Wednesday 5 June 2013

പെരുമ്പടവത്തിന്റെ കൂടെ/സുനില്‍കുമാര്‍

പെരുമ്പടവത്തിന്റെ കൂടെ

വിവരസാങ്കേതികയുഗത്തിലെ മലയാളികള്‍ മിക്കവരും യഥാര്‍ത്ഥ വായനയും എഴുത്തും മാറ്റിവയ്ക്കാന്‍ നിര്‍ബന്ധിതരാണ്‌. ഇവിടെ, ഈ മരുഭൂമിയുടെ ചൂട്‌ അവരുടെ മറവിക്ക്‌ കൂടുതല്‍ ആഴം നല്‍കുന്നു. വല്ലപ്പോഴും അനുഭവപ്പെടുന്ന ചില അപൂര്‍വ്വ മുഹൂര്‍ത്തങ്ങളോ സംഭവങ്ങളോ സാധാരണജീവിതരീതിയില്‍നിന്നും മാറിനിന്ന്‌ ചിന്തിക്കാന്‍ അവരെ പ്രേരിപ്പിക്കാറുണ്ട്‌. അങ്ങനെ ഒരു അസുലഭമുഹൂര്‍ത്തത്തിനു് ഇക്കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിമൂന്നുമുതല്‍ മാര്‍ച്ച്‌ നാലുവരെ കളമൊരുക്കിയത്‌ ദമ്മാമിലെ പള്ളിക്കൂടം സാംസ്കാരികവേദിയും റിയാദിലെ സാഹിത്യ സഹൃദയവേദിയുമായിരുന്നു. ഇതിനുകാരണമായത്‌ ശ്രീ പെരുമ്പടവം ശ്രീധരന്റെ സൌദി സന്ദര്‍ശനവും.
അല്‍പ്പമെങ്കിലും വായിക്കുന്ന ഒരു മലയാളിക്ക്‌ പെരുമ്പടവം ശ്രീധരനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. എങ്കിലും അനുഭവപ്പെട്ട ചില കാര്യങ്ങള്‍ പറയാതിരിക്കാന്‍ പാടില്ല എന്ന്‌ വിചാരിക്കുന്നു. ഒരു സാത്വികന്‍, സാദാ നാട്ടിന്‍പുറത്തുകാരന്‍ മലയാളി എന്നാണ്‌ ആദ്യത്തെ പരിചയപ്പെടലില്‍നിന്നും ഉണ്ടായ തോന്നല്‍. ഈ ദിവസങ്ങളില്‍ പെരുമ്പടവം ശ്രീധരനുമായി ഒരുമിച്ച്‌ പലസമയങ്ങളും ചെലവിട്ടു. അദ്ദേഹവുമായി ഒരുപാട്‌ ആശയവിനിമയം നടന്നു. അതിനുശേഷവും ആദ്യതോന്നലില്‍ മാറ്റമുണ്ടായില്ല.
പെരുമ്പടവത്തിന്റെ ആദ്യനോവലായ "ആയില്യം" പെരുമ്പടവം ഗ്രാമത്തിലെ ഒരു സര്‍പ്പക്കാവും അവിടെ നടന്ന സര്‍പ്പബലിയും കണ്ടുകൊണ്ട്‌, അതിന്റെ അനുഭവമുള്‍ക്കൊണ്ടുകൊണ്ടാണ്‌ എഴുതിയത്‌. "ജനയുഗം" വാരികയിലാണ്‌ അത്‌ അച്ചടിച്ചു വന്നത്‌. പിന്നീട്‌ കാമ്പിശ്ശേരി കരുണാകരന്‍ നേരിട്ട്‌ കണ്ടപ്പോള്‍ പറഞ്ഞു: "ഒരു വലിയ പ്രായമുള്ള മനുഷ്യനാണ്‌ പെരുമ്പടവം ശ്രീധരന്‍, എന്നുകരുതിയാണ്‌ അത്‌ പ്രസിദ്ധീകരിച്ചത്‌"എന്ന്‌. താനൊരു "ജനയുഗം" പ്രൊഡക്റ്റ്‌ ആണെന്ന്‌ പെരുമ്പടവം ശ്രീധരന്‍ സമ്മതിയ്‌ക്കുന്നു. ജനയുഗത്തെ പുഃനരുജ്ജീവിപ്പിക്കാന്‍ നടന്ന വിഫലങ്ങളായ ശ്രമങ്ങളെപ്പറ്റിയും അദ്ദേഹം ഞങ്ങളോട്‌ സംസാരിച്ചു.
അനുഭവങ്ങളുടെ സ്വാംശീകരണവും തുടര്‍ന്ന്‌ സ്വാഭാവികമായുണ്ടാകുന്ന പരിണാമവുമാണ്‌ തന്റെ നോവലുകളും കഥകളും എന്നദ്ദേഹം പറഞ്ഞു. കവിതയിലാണ്‌ അദ്ദേഹം ആദ്യം കൈവച്ചത്‌. പെട്ടെന്നുതന്നെ ഇത്‌ തന്റെ വഴിയല്ല എന്ന്‌ തിരിച്ചറിഞ്ഞു. തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ രചനകളെപ്പറ്റി പൊതുവായി ശ്രീ പി.ജെ.ജെ. ആന്റണി ഇങ്ങനെ പറയുന്നു.
“മലയാളനോവല്‍ സാഹിത്യശാഖയുടെ വികാസപരിണാമങ്ങള്‍ ചരിത്രപരമായി നോക്കിയാല്‍, ആദ്യം ചന്തുമേനോന്‍ സമൂഹത്തിന്‌ പ്രാധാന്യം കൊടുത്തു. പിന്നീട്‌ വന്ന സി.വി രാമന്‍പിള്ളപോലുള്ളവര്‍ വ്യക്തികള്‍ക്കാണ്‌ പ്രാധാന്യം കൊടുത്തത്‌. ശ്രീ പെരുമ്പടവവും സി.വി. രാമന്‍പിള്ളയുടെ ശാഖയില്‍പ്പെടുന്നു. അദ്ദേഹത്തിന്റെ നോവലുകളില്‍ വ്യക്തികളുടെ ആത്മസംഘര്‍ഷങ്ങള്‍ക്കാണ്‌ മുന്‍തൂക്കം.”
ഒരുകാലംവരെ നമ്മുടെ എഴുത്തുകാര്‍ സാമൂഹ്യപോരാളികളായിരുന്നുവെന്നത്‌ മറ്റെവിടെയും കാണാത്ത ഒരു സവിശേഷതയാണ്‌. പക്ഷെ ആധുനികതയുടെ കാലം വന്നപ്പോള്‍ ഇതില്‍ വ്യക്തമായ ഒരു മാറ്റം വന്നു. സാമൂഹ്യജീവിതവുമായി സാഹിത്യകാരന്റെ ജീവിതത്തിന്‌ ഇഴയടുപ്പം നഷ്ടപ്പെട്ടു. അക്കാലത്താണ്‌ പൈങ്കിളിപ്രസിദ്ധീകരണങ്ങള്‍ മലയാളത്തില്‍ വന്നുതുടങ്ങിയത്‌. മനുഷ്യനെ വീണ്ടും മുഖ്യധാരാസാഹിത്യത്തിലേക്ക്‌ കൊണ്ടുവരാന്‍ സഹായിച്ച ഒരു എഴുത്തുകാരനാണ്‌ പെരുമ്പടവം ശ്രീധരന്‍.
ഇന്‍ഫോര്‍മേഷന്‍ യുഗത്തില്‍ ആഴം എഴുത്തിന് ആഴം നഷ്ടപ്പെടുകയും ഉപരിതല വിസ്തീര്‍ണം കൂടുകയും ചെയ്തു. ജനകീയമായ ധാരാളം എഴുത്തുകാരും കൃതികളും വന്നു. ശകലീകൃതമായ ഒരു ജീവിതമാണ്‌ ഉത്തരാധുനികത കൊണ്ടുവന്നത്‌. ജനകീയ സാഹിത്യവും വരേണ്യ എഴുത്തും തമ്മിലുള്ള അകലം കുറച്ചുകൊണ്ടുവരുന്ന ഒരു സ്വഭാവം ഉത്തരാധുനികത പ്രകടിപ്പിക്കുന്നു. ലളിതമായി വായിക്കാവുന്ന ക്ലാസിക്കുകള്‍ അപ്പോളുണ്ടായി. പെരുമ്പടവം ശ്രീധരന്റെ "അരൂപിയുടെ മൂന്നാംപ്രാവ്‌" ഇത്തരുണത്തില്‍ എടുക്കാവുന്ന ഒരു രചനയാണ്‌.
എ.പി അഹമ്മദിന്റെ നിരീക്ഷണം ഇങ്ങനെയാണ്‌.
“മലയാളനോവല്‍പ്രസ്ഥാനത്തിന്റെ രൂപപരിണാമങ്ങളുടെ ഒപ്പം ചരിത്രപരമായി സഞ്ചരിച്ച്‌ അതിനൊക്കെ ദൃക്‌സാക്ഷിയായിയെങ്കിലും ഈ പരിണാമങ്ങളൊന്നും തന്നെ തെല്ലും അലട്ടാതെ അചഞ്ചലമായി സ്വന്തം നിലപാടുകളില്‍ തന്നെ നിന്ന്‌ ഇക്കാലമത്രയും സാഹിത്യസപര്യ തുടര്‍ന്ന എഴുത്തുകാരനാണ്‌ പെരുമ്പടവം ശ്രീധരന്‍.”
വായനയുടെ പലഘട്ടങ്ങളിലായി പലപ്പോഴായി വലിച്ചെറിയപ്പെട്ട എഴുത്തുകാര്‍ നമുക്കുണ്ട്‌ എങ്കിലും ഒരിക്കലും വലിച്ചെറിയപ്പെടാത്ത ഒരെഴുത്തുകാരനായി പെരുമ്പടവം ഇപ്പോഴും തുടരുന്നു.
ഇന്നത്തെ സാമൂഹിക അപചയത്തെക്കുറിച്ച്‌ ഒരു പക്ഷെ മലയാളത്തില്‍ ആദ്യമായി എഴുതിയത്‌ പെരുമ്പടവമായിരിക്കും. 1971-ല്‍. എം.സുകുമാരന്റെ "ശേഷക്രിയ"ക്ക്മുന്‍പ്‌ "കാല്‍വരിയിലേക്ക്‌വീണ്ടും" എന്ന കഥ ശ്രീധരനെഴുതിയിട്ടുണ്ട്‌. അതിലിന്നത്തെ നമ്മുടെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വളരെ കൃത്യമായി എഴുതിയിട്ടുണ്ട്‌. 'രാഷ്ട്രീയക്കാര്‍ക്ക്‌ വാടകക്ക്‌ കൊടുക്കപ്പെടും' എന്ന ബോര്‍ഡ്‌ എഴുപത്തിയൊന്നില്‍ തന്നെ പെരുമ്പടവം തന്റെ കഥയില്‍ തൂക്കിയിരുന്നു.
ഞങ്ങളൊന്നിച്ച്‌ പ്രണയത്തിന്റെ പ്രതീകമായി ലോകമെങ്ങുംകൊണ്ടാടപ്പെടുന്ന ലൈല മജ്‌നുവിന്റെ കഥ നടന്ന പ്രദേശം കാണാന്‍ പോയി. ഇന്നവിടെ വെറും മണല്‍കൂമ്പാരങ്ങള്‍ മാത്രമേയുള്ളുവെങ്കിലും ആ കുന്നുകള്‍ അനായാസേന കയറുന്ന പെരുമ്പടവത്തിനെ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ മനസ്സിലിപ്പോളും തന്റെ ലൈലയോടുള്ള പ്രണയം ജീവിച്ചിരിപ്പുണ്ടെന്ന്‌ ഞങ്ങള്‍ക്ക്‌ മനസ്സിലായി. ഈ മണല്‍കുന്നുകള്‍ക്കിടയില്‍ ഒരു പെണ്‍കുട്ടിയെ കണ്ടാല്‍ ആരാണ്‌ പ്രേമിക്കാതിരിക്കുക?
photo
സുഖമുള്ള ഒരു തണുത്ത സുപ്രഭാതത്തിലാണ്‌ ഞങ്ങള്‍ ലൈല അല്‍‌ഫലാജിലേക്ക്‌ യാത്രതിരിച്ചത്‌.സമയം ചെല്ലുംതോറും ദിവസച്ചൂട്‌ വര്‍ദ്ധിക്കുന്നതുപോലെ സംസാരവിഷയങ്ങളിലും പലപ്പോഴും ചൂടിന്റെ ഏറ്റക്കുറച്ചിലുകള്‍ അനുഭവപ്പെട്ടു. പി.കണ്ണന്‍കുട്ടി മലയാളത്തിലെ നല്ല പുതുനോവലിസ്റ്റാണെന്ന്‌ പെരുമ്പടവത്തിന്റേതായി 'മലയാളം ന്യൂസ്‌'ല്‍ വന്ന പ്രസ്താവന വായിച്ചുകൊണ്ടാണ്‌ സംസാരവിഷയം ചൂടുപിടിച്ചത്‌. ഉടന്‍ തന്നെ മലയാളം ന്യൂസ്‌ ലേഖകനെ വിളിച്ച്‌ അദ്ദേഹം സംസാരിച്ചു. കാത്തിരുന്ന ഒരു വിഷയചലനമായിരുന്നു അത്‌.
പെരുമ്പടവം ശ്രീധരന്‍ അദ്ദേഹം തന്റെ വായനാനുഭവങ്ങളെപ്പറ്റിയും രചനകളെപ്പറ്റിയുമൊക്കെ ധാരളം വസ്തുതകള്‍ ഞങ്ങളുമായി പങ്കുവച്ചു. പ്രവാസിമലയാളികളുടെ ദുരിതങ്ങള്‍ പതിവുപോലെ ഒരു വിദ്വാന്‍ വിളമ്പാന്‍ തുടങ്ങിയപ്പോള്‍, കേരളത്തില്‍ അനുഭവിക്കുന്ന ദുരിതങ്ങളുടെ കഥകള്‍ പറഞ്ഞ്‌ അദ്ദേഹം ആ വിദ്വാന്റെ വായടച്ചു. സ്വകാര്യജീവിതം തന്റെ സ്വന്തം കാര്യമാണെന്നും അത്‌ കൂടുതല്‍ പറയാനും പരസ്യമാക്കുവാനും താന്‍ വിമുഖനാണെന്നും പലപ്പോഴായി അദ്ദേഹം സൂചിപ്പിച്ചെങ്കിലും തനി മലയാളികളായ ഞങ്ങളുണ്ടോ വിട്ടുകൊടുക്കുന്നു?
വിവാഹം, കുടുംബം?
അതൊക്കെ ഒരു കഥയാണ്‌. എന്തുകൊണ്ടങ്ങനെയൊക്കെ ഉണ്ടായി എന്നുചോദിച്ചാല്‍ ഉത്തരമില്ല. അങ്ങനെയൊക്കെ സംഭവിച്ചു എന്നുമാത്രം. ഒരു ഒളിച്ചോട്ടമായിരുന്നു. ഞങ്ങള്‍, ലൈലയും ഞാനും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചു. ബാക്കിയുള്ളവരെപ്പറ്റി ആലോചിച്ചില്ല. എതിര്‍പ്പ്‌ ഉറപ്പായതിനാല്‍ മദിരാശിക്ക്‌ വണ്ടികയറി. പിന്നീട്‌ തൊടുപുഴയിലേക്ക്‌ വന്നു. ലൈല പെരുമ്പടവത്തിനടുത്ത ഗ്രാമത്തിലെ ഒരു മുസ്ലിം പെണ്‍കുട്ടിയാണ്‌. അവളുമായാണ്‌ ഞാന്‍ നാടുവിട്ടത്‌. കല്യാണം ഇന്നുവരെ നടത്തിയിട്ടില്ല. അഞ്ചു പവന്‍ ആരെങ്കിലും തരുമെങ്കില്‍ ഒരു താലി വാങ്ങിക്കെട്ടാമായിരുന്നു എന്ന്‌ ഇപ്പോള്‍ അവള്‍ പറയുന്നുണ്ട്‌. വയസ്സുകാലത്ത്‌ നിനക്ക്‌ സ്വര്‍ണ്ണഭ്രമമാണ്‌ എന്ന്‌ ഞാനും പറയും. ഏതായാലും ജാതിയും മതവുമൊന്നും ഞങ്ങള്‍ അറിഞ്ഞിട്ടില്ല. നാലുമക്കള്‍ക്കും അതറിയില്ല. രണ്ടുപെണ്‍മക്കളെ കൃസ്ത്യന്‍ കുടുംബങ്ങളില്‍ പിറന്നവരാണ്‌ വിവാഹം ചെയ്തിരിക്കുന്നത്‌. അവസാനത്തെ മകള്‍ ലക്ഷ്മി എഴുത്തിനോട്‌ അടുപ്പം കാണിക്കുന്നവളാണ്‌. എല്ലാവരും അത്യാവശ്യം നല്ലനിലയില്‍ പലസ്ഥലത്തുമായി കഴിയുന്നു. ഇതുകൊണ്ട്‌ ഞങ്ങള്‍ക്ക്‌ ഒരു പ്രശ്നങ്ങളും നേരിട്ടിട്ടില്ല. പാസ്പ്പോര്‍ട്ട്‌ എടുക്കാന്‍ ചെറുതായി ബുദ്ധിമുട്ടിയെങ്കിലും നല്ലവരായ സുഹൃത്തുക്കള്‍ സഹായിച്ചു. ഇപ്പോള്‍ പെരുമ്പടവത്തെകാര്യങ്ങള്‍ നോക്കാന്‍ അവളും തിരുവനന്തപുരത്ത്‌ ഞാനും കഴിയുന്നു. പ്രസാധകരുമായുള്ള കണക്കുകളും മറ്റു സ്വത്തുവിവരങ്ങളും എല്ലാം ലൈലയുടെ ചുമതലയിലാണ്‌. ഞാനതിലൊന്നും ഇടപെടാറില്ല.
എല്ലാ പുസ്തകങ്ങളും ആശ്രാമം ഭാസി തന്നെയാണോ പ്രസാധനം?
അതെ, ഇരുപത്തിയഞ്ച്‌ നോവലുകളും കഥകളും എല്ലാം "സങ്കീര്‍ത്തനം" തന്നെ പ്രസിദ്ധീകരിക്കുന്നു. രണ്ടു മൂന്നു പുസ്തകങ്ങള്‍ ഡി.സി രവി ചോദിച്ചു. ഞാന്‍ പറഞ്ഞു, ഭാസിയോട്‌ ചോദിക്കാന്‍. ഭാസിയാണ്‌ അവ ഡി.സിയ്ക്ക്‌ കൊടുത്തത്‌. പ്രസാധകന്‍ എന്ന നിലയില്‍ സുതാര്യവും സത്യസന്ധവുമാണ്‌ ഭാസിയുടെ ഇടപാടുകള്‍. ഒരു പ്രസാധകനുമായുള്ള ബന്ധമല്ല, എനിക്ക്‌ ഭാസിയോട്‌. അതിനപ്പുറം എന്തോ അവാച്യമായ ഒരു ആത്മബന്ധം.
ഇത്രയുമായപ്പോളേക്കും പ്രഭാതഭക്ഷണത്തിനായുള്ള ഉള്‍വിളികള്‍ കേട്ടുതുടങ്ങിയതിനാല്‍ ഒരു അഫ്‌ഗാനിയുടെ കടയില്‍ കയറി, തമീസ്‌ എന്നൊരുതരം റൊട്ടി 'ഫൂല്‍'ഉംകൂട്ടിക്കഴിച്ചു. ഉത്സുകനായ ഒരു സഞ്ചാരിയെപ്പോലെ അദ്ദേഹം ഫൂലിന്റേയും തമീസിന്റെയും രഹസ്യങ്ങള്‍ അഫ്ഗാനികളോട്‌ ചോദിച്ച്‌ മനസ്സിലാക്കി. അഫ്ഗാനികളുടെ കഥകള്‍ പറഞ്ഞ്‌ അവസാനം തിരിച്ച്‌ ഡൊസ്റ്റോയോവ്സ്കിയുടെ ജീവിതത്തിലേക്കെത്തി.
ഡൊസ്റ്റോയോവ്സ്കി എന്ന വ്യക്തിയുടെ ജീവിതം എത്ര സ്വാധീനിച്ചിട്ടുണ്ട്‌?
ഡോസ്റ്റോയോവ്സ്കിയുടെ ജീവിതം എന്നെ സ്വാധീനിക്കുകയല്ല മോഹിപ്പിക്കുകയാണ്‌ ചെയ്തത്‌. ഇങ്ങനെ ഒരു മനുഷ്യനോ എന്ന അത്ഭുതം തന്നെയാണെനിക്കിപ്പോഴും ഉള്ളത്‌. ഭ്രാന്താലയത്തിലെ ഷേക്സ്പിയര്‍ എന്നദ്ദേഹത്തെ പറഞ്ഞത്‌ ലെനിനാണ്‌. അദ്ദേഹത്തിനെക്കുറിച്ചുള്ള ഒരു ചോദ്യത്തിനുമുത്തരം സിമ്പിള്‍ ആയി പറയാന്‍ പറ്റില്ല. അദ്ദേഹത്തിന്റെ സര്‍ഗ്ഗാത്മക ജീവിതം ഏതുതരത്തിലാണ്‌ എന്നുചോദിച്ചാല്‍ അത്‌ ആത്മീയതലത്തിലുള്ളതാണ്‌ എന്നുപറയാന്‍ എന്നെക്കൊണ്ടാവില്ല. ഒരു ദിവസം അദ്ദേഹം ദൈവവിശ്വാസിയാണെങ്കില്‍ അടുത്തദിവസം ദൈവത്തെ മുഴുവന്‍ ചീത്തവിളിക്കുന്ന, ദൈവത്തെ വിചാരണചെയ്യുന്ന ആളാണ്‌. ഒരോനിമിഷങ്ങളിലും മാറിമാറി ജീവിക്കുന്ന മനുഷ്യനായിരുന്നു അദ്ദേഹം. ഇങ്ങനെയുള്ള ഒരാളിനെ എങ്ങനെ നാം മനുഷ്യനെന്നനിലക്കും എഴുത്തുകാരനെന്ന നിലക്കും വിശ്വസിക്കാമെന്ന അടിസ്ഥാനപരമായ ഒരു ചോദ്യമുണ്ട്‌. ഇതിന്റെ ഉത്തരമാണ്‌ അദ്ദേഹത്തിന്റെ കൃതികള്‍ മുഴുവനും. ഒരു ദൈവമുണ്ടെങ്കില്‍, അദ്ദേഹമാണ്‌ പരമമായ കര്‍ത്താവ്‌ എങ്കില്‍ ഈ ജീവിതം എന്തുകൊണ്ടിങ്ങനെയൊക്കെ ആയിത്തീര്‍ന്നു? അടിസ്ഥാനപരമായ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുകയും ധാര്‍മ്മികതയെ മുന്‍പില്‍ നിര്‍ത്തുകയുമാണ്‌ അദ്ദേഹം ചെയ്തത്‌. ഇതാണെന്റെ പരിമിതമായ അറിവ്‌. ഇതുകൊണ്ടൊക്കെയാണ്‌ അദ്ദേഹം എന്നെ മോഹിപ്പിച്ചത്‌.
എഴുത്തുകാരന്റെ മരണസദൃശമായ ജീവിതത്തെക്കുറിച്ചാണ്‌ ഒരു സങ്കീര്‍ത്തനം പോലെയില്‍ ഞാനെഴുതിയത്‌. അല്ലാതെ ഡോസ്റ്റോയോവ്സ്കിയും അന്നയും തമ്മിലുള്ള പ്രണയത്തെക്കുറിച്ചല്ല. അങ്ങനെ കരുതാനുള്ള അവകാശം വായനക്കാര്‍ക്കുണ്ടെങ്കിലും. അതിനൊരു രണ്ടാംഭാഗവും ഉണ്ടാകാന്‍ പോകുന്നില്ല. അത്തരത്തിലൊരു കഥയല്ല അത്‌.
സാമൂഹ്യപ്രതിബദ്ധത: 
ഏതെഴുത്തിലും രാഷ്ട്രീയം വരും. ഒരു സമൂഹത്തില്‍ ജീവിക്കുന്ന ഒരുവന്‌ രാഷ്ട്രീയം ഒഴിവാക്കാന്‍ പറ്റുന്നതല്ല. രാഷ്ട്രീയം എന്നുപറയുമ്പോള്‍ ഞാന്‍ ഉദ്ദേശിക്കുന്നത്‌ നിങ്ങള്‍ കരുതുന്ന രാഷ്ട്രീയപാര്‍ട്ടികളോ കക്ഷിരാഷ്ട്രീയമോ അല്ല. ഒരോരുത്തരും സുചിന്തിതമായി എടുത്ത അഭിപ്രായങ്ങളോട്‌ വിയോജിക്കേണ്ട ആവശ്യമില്ല. അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ കൂടി അതവരുടേത്‌ എനിക്കെന്റേത്‌ എന്ന നിലയില്‍ നില്‍ക്കാം. തിരുത്തലുകള്‍ സ്വാഗതം, പക്ഷെ ഈ തിരുത്തലുകള്‍ സ്വയം ബോദ്ധ്യം വന്നതായിരിക്കണം. നമ്മളെല്ലാവരും കൂടിയിരുന്ന്‌ തീരുമാനിച്ച ഒരു തീരുമാനവും നാളെ സാഹിത്യത്തില്‍ ഉണ്ടാകാന്‍ പോകുന്നില്ല. ഒരു സൌഹൃദത്തില്‍ നമുക്ക്‌ പോകാം. പഠിച്ചുവച്ച ചില ക്ലീഷെഭാഷകളില്‍നിന്ന്‌ ചിലര്‍ക്ക്‌ മാറാന്‍ പറ്റില്ല. വിരോധമില്ല, അതവിടെത്തന്നെ നിന്നോട്ടെ.
എസ്‌.കെ.പൊറ്റക്കാട്‌ സോവിയറ്റുനാടുകളില്‍ പോയി യാത്രാവിവരണം എഴുതി. പക്ഷെ ഡോസ്റ്റോയോവ്സ്കി എന്ന ഒരെഴുത്തുകാരന്‍ അവിടെയെങ്ങും ജീവിച്ചരു‍ന്നതായി ഒരക്ഷരം പോലും എഴുതിയില്ല. ഒരു കാലത്ത്‌ ഡോസ്റ്റോയോവ്സ്കി പാര്‍ട്ടിയ്ക്കഭിമതനായിരുന്നു, പക്ഷെ പൊറ്റെക്കാട്‌ യാത്രാവിവരണം എഴുതുന്ന കാലത്ത്‌ ഡോസ്റ്റോയോവ്സ്കി അനഭിമതനായിരുന്നു! അന്നതെഴുതാന്‍ പൊറ്റെക്കാടിന്‌ സ്വാതന്ത്ര്യമുണ്ടായിരുന്നിട്ടുകൂടി പാര്‍ട്ടികളുടെ സ്വാധീനം കാരണം അദ്ദേഹം എഴുതിയില്ല. ആവിഷ്കാരസ്വാതന്ത്ര്യം നിയന്ത്രിതമായിരുന്നു. ചോദ്യം ചെയ്യലിനെയും വിമര്‍ശനത്തിനേയും സഹിഷ്‌ണുതയോടേ ഉള്‍ക്കൊള്ളാനുള്ള മനോഭാവം എല്ലാവര്‍ക്കും ഉണ്ടായിരിക്കണം. നിര്‍ഭാഗ്യവശാല്‍ അതുണ്ടാകാറില്ല. അപ്പോള്‍ എഴുത്തുകാരന്‍ ഒരു പ്രതിയോ കുറ്റവാളിയോ ആയിത്തീരുന്നു.
പ്രതിബദ്ധത എന്നുപയോഗിക്കുന്നത്‌ തെറ്റാണ്‌, പ്രതിജ്ഞാബദ്ധതയാണ്‌ ശരി. എനിക്ക്‌ പ്രതിജ്ഞാബദ്ധതയുള്ളത്‌ എന്റെ സമൂഹത്തോടാണ്‌. ആ സമൂഹത്തെ നിങ്ങള്‍ നിര്‍വ്വചിക്കുന്ന നിര്‍വ്വചനം കൊണ്ടല്ല ഞാന്‍ കാണുന്നത്‌. അധാര്‍മ്മികതയ്ക്കെതിരെ ഒരു പോരാളിയെപ്പോലെ നില്‍ക്കുക എന്നതാണ്‌ ഒരെഴുത്തുകാരന്റെ ധര്‍മ്മം. അതുതന്നെയാണ്‌ സാഹിത്യത്തില്‍ കൊണ്ടുവരേണ്ടത്‌. മുദ്രാവാക്യം വിളിക്കുന്നതല്ല സാഹിത്യം. നെരൂദ ഒരു കമ്മിറ്റ്മെന്റ്‌ ഉള്ള കവിയാണെന്ന്‌ പറയുമ്പോള്‍ പോലും അദ്ദേഹത്തിന്റെ കവിതകള്‍ വായിക്കുമ്പോള്‍ ഈ കമ്മിറ്റ്മെന്റിനപ്പുറം ഉള്ള മഹാകാര്യങ്ങള്‍ കാണാം. അതുകൊണ്ടാണ്‌ നെരൂദ ഒരു മഹാകവി ആകുന്നത്‌.
photo
വഴിയിലുടനീളം ഉള്ള ചെക്ക്‌ പോയന്റുകള്‍ കണ്ട്‌ അദ്ദേഹം കൌതുകമാര്‍ന്ന്‌ കാരണം ചോദിച്ചപ്പോള്‍, സൌദിമലയാളികളുടെ ജീവിതത്തിലെ ഒരു ഭാഗമാണിതില്ലാം, ഞങ്ങള്‍ കാരണം ചോദിക്കാറില്ല, ഫലങ്ങള്‍ അനുഭവിക്കാറേയുള്ളൂ എന്നു പറഞ്ഞത്‌ മുഴുവന്‍ അദ്ദേഹത്തിന്‌ ദഹിച്ചില്ലെന്ന്‌ തോന്നുന്നു. അദ്ദേഹം തുടര്‍ന്നു.
ആത്മപീഡനത്തിലൂടെയാണ്‌ വ്യക്തിയുടെ വിമോചനം എന്ന്‌ ഞാന്‍ സങ്കീര്‍ത്തനം പോലെ എഴുതുന്നകാലത്ത്‌ വിശ്വസിച്ചിരുന്നു. മനുഷ്യന്‍ എന്ന നിലയില്‍ അവന്റെ അവസാനത്തെ അസ്തിത്വയുദ്ധത്തില്‍ ഹെമിങ്ങ്‌വേയുടെ കിഴവന്‍ സാന്റിയാഗൊ പുറം കടലിലേക്ക്‌ പോകുന്നു. അവസാനം, മത്സ്യത്തെ, മനുഷ്യന്‍ തോല്‍പ്പിച്ച്‌ കടല്‍ക്കരയില്‍ എത്തുമ്പോള്‍ ചൂണ്ടയില്‍ കിടക്കുന്നത്‌ മത്സ്യത്തിന്റെ വെറും അസ്ഥിപഞ്ജരം മാത്രമാണ്‌. മനുഷ്യന്‍ നിലനില്‍ക്കുന്ന സമൂഹത്തിനെതിരായ ശക്തികളോട്‌ പൊരുതുക, അങ്ങനെ പലതരത്തിലുള്ള വിതാനങ്ങളിലാണ്‌ ഇത്‌ കാണുന്നത്‌. ഇതിനകത്ത്‌ പ്രത്യയശാസ്ത്രം വരുന്നില്ല, പ്രതിജ്ഞാബദ്ധതയില്ല. ജീവിതം തന്നെ ആണ്‌ പ്രധാനം. നിങ്ങള്‍ക്കിതിനെ ആത്മീയമായി എടുക്കാം. പക്ഷെ നിങ്ങളുദ്ദേശിക്കുന്ന ആത്മീയതയല്ല ഞാന്‍ മനസ്സിലാക്കിയതും പറയുന്നതുമായ ആത്മീയത. ലോകത്ത്‌ എന്തുമാറ്റങ്ങള്‍ വന്നാലും സാഹിത്യം നിലനില്‍ക്കും എന്നുവിശ്വസിക്കുന്നവനാണ്‌ ഞാന്‍.
നഗരാതിര്‍ത്തി കടന്ന്‌ വളരെ ദൂരം പോയിരുന്നു. മരുഭൂമിയുടെ വേറൊരു മുഖമാണ്‌ ഈ ഭാഗങ്ങളില്‍. ഒരു ചിത്രകാരന്റെ ഭാവനയോടെ കാറ്റ്‌ വരച്ച മണല്‍ ചിത്രങ്ങള്‍ക്കപ്പുറത്ത്‌ പല ഉയരങ്ങളിലുമായി ചുണ്ണാമ്പുകല്ലുകള്‍ അടുക്കിവച്ചപോലെ കുന്നുകളുണ്ടായിരുന്നു. ഇങ്ങനെയുള്ള കുന്നുകളുടേയും താഴ്വാരങ്ങളുടെയും ഇടയിലേക്കാണ്‌ ഞങ്ങള്‍ പോകുന്നത്‌. ഇവിടെ വാഡികള്‍ അഥവാ താഴ്വരകള്‍ ധാരാളമുള്ളതിനാലും മഴയുടെ അനുഗ്രഹം ചെറുതായെങ്കിലും ഉള്ളതിനാലും പച്ചപ്പ്‌ അല്‍പ്പം കൂടുതലാണ്‌. പലതട്ടുകളിലായുള്ള കുന്നുകള്‍ കണ്ടാല്‍ പൂര്‍വ്വാതീതകാലത്ത്‌ ഇവിടമെല്ലാം സമുദ്രാന്തര്‍ഭാഗത്തുനിന്ന്‌ പൊങ്ങിവന്ന്‌ രൂപപരിണാമം സംഭവിച്ചതാകാം എന്ന് ആരും പറഞ്ഞുപോകും. അറേബ്യന്‍മരുഭൂമിയുടെ ചരിത്രവും അതാണ്‌. പിന്നീട്‌ രൂപപരിണാമങ്ങളിലേക്കായി ചര്‍ച്ച.
രൂപപരിണാമങ്ങള്‍ ബാഹ്യമായി മാത്രമല്ല ഉണ്ടാകുന്നത്‌. നോവലിന്റെ ആന്തരികമായിട്ടുമുണ്ടാകുമെന്ന്‌ ബഷീറിനെ വച്ച്‌ നമുക്ക്‌ വാദിക്കാം. അന്നന്നത്തെ അങ്ങാടിനിലവാരം നോക്കി പുസ്തകമെഴുതുന്നവര്‍ക്ക്‌ ബഷീറിനെപ്പോലെ എഴുതാന്‍ പറ്റില്ല. ഹിജഡകളുടെ കാര്യം പറയാനല്ല ബഷീര്‍ 'ശബ്ദങ്ങള്‍' എഴുതിയത്‌. സമയത്തിനുമുന്‍പ്‌ പുറത്തുവന്ന പുസ്തകം എന്ന കുഴപ്പം ശബ്ദങ്ങള്‍ക്കുണ്ടായിട്ടുണ്ട്‌. എന്തുകൊണ്ട്‌ ഹിജഡകള്‍ ലോകത്തുണ്ടാകുന്നു? വ്യക്തിയുടെ ജീവിതത്തിലിരുന്നുകൊണ്ടുതന്നെ സമൂഹത്തിന്റേയുംകാലത്തിന്റെയും മഹാവ്യസനങ്ങളിലേക്ക്‌ കടന്നു പോകുന്നു ശബ്ദങ്ങള്‍. അതാണതിന്റെ രാഷ്ട്രീയം അല്ലാതെ അന്യവത്ക്കരിക്കപ്പെട്ട ആണ്‍വേശ്യകളുടേതല്ല. ഇമ്മാതിരിപദങ്ങള്‍ കേട്ടാല്‍ ഓക്കാനം വരുമെന്നായിട്ടുണ്ട്‌. ആദ്യമായി -ദ്വന്ദ്വവ്യക്തിത്വം - ഡുവല്‍ പേഴ്സണാലിറ്റി- യെ അവതരിപ്പിച്ചത്‌ മലയാളത്തില്‍ ബഷീറായിരുന്നു. കസ്സാന്‍ സാക്കീസ്‌ പറയുന്നതുപോലെ ഞാനെന്റെ സങ്കടങ്ങള്‍ ആരുമായി പങ്കുവെയ്‌ക്കും എന്നുതന്നെയാണ്‌ ബഷീറും ചോദിച്ചത്‌. ഒരെഴുത്തുകാരന്റെ ആത്യന്തികമായ സങ്കടം തന്നെയാണിത്‌. വെര്‍ജീനിയാ വുള്‍ഫ്‌ പറയുന്നു "എന്റെ ദുഃഖം ഏകവചനമല്ല". ലോകത്തിന്റെ മുഴുവന്‍ ദുഃഖവും ചുമന്നുകൊണ്ടുനടക്കുന്ന ഒരു ചെറിയ മനസ്സാണ്‌ തന്റേതെന്ന്‌ വെര്‍ജീനിയാ വുള്‍ഫ്‌ ഏറ്റുപറഞ്ഞിട്ടുണ്ട്‌. 'ലോകാലോകങ്ങളുടെ സൃഷ്ടാവെ എനിക്കിത്‌ താങ്ങാന്‍ കഴിയുന്നില്ല' എന്നു ബഷീര്‍ പറയുന്നത്‌ വായിക്കുമ്പോള്‍ എനിക്കിപ്പോഴും വികാരവിമ്മിഷ്ടം അനുഭവപ്പെടാറുണ്ട്‌. ഇവിടെയൊക്കെ ബഷീര്‍ താന്‍ ജീവിച്ചിരുന്ന രാഷ്ട്രീയ സാമ്പത്തിക ചുറ്റുപാടുകളെ ഒരു ആത്മീയ അനുഭവമാക്കി മാറ്റുകയാണ്‌ ചെയ്തത്‌. ഇതാണ്‌ എഴുത്തുകാരന്റെ കടമ.
ലക്ഷണമൊത്ത നോവല്‍ എന്നുപറഞ്ഞാല്‍ ആ ഒരൊറ്റ ലക്ഷണത്തോടെ നോവലിന്റെ കഥകഴിഞ്ഞു. പിന്നെ വേറൊരു നോവല്‍ ആവശ്യമില്ല. ഒന്നിന്റെ തന്നെ പല വാര്‍പ്പുകള്‍ എന്തിനാണ്‌? മൌലികമായ ഒരു കൃതി അതിന്റെ തന്നെ ഒരു രൂപം ഉണ്ടാക്കുകയും പഴയതിന്റെ രൂപം പൊളിക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങളൊന്നും ഒരു നിയമാവലിയില്‍ ഒതുങ്ങന്നതല്ല. അരുന്ധതിറോയിയുടെ പുസ്തകം ഒരു പൊട്ടപുസ്തകമാണെങ്കിലും ഇംഗ്ലീഷിലെഴുതിയതുകൊണ്ട്‌ ധാരാളം വായനക്കാരെ ഉണ്ടാക്കി. മലയാളത്തിലുള്ള ചില എഴുത്തുകാരെങ്കിലും ഇംഗ്ലീഷിലെഴുതിയാല്‍ ലോകസാഹിത്യത്തിലേക്ക്‌ കടന്നുചെല്ലുമായിരുന്നു.
മലയാളത്തില്‍ രണ്ടുപുസ്തകങ്ങളാണ്‌ കൂടുതല്‍ വിറ്റഴിയുന്നത്‌, സങ്കീര്‍ത്തനം പോലെയും ഖസ്സാക്കിന്റെ ഇതിഹാസവും. രണ്ടിലേയും നായകന്മാര്‍ സമൂഹത്തിന്‌ മാതൃകകളായിരുന്നില്ല. പക്ഷെ രണ്ടുപേരെക്കുറിച്ചെഴുതിയകാര്യങ്ങളും ധാരാളം പേര്‍ വായിച്ചു. ഇങ്ങനെ മാതൃകകളല്ലാത്തവരെക്കുറിച്ചെഴുതാനുള്ള അങ്ങയുടെ ചേതോവികാരം എന്താണ്‌?
മാതൃകകളെ ഉണ്ടാക്കുകയല്ല എഴുത്തുകാരന്റെ ധര്‍മ്മം. അരാജകമായി ജീവിതം നയിക്കുന്നത്‌ ശ്രേഷ്ഠമാണെന്നുപറയാനുമല്ല ഞാന്‍ സങ്കീര്‍ത്തനം പോലെ എഴുതിയത്‌. ഞാന്‍ പറയാനുദ്ദേശിച്ചത്‌ പീഡാനുഭവങ്ങളിലൂടെ സഹനങ്ങളിലൂടെ മനുഷ്യന്‍ വിശുദ്ധിയെ പ്രാപിക്കുന്നു എന്നാണ്‌.
താങ്കള്‍ പറയനുദ്ദേശിച്ചതല്ല വായനക്കാര്‍ വായിച്ചതെങ്കില്‍ വായനക്കാരും കൃതിയും തമ്മില്‍ വല്ല അഭിപ്രായവ്യത്യാസവും ഉണ്ടായതായി തോന്നിയിട്ടുണ്ടോ?
എനിക്കങ്ങനെ തോന്നിയിട്ടില്ല. ഒരോരുത്തരുടെ വായന എന്നേതോന്നിയിട്ടുള്ളൂ. എന്നിരുന്നാലും മലയാളത്തില്‍ എഴുത്തുകൊണ്ട്‌ ജീവിക്കുന്ന ആളാണ്‌ ഞാന്‍.ബെസ്റ്റ്‌ സെല്ലര്‍ ആണെന്നു പറയാം. പുസ്തകം കൂടുതല്‍ ചെലവാകുന്നത്‌ അതിന്റെ മഹത്വം കൊണ്ടാണെന്നൊന്നും ഞാന്‍ തെറ്റിദ്ധരിക്കുന്നില്ല. എങ്കിലും വായിക്കുന്നവരുടെ സ്നേഹം ഞാന്‍ തിരിച്ചറിയുന്നുണ്ട്‌. എന്റെ കൃതികള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍, എന്തിന്‌ ഒരു കൊടുങ്കാറ്റിനെ തന്നെ ഒറ്റക്ക്‌ നേരിടാന്‍ ഞാന്‍ തയ്യാറാണ്‌. എന്റെ കൂടെ എപ്പോഴും എന്റെ നിഴല്‍ മാത്രമേ ഉണ്ടായിട്ടുളൂ. അല്ലെങ്കില്‍ കൊടുങ്കാറ്റില്‍ പറന്നുപൊയ്ക്കോട്ടെ എന്നുവിചാരിക്കും അത്രതന്നെ.
യഥാര്‍ത്ഥവായന ക്രിയേറ്റീവ്‌ ആണ്‌. വാര്‍പ്പുകള്‍ ഉടയ്ക്കുക എന്നത്‌ എഴുത്തുകാരന്റെ മൌലികമായ കടമയാണ്‌.
"ഡിസംബര്‍" എന്ന കഥാസമാഹാരമാണ്‌ അടുത്തതായി വരുന്നത്‌ ഒരു പക്ഷെ ഏറ്റവും കത്തിക്കപ്പെടാന്‍ പോകുന്നത്‌ ഈ പുസ്തകമായിരിക്കും. നമ്മള്‍ ചുമക്കുന്ന ഭാണ്ഡത്തിനകത്ത്‌ നമ്മുടെ പാപങ്ങളും പുണ്യങ്ങളും മാത്രമേ ഉള്ളൂ, എന്ന്‌ അതിലെ ഒരു കഥയില്‍ മണ്ണാങ്കട്ട കരിയിലയോട്‌ ചോദിക്കുന്നു. 'നാരായണം' വെള്ളാപ്പള്ളി നടേശന്‍ രണ്ടായിരം കോപ്പികള്‍ വാങ്ങി. ചിലര്‍ നാരായണം കത്തിച്ചു. എനിക്കതിനുവിരോധമൊന്നുമില്ല. കത്തിച്ച കോപ്പികളുടെ കണക്കുണ്ടായിരുന്നാല്‍ മതി, അവയെല്ലാം പൈസകൊടുത്ത്‌ വാങ്ങിയവ ആയാല്‍ മതി. വെള്ളാപ്പള്ളി എന്റെ വളരെ അടുത്ത ഒരു സുഹൃത്താണ്‌. അദ്ദേഹം നാരായണം അറിഞ്ഞുതന്നെ വാങ്ങിയതാണ്‌. അതുകാരണം ഇപ്പോഴും ഞങ്ങള്‍ തമ്മില്‍ ബന്ധത്തിന്‌ ഒരു പ്രശ്നവുമില്ല. ഒരു ലക്ഷം രൂപവരെ ചിലര്‍ പുതിയ ഒരു പുസ്തകത്തിനായി വാഗ്ദാനം ചെയ്തു. ഇതെനിക്ക്‌ കിട്ടിയ അംഗീകാരമാണ്‌.
ബഷീറിനുശേഷം മലയാളത്തില്‍ എഴുത്തുകൊണ്ട്‌ ജീവിക്കാം എന്നു തീരുമാനിച്ച ഒരേ ഒരു സാഹിത്യകാരന്‍ താങ്കളായിരിക്കും. എന്തായിരുന്നു അത്തരത്തിലൊരു തീരുമാനത്തില്‍ താങ്കളെ എത്തിച്ച ഘടകം? മലയാളത്തില്‍ എഴുത്തുകാരനായിരിക്കുക എന്നത്‌ പ്രത്യേകിച്ച്‌ സാമ്പത്തിക നേട്ടം ഉണ്ടാവാത്ത കാര്യമാണല്ലൊ.. എഴുതിത്തന്നെ ജീവിക്കാന്‍ തുടങ്ങിയത്‌ എന്നുമുതലാണ്‌?
"അഭയം" മുതലാണ്‌. അതിനുമുന്‍പ്‌ കൊച്ചു കൊച്ചു പ്രസിദ്ധീകരണങ്ങളില്‍ ജോലി ചെയ്തു. ഒടുവിലത്തെ ജോലി മലയാളനാടിലായിരുന്നു. ഏഴുമാസം അവിടെ ജോലിചെയ്തു. എസ്‌.കെ നായരോട്‌ കലഹിച്ച്‌ ഇറങ്ങിപ്പോരുമ്പോള്‍ തീരുമാനിച്ചു "ആരുടേയും ശമ്പളമില്ലെങ്കിലും ഞാന്‍ ജീവിക്കും". അന്നുമുതല്‍ എഴുതിത്തന്നെ ജീവിക്കുന്നു. നല്ലവരായ മലയാളിവായനക്കാര്‍ എന്റെ അന്നം മുടക്കിയിട്ടില്ല.
എഴുത്തുകൊണ്ടുമാത്രം ജീവിക്കുക എന്നത്‌ ഏറെക്കുറെ അസാധ്യമാണ്‌ മലയാളത്തില്‍. പിന്നെ എന്റെ ജീവിതം വായനയും എഴുത്തുമാണെന്ന്‌ വളരെക്കാലം മുന്‍പ്‌ തന്നെ എനിക്ക്‌ ബോധ്യപ്പെട്ടിരുന്നു. അതിനകത്തെ സാമ്പത്തിക കാര്യങ്ങളെപ്പറ്റി ഉത്ക്കണ്ഠയോ വേവലാതിയോ ഉണ്ടായിരുന്നില്ല. ഇതല്ലാതെ ഒരു ബീഡിതിരിപ്പുകൂടി എനിക്കറിയില്ല. എഴുത്തെന്റെ ജോലിയല്ല, ധ്യാനമാണ്‌, ഉപാസനയാണ്‌, ജീവിതമാണ്‌. ഒരെഴുത്തുകാരനായി ജീവിക്കുക എന്ന മോഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ സഹൃദയരായ മലയാളികളുടെ സ്നേഹവും വാത്സല്യവുംകൊണ്ട്‌ എളിയതോതില്‍ ഒരു എഴുത്തുകാരന്റെ ജീവിതം ജീവിച്ചുപോകാനുള്ള സാഹചര്യങ്ങളൊക്കെ ഒത്തുകിട്ടി.
നോവലെഴുത്ത്‌ ശാരീരികമായ അദ്ധ്വാനം കൂടിയ പണിയാണ്‌.. ഒപ്പം മാനസിക അദ്ധ്വാനവും. എന്നാല്‍ സാമ്പത്തിക ലാഭം തീരെ ഇല്ലാത്ത പണിയും. ചെറുകഥയെ അപേക്ഷിച്ച്‌ എന്തായിരുന്നു തന്റെ മീഡിയം നോവല്‍ തന്നെയാണെന്ന്‌ ഉറപ്പിക്കാനുള്ള കാരണം?
ബാല്യകാലസഖിയ്‌ക്കുവേണ്ടി എം.പി.പോള്‍സാര്‍ എഴുതിയ പ്രസിദ്ധമായ അവതാരിക "ഇത്‌ ജീവിതത്തില്‍ നിന്നും ചീന്തിയെടുത്ത ഒരേടാണ്‌, ഇതില്‍ ജീവിതത്തിന്റെ രക്തം പുരണ്ടിരിക്കുന്നു" ഇതെന്നെ പ്രചോദിപ്പിച്ച വരികളാണ്‌ നോവലെഴുത്ത്‌ ശാരീരികവും മാനസികവുമായി അദ്ധ്വാനം കൂടിയ പണിതന്നെയാണ്‌. പക്ഷെ അങ്ങനെ അല്ലാതെ ഒരു ജീവിതം സങ്കല്‍പ്പിക്കന്‍ എനിക്ക്‌ സാദ്ധ്യമായിരുന്നില്ല. അതുകൊണ്ടുതന്നെ നോവല്‍ കഥ എന്നിവിടങ്ങളില്‍ എന്റെ മനസ്സിനെ ഉറപ്പിച്ചു നിര്‍ത്തി. ഒരു കഥാകൃത്തെന്ന നിലയില്‍ വലിയ അവകാശവാദങ്ങളൊന്നും ഇല്ല. എന്നാല്‍ നോവലിന്റെ കാര്യത്തില്‍ ഉണ്ടോ എന്ന്‌ ചോദിക്കരുത്‌. കഴിവിനനുസരിച്ച്‌ അതിന്റെ പരമാവധി ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. മോശമെന്നുതോന്നിയാല്‍ നിറുത്തും. മനുഷ്യന്റെ സങ്കടങ്ങളോട്‌ എനിക്ക്‌ എന്തോ പറയാനുണ്ട്‌. എഴുത്ത്‌ എന്താണെന്നു ചോദിച്ചാല്‍ മറ്റുള്ളവരുടെ സ്വപ്നങ്ങളും സങ്കടങ്ങളും നിരാശകളും പങ്കുവെയ്‌ക്കുക എന്നതാണ്‌. അങ്ങനെയാണ്‌ ഞാന്‍ വായനക്കാരുമായി സംവേദിക്കുന്നത്‌. ഒരെഴുത്തുകാരന്റെ ദൌത്യം കഥപറയലാണോ? അല്ല അതിനുമപ്പുറം ഒരു വിതാനം വേണം. കഥയ്‌ക്കുമപ്പുറത്തെ ജീവിതം എഴുത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കണം.
എന്നെ എഴുതാന്‍ പ്രാപ്തനാക്കിയത്‌ എന്റെ ഭാഷതന്നെയാണ്‌. ഞാന്‍ വായനതുടങ്ങിയകാലത്ത്‌ ധാരാളം റഷ്യന്‍ പുസ്തകങ്ങള്‍ തര്‍ജ്ജമചെയ്ത്‌ മലയാളത്തില്‍ കിട്ടുമായിരുന്നു. അവയെല്ലാം ഗ്രാമീണവായനശാലകളിലൂടെ എന്നെപ്പോലുള്ളവര്‍ക്ക്‌ ലഭ്യവുമായിരുന്നു. ബഷീറിനേയും തകഴിയെയും വി.ടി.ഭട്ടതിരിപ്പാടിനേയുമൊക്കെപ്പോലെത്തന്നെ ടോള്‍സ്റ്റോയിയേയും ഡോസ്റ്റൊയോവ്സ്കിയെയും പുഷ്കിനെയും ടര്‍ജനീവിനേയും വായിച്ചാണ്‌ ഞാന്‍ വളര്‍ന്നത്‌. അത്‌ മലയാളഭാഷയുടെ വലിയ ഭാഗ്യമാണ്‌. ഗ്രാമീണവായനശാലകള്‍ നമ്മുടെ ഭാഷയുടെ ഗുണമാണ്‌.
നോവല്‍ ഒരു സാമൂഹ്യരേഖയാണ്‌.പുതുതായി ഒന്നുമെഴുതാനില്ലെങ്കില്‍ നമ്മുടെ ഹൃദയമുദ്ര എഴുത്തില്‍ ഇടുക. ലോകത്തെ കൃസ്തുവിന്റെ രക്തം കൊണ്ട്‌ വെഞ്ചരിക്കുക എന്നുപറയുന്നപോലെ നമ്മുടെ രക്തം കൊണ്ട്‌ എഴുത്തിനെ വെഞ്ചരിക്കുക.സങ്കീര്‍ത്തനം പോലെ എഴുതുന്ന സമയത്ത്‌ ഞാന്‍ ഹൃദയത്തിന്‌ പുറത്തായിരുന്നു. ഭ്രാന്തായിരുന്നു. ഇതുപറഞ്ഞാല്‍ പൊങ്ങച്ചമാകും. അതിനാല്‍ പറയട്ടെ, ഞാന്‍ എന്റെ ഹൃദയം കൊണ്ട്‌ കഴിയുന്നതിന്റെ പരമാവധി ഡോസ്റ്റോയോവ്സ്കിയുടെ ജീവിതം ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചിട്ടുണ്ട്‌.
ലൈലയെക്കാത്ത്‌ മജ്നുവായ (ഭ്രാന്തനായ) അബ്ദുല്‍ഖാദര്‍ ഇരുന്നിരുന്നു എന്നുപറയപ്പെടുന്ന ഗുഹകളുള്ള കുന്നിന്‍ചെരുവുകളിലേക്ക്‌ ഞങ്ങള്‍ എത്താറായിരുന്നു. വഴിചോദിക്കുന്നതിനായി പരിസരവാസികളോട്‌ സംസാരിച്ചു. വഴിമനസ്സിലാക്കിയശേഷം ചോദ്യങ്ങള്‍ പലവഴിക്കുതിരിഞ്ഞു. യമനികളായിരുന്നു ഞങ്ങള്‍ കണ്ടവരില്‍ അധികവും. അബ്ദുല്‍ഖാദറും ഒരു യമനിയായിരുന്നത്രെ. രമണനെപ്പോലെ ആടുമേക്കലായിരുന്നു അബ്ദുള്‍ഖാദറിന്റേയും ജോലി. അത്ഭുതപ്പെടുത്തിയത്‌ ഇവിടെ ചിലരെല്ലാം കുന്നിന്‍ ചെരുവകളിലുള്ള ഗുഹാമുഖങ്ങളില്‍ തന്നെയാണ്‌ ഊണുമുറക്കവും എന്നതായിരുന്നു! ഭക്ഷണം പാകം ചെയ്യുന്നതുപോലും സൂര്യതാപത്തില്‍! നമ്മുടേതുപോലെ വിഭവസമൃദ്ധമായ ഒരു ഭക്ഷണശീലമൊന്നും ഇവര്‍ക്കുള്ളതായി കണ്ടില്ല. താമസവും ഭക്ഷണവുമെല്ലാം പരിതസ്ഥിതികള്‍ക്കനുസരിച്ചാണല്ലൊ. പരിസ്ഥിതികള്‍ മാറുന്നതിനനുസരിച്ച്‌ ജീവിതസമ്പ്രദായത്തിലും മാറ്റം വരും.
ആധുനികതയുടെ കാലത്തിനുമുന്‍പ്‌ എഴുതി തുടങ്ങിയ ആളാണ്‌ താങ്കള്‍, ആധുനികതയുടെ കാലത്തും എഴുതി. ഇപ്പോഴിതാ ഉത്തരാധുനികതയുടെ കാലത്തും എഴുത്തു തുടരുന്നു.. ഇതിനിടയ്ക്ക്‌ എഴുത്തിന്റെ പ്രശ്നങ്ങളും, വായനക്കാരുടെ സംവേദനം പലപ്രാവശ്യം മാറിക്കാണുമല്ലൊ. താങ്കള്‍ ശ്രദ്ധിച്ചിട്ടുള്ള മാറ്റങ്ങള്‍...?
എഴുത്തേ എനിക്കറിയാവൂ.. മാറിമാറി വന്ന സംവേദനശീലങ്ങളില്‍ ഒഴുകിപ്പോകാതെ അതില്‍ ഭ്രമിക്കാതെ എന്റെ മനസ്സിന്റെ മുഴക്കങ്ങള്‍ കേള്‍പ്പിക്കുകയാണ്‌ ഞാന്‍ ചെയ്തത്‌. അതിന്‌ ആധുനികതയുടെയൊ അത്യന്താധുനികതയുടെയൊ ഉത്തരാധുനികതയുടെയൊ ഒരു ഭാഷയും എനിക്കാവശ്യമുണ്ടായിരുന്നില്ല. ഇന്നത്തെ മാറിമാറി വന്നു പോകുന്ന ഫാഷനുകളാണ്‌ ഇവയെല്ലാം എന്ന്‌ ഏതാണ്ടിപ്പോള്‍ എനിക്കുറപ്പായിട്ടുണ്ട്‌. പക്ഷെ ആധുനികതയെയൊന്നും നിഷേധിക്കുന്നില്ല ഞാന്‍. അവര്‍ എഴുത്തിന്റെ മേഖലയില്‍ അവതരിപ്പിച്ച ഒരു ആഖ്യാനസൌന്ദര്യത്തെ ഭാവുകത്വത്തെ ഇഷ്ടപ്പെടുന്നു. ഞാന്‍ സ്വീകരിക്കാതിരുന്നത്‌ ആ സാഹിത്യസിദ്ധാന്തം മുന്നോട്ട്‌ വച്ച ജീവിതദര്‍ശനത്തെയാണ്‌. അവര്‍ക്ക്‌ ജീവിതദര്‍ശനം എന്നുപറയുന്നത്‌ ജീവിത നിഷേധമായിരുന്നു. മരണോപാസനയായിരുന്നു. ജീവിതം നിരര്‍ഥകമാണെന്ന ഒരു സിദ്ധാന്തം അവര്‍ ഉയര്‍ത്തിപ്പിടിച്ചു. അങ്ങനെ എങ്കില്‍ സ്വന്തം ജീവിതം കൊണ്ടതിനെന്തെങ്കിലും അര്‍ഥം കണ്ടെത്തുക എന്നാണെനിക്കു പറയാനുള്ളത്‌. അല്ലെങ്കിലെന്തുകൊണ്ടവര്‍ ആത്മഹത്യചെയ്യുന്നില്ല? ജീവിതം എല്ലാ സൌകര്യങ്ങളോടും കൂടി ആസ്വദിച്ച്‌ ജീവിക്കുന്ന ആളുകളെയാണ്‌ ഞാന്‍ കണ്ടത്‌. അവര്‍ കാപട്യം കാണിച്ചു എന്ന്‌ പറയുന്നില്ലെങ്കിലും എഴുത്തും ജീവിതവും തമ്മില്‍ വലിയൊരു വിടവുണ്ടായിരുന്നു.
ഇന്നത്തെ പല എഴുത്തുകാര്‍ക്കും മാധ്യമങ്ങളുടേതായ ഒരു സൌകര്യമുണ്ട്‌. ഇതില്ലാത്ത എഴുത്തുകാര്‍ ആ അസൌകര്യത്തെ നേരിടാന്‍ ബാധ്യസ്ഥരുമാണ്‌.
ആധുനികതയ്ക്കുണ്ടായിരുന്ന ഒരു സ്വഭാവം അനുഭവത്തിന്റെ സാമാന്യവത്ക്കരണമാണ്‌. യൂറോപ്പിലും അമേരിക്കയിലും ഉണ്ടായ അനുഭവങ്ങള്‍ നമ്മുടേതാക്കി മാറ്റുക എന്നതായിരുന്നു നമ്മുടെ എഴുത്തുകാര്‍ ചെയ്ത ഒരു കാര്യം. ഇതിനു പരക്കെ സ്വീകാര്യത ഉണ്ടായി. ഈ ഒരംശം തന്നെയല്ലെ 'ഒരു സങ്കീര്‍ത്തനം പോലെ'യുടേയും വിജയ രഹസ്യം? കേരളീയതയില്‍ പ്രാദേശികതയിലൂന്നി എപ്പോഴും കഥപറഞ്ഞുതന്നിട്ടുള്ള താങ്കള്‍ ഡോസ്റ്റോയോവ്സ്കിയെ നായകനായി തെരഞ്ഞെടുക്കുമ്പോള്‍ അറിയാതെ ആധുനികതയുടെ അന്തരീക്ഷം സ്വാധീനിക്കുകയായിരുന്നോ?
അനുഭവത്തിന്റെ ഒരു സാമാന്യവത്ക്കരണം ഉണ്ടായിരുന്നു. സമാനമായ ജീവിത അനുഭവങ്ങളെ ഉള്‍ക്കൊള്ളുകയും ചിത്രീകരിക്കുകയും ചെയ്യുമ്പോള്‍ അതിനകത്തൊരു സമാനത ഉണ്ടാക്കുകയെന്നത്‌ എഴുത്തുകാരന്റെ നിയോഗമാണ്‌. ആധുനികരായ എഴുത്തുകാര്‍ വൈദേശികമായ ദര്‍ശനത്തെ സ്വീകരിക്കുകയും ജീവിതത്തില്‍ അതില്‍ നിന്നും മാറിനില്‍ക്കുകയും ചെയ്തു. പക്ഷെ ഒരു സങ്കീര്‍ത്തനം പോലെക്ക്‌ അത്തരമൊരു നിലപാടുമായി ബന്ധമുണ്ടെന്ന്‌ ഞാന്‍ വിചാരിക്കുന്നില്ല. അത്‌ നേരിട്ട്‌ ജീവിതത്തിന്റെ സങ്കടങ്ങള്‍ എഴുത്തിലെ സംഘര്‍ഷങ്ങള്‍ ആവിഷ്കരിക്കുക എന്നതായിരുന്നു. അതിന്‌ ഏറ്റവും ലളിതവുമായ ഒരു ശൈലിയാണ്‌ ഞാന്‍ സ്വീകരിച്ചത്‌. എന്നു പറഞ്ഞാല്‍ ഭാരതീയ പാരമ്പര്യമുള്ള ഒരു കഥപറയല്‍ രീതി സ്വീകരിച്ചു. എന്റെ അനുഭവങ്ങള്‍, മറ്റുള്ളവരുമായി ഈ കഥപറയുന്ന രീതിയില്‍ പങ്കുവച്ചു. ഡോസ്റ്റോയോവ്സ്കിയും അദ്ദേഹത്തിന്റെ ജീവിതവുമായിരുന്നു കഥാവസ്തു.
ആധുനികതയും ഉത്തരാധുനികതയൊക്കെ പഠിക്കാന്‍ ശ്രമിച്ചു. എന്റെ അഭിരുചികള്‍ക്കിണങ്ങിപോകാത്ത ചിന്തകള്‍ പോലും പഠിക്കുക എന്നത്‌ എന്റെ ഒരു ശീലമാണ്‌. അപ്പോള്‍ കൂടുതല്‍ സന്ദേഹങ്ങള്‍ വന്നു. ഇവയൊന്നും സാഹിത്യത്തെക്കുറിച്ചുള്ള ഒരു സങ്കല്‍പ്പമേ അല്ല. മാറിവന്ന ജീവിതസാഹചര്യങ്ങളില്‍ മനുഷ്യന്‍ നേരിടുന്ന ചില പ്രതിസന്ധികളെക്കുറിച്ചുള്ള, അവന്റെ അവസ്ഥകളെക്കുറിച്ചുള്ള ആലോചനയായിരുന്നു. ഇത്‌ സാഹിത്യത്തില്‍ സംഭവിച്ചതല്ല. ഇവിടെ നമ്മുടെ ആളുകള്‍, ഇപ്പോള്‍ കപ്പലിറങ്ങിവരുന്ന എന്തിനെയും സ്വീകരിക്കുക എന്ന സ്വഭാവം കൊണ്ട്‌ നമ്മുടെ സാഹിത്യത്തില്‍ ഇത്‌ വന്നതാണ്‌.പണ്ട്‌ ഒരു കഥയില്‍ നമ്പൂരിശ്ശന്‍ ആധാരക്കെട്ടുകള്‍ മാലയാക്കി കഴുത്തിലിട്ട്‌ കേമത്തം കാണിച്ചപോലെയാണിത്‌. സ്വാഭവികമായി നമ്മുടെ ജീവിതത്തില്‍ ഉരുത്തിരിഞ്ഞുവന്ന സംഗതിയല്ല ഇത്‌.
അഭയത്തില്‍ രാജലക്ഷ്മി, സങ്കീര്‍ത്തനംപോലെയില്‍ ഡൊസ്റ്റോയോവ്സ്കി, നാരായണത്തില്‍ ശ്രീനാരായണഗുരു, കുമാരനാശാനെപ്പറ്റിയും ഒരു നോവല്‍ മനസ്സിലുണ്ടെന്ന്‌ കേള്‍ക്കുന്നു.. എങ്ങനെ യഥാര്‍ത്ഥത്തിലുള്ള വ്യക്തിത്വങ്ങളെ കഥാപാത്രങ്ങളാക്കുമ്പോള്‍ നോവലിസ്റ്റ്‌ എന്ന നിലക്ക്‌ ഒരുപാട്‌ സംഘര്‍ഷങ്ങള്‍ അനുഭവിക്കേണ്ടിവരില്ലേ
നോവലിലെന്തായാലുംകല്‍പ്പിതാംശമുണ്ട്‌..യഥാര്‍ത്ഥസംഭവങ്ങളുടെയും ഭാവനയുടെയും അതിര്‍വരമ്പുകള്‍ എങ്ങനെ നിര്‍ണ്ണയിക്കും? ഗുരുവിനെപ്പറ്റി വീണ്ടുമൊരു നോവല്‍ എഴുതാനുള്ള പ്രേരണ എന്തായിരുന്നു?
എഴുത്ത്‌ മറ്റുള്ള പണിപോലെയുള്ള ഒരു പണിയല്ല എങ്കില്‍, കേവലമായി നിങ്ങള്‍ പറയുന്നപോലെ ദൈവത്തിന്റെ‌ കയ്യൊപ്പുമല്ല. ഭാവനയുടെ അതിര്‍വരമ്പുകള്‍ എങ്ങനെ നിര്‍ണ്ണയിക്കുമെന്നൊക്കെ ചോദിച്ചാല്‍ ഉത്തരം പറയാന്‍ അല്‍പ്പം ബുദ്ധിമുട്ടാണ്‌. എങ്കിലും ഒന്ന്‌ പറയട്ടെ. ഡോസ്റ്റോവ്സ്കിയോ നാരായണഗുരുവോ ചരിത്രപുരുഷന്മാരായിട്ടല്ല എന്റെ രചനകളില്‍ ഞാന്‍ ആവിഷ്ക്കരിച്ചിട്ടുള്ളത്‌. ഞാന്‍ അവരെ വായിച്ചരീതിയില്‍ എന്റേതായ രീതിയില്‍, കഥാപാത്രങ്ങളായി അവരെ ആവിഷ്ക്കരിക്കുകയായിരുന്നു. കെ.സുരേന്ദ്രന്‍ എഴുതിയ ഗുരുവിനെപറ്റിയുള്ള നോവലില്‍നിന്നും വ്യത്യ്സതമായ ഒരു പാഠം ആണ്‌ ഞാന്‍ ഗുരുവിനെപ്പറ്റി വായിച്ചപ്പോള്‍ കിട്ടിയത്‌. അതുകൊണ്ടാണ്‌ ഞാന്‍ എന്റെ രീതിയില്‍ എഴുതിയത്‌.
അഭയത്തിലെ സേതുലക്ഷ്മി, യഥാര്‍ഥത്തില്‍ രാജലക്ഷിമായണോ?
സത്യത്തില്‍ അല്ല. രാജലക്ഷ്മി ആത്മഹത്യ ചെയ്യുന്നതിനുമുന്‍പേ എഴുതിയ പുസ്തകമാണ്‌ അഭയം. 1969 ലാണ്‌ അഭയമെഴുതി പ്രസിദ്ധീകരിച്ചത്‌. 1971 ലാണ്‌ രാജലക്ഷ്മി ആത്മഹത്യ ചെയ്തത്‌. രാജലക്ഷ്മിയുടെ ഒരു വഴിയും കുറെ നിഴലുകളും എന്ന നോവല്‍ ഞാന്‍ നേരത്തെ തന്നെ വായിച്ചിരുന്നു. അല്ലാതെ, അവരെക്കുറിച്ച്‌ യാതൊരു വിവരവും എനിക്കറിയാമായിരുന്നില്ല. എന്നാല്‍ അഭയം ഇറങ്ങിക്കഴിഞ്ഞപ്പോള്‍ പലരും പറഞ്ഞു അത്‌ രാജലക്ഷ്മിയുടെ കഥയാണെന്ന്‌. എല്ലാവരും അങ്ങനെ പറയാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ അതങ്ങ്‌ സമ്മതിച്ചുകൊടുത്തു. പിന്നെ ഞാന്‍ നിഷേധിക്കാന്‍ നിന്നില്ല.
"അരൂപിയുടെ മൂന്നാം പ്രാവ്‌" അല്ലേ മികച്ച രചന?
അങ്ങനെയാണ്‌ എനിക്കും തോന്നിയത്‌. പലരും അത്‌ പറയുകയും ചെയ്തു. പക്ഷെ "ഒരു സങ്കീര്‍ത്തനം പോലെ" വലിയ വിജയമായതോടെ അരൂപിയുടെ മൂന്നാം പ്രാവ്‌ അവഗണിക്കപ്പെട്ടു.
അരൂപിയുടെ മൂന്നാം പ്രാവ്‌, ആഖ്യാനശൈലിയിലും പ്രമേയസ്വീകരണത്തിലുമൊക്കെ വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു. സങ്കീര്‍ത്തനം പോലെ അത്ര ഉയര്‍ന്നു നിന്നതുകൊണ്ടാവണം അതിനുശേഷം വന്ന നോവലുകള്‍ വേണ്ട രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുകയോ വിശകലനം ചെയ്യപ്പെടുകയോ ഉണ്ടായില്ല എന്നു തോന്നുന്നു.
സ്വന്തം കൃതിയുടെ നിഴല്‍ മറ്റു കൃതികളിലേക്ക്‌ വീഴുന്നത്‌ സന്തോഷമുള്ള കാര്യമാണോ? പ്രത്യേകിച്ചും വായനക്കാര്‍ ചര്‍ച്ചചെയ്യണം എന്നു നമ്മള്‍ ആഗ്രഹിക്കുന്ന കാര്യം അവര്‍ ശ്രദ്ധിച്ചിട്ടേയില്ല എന്നു വരുമ്പോള്‍?
അരൂപിയുടെ മൂന്നാംപ്രാവ്‌ അങ്ങനെ ആവണമെന്നു വിചാരിച്ചിട്ടുതന്നെ എഴുതിയതാണ്‌. എഴുത്തിനൊരു ധ്യാനമുണ്ട്‌. ഒരു സങ്കീര്‍ത്തനം പോലെ പ്രശസ്തമായതുകൊണ്ട്‌ മറ്റുനോവലുകള്‍ക്ക്‌ മങ്ങലേറ്റു എന്നു പറയുന്നില്ല. എങ്കിലും ചര്‍ച്ച ചെയ്യപ്പെടുന്നില്ല. എന്നിരുന്നാലും പത്ത്‌ എഡിഷനുകള്‍ ഇറങ്ങിക്കഴിഞ്ഞു. നാരായണം പോലും എട്ടെഡിഷനുകള്‍ ആയി. രണ്ടു തര്‍ജ്ജമകള്‍ വന്നു കഴിഞ്ഞു. ഗുജറാത്തിയിലും ഇംഗ്ലീഷിലും. സങ്കീര്‍ത്തനം പോലെ ഗുജറാത്തിയില്‍ വന്‍ വിജയം ആയതുകൊണ്ടാണ്‌ മറ്റുള്ളവയും ഗുജറാത്തിയിലേക്ക്‌ പരിഭാഷചെയ്യപ്പെട്ടത്‌. കഴിയുന്നതും നല്ലതായി രക്തം വിയര്‍ത്ത്‌ എഴുതുക. പ്രസിദ്ധിയും മറ്റും എഴുത്തിന്റെ വിധിയാണ്‌. എന്റെ ജീവിതംകൊണ്ട്‌ ചെയ്യാവുന്ന ഏറ്റവും നല്ല സല്‍ക്കര്‍മ്മം എഴുത്താണ്‌.
ഒരു സ്വന്തം കൃതിയുടെ നിഴല്‍ മറ്റുള്ളവയിലേക്ക്‌ വീഴുന്നതില്‍ സങ്കടപ്പെടാനൊന്നുമില്ല. പിന്നെ ഒരു കൃതി അതെഴുതപ്പെടുന്ന കാലത്തുതന്നെ വായിക്കണമെന്നു നിര്‍ബന്ധമൊന്നുമില്ല. ചിലപ്പോള്‍ ഈ കൃതിയുടെ കാലം വരുന്നത്‌ പിന്നീടായിരിക്കും. ഇത്‌ അടിസ്ഥനപരമായ കാര്യമാണ്‌. ഉദാഹരണമായി ബഷീറിന്റെ ശബ്ദങ്ങള്‍ തന്നെ എടുക്കാം.
എഴുത്തിന്റെ രീതിയെന്താണ്‌? കഥ തെരഞ്ഞെടുക്കല്‍ കഥാപാത്രങ്ങളെ സ്വരൂപിക്കല്‍, ആഖ്യാനരീതി നിശ്ചയിക്കല്‍.. ഇതെല്ലാം കഴിഞ്ഞ്‌ അത്‌ പകര്‍ത്തല്‍..ഇതിനൊക്കെയുള്ള താങ്കളുടെ വഴി എന്താണ്‌?
ആശയം ആണ്‌ ആദ്യം വരുന്നത്‌. പിന്നീട്‌ കഥാപാത്രങ്ങളും അന്തരീക്ഷവുമൊക്കെ മനസ്സില്‍ വരുന്നു. ബാക്കിയെല്ലാം സ്വാഭവികവളര്‍ച്ചയാണ്‌.
ഒരു എഴുത്തുകാരന്‍ തന്നെത്തന്നെ അനുകരിക്കരുത്‌. അത്‌ ആത്മഹത്യാപരമായിരിക്കും.ഒരേ ഭാഷയില്‍ വീണ്ടുമൊരു നോവല്‍ എഴുതരുത്‌ എന്നെനിക്കുനിര്‍ബന്ധമുണ്ട്‌. പ്രമേയത്തിന്‌ അനുയോജ്യമായ ആഖ്യാനശൈലി വേണം. ഭാഷ വേണം.ഇതൊക്കെ സ്വാഭാവികമായി വരുന്നതാണ്‌. അതിനിടയ്ക്ക്‌ എഴുത്തുകാരന്‍ സ്വകാര്യമായ ആഹ്ലാദങ്ങള്‍ അവിചാരിതമായി അനുഭവിക്കാറുണ്ട്‌. അതാണ്‌ ഷേക്സ്പിയര്‍ പറഞ്ഞത്‌ ഹാംലെറ്റ്‌ എന്റെ കൈവിട്ടുപോയെന്ന്‌.
നാലഞ്ചുകൊല്ലമായി രണ്ടുനോവലുകള്‍ എഴുതിതീര്‍ത്തുവച്ചിരിക്കുന്നു. എന്തോ കുറവുണ്ടെന്ന തോന്നലിനാല്‍ അത്‌ പ്രസിദ്ധീകരിക്കാന്‍ കൊടുത്തിട്ടില്ല. ഒന്നില്‍ -അവനിവാഴ്‌വ്‌ കിനാവുകഷ്ടം- കുമാരനാശാനും മറ്റേതില്‍ -തിരികല്ല്‌ തേടി ഒരു ധാന്യമണി-സി.ജെ തോമസ്‌ ആണ്‌ നായകന്‍. അവസാനം പറഞ്ഞത്‌ ആറേഴുകൊല്ലമായി കഴിഞ്ഞിരിക്കുന്നു. ഇതിന്റെ മൂന്നുരൂപങ്ങള്‍ കയ്യിലുണ്ട്‌. നാലാമതൊരു രൂപം കൂടി എഴുതുകയാണ്‌. ഇവമൂന്നും ഒന്നിച്ച്‌ പ്രസിദ്ധീകരിക്കാന്‍ ആശ്രാമം ഭാസിപറഞ്ഞു. എങ്കിലും ഏതാണ്‌ നല്ലതെന്നുതോന്നിയാല്‍ അതുമാത്രമേ പ്രസിദ്ധീകരിക്കൂ. നാലോ അഞ്ചോ വര്‍ഷം കാത്തുവച്ചാല്‍ പഴയതായിപോവുകയാണെങ്കില്‍ എന്തിന്‌ എഴുതണം? സി.ജെ തോമസ്‌, വി.ടി ഭട്ടതിരിപ്പാട്‌, ബഷീര്‍ തുടങ്ങിയവര്‍ ജീവിച്ചിരുന്ന ഒരു കാലഘട്ടമുണ്ട്‌ നമുക്ക്‌ ‘ഗോള്‍ഡന്‍ ഏജ്‌‘ എന്നുവേണമെങ്കില്‍ പറയാം. ഈ കാലഘട്ടത്തിന്റെ ചരിത്രമാണ്‌ നോവലില്‍ കൊണ്ടുവരാന്‍ ഞാന്‍ ശ്രമിച്ചിരിക്കുന്നത്‌. ഇവരെല്ലാം കഥാപാത്രങ്ങളാണ്‌. ബഷീര്‍ തന്റെ സ്വന്തം പേരുതന്നെ ഉപയോഗിക്കാന്‍ അനുമതി തന്നിട്ടുണ്ട്‌. എങ്കിലും കബീര്‍ എന്ന പേരാണ്‌ നോവലില്‍ ഉപയോഗിച്ചിരിക്കുന്നത്‌. സി.ജെയുടെ പേര്‌ എല്‍ദോ എന്നാണ്‌. എം.ഗോവിന്ദന്‍ ഗോവിന്ദനെന്നപേരില്‍തന്നെയാണ്‌.എം.പി.പോള്‍ രാമനാഥന്‍ എന്നപേരിലാണ്‌. പുരോഗമനാശയങ്ങളുടെ പ്രതീകമായി അദ്ദേഹത്തെ അവതരിപ്പിച്ചിരിക്കുന്നു.പി.കെ.ബാലകൃഷ്ണനെ ബാലകൃഷ്ണന്‍ എന്നുതന്നെയാണ്‌ പേരിട്ടിരിക്കുന്നത്‌. നവോത്ഥാനമൂല്യങ്ങളില്‍നിന്നും ഇപ്പോളുള്ള കുന്നിറക്കം ഈ നോവലില്‍ പ്രതിഫലിക്കുന്നില്ല. എന്റെ ഒരു രീതിവച്ച്‌ കുറച്ചുകാലം സൂക്ഷിച്ചുവച്ച്‌, പിന്നീട്‌ ഒരുശത്രു എഴുതിയ നോവല്‍ എന്നപോലെ വായിച്ചാലറിയാം നോവലിന്റെ ഹൃദയം മിടിക്കുന്നുണ്ടോ എന്നത്‌. മിടിക്കുന്നില്ലെങ്കില്‍ വീണ്ടും പരിഷ്കരിക്കും. എം.ഗോവിന്ദന്‍ പറഞ്ഞപോലെ സ്വല്‍പ്പം ചിന്തിച്ചാലെന്ത്‌? ഇപ്പോള്‍ കുറവുകളെല്ലാം കണ്ടുപിടിച്ചു.
മലകയറുന്നതില്‍ അദ്ദേഹത്തിന്‌ യാതൊരു വിഷമവുമുണ്ടായില്ല. മലഞ്ചെരുവിലെ ഗുഹകളില്‍ ഒരുമണിക്കൂറോളം ഇരുന്ന്‌ വിശ്രമിച്ചായിരുന്നു ഞങ്ങള്‍ മടങ്ങിയത്‌. അത്ഭുതകരമായ തണുപ്പായിരുന്നു ഈ ഗുഹകള്‍ക്കുള്ളില്‍ എന്നതായിരുന്നു ആശ്ചര്യം. അവിടുത്തെ കല്ലുകളുടെ പ്രത്യേകതയായിരിക്കാം അത്‌.
വിമര്‍ശനങ്ങളെ എങ്ങനെയാണ്‌ കാണുന്നത്‌? നമുക്ക്‌ നല്ല വിമര്‍ശകന്മാരുണ്ടോ? കൃതിയ്‌ക്കും വായനക്കാര്‍ക്കുമിടക്ക്‌ പുരോഹിതരുടെ ആവശ്യമുണ്ടോ? അതോ വിമര്‍ശകന്റെ ധര്‍മ്മം കൃതിക്ക്‌ വെളിയിലാണോ?
പുരോഹിതന്മാര്‍ക്ക്‌ ഞാന്‍ പണ്ടുമുതലേ എതിരാണ്‌. വിമര്‍ശനം സാഹിത്യകലതന്നെയാണ്‌. സര്‍ഗ്ഗാത്മകമായ ഒരു പ്രവൃത്തിയുമാണ്‌. നമ്മുടെ നിരൂപകന്മാരങ്ങനെത്തന്നെയാണോ എന്നുചോദിച്ചാല്‍ കൂടുതല്‍ പേരും അങ്ങനെയല്ല. മാരാരെപ്പോലെ മുണ്ടശ്ശേരിയെപ്പോലെയുള്ളവര്‍ ഇപ്പോളില്ല. കെ.പി.അപ്പനെ അങ്ങനെ കാണുന്നില്ല. എനിക്കദ്ദേഹത്തിന്റെ നിലപാടുകളോട്‌ ശക്തമായ വിയോജിപ്പുണ്ട്‌. എഴുത്തുകാരന്റെ ഏറ്റവും വലിയ വിമര്‍ശകന്‍ അവന്‍ തന്നെയാണ്‌ എന്നാണെനിക്കുതോന്നിയിട്ടുള്ളത്‌. എന്റെ നിര്‍ഭയനായ വിമര്‍ശകന്‍ ഞാന്‍ തന്നെയാണ്‌. കൃതിയുടെ ഗുണദോഷങ്ങള്‍ പറയുന്നതാണ്‌ വിമര്‍ശകന്‍ എന്നുപറയിന്നിടത്ത്‌ അഭിപ്രായവ്യത്യാസമുണ്ട്‌. വിമര്‍ശകന്റെ സ്വഭാവം കൃതിയുടെ ഹൃദയം കണ്ടെത്തുക, അതിന്റെ അപൂര്‍വ്വത കണ്ടെത്തുക എന്നുള്ളതാണ്‌. അങ്ങനെയൊക്കെയാണോ നമ്മുടെ നിരൂപകന്മാര്‍ ചെയുന്നത്‌ എന്നുചോദിച്ചാല്‍ അറിയാന്‍മേല. വായനക്കാരുടേയും എഴുത്തുകാരുടെയും ഇടയില്‍ പുരോഹിതന്‍മാരെ ഞാന്‍ അംഗീകരിക്കുന്നില്ല. വിമര്‍ശകരാകാം. ഇവിടെയുള്ളത്‌ ഒരോരോ എഴുത്തുകാരുടെയും പിന്നില്‍ ഒരോ ഗ്രൂപ്പായി വിമര്‍ശകന്മാര്‍ കൂടുകയാണ്‌. പിന്നെ ആ കൃതിയേയും ആ എഴുത്തുകാരനേയും കുറിച്ചുള്ള ഒരു സ്കൂള്‍ നടത്തുകയാണ്‌ അവര്‍ ചെയ്യുന്നത്‌. ചിലര്‍ക്ക്‌ ഇതില്ലാതെ നിലനില്‍ക്കാന്‍ കഴിയില്ല. എനിക്കതിന്റെ ആവശ്യമില്ല. സ്വന്തം കാലില്‍ തന്നെ നിന്നു നോക്കട്ടെ.
അറുപതുമുതല്‍ മലയാള സാഹിത്യത്തിലെ നിരന്തരമായ സാന്നിധ്യമാണ്‌ താങ്കള്‍.. ഈ നാല്‍പ്പതോളം വര്‍ഷത്തെ മലയാള സാഹിത്യത്തെ വിലയിരുത്തിയാല്‍ ആരുടെയൊക്കെ രചനകളാണ്‌ നമ്മെ മുന്നോട്ട്‌ നയിച്ചത്‌.. ആരുടെയൊക്കെ കൃതികളാണ്‌ നമ്മെ പിന്നിലേക്ക്‌ കൊണ്ടുപോയത്‌ എന്നൊരു തെരഞ്ഞെടുപ്പ്‌ എളുപ്പമാണോ?
അറുപതു മുതല്‍ മലയാള സാഹിത്യത്തിലെ നിരന്തരമായ സാന്നിധ്യമാണ്‌ എന്നു പറഞ്ഞത്‌ നല്ലത്‌. മുന്നോട്ട്‌ നയിക്കുന്നത്‌ എന്നൊക്കെ ചോദിച്ചാല്‍ അതൊക്കെ ഒരോരുത്തരുടെ ഇഷ്ടം. എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരു കൃതി മറ്റുള്ളവര്‍ക്ക്‌ അതുപോലെ തോന്നണമെന്നില്ല. അവരവരുടെ അഭിരുചികള്‍. എന്നെ സംബന്ധിച്ചിടത്തോളം എനിക്കിഷ്ടപ്പെടാത്തതും എന്നെ ഇഷ്ടപ്പെടാത്തവരേയും എനിക്ക്‌ വായിക്കാന്‍ കഴിയും.
മടക്ക യാത്രയില്‍ സ്ത്രീകഥാപാത്രങ്ങളും അവരുടെ പ്രതികാരവും ഒരു ചര്‍ച്ചാവിഷയമായിരുന്നു. ഹിന്ദ്‌ എന്നുപേരുള്ള ഒരു അറേബ്യന്‍സ്ത്രീ തന്റെ ഭര്‍ത്താവിനെ കൊന്നയാളെ കുന്തം കൊണ്ടെറിഞ്ഞു കൊന്ന്‌ അയാളുടെ കരള്‍ കടിച്ച്‌ ചവച്ച്‌ തിന്നുകൊണ്ട്‌ യുദ്ധക്കളമാകെ നടന്ന കഥ മുസ്ലീം യുദ്ധചരിത്രങ്ങളില്‍ എഴുതപ്പെട്ടിട്ടുള്ളതായി കേട്ടപ്പോള്‍ നമ്മുടെ കഥകളിയിലെ രൌദ്രഭീമന്റെ ചിത്രം ഓര്‍ത്തുപോയി. ഇത്തരം പ്രതികാര ദുര്‍ഗ്ഗകളുടെ ചരിതം നമുക്ക്‌ സാഹിത്യത്തില്‍ വിഷയമായിട്ടുണ്ടോ?
പ്രവാസിമലയാളികള്‍ക്ക്‌ അവരുടെ അനുഭവങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട്‌ ഒരു നോവലെഴുതാന്‍ സാധിച്ചിട്ടില്ല. കഥകളുമില്ല. കാരണമെന്തായിരിക്കും?
നോവലെഴുതാന്‍മേല എന്ന്‌ ഇപ്പൊതീരുമാനിക്കേണ്ട ആവശ്യമില്ല. 'ഹിന്ദ്‌'ന്റെ കഥകള്‍ പോലെയുള്ള നാടന്‍ കഥകളും ഇവിടുത്തെ അനുഭവങ്ങളും സ്വാംശീകരിച്ച്‌ പിന്നീടുമെഴുതാം. ഉടനെത്തന്നെ വേണമെന്നു പറയുന്നതില്‍ അര്‍ഥമില്ല. സ്വന്തം അനുഭവങ്ങളോ, കണ്ടോ കേട്ടോ ഉണ്ടായ അനുഭവങ്ങളോ ഇങ്ങനെ സ്വാംശീകരിക്കാം. ഇനി എമിലി ബ്രോണ്ടി വുതെറിംഗ്‌ ഹൈറ്റ്സ്‌ എഴുതിയപോലെ അനുഭവങ്ങള്‍ ഇല്ലാതെയും എഴുതാം. എമിലി ബ്രോണ്ടി സന്യാസിനി മഠത്തില്‍ നിന്നും പുറത്തിറങ്ങാതെ എഴുതിയ ഒരു മഹത്തായ കൃതിയാണ്‌ വുതെറിംഗ്‌ ഹൈറ്റ്സ്‌. ഉള്‍ക്കാഴ്ച്ചയാണ്‌ വേണ്ടത്‌. ഇതിനകത്ത്‌ പ്രതിഭയെവിടെ എന്നുചോദിച്ചാല്‍ എനിക്കറിയാന്‍മേല. മുന്‍പുപറഞ്ഞപോലെ ദൈവത്തിന്റെ കയ്യൊപ്പാണോ ഏതെങ്കിലും പ്രസ്ഥാനത്തിന്റെ നേതാവ്‌ കയ്യൊപ്പിട്ടതാണോ എന്നൊന്നുമെനിക്കറിയില്ല.
സത്യത്തില്‍ പ്രവാസം എന്ന അവസ്ഥ മലയാളികള്‍ക്കുണ്ടായിട്ടില്ല. ഒരു നാട്ടില്‍ നിന്നും അടിച്ചോടിക്കപ്പെടുമ്പോളാണ്‌ പ്രവാസം എന്ന അവസ്ഥ ഉണ്ടാവുന്നത്‌. നാം പ്രവാസമെന്ന വാക്ക്‌ തെറ്റായി ഉപയോഗിക്കുകയാണ്‌.
മലകയറി ക്ഷീണിതരായി ഞങ്ങള്‍ വിശപ്പടക്കാന്‍ ഹോട്ടലില്‍ കയറി. ബിരിയാണിച്ചോറുപോലെയുള്ള ചോറ്‌ മാട്ടിറച്ചിയും ചേര്‍ത്ത്‌, 'മന്തി' എന്നുപറയുന്ന നാടന്‍ ഭക്ഷണം, ഒരേപ്ലേറ്റില്‍നിന്നും പാരമ്പര്യരീതിയില്‍ത്തന്നെ എല്ലാവരും കഴിച്ചു. ഭക്ഷണശേഷം തിരിച്ച്‌ കാറില്‍ക്കയറിയപ്പോഴും കരള്‍ ചവച്ച്‌ യുദ്ധക്കളമാകെ അലറി നടന്ന്‌ പ്രതികാരം തീര്‍ത്ത 'ഹിന്ദ്‌'ന്റെ ചിത്രം മനസ്സില്‍ നിറഞ്ഞുനിന്നിരുന്നു. ഗാന്ധാരിയോട്‌ ഇക്കഥയ്ക്കുള്ള സാമ്യത പറഞ്ഞ്‌ അവസാനം ഡോസ്റ്റോയോവ്സ്കിയിലേക്ക്‌ തന്നെ തിരിച്ചെത്തി.
ഡോസ്റ്റോയോവ്സ്കിയെപ്പറ്റി ശ്രീധരന്‍ ഞങ്ങള്‍ക്കൊരു കഥകേള്‍പ്പിച്ചു തന്നു.
ക്രൈം ആന്റ്‌ പണിഷ്‌മന്റ്‌ എഴുതിയശേഷം ഗബ്രിയേല്‍ മാലാഖ ഡോസ്റ്റോയോവ്സ്കിയെക്കാണാന്‍ ചെന്നു. മാലാഖ അദ്ദേഹത്തോട്‌ പറഞ്ഞു "വളരെ വിഷമിച്ച്‌ രണ്ടുമൂന്നുദിവസം കൊണ്ട്‌ ദൈവം ഉണ്ടാക്കിയെടുത്തതാണ്‌ ഈ ലോകം. അപ്പോള്‍ കൈപ്പിഴകളോക്കെ സാധാരണമല്ലേ? എന്തിനാ ദൈവത്തെ ഇങ്ങനെ വിഷമിപ്പിക്കുന്നത്‌?"
ഡോസ്റ്റോയോവ്സ്കി മാലാഖയെ സമാധാനിപ്പിച്ച്‌ പറഞ്ഞയച്ചതിനുശേഷം എഴുതിയതാണത്രെ 'കാരമസോവ്‌ സഹോദരന്മാര്‍'.
ആത്മകഥ എഴുതുമോ?
എഴുതിയ കഥകളിലെല്ലാം ആത്മാംശങ്ങളുണ്ട്‌. ചില ഓര്‍മ്മക്കുറിപ്പുകള്‍ എഴുതണമെന്ന്‌ ഉദ്ദേശമുണ്ട്‌. ഒരു പക്ഷെ ആത്മകഥ എഴുതിക്കൂടെന്നില്ല. ജീവിച്ചു തീര്‍ക്കട്ടെ, ആലോച്ചിക്കാം.
വെള്ളാപ്പള്ളി നടേശന്റെ ജീവചരിത്രം എഴുതുന്നുണ്ട്‌. അതിന്റെ അവതാരിക ഞാനാണെഴുതുന്നത്‌. ഇനി അതിന്റെ പേരില്‍ എന്തൊക്കെയാണാവോ കേള്‍ക്കേണ്ടിവരുക.
വ്യത്യസ്തമായതേ നിലനില്‍ക്കൂ, അതിന്‌ ആന്തരികമായ മഹത്വമുണ്ടെങ്കില്‍. ഇപ്പോഴും ജീവിതത്തില്‍ നല്ലൊരു കഥയോ നോവലോ എഴുതാന്‍ പറ്റണമേ എന്ന്‌ പ്രാര്‍ഥിക്കുകയാണ്‌ ഞാന്‍. എന്റെ ജീവിതം തികച്ചും എന്റെ സ്വകാര്യമാണ്‌, ആരേയും പഠിപ്പിക്കാന്‍ ഒരു സന്ദേശവുമില്ലhttp://www.chintha.com/node/654

Monday 3 June 2013

മാധവിക്കുട്ടിയുടെ മതം മാറ്റം: വിവാദത്തിനു പിന്നില്‍ ഗൂഡാലോചനയെന്ന് സംശയം/ വര്‍ത്തമാനം


Lead news kamala
നാലാം ചരമ വാര്‍ഷികത്തിലും കമലാസുരയ്യയുടെ മതം മാറ്റം ചൂടേറിയ വിവാദമാക്കി നിര്‍ത്തുന്നതിനു പിന്നില്‍ വര്‍ഗീയ ശക്തികളുടെ ഗൂഡാലോചനയെന്നു സൂചന. സോഷ്യല്‍ മീഡിയയിലും ചില ചാനലുകളിലും ഇപ്പോഴും വിവാദം കത്തിക്കുന്നതിനു പിന്നില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിച്ചു രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന കേന്ദ്രമാണെന്ന സംശയമാണ് ബലപ്പെടുന്നത്.
മതം മാറിയാല്‍ വിവാഹം കഴിക്കാമെന്ന് പ്രമുഖ പ്രഭാഷകനായ മുസ്‌ലിം ലീഗ് നേതാവ് നല്‍കിയ ഉറപ്പിന്മേലാണ് കമലാദാസ് മതം മാറി ഇസ്‌ലാം സ്വീകരിച്ചത് എന്നാണു ആര്‍ എസ് എസ് പത്രമായ ജന്മഭൂമിയില്‍ എഴുതിയ ലേഖനത്തില്‍ പ്രശസ്ത പത്രപ്രവര്‍ത്തക ലീല മേനോന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. പ്രസ്തുത നേതാവുമായി അവിഹത ബന്ധം പുലര്‍ത്തിയിരുന്നുവെന്നു കമല തന്നോട് സമ്മതിച്ചിട്ടുണ്ടെന്നും അവര്‍ അവകാശപ്പെടുന്നു.ജന്മഭൂമി പത്രാധിപയായി ഏറെ കാലം പ്രവര്‍ത്തിച്ച ലീല മേനോന്‍ കമല സുരയ്യ ജീവിച്ചിരിക്കുമ്പോഴോ ശേഷമോ വെളിപ്പെടുത്താത്ത രഹസ്യം ഇപ്പോള്‍ പുറത്തെടുത്തത് എന്തിനാണെന്ന ചോദ്യമാണ് ഉയരുന്നത്. കമല തന്റെ ഉറ്റ സുഹൃത്താണെന്ന് പറയുന്ന ലീല മേനോന്‍, എങ്കില്‍ സുഹൃത്തിനെ മരണാനന്തരം അപകീർത്തിപ്പെടുതുന്നത് എന്തിനാണെന്നതും ദുരൂഹത ഉയര്‍ത്തുന്നു.
കമല സുരയ്യ ജീവിച്ചിരിക്കുമ്പോള്‍ കൂടെ നില്‍ക്കുകയും വിലപിടിപ്പുള്ള പാരിതോഷികങ്ങള്‍ പറ്റുകയും ചെയ്ത യുവ എഴുത്തുകാരി ഇന്ദുമേനോന്‍, ഒരാളുമായുള്ള പ്രണയത്തെ തുടര്‍ന്നാണ് കമല മതം മാറിയതെന്ന് ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയ ഉടനെയാണ് ലീല മേനോന്റെയും ലേഖനം പുറത്തു വന്നത്. ലവ് ജിഹാദിനെ ന്യായീകരിക്കുന്ന കഥ പ്രസിദ്ധീകരിച്ചു ഈ എഴുത്തുകാരി വിവാദം സൃഷ്ടിച്ചിരുന്നു. കമല സുരയ്യയും പ്രണയ വാഗ്ദാനം നല്‍കി മതം മാറ്റിയ ഇരയാണ് എന്ന് പരോക്ഷമായി പറയുകയാണ് പിന്നീട് നല്‍കിയ അഭിമുഖത്തില്‍.
പ്രണയത്തിനു വശംവദയായാണ് കമല മതം മാറിയതെന്ന ആരോപണത്തെ, അവരുടെ മകന്‍ എം ഡി നാലപ്പാട്ട് നിശിതമായി വിമര്‍ശിച്ചിരുന്നു. ഇസ്‌ലാമിനോട് അമ്മയ്ക്ക് നേരത്തെ തന്നെ ആഭിമുഖ്യമുണ്ടായിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ലീല മേനോന്റെ ലേഖനത്തില്‍, എം ഡി നാലപ്പാട്ടിനെ നിശിതമായി വിമര്‍ശിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ നിർബന്ധതിനു വഴങ്ങിയാണ് കമല സുരയ്യ ഇസ്‌ലാം മതത്തില്‍ തുടര്‍ന്നതെന്നും അവര്‍ ഇസ്‌ലാം ഉപേക്ഷിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും ലീല മേനോന്‍ പറയുന്നു.
കേരളത്തില്‍ ജാതി സമുദായ സംഘടനകള്‍ ഒറ്റക്കെട്ടായി മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ ജാഗരണം നടത്തുന്ന ഒരു പശ്ചാത്തലത്തില്‍ പഴയ വിവാദം പൊടിതട്ടി എടുത്തത് ആസൂത്രിത പദ്ധതിയുടെ ഭാഗമാണെന്ന് ന്യായമായും സംശയിക്കപ്പെടുന്നു http://varthamanam.com/?p=14639

സ്‌നേഹത്തിന്റെ തുരുത്ത്‌ കമല സുരയ്യ /എം.വി. ബെന്നി

സ്‌നേഹത്തിന്റെ തുരുത്ത്‌/ /\എം.വി. ബെന്നി

ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ കൊച്ചിയിലെത്തിയതായിരുന്നു നോംചോംസ്‌കിയും പത്‌നിയും. ചടങ്ങില്‍ കമലാദാസിനെ ക്ഷണിച്ചിട്ടില്ലെന്നറിഞ്ഞ്‌ അവര്‍ അത്ഭുതപ്പെട്ടു. ഒടുവില്‍ ചോംസ്‌കിയും പത്‌നിയും മാധവിക്കുട്ടിയുടെ വസതിയിലെത്തിയാണ്‌ സംഭാഷണം നടത്തിയത്‌. 
ഇതൊരു ഒറ്റപ്പെട്ട അനുഭവമല്ല. ലോകമെമ്പാടുമുള്ള എഴുത്തുകാരും ബുദ്ധിജീവികളും കേരളത്തെ തിരിച്ചറിയുന്നത്‌ കമലാദാസ്‌ എന്ന എഴുത്തുകാരിയിലൂടെയാണ്‌. കമലയുടെ മുഖം സ്‌നേഹത്തിന്റേതാണെന്ന്‌ അവര്‍ കരുതുന്നു. സംസ്‌കാരത്തിന്റെ പൊള്ളത്തരവും അധികാരത്തിന്റെ കാപട്യവും തുറന്നുപറഞ്ഞ്‌ ഈ എഴുത്തുകാരി സ്‌നേഹത്തെക്കുറിച്ച്‌ വാചാലയാവുന്നു. രാഷ്‌ട്രങ്ങളുടെ അതിരുകളോ ഭൂഖണ്ഡങ്ങളുടെ വേര്‍തിരിവുകളോ അവരെ ബാധിക്കുന്നില്ല. എന്നിട്ടും മലയാളി, മാധവിക്കുട്ടിയെ തിരിച്ചറിയുന്നില്ല. എഴുത്തിന്റെ ഉന്മാദത്തെ തിരിച്ചറിയാനാവാത്ത രീതിയില്‍ മലയാളിസമൂഹം ഒരു മദ്ധ്യവര്‍ത്തി സമൂഹമായി അധഃപതിച്ചതാവാം കാരണം. ലോകാദരം നേടിയ ആ എഴുത്തുകാരിയുടെ സംഭാഷണങ്ങളിലെ ചില ഭാഗങ്ങള്‍... 

ആദ്യകാല രചനകളുടെ പശ്ചാത്തലം? 
ഏതാണ്ട്‌ പതിനെട്ടു വയസ്സാകുമ്പോഴാണ്‌ ഞാന്‍ മാതൃഭൂമിയില്‍ കഥകളെഴുതാന്‍ തുടങ്ങുന്നത്‌. എന്‍.വി കൃഷ്‌ണവാരിയരായിരുന്നു അന്ന്‌ പത്രാധിപര്‍. 
പക്ഷേ, അതിനുമുമ്പുതന്നെ ഒരെഴുത്തുകാരിയെന്ന നിലയില്‍ ഞാന്‍ അംഗീകരിക്കപ്പെട്ടു കഴിഞ്ഞിരുന്നു. എനിക്ക്‌ പതിനാലര വയസ്സുള്ളപ്പോഴാണത്‌. PEN ന്റെ ഇന്ത്യന്‍ എഡിഷന്റെ ഓഫീസ്‌ അന്ന്‌ ബോംബെയിലാണ്‌. ഒരു പാഴ്‌സിയെ വിവാഹം കഴിച്ച ഫ്രഞ്ചുകാരി സോഫിയവാഡിയ ആയിരുന്നു എഡിറ്റര്‍. 
പെന്‍ മാഗസിനില്‍ ഞാനൊരു കവിതയെഴുതി. യുദ്ധത്തില്‍ ഭൂമിയിലുള്ള എല്ലാവരും മരിച്ചു. പക്ഷേ, ഒരാള്‍ മാത്രം മരിച്ചില്ല. മരിച്ചവരുടെ പ്രതിനിധിയായി ഒരമ്മ, മരിക്കാത്തയാളെ അഭിസംബോധന ചെയ്യുന്നതായിരുന്നു കവിതയുടെ പ്രമേയം. മരിക്കാതെ ശേഷിച്ച ആള്‍ക്ക്‌ മറ്റാരെയെങ്കിലും സ്‌നേഹിക്കേണ്ട ബാധ്യതയുണ്ടായിരുന്നില്ല. അതായിരുന്നില്ലല്ലോ മരിച്ചവരുടെ സ്ഥിതി. അവര്‍ ജീവിച്ചിരിക്കുമ്പോള്‍ സ്‌നേഹിക്കാന്‍ പാടുപെട്ടവരാണ്‌. അതുകൊണ്ട്‌ മനുഷ്യരാശിയുടെ അവസാനപ്രതിനിധി ഭാഗ്യവാനാണെന്ന്‌ എനിക്കു തോന്നി. മരിച്ചവര്‍ മരിക്കാത്തയാള്‍ക്ക്‌ ആശംസകള്‍ നേര്‍ന്നു. 
പെന്‍-ല്‍ പ്രസിദ്ധീകരിച്ച എന്റെ ആദ്യകവിത വ്യാപകമായി പ്രശംസിക്കപ്പെട്ടു. ബോംബെയില്‍ എഴുത്തുകാരുടെ മാസംതോറുമുള്ള ഒത്തുചേരലില്‍ ഞാന്‍ പ്രിയപ്പെട്ടവളായി. ആദ്യ കവിതകൊണ്ടുതന്നെ എസ്റ്റാബ്ലിഷ്‌ ചെയ്‌ത എഴുത്തുകാരിയാണ്‌ ഞാന്‍. സാധാരണഗതിയില്‍ പത്തോ ഇരുപതോ കവിതകള്‍ക്കു ശേഷമായിരിക്കും ഒരു കവി അംഗീകരിക്കപ്പെടുക. എനിക്ക്‌ ആ ബുദ്ധിമുട്ടുണ്ടായില്ല. 
കഥയുടെ തുടക്കം
അതിനുശേഷമാണ്‌ ഞാന്‍ മാതൃഭൂമിയില്‍ കഥകളെഴുതാന്‍ തുടങ്ങിയത്‌. എന്റെ വിവാഹം അത്ര നല്ല അനുഭവമായിരുന്നില്ല. അതിന്റെ സങ്കടങ്ങള്‍ എനിക്കുണ്ടായിരുന്നു. അമ്മമ്മ-അമ്മയുടെ അമ്മയായിരുന്നു എന്റെ ഡിയറസ്റ്റ്‌. എന്റെ വിവാഹം പരാജയമാണെന്നു പറഞ്ഞാല്‍ അത്‌ അമ്മക്കു വിഷമമാകും. എല്ലാം പറയാവുന്ന സുഹൃത്ത്‌ എനിക്ക്‌ സാഹിത്യം മാത്രമായിരുന്നു. എന്റെ സങ്കടങ്ങള്‍ ഞാന്‍ എഴുതിത്തീര്‍ക്കുകയായിരുന്നു.
വിവാഹജീവിതത്തിന്റെ നിരാശതകള്‍ എന്റെ ആദ്യകാല കഥകളിലുണ്ടായിരുന്നു. സന്തോഷകരമല്ലാത്ത വിവാഹജീവിതം സഹിച്ച്‌ ആത്മഹത്യ ചെയ്‌തപോലെ ജീവിക്കുകയാണോ വേണ്ടത്‌, അതോ സ്‌നേഹമുള്ള ഒരാളെ കണ്ടുപിടിച്ച്‌ സന്തോഷത്തോടെ ജീവിക്കുകയാണോ വേണ്ടത്‌? മരണംവരെ ഒരു നനഞ്ഞ പക്ഷിയെപ്പോലെ ജീവിക്കുന്നതിനേക്കാള്‍ നല്ലത്‌ ഇഷ്‌ടമുള്ള ആളോടൊപ്പം സ്‌നേഹത്തോടെ ജീവിക്കുകയാണെന്ന്‌ എനിക്കു തോന്നി. 
ഞാനും ദാസേട്ടനും ഓബ്രിമേനോന്റെ അച്ഛന്‍ നാരായണമേനോനും ഒരുമിച്ച്‌ ഒരിക്കല്‍ ഒരു സിനിമ കാണാന്‍ പോയി. എന്റെ സങ്കടങ്ങള്‍ മനസ്സിലാക്കിയിട്ടാകണം സിനിമ കഴിഞ്ഞ്‌ മടങ്ങിവരുംവഴി നാരായണമേനോന്‍ എന്നോടു ചോദിച്ചു; സിനിമ കണ്ടിരിക്കുമ്പോള്‍ ദാസേട്ടന്‍ എപ്പോഴെങ്കിലും ആമിയുടെ കൈയില്‍ തൊട്ടുവോ എന്ന്‌. ദാസേട്ടന്‍ അങ്ങനെ ഒരു റൊമാന്റിക്ക്‌ ടൈപ്പല്ല. അപ്പോള്‍ അദ്ദേഹം പറഞ്ഞു; ദാസേട്ടന്‍ ആമിയുടെ കൈയില്‍ തൊട്ടില്ലെങ്കില്‍ തിയേറ്ററില്‍ അടുത്തിരിക്കുന്ന ആരുടെയെങ്കിലും കയ്യില്‍ ആമി സ്‌നേഹത്തോടെ സ്‌പര്‍ശിക്കണം. ജീവിതം ഒരിക്കലും ഒരു നനഞ്ഞ പക്ഷിയെപ്പോലെ ആയിരിക്കരുത്‌. 

ദാസേട്ടന്‍ ജോലിക്കു പോയിക്കഴിഞ്ഞാല്‍ വീട്ടില്‍ ഞാന്‍ ഏകാകിയാണ്‌. മറുനാട്ടിലെ ഏകാന്തവാസം. വീട്ടില്‍ വയ്‌പ്പുകാരന്‍ കൃഷ്‌ണനുണ്ട്‌. പിന്നെ, പാലക്കാട്ടു നെന്മാറയില്‍നിന്ന്‌ പഠിക്കാനെത്തിയ രണ്ടാണ്‍കുട്ടികളും. അവര്‍ നെന്മാറയിലെ വല്ലങ്കിവേലയെക്കുറിച്ച്‌ പറഞ്ഞുതന്നത്‌ ഇപ്പോഴും എനിക്ക്‌ ഓര്‍മയുണ്ട്‌. 
ഏകാന്തതയുടെ വിരസത ഒഴിവാക്കാന്‍ ഞങ്ങള്‍ കാരംസ്‌ കളിക്കാന്‍ തുടങ്ങി. പക്ഷേ, അടുത്ത വീട്ടിലെ രണ്ടു നായര്‍ സ്‌ത്രീകള്‍ അതേക്കുറിച്ച്‌ ദാസേട്ടനോട്‌ പരാതി പറഞ്ഞു. അതോടെ കാരംസ്‌കളി നിന്നു. എന്നാല്‍ പരാതി പറഞ്ഞ നായര്‍സ്‌ത്രീകള്‍ കാരംസ്‌ കളിക്കാന്‍ എനിക്ക്‌ കൂട്ടിനുവരുമോ? അതുമില്ല. അങ്ങനെ വീണ്ടും ഏകാന്തത. ഇടക്ക്‌ ആരുമറിയാതെ പകല്‍നേരങ്ങളില്‍ ഞാന്‍ സൈക്കിള്‍ ചവിട്ടാന്‍ പോയിട്ടുണ്ട്‌. അതും അയല്‍ക്കാരികളുടെ പരാതിക്ക്‌ വിഷയമായി.

കല്‍ക്കത്തയില്‍ ജനിച്ചുവളര്‍ന്ന എന്നെപ്പോലൊരു പരിഷ്‌കാരിപ്പെണ്ണിനെ ആട്ടുകല്ലില്‍ കെട്ടിയിട്ടതിനു തുല്യമായിരുന്നു അക്കാലത്തെ എന്റെ ജീവിതം. വിവാഹത്തിനുള്ള പ്രായമൊന്നും എനിക്കായിരുന്നില്ല. എന്റെ വിവാഹം നേരത്തെയായിരുന്നല്ലോ. കുറഞ്ഞത്‌ 21 വയസ്സുകഴിയാതെ പെണ്‍കുട്ടികളുടെ വിവാഹം നടത്തരുത്‌. വിവാഹത്തിനു ശേഷം പെണ്‍കുട്ടികളുടെ ജീവിതം മുഴുവന്‍ വിലക്കുകളാണ്‌. അരുതുകളുടെ ലോകം. 
വിവാഹജീവിതത്തില്‍ ആനന്ദമില്ലാതിരുന്നതുകൊണ്ട്‌ ഞാനൊരുപാട്‌ കവിതകളെഴുതി. എന്നെ എഴുത്തുകാരിയാക്കിയത്‌ ആ നിരാശതകളായിരുന്നു. 
എഴുത്തും വായനയും?
മാതൃഭൂമിയില്‍ കഥകളെഴുതാന്‍ തുടങ്ങിയ കാര്യം ഞാന്‍ പറഞ്ഞുവല്ലോ. പന്ത്രണ്ടു രൂപയായിരുന്നു അന്ന്‌ കഥക്കു പ്രതിഫലം. ആ കഥകള്‍ക്ക്‌ വായനക്കാരുടെ ഇടയില്‍നിന്ന്‌ നല്ല പ്രതികരണങ്ങള്‍ കിട്ടിയിരുന്നു. പണത്തേക്കാള്‍ കൂടുതല്‍ എന്നെ എഴുതാന്‍ പ്രേരിപ്പിച്ചത്‌ ആ പ്രതികരണങ്ങളായിരുന്നു. കഥ നന്നായിരുന്നുവെന്ന്‌ പത്രാധിപര്‍ എനിക്കെഴുതുന്ന ഒരു കത്തിനുപോലും ഞാന്‍ വലിയ വില കല്‍പിക്കാറുണ്ട്‌. എഴുത്ത്‌ പണത്തിനുവേണ്ടി മാത്രം ചെയ്യുന്ന വേശ്യാവൃത്തിയല്ല. സാഹിത്യത്തിനും കലക്കും പ്രതികരണം പ്രധാനമാണ്‌. എല്ലാറ്റിലും സ്‌നേഹത്തിന്റെ ഒരു സ്‌പര്‍ശമുണ്ടായിരിക്കണം. 

വായനയുടെ ലോകം
വായനയെക്കുറിച്ച്‌ ചോദിച്ചുവല്ലോ. ഒരെഴുത്തുകാരിയായി അറിയപ്പെടാന്‍ തുടങ്ങുന്നതിനുമുമ്പുതന്നെ ഞാന്‍ നല്ലൊരു വായനക്കാരിയായിരുന്നു. പതിനാലു വയസ്സിനുമുമ്പുതന്നെ മിക്കവാറും ക്ലാസിക്കുകള്‍ വായിച്ചുതീര്‍ത്തു. ചാള്‍സ്‌ ഡിക്കന്‍സ്‌, തര്‍ജിനീവ്‌, അനതോള്‍ ഫ്രാന്‍സ്‌ തുടങ്ങിയ എഴുത്തുകാരുടെ ക്ലാസിക്കുകള്‍ വായിക്കാതെ മോഡേണ്‍ റൈറ്റിങ്‌ മാത്രം വായിച്ചിട്ട്‌ കാര്യമില്ല എന്നാണെന്റെ വിശ്വാസം. 
ദാസേട്ടന്റെ അച്ഛന്‍ സി.വി സുബ്രഹ്മണ്യ അയ്യര്‍ വലിയ പണ്ഡിതനായിരുന്നു. അദ്ദേഹത്തിന്റെ വലിയ പുസ്‌തകശേഖരം എന്റെ അമ്മാവന്‍ നാലപ്പാട്ട്‌ നാരായണമേനോന്റെ അധീനതയിലായിരുന്നു. അതു മുഴുവന്‍ ഞങ്ങള്‍ വായിച്ചു തീര്‍ത്തു. ക്ലാസിക്കുകള്‍ നന്നായി വായിച്ചിരുന്നതുകൊണ്ട്‌ ജീവിതത്തിന്റെ ഒരു പകുതി ക്ലാസിക്‌ കൃതികളിലെ കഥാപാത്രങ്ങളോടൊപ്പമായിരുന്നു. മറ്റേ പകുതി നാലപ്പാട്ടും.

അമ്മാവന്‍ വിവര്‍ത്തനം ചെയ്‌ത 'പാവങ്ങള്‍' വായിച്ചത്‌ മറക്കാനാവാത്ത അനുഭവമായിരുന്നു. വായനയുടെ ഇന്ദ്രജാലം, റൊമാന്‍സ്‌ എന്നൊക്കെ പറയാം. അതൊന്നുമില്ലായിരുന്നെങ്കില്‍ ജീവിതം ശുഷ്‌ക്കമാകുമായിരുന്നു. പിന്നീട്‌ ഓസ്‌കാര്‍ വൈല്‍ഡ്‌, ഫ്‌ളോബേര്‍, ടോള്‍സ്റ്റോയി എന്നിവരുടെ കൃതികളിലൂടെ വായന തുടര്‍ന്നു. അമ്മയും നന്നായി വായിച്ചിരുന്നു, മോനു ഒരു ദിവസം ഒരു പുസ്‌തകംവീതം വായിക്കുന്ന കാലമുണ്ടായിരുന്നു. എനിക്ക്‌ ജീവിതത്തിലെ ഏറ്റവും വലിയ എക്‌സൈറ്റ്‌മെന്റ്‌ വായന തന്നെയായിരുന്നു. വായന നമ്മെ ഗുണകരമായി സ്വാധീനിക്കും. കളവിനു മാപ്പുകൊടുക്കാന്‍ എനിക്കു കഴിയുന്നത്‌ മെഴുകുതിരിക്കാലുകള്‍ മോഷ്‌ടിച്ച കള്ളന്‌ പാവങ്ങളിലെ ബിഷപ്പ്‌ മാപ്പുകൊടുത്തതു വായിച്ച അനുഭവമുള്ളതുകൊണ്ടാണ്‌. ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും അച്ഛന്‍ പുസ്‌തകങ്ങള്‍ക്ക്‌ പണം ചെലവാക്കുമായിരുന്നില്ല. പക്ഷേ, ഞങ്ങള്‍ക്ക്‌ ട്യൂഷനു വേണ്ടി എത്ര പണം വേണമെങ്കിലും മുടക്കും!

അച്ഛനുമായി താരതമ്യം ചെയ്‌താല്‍ ഞങ്ങള്‍ക്കു വേണ്ടത്ര പണമുണ്ടായിരുന്നില്ല. എന്നിട്ടും മക്കള്‍ക്ക്‌ വായിക്കാന്‍ പുസ്‌തകങ്ങള്‍ വാങ്ങിക്കൊടുത്തു. യഥാര്‍ഥ വിദ്യാഭ്യാസം അതാണെന്ന്‌ ഞാന്‍ കരുതുന്നു. അല്ലാതെ അധ്യാപകര്‍ അവര്‍ക്കുതന്നെ വേണ്ടത്ര നിശ്ചയമില്ലാതെ പഠിപ്പിക്കുന്ന കാര്യങ്ങള്‍ ഏറ്റുപറയുന്നതല്ല വിദ്യാഭ്യാസം.

മലയാളവും മലയാളിയും? 
�ഐ ഡോണ്ട്‌ നോ മല്യാലം� എന്ന്‌ സ്റ്റൈലില്‍ സംസാരിച്ചുതുടങ്ങുന്ന പെണ്‍കുട്ടിയോട്‌ ചോദിക്കണം വീടെവിടെയെന്ന്‌? ഒന്നുകില്‍ കൊരട്ടി. അല്ലെങ്കില്‍ ചാലക്കുടി. അതുമല്ലെങ്കില്‍ കേരളത്തില്‍ത്തന്നെ മറ്റേതെങ്കിലുമൊരിടം. ഇംഗ്ലീഷുകാര്‍ ഭരിച്ചിരുന്ന കാലത്തായിരുന്നെങ്കില്‍ ഇതിനൊക്കെ എന്തെങ്കിലും ഒരര്‍ത്ഥമുണ്ടായിരുന്നു എന്നു പറയാം. ഇന്ന്‌ എന്തിന്‌ ഈ ഗോഷ്‌ടി? ലണ്ടനില്‍ പഠിച്ച ആള്‍പോലും തെറ്റില്ലാതെ മലയാളം പറയുമ്പോഴാണ്‌ കേരളത്തില്‍ ജനിച്ചു വളര്‍ന്ന കുട്ടികള്‍ ഇങ്ങനെ സംസാരിക്കുന്നത്‌. ഇവര്‍ക്ക്‌ ഇംഗ്ലീഷുമറിയില്ല, മലയാളവുമറിയില്ല എന്നതാണ്‌ സത്യം. 
രാഷ്‌ട്രീയത്തിലുള്ള എന്റെ ഒരു സ്‌നേഹിത പറഞ്ഞതനുസരിച്ച്‌ ഒരിക്കല്‍ ഒരു കുട്ടി ഇവിടെ വന്നു. ആ കുട്ടിയുടെ ഇംഗ്ലീഷ്‌ കവിതാ സമാഹാരത്തിന്‌ ഞാനൊരു അവതാരിക കൊടുക്കണം. പുസ്‌തകം പ്രസിദ്ധീകരിക്കുന്നതിന്‌ 40,000 രൂപ നല്‍കാന്‍ കോളേജ്‌ അധികാരികള്‍ തയാറാണ്‌.
ഞാന്‍ കവിതകള്‍ വായിച്ചുനോക്കി. സംഗതി പൈങ്കിളി സാഹിത്യമാണ്‌. അതല്ല എന്നെ ദേഷ്യം പിടിപ്പിച്ചത്‌. ഇംഗ്ലീഷ്‌ഭാഷ അല്‌പംപോലും ആ കുട്ടിക്കറിയില്ല. അപ്പാടെ പൊട്ട ഇംഗ്ലീഷ്‌. അപ്പോള്‍ ഈ കുട്ടിയുടെ കവിത വായിച്ച്‌ പ്രശംസിച്ച കോളേജ്‌ അധ്യാപകര്‍ക്കും ഇംഗ്ലീഷ്‌ അറിയില്ലെന്നു വേണ്ടേ ധരിക്കാന്‍? എനിക്കു ദേഷ്യം വന്നു. ഞാന്‍ അവതാരികയെഴുതിയില്ല. കുട്ടിയോടുപോയി ആദ്യം ഇംഗ്ലീഷ്‌ പഠിച്ചു വരാന്‍ പറഞ്ഞു. കുട്ടി പോയതിന്റെ പിന്നാലെ ഫോണ്‍ വന്നു. ഞാന്‍ പറഞ്ഞുവിട്ടതിന്റെ ദുഃഖംകൊണ്ട്‌ കുട്ടി ബോധംകെട്ടു വീണത്രെ. ഞാനാ കുട്ടിയോട്‌ മോശമായി പെരുമാറിയെന്നാണ്‌ ഫോണ്‍ ചെയ്‌തയാളുടെ പരാതി. അവതാരിക വേണമെന്ന ആവശ്യം അയാള്‍ ആവര്‍ത്തിച്ചു. പക്ഷേ, ഞാന്‍ തയ്യാറായില്ല. വേണമെങ്കില്‍ ഞാനൊരു സ്വര്‍ണ്ണച്ചങ്ങല വാങ്ങി ആ കുട്ടിക്കു കൊടുക്കാം. പക്ഷേ, അവതാരിക വയ്യ. 

പിന്നീട്‌ തപാലില്‍ വരുന്നത്‌ ആ കുട്ടിയുടെ കവിതാഗ്രന്ഥത്തിന്റെ പ്രകാശനച്ചടങ്ങിന്റെ ക്ഷണക്കത്താണ്‌. ഒരുപക്ഷേ, മറ്റാരെങ്കിലും അവതാരിക എഴുതിക്കൊടുത്തുകാണും. 
ഇല്ലസ്‌ട്രേറ്റഡ്‌ വീക്ക്‌ലി, ഫെമിന, പോയറ്റ്‌ തുടങ്ങി പല പ്രസിദ്ധീകരണങ്ങളുടെയും പോയട്രി എഡിറ്ററായി ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. കവിത ജഡ്‌ജ്‌ ചെയ്യാന്‍ എനിക്കു കഴിവുണ്ടെന്ന്‌ ലോകം അംഗീകരിച്ചിട്ടുമുണ്ട്‌. എന്റെ പ്രൊഫഷണല്‍ ജഡ്‌ജ്‌മെന്റ്‌ ലംഘിക്കാന്‍ എനിക്ക്‌ സാധ്യമല്ല. 
വായനക്കാരെ സത്യത്തോടടുപ്പിക്കാനാണ്‌ സാഹിത്യം. പക്ഷേ, നമുക്കിപ്പോള്‍ അതിലൊന്നുമല്ല താല്‌പര്യം. 

�ടൗണ്‍ഹാളില്‍ നാളെ സ്വപ്‌നചന്ത� എന്നൊരു നോവല്‍ പ്രസിദ്ധീകരിക്കുന്നുവെന്ന്‌ പണ്ടൊരിക്കല്‍ കുങ്കുമം വാരികയില്‍ പരസ്യം വന്നത്‌ ഓര്‍ക്കുന്നു. ആ നോവലിന്‌ എന്തുപറ്റി?
എഴുതാന്‍ കഴിഞ്ഞില്ല. ചില അസൗകര്യങ്ങള്‍ വന്നുപെട്ടു. അതിന്റെ പ്രമേയം അല്‍പം നീണ്ടൊരു കഥയായി എഴുതി കുങ്കുമം വാരികയില്‍തന്നെ പ്രസിദ്ധീകരിച്ചു. 

കഥാരചനക്കുള്ള ഊര്‍ജ്ജം എവിടെനിന്നായിരുന്നു? 
എന്റെ ചുറ്റുവട്ടത്തു കണ്ടതാണ്‌ ഞാനെഴുതിയത്‌. എന്നിട്ടും വിശ്വസിക്കാന്‍ വിസമ്മതിച്ചവരുണ്ട്‌. ഉദാഹരണത്തിന്‌ �സ്വയംവരം� എന്ന കഥ. ഞങ്ങള്‍ ബോംബെയില്‍ താമസിക്കുന്ന കാലത്തെ അനുഭവമാണ്‌. ചര്‍ച്ച്‌ഗേറ്റിനടുത്തുള്ള പാര്‍ക്കില്‍ രാവിലെ ഒരു മകന്‍ അയാളുടെ തള്ളയെ കൊണ്ടുവന്നിരുത്തും. വൈകീട്ട്‌ ജോലി കഴിഞ്ഞെത്തിയാല്‍ അയാള്‍ അമ്മയെ തിരിച്ചുകൊണ്ടുപോവുകയും ചെയ്യും. അല്‌പം മാനസിക വിഭ്രാന്തിയുള്ള സ്‌ത്രീയായിരുന്നു അവര്‍. പക്ഷേ, ഒരുദിവസം വൈകീട്ട്‌ അമ്മയെ തിരിച്ചുകൊണ്ടുപോകാന്‍ മകനെത്തിയില്ല. കുഴപ്പക്കാരായ ചില ചെറുപ്പക്കാര്‍ കടലാസുകൊണ്ട്‌ കിരീടമുണ്ടാക്കി രാജകുമാരന്മാരായി ഭാവിച്ച്‌ ആ സ്‌ത്രീയെ ഗാംങ്‌ റേപ്പ്‌ ചെയ്‌തു കൊന്നു. മാനസികവിഭ്രാന്തിയുള്ള ആ അമ്മയെ ഒരു രാജകുമാരിയായി തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ചെറുപ്പക്കാര്‍. ഈ പ്രമേയം ഉള്‍ക്കൊള്ളാന്‍തക്ക അനുഭവപരിസരം കേരളത്തിലെ ചില വിമര്‍ശകര്‍ക്കെങ്കിലുമുണ്ടായിരുന്നില്ല.
അന്തസ്സ്‌
കഥാകാര്‍ക്ക്‌ നിരീക്ഷണ ശക്തിവേണം. നമ്മള്‍ മനസ്സിരുത്തി ഒരാളെ പിന്തുടര്‍ന്നാല്‍ അയാളുടെ ചിന്തപോലും നമുക്ക്‌ മനസ്സിലാക്കാന്‍ കഴിയും. 
ബോംബെയില്‍ പ്രസിദ്ധ സൈക്യാട്രിസ്റ്റായിരുന്ന ഡോ. രമണ്‍ലാല്‍ പട്ടേല്‍ പാതിരോഗം മാറിയ രോഗികളെ പലപ്പോഴും എന്നെ ഏല്‍പിക്കുമായിരുന്നു. രോഗികള്‍ക്ക്‌ സ്‌നേഹം മാത്രം മതി. കൈ പിടിക്കുക. സ്‌നേഹിക്കുക. ചിത്രം വരക്കാന്‍ സഹായിക്കുക. കവിതയെഴുതാന്‍ പഠിപ്പിക്കുക എന്നിങ്ങനെയായിരുന്നു എന്റെ പരിചരണം. ക്രിയേറ്റീവായി എന്തെങ്കിലും ചെയ്‌താല്‍ ഭ്രാന്തില്ലാതാകും. ജീവിതം പാഴാകുന്നു എന്ന്‌ തോന്നുമ്പോഴാണ്‌ ഭ്രാന്തു വരുന്നത്‌. ജയിലിലെ അന്തേവാസികളെയും ഞാന്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നു.

രചനാജീവിതത്തിന്റെ പരിവര്‍ത്തനത്തെ എങ്ങനെ കാണുന്നു?
വായനക്കാരെ ആകര്‍ഷിച്ച എന്റെ ആദ്യകാല കഥകള്‍ പ്രധാനമായും സെന്റിമെന്റലാണ്‌. സെന്റിമെന്റല്‍ എന്നത്‌ മൂടല്‍മഞ്ഞാണ്‌. സ്വയം അനുകരിക്കാതിരിക്കാന്‍ ഞാന്‍ രചനയില്‍ ജാഗ്രത പുലര്‍ത്താറുണ്ട്‌. എന്റെ ആദ്യകാലകഥകള്‍ സെന്റിമെന്റലാണെങ്കില്‍ പില്‍ക്കാലകഥകള്‍ ക്ലിനിക്കലാണ്‌. ക്ലിനിക്കുകളില്‍ സ്‌ക്രൂട്ടിനി ചെയ്യുംപോലെ അവ കുറേക്കൂടി സ്‌ട്രോങ്ങായിട്ടുണ്ടെന്നാണ്‌ എന്റെ വിശ്വാസം. വെറുതെ കരഞ്ഞാല്‍ പോരാ. എഴുത്തിലൂടെ മനുഷ്യാന്തസ്സ്‌ സ്ഥാപിക്കപ്പെടണം. അതിനാണ്‌ ഞാനെന്റെ രചനകളിലൂടെ എല്ലായ്‌പോഴും ശ്രമിച്ചിട്ടുള്ളത്‌.

കേരളത്തിന്റെ സാംസ്‌കാരികാന്തരീക്ഷം?
പണമുള്ളവര്‍. അതായത്‌ കേരളത്തിലെ അപ്പര്‍ക്ലാസ്‌, മലയാള പുസ്‌തകങ്ങള്‍ വായിക്കുകയില്ല. എന്നുവച്ച്‌ അവര്‍ ഇംഗ്ലീഷ്‌ പുസ്‌തകങ്ങള്‍ വായിക്കുമോ? അതുമില്ല. ഇംഗ്ലീഷ്‌ അറിയാമെന്ന്‌ അതിഥികളെ തെറ്റിദ്ധരിപ്പിക്കാന്‍ ഒരു ഇന്ത്യാ ടുഡെ വാങ്ങും. പിന്നെ ഒരു വനിതയും. കേരളത്തിലെ മിഡില്‍ ക്ലാസും അപ്പര്‍ക്ലാസും അജ്ഞതയുടെ കൂടാണ്‌. അവരുടെ പാമരത്തമാണ്‌ നാടിന്റെ ശാപം. പക്ഷേ, കോളനികളില്‍ പാവങ്ങള്‍പോലും നന്നായി വായിക്കും. ഇവിടെ പെയിന്റ്‌ ചെയ്യാന്‍ വരുന്ന കുട്ടികളോട്‌ ചോദിച്ചാല്‍ അതു മനസ്സിലാകും. അവര്‍ക്ക്‌ നല്ല വിവരമുണ്ട്‌.
പക്ഷേ, പാമരന്മാരുടെ കൈയിലാണ്‌ സമ്പത്ത്‌. അധികാരവും അവരുടെ കൈയില്‍. അതല്ല, കേരളത്തിനു പുറത്തെ സ്ഥിതി. ബംഗാളില്‍ പണമുള്ളവരും നന്നായി വായിക്കും. ഇവിടെ കോളേജില്‍ പഠിപ്പിക്കുന്നവര്‍ക്കുപോലും ഇംഗ്ലീഷും മലയാളവും ശരിക്കറിയില്ല. വിദേശത്തു പഠിക്കുന്ന മലയാളിപോലും ശരിയായി മലയാളം പറയുമ്പോഴാണ്‌, തേവരയില്‍ പഠിക്കുന്ന കുട്ടിക്ക്‌ മലയാളം അറിയില്ല എന്ന പോസ്‌.
എനിക്ക്‌ സത്യമായും ഭയമുണ്ട്‌. ആരാണ്‌ നമ്മുടെ കുട്ടികളെ നയിക്കുക? അമ്മമാര്‍ക്കു പ്രാപ്‌തിയില്ല. അച്ഛന്മാര്‍ കാശുണ്ടാക്കാന്‍ പരക്കംപായുന്നു. സ്വാഭാവികമായി കുട്ടികള്‍ ക്രിമിനലുകളാകാനുള്ള സാഹചര്യത്തില്‍ അകപ്പെടുന്നു. വായിക്കാത്ത ജനതയുടെ മനസ്സില്‍ അന്ധകാരമാണ്‌. ആ അന്ധകാരമാണ്‌ നമ്മുടെ നാടിനെ നയിക്കുന്നത്‌.
ഒരു കല്യാണത്തിനോ സമ്മേളനത്തിനോ നമ്മുടെ നാട്ടില്‍ പങ്കെടുക്കാന്‍ കഴിയുമോ? എല്ലാം മാമാങ്കങ്ങള്‍. തിന്നുക, തേട്ടുക. തിന്നുക, തേട്ടുക. അത്രമാത്രം.
പഴയ കാലം
ഒരു വിരുന്നിനുപോകാന്‍ വയ്യ. ഒരിക്കല്‍ ലയണ്‍സ്‌ ക്ലബ്ബിന്റെ വിരുന്നില്‍ ഞാന്‍ പങ്കെടുത്തു. പട്ടികള്‍ പോലും ഭക്ഷണത്തിനുമുന്നില്‍ ഇത്രയും ആക്രാന്തം കാട്ടാറില്ല. വിരുന്നിനു ചെല്ലുന്നിടങ്ങളില്‍ സസ്യഭക്ഷണക്കാര്‍ക്കുവേണ്ടി ചെറുതെന്തെങ്കിലും ഒരുക്കിയിരിക്കും. അത്‌ ആദ്യം തന്നെ നോണ്‍ വെജിറ്റേറിയന്‍കാര്‍ കയറി തട്ടും. പിന്നെ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണത്തിനു നേര്‍ക്കുള്ള ആക്രാന്തമാണ്‌. ഞാനിത്ര കോഴിയെ തിന്നു, ഇത്ര മൃഗത്തിനെ തിന്നു എന്ന മട്ടിലാണ്‌ സംസാരം. അവരുടെ പെണ്ണുകള്‍ തിന്നുകൊഴുത്ത്‌ ഗെയ്‌റ്റ്‌ വേ ഓഫ്‌ ഇന്ത്യ പോലെയിരിക്കുകയാണ്‌. ഞാന്‍ ലയണ്‍സ്‌ ക്ലബ്ബുകാരോടു പറഞ്ഞു: നിങ്ങള്‍ വിരുന്നിനു കൊണ്ടുപോകുന്നതിനുമുന്‍പ്‌ ഭാര്യമാര്‍ക്ക്‌ കുറച്ച്‌ തൈരും ചോറും കൊടുക്കണം. എങ്കില്‍ ഇവിടെവന്ന്‌ അവര്‍ ഇങ്ങനെ ആക്രാന്തം കാട്ടില്ല.
ക്രിസ്‌ത്യന്‍ വേദഗ്രന്ഥത്തില്‍ പറയും, ഗ്ലട്ടണി ഈസ്‌ എ സിന്‍... ആര്‍ത്തി ഒരു പാപമാണ്‌.
ഇതൊന്നും പാവങ്ങളുടെ കാര്യമല്ല. ദാരിദ്ര്യം കൊണ്ടുള്ള ആര്‍ത്തിയുമല്ല. സമ്പന്നരുടെ ആര്‍ത്തിയാണ്‌. സമ്പന്നരുടെ ആര്‍ത്തിയാണ്‌ കേരളത്തെ ഉലയ്‌ക്കുന്നത്‌.
ഞാന്‍ കേരളത്തിന്റെ പഴയ കാലം ഓര്‍ക്കുകയാണ്‌. അമ്മമാര്‍ പിടിയരി മാറ്റിവച്ച്‌ അതുകൊണ്ട്‌ സാധുക്കള്‍ക്ക്‌ കഞ്ഞിപ്പാര്‍ച്ച നടത്തിയിരുന്ന കാലം. ഉച്ചക്ക്‌ ഒരു നേരമെങ്കിലും സാധുക്കള്‍ക്ക്‌ ഭക്ഷണം കിട്ടുമായിരുന്നു. എന്തൊരു മഹത്തായ ഗാന്ധിയന്‍ ആദര്‍ശമായിരുന്നു അത്‌! അതിലൊക്കെ ദൈവികമായ ഒരു ചന്തമുണ്ട്‌. തണ്ണീര്‍പന്തലുകെട്ടി വഴിയാത്രക്കാര്‍ക്ക്‌ സംഭാരം നല്‍കുമായിരുന്നു. ഉച്ചക്കുള്ള ഭക്ഷണം നാലപ്പാട്ട്‌ വരുന്നവര്‍ക്കെല്ലാം നല്‍കുമായിരുന്നു. അതൊന്നും സമ്പത്തുണ്ടായിട്ടല്ല ചെയ്‌തിരുന്നത്‌. ദിവസേന നമുക്ക്‌ സദ്യ വേണമെന്ന ആഗ്രഹമുണ്ടായാല്‍ പിന്നെ സാധുക്കള്‍ക്ക്‌ കൊടുക്കാന്‍ ഒന്നും ബാക്കിയുണ്ടാവില്ല.
കേരളീയ സംസ്‌കാരത്തിന്റെ ലാളിത്യം അതെല്ലാമായിരുന്നു. ഇന്ന്‌ ആ സംസ്‌കാരമൊക്കെ അസ്‌തമിച്ചിരിക്കുന്നു. ഇപ്പോള്‍ നമുക്ക്‌ സാംസ്‌കാരിക വകുപ്പേ ഉള്ളൂ. 

സ്വന്തം തലമുറയിലെ കഥാകൃത്തുക്കള്‍ക്കുണ്ടായിരുന്ന ബന്ധം?
മഹാമോശം. പലര്‍ക്കും എന്നെ ഇഷ്‌ടമായിരുന്നില്ല. ഞാനെന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു.

സ്വയം കോമാളിയായി മലയാളികളുടെ മുന്നില്‍ പരിഹാസ്യയാകുന്നതില്‍ ഒരുതരം ഉത്സാഹംതന്നെയുള്ളതായി പലപ്പോഴും തോന്നുന്നുണ്ട്‌. അതേക്കുറിച്ച്‌?
മിക്കവാറും കേരളത്തില്‍ എനിക്ക്‌ നേരിടേണ്ടിവരുന്ന ചോദ്യങ്ങള്‍ ഒട്ടുമുക്കാലും വിഡ്‌ഢിത്തം നിറഞ്ഞവയായിരിക്കും. അതിനു പറ്റിയ വിഡ്‌ഢിത്തം ഞാന്‍ മറുപടിയായി പറയുകയും ചെയ്യുന്നു. പൊതുവില്‍ ആരെയെങ്കിലും അംഗീകരിക്കുന്ന കാര്യത്തില്‍ വൈമുഖ്യമുള്ള ജനതയാണ്‌ മലയാളി. എന്നെ നോബല്‍ സമ്മാന കമ്മറ്റി ഷോര്‍ട്ട്‌ലിസ്റ്റ്‌ ചെയ്‌തെന്ന്‌ പറയുന്നതുപോലും കളവാണെന്നാണ്‌ ഇവിടെ മിക്കവരുടെയും വിശ്വാസം. അപ്പോള്‍പിന്നെ ഞാന്‍ സ്വയമൊരു കോമാളിയാകുന്നതാണ്‌ നല്ലത്‌. ലോകമെമ്പാടും ഉന്നതശീര്‍ഷരായ എഴുത്തുകാരില്‍ നിന്ന്‌ എനിക്ക്‌ ആദരവ്‌ ലഭിക്കുന്നുണ്ട്‌. ആ ആദരവ്‌ മലയാളികളില്‍നിന്ന്‌ കിട്ടണമെന്ന്‌ ആശിക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ.
എഴുത്തുകാരിയെന്ന നിലയില്‍ നേരിടേണ്ടി വരുന്ന അന്താരാഷ്‌ട്ര യാഥാര്‍ഥ്യങ്ങളെക്കുറിച്ച്‌ പറയാമോ?
ചില കാര്യങ്ങള്‍ പറയാം. ഞാന്‍ നന്നായി ചരിത്രം ശ്രദ്ധിക്കുന്ന ഒരെഴുത്തുകാരിയാണ്‌. ചിലപ്പോള്‍ എന്റെ കഥകളില്‍ പ്രവചനസ്വഭാവത്തോടെ ചരിത്രം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. അന്താരാഷ്‌ട്ര യാഥാര്‍ഥ്യങ്ങളെക്കുറിച്ച്‌ വേണ്ടത്ര ധാരണയില്ലാത്തതുകൊണ്ട്‌ പലപ്പോഴും അത്‌ നമ്മുടെ വായനക്കാര്‍ മനസ്സിലാക്കാതെ പോയിട്ടുമുണ്ട്‌. 
കുറേക്കാലംമുന്‍പ്‌ ഞാന്‍ രണ്ടുവര്‍ഷക്കാലം ശ്രീലങ്കയിലുണ്ടായിരുന്നു. ഇന്തോ-ലങ്കന്‍ ഫ്രന്റ്‌ഷിപ്പ്‌ അസോസിയേഷന്റെ പ്രതിമാസയോഗം എന്റെ വസതിയിലാണ്‌ ചേര്‍ന്നിരുന്നത്‌. എതിരവീര ശരത്‌ചന്ദ്രയെപ്പോലുള്ള എഴുത്തുകാരൊക്കെ സുഹൃത്തുക്കളായത്‌ അക്കാലത്താണ്‌. അന്നത്തെ എന്റെ ഓര്‍മകളാണ്‌ �മനോമി� എന്ന നോവലിന്റെ വിഷയം. ഞാന്‍ അതേക്കുറിച്ച്‌ പറയാനല്ല ഉദ്ദേശിക്കുന്നത്‌.

സംഘര്‍ഷങ്ങള്‍
അക്കാലത്തൊരു പാശ്ചാത്യസാഹിത്യകാരന്‍ ശ്രീലങ്കയില്‍ താമസിച്ചിരുന്നു. പുസ്‌തകങ്ങളുടെ റോയല്‍റ്റി ഇനത്തില്‍ കോടികളാണ്‌ അദ്ദേഹത്തിന്‌ ലഭിച്ചിരുന്നത്‌. പക്ഷേ, അത്‌ പണം വരുന്നതിനുള്ള ഒരു കുറുക്കുവഴി മാത്രമായിരുന്നു. സിംഹള-തമിഴ്‌ സംഘര്‍ഷങ്ങള്‍ക്ക്‌ വെടിമരുന്നാകുകയായിരുന്നു ആ പണം. എഴുത്തുകാരെ മുന്നില്‍നിര്‍ത്തി ഇത്തരം പല പ്രവര്‍ത്തനങ്ങളും പാശ്ചാത്യര്‍ നടത്താറുണ്ട്‌. 
ശ്രീലങ്കയുടെ കാര്യത്തില്‍ പാശ്ചാത്യര്‍ക്ക്‌ അക്കാലത്ത്‌ ചില ഉത്‌കണ്‌ഠകളുണ്ടായിരുന്നു. പൊതുവില്‍ തമിഴര്‍ക്കിടയില്‍ മാര്‍കിസ്റ്റ്‌ അനുകൂല മനോഭാവം ശക്തിപ്പെടുന്ന കാലമായിരുന്നു അത്‌. അത്‌ അടിച്ചമര്‍ത്തുന്നതിനുവേണ്ടി പാശ്ചാത്യര്‍ തന്ത്രപൂര്‍വം സിംഹളരെ ഉപയോഗിച്ചു. അതിനാവശ്യമായ ധനവിതരണമായിരുന്നു അന്താരാഷ്‌ട്ര പ്രശസ്‌തനായ എഴുത്തുകാരന്റെ യഥാര്‍ത്ഥ ജോലി. 
അങ്ങനെയിരിക്കുമ്പോള്‍ ഇന്ത്യാ ടുഡെയില്‍ സംഭ്രമജനകമായ ഒരു റിപ്പോര്‍ട്ട്‌ വന്നു. തമിഴ്‌നാട്ടില്‍ ലങ്കന്‍ തമിഴര്‍ക്ക്‌ ഇന്ത്യന്‍ സൈന്യം പരിശീലനം നല്‍കുന്നുവെന്നായിരുന്നു വാര്‍ത്ത. അക്കാലത്ത്‌ അങ്ങനെയൊന്നും സംഭവിച്ചിരുന്നില്ല. റിപ്പോര്‍ട്ട്‌ വായിച്ച ഞാന്‍ ഇന്ത്യയിലെത്തി എന്റേതായ മാര്‍ഗങ്ങളുപയോഗിച്ച്‌ അന്വേഷിച്ചു. ശ്രീലങ്കയിലുണ്ടായിരുന്ന പാശ്ചാത്യ എഴുത്തുകാരന്‍ ഇന്ത്യാ ടുഡെ റിപ്പോര്‍ട്ടറെ സ്വാധീനിക്കാന്‍ ഇന്ത്യയിലെത്തിയിരുന്നുവെന്ന്‌ എനിക്കുറപ്പായി. ആ റിപ്പോര്‍ട്ടാണ്‌ സിംഹളര്‍ക്കിടയില്‍ പരിഭ്രാന്തി പരത്തിയത്‌. 
ഞാന്‍ �രാജവീഥികള്‍� എന്ന കഥയെഴുതി. പിന്നീടുള്ള പത്തുവര്‍ഷത്തെ സംഭവങ്ങള്‍ ആ കഥയില്‍ പറയുംപ്രകാരമാണ്‌ സംഭവിച്ചത്‌. ആ കഥയും പലര്‍ക്കും ഉള്‍ക്കൊള്ളാനായില്ല. നിരൂപകരില്‍ ചിലര്‍ക്ക്‌ ചരിത്രയാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച്‌ വേണ്ടത്ര ധാരണയില്ലാത്തതാണ്‌ പ്രശ്‌നമെന്ന്‌ എനിക്കുതോന്നുന്നു.
രാജീവ്‌ഗാന്ധിയുടെ വധത്തിനു പിന്നിലുള്ള ഗൂഢാലോചനകളുടെ യഥാര്‍ത്ഥകണ്ണി എല്‍.ടി.ടി.ഇ.ക്കും അപ്പുറമാണെന്ന്‌ ഞാന്‍ കരുതുന്നു. എനിക്ക്‌ എല്‍.ടി.ടി.ഇക്കാരെ പരിചയമുണ്ട്‌. വേലുപ്പിള്ള പ്രഭാകരനോട്‌ എനിക്ക്‌ ബഹുമാനമുണ്ട്‌. ചതിയില്‍പ്പെടുത്തി ആളെ കൊല്ലുന്നത്‌ അവരുടെ ശൈലിയല്ല. രാജീവ്‌ വധത്തിനു പിന്നിലുള്ള കണ്ണികള്‍ ശ്രീലങ്കക്കു പുറത്തും ഇന്ത്യയിലെ ഒരു രാഷ്‌ട്രീയ കക്ഷിക്കകത്തും പ്രബലമാണെന്ന്‌ ഞാന്‍ കരുതുന്നു.
ശ്രീലങ്കയുടെ ദുരന്തം അവര്‍ ബുദ്ധമതത്തെ മാനിച്ചില്ല എന്നതാണ്‌. അവര്‍ ബുദ്ധമതത്തെയല്ല, ബുദ്ധഭിക്ഷുക്കളെയാണ്‌ ആരാധിച്ചത്‌. ഒരു കാര്‍പ്പറ്റ്‌ വൃത്തികേടായാല്‍ നമ്മളത്‌ മാറ്റിക്കളയും. മതങ്ങളുടെ കാര്യത്തില്‍ നമുക്കാ ജാഗ്രതയില്ല. ശ്രീലങ്കന്‍ പ്രശ്‌നത്തിന്‌ പരിഹാരം ബുദ്ധമതത്തില്‍തന്നെയുണ്ട്‌. അഹിംസ ആചരിക്കുകയെന്ന പ്രാചീനമായ പ്രതിവിധി.
പക്ഷേ, എന്തുചെയ്യാം. നമ്മള്‍ അന്താരാഷ്‌ട്ര ഗൂഢാലോചനകളുടെ പരീക്ഷണമൃഗങ്ങള്‍ മാത്രമാണ്‌.
ശ്രീലങ്കയില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നതിന്‌ പ്രവര്‍ത്തിച്ച എഴുത്തുകാരന്‍ ആര്‍തര്‍ ക്ലാര്‍ക്ക്‌ ആയിരുന്നുവോ?
ക്ഷമിക്കണം. ഈ ചോദ്യത്തിന്‌ മറുപടിയില്ല.

അന്താരാഷ്‌ട്ര ഗൂഢാലോചനയുടെ എന്തെങ്കിലും ചരടുകള്‍ എഴുത്തുകാരി എന്ന നിലയില്‍ സ്വന്തം ജീവിതത്തെ സ്‌പര്‍ശിച്ചിട്ടുണ്ടോ?
ഒരിക്കല്‍ മാത്രം. ജര്‍മനിയില്‍ ഫ്രാങ്ക്‌ഫുര്‍ട്ട്‌ റെയില്‍വേ സ്റ്റേഷന്റെ സമീപത്തുവച്ചാണ്‌ ഞാന്‍ പങ്ക്‌സ്‌ എന്നപേരിലറിയപ്പെടുന്ന നിയോനാസി മൂവ്‌മെന്റ്‌ പ്രവര്‍ത്തകരെ പരിചയപ്പെടുന്നത്‌. ആ പ്രദേശത്ത്‌ ആരും പോകാന്‍ ധൈര്യപ്പെടാറില്ല. വേശ്യാലയങ്ങളും മയക്കുമരുന്ന്‌ സംഘങ്ങളും മാഫിയാ സംഘങ്ങളും അവിടെ സജീവമാണ്‌. 
നിയോ-നാസി പ്രവര്‍ത്തകരില്‍ ചിലര്‍ ആദ്യം എന്നോട്‌ ദേഷ്യപ്പെട്ടുവെങ്കിലും പിന്നീട്‌ ഞാന്‍ എഴുത്തുകാരിയാണെന്നും ഇന്ത്യാക്കാരിയാണെന്നും ഹിന്ദുവാണെന്നും മനസ്സിലായപ്പോള്‍ അവര്‍ സംസാരിക്കാന്‍ തയ്യാറായി. അവരുടെ ചില കേന്ദ്രങ്ങള്‍ ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്‌. നിയോനാസിസം പഠിക്കാനാഗ്രഹിക്കുന്ന ഒരെഴുത്തുകാരി എന്നാണ്‌ ഞാന്‍ സ്വയം പരിചയപ്പെടുത്തിയിരുന്നത്‌.
നിയോനാസി അനുഭവത്തെക്കുറിച്ച്‌ അക്കാലത്ത്‌ മാതൃഭൂമിയില്‍ രണ്ടു ലക്കങ്ങളിലായി ഞാന്‍ എഴുതിയിരുന്നു. ആരും അത്‌ വിശ്വസിച്ചില്ല. പിന്നീട്‌ രണ്ടുവര്‍ഷം കഴിഞ്ഞപ്പോഴാണ്‌ നിയോനാസി പ്രസ്ഥാനത്തെക്കുറിച്ചുള്ള ചില വാര്‍ത്തകള്‍ ഇന്ത്യന്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്‌.
ഫ്രാങ്ക്‌ഫുര്‍ട്ടില്‍വെച്ച്‌ ഒരു പ്രമുഖന്‍ എന്നെ കാണാന്‍ വന്നു. ഇന്ത്യയെ വിഴുങ്ങാന്‍ ക്രിസ്‌തുമതം അന്താരാഷ്‌ട്രതലത്തില്‍തന്നെ ഗൂഢപദ്ധതികള്‍ ആസൂത്രണം ചെയ്‌തുവരികയാണെന്നായിരുന്നു അയാളുടെ വാദം. അതില്‍ ചിലര്‍ക്ക്‌ എതിര്‍പ്പുണ്ടായിരുന്നു. അതുകൊണ്ട്‌ ഇന്ത്യയില്‍ ഹിന്ദുമതത്തിനുവേണ്ടി ഞാന്‍ പ്രവര്‍ത്തിക്കുമെങ്കില്‍ എനിക്ക്‌ പണംതരാന്‍ തയ്യാറാണെന്ന്‌ അവര്‍ അറിയിച്ചു. പക്ഷേ, ഞാന്‍ അതില്‍ കുടുങ്ങിയില്ല.
ഇന്ന്‌ ഹിന്ദുമതത്തിന്റെ പേരില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക്‌ വിദേശത്തുനിന്ന്‌ കണക്കില്ലാത്ത അളവില്‍ പണം വരുന്നുണ്ടെന്നുതന്നെയാണ്‌ ഞാന്‍ അനുമാനിക്കുന്നത്‌.

കാല്‍ച്ചുവടുകള്‍
ഞാന്‍ ചരിത്രം മണക്കുന്ന എഴുത്തുകാരിയാണ്‌. പലരും അത്‌ തിരിച്ചറിയുന്നില്ലെന്നു മാത്രം. എനിക്ക്‌ ചരിത്രം ഇഷ്‌ടമാണ്‌. ചരിത്രസംഭവങ്ങള്‍ എനിക്ക്‌ പ്രവചിക്കാന്‍ കഴിയും. എപ്പോഴും വിജയിക്കണമെന്നില്ല. ഒരു നോട്ടുപുസ്‌തകത്തില്‍ ഞാന്‍ സാദ്ധ്യതകള്‍ എഴുതിവെക്കും. ചരിത്രത്തില്‍ ചരിത്രകാരന്മാര്‍ ഉപേക്ഷിച്ചു പോയ ഇടങ്ങളുണ്ട്‌. അത്‌ എഴുത്തുകാര്‍ പൂരിപ്പിക്കും.
ഹിന്ദുത്വവാദികള്‍ക്കു മാത്രമല്ല, ഇസ്‌ലാം തീവ്രവാദികള്‍ക്കും ക്രിസ്‌ത്യന്‍ തീവ്രവാദികള്‍ക്കും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതിന്‌ വിദേശസഹായം ലഭിക്കുന്നുണ്ട്‌ എന്നത്‌ ഇന്നൊരു രഹസ്യമല്ല. അതേക്കുറിച്ച്‌ എന്തു പറയുന്നു?
ഞാന്‍ എന്റെ അനുഭവങ്ങളാണ്‌ പറയുന്നത്‌. മുസ്‌ലിം തീവ്രവാദികളുടെ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയോ ക്രിസ്‌ത്യന്‍ തീവ്രവാദികളുടെ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയോ ആരും എന്നെ സമീപിച്ചിട്ടില്ല. എനിക്ക്‌ പണം വാഗ്‌ദാനം ചെയ്‌തിട്ടുമില്ല. എനിക്ക്‌ അനുഭവമില്ലാത്ത കാര്യങ്ങളെ ആസ്‌പദമാക്കി ഞാന്‍ നിഗമനങ്ങളില്‍ എത്തുന്നത്‌ ശരിയായിരിക്കയില്ല.

ശീതയുദ്ധകാലത്ത്‌ സോവിയറ്റ്‌ ലാന്റ്‌ അവാര്‍ഡ്‌ രഹസ്യമായി വാഗ്‌ദാനം ചെയ്യപ്പെട്ടെങ്കിലും അത്‌ സ്വീകരിച്ചില്ലെന്ന്‌ കേട്ടിട്ടുണ്ട്‌. അതേക്കുറിച്ച്‌?
`മൈ സ്റ്റോറി' പ്രസിദ്ധീകരിച്ച്‌ ആറു മാസം കഴിഞ്ഞിട്ടുണ്ടാകും. ഒരു ദിവസം എഴുത്തുകാരായ കിഷന്‍ചന്ദും കെ.എ അബ്ബാസും എന്റെ വസതിയില്‍ വന്നു. എനിക്ക്‌ സോവിയറ്റ്‌ ലാന്റ്‌ അവാര്‍ഡ്‌ നല്‍കാന്‍ തീരുമാനമായിട്ടുണ്ടെന്നും ഞാനത്‌ സ്വീകരിക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു. പക്ഷേ, ഞാന്‍ വിസമ്മതിച്ചു. എന്റെ വസതിയില്‍ അമേരിക്കന്‍ കോണ്‍സല്‍ പതിവായി വരാറുണ്ട്‌. ഞാന്‍ സോവിയറ്റ്‌ ലാന്റ്‌ അവാര്‍ഡ്‌ വാങ്ങുന്നു എന്നറിഞ്ഞാല്‍ പിന്നെ അദ്ദേഹം വരില്ല. എനിക്ക്‌ രണ്ടു കൂട്ടരും വേണം. ഞാന്‍ ഒരു ലോബിയുടെയും ആളല്ല. ഞാന്‍ ഒരു എഴുത്തുകാരിയാണ്‌. രണ്ടുപക്ഷത്തും ഞാനില്ല. എന്റെമേല്‍ ആര്‍ക്കും ഉടമസ്ഥാവകാശം അനുവദിക്കാനും ഞാന്‍ തയാറല്ല. അതുകൊണ്ട്‌ ആ പുരസ്‌കാരം ഞാന്‍ വേണ്ടെന്നുവെച്ചു.
വിദേശ യാത്രകള്‍?
ലോകത്തിലെ പല രാജ്യങ്ങളും ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്‌. ജര്‍മനിയിലെ നാലു യൂനിവേഴ്‌സിറ്റികളില്‍ ഞാന്‍ കവിത ചൊല്ലുകയും പഠിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌. കാനഡയില്‍ മിക്കവാറും എല്ലാ വര്‍ഷവും പോകും. എനിക്ക്‌ ഏറ്റവും ഇഷ്‌ടപ്പെട്ട എഴുത്തുകാര്‍ കാനഡയിലാണ്‌. അവര്‍ നല്ല warmth ഉള്ളവരാണ്‌. അമേരിക്കക്കാരേക്കാള്‍ പെരുമാറ്റത്തില്‍ അവര്‍ക്ക്‌ warmth ഉണ്ട്‌. എന്നെ സംബന്ധിച്ചേടത്തോളം ഓരോ രാജ്യത്തിനും ഓരോ സുഹൃത്തിന്റെ മുഖമാണ്‌. എന്റെ ജീവചരിത്രകാരി മെര്‍ലിന്റെ മുഖമാണ്‌ കാനഡയ്‌ക്ക്‌. ഗ്വെന്‍ട്രോണ്‍സിന്റെ മുഖം പാരീസിന്‌. ആന്‍ഡ്രു അര്‍ക്കിന്‍സിന്റെ മുഖമാണ്‌ ന്യൂയോര്‍ക്കിന്‌.

എഴുത്തുകാരിയായ കമലാദാസിനെ വിദേശ എഴുത്തുകാര്‍ എങ്ങനെ കാണുന്നു?
അവരില്‍ ഒരാളായിട്ടാണ്‌ എന്നെ അവര്‍ കണക്കാക്കുന്നത്‌. ഇവിടത്തെ പോലെയല്ല. ഇവിടെ ഒരു വട്ടുപിടിച്ച സ്‌ത്രീയായിട്ടാണല്ലോ എന്നെ കണക്കാക്കുന്നത്‌. വിദേശ സുഹൃത്തുക്കള്‍ക്ക്‌ ഞാന്‍ കവിയായി ജീവിക്കുന്നവളാണ്‌. എഴുതുമ്പോഴും അല്ലാത്തപ്പോഴും ഞാനൊരു കവിയുടെ ജീവിതം തന്നെയാണ്‌ ജീവിക്കുന്നതെന്ന്‌ അവര്‍ പറയുന്നു.
കാനഡയില്‍ എന്നെക്കുറിച്ച്‌ ഒരു ചിത്രമെടുക്കുന്നുണ്ട്‌. വിദേശത്തെ പല യൂനിവേഴ്‌സിറ്റികളും എന്നെ ആദരിക്കുന്നതിന്റെ ഭാഗമായി പഠനഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്‌. അവിടെ എനിക്ക്‌ ശത്രുക്കളില്ല. ഇവിടെ കണ്ണാടി കാണാത്ത സ്‌ത്രീകള്‍ക്ക്‌ കണ്ണാടി കാണുമ്പോള്‍ തോന്നുന്ന സന്തോഷമാണ്‌ അവര്‍ക്ക്‌ എന്നെ കാണുമ്പോഴുണ്ടാകുന്നത്‌. ഇവിടെ എന്റെ രൂപം ഡിസ്റ്റോര്‍ട്ട്‌ ചെയ്യുന്ന കണ്ണാടിയാണുള്ളത്‌. അതുകൊണ്ട്‌ ഞാനൊരു വട്ടുപിടിച്ച സ്‌ത്രീയായി ചിത്രീകരിക്കപ്പെടുന്നു. പക്ഷേ, ഞാനൊരു വട്ടുപിടിച്ച സ്‌ത്രീയല്ല. രാജ്യങ്ങളുടെയും ദേശങ്ങളുടെയും അതിരുകള്‍ തകര്‍ത്ത്‌ സ്‌നേഹത്തിനു മാത്രം യാത്ര ചെയ്യുന്ന ഒരു പാവം ജിപ്‌സിയാണ്‌ ഞാന്‍.

നമുക്ക്‌ വര്‍ത്തമാനകാലത്തേക്കു മടങ്ങിവരാം. എന്തുകൊണ്ട്‌ മതപരിവര്‍ത്തനം?

തികച്ചും വ്യക്തിപരം. ദയവായി കൂടുതല്‍ ചോദ്യങ്ങള്‍ ഒഴിവാക്കുക.
മാധവിക്കുട്ടിയുടെ മതപരിവര്‍ത്തനത്തെക്കുറിച്ച്‌ കേരളത്തില്‍ പ്രചരിക്കുന്ന നിറംപിടിച്ച കഥകളിലേക്ക്‌ കടക്കാനല്ല ചോദ്യം ഉന്നയിച്ചത്‌. മലയാളഭാഷയില്‍ ഒരു വലിയ എഴുത്തുകാരനും എഴുത്തുകാരിയും മാധവിക്കുട്ടിക്ക്‌ മുമ്പ്‌ മതപരിവര്‍ത്തനം ചെയ്‌തിട്ടില്ല. അതല്ല വിദേശത്തെ സ്ഥിതി. അവിടെ മതപരിവര്‍ത്തനം ചെയ്‌ത എത്രയോ പ്രമുഖ എഴുത്തുകാരുണ്ട്‌. അവിടെ എഴുത്തുകാര്‍ ക്രിസ്‌തുമതത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്യുമ്പോള്‍ ഭൂരിപക്ഷ മതത്തിലേക്കാണ്‌ പോകുന്നത്‌. ഇവിടെ ഹിന്ദുമതത്തില്‍നിന്ന്‌ പരിവര്‍ത്തനം ചെയ്യുന്നയാള്‍ ന്യൂനപക്ഷ മതത്തിലേക്കാണ്‌ പോകുന്നത്‌. അതുകൊണ്ട്‌ മാധവിക്കുട്ടിയുടെയും ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെയും മതപരിവര്‍ത്തനയത്‌നങ്ങള്‍ക്ക്‌ സാംസ്‌കാരിക ചരിത്രപരമായ പ്രാധാന്യമുണ്ടെന്ന്‌ തോന്നുന്നു.അതുകൊണ്ടാണ്‌ മതപരിവര്‍ത്തനത്തെക്കുറിച്ചുള്ള ചോദ്യം ആവര്‍ത്തിക്കുന്നത്‌?
കൂടുതല്‍ പറഞ്ഞ്‌ ഒരു പുതിയ വിവാദമുണ്ടാക്കാന്‍ എനിക്കാഗ്രഹമില്ല. മതപരിവര്‍ത്തനത്തിന്റെ കാരണത്തെക്കുറിച്ച്‌ സ്വാമി വിവേകാനന്ദന്‍ പറഞ്ഞതിന്റെ ചുരുക്കമിതാണ്‌. സ്വന്തം സമുദായം ഒരാളോട്‌ കൃതഘ്‌നത കാട്ടുമ്പോഴാണ്‌ അയാള്‍ മതം മാറുന്നത്‌. സ്വാമി വിവേകാനന്ദന്റെ നിരീക്ഷണത്തോട്‌ ഞാന്‍ യോജിക്കുന്നു.
പക്ഷേ, എനിക്ക്‌ പശ്ചാത്താപമില്ല. ഇസ്‌ലാം നല്ല മതമാണ്‌. ഏതു മതത്തെയും മനുഷ്യന്‌ മോശമാക്കാന്‍ കഴിയുമെന്നത്‌ വേറെ കാര്യം.

വിവാദങ്ങളോട്‌ വിട
ആയിരത്താണ്ടുകളുടെ ചരിത്രമുള്ള, മഹത്തായ ഒരാശയമണ്ഡലമുള്ള ഹിന്ദുമതത്തോട്‌ വിയോജിപ്പ്‌ തോന്നിയതിന്‌ താത്ത്വികമായ എന്തെങ്കിലും കാരണങ്ങളുണ്ടോ?
ഹിന്ദുമതത്തെക്കുറിച്ച്‌ പഠിക്കുക എളുപ്പമല്ല. അത്‌ വിഷമംപിടിച്ച പ്രക്രിയയാണ്‌. ഹിന്ദുമതത്തിന്റെ തത്ത്വചിന്താപദ്ധതികള്‍ ഏറെ സങ്കീര്‍ണവുമാണ്‌. ആരും എന്നെ അത്‌ പഠിപ്പിക്കാന്‍ മെനക്കെട്ടിട്ടുമില്ല. എന്റെ കൈയിലുള്ള ചില പുസ്‌തകങ്ങള്‍ വായിച്ച്‌ സ്വരൂപിച്ച അറിവു മാത്രമേ എനിക്ക്‌ ഹിന്ദുമതത്തെക്കുറിച്ചുള്ളൂ. എന്റെ വിയോജിപ്പ്‌ താത്ത്വികമല്ല. സ്വാമി വിവേകാനന്ദന്‍ മതപരിവര്‍ത്തനത്തെക്കുറിച്ച്‌ പറഞ്ഞ കാര്യത്തില്‍ മാത്രമാണ്‌ എന്റെ ഊന്നല്‍.

മുമ്പ്‌ എപ്പോഴെങ്കിലും മതപരിവര്‍ത്തനം ആഗ്രഹിച്ചിരുന്നോ?
കുട്ടിക്കാലത്ത്‌ ക്രിസ്‌തുമതം സ്വീകരിച്ച്‌ ഒരു കന്യാസ്‌ത്രീയാകാന്‍ ആഗ്രഹിച്ച കാലമുണ്ടായിരുന്നു. തൃശൂരിലെ സെന്റ്‌ ജോസഫ്‌ കോണ്‍വെന്റില്‍ വിദ്യാര്‍ഥിയായിരുന്ന കാലത്തായിരുന്നു അത്‌. കോണ്‍വെന്റിലെ സിസ്റ്റര്‍ ഫിലോമിനയെ എനിക്ക്‌ അത്രക്ക്‌ ജീവനായിരുന്നു.

മതങ്ങള്‍ രാക്ഷസരൂപം പൂണ്ടുനില്‍ക്കുന്ന ഇന്ത്യയെക്കുറിച്ച്‌?
മതം ഒരു കരിംഭൂതമായിക്കൊണ്ടിരിക്കുകയാണ്‌. മതത്തെ രാഷ്‌ട്രീയ കാര്യങ്ങള്‍ക്കുപയോഗിക്കുന്നതിന്റെ പരിണതിയാണത്‌. അമേരിക്കന്‍ സായിപ്പ്‌ കോടികള്‍ മുടക്കി ഇസ്‌ലാമിനെക്കുറിച്ച്‌ റിസര്‍ച്ച്‌ ചെയ്യും. പക്ഷേ, മുസ്‌ലിംകളെ ഇഷ്‌ടമല്ല. ഈയിടെ എന്റെ കൂടെ യാത്ര ചെയ്യാന്‍ വിസക്ക്‌ അപേക്ഷിച്ച ഡോക്‌ടര്‍ക്ക്‌ അയാള്‍ മുസ്‌ലിമായതുകൊണ്ടു മാത്രം വിസ കിട്ടിയില്ല.
ഇത്‌ ഗോഡ്‌മാന്മാരുടെ കാലമാണല്ലോ. പണ്ടൊരിക്കല്‍ ഞാനൊരു ഗോഡ്‌മാനെ കാണാണ്‍ ചെന്നപ്പോള്‍ അദ്ദേഹം വയറിളക്കം പിടിച്ചു കിടക്കുകയായിരുന്നു. ഗോഡ്‌മാന്‍മാരും എലിമെന്ററി കനാല്‍സിന്റെ നിയന്ത്രണത്തിലാണ്‌. മലമൂത്ര വിസര്‍ജനത്തിന്റെ ചുറ്റുവട്ടത്താണ്‌ അവരുടെ ജീവിതം.
ഇതൊക്കെ രാഷ്‌ട്രീയമാണ്‌. മതത്തിന്റെ പേരില്‍ നടക്കുന്ന രാഷ്‌ട്രീയം. അതിന്റെ ഭാഗമായി ഒരു പ്രത്യേക മതവിശ്വാസികളെ മാത്രം തീവ്രവാദികളായി കാണുന്നതിനോടും എനിക്ക്‌ യോജിപ്പില്ല. ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടര്‍ന്ന്‌ ദല്‍ഹിയില്‍ സിക്കുകാര്‍ക്കെതിരെ നടന്ന കൂട്ടക്കൊലക്ക്‌ നേതൃത്വം നല്‌കിയത്‌ ഒരു ഹിന്ദുവായിരുന്നു. മുസ്‌ലിംകളെ മാത്രം തീവ്രവാദികളായി ചിത്രീകരിക്കുന്നത്‌ ശരിയല്ല. എല്ലാവരുടെ ഉള്ളിലും ടെററിസ്റ്റുകളുണ്ട്‌.
ഇനി എന്താണ്‌ ഇന്ത്യയില്‍ സംഭവിക്കാന്‍ പോകുന്നതെന്ന്‌ എനിക്ക്‌ അറിയില്ല. എന്റെ തലമുറയെക്കുറിച്ചോ എന്റെ മക്കളുടെ തലമുറയെക്കുറിച്ചോ അല്ല ഞാന്‍ ഉത്‌കണ്‌ഠപ്പെടുന്നത്‌. നയന്‍താരയുടെ തലമുറയിലെ കുട്ടികളെ ഓര്‍ത്താണ്‌ ഞാന്‍ വിഷമിക്കുന്നത്‌.

മലയാളത്തിലെ വര്‍ത്തമാനകാല സാഹിത്യം?
ആനന്ദും എന്‍.എസ്‌ മാധവനും ഉള്‍പ്പെടെ പലരും എഴുതുന്നത്‌ ഞാന്‍ വായിക്കാറില്ല. അതൊന്നും മനസ്സിലാക്കാനുള്ള ഗ്രാസ്‌പിംഗ്‌ പവര്‍ എനിക്കില്ല. എന്റെ ഞരമ്പുകളെ തളര്‍ത്താന്‍ ഞാന്‍ തയാറല്ല. വായിക്കാന്‍ ശ്രമിച്ചപ്പോഴൊന്നും മലയാളിത്തം ഇവരുടെ രചനകളിലുണ്ടെന്ന്‌ എനിക്കു തോന്നിയിട്ടില്ല.
അവര്‍ മനുഷ്യജീവിതമല്ല എഴുതുന്നത്‌. മനുഷ്യന്റെ പേരിലുള്ള യന്ത്രങ്ങളാണ്‌ അവരുടെ കൃതികളില്‍ ചിത്രീകരിക്കപ്പെടുന്നത്‌. വിയര്‍ക്കുന്ന തോലുള്ള മനുഷ്യന്‍ വന്നാലേ എനിക്ക്‌ വിശ്വസിക്കാനാകൂ. വിയര്‍പ്പില്ലെങ്കില്‍ കാച്ചിയ എണ്ണയെങ്കിലും വേണം. എഴുത്തിന്‌ ജീവിതത്തിന്റെ സ്‌നിഗ്‌ധതയുണ്ടാവണം.
ആനന്ദിന്‌ രണ്ടു കൈയും രണ്ടു കാലുമുണ്ടെന്ന്‌ ആരെങ്കിലും പറഞ്ഞാല്‍പോലും ഞാന്‍ വിശ്വസിക്കില്ല. ആനന്ദ്‌ ഒരു ജിറാഫായിരിക്കാനാണ്‌ സാധ്യത. തല ഏറെ ഉയരത്തിലുള്ള ഒരു ജിറാഫ്‌.
ഇവിടെ സാഹിത്യം വായിച്ചുരസിക്കാന്‍ കഴിയാത്തതില്‍ എനിക്ക്‌ കുറ്റബോധമില്ല. കാല്‍ക്കുലസ്‌ പഠിക്കാന്‍ ഞാന്‍ തയാറല്ലാത്തതുപോലെ ഇവരുടെ സാഹിത്യം പഠിക്കാനും ഞാന്‍ തയാറില്ലെന്നു മാത്രം.
കൊളോണിയല്‍ ഡിപന്‍ഡന്‍സാണ്‌ മലയാളത്തിലെ വര്‍ത്തമാനകാല സാഹിത്യത്തിന്റെ മുഖമുദ്ര. ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യത്തെ അനുകരിക്കുന്നവര്‍ അതുവഴി മലയാള സാഹിത്യത്തെ ദരിദ്രമാക്കുകയാണ്‌. ലാറ്റിനമേരിക്കന്‍ സാഹിത്യം രൂപപ്പെട്ട സാംസ്‌കാരികാന്തരീക്ഷമല്ല നമുക്കുള്ളത്‌. കുന്ദംകുളം, കോട്ടപ്പടി, പാവറട്ടി തുടങ്ങിയ സ്ഥലങ്ങളിലെ സാഹിത്യം മലയാളികള്‍ക്ക്‌ വേണ്ടാതായെന്നും ഞാന്‍ കരുതുന്നില്ല.
ജപ്പാനില്‍ ഹരികൈന്‍സ്‌ വന്ന്‌ എല്ലാം തകര്‍ക്കും. അതുകൊണ്ട്‌ പത്തുവര്‍ഷം മാത്രം നിലനില്‍പുള്ള വീടുകളേ അവര്‍ നിര്‍മിക്കൂ. അതല്ല, നമ്മുടെ സ്ഥിതി. നമുക്ക്‌ മാത്രമല്ല നമ്മുടെ മക്കള്‍ക്കും ജീവിക്കാന്‍ വേണ്ടിയാണ്‌ നമ്മള്‍ വീടുവെക്കുന്നത്‌. വീടു മാത്രമല്ല, തൊടിയില്‍ മാവും പ്ലാവും വേണം. നമ്മുടെ ജീവിതക്രമം സ്ഥിരതയുള്ളതാണ്‌. സ്ഥിരതയുള്ള നമ്മള്‍ അസ്ഥിരതയുള്ള ജനതയുടെ സാഹിത്യം അനുകരിക്കേണ്ട യാതൊരു ആവശ്യവുമില്ല.
ഞാന്‍ സത്യം പറയുന്ന പുലയിയാണ്‌. നമ്മള്‍ എന്താണ്‌ എന്നു പറയുന്നതായിരിക്കണം നമ്മുടെ സാഹിത്യം.
വികാരങ്ങളെ അനശ്വരമാക്കുകയാണ്‌ സാഹിത്യം. രാധയും കൃഷ്‌ണനും തമ്മിലുള്ള സ്‌നേഹം പോലെയാണത്‌. മൃഗങ്ങളും പക്ഷികളും മനുഷ്യരും ചിലപ്പോള്‍ ഭൂമിയില്‍ ഇല്ലാതായെന്നുവരും. പക്ഷേ വികാരത്തിന്റെ നാമ്പുകള്‍ തുടരും. സ്‌നേഹിച്ചു സ്‌നേഹിച്ച്‌ ലോകം മുന്‍പോട്ടു പോകും.

അമ്മ മരിക്കുന്നത്‌ കുട്ടിയുടെ മുഖമോര്‍ത്തുകൊണ്ടാണ്‌. അവസാനത്തെ ഓര്‍മ സ്‌നേഹത്തിന്റേതായിരിക്കും.
കലമാ സുറയ്യ ആയതിനു ശേഷം പ്രസിദ്ധീകരിച്ച എന്റെ കാവ്യഗ്രന്ഥത്തില്‍ പ്രേമകവിതകള്‍ ഉള്‍പ്പെടുത്തുന്നത്‌ ശരിയല്ല എന്നു ശഠിച്ചവരുണ്ട്‌. സ്‌നേഹമില്ലാതെ എനിക്ക്‌ കവിതയില്ല. സ്‌നേഹം നഷ്‌ടപ്പെട്ട ജീവിതങ്ങള്‍ ഇലയും ശിഖരവും നഷ്‌ടപ്പെട്ട മരങ്ങള്‍ മാത്രമാണ്‌. 
(സമകാലിക മലയാളം വാരിക, 2002 മാര്‍ച്ച്‌ 22)

Sunday 2 June 2013

പുതിയ പടനായര്‍ / ചന്ദ്രിക പത്രം /



അമ്പത്തേഴില്‍ ആദ്യത്തെ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന കാലത്ത് തികഞ്ഞ കമ്മ്യൂണിസ്റ്റ് വിരുദ്ധനായിരുന്നു മന്നത്ത് പത്മനാഭന്‍. പക്ഷേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി നായരാണെങ്കില്‍ മന്നത്തിനെ പോയി കണ്ടാല്‍ ചില അഡ്ജസ്റ്റ്‌മെന്റുകളൊക്കെ നടക്കുമെന്നായിരുന്നു ശ്രുതി. അതിനാല്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ തോപ്പില്‍ഭാസിയെന്ന ഭാസ്‌കരപിള്ളയോട് മന്നത്തിനെ പോയി കാണാന്‍ പറഞ്ഞത് സഖാക്കള്‍ തന്നെയാണ്. പക്ഷേ അങ്ങേര്‍ക്ക് ഒരേയൊരു വാശി - അങ്ങനെ തനിക്ക് ജയിക്കേണ്ടതില്ല. ഇതറിഞ്ഞ മന്നത്ത് പത്മനാഭന്‍ ഇപ്രകാരം പറഞ്ഞുവത്രേ - തന്തക്ക് പിറന്ന നായരാണവന്‍. അവനെ നമുക്ക് ജയിപ്പിക്കണം. അങ്ങനെയാണ് തോപ്പില്‍ഭാസി എം.എല്‍.എ ആയത് എന്നാണ് കഥ.

കഥ നേരായാലും നുണയായാലും തന്തക്ക് പിറന്ന നായര്‍ എന്നത് മന്നത്തിന്റെ കാലം മുതല്‍ക്കേ എന്‍.എസ്.എസിലുള്ള സങ്കല്‍പമാണ്. തന്തക്ക് പിറന്ന നായരാവാന്‍ പണിപ്പെട്ട് കാലിടറിയവരാണ് സംഘടനയുടെ പല ജനറല്‍ സെക്രട്ടറിമാരും. എന്നാല്‍ അവരെയാരേയും പോലെയല്ല താനെന്നും താന്‍ തന്തക്ക് പിറന്നവന്‍ തന്നെയാണെന്നും ഗോപുരത്തിങ്കല്‍ സുകുമാരന്‍ നായര്‍ എന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ഊറ്റത്തോടെ പറയും. പക്ഷേ പറച്ചില്‍ എപ്രകാരമായാലും ഉണ്ടിരിക്കുന്ന നായര്‍ ഒരു വിളികേട്ടുചെന്ന് പുലിവാല് പിടിച്ചതിന്നു തുല്യമായ അവസ്ഥയാണ് ഇപ്പോള്‍ ഈ മനുഷ്യന്റേത് എന്ന് കരുതുന്നവര്‍ നിരവധി.

വെറുതെ പെരുന്നയില്‍ ഭക്ഷണവും വിശ്രമവുമായി കഴിഞ്ഞുകൂടിയാല്‍ മതിയായിരുന്നു; പോയിപ്പിടിച്ചത് രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലെടുപ്പിക്കുന്ന ദൗത്യത്തിന്റെ വാലില്‍. പിടിച്ചോണ്ടിരിക്കാനും വയ്യ പിടിവിടാനും വയ്യ എന്ന പരുവത്തിലാണിപ്പോള്‍ ഇദ്ദേഹം.

കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെയും മുന്നണി സമ്പ്രദായത്തിന്റെയും ഉള്‍ച്ചുഴികള്‍ മനസ്സിലാക്കാതെ ഇറങ്ങിത്തിരിച്ചതുകൊണ്ട് സംഭവിച്ച കാലക്കേടാണിത്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ബുദ്ധിമോശം.

കേരളത്തില്‍ നായന്‍മാര്‍ മൊത്തം പതിനാലര ശതമാനമാണ്. ചാതുര്‍വര്‍ണ്യത്തിന്റെ നിയമാവലി വെച്ചുനോക്കിയാല്‍ വേദം കേള്‍ക്കാന്‍പോലും യോഗ്യതയില്ലാത്ത ശൂദ്രവര്‍ഗത്തിന്റെ കൂട്ടത്തില്‍പെടും ഇവര്‍. എന്നാലും തങ്ങള്‍ മുന്നാക്കക്കാരാണെന്ന മിഥ്യാഭിമാനത്തിന്റെ ബലത്തില്‍ കെട്ടിയുണ്ടാക്കിയതാണ് എന്‍.എസ്.എസിന്റെ അസ്തിവാരം. അതുവെച്ച് കളിക്കുകയും കരയോഗക്കാരുടെ മുമ്പാകെ ആളായിച്ചമയുകയും കിട്ടുന്ന കരമൊഴിയും പാട്ടഭൂമിയുമൊക്കെ വരവുവെച്ച് ചുമ്മായിരുന്നാല്‍ മതിയായിരുന്നു എന്‍.എസ്.എസിന്; നാട്ടുകാരെ ബോധ്യപ്പെടുത്താന്‍ സമദൂരമെന്നൊക്കെ പറയുകയും ചെയ്യാം.

പക്ഷേ സുകുമാരന്‍ നായര്‍ക്ക് വേറെയും മോഹങ്ങളുണ്ടായിരുന്നു എന്നാണ് കേള്‍വി. മകള്‍ സുജാതയെ വി.സിയോ പി.വി.സിയോ ആക്കണം. തന്റെ വരുതിക്ക് നില്‍ക്കുന്ന ഒരു മന്ത്രിവേണം; മനസ്സുണ്ടെങ്കില്‍ മാര്‍ഗവുമുണ്ടെന്ന പഴഞ്ചൊല്ല് കാണാപ്പാഠം പഠിച്ച സുകുമാരന്‍ നായര്‍ കളി തുടങ്ങിയതങ്ങനെയാണ്.

പക്ഷേ നായര്‍ പഠിച്ച പഴഞ്ചൊല്ല് പതിരായിപ്പോയതിലാണ് കഥാന്ത്യം; സുകുമാരന്‍ നായര്‍ ശരിക്കും പടനായരായി യുദ്ധം തുടങ്ങിയത് അതിന്റെ പരിണതി.

ജി. സുകുമാരന്‍ നായര്‍ അടവുകള്‍ പഠിച്ചതെവിടെനിന്നാണെന്ന് ചോദിക്കരുത്. രേഖകള്‍ തെരഞ്ഞാല്‍ കേരള സര്‍വീസ് കമ്പനിയില്‍ പ്യൂണായിരുന്നു അദ്ദേഹമെന്ന് വ്യക്തമാവും.

എന്‍.എസ്.എസും കേരള സര്‍വീസ് കമ്പനിയും ഒരേ നാണയത്തിന്റെ രണ്ട് മുഖങ്ങള്‍. പിന്നീട് സുകുമാരന്‍ നായര്‍ എയര്‍ ഇന്ത്യയില്‍ ഉദ്യോഗസ്ഥനായി.

1962 ഫെബ്രുവരി 2ന് ആ ജോലിവിട്ട് എന്‍.എസ്.എസ് ആപ്പീസില്‍ ഗുമസ്തനായി എന്നാണ് നായരുടെ ജീവചരിത്രക്കുറിപ്പില്‍ പറയുന്നത്. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സ്ഥാനത്തിരിക്കണമെങ്കില്‍ നിയമബിരുദം വേണമെന്നതിനാല്‍ അതിനിടയില്‍ അദ്ദേഹം പ്രസ്തുത യോഗ്യത കരസ്ഥമാക്കിപോലും.

ഏതായാലും ഒരു കാര്യം തീര്‍ച്ചയാണ്. സംഘടനയില്‍ നായരുടെ ഉയര്‍ച്ചക്ക് പിന്നില്‍ ബന്ധുബലമുണ്ട്. എന്‍.എസ്.എസിന്റെ സ്ഥാപകരിലൊരാളായ വാഴ്പറമ്പില്‍ വേലായുധന്‍ പിള്ളയുടെ മരുമകനാണ് സുകുമാരന്‍ നായര്‍. സൗമ്യനും എല്ലാവര്‍ക്കും ആദരണീയനുമായിരുന്ന നാരായണപ്പണിക്കരുടെ പിന്തുടര്‍ച്ചക്കാരനായി തൊട്ടതൊക്കെ വിവാദമാക്കുന്ന സുകുമാരന്‍ നായര്‍ വന്നെത്തിയതിന്റെ അണിയറ രഹസ്യങ്ങളില്‍ ഇങ്ങനെ പലതുമുണ്ട്.

പണിക്കരുടെ കാലത്തും ഡീഫാക്‌ടോ ജനറല്‍ സെക്രട്ടറി നായരായിരുന്നു എന്ന കഥവേറെ.
എന്‍.എസ്.എസിന് ഈ പടനായരുടെ സംഭാവനയെന്താണെന്ന് ചോദിക്കുന്ന പലരുമുണ്ട്. സമദൂരം എന്ന ആശയം സുകുമാരന്‍ നായരുടേതായിരുന്നുവത്രേ. മുസ്‌ലിം പ്രീണനമെന്ന ഉമ്മാക്കികാണിച്ച് വെള്ളാപ്പള്ളിയെ ഒപ്പം കൂട്ടിയതിന്ന് പിന്നിലെ ചാണക്യസൂത്രവും നായരുടേതാണ് എന്ന് കരുതുന്നവര്‍ ഏറെ.

ആര്‍.എസ്.എസിന്റെ അജണ്ടയാണ് അദ്ദേഹത്തിന്റേതെന്ന് കരുതുന്നവരുമുണ്ട്. എങ്ങനെയായാലും ഒരു കാര്യത്തില്‍ സംശയമില്ല - കുളിച്ച് കുറിയിട്ടുവന്ന് സുകുമാരന്‍ നായര്‍ രണ്ടുവാക്ക് മൊഴിഞ്ഞാല്‍ അതില്‍നിന്ന് ഒരു പ്രശ്‌നം ചിറകടിച്ചുയരും.

അത് ചിലപ്പോള്‍ വര്‍ഗീയ ധ്രുവീകരണവും രാഷ്ട്രീയാസ്വാസ്ഥ്യവുമൊക്കെ ഉണ്ടാക്കിയെന്നും വരും. തൊട്ടതൊക്കെ വിവാദമാക്കാനുള്ള ഈ ശേഷിയാണ് അദ്ദേഹത്തിന്ന് ഉണ്ടെന്ന് പറയുന്ന നായര്‍ സ്പിരിറ്റ്. ഈ സ്പിരിറ്റ് നമ്മുടെ പല ഈടുവെപ്പുകളും കത്തിച്ച് ചാരമാക്കാന്‍വേണ്ടി അദ്ദേഹം ഉപയോഗിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല.

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Blogger Templates