുനാണ്‌ സലഫികള്‍ ശ്രമിക്കുന്നതെന്ന്‌ ചിലര്‍ നിരീക്ഷിക്കുകയുണ്ടായി.

ജനാധിപത്യ മൂല്യങ്ങള്‍ നിരാകരിക്കുകയും തങ്ങളുടെ ആശയങ്ങള്‍ സ്വീകരിക്കാന്‍ മറ്റുള്ളവരെ നിര്‍ബന്ധിക്കുകയും ചെയ്യുകയാണ്‌ സലഫികള്‍. റോഡുകളിലിറങ്ങി സ്‌ത്രീകളെ മുഖം മറക്കാന്‍ നിര്‍ബന്ധിക്കുക, ടൂറിസ്റ്റുകളെ ആട്ടിയോടിക്കുക, പുസ്‌തകശാലകളില്‍ കയറി തങ്ങള്‍ക്ക്‌ പിടിക്കാത്ത കൃതികള്‍ ചുട്ടുകരിക്കുക തുടങ്ങിയ ജനാധിപത്യധ്വംസനങ്ങളാണ്‌ സലഫികളില്‍നിന്നുണ്ടാകുന്നത്‌.
ചില ഗ്രാമങ്ങള്‍ പിടിച്ചെടുത്ത്‌ സലഫികളുടെ നിയന്ത്രണത്തില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്‌. പ്രവാചക നിന്ദാ സിനിമക്കെതിരിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായി തൂനിസിലെ അമേരിക്കന്‍ എംബസിക്കു നേരെ സലഫികള്‍ ആക്രമണം അഴിച്ചുവിടുകയുണ്ടായി. 2012 സെപ്‌റ്റംബര്‍ 14-ന്‌ നടന്ന സംഭവത്തില്‍ നാലു പേര്‍ വധിക്കപ്പെടുകയും നിരവധി ആളുകള്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തു. സമീപത്തെ സ്‌കൂളിനു നേരെയും സലഫികളുടെ ആക്രമണം നടന്നു. പോലീസ്‌ സ്റ്റേഷനുകള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും മദ്യഷാപ്പുകള്‍ക്കു നേരെയും ജിഹാദി സലഫി ഗ്രൂപ്പുകള്‍ അക്രമവും തീവെപ്പും നടത്തുകയുണ്ടായി. തുനീഷ്യയില്‍ തുടര്‍ന്നുവരുന്ന നിയമമനുസരിച്ച്‌ മദ്യഷാപ്പുകള്‍ പ്രവര്‍ത്തിക്കുന്നതിനോ സ്വകാര്യ സ്ഥലങ്ങളില്‍ മദ്യപിക്കുന്നതിനോ വിലക്കില്ല. മദ്യത്തിനെതിരെ ശക്തമായ ബോധവത്‌കരണം നടത്തുകയും വിശദമായ ചര്‍ച്ചകളിലൂടെ അഭിപ്രായരൂപീകരണം നടത്തി പുതിയ നിയമങ്ങള്‍ നിര്‍മിക്കുകയും ചെയ്‌തെങ്കില്‍ മാത്രമേ മദ്യഷാപ്പുകള്‍ അടച്ചുപൂട്ടാനാകൂ. ക്രമപ്രവൃദ്ധമായും വിവേകത്തോടെയും നിര്‍വഹിക്കേണ്ട കാര്യമാണിത്‌. ഇസ്‌ലാം മദ്യനിരോധം നടപ്പിലാക്കിയ രീതിയില്‍ നിന്നുതന്നെ ഇത്‌ മനസ്സിലാക്കാവുന്നതാണ്‌. എന്നാല്‍, ഭരണമേറ്റെടുത്ത്‌ ഏതൊരു നാളുകള്‍ക്കകം തന്നെ മദ്യഷാപ്പുകള്‍ എല്ലാം അടച്ചുപൂട്ടാത്തതിന്റെ പേരില്‍ ഭരണകൂടത്തെയും അന്നഹ്‌ദയെയും ഭര്‍ത്സിക്കുകയാണ്‌ സലഫികള്‍. അതിന്റെ പേരില്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുക മാത്രമല്ല, ഷാപ്പുകള്‍ക്കെതിരെ തീവെപ്പും അക്രമവും അഴിച്ചുവിടുകയും ചെയ്യുന്നു.
2003-ല്‍ തെക്കന്‍ തുനീഷ്യയിലെ ജറബയില്‍ ജൂതദേവാലയത്തെ ലക്ഷ്യം വെച്ചുകൊണ്ട്‌ നടത്തിയ സ്‌ഫോടനം, 2006-2007 വര്‍ഷങ്ങളില്‍ സുലൈമാന്‍ പ്രവിശ്യയില്‍ നടന്ന ആക്രമണങ്ങള്‍ തുടങ്ങിയവ ജിഹാദി സലഫിസത്തിന്റെ ഭാഗത്തുനിന്നുണ്ടായ പ്രധാന സായുധ ഓപ്പറേഷനുകളാണ്‌. ഒട്ടേറെ പേര്‍ ഈ സംഭവങ്ങളില്‍ വധിക്കപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്‌തു.

മാറ്റത്തിന്‌ സന്നദ്ധരാകുന്ന സലഫി വിഭാഗത്തെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം തുനീഷ്യയുടെ സ്വാസ്ഥ്യം കെടുത്തുന്ന സലഫി ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയരുകയാണ്‌. തുനീഷ്യയിലെ മത-രാഷ്‌ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സലഫി തീവ്രവാദങ്ങള്‍ക്കെതിരെ രംഗത്തുവന്നിട്ടുണ്ട്‌. സലഫികളുടെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ തുനീഷ്യയുടെ ആഭ്യന്തര സുരക്ഷക്കുതന്നെ ഭീഷണി ഉയര്‍ത്തുന്നുവെന്ന്‌ പ്രസിഡന്റ്‌ മുന്‍സിഫുല്‍ മര്‍സൂഖി പറയുകയുണ്ടായി. ``ന്യൂനപക്ഷങ്ങളില്‍ ന്യൂനപക്ഷമാണ്‌ തുനീഷ്യയിലെ സലഫികള്‍. 3000-ല്‍ അധികം വരില്ല അവരുടെ അംഗസംഖ്യ. അവരുയര്‍ത്തുന്ന സാമൂഹിക ഭീഷണികള്‍ നിയമപരമായി നേരിടും. പ്രവാചകനിന്ദാ സിനിമക്കെതിരെ പ്രതിഷേധിച്ച്‌ അമേരിക്കന്‍ എംബസിക്ക്‌ തീവെച്ചവര്‍ മുന്നൂറോളം പേരാണ്‌. കൊച്ചു കൊച്ചു സലഫി ഗ്രൂപ്പകള്‍ ജിഹാദി സലഫിസത്തില്‍ ആവേശം കൊണ്ട്‌ രംഗത്തുവരികയാണ്‌. ഇവര്‍ക്ക്‌ അല്‍ഖാഇദയുമായി ബന്ധമുണ്ടെന്ന്‌ പറയാനാകില്ല. ആ ഗ്രൂപ്പുകള്‍ തുനീഷ്യന്‍ സാമൂഹികാവസ്ഥയുടെ കൂടി സൃഷ്‌ടിയാണ്‌. രാജ്യത്തെ ദാരിദ്ര്യവും നിരക്ഷരതയും അതിന്‌ കാരണമാകുന്നുണ്ട്‌. വലിയ അപകടമാണ്‌ സമൂഹത്തില്‍ അവര്‍ സൃഷ്‌ടിക്കുന്നത്‌. അഞ്ച്‌ മില്യന്‍ ടൂറിസ്റ്റുകളാണ്‌ ഒരു വര്‍ഷം തുനീഷ്യയിലെത്തുന്നത്‌. സലഫി ഗ്രൂപ്പുകളുടെ പ്രവര്‍ത്തനഫലമായി അവര്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ അത്‌ വലിയ വാര്‍ത്തയാകും. അത്‌ രാജ്യത്തെ പ്രതികൂലമായി ബാധിക്കും.'' (Arabic cnn, 28.9.2012, middle east). `വിപ്ലവാനന്തര തുനീഷ്യ പലവെല്ലുവിളികളും നേരിടുന്നുണ്ട്‌. അതില്‍ പ്രധാനപ്പെട്ടതാണ്‌ സലഫി തീവ്രവാദികളുടേതെന്നാണ്‌ പ്രധാനമന്ത്രി ഹമാദി ജബാലി പ്രഖ്യാപിച്ചത്‌. സായുധ ശക്തി ഉപയോഗിച്ച്‌ തങ്ങളുടെ അഭിപ്രായങ്ങള്‍ നടപ്പിലാക്കാനാണ്‌ അവര്‍ ശ്രമിക്കുന്നതെന്ന്‌ ദേശീയ ടെലിവിഷന്‌ നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുകയുണ്ടായി (അല്‍ഖബസ്‌ 13.10.2012, www.alqabs.com.kw).

തുനീഷ്യന്‍ വിപ്ലവത്തിന്റെ നായകന്‍ റാശിദുല്‍ ഗനൂശിയും ജിഹാദി സലഫികള്‍ സൃഷ്‌ടിക്കുന്ന അപകടങ്ങളെക്കുറിച്ച്‌ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. ``അന്നഹ്‌ദക്ക്‌ മാത്രമല്ല സലഫികള്‍ ഭീഷണിയുയര്‍ത്തുന്നത്‌. രാജ്യത്തിന്റെ പൊതുവായ സ്വാതന്ത്ര്യത്തിനു തന്നെ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ അപകടം ചെയ്യും. എന്നാല്‍ നിയമം അനുശാസിക്കുന്ന വിധത്തില്‍ തന്നെ അവരെ കൈകാര്യം ചെയ്യേണ്ടത്‌ അനിവാര്യമാണ്‌''- അദ്ദേഹം പറഞ്ഞു (കലിമത്തുതൂനിസ്‌ 21.9.2012, www.kalima-tunisie). തുനീഷ്യന്‍ വിപ്ലവത്തിനെതിരെയുള്ള യഥാര്‍ഥ ഭീഷണിയാണ്‌ സലഫി തീവ്രവാദം എന്നാണ്‌ ഡെമോക്രാറ്റിക്‌ പാര്‍ട്ടി നേതാവ്‌ മുഹമ്മദ്‌ നൂര്‍ അഭിപ്രായപ്പെട്ടത്‌. ``തുനീഷ്യക്കാര്‍ ആഗ്രഹിക്കുന്നതും വിപ്ലവം വഴി സംജാതമായതുമായ സ്വാതന്ത്ര്യത്തെയാണ്‌ സലഫികള്‍ നിരാകരിക്കുന്നത്‌. ബിന്‍ അലിയുടെ കാലത്ത്‌ നിശ്ശബ്‌ദരായിരുന്നവര്‍, ഇപ്പോള്‍ വിപ്ലവത്തിന്റെ ലക്ഷ്യം സാക്ഷാത്‌കരിക്കാന്‍ ശ്രമിക്കുന്ന ഭരണകൂടത്തിനെതിരെ രംഗത്തുവരുന്നതിന്റെ പൊരുള്‍ എന്താണ്‌? അദ്ദേഹം ചോദിക്കുന്നു. ബിന്‍ അലിയുടെ പഴയ സ്വേഛാധിപത്യത്തിന്‌ പകരം മതാതിഷ്‌ഠിത സ്വേഛാധിപത്യം സ്ഥാപിക്കാനുള്ള ശ്രമമാണ്‌ സലഫികള്‍ നടത്തുന്നതെന്ന്‌ ചില നിരീക്ഷകര്‍ കുറ്റപ്പെടുത്തുന്നു. അന്നഹ്‌ദയും ഇസ്‌ലാമിസ്റ്റുകളും സലഫികളോട്‌ മൃദുസമീപനമാണ്‌ പുലര്‍ത്തുന്നതെന്ന്‌ സെക്യുലരിസ്റ്റുകള്‍ കുറ്റപ്പെടുത്തുന്നത്‌. അതേസമയം, ഇസ്‌ലാമിസ്റ്റുകള്‍ മതേതരത്വത്തോട്‌ കൂറ്‌ കാണിക്കുകയാണെന്നും ഇസ്‌ലാമിക ശരീഅത്ത്‌ നടപ്പിലാക്കാന്‍ വിമുഖത കാണിക്കുകയാണെന്നും സലഫികള്‍ ആരോപിക്കുന്നു. അന്നഹ്‌ദയുടെ പ്രമുഖ നേതാവ്‌ ഇതിനോട്‌ പ്രതികരിച്ചതിങ്ങനെ: ``സലഫികളും സെക്യുലരിസ്റ്റുകളും അന്നഹ്‌ദയെ തെറ്റിദ്ധരിച്ചിരിക്കുകയാണ്‌. അന്നഹ്‌ദ മറുപക്ഷത്തോട്‌ മൃദുസമീപനം പുലര്‍ത്തുന്നുവെന്നാണ്‌ ഇരു വിഭാഗവും ആരോപിക്കുന്നത്‌. യഥാര്‍ഥത്തില്‍, രാജ്യത്തെ വിരുദ്ധ ആത്യന്തികതകളിലേക്ക്‌ കൊണ്ടുപോകാന്‍ ശ്രമിക്കുന്ന രണ്ടു വിഭാഗങ്ങള്‍ക്കിടയിലാണ്‌ അന്നഹ്‌ദയുള്ളത്‌. അടിസ്ഥാനപമരായ രാഷ്‌ട്രീയ അജണ്ടകളിലല്ല ഇരു വിഭാഗങ്ങളും ശ്രദ്ധിക്കുന്നത്‌. അന്നഹ്‌ദ തങ്ങളോടൊപ്പം നില്‍ക്കണം എന്നാണ്‌ ഒരേസമയം സലഫികളുടെയും സെക്യുലരിസ്റ്റുകളുടെയും ആഗ്രഹം. ഈ വിഷയത്തില്‍ അന്നഹ്‌ദയുടെ സമീപനം റാശിദുല്‍ ഗനൂശി വിശദീകരിച്ചത്‌ ഇങ്ങനെ: ബിന്‍ അലിയുടെ ഭരണകാലത്ത്‌ ജയിലിലടക്കപ്പെടുകയും പീഡനം സഹിക്കുകയും ചെയ്‌തിട്ടുണ്ട്‌ സലഫികള്‍. അവരില്‍ സഹകരണ മനസ്സുള്ളവരും തീവ്ര നിലപാടുകാരും ഉണ്ട്‌. നാം എല്ലാവരുമായും സംഭാഷണം നടത്തുന്നു, നന്മകളില്‍ സഹകരിക്കുന്നു. എന്നാല്‍, അതിരുവിട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ കൈകാര്യം ചെയ്യാന്‍ ഇവിടെ നിയമമുണ്ട്‌. അതനുസരിച്ച്‌ അവര്‍ക്കെതിരെ നടപടിയെടുക്കും. ശരീഅത്തിനെ ഭയപ്പെടുന്നവരും അസ്വസ്ഥരുമായ ഒരു വിഭാഗം ജനങ്ങള്‍ തുനീഷ്യയിലുണ്ട്‌. സെക്യുലരിസ്റ്റുകളുടെയും മറ്റും ഇടയില്‍ ഇതു സംബന്ധിച്ച്‌ ആശയക്കുഴപ്പവും തെറ്റിദ്ധാരണകളും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്‌. അതുകൊണ്ട്‌ ധൃതി പിടിച്ച്‌ ഇസ്‌ലാമിക നിയമങ്ങള്‍ നടപ്പിലാക്കാന്‍ അന്നഹ്‌ദ തുനിയുന്നില്ല. ഇപ്പോള്‍ ലഭ്യമായ സ്വാതന്ത്ര്യം ക്രിയാത്മകമായി ഉപയോഗപ്പെടുത്താന്‍ സലഫി യുവാക്കള്‍ സന്നദ്ധരാകണം. പള്ളികള്‍, സന്നദ്ധ സംഘടനകള്‍, രാഷ്‌ട്രീയ പാര്‍ട്ടികള്‍ തുടങ്ങിയവ ഉപയോഗപ്പെടുത്തി ഫലപ്രദമായി പ്രവര്‍ത്തിക്കണം. ഭരണകൂടം യുവാക്കളോടും സലഫി യുവാക്കള്‍ ഭരണകൂടത്തോടും ഏറ്റുമുട്ടിയിരുന്ന പഴയ നിലാപാടിന്‌ മാറ്റം വരുത്തണം. ബിന്‍ അലിയുടെ കാലത്തെപ്പോലെ ഏറ്റുമുട്ടലുകളും അറസ്റ്റും തുടരുന്നത്‌ ശരിയല്ല. സലഫി യുവാക്കള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു, അതിനായി പരിശീലനം നേടുന്നു, സോമാലിയയിലെയും അഫ്‌ഗാനിലെയും ജിഹാദ്‌ അവസാനിപ്പിച്ച്‌ ചിലര്‍ തിരിച്ചുവന്നിരിക്കുന്നു. സലഫികളോട്‌ ഏറ്റുമുട്ടി അവരെ അറസ്റ്റ്‌ ചെയ്യാന്‍ അന്നഹ്‌ദയെ നിര്‍ബന്ധിക്കുകയാണവരുടെ ലക്ഷ്യം. അന്നഹ്‌ദക്കാരെന്ന്‌ ധരിച്ച്‌ ബിന്‍ അലി ജനങ്ങളെ അറസ്റ്റ്‌ ചെയ്‌ത്‌ ജയിലിലടച്ച പോലെ ഇപ്പോള്‍ അന്നഹ്‌ദ സലഫികളോടും പെരുമാറും എന്നാണവര്‍ പ്രതീക്ഷിക്കുന്നത്‌. ഈ നയം അന്നഹ്‌ദ നിരാകരിക്കുന്നു'' (അശ്ശര്‍ഖ്‌, 13.10.2012, www.al-sharq.com).

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Blogger Templates