Tuesday 21 May 2013

ഞാന്‍ പുന്നയൂര്‍ക്കുളത്തുകാരി

ഞാന്‍ പുന്നയൂര്‍ക്കുളത്തുകാരി
ഡോ. ഖാദര്‍ മാങ്ങാട്‌


ഇംഗ്ലീഷ്‌ സാഹിത്യത്തില്‍ പി.എച്ച്‌.ഡിക്കായുള്ള ഗവേഷണത്തിനിടയില്‍ കമലാദാസിനെ കണ്ടിരുന്നു. അപ്പോള്‍ നടത്തിയ സംഭാഷണങ്ങളാണിത്‌. ചില നേരങ്ങളില്‍ ആവേശത്തോടെയുള്ള സംസാരം. മറ്റു ചിലപ്പോള്‍ ഔപചാരികത കൂടുന്നുവെന്ന തോന്നലുണ്ടാകുമ്പോള്‍ അവര്‍ സംസാരം നിര്‍ത്തും. ഫോണ്‍ വിളികള്‍ പലപ്പോഴും അഭിമുഖങ്ങളായി മാറിയിട്ടുണ്ട്‌. നീര്‍മാതളത്തിന്റെയും ചന്ദനമരങ്ങളുടെയും മണമുള്ളതായിരുന്നു സന്തോഷകരമായ ഓരോ അഭിമുഖവും. വ്യക്തവും നിഷ്‌കളങ്കവുമായ അവരുടെ ഓരോ വാക്കുകളും സ്‌നേഹത്തിന്റെയും അടുപ്പത്തിന്റെയും വിളിച്ചോതലുകളായിരുന്നു.
എന്നു മുതലാണ്‌ കവിതകള്‍ എഴുതിത്തുടങ്ങിയത്‌?
പതിനാലാമത്തെ വയസ്സില്‍. സോഫിയ വാഡിയ എഡിറ്ററായ `പെന്‍' മാസികയിലാണ്‌ എന്റെ ഇംഗ്ലീഷ്‌ കവിത ആദ്യമായി അച്ചടിച്ചു വന്നത്‌. യുദ്ധത്തെക്കുറിച്ചായിരുന്നു കവിത. ഈ കവിതയാണ്‌ ബ്രേക്കായത്‌. പിന്നീട്‌ മാതൃഭൂമിയില്‍ എന്റെ കഥകള്‍ വരാന്‍ തുടങ്ങി. എന്റെ മനസ്സു മുഴുവന്‍ അമ്മാമ്മയ്‌ക്കു മുന്നില്‍ തുറന്നു വെക്കാനാവാത്തപ്പോഴാണ്‌ എഴുതാനാരംഭിച്ചത്‌. ദാസേട്ടന്റെ അച്ഛന്‍ സുബ്രഹ്‌മണ്യ അയ്യര്‍ ശേഖരിച്ച പുസ്‌തകങ്ങള്‍ മുഴുവന്‍ ഞാന്‍ വായിച്ചു. `ബിഷപ്പസ്‌ കാന്റില്‍ സ്റ്റിക്‌സ്‌' എന്നെ വല്ലാതെ സ്വാധീനിച്ചു. കള്ളനു മാപ്പുകൊടുക്കാന്‍ എനിക്കു കഴിയില്ല.
ആരാണ്‌ എഴുത്തിന്റെ ലോകത്തേക്ക്‌ വരാന്‍ സഹായിച്ചത്‌?
നാലപ്പാട്ടെ അന്തരീക്ഷം തന്നെ. അമ്മാവനും അമ്മയും പ്രചോദനമുണ്ടാക്കിയിട്ടുണ്ട്‌. അമ്മ എഴുതിയ കവിതകള്‍ അച്ഛന്‍ നിത്യവും വായിക്കുമായിരുന്നു. പത്തു വയസ്സുള്ളപ്പോള്‍ ഞാന്‍ ആദ്യത്തെ കഥയെഴുതി.
സ്‌നേഹത്തെക്കുറിച്ചും അടുപ്പത്തെക്കുറിച്ചുമുള്ള സങ്കല്‍പമെന്താണ്‌? സ്‌നേഹവും അടുപ്പവും തമ്മില്‍ വ്യത്യാസമുണ്ടോ?
ഇവ രണ്ടും രണ്ടാണ്‌. അടുപ്പത്തില്‍ക്കൂടിയാണ്‌ നാം സ്‌നേഹത്തിലെത്തുന്നത്‌. സ്‌നേഹം അനുഭവത്തിന്‌ ഒരു പടി മുന്നിലാണ്‌. അടുപ്പത്തില്‍നിന്നാണ്‌ സ്‌നേഹം വിടരുന്നത്‌. സ്‌നേഹത്തിന്‌ ഉപാധികള്‍ പാടില്ല. സ്‌നേഹപ്രകടനത്തില്‍കൂടി ചെറുപ്പം നമുക്ക്‌ നിലനിര്‍ത്താനാകുമെന്ന്‌ എനിക്കുറപ്പുണ്ട്‌. സ്‌നേഹമില്ലാത്ത ജീവിതം ഇലകളില്ലാത്ത വൃക്ഷം പോലെയാണ്‌.
അമ്മയുടെ സ്‌നേഹവുമായി ബന്ധപ്പെട്ട്‌ ഏതെങ്കിലും ഒരു അനുഭവം പറയാമോ?
കുട്ടിക്കാലത്ത്‌ ഞാന്‍ കല്‍ക്കത്തയില്‍നിന്ന്‌ നാലപ്പാട്ട്‌ വന്ന കാലം. ചുമരില്‍ തൂക്കിയ മഹാത്മാഗന്ധിയുടെ പടം കാണിച്ച്‌ അമ്മാമ്മ പറഞ്ഞു, അത്‌ ദൈവതുല്യനായ ആളാണെന്ന്‌. ഗാന്ധിജി ചോദിക്കുന്നതെന്തും നല്‍കണം. എന്നെയും ഗാന്ധിജിക്ക്‌ നല്‍കുമോ എന്നു ചോദിച്ചപ്പോള്‍, ആവേശത്തോടെ അവര്‍ പറഞ്ഞു, എന്റെ കമലയെ ഞാന്‍ ആര്‍ക്കും നല്‍കില്ലെന്ന്‌. ഗുരുവായൂരപ്പന്‍ ചോദിച്ചാല്‍ പോലും.
എങ്ങനെ എല്ലാവരോടും അടുപ്പം കൂടാന്‍ കഴിയുന്നു?
നമ്മള്‍ സ്‌നേഹവും അടുപ്പവും കാണിച്ചാല്‍ മറ്റുള്ളവരുടെ മുഖവും വികസിക്കും. അടുപ്പം പലതരത്തില്‍ കാണിക്കാം. ചിലപ്പോള്‍ ആവശ്യമുള്ളവര്‍ക്ക്‌ ഞാന്‍ പണം നല്‍കുന്നു. രോഗികളെ തൊടുകയും ആശ്വസിപ്പിക്കുകയും ചെയ്യും. ജയില്‍ തടവുകാരെ ഞാന്‍ ജയിലില്‍ സന്ദര്‍ശിക്കാറുണ്ട്‌.
ഇടക്കിടെ കാനഡ സന്ദര്‍ശിക്കുന്നുണ്ടല്ലോ. എന്താണവിടുത്തെ പ്രത്യേകത?
ഞാനിഷ്‌ടപ്പെടുന്ന പല എഴുത്തുകാരും കാനഡയിലാണ്‌. അവരുടെ ഊഷ്‌മളതയും സ്‌നേഹവും എനിക്കിഷ്‌ടമായി. എന്റ ജീവചരിത്രകാരി മെറിലിന്‍ കാനഡയിലാണ്‌. കാനഡയില്‍ എനിക്ക്‌ ശത്രുക്കളില്ല.
ആരുമായിട്ടാണ്‌ ഇപ്പോള്‍ കൂടുതല്‍ അടുപ്പം?
ദൈവത്തോട്‌. ഏകാന്തതകളില്‍ ഞാന്‍ ദൈവത്തോട്‌ ദുഃഖങ്ങള്‍ പറയും. ഇത്‌ എനിക്ക്‌ ആശ്വാസമേകുന്നു.
കടലിനോട്‌ കൂടുതല്‍ അടുപ്പമുള്ളതായി കവിതകളില്‍ കാണുന്നു. എന്താണിതിനു കാരണം?
കടല്‍ എനിക്ക്‌ വീടുപോലെയാണ്‌. എന്റെ മനസ്സ്‌ അതിന്റെ ആഴങ്ങളില്‍ ചെല്ലാറുണ്ട്‌. അവിടം നിറയെ നിഗൂഢതകളാണ്‌.
പുന്നയൂര്‍ക്കുളത്തോട്‌ പഴയ മമത ഇപ്പോഴുമുണ്ടോ?
അവിടെയാകെ മാറിപ്പോയില്ലേ? പുന്നയൂര്‍ക്കുളം ഇപ്പോള്‍ ചെറിയൊരു ടൗണ്‍ ആയി.
`ചന്ദനമരങ്ങളി'ലെ ഷീലയും കല്യാണിക്കുട്ടിയും തമ്മിലുള്ള ബന്ധത്തില്‍ വിമര്‍ശകര്‍ ലെസ്‌ബിയന്‍ അംശം കാണുന്നുണ്ടല്ലോ. എന്താണഭിപ്രായം?
രാത്രികളില്‍ കല്യാണിക്കുട്ടിയെ ഭര്‍ത്താവ്‌ ഉപദ്രവിക്കുന്നു. അവള്‍ക്ക്‌ കല്യാണമെന്നാല്‍ സെക്‌സ്‌ മാത്രമല്ല. ഷീലയില്‍ അവള്‍ സ്‌നേഹം കണ്ടെത്തുന്നു. ഷീലയുടെ ഭര്‍ത്താവിന്‌ അവരേക്കാള്‍ 21 വയസ്സ്‌ കൂടുതലുണ്ട്‌. രണ്ടു സ്‌ത്രീകള്‍ക്കും സമാനമായ പ്രശ്‌നങ്ങളുണ്ട്‌. വിമര്‍ശകര്‍ക്ക്‌ മറുപടി പറയാന്‍ എനിക്കാവില്ല. 
മതം മാറിയതെന്തിനാണ്‌?
ഭര്‍ത്താവിന്റെ മരണശേഷം ഞാന്‍ കുറെ കഷ്‌ടതകളനുഭവിച്ചു. എന്റെ ആളുകളില്‍നിന്നും കരുണയും സ്‌നേഹവുമാണ്‌ ഞാന്‍ ആഗ്രഹിച്ചത്‌. എന്നാല്‍ ക്ഷേത്രത്തിലേക്ക്‌ പുറപ്പെട്ടവര്‍ വിധവയായ എന്നെ കണികണ്ടപ്പോള്‍ ഓടിപ്പോയി കതകടച്ചു. ഇസ്‌ലാമില്‍ വിധവകളോട്‌ കരുണ കാണിക്കുന്നു. അവര്‍ക്ക്‌ പുനര്‍വിവാഹം ചെയ്യാം. മാത്രമല്ല, ഇസ്‌ലാമില്‍ ഏതു തെറ്റിനും പ്രായശ്ചിത്തമുണ്ട്‌. അല്ലാഹുവിനോടു പ്രാര്‍ഥിച്ചാല്‍ ഏതു കുറ്റവും ക്ഷമിക്കപ്പെടും. പരലോകത്ത്‌ സ്വര്‍ഗം ഞാന്‍ ആഗ്രഹിക്കുന്നു.
മതം മാറാനുള്ള തീരുമാനം പെട്ടെന്നുള്ളതായിരുന്നുവെന്നും കേട്ടിട്ടുണ്ട്‌. ശരിയാണോ?
ഞാന്‍ സംരക്ഷണം ആഗ്രഹിച്ചു. ഇപ്പോഴത്‌ മതിയായി. തൃശൂരിലെ കോണ്‍വെന്റിലായിരുന്നപ്പോള്‍ ഞാന്‍ ക്രിസ്‌ത്യാനിയാകാന്‍ ആഗ്രഹിച്ചിരുന്നു. കാരണം സിസ്റ്റര്‍ ഫിലോമിന എന്നെ അത്രകണ്ട്‌ സ്‌നേഹിച്ചിരുന്നു.
പര്‍ദ്ദ ധരിക്കുന്നതെന്തിനാണ്‌?
മാന്യമായ വസ്‌ത്രമാണത്‌. പര്‍ദ്ദയിട്ടവരെ ആരും കളിയാക്കില്ല. ബഹുമാനം കിട്ടുകയും ചെയ്യും. പിന്നെ തലമുടി ചീകി സമയം കളയേണ്ടല്ലോ. മുടിയില്‍ പൊടി പറ്റില്ല. പര്‍ദ്ദ ശക്തിയാണ്‌; ദൗര്‍ബല്യമല്ല. ദൈവത്തെ അനുസരിക്കലുമാണത്‌. 
ആളുകള്‍ എന്തിനാണ്‌ നിങ്ങളെ ആക്രമിക്കുന്നത്‌? പ്രണയത്തെപ്പറ്റി പറയുന്നതുകൊണ്ടാണോ?
എന്റെ കാഴ്‌ചപ്പാടും അവരുടേതും വ്യത്യസ്‌തമാണ്‌. സ്‌നേഹിക്കുന്നത്‌ കുറ്റമാണെന്നവര്‍ കരുതുന്നുണ്ടാവണം. വെറുക്കുന്നത്‌ നല്ലതിനെന്നും. എന്റെ സ്‌നേഹം പ്രത്യേകം ഒരാളിനോടല്ല, പതിനായിരങ്ങളോടാണ്‌. എന്നില്‍ ആളുകള്‍ ഒരമ്മയെയാണ്‌ കാണുന്നത്‌.
ഫെമിനിസ്റ്റാണോ?
അങ്ങനെയാകാനാഗ്രഹിമില്ല. ഫെമിനിസ്റ്റുകള്‍ സ്‌ത്രീത്വം നഷ്‌ടപ്പെട്ട്‌ പരുക്കനാകും. സ്‌ത്രീകള്‍ക്ക്‌ സ്‌ത്രീത്വം നഷ്‌ടപ്പെട്ടാല്‍ പിന്നെ പ്രകൃതിയുണ്ടോ?
`എന്റെ കഥ' യഥാര്‍ഥ അനുഭവമാണോ?
കൂടുതലും യഥാര്‍ഥമാണ്‌. ചിലത്‌ ഭാവനയും.
ഏതൊക്കെയാണ്‌ യഥാര്‍ഥമെന്ന്‌ പറയാനാകുമോ?
ഇല്ല. പറഞ്ഞാല്‍ `എന്റെ കഥ' ആരു വായിക്കാന്‍?
`എന്റെ കഥ' വായിച്ചപ്പോള്‍ ദാസേട്ടന്റെ പ്രതികരണമെന്തായിരുന്നു?
ദാസേട്ടനാണ്‌ എന്നെ എഴുതാന്‍ പ്രേരിപ്പിച്ചത്‌. ചില കഥാപാത്രങ്ങളെ പറഞ്ഞുതന്നതും ദാസേട്ടനാണ്‌. നായികയുടെ താന്തോന്നിത്തങ്ങള്‍ ഭാവനയാണ്‌.
കവിതകള്‍ ഇംഗ്ലീഷിലും കഥകള്‍ മലയാളത്തിലുമെഴുതുന്നത്‌ എന്തുകൊണ്ടാണ്‌?
വായനക്കാരുമായി കൂടുതല്‍ അടുക്കാനാഗ്രഹിക്കുമ്പോള്‍ ഞാന്‍ ഇംഗ്ലീഷിലെഴുതുന്നു. ഇംഗ്ലീഷ്‌ വായനക്കാരെ എനിക്ക്‌ ഭയക്കേണ്ടതില്ല. ഇതുപോലെ മലയാളത്തില്‍ എഴുതിയാല്‍ അവരെന്നെ കല്ലെറിയും.
മലയാളം വായനക്കാരന്റെ വായനാനിലവാരം ഉയരേണ്ടതുണ്ടോ?
എന്നു ഞാന്‍ പറയില്ല. മലയാളം വായനക്കാര്‍ എന്നോട്‌ നീതി കാണിച്ചില്ല. അവര്‍ ചീത്ത വാക്കുകള്‍ ഉപയോഗിച്ചു. 
എഴുത്തില്‍ മരണം ഇടക്കിടെ കയറിവരുന്നു. മരണത്തെ ഭയമില്ലേ?
എനിക്ക്‌ മൂന്നുതവണ ഹാര്‍ട്ട്‌ അറ്റാക്ക്‌ ഉണ്ടായി. മരണശേഷം എന്താകുമെന്ന ഭീതി എനിക്കുണ്ടായിരുന്നു. ഇപ്പോഴതില്ല.
ദാസേട്ടനെപ്പറ്റി ഇപ്പോള്‍ എന്തുതോന്നുന്നു?
ദാസേട്ടനെ ഞാന്‍ ഏറെ സ്‌നേഹിച്ചു. ദാസേട്ടന്‍ മരിച്ചപ്പോള്‍ ഞാനും മരണം ആഗ്രഹിച്ചു. ഭക്ഷണമുപേക്ഷിച്ചപ്പോള്‍ മോനു എന്നെ ആസ്‌പത്രിയിലാക്കി.
ഒരു ഗവേഷകന്‍ പറഞ്ഞത്‌ കമലാദാസിന്‌ വാക്കുകള്‍ പരിമിതമായതുകൊണ്ടാണ്‌ ചിത്രരചനയിലേക്കു തിരിഞ്ഞത്‌ എന്നാണ്‌?
എഴുത്തും ചിത്രരചനയും രണ്ടു മേഖലകളാണ്‌. ഒന്നിന്‌ മറ്റൊന്നിന്റെ സ്ഥാനത്ത്‌ കയറി വരാനാകില്ല. 1984-ല്‍ നോബല്‍ പ്രൈസിന്‌ എന്റെ പേരുണ്ടായിരുന്നു. എഴുതാന്‍ കഴിവില്ലെങ്കില്‍ എന്നെ അവര്‍ പരിഗണിക്കുമായിരുന്നോ?
ഇന്ത്യന്‍ എഴുത്തുകാരെക്കുറിച്ച്‌ എന്താണഭിപ്രായം?
പലരും അനുകരണഭ്രമമുള്ളവരാണ്‌. വ്യത്യസ്‌ത സംസ്‌കാരവും ജീവിതക്രമവുമുള്ള നമ്മള്‍ മറ്റുള്ളവരെ അനുകരിക്കുന്നത്‌ ശരിയല്ല.
ഗ്രാമീണ പശ്ചാത്തലത്തിലുള്ള സ്‌ത്രീകഥാപാത്രങ്ങള്‍ കൂടുതല്‍ ജീവസ്സുറ്റതും നഗര പശ്ചാത്തലത്തിലുള്ളവര്‍ താരമതമ്യേന ദുര്‍ബ്ബലരുമായി കാണുന്നു. എന്താണിങ്ങനെ?
എന്റെ ഗ്രാമീണ കഥാപാത്രങ്ങള്‍ എന്റെ ജീവിതവുമായി കൂടുതല്‍ അടുപ്പമുള്ളവരാണ്‌. പാവങ്ങളാണെങ്കിലും എന്റെ ജീവിതത്തില്‍ അവര്‍ കൂടുതല്‍ ഇഴചേര്‍ന്നു നില്‍ക്കുന്നു. എന്നെ കൂടുതല്‍ മനസ്സിലാക്കിയ ആളുകളാണവര്‍. നമ്മുടെ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ശേഷിപ്പുകളാണവര്‍. നഗരപശ്ചാത്തലത്തിലുള്ള കഥാപാത്രങ്ങള്‍ ഉപരിതല സ്വഭാവമുള്ളവരാണ്‌. പൊള്ളയായ കഥാപാത്രങ്ങള്‍. സ്‌ത്രീകളുടെ ജീവിതം നഗരങ്ങളില്‍ പാഴായിപ്പോവുകയാണ്‌. നഗരത്തില്‍ ജീവിക്കുന്നവര്‍ പൊങ്ങച്ചം കാണിക്കുകയും മേനി നടിക്കുകയും ചെയ്യും.
കമല എങ്ങനെയാണ്‌ മാധവിക്കുട്ടിയായത്‌?
പതിനെട്ടു വയസ്സുണ്ടായിരുന്നപ്പോഴാണ്‌ ആദ്യമായി മാധവിക്കുട്ടി എന്ന പേരുപയോഗിച്ചത്‌. വലിയവരുടെ വിവാഹപൂര്‍വ്വബന്ധങ്ങളെക്കുറിച്ച്‌ ഞാന്‍ കഥയെഴുതി. അച്ഛന്‍ തിരിച്ചറിയാതിരിക്കാനാണ്‌ `പുഴ വീണ്ടും ഒഴുകുന്നു' എന്ന കഥ മാധവിക്കുട്ടി എന്ന പേരില്‍ എഴുതിയത്‌. പിന്നെ അത്‌ മലയാളത്തില്‍ തുടര്‍ന്നു.
വിവാഹബാഹ്യബന്ധങ്ങള്‍ കഥകളില്‍ സാധാരണ കടന്നുവരുന്നതായി കാണുന്നു. മൂല്യങ്ങള്‍ തകര്‍ന്നതായി തോന്നുന്നുണ്ടോ?
ഭാര്യയുടെ അഭിമാനം സംരക്ഷിക്കുന്ന ഭര്‍ത്താവ്‌ സ്‌നേഹിക്കപ്പെടും. ഒരു സ്‌ത്രീയെ സ്‌ത്രീയായി കാണുന്ന ഭര്‍ത്താവിനെയാണ്‌ എന്റെ കഥാപാത്രങ്ങള്‍ തേടുന്നത്‌. സാമൂഹ്യാനുഭവങ്ങള്‍ അങ്ങനെതന്നെ ചിത്രീകരിക്കുന്നുവെന്നേയുള്ളൂ.
വായിക്കാന്‍ സമയം തികയുന്നുണ്ടോ?
ചെറുപ്പത്തില്‍ ഒരു പാട്‌ വായിക്കുമായിരുന്നു. ചാള്‍സ്‌ ഡിക്കന്‍സും ടോള്‍സ്‌റ്റോയിയും ഓസ്‌കര്‍ വൈല്‍ഡും എല്ലാം വായിച്ചിട്ടുണ്ട്‌. അച്ഛന്‍ പുസ്‌തകത്തിന്‌ പണം ചെലവാക്കുന്നതില്‍ പിശുക്കനായിരുന്നു. അമ്മാവന്റെ ലൈബ്രറിയായിരുന്നു ആശ്രയം. 
ആധുനിക സ്‌ത്രീയെ എങ്ങനെ കാണുന്നു?
മിടുക്കികളാണ്‌. പലര്‍ക്കും സാമ്പത്തിക സ്വാതന്ത്ര്യവുമുണ്ട്‌. ചിലര്‍ക്ക്‌ കുഞ്ഞുങ്ങളെ മുലയൂട്ടുന്നത്‌ ഇഷ്‌ടമല്ല. സ്‌ത്രീത്വത്തിന്‌ അര്‍ഥമുണ്ടാക്കുന്നത്‌ പുരുഷനാണ്‌.
`ആല്‍ഫബെറ്റ്‌ ഓഫ്‌ ലസ്റ്റ്‌' ഒരു ഉത്തരാധുനിക നോവലാണെന്ന വാദമുണ്ട്‌?
ഇസങ്ങളിലൊന്നും എനിക്കു താല്‍പര്യമില്ല. ഞാന്‍ പുന്നയൂര്‍ക്കുളത്തുകാരി ഗ്രാമീണ സ്‌ത്രീയാണ്‌.
സൗന്ദര്യത്തെക്കുറിച്ചുള്ള സങ്കല്‍പം `സോനാഗാച്ചി' എന്ന കഥയില്‍ സുന്ദരിയായ ഭാര്യയുണ്ടായിരുന്നിട്ടും രാജേന്ദ്രന്‍ എന്ന കഥാപാത്രം വിരൂപയായ വേശ്യയെ തേടിപ്പോകുന്നു. എന്തുകൊണ്ടാണിത്‌?
സെക്‌സും സൗന്ദര്യവും രണ്ടാണ്‌. രൂപവുമായാണ്‌ സെക്‌സ്‌ ബന്ധപ്പെട്ടിരിക്കുന്നത്‌. സൗന്ദര്യം സെക്‌സുമായി ബന്ധപ്പെടുത്താനാകില്ല. നോക്കിക്കാണുന്നവന്റെ മനസ്സിലാണ്‌ സൗന്ദര്യം. സ്‌നേഹവും കാമവും പലപ്പോഴും രണ്ടുവഴിക്കു പോകുന്നതായും തോന്നിയിട്ടുണ്ട്‌. സ്‌നേഹം സ്ഥായിയും കാമം താല്‍ക്കാലികവുമാണ്‌. സുന്ദരമായതിന്‌ കാമമുണര്‍ത്താന്‍ കഴിയണമെന്നില്ല. 
(ഡോ. ഖാദര്‍ മാങ്ങാടിന്റെ ഇന്റിമസി ഇന്‍ കമലാദാസ്‌ എന്ന പുസ്‌തകത്തിന്റെ അനുബന്ധമായി കൊടുത്ത സംഭാഷണം)

0 comments:

Post a Comment

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Blogger Templates